Monday, April 4, 2011

പെയ്‌ഡ് സർവേയും !

അസമില്‍ ന്യൂസ് ലൈവ് എന്ന ചാനല്‍ പെയ്ഡ് ന്യൂസിന്റെ പേരില്‍ തെരഞ്ഞെടുപ്പു കമീഷന്‍ അടച്ചുപൂട്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പു കഴിയുംവരെ ഇനി മിണ്ടരുതെന്നാണ് കല്‍പ്പന. അവിടത്തെ ആരോഗ്യമന്ത്രി ഹേമന്ദ ബിശ്വശര്‍മയുടെ സ്വന്തം ഭാര്യ മാനേജിങ് ഡയറക്ടറായ ചാനലാണ്. സോണിയഗാന്ധി ഇന്ത്യയെ രക്ഷിക്കാന്‍ അവതാരമെടുത്ത ദുര്‍ഗാദേവി, രാഹുല്‍ജി സര്‍വസങ്കടനിഗ്രഹകന്‍ എന്നൊക്കെയുള്ള വാര്‍ത്തകളും പരിപാടികളുമാണ് അതില്‍ വന്നിരുന്നത്. അതു പണം വാങ്ങിയുള്ള വാര്‍ത്തകളാണ്; ചട്ടലംഘനമാണെന്ന് പ്രതിപക്ഷം പരാതി കൊടുത്തു. കമീഷന്‍ അന്വേഷിച്ച് നടപടിയെടുക്കുകയും ചെയ്തു. അത്തരമൊരു സംഭവമെങ്ങാനും കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ മനുഷ്യന് മനംമടുപ്പില്ലാതെ കിടന്നുറങ്ങാമായിരുന്നു.

ഇവിടെ ഇപ്പോള്‍ സര്‍വേ ബഹളമാണ്. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുന്ന; ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലടിക്കുന്ന; മാണിയെ മൂലയ്ക്കിരുത്തുമെന്നു ശപഥം ചെയ്ത ലീഗ് ഉള്‍പ്പെടുന്ന ഒരു മുന്നണിക്ക് സ്വന്തമായി രാഷ്ട്രീയം പറയാന്‍ കെല്‍പ്പില്ലെന്നത് പച്ചപ്പരമാര്‍ഥം. വീക്ഷണം പത്രത്തില്‍ അപ്പുക്കുട്ടന്‍ എഴുതിയാലും അമ്മിക്കുട്ടി എഴുതിയാലും നാട്ടുകാര്‍ കാണില്ല. ജയ്ഹിന്ദ് ചാനലില്‍ സീറ്റുപോയ ഹസന്റെ ദീനരോദനങ്ങള്‍ക്കുപോലും മാര്‍ക്കറ്റില്ല. അതിന്റെയെല്ലാം കുറവുതീര്‍ക്കാന്‍ നിരന്നു നില്‍പ്പുണ്ട് മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്... അങ്ങനെ. ഇക്കൂട്ടര്‍ യുഡിഎഫിനുവേണ്ടി കൊടുക്കുകയും ചമയ്ക്കുകയും ചെയ്യുന്ന വാര്‍ത്തകളുടെ അളവ് എടുത്തുനോക്കൂ. അതിന്റെ പരസ്യനിരക്ക് കണക്കാക്കിയാല്‍, വീരേന്ദ്രകുമാറിനും എം വി രാഘവനും ഗൌരിയമ്മയ്ക്കും സ്വന്തമായി ഹെലികോപ്റ്ററുകള്‍ വാങ്ങിയാലും ബാക്കിയുണ്ടാകും പണം.

യുഡിഎഫ് വെറുതെ നിന്നുകൊടുത്താല്‍ മതി. പറയാനൊന്നും കിട്ടുന്നില്ലെങ്കില്‍ ഒരു സര്‍വേ എങ്കിലും കൊണ്ടുകൊടുക്കണമെന്ന് മര്‍ഡോക്കിന്റെയും രാജീവ് ചന്ദ്രശേഖരന്റെയും അരുമസന്താനമായ ഏഷ്യാനെറ്റിന് നിര്‍ബന്ധമുണ്ട്. കഷ്ടപ്പെട്ട് സര്‍വേ സംഘടിപ്പിച്ചപ്പോള്‍ നാട്ടുകാര്‍ പറഞ്ഞത് ഞങ്ങള്‍ എല്‍ഡിഎഫിനെ ജയിപ്പിക്കുമെന്നാണ്. ആടിനെ വിലയ്ക്കുവാങ്ങി മേക്കപ്പ് ചെയ്ത് ശ്വാനപ്രദര്‍ശനത്തിനു കൊണ്ടുപോയി സമ്മാനം വാങ്ങാന്‍ വിരുതുള്ള ചാനലാണ്. എസ് കത്തിപോലെ മൂര്‍ച്ചയുള്ളത്. സര്‍വേ ഫലം എല്‍ഡിഎഫിന് അനുകൂലമെങ്കില്‍, ജയിക്കുക യുഡിഎഫാണെന്നു പറയാന്‍ പിന്നെ മടിക്കേണ്ടതുണ്ടോ. എന്തിനും ബൌദ്ധിക വിശകലനം നല്‍കാന്‍ താടിയുള്ളതും ഇല്ലാത്തുമായ കുമാര-കുമാരിമാര്‍ ഉണ്ടാകുമ്പോള്‍ അവതരണം കാണുന്നവരുടെ മനസ്സിലും ലഡുപൊട്ടും.

ഗവണ്‍മെന്റ് എങ്ങനെ?

-മെച്ചപ്പെട്ടത്;

ഗവണ്‍മെന്റിനെതിരെ വികാരമുണ്ടോ?

-ഇല്ലേയില്ല;

ആരാണ് മികച്ച മുഖ്യമന്ത്രി?

-വി എസ് അച്യുതാനന്ദന്‍;

ആര്‍ക്കാണ് വോട്ടുചെയ്യുക?

-എല്‍ഡിഎഫിന്;

ആരാണ് ജയിക്കുക?

-യുഡിഎഫ്.

ഇതായിരുന്നു ആദ്യത്തെ സര്‍വേയുടെ രീതി. യുഡിഎഫിന് നേരിയ മുന്‍തൂക്കമെന്ന് പ്രവചനം.

രണ്ടാം ഘട്ടമായി കുറച്ചുകൂടെ പഴുത്ത സര്‍വേ വന്നു. അതില്‍ യഥാര്‍ഥ ഫലത്തില്‍ എല്‍ഡിഎഫിന്റെ വിജയം ഉറപ്പിച്ചു പറയുന്നുണ്ടുപോല്‍ ഉത്തരേന്ത്യന്‍ ഗോസായിമാര്‍. അതങ്ങനെത്തന്നെ കൊടുത്താല്‍ യുഡിഎഫിന്റെ കൂനിന്‍മേല്‍ കുരുപൊട്ടും. അതുകൊണ്ട് ചെറിയ ഒരു അഡീഷണാലിറ്റി. യഥാര്‍ഥ സര്‍വേക്കൊപ്പം ഒരു ജാതിക്കണക്കു കൂടി ചേര്‍ത്തു. ഇന്ന ജാതിയില്‍ ഇത്രപേര്‍ യുഡിഎഫിന്; ഇത്രപേര്‍ എല്‍ഡിഎഫിന് എന്നൊരു പുത്തന്‍ കണക്ക്. ജാതിതിരിച്ചുള്ള ശതമാനമെല്ലാം കൂട്ടിനോക്കുമ്പോള്‍ യുഡിഎഫ് 140 സീറ്റിലും ജയിക്കേണ്ടിവരും. അങ്ങനെ കേരളത്തില്‍ ആദ്യമായി ഏഷ്യാനെറ്റ് വക ജാതിയും മതവും തിരിച്ച് വോട്ടുകണക്കു വന്നു. ഒറ്റനോട്ടത്തില്‍ അറിയാം വമ്പന്‍ തട്ടിപ്പ്.

സര്‍വേ ഉണ്ടാക്കി യുഡിഎഫിനെ സേവിക്കുന്നത് പെയ്ഡ് ന്യൂസ് അല്ലേ സര്‍? ആരാണ് ബില്ലടയ്ക്കുന്നത് എന്നേ അറിയാനുള്ളൂ. യുഡിഎഫോ രാജയോ മണികുമാര്‍ സുബ്ബയോ അതോ വാഷിങ്ടണില്‍നിന്നു നേരിട്ടോ? ഇതൊന്നും കാണാതെ രണ്ടു രൂപയുടെ അരിയില്‍ മണ്ണുവാരിയിടുന്ന ഇലക്ഷന്‍ കമീഷന് സ്തോത്രം. സ്തോത്രം...


*****

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എടാട്ട് എ കെ ആന്റണിക്ക് പ്രസംഗിക്കാനായി തയ്യാറാക്കിയ പന്തലിന്റെ തുണി രാത്രിയുടെ മറവില്‍ ഏതോ സാമൂഹ്യവിരുദ്ധന്‍(ര്‍) ബ്ളേഡുവച്ച് വലിച്ചു. സിപിഐ എം അക്രമം നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ചു പ്രഖ്യാപിക്കുന്നു. ആന്റണിയുടെ വേദി മാര്‍ക്സിസ്റുകാര്‍ ആക്രമിച്ചു തകര്‍ത്തെന്നു പ്രചാരണം. അത് നിമിഷം വൈകാതെ വാര്‍ത്താ ചാനലുകള്‍ ഏറ്റെടുക്കുന്നു. എന്താണ് വിഷയമെന്ന് അന്വേഷിച്ചു ചെന്നവര്‍ അറിഞ്ഞത് മറ്റൊരു കഥയാണ്. അവിടെ മഹാത്മാമന്ദിരം എന്ന പേരിലുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ആന്റണിക്ക് നിര്‍വഹിക്കാനുള്ളത്. ആ കെട്ടിടത്തിന് പണം പിരിച്ച വകയില്‍ കോണ്‍ഗ്രസിനകത്ത് കടുത്ത തര്‍ക്കം. പണം മുക്കിയെന്ന് ഒരു കൂട്ടര്‍. അഴിമതിക്കാര്‍ പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റണിയെക്കൊണ്ട് നിര്‍വഹിപ്പിക്കില്ലെന്ന് വെല്ലുവിളി; പോസ്റര്‍ പ്രചാരണം. അതിന്റെയെല്ലാം അവസാനമായാണ് ബ്ളേഡ് പ്രയോഗം. അത് എടാട്ടുകാര്‍ക്ക് മാത്രമല്ലേ അറിയൂ. ഒറ്റയടിക്ക് കഥ മാര്‍ക്സിസ്റക്രമമാക്കാന്‍ കോണ്‍ഗ്രസിനും മടിയുണ്ടായില്ല; മാധ്യമങ്ങള്‍ക്കും മടിയുണ്ടായില്ല.

മന്ത്രി സി ദിവാകരന്‍ വോട്ടറുടെ കരണത്തടിച്ചെന്നാണ് ഒരുകഥ. ഏഷ്യാനെറ്റ് ലേഖകനെ പി ജയരാജന്‍ കൈയേറ്റം ചെയ്തെന്ന് മറ്റൊരു കഥ. എല്‍ഡിഎഫുകാരെല്ലാം അക്രമികള്‍; അതുകൊണ്ട് യുഡിഎഫിന് വോട്ടുചെയ്യൂ എന്നാണ് മനോരമ പറയുന്നത്. മന്ത്രി മാത്രമല്ല; പതിറ്റാണ്ടുകളുടെ രാഷ്ട്രീയപ്രവര്‍ത്തന പാരമ്പര്യമുള്ള സീനിയര്‍ തൊഴിലാളി നേതാവുമാണ് സി ദിവാകരന്‍. അങ്ങനെയൊരാള്‍ റെയില്‍വേ സ്റേഷനില്‍ വച്ച് ഒരു വോട്ടറുടെ കരണത്തടിച്ചെന്നു പറയാന്‍ യുഡിഎഫിന് മടിയുണ്ടായില്ലെന്നത് അവരുടെ രാഷ്ട്രീയം. മാധ്യമങ്ങളോ? തല്ലുകൊണ്ടെന്നു പറഞ്ഞ ആളെ മാത്രം വിശ്വസിച്ച് അവര്‍ ദിവാകരനെതിരെയും എല്‍ഡിഎഫിനെതിരെയും ആക്രോശിച്ചു. ദിവാകരന്റെ വിശദീകരണത്തിന് അവര്‍ ചെവികൊടുത്തതേയില്ല.

രംഗങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ച 'ദി ഹിന്ദു' പത്രത്തിന്റെ ലേഖകന്‍ ഇഗ്നേഷ്യസ് പെരേര മാര്‍ച്ച് 31നു 'കരുനാഗപ്പള്ളി സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്മേല്‍ ഉയരുന്ന ചോദ്യങ്ങള്‍' എന്ന തലക്കെട്ടില്‍ എഴുതിയ വാര്‍ത്ത എല്ലാ വ്യാജപ്രചാരണങ്ങളെയും തകര്‍ത്തുകളഞ്ഞു. "മന്ത്രിയുടെ സ്റേഷന്‍ സന്ദര്‍ശനസമയത്ത് ഈ ലേഖകന്‍ റെയില്‍വേ സ്റേഷന്‍ പരിസരത്തുണ്ടായിരുന്നു. മന്ത്രി റെയില്‍വേ സ്റേഷന്‍ പരിസരത്തു നിന്നു പുറത്തിറങ്ങി എട്ടു മണിയോടെ വാഹനത്തില്‍ കയറുംവരെ സ്റേഷനില്‍ ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മന്ത്രി പോയശേഷം രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ ബഹളമുണ്ടായി. മന്ത്രിയെയും എല്‍ഡിഎഫിനെയും പരിഹസിച്ചു സംസാരിച്ച സുധാകരനെ ഒരാള്‍ കൈയേറ്റം ചെയ്തതാണ് കാരണം. പൊലീസിന്റെ അന്വേഷണത്തില്‍ ഈ സംഭവമെല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. സുധാകരനെ കൈയേറ്റം ചെയ്ത ആള്‍ ആരാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. തൊടിയൂര്‍ സ്വദേശിയായ സുനിലാണ് അത്. സംഭവശേഷം സുധാകരന്‍ സ്റേഷന്‍മാസ്ററെ സമീപിക്കുകയും തന്നെ ഒരാള്‍ കൈയേറ്റം ചെയ്തതായി പരാതിപ്പെടുകയും ചെയ്തു. അപ്പോള്‍ മന്ത്രിയുടെ പേര് സൂചിപ്പിച്ചില്ല.''-ഇതാണ് ഹിന്ദു പത്രം എഴുതിയത്. അതോടെ ദിവാകരനെതിരെ വാളെടുത്തവര്‍ മുങ്ങി. പക്ഷേ, കോണ്‍ഗ്രസിന്റെ കോമരങ്ങള്‍ മൈക്കു കെട്ടി മാത്രമല്ല, രാവിലത്തെ നടപ്പില്‍പോലും വാളെടുത്ത് തുള്ളുന്നു. അടിക്കഥ വിളമ്പുന്നു.

ഏഷ്യാനെറ്റിന്റെ കണ്ണൂര്‍ ലേഖകന്‍ പൊലീസിനു കൊടുത്ത പരാതിയില്‍ പറഞ്ഞത് അസഭ്യം പറയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തെന്നാണ്. തല്ലിയില്ല; തല്ലാന്‍ നോക്കിയതേയുള്ളൂ എന്ന്. നല്ല തല്ലു കൊടുക്കാതിരിക്കുന്നതും ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെ. ഇന്ത്യാവിഷന്‍ ലേഖകരെ നാട്ടിലാകെ ലീഗുകാര്‍ കെട്ടിയിട്ടും ഓടിച്ചിട്ടും തല്ലുകയാണ്. പെയ്ഡ് വാര്‍ത്തകളെക്കുറിച്ചു പറയുന്നവരെ ചാനലുകാര്‍ ചാണകം എറിഞ്ഞു നാറ്റിക്കുകയാണ്. അതിലൊന്നുമില്ലാത്ത പ്രതിഷേധം കൊള്ളാത്ത തല്ലിന്. വയലാര്‍ ശരത്ചന്ദ്രവര്‍മയെ 'ആക്രമിച്ച'തിനെതിരെയും ഒരു പ്രതിഷേധാതിസാരം കണ്ടു-എവിടെ, എപ്പോള്‍, ആര് ആക്രമിച്ചു? ആആആആആ!!! കേരളത്തില്‍ ഇപ്പോള്‍ ഒരു കിലോ പ്രതിഷേധത്തിന് എത്രയാണാവോ വില.


*****

കോഴിക്കോട് മുതലക്കുളം മൈതാനിയിലെ ഒരു പൊതുയോഗം, ഒരു 'സോഷ്യലിസ്റ്' ഉച്ചഭാഷിണിക്കു മുന്നില്‍ നിന്ന് ആത്മരോഷം പ്രകടിപ്പിക്കുകയാണ്.

'എന്റെ മകന്‍ എന്നോട് ചോദിക്കുന്നു, അച്ഛാ അച്ഛനും ഒരച്ഛനല്ലേ അച്ഛാ. ആ കരുണാകരനെ കണ്ടുപഠിക്കൂ. കളിപ്പാട്ടം പോലെയല്ലേ കരുണാകരന്‍ മകന് രാഷ്ട്രീയത്തില്‍ സ്ഥാനം കൊടുക്കുന്നത്. പക്ഷേ, ഞാന്‍ എന്റെ മകനോട് പറഞ്ഞു. മോനെ രാഷ്ട്രീയം വേറെ കുടുംബം വേറെ...'.

ഇത് വര്‍ഷങ്ങള്‍ക്കു മുമ്പത്തെ രംഗം. പിന്നെ ആ അച്ഛനും 'ഒരച്ഛ'നായി. സ്വന്തം മകന് പ്ളാന്റര്‍ പണിക്കൊപ്പം കളിക്കാന്‍ ഒരു എംഎല്‍എ ബിരുദം തരപ്പെടുത്തി. പിന്നെയും പുളിയാര്‍ മലയില്‍ മഴ പെയ്തു. അച്ഛനു വയസ്സായി; വയ്യാതായി. മകന് കളിക്കാന്‍ ഒരു മന്ത്രിക്കസേരയെങ്കിലും വേണമെന്നായി. കൂടെയുള്ളവരെയെല്ലാം തള്ളിക്കളഞ്ഞാലും പുത്രന്റെ ആശയെ കൈവിടാമോ? കഴിഞ്ഞദിവസം പേരൂര്‍ക്കടയില്‍ ഒരു പ്രസംഗം കേട്ടു: "കേരള രാഷ്ട്രീയത്തില്‍ കെ കരുണാകരന്‍ നല്‍കിയ മഹത്തായ സംഭാവനയാണ് മുരളി.'' പണ്ട് മുതലക്കുളത്തെ പുളകമണിയിച്ച അതേ അച്ഛന്റെ ശബ്ദംതന്നെ.

ചിലര്‍ അങ്ങനെയാണത്രേ. അഴകുള്ളവരെ കാണുമ്പോള്‍ വല്ലാതെ ബഹുമാനിക്കും. കാര്യം അച്ഛനൊക്കെയാണെങ്കിലും കല്‍പ്പറ്റയിലേക്ക് പ്രവേശനമില്ല. ജനങ്ങളുടെ വെറുപ്പ് മൊത്തമായി വാങ്ങേണ്ടതുണ്ടോ എന്നാണ് സ്ഥാനാര്‍ഥിയുടെ ചിന്ത. വടകരയിലേക്കും പോകാന്‍ പറ്റില്ല. സീറ്റിന്റെ പേരില്‍ കോഴിക്കോട് ജില്ലയിലെ പാര്‍ടിയെ തിന്ന തള്ളപ്പൂച്ച എന്നാണ് മനയത്ത് ചന്ദ്രന്‍ പറയുന്നത്. പാലക്കാട്ടേക്ക് പോയാല്‍ പൂച്ചയെ കൃഷ്ണന്‍കുട്ടി വിഴുങ്ങും. ഒറ്റ നേതാവിനെയും ആ പരിസരത്ത് കണ്ടുപോകരുതെന്നാണ് കൃഷ്ണന്‍കുട്ടിയുടെ ശാസന. പ്രസംഗിക്കാന്‍ മുട്ടുമ്പോള്‍ വട്ടിയൂര്‍ക്കാവിലും വേങ്ങരയിലുമെങ്കിലും ചെല്ലണമല്ലോ. ഒരച്ഛന്റെ ദുഃഖം!!



*****


കടപ്പാട് : യേശുദാസൻ, ദേശാഭിമാനി

No comments: