Monday, April 18, 2011

അക്ഷരങ്ങളുടെ സൂര്യ പൂര്‍ണിമ

സാക്ഷരതാരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിക്കുകയാണ് നമ്മള്‍. 2011ലെ കാനേഷുമാരിയുടെ ആദ്യഘട്ട കണക്ക് പുറത്തുവരുമ്പോള്‍ സാക്ഷരതയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളം തന്നെ. കഴിഞ്ഞ സെന്‍സസില്‍ 90.9 ശതമാനമായിരുന്ന കേരളത്തിന്റെ സാക്ഷരത ദശവര്‍ഷംകൊണ്ട് 93.9 ആയി വര്‍ധിച്ചു.

കേരളത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മുന്നേറ്റത്തോടൊപ്പം അനൌപചാരിക വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ അക്ഷീണ പരിശ്രമവും ഇതിനു പിന്നിലുണ്ട്. എന്നാല്‍, പരിപൂര്‍ണ സാക്ഷരതയിലേക്കുള്ള ദൂരം ഇനിയുമേറെയാണെന്ന് നിരക്ഷരരായ ആറുശതമാനത്തിലധികംപേര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

2011 ഏപ്രില്‍ 18 സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 20-ാം വാര്‍ഷികദിനമായി ആചരിക്കുകയാണ്. 1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറയില്‍ നവസാക്ഷരയായ ആയിഷുമ്മ എന്ന മലപ്പുറംകാരി കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു. അറുപത്തഞ്ചുകാരി ആയിഷുമ്മ സാക്ഷരതയുടെ പ്രതീകമായി. തുടര്‍ വിദ്യാഭ്യാസത്തിലൂടെയും ഇ സാക്ഷരതയിലൂടെയും അവര്‍ സാക്ഷരതയുടെ മാറുന്ന മുഖത്തിന്റെ പ്രതിനിധിയുമായി. 80 കഴിഞ്ഞപ്രായത്തില്‍ പത്താംതരം ഒ ലെവല്‍ പാസായ ആയിഷുമ്മ ഇപ്പോഴും അക്ഷരാനുഭവങ്ങളുടെ ബലത്തിലാണ് ജീവിതം നയിക്കുന്നത്.

വിദേശ മിഷണറിമാരുടെയും സ്വദേശികളായ ആത്മീയാചാര്യന്മാരുടെയും പരിശ്രമഫലമായി കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാനത്തിന്റെ പ്രധാന ഉപോല്‍പ്പന്നമായിരുന്നു സാക്ഷരത. അന്നു കൊളുത്തിയ വിജ്ഞാനത്തിന്റെ ദീപശിഖ ഏറ്റെടുക്കാനുണ്ടായിരുന്നത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും കമ്യൂണിസ്റ് പ്രസ്ഥാനവുമായിരുന്നു. എന്നാല്‍, ആധുനികതയിലേക്കു വളര്‍ന്ന കേരളത്തിന് അതൊരു തുടര്‍നടപടിയായി സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

ഈ അവസ്ഥയിലാണ് നായനാര്‍ സര്‍ക്കാരിന്റെ തണലില്‍ ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ അക്ഷരകേരളം പദ്ധതി ആവിഷ്കരിച്ചത്. പി ടി ഭാസ്കരപ്പണിക്കരും പി എന്‍ പണിക്കരും ഈ രംഗത്ത് സംഭാവന ചെയ്ത മാതൃകകള്‍ അവര്‍ക്ക് വഴികാട്ടാനുണ്ടായിരുന്നു. ഏഴോം പഞ്ചായത്തിന്റെയും കോട്ടയം നഗരത്തിന്റെയും എറണാകുളം ജില്ലയുടെയും അനുഭവപാഠങ്ങളില്‍ നിന്നാണ് സമ്പൂര്‍ണ സാക്ഷരതയ്ക്കായി കേരളം അരയും തലയും മുറുക്കിയത്. എറണാകുളം ജില്ല സമ്പൂര്‍ണ സാക്ഷരത നേടിയതായി പ്രഖ്യാപിക്കപ്പെട്ട 1990 ഫെബ്രുവരി നാലിനു തന്നെയാണ് സമ്പൂര്‍ണ സാക്ഷര കേരളത്തിനായുള്ള ദീപശിഖ കൈമാറിയത്.

അക്ഷരകേരളത്തിനു ശേഷമുണ്ടായ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കേരളം വിലയിരുത്തേണ്ട കാലമാണ് ഇത്. സമ്പൂര്‍ണ സാക്ഷരതയ്ക്ക് മുന്‍കൈയെടുത്ത നായനാര്‍ സര്‍ക്കാരിന് തൊട്ടുപിന്നാലെ വന്ന സര്‍ക്കാര്‍ മുന്‍ തീരുമാനങ്ങളെ നിരസിക്കുകയോ തമസ്കരിക്കുകയോ ചെയ്യുക എന്ന പൊതുനയത്തിന്റെ ഭാഗമായി തുടര്‍ സാക്ഷരതാ പ്രസ്ഥാനത്തെ തീര്‍ത്തും അവഗണിച്ചു. എന്നാല്‍, ദേശീയ സാക്ഷരതാ മിഷന്റെ സഹായത്തോടെ 1998ല്‍ ആരംഭിച്ച തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനവും അതിനായി രൂപീകരിച്ച സംസ്ഥാന സാക്ഷരതാ മിഷനും അതിനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച നാലായിരത്തോളം തുടര്‍വിദ്യാകേന്ദ്രവും എണ്ണായിരത്തോളം സാക്ഷരതാ പ്രേരക്മാരും കേരളത്തിന്റെ സാക്ഷരത-തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ വലിയ ചലനമുണ്ടാക്കി. കേരളം ഇന്ത്യന്‍ തുടര്‍വിദ്യാഭ്യാസ പ്രസ്ഥാനത്തിനും മാതൃകയായി. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ അനൌപചാരിക വിദ്യാഭ്യാസം കേരളത്തിന്റെ സാംസ്കാരിക വളര്‍ച്ചയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനമായ ഘടകമാക്കി തീര്‍ക്കാന്‍ സാക്ഷരതാ മിഷനു സാധിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. 2007 ജനുവരി ഒന്നിനു ചുമതലയേറ്റ സാക്ഷരതാ മിഷന്റെ നേതൃത്വം സാക്ഷരതാ തുടര്‍വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നൂതന പദ്ധതികള്‍ ആരംഭിച്ചു. ആദ്യകാലത്തുണ്ടായ പ്രസരിപ്പും പ്രവര്‍ത്തനക്ഷമതയും മന്ദീഭവിച്ചിരുന്ന ഘട്ടത്തിലാണ് പ്രത്യാശയുടെ തിരിനാളം കൊളുത്താന്‍ കഴിഞ്ഞത്. അടഞ്ഞുകിടന്ന തുടര്‍വിദ്യാകേന്ദ്രങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാനും പ്രേരക്മാരുടെ വേതനം കുടിശ്ശികയടക്കം നല്‍കാനും കഴിഞ്ഞത് വലിയ നേട്ടമായി. സമ്പൂര്‍ണ സാക്ഷരത നേടാത്ത ജില്ലകളില്‍ അത് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മലപ്പുറം ജില്ലയില്‍ ആരംഭിച്ച ബ്രയില്‍ സാക്ഷരതാ പദ്ധതി ജനശ്രദ്ധയാകര്‍ഷിച്ചു. തുല്യതാ പരിപാടിയെ കൂടുതല്‍ ജനകീയമാക്കുകയും സമ്പൂര്‍ണ പ്രാഥമിക തുല്യതയ്ക്കായി ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളെയും നഗരസഭകളെയും പ്രാപ്തരാക്കുകയും ചെയ്തു. കണ്ണൂര്‍ ജില്ല അങ്ങനെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി.
തൊഴില്‍ പരിശീലനത്തിലൂടെ നിരവധി തൊഴിലവസരം സൃഷ്ടിച്ചു. അനൌപചാരിക വിദ്യാഭ്യാസരംഗത്തെ കലോത്സവവും വിവരാവകാശ ബോധവല്‍ക്കരണ പരിപാടിയും സാക്ഷരതാ മിഷന്റെ ശ്രദ്ധേയമായ പദ്ധതികളായി. സാക്ഷരതാ രംഗത്ത് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. അക്ഷരകൈരളി മാസികയെ സാസ്കാരിക പ്രസിദ്ധീകരണമാക്കി മാറ്റി. പാഠപുസ്തക പരിഷ്കരണവും പ്രസിദ്ധീകരണവും ശ്രദ്ധേയമായി. ആജീവന വിദ്യാഭ്യാസത്തിനായി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കമീഷനെ നിയോഗിച്ചതും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും എടുത്തുപറയാവുന്ന നേട്ടങ്ങളാണ്.

സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ പല പദ്ധതിയും ആവിഷ്കരിച്ചു നടപ്പാക്കിയ കഴിഞ്ഞ ഒരുവര്‍ഷം പ്രത്യേകം പ്രസ്താവ്യമാണ്. അക്ഷരമരം എന്ന പരിപാടിയിലൂടെ കേരളത്തിലാകെ ഒരുലക്ഷത്തിലധികം മരങ്ങള്‍ നട്ടുവളര്‍ത്താന്‍ തുടങ്ങിയത് ഈരംഗത്തെ വ്യത്യസ്തമായ നീക്കമായിരുന്നു. അക്ഷരവാര്‍ത്ത എന്ന പ്രസിദ്ധീകരണത്തിലൂടെ സാക്ഷരതാ മിഷന്‍ വാര്‍ത്തകള്‍ പുറംലോകത്തില്‍ എത്തിച്ചു. പത്താംതരം തുല്യതയിലേക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ പഠിതാക്കളെ ആകര്‍ഷിക്കാനായി. പത്താംതരം തുല്യത വിദേശ മലയാളികള്‍ക്കായി വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയും ആദ്യ സംരംഭമായി ലക്ഷദ്വീപില്‍ നടപ്പാക്കുകയും ചെയ്തു. പത്താം തരം തുല്യത കന്നട, തമിഴ് മീഡിയത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയും ആദ്യഘട്ടമായി കാസര്‍കോട്ട് കന്നട ക്ളാസ് ആരംഭിക്കുകയും പാഠപുസ്തകം തയ്യാറാക്കി വിതരണം ചെയ്യുകയും ചെയ്തു. മാറുന്ന പാഠ്യപദ്ധതിയുടെ ഭാഗമായി തുല്യതാ പാഠപുസ്തകങ്ങളിലും സമൂലമായ പരിഷ്കരണം നടത്തി. എസ് സിആര്‍ടിയുടെ സാങ്കേതിക സഹകരണത്തോടെ പത്താംതരം പാഠപുസ്തകമെല്ലാം പരിഷ്കരിച്ചു. തിരക്കുകള്‍ക്കിടയിലും ഭംഗിയായി തുടര്‍വിദ്യാഭ്യാസ കലോത്സവം നടത്തി. ഓഫീസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ആധുനിക സജ്ജീകരണങ്ങളോടെ പ്രവര്‍ത്തനം മാറ്റുകയും ചെയ്തു.

കഴിഞ്ഞ ഓണക്കാലത്ത് താരതമ്യേന വന്‍വര്‍ധനയോടെ ജീവനക്കാരുടെ വേതനം പരിഷ്കരിച്ചു. ആജീവന വിദ്യാഭ്യാസത്തിനായുള്ള ലീപ് (ലൈഫ് ലോങ് എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നസ് പ്രോഗ്രാം) കേരള മിഷന്റെ പ്രഖ്യാപനം കഴിഞ്ഞ ആഗസ്ത് 16നാണ് നടന്നത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ലീപ് കേരള മിഷന്‍ കേരള വികസനത്തിനായി പ്രഖ്യാപിച്ചത്. മന്ത്രിസഭ ലീപ് കേരള മിഷന് അംഗീകാരം നല്‍കുകയും ചെയ്തു. അതുല്യമെന്ന സമഗ്ര തുല്യതാവിദ്യാഭ്യാസ പദ്ധതി സാക്ഷരതാമിഷന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലെ പൊന്‍തൂവലായി പ്രശോഭിക്കും.

അനൌപചാരിക രംഗത്ത് അഞ്ചു പ്രധാന ലക്ഷ്യവുമായി രൂപംകൊണ്ട അതുല്യത്തിന്റെ ആദ്യഘട്ടമാണ് അതുല്യം പഠനോത്സവം എന്ന സമ്പൂര്‍ണ പ്രാഥമിക തുല്യതാപരിപാടി. 140 മണ്ഡലത്തിലെ പിന്നാക്കം നില്‍ക്കുന്ന തദ്ദേശസ്ഥാപനത്തില്‍ സമഗ്രമായും മറ്റു പ്രദേശങ്ങളില്‍ തുടര്‍വിദ്യാകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയുമാണ് ഇതു നടപ്പാക്കുന്നത്. ആറായിരത്തിലധികം ക്ളാസിലൂടെ എഴുപത്തയ്യായിരത്തിലധികം പേര്‍ നാലുമാസമായി നാലാം തരം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. കലാഭവന്‍ മണി ഇതിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുന്നു. സാക്ഷരതാമിഷന്‍ ഒരു വ്യാഴവട്ടംകൊണ്ട് നാലാംതരം തുല്യതയില്‍ എത്തിച്ചതിനേക്കാള്‍ കൂടുതലാകുകയാണ് ഈ ഹ്രസ്വകാല കോഴ്സിലൂടെ ഒറ്റയടിക്ക് ജേതാക്കളാകാന്‍ പോകുന്നത്. ഏപ്രില്‍ 28നാണ് അതുല്യം പരീക്ഷോത്സവം. ഏപ്രില്‍ 18 അക്ഷര പൂര്‍ണിമ എന്നപേരില്‍ ആഘോഷമാക്കുകയാണ്. സാക്ഷരതാ മിഷന്‍ സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ 20-ാം വാര്‍ഷികവും അതുല്യം പഠനോത്സവത്തിന്റെ ഭാഗമായുള്ള സര്‍ഗോത്സവവുമാണ് അക്ഷര പൂര്‍ണിമ. വിദ്യാഭ്യാസമന്ത്രി എം എ ബേബിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

*****

ഡോ. പ്രഭാകരന്‍ പഴശ്ശി (സാക്ഷരതാ മിഷന്‍ ഡയറക്ടറാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...