Thursday, April 14, 2011

കാലഹരണപ്പെട്ട കോൺ‌ഗ്രസ് കായകല്‍പ്പം

തങ്ങളുടെ ദേശീയ നേതാക്കന്മാരുടെ പ്രസംഗമെഴുത്തുകാരില്‍പ്പോലും കേരളത്തിലെ കോൺ‌ഗ്രസ് വന്‍തോക്കുകള്‍ക്ക് ലവലേശം സ്വാധീനം ഇല്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഇടതുപക്ഷം കാലഹരണപ്പെട്ടിരിക്കുന്നു. ഇതായിരുന്നു സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിന് വന്നുപോയ കേന്ദ്ര കോൺ‌ഗ്രസ് നേതാക്കള്‍ ഒന്നൊഴിയാതെ ഉരുവിട്ട ഒരു മന്ത്രം. ഒരുപക്ഷേ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ സോഷ്യലിസ്റ് ചേരിയുടെ തകര്‍ച്ചയെത്തുടര്‍ന്ന് നൂറ്റൊന്നാവര്‍ത്തിച്ച് പ്രയോഗിച്ച് പരാജയപ്പെട്ട ഈ കമ്യൂണിസ്റ് വിരുദ്ധ കായകല്‍പ്പ കുറിപ്പടി സോണിയ ഗാന്ധിയെക്കൊണ്ടും മന്‍മോഹന്‍സിങ്ങിനെക്കൊണ്ടും തിരുത്തിക്കാമെന്ന് വ്യാമോഹിക്കുന്ന നമ്മളാണ് വിഡ്ഢികള്‍. നമ്മുടെ പുത്തന്‍കൂര്‍ വലതുപക്ഷം നാണം മറന്നിട്ട് കാലമേറെയായി.

പുതിയ തെളിവുതേടി അധികം പുറകോട്ടുപോകേണ്ട. ഉമ്മന്‍ചാണ്ടിക്ക് രാഹുല്‍ഗാന്ധിയില്‍നിന്ന് ഡല്‍ഹിയില്‍വച്ച് നേരിടേണ്ടിവന്ന ദുരനുഭവം മറ്റാര്‍ക്കും വരുത്തരുതേ എന്ന് പ്രാര്‍ഥിക്കാനാണ് നമ്മുടെ വിധി. സംസ്ഥാന കോൺ‌ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ചചെയ്യാന്‍ ചെന്ന അദ്ദേഹത്തെ കാണാന്‍ കൂട്ടാക്കാതെ മടക്കി അയച്ച രാഹുല്‍ ഗാന്ധി കോൺ‌ഗ്രസിന്റെ ഏകാംഗ ഹൈക്കമാന്‍ഡായി ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ ദൃഷ്ടാന്തമാണ് പടയൊഴിഞ്ഞ പോര്‍ക്കളംപോലെ ഉമ്മന്‍ചാണ്ടിയുടെ അനുയായികളുടെ മൃതശരീരങ്ങള്‍കൊണ്ട് നിറഞ്ഞ കോൺ‌ഗ്രസ് സ്ഥാനാര്‍ഥി പട്ടിക. സാക്ഷാല്‍ പനമ്പള്ളിയുടെ തട്ടകമായിരുന്ന ചാലക്കുടിയിലേക്ക് തിരിച്ചറിയല്‍കാര്‍ഡുമായി രാഹുല്‍ഗാന്ധി കയറ്റിവിട്ട ബെന്നി എന്ന കന്നി കോൺ‌ഗ്രസ് സ്ഥാനാര്‍ഥി സംസ്ഥാന കോൺ‌ഗ്രസ് നേതൃത്വത്തിന്റെ നിസ്സഹായതയുടെ സംസാരിക്കുന്ന തെളിവാണ്. ഇനി തിരഞ്ഞെടുപ്പു ഫലം വന്നാലറിയാം ഉമ്മന്‍ചാണ്ടിക്ക് ഡല്‍ഹിയിലേറ്റ പരുക്കിന്റെ ഗൌരവം.

മൂന്നു പതിറ്റാണ്ടുമുമ്പ് ഹൈദരാബാദ് വിമാനത്താവളത്തില്‍വച്ച് രാഹുല്‍ ഗാന്ധിയുടെ അച്ഛനില്‍നിന്ന് ടി അഞ്ചയ്യ എന്ന കോൺ‌ഗ്രസ് മുഖ്യമന്ത്രിക്ക് കേള്‍ക്കേണ്ടിവന്ന അപമാനമാണ് എന്‍ ടി രാമറാവു എന്ന കട്ടൌട്ട് ദൈവത്തെ തെലുങ്കന്റെ മുറിവേറ്റ ആത്മാഭിമാനമെന്ന മുദ്രാവാക്യം ഉയര്‍ത്തി ആന്ധ്രപ്രദേശിലെ രാഷ്ട്രീയ താരമാകാന്‍ സഹായിച്ചത്. രാഹുല്‍ ഗാന്ധിക്ക് ഇതറിയാനുള്ള പ്രായമിനിയുമായിട്ടില്ല. ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ ഇതെല്ലാം ഓര്‍ത്തിരിക്കാനുള്ള പ്രായവും കഴിഞ്ഞു.

പ്രായത്തിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. കരുണാനിധിക്കുവേണ്ടി തമിഴ്നാട്ടില്‍ വോട്ട് പിടിക്കാന്‍ ഒരു വൈക്ളബ്യവുമില്ലാത്ത രാഹുല്‍ ഗാന്ധിക്ക് വാളയാര്‍ ചുരം കടന്നപ്പോള്‍ കലൈഞ്ചരുടെ സമപ്രായക്കാരനായ വി എസ് അച്യുതാനന്ദന്റെ വാര്‍ധക്യം എങ്ങനെ പ്രശ്നമായി എന്ന് ചിന്തിച്ചുപോയാല്‍ നമ്മള്‍ കാലഹരണപ്പെട്ടു എന്ന ആരോപണം പൂര്‍വകാല പ്രാബല്യത്തോടെ കേള്‍ക്കേണ്ടിവരും.

ഇടതുപക്ഷം കാലഹരണപ്പെട്ടതിന് സോണിയ ഗാന്ധിയുംമന്‍മോഹന്‍സിങ്ങും കേരളത്തില്‍ നിരത്തിയ മുഖ്യകാരണങ്ങള്‍ രണ്ടാണ്. ഒന്ന്, ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ സ്വകാര്യ മുതല്‍മുടക്ക് പ്രോത്സാഹിപ്പിക്കുന്നില്ല. രണ്ട്, ഇടതുപക്ഷത്തിന് എല്ലാ ആധുനിക സാങ്കേതികവിദ്യയോടും എന്നും എതിര്‍പ്പാണ്. ട്രാക്ടര്‍വേണ്ട, കംപ്യൂട്ടര്‍വേണ്ട എന്നൊക്കെ പണ്ടുമുതലേ പറഞ്ഞു ശീലിച്ചവരാണവര്‍. സിംഗൂരില്‍ ടാറ്റയുടെ ചെറു കാര്‍ നിര്‍മാണ ഫാക്ടറി വരുന്നതിനുവേണ്ടി ശ്രമിച്ചതിന് ബംഗാളിലെ സിപിഐ എമ്മിനും മുഖ്യമന്ത്രിക്കും മമതമുതല്‍ മാവോയിസ്റുകള്‍വരെയുള്ളവരില്‍നിന്ന് കേള്‍ക്കാത്ത പഴിയൊന്നുമില്ല. ഇത് നന്നായറിയുന്ന മമതയുടെ തോഴന്‍ മന്‍മോഹന്‍സിങ് ഇവിടെ ഇടതുപക്ഷം കാലഹരണപ്പെട്ടു എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇടതുപക്ഷം ബംഗാളില്‍ തിരിച്ചധികാരത്തില്‍ വന്നാല്‍ സിംഗൂരില്‍ത്തന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായം തുടങ്ങുമെന്ന് ബുദ്ധദേവ് ഭട്ടാചാര്യ പ്രഖ്യാപിച്ചത് യാദൃച്ഛികമാകാം.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന, രാജ്യത്തിനകത്ത് ലഭിക്കാത്ത ഉയര്‍ന്ന സാങ്കേതികവിദ്യ ലഭ്യമാക്കുന്ന വിദേശമൂലധനമടക്കുമള്ള ഏതു സ്വകാര്യ വ്യവസായ മുതല്‍മുടക്കും സ്വാഗതം ചെയ്യുമെന്ന് പരസ്യമായി നിലപാടെടുത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഇടതുപക്ഷത്തെ വ്യവസായ വിരോധികളെന്നു പറഞ്ഞാക്ഷേപിക്കുന്നതിന്റെ പുറകില്‍ രാഷ്ട്രീയ പാപ്പരത്തം മാത്രമല്ല ആഴത്തിലുള്ള പ്രതിലോമ രാഷ്ട്രീയവുമുണ്ട്.

വലതുപക്ഷത്തിന്റെ യഥാര്‍ഥ പ്രശ്നം ഇടതുപക്ഷത്തിന്റെ സ്വകാര്യ മൂലധനത്തോടുള്ള ഒരേസമയം തത്വാധിഷ്ഠിതവും പ്രായോഗികവുമായ സമീപനമല്ല, അവരുടെ പൊതുമേഖലയോടുള്ള തികഞ്ഞ പ്രതിബദ്ധതയാണ്. സംസ്ഥാനത്ത് നഷ്ടത്തിലോടിയിരുന്ന മുപ്പതിലേറെ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ മുന്‍കൈയില്‍ അഞ്ചുവര്‍ഷംകൊണ്ട് ലാഭത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതിന്റെ രാഷ്ട്രീയസന്ദേശമാണ് കേന്ദ്ര കോൺ‌ഗ്രസ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്.

സോണിയഗാന്ധി ഇടതുപക്ഷത്തെക്കുറിച്ച് ഉന്നയിച്ച ആരോപണമാണ് അതിലും തമാശ. ഇടതുപക്ഷക്കാര്‍ തങ്ങളെപ്പോലെ സാങ്കേതികവിദ്യയുടെ ശുദ്ധഭക്തന്മാരല്ല. നാലു ദശാബ്ദംമുമ്പ് തികച്ചും വ്യത്യസ്തമായ ചരിത്ര സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇടതുപക്ഷ നേതൃത്വത്തില്‍ കാര്‍ഷിക സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചില തൊഴിലാളിസംഘടനകള്‍ ബദല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ അവരുടെ മേഖലകളില്‍ അനവസരത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച അശാസ്ത്രീയമായ യന്ത്രവല്‍ക്കരണത്തിനെതിരായുള്ള സമരത്തെയാണ് ഒരു അലസ മധ്യവര്‍ഗ പത്രവായനക്കാരിയുടെ ലാഘവത്തോടെ ഇന്ത്യയിലെ ഇടതുപക്ഷത്തിനെതിരായുള്ള ആയുധമായി കോൺ‌ഗ്രസ് പ്രസിഡന്റ് ഉയര്‍ത്തുന്നത്. ഇവിടെ കാലഹരണപ്പെടുന്നത് ഇടതുപക്ഷമല്ല അവര്‍ക്ക് ചികിത്സ വിധിക്കുന്ന ഇന്ത്യയിലെ പുത്തന്‍കൂര്‍ വലതുപക്ഷമാണ്.

കേരളത്തിലെ കംപ്യൂട്ടര്‍ സാക്ഷരതാ നിരക്കിലെ വളര്‍ച്ചയും കോൺ‌ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെയും ആന്ധ്രപ്രദേശിലെയും വളര്‍ച്ചനിരക്കും തുലനംചെയ്താല്‍ മതി സാങ്കേതികവിദ്യാ ഭക്തിയുടെ പൂച്ച് പുറത്താകാന്‍. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ അടുത്തവട്ടം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതിനുമുമ്പ് യുപിഎ അധ്യക്ഷ അവരുടെതന്നെ നേരിട്ട് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ദേശീയ ഉപദേശക സമിതിയോട് പ്രസംഗത്തിനുള്ള ചെറു കുറിപ്പുകളെങ്കിലും ആവശ്യപ്പെടുന്നത് നന്നായിരിക്കുമെന്നാണ് ഇതിന്റെയെല്ലാം ലളിതമായ ഗുണപാഠം.

സമിതിയംഗങ്ങളില്‍ ചിലരെങ്കിലും ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ചരിത്രകാരന്മാരില്‍ പ്രമുഖനായ എറിക് ഹോബ്സ്ബാമിന്റെ 'ലോകത്തെ എങ്ങനെ മാറ്റാം- മാര്‍ക്സിനെയും മാര്‍ക്സിസത്തെയും കുറിച്ചുള്ള ഗാഥകള്‍' എന്ന ഏറ്റവും ഒടുവിലത്തെ ഗ്രന്ഥം അതിനകം തീര്‍ച്ചയായും വായിച്ചിരിക്കും. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷമുള്ള വര്‍ഷങ്ങള്‍ ജനങ്ങളെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മുതലാളിത്തം നമ്മുടെ പ്രശ്നത്തിന്റെ ഭാഗമാണ്, പരിഹാരമല്ല എന്നാണ് ഹോബ്സ്ബാം തന്റെ അവസാന അധ്യായത്തില്‍ പറയുന്നത്. ഗ്രന്ഥം അവസാനിപ്പിക്കുന്നതോ ഇങ്ങനെയും 'മാര്‍ക്സിനെ ഒരിക്കല്‍കൂടി ഗൌരവമായി എടുക്കാനുള്ള സമയമായിരിക്കുന്നു'.

സോണിയഗാന്ധി ഇതെല്ലാം ആരുപറഞ്ഞാൽ ശ്രദ്ധിക്കുമോ ആവോ? ഇനി ശ്രദ്ധിച്ചാല്‍ത്തന്നെ അംഗീകരിക്കുമോ ആവോ? വിശേഷിച്ച് കേരളത്തിലും ബംഗാളിലും പ്രചാരണത്തിന് എത്തുമ്പോള്‍.


*****


എന്‍ മാധവന്‍ കുട്ടി, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മൂന്നു പതിറ്റാണ്ടുമുമ്പ് ഹൈദരാബാദ് വിമാനത്താവളത്തില്‍വച്ച് രാഹുല്‍ ഗാന്ധിയുടെ അച്ഛനില്‍നിന്ന് ടി അഞ്ചയ്യ എന്ന കോൺ‌ഗ്രസ് മുഖ്യമന്ത്രിക്ക് കേള്‍ക്കേണ്ടിവന്ന അപമാനമാണ് എന്‍ ടി രാമറാവു എന്ന കട്ടൌട്ട് ദൈവത്തെ തെലുങ്കന്റെ മുറിവേറ്റ ആത്മാഭിമാനമെന്ന മുദ്രാവാക്യം ഉയര്‍ത്തി ആന്ധ്രപ്രദേശിലെ രാഷ്ട്രീയ താരമാകാന്‍ സഹായിച്ചത്. രാഹുല്‍ ഗാന്ധിക്ക് ഇതറിയാനുള്ള പ്രായമിനിയുമായിട്ടില്ല. ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ ഇതെല്ലാം ഓര്‍ത്തിരിക്കാനുള്ള പ്രായവും കഴിഞ്ഞു.