Friday, April 29, 2011

ബംഗാള്‍ : മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി?

അവസാനഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങുന്ന ബംഗാളില്‍ മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടിയാണ്? നിശ്ചയമായും മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിക്കുവേണ്ടിയല്ലെന്നാണ് അവിടെനിന്ന് ലഭിക്കുന്ന പ്രചാരണ വിശേഷങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് സംസ്ഥാനത്ത് തെളിയുന്നത്. ഇതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ബംഗാളില്‍ ഇടതുപക്ഷത്തിന്റെ കഥ കഴിഞ്ഞുവെന്ന് ഇതുവരെ ദേശവ്യാപകമായി തൊണ്ടകീറി പ്രചരിപ്പിച്ചുകൊണ്ടിരുന്ന സിപിഐ എം വിരുദ്ധ കോര്‍പറേറ്റ് മാധ്യമങ്ങളുടെ സ്വരത്തിലെ പ്രകടമായ ഇടര്‍ച്ച. വരികള്‍ക്കിടയില്‍ വായിക്കാതെ തന്നെ ഇവരുടെ റിപ്പോര്‍ട്ടുകളിലും വിശകലനങ്ങളില്‍നിന്നും മമത ബാനര്‍ജിയ്ക്കനുകൂലമായ ‘പരിവര്‍ത്തന’തരംഗമൊന്നും സംസ്ഥാനത്ത് ഇല്ലെന്ന് മനസിലാക്കാന്‍ പ്രയാസമില്ല.

പുകമറ പതുക്കെ നീങ്ങുകയാണ്. ആര്‍ക്കും തമസ്കരിക്കാന്‍ കഴിയാത്തവണ്ണം ആവേശകരമാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബംഗാളിലെ മനോരമയെന്ന് പറയാവുന്ന ആനന്ദ്ബസാര്‍ പത്രികയ്ക്കുപോലും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് വിവിധ നിയോജകമണ്ഡലങ്ങളില്‍നിന്ന് ലഭിക്കുന്ന സ്വീകരണങ്ങളുടെ മാറ്റ് കുറയ്ക്കാനാവുന്നില്ല. നന്ദിഗ്രാമിനും സിംഗൂരിനും ശേഷം സമസ്ത സിപിഐ എം വിരുദ്ധരും സംസ്ഥാനത്തെ ഒന്നാം നമ്പര്‍ വില്ലനായി അവതരിപ്പിച്ചുപോന്ന അതേ ബുദ്ധദേവിനെ കാണാനും കേള്‍ക്കാനുമാണ് ജനങ്ങള്‍ കൂടുന്നത്. ഇവര്‍ ഏതെങ്കിലും താരപരിവേഷത്തില്‍ ആകൃഷ്ടരായാണ് എത്തുന്നതെന്ന് ആരും ആരോപിക്കാന്‍ വഴിയില്ല. മമതയുടേതുപോലെ ചുറ്റുമുള്ള മണ്ഡലങ്ങളില്‍നിന്ന് വന്നടിയുന്ന സ്ഥിരം വീരാരാധക സംഘമല്ല ബുദ്ധദേവിന്റെ ഗൌരവമാര്‍ന്ന പ്രസംഗം കേള്‍ക്കാനെത്തുന്നത്.

ബുദ്ധദേവ് കഴിഞ്ഞാല്‍ ഇടതുപക്ഷ പ്രചാരണരംഗത്തെ ഏറ്റവും വലിയ ആകര്‍ഷണകേന്ദ്രങ്ങള്‍ വ്യവസായമന്ത്രി നിരുപംസെന്നും ഭവന നിര്‍മാണമന്ത്രി ഗൌതംദേവുമാണ്. ഇതും ഒരു തരത്തില്‍ ശ്രദ്ധേയമാണ്. സിപിഐ എം വിരുദ്ധരുടെ കറുത്ത പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള വില്ലന്മാരാണിവര്‍. ഇതു കാണിക്കുന്നത് ബംഗാളിലെ തെരഞ്ഞെടുപ്പിലെ താരം സാധാരണക്കാരുടെ അഭിമാന പ്രതീകമായ പാര്‍ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണെന്നാണ്.

"ദുഖേ ജീബന്‍ ജീര്‍ണോ തായ് ബന്‍ദെചി ബാന്‍ചതെ നിയോചി പ്രതീക ചിഹ്നോഭായ് താരാ ഹാതുരി കാസ്കാതെ താരാ, ഹാതുരി, കാസ്കാതെ''.....
നക്ഷത്രം, അരിവാള്‍, ചുറ്റിക. ബംഗാളിനെ എന്നും ത്രസിപ്പിച്ചിട്ടുള്ള ഈ തെരഞ്ഞെടുപ്പ് സമര മന്ത്രം നന്ദിഗ്രാം വെടിവയ്പും സിംഗൂര്‍ തിരിച്ചടിയും മാവോയിസ്റ് ഭീകരതയും സൃഷ്ടിച്ച ഓളം മറികടന്ന് വീണ്ടും ബംഗാളില്‍ മുഴങ്ങുകയാണ്.

ഇത്തവണത്തെ ബംഗാളിലെ ഇടതുപക്ഷപ്രതിരോധത്തിന് മുമ്പില്ലാത്ത ദേശീയ പ്രാധാന്യമുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരിട്ട് താല്‍പ്പര്യമുള്ള തെരഞ്ഞെടുപ്പാണിത്. ഇന്ത്യയെ പൂര്‍ണമായും തങ്ങളുടെ വരുതിയില്‍ കൊണ്ടുവരണമെങ്കില്‍ ആഗോള മൂലധന ശക്തികള്‍ക്ക് ബംഗാളില്‍ മമത ജയിച്ചേ മതിയാവൂ. കാരണം എല്ലാ പരിമിതികള്‍ക്കും ഞെരുക്കങ്ങള്‍ക്കുമിടയില്‍ ഈ പ്രാകൃത മൂലധന സഞ്ചിത ശക്തിക്കെതിരെ സാമൂഹ്യ സുരക്ഷയിലും സമത്വാധിഷ്ഠിതമായ മാനവിക വികസനത്തിലുമൂന്നിയ ഏക ബദല്‍ശക്തിയാണ് ഇന്ത്യയിലെ ഇടതുപക്ഷം. ഇടതുപക്ഷത്തിന്റെ ചെറിയ തുരുത്തുകള്‍പോലും സാമ്രാജ്യത്വത്തിന് വെല്ലുവിളിയാണ്. മാത്രമല്ല, ഇത്തരം ബദല്‍ശക്തികള്‍ അധികാരത്തില്‍ എത്തുന്നത് സ്വതന്ത്രമായ രഹസ്യവോട്ടെടുപ്പിലൂടെയാണെന്നുള്ളത് ജനാധിപത്യത്തിന്റെ അപ്പോസ്തലന്‍മാര്‍ ചമയുന്ന സാമ്രാജ്യത്വ ശക്തികളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നു. ബംഗാളിലെ ജനങ്ങള്‍ സ്വമനസ്സാലെ സിപിഐ എമ്മിനെ വീണ്ടും വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നത് ആഗോള മുതലാളിത്തത്തിന് താങ്ങാവുന്നതിലേറെയാണ്. സോഷ്യലിസ്റ് ചേരിയുടെ തകര്‍ച്ചയ്ക്കു ശേഷവും ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരം കൈയാളുന്ന സിപിഐ എമ്മിനെപ്പോലൊരു ബഹുജന വിപ്ളവ പാര്‍ടി അവര്‍ക്ക് ചതുര്‍ഥിയായില്ലെങ്കിലേ അത്ഭുതമുള്ളൂ.

വിക്കിലീക്സ് അടുത്തിടെ പുറത്തുകൊണ്ടുവന്നത് സാമ്രാജ്യത്വ ഗൂഢാലോചനയല്ല. പരസ്യമായ അട്ടിമറി പദ്ധതിയാണ്. അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡിന് മമതയോട് തോന്നിയ അടുപ്പത്തിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ് തൃണമൂലിന്റെ ഇത്തവണത്തെ സ്ഥാനാര്‍ഥിപ്പട്ടികയും ആ പാര്‍ടി നയിക്കുന്ന മാരിവില്‍ മഹാസഖ്യത്തിന്റെ വിജയത്തിനായി ബംഗാളിലേക്ക് ഒഴുകിയെത്തുന്ന കള്ളപ്പണവും. ഇന്ത്യയിലെ കുത്തകമുതലാളിമാരുടെ കേന്ദ്രസംഘടനയായ ഫിക്കിയുടെ മുന്‍ ജനറല്‍ സെക്രട്ടറി അമിത് മിത്ര മുതല്‍ മുന്‍ ചീഫ് സെക്രട്ടറി മനീഷ് ഗുപ്ത വരെയുള്ള അമേരിക്കന്‍ ലോബീയിസ്റുകളുടെ ഒരു നീണ്ട നിരയാണ് മമതയുടെ ഇത്തവണത്തെ സ്ഥാനാര്‍ഥിപ്പട്ടിക. ഇടതുപക്ഷം ബംഗാളില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയെ കാത്തിരിക്കുന്ന വന്‍ അപകടത്തിലേക്കാണ് ഈ നിര വിരല്‍ ചൂണ്ടുന്നത്.

ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ മറ്റൊരു രാഷ്ട്രീയ പ്രാധാന്യം ദേശീയ ഭരണകക്ഷിയായ കോണ്‍ഗ്രസ് അതിന്റെ അധഃപതനത്തിന്റെയും ശിഥിലീകരണത്തിന്റെയും നെല്ലിപ്പലകയിലെത്തിനില്‍ക്കുന്നുവെന്നതാണ്. നേരിട്ടുള്ള അമേരിക്കന്‍ ഇടപെടലിനോടൊപ്പം വായിക്കേണ്ട, ബംഗാളിനുപുറത്തും വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ രാഷ്ട്രീയ അപചയം. മമത കൊടുത്ത തുച്ഛം സീറ്റുകള്‍ വാങ്ങി തൃപ്തിപ്പെട്ടു എന്നതിനും ആഥിര്‍ചൌധരിയെയും ദീപാ മുന്‍ഷിയെയുംപോലുള്ള പാര്‍ടി പ്രമുഖര്‍തന്നെ വിമത പടനീക്കം നയിക്കുന്നു എന്നതിനപ്പുറമുള്ള കീഴടങ്ങലുകളാണ് കോണ്‍ഗ്രസിനെയും അതോടൊപ്പം രാഷ്ട്രത്തെയും ഒരു ആത്മഹത്യാമുനമ്പില്‍ കൊണ്ടെത്തിച്ചിട്ടുള്ളത്.

സീറ്റു തര്‍ക്കവും വിമതശല്യവും ബംഗാള്‍ കോണ്‍ഗ്രസില്‍ പുത്തരിയല്ല. എന്നാല്‍, മമത വഴി കോണ്‍ഗ്രസ് ഇത്തവണ എത്തിച്ചേര്‍ന്നിട്ടുള്ള ദേശവിരുദ്ധമായ തെരഞ്ഞെടുപ്പ് ബന്ധങ്ങളാണ് എല്ലാ ദേശസ്നേഹികളെയും അലട്ടുന്ന പുതിയ പ്രതിഭാസം. മന്‍മോഹന്‍സിങ് തന്റെ ബംഗാള്‍ പര്യടനത്തിനിടയ്ക്ക് മാവോയിസ്റുകളെക്കുറിച്ച് കമാ എന്നൊരക്ഷരം ഉരിയാടിയില്ല. കാസര്‍കോട്ടുവന്ന് എന്‍ഡോസള്‍ഫാന്‍ വിപത്തിനെപ്പറ്റി നേരിട്ട് പഠിക്കുമെന്ന് മലയാളിയെ സമാശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി ഇതിനകം നിരപരാധികളായ നൂറുകണക്കിന് ബംഗാളികളുടെ ജീവനെടുത്ത കിഷന്‍ജിയുടെ മാവോയിസ്റ് അക്രമസേനയെക്കുറിച്ച് വംഗദേശത്തുവച്ച് വായ് തുറന്നില്ലെന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ അമേരിക്കന്‍ പക്ഷപാതികളായ അനുചരവൃന്ദവും അദ്ദേഹത്തിന്റെ പാര്‍ടിയെയും രാഷ്ട്രത്തെയും എവിടേക്കാണ് നയിക്കുന്നതെന്ന് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു.

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഡാര്‍ജിലിങ് ജില്ലയിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ട് പോയത് ബിജെപിയും മമതയും സംയുക്തമായി പിന്തുണച്ച സായുധ വിഘടനവാദികളായ ഗൂര്‍ഖ ജനമുക്തിമോര്‍ച്ചയുടെ സ്ഥാനാര്‍ഥികള്‍ക്കാണ്. ദേശീയ പരമാധികാരത്തിന്റെയും ദേശ സുരക്ഷയുടെയും വംശീയ ഐക്യത്തിന്റെയും സംരക്ഷകരാകാന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് എത്ര നഗ്നമായാണ് അവരുടെ പരിപാവനമായ ചുമതല കൈയൊഴിയുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബംഗാള്‍. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ അന്ത്യം സ്വപ്നം കാണുന്ന ചെന്നിത്തലമാര്‍ അവിടെ മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും. അതാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് തരുന്ന സമ്മിശ്രമായ സന്ദേശം.


*****


എൻ മാധവൻ കുട്ടി, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അവസാനഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങുന്ന ബംഗാളില്‍ മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടിയാണ്? നിശ്ചയമായും മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിക്കുവേണ്ടിയല്ലെന്നാണ് അവിടെനിന്ന് ലഭിക്കുന്ന പ്രചാരണ വിശേഷങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് സംസ്ഥാനത്ത് തെളിയുന്നത്. ഇതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ബംഗാളില്‍ ഇടതുപക്ഷത്തിന്റെ കഥ കഴിഞ്ഞുവെന്ന് ഇതുവരെ ദേശവ്യാപകമായി തൊണ്ടകീറി പ്രചരിപ്പിച്ചുകൊണ്ടിരുന്ന സിപിഐ എം വിരുദ്ധ കോര്‍പറേറ്റ് മാധ്യമങ്ങളുടെ സ്വരത്തിലെ പ്രകടമായ ഇടര്‍ച്ച. വരികള്‍ക്കിടയില്‍ വായിക്കാതെ തന്നെ ഇവരുടെ റിപ്പോര്‍ട്ടുകളിലും വിശകലനങ്ങളില്‍നിന്നും മമത ബാനര്‍ജിയ്ക്കനുകൂലമായ ‘പരിവര്‍ത്തന’തരംഗമൊന്നും സംസ്ഥാനത്ത് ഇല്ലെന്ന് മനസിലാക്കാന്‍ പ്രയാസമില്ല.