രണ്ടാം യുപിഎ സര്‍ക്കാരിന്റെ പര്യായപദമായി അഴിമതി മാറിയിരിക്കുന്നു. 2ജി സ്പെക്ട്രം അഴിമതി സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ പ്രശ്നമാണെന്നു പറഞ്ഞ് പ്രധാനമന്ത്രി കൈകഴുകാന്‍ ശ്രമിച്ചപ്പോള്‍ എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിക്ക് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രികാര്യാലയം തന്നെയാണെന്ന സത്യം പുറത്തുവന്നു. ഇപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയ കേന്ദ്രമായ സോണിയഗാന്ധിയുടെ വസതി തന്നെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതായി തെളിഞ്ഞു.
അധികാരത്തിന്റെ മറവില്‍ സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വധേര കോടികളുടെ സ്വത്ത് കൈവശമാക്കി കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് പത്താം നമ്പര്‍ ജനപഥിന്റെ പൂര്‍ണ പിന്തുണയോടെ നൂറുകണക്കിന് ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും വധേര സ്വന്തമാക്കുന്നത്. ഇതിനകം മൂന്നു സംസ്ഥാനത്തായി 500 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. 400 ഏക്കര്‍ ഭൂമിയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചുളുവിലയ്ക്ക് തട്ടിയെടുത്തു.
സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ റിയല്‍ എസ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ട ഡിഎല്‍എഫ് എന്ന വ്യവസായഭീമനുമായി ചേര്‍ന്നാണ് ഈ അവിഹിത സ്വത്തു സമ്പാദനം. മുറാദാബാദിലെ പിച്ചള ബിസിനസുകാരനായ റോബര്‍ട്ട് വധേര, പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവെന്ന നിലയിലുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് റിയല്‍ എസ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. ഡിഎല്‍എഫ് കമ്പനിയെ സംബന്ധിച്ച് വധേര രാഷ്ട്രീയ ഓഹരിയാണ്. ഈ രാഷ്ട്രീയ ഓഹരി ഉപയോഗിച്ചു കിട്ടുന്ന ലാഭത്തിലാണ് ഡിഎല്‍എഫിന്റെ കണ്ണ്. അതുകൊണ്ട് കൈയയച്ച് വധേരയെ സഹായിക്കാന്‍ ഡോ. കുഷാല്‍ പാല്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഎല്‍എഫ് തയ്യാറായി. ഡിഎല്‍എഫും വധേരയും തമ്മിലുള്ള കൂട്ടുകച്ചവടം ഇരുവര്‍ക്കും ലാഭമെന്നു സാരം.
പുരാവസ്തുക്കള്‍ വില്‍ക്കുന്ന ബിസിനസില്‍ നിന്ന് റിയല്‍ എസ്റേറ്റ് ബിസിനസിലേക്കുള്ള റോബര്‍ട്ട് വധേരയുടെ ചുവടുമാറ്റം അടുത്തകാലത്തായിരുന്നു. 2007 നവംബര്‍ ഒന്നിന് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിനുതുടക്കമിട്ടുകൊണ്ടായിരുന്നു ഇത്. നാലു മാസത്തിനകം ആറുകമ്പനി വധേര ആരംഭിച്ചു. നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക് ലിമിറ്റഡ്, ബ്ളൂബ്രീസ് ട്രേഡിങ് ലിമിറ്റഡ്, സാകേത് കോർട്ട്‌യാര്‍ഡ് ഹോസ്പിറ്റാലിറ്റി, റിയല്‍ എര്‍ത്ത് എസ്റേറ്റ്, സ്കൈലൈറ്റ് റിയാലിറ്റി ലിമിറ്റഡ് എന്നിവയായിരുന്നു കമ്പനികള്‍. സ്കോട്ടിഷുകാരിയായ അമ്മ മൌറീന്‍ വധേരയുമായി ചേര്‍ന്നാണ് ഈ കമ്പനികള്‍ക്ക് രൂപംനല്‍കിയത്. തുടക്കത്തില്‍ ബ്ളൂബ്രീസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു പ്രിയങ്ക. 2008 ജൂലൈയില്‍ അവര്‍ സ്ഥാനമൊഴിഞ്ഞു. ഈ ആറു കമ്പനിയുടെയും തുടക്കത്തിലുള്ള മൂലധനം വെറും 51 ലക്ഷമായിരുന്നു. റിയല്‍ എസ്റേറ്റ് ബിസിനസില്‍ ഇറങ്ങാന്‍ തീര്‍ത്തും അപര്യാപ്തമായ മൂലധനം. ഈ ഘട്ടത്തിലാണ് വധേരയ്ക്ക് സാമ്പത്തിക സഹായ സന്നദ്ധതയുമായി ഡിഎല്‍എഫ് രംഗത്തു വന്നത്. മൂന്നു ഘട്ടത്തിലായി 63.58 കോടി രൂപയാണ് (50 കോടി, 3.58 കോടി, 10 കോടി) ഡിഎല്‍എഫ് വധേരയുടെ കമ്പനികള്‍ക്ക് വായ്പയായും സഹായധനമായും നല്‍കിയത്. കാര്‍ണിവല്‍ ഇന്റര്‍കോണ്ടിനെന്റല്‍ എസ്റേറ്റ്, ബെദര്‍വാല ഇന്‍ഫ്രാ പ്രോജക്ട് തുടങ്ങിയ കമ്പനികളും മൂന്നു കോടിയോളം രൂപ വധേരയുടെ കടലാസ് കമ്പനികള്‍ക്ക് നല്‍കി. 51 ലക്ഷം മാത്രം പ്രവര്‍ത്തനമൂലധനമുള്ള വധേരയുടെ കമ്പനികള്‍ക്ക് 66 കോടിരൂപ കടമായി ലഭിച്ചെന്നര്‍ഥം.
ഈ പണം ഉപയോഗിച്ചാണ് വധേര കെട്ടിടങ്ങളും സ്ഥലവും വാങ്ങിക്കൂട്ടാന്‍ ആരംഭിച്ചത്. ആദ്യം വാങ്ങിയത് ഡല്‍ഹിയിലെ കണ്ണായ സ്ഥലമായ സാകേതിലുള്ള ഡിഎല്‍എഫ് മാളിനകത്തുള്ള ഹില്‍ട്ടൺ കോർട്ട്‌യാര്‍ഡ് ഹോട്ടലിന്റെ 50 ശതമാനം ഓഹരിയായിരുന്നു. 32.7 കോടി രൂപയ്ക്കാണ് ഇത്രയും ഓഹരി വാങ്ങിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, സൌത്ത് ഡല്‍ഹിയില്‍ ഇത്രയും വലിയ ലക്ഷ്വറി ഹോട്ടലിലെ പകുതി ഉടമസ്ഥാവകാശം ലഭിക്കണമെങ്കില്‍ വധേര നല്‍കിയതിന്റെ എത്രയോ ഇരട്ടി തുക നല്‍കേണ്ടി വരുമെന്നുറപ്പാണ്. അതുപോലെ ഗുഡ്ഗാവിലെ ഗോള്‍ഫ് കോഴ്സിനടുത്തുള്ള അരാലിയാസില്‍ കോടികള്‍ വിലമതിക്കുന്ന ഫ്ളാറ്റ് വെറും 89.41 ലക്ഷം രൂപയ്ക്ക് വധേര സ്വന്തമാക്കി.
ഡല്‍ഹി നഗരത്തേക്കാളും വേഗത്തില്‍ വികസിക്കുന്ന നഗരമാണ് ഹരിയാനയിലെ ഗുഡ്ഗാവ്. ഗുഡ്ഗാവിലെ മഗ്നോലിയ എന്ന പ്രദേശത്ത് ഡിഎല്‍എഫിന്റെ ഒരു കെട്ടിടത്തിന് ഏഴുനില കൂടി പണിയാന്‍ അധികൃതരില്‍ നിന്ന് അനുവാദം വാങ്ങിക്കൊടുത്തതിന് ഏഴ് ഫ്ളാറ്റ് വെറും 5.2 കോടി രൂപയ്ക്കാണ് വധേരയ്ക്ക് നല്‍കിയത്. വധേര കൊടുത്ത തുക ഒരു ഫ്ളാറ്റിനു മാത്രം വേണ്ടിവരുമെന്നാണ് സ്ഥലവാസികളുടെ വെളിപ്പെടുത്തല്‍. ഡിഎല്‍എഫ് തന്നെ വികസിപ്പിച്ചെടുത്ത സൌത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് രണ്ടില്‍ 1.21 കോടി രൂപയുടെ പ്ളോട്ടും വധേര സ്വന്തമാക്കി. സാധാരണക്കാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത സ്ഥലമാണ് ചുളുവിലയ്ക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൈക്കലാക്കിയത്. ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി ഏക്കര്‍കണക്കിനു സ്ഥലവും വാങ്ങിക്കൂട്ടി.
ഗുഡ്ഗാവും കഴിഞ്ഞ് വികസിക്കുന്ന ഹരിയാനയിലെ പ്രദേശമാണ് മനേസാര്‍. തിരക്കേറിയ ഡല്‍ഹി-ജയ്പുര്‍ റോഡിലാണ് ഈ കൊച്ചു നഗരം. ഹീറോ ഹോണ്ട സൈക്കിള്‍ ഫാക്ടറിയുടെ ആസ്ഥാനമുള്ള സ്ഥലം. ഗുഡ്ഗാവിലെ മിക്ക കെട്ടിടവും നിര്‍മിച്ച് കോടികള്‍ കൊയ്ത ഡിഎല്‍എഫിന് ഏറെ താല്‍പ്പര്യമുള്ള അടുത്ത കേന്ദ്രം. ഇവിടെ വധേരയെന്ന രാഷ്ട്രീയ ഓഹരി ഉപയോഗിച്ച് ചുളുവിലയ്ക്ക് ഏക്കര്‍ കണക്കിനു ഭൂമി ഡിഎല്‍എഫ് സ്വന്തമാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഹരിയാനയില്‍ ഡല്‍ഹി-ആഗ്ര റോഡിലുള്ള പല്‍വലിലും ജയ്പുര്‍ റോഡിലുള്ള റിവാരിയിലും ഹസന്‍പുരിലും ഗുഡ്ഗാവിലെ തന്നെ ഹസന്‍പുരിലും ഏക്കര്‍കണക്കിനു സ്ഥലമാണ് വധേര വാങ്ങിയത്. ഈ സ്ഥലങ്ങള്‍ പലതും ഡിഎല്‍എഫ് കെട്ടിടങ്ങള്‍ പണിയുന്നതിന് അടുത്താണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വധേര ആര്‍ക്കു വേണ്ടിയാണ് ഭൂമി വാങ്ങുന്നതെന്ന് ഇതു വ്യക്തമാക്കുന്നു.
രാജസ്ഥാനിലെ ബിക്കാനീറിലെ കോലയാട്ടില്‍ മൂന്നിടത്തായി 160.42 ഏക്കര്‍ ഭൂമിയാണ് വധേര വാങ്ങിക്കൂട്ടിയത്. ഇതിനു നല്‍കിയതാകട്ടെ ഒരു കോടി രൂപ മാത്രം. ഒരു കോടി രൂപയ്ക്ക് 160 ഏക്കര്‍ ഭൂമി ഇന്ത്യയില്‍ എവിടെയും കിട്ടാന്‍ സാധ്യത വിരളം. മൊത്തം 3.14 കോടി രൂപയുടെ ഭൂമിയാണ് വധേര രണ്ടു സംസ്ഥാനത്തായി വാങ്ങിയിട്ടുള്ളത്. എന്നാല്‍, ഈ ഭൂമിയുടെ യഥാര്‍ഥ വിലയാകട്ടെ അതിന്റെ നൂറിരട്ടിയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. മനേസറിലും മറ്റും വാങ്ങിയ ഭൂമി കര്‍ഷകരില്‍ നിന്നാണ്. അവര്‍ക്ക് കമ്പോളവില നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ പണം മുടക്കിയത് ഡിഎല്‍എഫ് ആണെന്ന് ഉറപ്പാകുന്നു. വധേരയും ഡിഎല്‍എഫും തമ്മിലുള്ള സംയുക്ത സംരംഭമാണ് ഇതെന്നര്‍ഥം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണം വരുന്നത് റിയല്‍ എസ്റേറ്റ് വഴിയാണെന്ന് ഓര്‍ക്കുക. കോൺഗ്രസ് അധ്യക്ഷയുടെ വസതി തന്നെ കോര്‍പറേറ്റുകളുടെ ഏജന്‍സിപ്പണിയെടുക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്കു വേണ്ടി ഭരിക്കുമെന്നു പറഞ്ഞ് വോട്ടുപിടിക്കുന്ന കോൺഗ്രസിന്റെ യഥാര്‍ഥ ചിത്രമാണ് ഇത്.
*****
വി ബി പരമേശ്വരന്‍, കടപ്പാട്:ദേശാഭിമാനി 09042011
Subscribe to:
Post Comments (Atom)
1 comment:
രാജസ്ഥാനിലെ ബിക്കാനീറിലെ കോലയാട്ടില്‍ മൂന്നിടത്തായി 160.42 ഏക്കര്‍ ഭൂമിയാണ് വധേര വാങ്ങിക്കൂട്ടിയത്. ഇതിനു നല്‍കിയതാകട്ടെ ഒരു കോടി രൂപ മാത്രം. ഒരു കോടി രൂപയ്ക്ക് 160 ഏക്കര്‍ ഭൂമി ഇന്ത്യയില്‍ എവിടെയും കിട്ടാന്‍ സാധ്യത വിരളം. മൊത്തം 3.14 കോടി രൂപയുടെ ഭൂമിയാണ് വധേര രണ്ടു സംസ്ഥാനത്തായി വാങ്ങിയിട്ടുള്ളത്. എന്നാല്‍, ഈ ഭൂമിയുടെ യഥാര്‍ഥ വിലയാകട്ടെ അതിന്റെ നൂറിരട്ടിയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. മനേസറിലും മറ്റും വാങ്ങിയ ഭൂമി കര്‍ഷകരില്‍ നിന്നാണ്. അവര്‍ക്ക് കമ്പോളവില നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ പണം മുടക്കിയത് ഡിഎല്‍എഫ് ആണെന്ന് ഉറപ്പാകുന്നു. വധേരയും ഡിഎല്‍എഫും തമ്മിലുള്ള സംയുക്ത സംരംഭമാണ് ഇതെന്നര്‍ഥം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണം വരുന്നത് റിയല്‍ എസ്റേറ്റ് വഴിയാണെന്ന് ഓര്‍ക്കുക. കോൺഗ്രസ് അധ്യക്ഷയുടെ വസതി തന്നെ കോര്‍പറേറ്റുകളുടെ ഏജന്‍സിപ്പണിയെടുക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്കു വേണ്ടി ഭരിക്കുമെന്നു പറഞ്ഞ് വോട്ടുപിടിക്കുന്ന കോൺഗ്രസിന്റെ യഥാര്‍ഥ ചിത്രമാണ് ഇത്.
Post a Comment