ജീവിച്ചിരിക്കുന്ന ഗാന്ധിയന്മാരില്‍ ഉന്നതശീര്‍ഷനാണ് മഹാരാഷ്ട്ര സ്വദേശിയായ അണ്ണ ഹസാരെ. പത്മവിഭൂഷൺ അടക്കമുള്ള ആദരങ്ങള്‍ നേടിയ, ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ ആ മനുഷ്യന്‍ ഡല്‍ഹിയില്‍ ജന്ദര്‍മന്ദറില്‍ നാലുദിവസമായി നിരാഹാരമനുഷ്ഠിക്കുകയാണ്. അവിടേക്ക് ജനസഹസ്രങ്ങള്‍ പിന്തുണയുമായി ഒഴുകുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഐക്യദാര്‍ഢ്യത്തിന്റെ ശബ്ദമുയരുന്നു. ഒരു മനുഷ്യന്‍ ഏകനായി ഇത്രയും വലിയ ജനവികാരം സൃഷ്ടിക്കുന്നത് ലോകശ്രദ്ധയാകര്‍ഷിക്കുന്നു.അഴിമതി അസഹ്യമായപ്പോള്‍; മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള അവകാശംതന്നെ തട്ടിപ്പറിക്കുകയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോള്‍ എല്ലാംമറന്ന് ജനങ്ങള്‍ പ്രതിഷേധത്തിന്റെ പതാകയേന്തുകയാണ്. വൃദ്ധരും യുവാക്കളും സ്ത്രീകളും സ്കൂള്‍ വിദ്യാര്‍ഥികളും സ്വമേധയാ ഇങ്ങനെ ഒഴുകിയെത്തണമെങ്കില്‍ അഴിമതിയെന്ന ദുര്‍ഭൂതം ഇന്ത്യന്‍ ജനതയെ എത്രമാത്രം രോഷാകുലരാക്കുന്നു എന്നാണ് ചിന്തിക്കേണ്ടത്.
കോൺഗ്രസ് അധ്യക്ഷ കേരളത്തില്‍ വന്നു പറഞ്ഞത്, ഇവിടെ എല്‍ഡിഎഫ് ഭരണം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു എന്നാണ്. അത്തരമൊരു അഭിപ്രായമോ ആരോപണമോ ഇവിടുത്തെ യുഡിഎഫില്‍ നിന്ന് ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക്, സോണിയയുടേത് തെരഞ്ഞെടുപ്പു സ്‌റ്റണ്ട് മാത്രമായി കാണാം. അവര്‍ ഉത്തരം പറയേണ്ടത് അണ്ണ ഹസാരെയുടെ ചോദ്യങ്ങള്‍ക്കാണ്. അഴിമതി തടയാന്‍ കര്‍ക്കശമായ വ്യവസ്ഥകളുള്ള ലോക്പാല്‍ നിയമം വേണമെന്ന ആവശ്യവുമായി നിരാഹാരം ഇരിക്കുക മാത്രമല്ല, ജയില്‍ നിറയ്ക്കല്‍ സമരത്തിനുകൂടി ആഹ്വാനം ചെയ്തിട്ടുണ്ട് ഹസാരെ. അദ്ദേഹം ചോദിക്കുന്നത്, എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അഴിമതിയോട് മൃദുസമീപനം കാണിക്കുന്നു എന്നാണ്. അഴിമതിക്കാരെ ജയിലിലടയ്ക്കാന്‍ പോന്ന കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ലോക്പാല്‍ നിയമം കൊണ്ടുവരാന്‍ എന്താണ് തടസ്സമെന്നാണ്. ലോക്പാല്‍ ബില്‍ നിര്‍ഗുണമായ ഒന്നാക്കി മാറ്റാന്‍ എന്തിനു ശ്രമിക്കുന്നു എന്നാണ്.
ഹസാരെയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ യുപിഎ നേതൃത്വത്തിനു കഴിയില്ല. കാരണം ഇന്ത്യയെ 'അഴിമതി രാജി'ലേക്ക് നയിച്ചത് കോൺഗ്രസാണ്. ആ പാര്‍ടി നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ എല്ലാ മുന്നനുഭവങ്ങളെയും അപ്രസക്തമാക്കുന്ന കൂറ്റന്‍ അഴിമതികളിലൂടെയാണ് കുപ്രസിദ്ധി നേടുന്നത്. 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് 2ജി സ്പെക്ട്രം ഇടപാടിലൂടെ രാജ്യത്തിനുണ്ടായത്. ഇന്ത്യയിലെ ഓരോരുത്തര്‍ക്കും 1600 രൂപവച്ചുനല്‍കാനാകും ഈ തുക കൊണ്ട്. ഈ അഴിമതി വെറുതെ ആരെങ്കിലും ഉന്നയിച്ച ആരോപണമല്ല.
ഇന്നലെ വരെ മന്‍മോഹന്‍സിങ്ങിനൊപ്പം രാജ്യം ഭരിച്ച കേന്ദ്രമന്ത്രി എ രാജ ഇന്ന് തിഹാര്‍ ജയിലിലാണ്. രാജയ്ക്കൊപ്പം പ്രതിസ്ഥാനത്തുള്ളത് കോര്‍പറേറ്റ് തലവന്മാരാണ്. കേന്ദ്ര ഭരണം കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്നു. അത്തരമൊരു കൂട്ടുകെട്ടിന്റെ ഭീമന്‍കൊള്ള നിര്‍ബാധം തുടരണമെങ്കില്‍ കര്‍ക്കശമായ അഴിമതി വിരുദ്ധ നിയമങ്ങള്‍ പാടില്ലെന്നതാണ് യുപിഎ സമീപനം. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം അഴിമതിക്കുപിന്നാലെ പുറത്തുവന്നത് രണ്ടുലക്ഷം കോടി രൂപയുടെ എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിയാണ്. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സും ബംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലുള്ള വിവാദക്കരാറിനെക്കുറിച്ച് അനേകം സംശയങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നു. യുപിഎ സര്‍ക്കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു.
ഭരണപാര്‍ടിയിലെയും മുഖ്യ പ്രതിപക്ഷത്തെയും ഉയര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ടതാണ് ഐപിഎല്‍ കുംഭകോണമടക്കം സ്പോര്‍ട്സ് രംഗത്തെ ധനാപഹരണങ്ങള്‍. ഐപിഎല്ലിന്റെ ഭാരവാഹികള്‍ക്കിടയില്‍ നടന്ന ആഭ്യന്തര വഴക്കിനെത്തുടര്‍ന്നാണ് അഴിമതി പുറത്തുവന്നത്. ശരിയായ അന്വേഷണം നടത്തുന്നതിനോ കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനോ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 1 മുതല്‍ 15 വരെ ഡല്‍ഹിയില്‍ നടന്ന കോമൺവെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതി ജനങ്ങളുടെ പൊതുവായ സ്വത്ത് കൊള്ളയടിക്കുന്നതിന് കോൺഗ്രസ് നേതാക്കള്‍ ഏതറ്റംവരെയും പോകുമെന്നാണ് തെളിയിച്ചത്. 1899 കോടി രൂപ ചെലവു പ്രതീക്ഷിച്ച്, പിന്നീട് 3,566 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ച ഗെയിംസിന് ഖജനാവില്‍ നിന്ന് എടുത്തുപയോഗിച്ചത് 70,000 കോടി രൂപയാണ്. 2006ല്‍ മെല്‍ബണില്‍ കോമൺവെല്‍ത്ത് ഗെയിംസ് നടത്താന്‍ 5,200 കോടി രൂപയേ വേണ്ടിവന്നിരുന്നുള്ളൂ. കൊള്ളയുടെ ഹിമാലയന്‍ രൂപമാണ് കോമൺവെല്‍ത്ത് ഗെയിംസിലൂടെ തുറന്നുകാട്ടപ്പെട്ടത്. അതിലെയും കുറ്റവാളികള്‍ യുപിഎ നേതൃത്വത്തിലുള്ളവരാണ്-അവരെ രക്ഷിക്കുന്നത് യുപിഎ സര്‍ക്കാരും.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിനെന്നു പറഞ്ഞ് മുംബൈയുടെ ഹൃദയഭാഗത്തു പണിത 103 ഫ്ളാറ്റില്‍ മൂന്നെണ്ണം മാത്രം ജവാന്മാരുടെ വിധവകള്‍ക്ക് നല്‍കുകയും ബാക്കി ഫ്ളാറ്റുകള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്റെ ബന്ധുക്കളും മറ്റും പങ്കിട്ടെടുക്കുകയും ചെയ്തത്, രാജ്യസ്നേഹികളെയാകെ ഞെട്ടിച്ച അനുഭവമാണ്. അവിടെയും പ്രതി കോൺഗ്രസ് നേതൃത്വം തന്നെ.
ഒരുഭാഗത്ത് അവിശ്വസനീയമാംവണ്ണം ഭീമമായ അഴിമതിയിലൂടെ പണം കുന്നുകൂട്ടുക, മറുഭാഗത്ത് അങ്ങനെയുള്ള പണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വാരിയെറിയുക.
കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകം എങ്ങനെ ആര് കൈകാര്യം ചെയ്യണം, ഡിഎംകെക്ക് ഏതൊക്കെ വകുപ്പ് കൊടുക്കണം, ദയാനിധിമാരനെ എങ്ങനെ ഒതുക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോര്‍പറേറ്റുകളും അവയുടെ ദല്ലാളന്മാരുമാണെന്ന് നീര റാഡിയ ടേപ്പുകളിലൂടെ തെളിഞ്ഞു. ലോക്സഭയില്‍ എംപിമാരെ വിലയ്ക്കുവാങ്ങാന്‍ അനേക കോടികള്‍ അമേരിക്കന്‍ പങ്കാളിത്തത്തോടെ കൈമാറിയത് വിക്കിലീക്സ് രേഖകളിലൂടെ പുറത്തുവന്നു. പണം, അധികാരം എന്നിവ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന സംവിധാനമാണ് യുപിഎ. ഇതിനൊക്കെ മറയായി മാധ്യമരംഗത്തെ ആധിപത്യത്തെ ഫലപ്രദമായി ഉപയോഗിക്കാനും അവര്‍ക്ക് കഴിയുന്നു.
ഔദ്യോഗിക അന്വേഷണ ഏജന്‍സികള്‍ അഴിമതിക്ക് മറയിടാനും രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനുമായി നിര്‍ലജ്ജം ഉപയോഗിക്കപ്പെടുന്നു.
ഇന്ത്യ ഇന്നുവരെ ഇത്തരമൊരു നാണംകെട്ട അവസ്ഥയില്‍ എത്തിയിട്ടില്ല. ജനങ്ങള്‍ അങ്ങേയറ്റം ക്ഷുഭിതരും അസംതൃപ്തരുമാണ്. ശതകോടീശ്വരന്മാര്‍ക്ക് പാദസേവ ചെയ്യുകയും സാധാരണക്കാരന് അന്തസ്സായി ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥ സഹിക്കാതെയാണ് ജനങ്ങള്‍ തെരുവിലേക്കിറങ്ങുന്നത്. അഴിമതിക്കും വിലക്കയറ്റത്തിനും സാമ്രാജ്യദാസ്യത്തിനും ദുരന്തംവിതയ്ക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുമെതിരെ ഇടതുപക്ഷം നടത്തുന്ന സമരങ്ങള്‍ക്ക് ഉണ്ടാകുന്ന ആവേശകരമായ പ്രതികരണങ്ങളുടെ മറ്റൊരു രൂപമാണ്, അണ്ണ ഹസാരെയുടെ സമരത്തിനു പിന്തുണയുമായി എത്തുന്ന ജനപ്രവാഹം. ഈ ജനരോഷത്തിനു കാരണം യുപിഎ സര്‍ക്കാരാണ്.
അതിന്റെ കേരളത്തിലെ പതിപ്പായ യുഡിഎഫും അത്തരം രോഷത്തിനിരയാകുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി വന്നപ്പോള്‍ പോലും ജനങ്ങള്‍ വിട്ടുനിന്നത് ഈ രോഷം ഉള്ളിലുള്ളതുകൊണ്ടാണ്. അണ്ണ ഹസാരെയുടെ സമരം യുപിഎ സര്‍ക്കാരിനെ തൊലിയുരിച്ചു കാണിക്കുന്നതിന് സഹായകമാകും എന്നതിനൊപ്പം യുഡിഎഫിന്റെ ജനവിരുദ്ധ മുഖം കൂടുതലായി തിരിച്ചറിയാനുള്ള രാസത്വരകമായി കേരളത്തിലെ തെരഞ്ഞെടുപ്പില്‍ മാറുകയും ചെയ്യും. കോൺഗ്രസ് ഗാന്ധിജിയില്‍ നിന്നും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ നിന്നും എത്ര അകലെയാണെന്ന് ഗാന്ധിയനായ ഹസാരെയിലൂടെ ജനങ്ങള്‍ വിലയിരുത്തട്ടെ.
*****
പിണാറായി വിജയൻ, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:

Post a Comment