Friday, April 29, 2011

ഉന്നത വിദ്യാഭ്യാസം : ഇന്ത്യക്ക് മാതൃക കേരളം

അടുത്തകാലത്ത് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വിഭാപുരി ദാസ് ഉന്നതവിദ്യാഭ്യാസത്തിന്റെ ജിഇആര്‍ (ജനറല്‍ എഡ്യൂക്കേഷന്‍ റിക്വയര്‍മെന്റ്) വര്‍ധിപ്പിക്കുന്നതിനുള്ള സത്വരനടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്ക് കത്തയ്ക്കുകയുണ്ടായി. ആ കത്തില്‍ സൂചിപ്പിച്ച കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും പുതിയ ജിഇആര്‍ 12.24 ശതമാനമാണ്. ലോകശരാശരി 24 ശതമാനവും. 12-ാം പദ്ധതിയോടെ അത് 20 ശതമാനമായി വര്‍ധിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഈ സാഹചര്യത്തില്‍ വേണം ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തെ അവലോകനം ചെയ്യാന്‍.

ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ 2020ഓടെ ഇന്ത്യയുടെ ജിഇആര്‍ 30 ശതമാനത്തിലെത്തിക്കുന്നതിനുള്ള ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ക്കു രൂപം നല്‍കുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. പ്രവേശനലഭ്യത-തുല്യനീതി, ഉള്ളടക്കവും ഗുണമേന്മയും, ഗവേഷണരംഗത്തെ നൂതനപ്രവണതകള്‍, അധ്യാപകരുടെ കാര്യശേഷി വികസനവും വിഭവം പങ്കുവയ്ക്കലും, ഉന്നത വിദ്യാഭ്യാസ ആഗോളവല്‍ക്കരണം, ഉന്നതവിദ്യാഭ്യാസത്തിന്റെ ബദലുകള്‍, സാമ്പത്തികസഹായ മാതൃകകള്‍, സദ്ഭരണം എന്നിവയായിരുന്നു വിഷയങ്ങള്‍. ഇരുനൂറ്റിഅമ്പതോളം വരുന്ന വൈസ് ചാന്‍സലര്‍മാര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിച്ച മാനവശേഷി വികസനമന്ത്രി കപില്‍ സിബല്‍ പ്രസംഗത്തിലുനീളം പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള എന്‍സിഎച്ച്ഇആര്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിലുള്ള നീരസം പ്രകടിപ്പിച്ചു. വിദേശ സര്‍വകലാശാലകളുടെ പ്രതിനിധികള്‍ തന്റെ മേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരുന്ന കാര്യം തുറന്നുപറയാനും അദ്ദേഹം തയ്യാറായി. നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയുടെ സൃഷ്ടികളാണ് വിസിമാരെന്നും ആ സമ്പ്രദായത്തെ നിര്‍മാര്‍ജനം ചെയ്യാതെ നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പഠനബോധനരീതികള്‍ സംബന്ധിച്ച് നിലവിലുള്ള രീതികള്‍ ഉടച്ചുവാര്‍ക്കണം എന്ന് ആഹ്വാനം ചെയ്ത സിബല്‍ സെമസ്റ്ററൈസേഷനെതിരെ ധര്‍ണ നടത്തുന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകര്‍ക്കെതിരെ ആഞ്ഞടിക്കാനും മറന്നില്ല.

550 ദശലക്ഷം യുവാക്കളെ ഉദ്ദേശിച്ചുക്കൊണ്ട് അഞ്ചുവര്‍ഷം മുമ്പ് താന്‍ സമര്‍പ്പിച്ച ദേശീയ വിജ്ഞാന കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അടയിരിക്കുന്ന അധികാരികളെ കടന്നാക്രമിച്ചാണ് ദേശീയ വിജ്ഞാന കമീഷന്‍ ചെയര്‍മാന്‍ സാം പിത്രോദ തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസരംഗത്ത് 3ഇ (എക്പാന്‍ഷന്‍, എക്സലന്‍സ് ആന്‍ഡ് ഇക്വിറ്റി) നടപ്പാക്കാനാണ് താന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. അതിന് കൂടുതല്‍ കോളേജുകളും സര്‍വകലാശാലകളും വേണം. സര്‍ക്കാരിനെ കൊണ്ട് മാത്രം അതിന് സാധിക്കില്ല. വിദേശ പ്രത്യക്ഷ നിക്ഷേപം ഒഴിച്ചുകൂടാനാകാത്തതാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ഘടനാരീതി ഉള്‍പ്പെടെ സമഗ്രമായി ഉടച്ചുവാര്‍ക്കണം. വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിന് പ്രതിബന്ധമായി നില്‍ക്കുന്ന നിയന്ത്രണങ്ങളെല്ലാം നീക്കണം. പുതിയ ആശയങ്ങളെ സാമൂഹികവല്‍ക്കരിക്കണമെന്നും ആരുടെയും നിര്‍ദേശത്തിന് കാത്തിരിക്കാതെ വിജ്ഞാനകമീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വിസിമാര്‍ മുന്നോട്ടുവരണമെന്നും ഇനി ഒരുനിമിഷം പോലും ചര്‍ച്ച നടത്തി പാഴാക്കാനില്ലെന്നും പറഞ്ഞുകൊണ്ടാണ് സാംപിത്രോദ പ്രസംഗം അവസാനിപ്പിച്ചത്.

സിബലും പിത്രോദയും നടത്തിയ പ്രസംഗം രണ്ടു രീതിയിലായിരുന്നെങ്കിലും അവരുടെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു. വിദേശ സര്‍വകലാശാലകളെ ഇന്ത്യയില്‍ കടന്നുവരാന്‍ അനുവദിക്കുക. 11-ാം പദ്ധതി 2012ല്‍ അവസാനിക്കും. പത്താം പദ്ധതിയുടെ ഒമ്പതിരട്ടി 11-ാം പദ്ധതിക്ക് നീക്കിവച്ചിട്ടും നമ്മുടെ ജിഇആര്‍ ഒമ്പതു ശതമാനത്തില്‍നിന്ന് 12.24 ശതമാനത്തിലെത്തിക്കാനേ കഴിഞ്ഞുള്ളൂ. പദ്ധതി ലക്ഷ്യമിടുന്ന 15 ശതമാനത്തിലെത്തിക്കാന്‍ ശേഷിക്കുന്ന ഒന്നരവര്‍ഷംക്കൊണ്ട് സാധിക്കില്ല. ഇതിന്റെ മറവില്‍ വിദേശ സര്‍വകാലശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്രനീക്കം. 2020ഓടെ ജിഇആര്‍ 30 ശതമാനമാക്കി ഉയര്‍ത്തിയാല്‍ മാത്രമേ അടുത്ത 15-20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ള സ്കില്‍ഡ് വര്‍ക്കേഴ്സിനെ ലഭിക്കൂ എന്ന് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തുക്കൊണ്ട് സിബല്‍ പറഞ്ഞതും ഇതേ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതും അവര്‍ക്ക് താല്‍പ്പര്യമില്ലാത്ത മേഖലകളില്‍ മാത്രം സര്‍ക്കാര്‍ മുതല്‍മുടക്കുന്നതുമാണ് 12-ാം പദ്ധതിയുടെ സമീപനമെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ സൂചിപ്പിച്ചിട്ടുണ്ട്.

പുതിയ സ്ഥാപനങ്ങള്‍ ആര് തുടങ്ങും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാവില്ല. വിദേശ സര്‍വകലാശാലകള്‍ വഴിയോ പൊതു-സ്വകാര്യ പങ്കാളിത്തം വഴിയോ തുടങ്ങിയാലും പഠിക്കാന്‍ വിദ്യാര്‍ഥികള്‍ എത്തിയാല്‍ മാത്രമേ ജിഇആര്‍ വര്‍ധിപ്പിക്കാന്‍ കഴിയൂ. ഒരുവിധം സാമ്പത്തികഭദ്രതയുള്ളവര്‍ ഇപ്പോള്‍ തന്നെ ഉന്നതവിദ്യാഭ്യാസം നടത്തുന്നുണ്ട്. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കണമെങ്കില്‍ ചെലവ് താങ്ങാനുള്ള സാമ്പത്തിക അടിത്തറ രക്ഷിതാക്കള്‍ക്കുണ്ടാകണം. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അര്‍ജുന്‍ സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ടു പ്രകാരം നമ്മുടെ ജനസംഖ്യയില്‍ 77 ശതമാനം (83.6 കോടി) ജനങ്ങളുടെ പ്രതിദിനവരുമാനം 20 രൂപയില്‍ താഴെയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ജിഇആര്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ചര്‍ച്ചയ്ക്ക് വിഷയമായത്.

സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ കേരളത്തിലെ ഒരു വിദ്യാര്‍ഥിക്കും ഉന്നതവിദ്യാഭ്യാസം നിഷേധിക്കാന്‍ പാടില്ല എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയ ഹയര്‍ എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ് പദ്ധതി, കുമാരപിള്ള കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്കോളര്‍ഷിപ്പുകള്‍, സുവര്‍ണജൂബിലി സ്കോളര്‍ഷിപ്, ഏകജാലക സംവിധാനം, കോളേജുകളുടെ ക്ളസ്റര്‍ സംവിധാനം, ബിരുദതലത്തില്‍ നടപ്പാക്കിയ സെമസ്റര്‍ സമ്പ്രദായം, ആസ്പയര്‍, നര്‍ച്ചര്‍, ഇന്‍കള്‍ക്കേറ്റ്, സ്കോളര്‍ ഇന്‍ റസിഡന്റ് പദ്ധതി, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകള്‍ തുടങ്ങിയ നൂതന പദ്ധതികളും അതുവഴി ഉന്നതവിദ്യാഭ്യാസരംഗത്തുണ്ടായ പുരോഗതിയും ജനകീയ ഇടപെടലും വിസിമാര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി.

ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ കടന്നുവരണമെങ്കില്‍ 12-ാം ക്ളാസുവരെയുള്ള വിദ്യാഭ്യാസത്തിന്റെ അടിത്തറ ആദ്യം ശക്തമാക്കണം. ഖേദകരമെന്ന് പറയട്ടെ ഒന്നാം ക്ളാസില്‍ ചേരുന്ന കുട്ടികളെല്ലാവരും 12-ാം ക്ളാസ് പൂര്‍ത്തിയാക്കുന്നില്ല. കേരളത്തില്‍ 100 പേര്‍ ചേരുമ്പോള്‍ 92 പേരാണ് 12-ാം ക്ളാസ് പൂര്‍ത്തിയാക്കുന്നത്. തമിഴ്നാട്ടില്‍ ഇത് 44ഉം ബിഹാറില്‍ 22ഉം ജാര്‍ഖണ്ഡില്‍ 4ഉം ആണ്. ഹയര്‍ സെക്കന്‍ഡറിവരെയുള്ള വിദ്യാഭ്യാസം കേന്ദ്രസര്‍ക്കാര്‍ സൌജന്യവും സാര്‍വത്രികവുമാക്കിയാല്‍ മാത്രമേ ഇതിന് മാറ്റമുണ്ടാകൂ.

സമ്മേളനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിനായി നിരവധി ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. നിലവിലുള്ള എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2എഫ്/12ബി അംഗീകാരമുണ്ടോ എന്ന് പരിശോധിക്കാതെ തന്നെ യുജിസിയുടെ സാമ്പത്തിക സഹായം നല്‍കുക, കേന്ദ്ര സര്‍വകലാശാലകള്‍ക്ക് വാരിക്കോരി ഫണ്ട് നല്‍കുന്ന ഇപ്പോഴത്തെ പ്രവണതയ്ക്ക് അറുതി വരുത്തുക, അധ്യാപകരുടെ ശമ്പളം പൂര്‍ണമായും കേന്ദ്രം നല്‍കുക, ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ക്കായി ഇഗ്നോ പോലുള്ള കൂടുതല്‍ സര്‍വകലാശാലകളും കമ്യൂണിറ്റി കോളേജുകളും സ്ഥാപിക്കുക, തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കുക, നിര്‍ധനരായ കുട്ടികള്‍ക്ക് സൌജന്യ ഹോസ്റല്‍ സൌകര്യം ഏര്‍പ്പെടുത്തുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

പുതിയ സര്‍വകലാശാലകള്‍ അത് സ്വദേശിയായാലും വിദേശിയായാലും അവിടെ പാവപ്പെട്ടവര്‍ക്ക് പ്രവേശനം എളുപ്പമല്ല. അതുകൊണ്ട് സര്‍ക്കാര്‍, സഹകരണ മേഖലയില്‍ കോളേജുകളും സര്‍വകലാശാലകളും നടത്തുകയാണ് കരണീയം. വിദേശ സര്‍വകലാശാലകള്‍ വഴിയോ പൊതുസ്വകാര്യ പങ്കാളിത്തം വഴിയോ ജിഇആര്‍ വര്‍ധിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ജിഇആര്‍ വര്‍ധിക്കാതിരിക്കാന്‍ കാരണം പഠനസൌകര്യങ്ങളുടെ കുറവല്ല ഉപരിപഠനത്തിനുള്ള സാമ്പത്തികശേഷിയില്ലാത്തതാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നികത്താതെ കിടക്കുന്ന ഒഴിവുകള്‍.

സമ്മേളനത്തിലുടനീളം മുഴങ്ങിക്കേട്ടത് രണ്ടു കാര്യങ്ങളാണ്. കോത്താരി കമീഷന്‍ റിപ്പോര്‍ട്ടും കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണങ്ങളും. 1968ലെ ദേശീയ വിദ്യാഭ്യാസനയത്തിനു ശേഷം സമഗ്രമായ വിദ്യാഭ്യാസനയം കേന്ദ്രസര്‍ക്കാരിനുണ്ടായിട്ടില്ല. ദേശീയ മൊത്തവരുമാനത്തിന്റെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കണമെന്ന കമീഷന്റെ നിര്‍ദേശം പിന്നീടുവന്ന എല്ലാ കമീഷന്‍ റിപ്പോര്‍ട്ടുകളും ആവര്‍ത്തിച്ചു. 2011 ആയിട്ടും അത് 3.08 ശതമാനത്തില്‍ മാത്രം എത്തിനില്‍ക്കുന്നു. 12-ാം പദ്ധതിയും ഈ നില തുടരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ 2020ല്‍ അന്തര്‍ദേശീയ ശരാശരിയായ 24 ശതമാനത്തില്‍ പോലും ഇന്ത്യയുടെ ജിഇആര്‍ എത്തുകയില്ലെന്ന് വൈസ്ചാന്‍സലര്‍മാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, 12-ാം പഞ്ചവത്സരപദ്ധതിക്കാലത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് പ്രായോഗികമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ വിസിമാര്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. അവയില്‍ മിക്ക നിര്‍ദേശങ്ങളും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയതും നടത്തുന്നവയുമാണ്. ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഭാരതത്തിന് മാതൃക എന്ന ചൊല്ല് വിദ്യാഭ്യാസ കാര്യത്തിലും അന്വര്‍ഥമായിരിക്കുന്നു.


*****


ഡോ. ജെ പ്രസാദ്, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമ്മേളനത്തിലുടനീളം മുഴങ്ങിക്കേട്ടത് രണ്ടു കാര്യങ്ങളാണ്. കോത്താരി കമീഷന്‍ റിപ്പോര്‍ട്ടും കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണങ്ങളും. 1968ലെ ദേശീയ വിദ്യാഭ്യാസനയത്തിനു ശേഷം സമഗ്രമായ വിദ്യാഭ്യാസനയം കേന്ദ്രസര്‍ക്കാരിനുണ്ടായിട്ടില്ല. ദേശീയ മൊത്തവരുമാനത്തിന്റെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കണമെന്ന കമീഷന്റെ നിര്‍ദേശം പിന്നീടുവന്ന എല്ലാ കമീഷന്‍ റിപ്പോര്‍ട്ടുകളും ആവര്‍ത്തിച്ചു. 2011 ആയിട്ടും അത് 3.08 ശതമാനത്തില്‍ മാത്രം എത്തിനില്‍ക്കുന്നു. 12-ാം പദ്ധതിയും ഈ നില തുടരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ 2020ല്‍ അന്തര്‍ദേശീയ ശരാശരിയായ 24 ശതമാനത്തില്‍ പോലും ഇന്ത്യയുടെ ജിഇആര്‍ എത്തുകയില്ലെന്ന് വൈസ്ചാന്‍സലര്‍മാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, 12-ാം പഞ്ചവത്സരപദ്ധതിക്കാലത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് പ്രായോഗികമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ വിസിമാര്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. അവയില്‍ മിക്ക നിര്‍ദേശങ്ങളും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയതും നടത്തുന്നവയുമാണ്. ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഭാരതത്തിന് മാതൃക എന്ന ചൊല്ല് വിദ്യാഭ്യാസ കാര്യത്തിലും അന്വര്‍ഥമായിരിക്കുന്നു.