വീണ്ടും ഒരു തെരഞ്ഞെടുപ്പുകാലം. വാദങ്ങളും മറുവാദങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ചര്‍ച്ചകളും വിശകലനങ്ങളും മീനച്ചൂടിനെ വകവയ്ക്കാതെ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. ജനപക്ഷ വികസനത്തിന്റെ ആത്മവിശ്വാസത്തോടെ ഇടതുജനാധിപത്യമുന്നണിയും ആരോപണങ്ങളേയും അപസര്‍പ്പക കഥകളേയും വിവാദ വ്യവസായികളെയും മനസ്സാവരിച്ച് വലതുപക്ഷ മുന്നണിയും ഗോദയിലുണ്ട്. ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത, അധികാരതുടര്‍ച്ച എന്നത് സജീവ ചര്‍ച്ചാവിഷയമാണ് എന്നതാണ്. എന്താവാം ഇതിനുകാരണം. യുഡിഎഫ് നേതാക്കള്‍ ആകമാനം തന്നെ ചര്‍ച്ചയ്ക്ക്പോലും തയ്യാറാകാതെ ഉള്‍വലിയുന്ന സമഗ്രവികസനത്തിന്റെ പ്രകടമായ രാഷ്ട്രീയ ഇടം തന്നെ. ഇത് കുറേ കൂടി വ്യക്തമാക്കിയാല്‍, ഒരു ജനതയുടെ, സമൂഹത്തിന്റെ, വ്യക്തിയുടെ ദൈനംദിന ജീവിതത്തില്‍ അനുഭവവേദ്യമാക്കുന്ന തരത്തിലുണ്ടാകുന്ന ഗുണാത്മകമായ മാറ്റത്തെ നമുക്ക് വികസനമെന്ന് വിളിക്കാം. ഇത്തരത്തില്‍ നടന്നിട്ടുള്ള മുന്നേറ്റങ്ങളുടെ പട്ടികയില്‍ നാളിതുവരെ ഭാരതത്തിലെങ്ങും തന്നെ ഒരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തവിധം "കായികരംഗവുമായി ബന്ധപ്പെട്ട ആരോഗ്യം'' എന്ന ശ്രേണിയെക്കൂടി ഉള്‍പ്പെടുത്തിയതിന്റെ, ഇത്തരത്തിലെ ഒരു പുതിയ ചിന്താശ്രേണിയെ വ്യാപരിപ്പിക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും ഇടതുഭരണത്തിന് അവകാശപ്പെട്ടതാണ്. ഇത്തരത്തിലുള്ള വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി മാത്രം നോക്കിയാല്‍ കാണാവുന്ന പരിസരങ്ങളെപ്പോലും വികസന അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ദീര്‍ഘവീക്ഷണം ഇടതുപക്ഷ വികസന കാഴ്ചപ്പാടിന്റെ പരിപൂര്‍ണ്ണ പ്രതിഫലനമാണ്.
കേരള കായിക നിയമം
കേരള കായിക രംഗത്തിന്റെ ചരിത്രത്തില്‍ ഭരണകൂടത്തിന്റെ അകമഴിഞ്ഞ സഹായം ലഭ്യമായ 5 വര്‍ഷം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. വിവിധ വകുപ്പുകളുടെ സംയോജനത്തോടെ നടപ്പാക്കിയ പദ്ധതികള്‍ എണ്ണം പറഞ്ഞ് വിജയത്തിലെത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് നേടിയെടുക്കാവുന്ന പദ്ധതികളും സഹായങ്ങളും നേടിയിരിക്കുന്നു. ചരിത്രത്തിന്റെ മേമ്പൊടി കൂടിയില്ലാതെ ചിത്രം വ്യക്തമാവുകയില്ല. 2000 ആണ്ടിലാണ് അന്നത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ അവസാനകാലത്ത്ലോകത്തിനാകെ മാതൃകയാകുന്ന 'കേരള കായിക നിയമം' നിയമസഭയില്‍ പാസ്സാക്കുന്നത്. എന്നാല്‍ ഇത് നടപ്പില്‍ വരുത്തുന്നതിനാവശ്യമായ അനുബന്ധ നിയമങ്ങളും ചട്ടങ്ങളും നിലവില്‍ വരുത്തുന്നതിനാവശ്യമായ ഒരു ശ്രമവും പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് ഗവണ്‍മെന്റ് ചെയ്തില്ല എന്നു മാത്രമല്ല നിയമം അട്ടിമറിക്കുന്നതിനാവശ്യമായ ഓര്‍ഡിനന്‍സുകളുമായി രംഗത്ത് വരികയും ചെയ്തു. ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തുമ്പോള്‍ കേരള കായിക രംഗത്തിന്റെ നാനാമേഖലകളും, നിയമത്തെ മറികടക്കുന്നതിനായി ഉപയോഗിച്ച കുല്‍സിത നീക്കങ്ങളുടെ ഫലമായി താറുമാറായിരുന്നു. കേരള സ്പോര്‍ട്സ് കൌണ്‍സില്‍ പോലും പേര് മാറ്റി പുതിയ പേര് സ്വീകരിച്ചിരുന്നു. ആയതിനാല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് അടിയന്തിര പ്രാധാന്യത്തോടെ അനുബന്ധ നിയമങ്ങളും ചട്ടങ്ങളും നിലവില്‍ വരുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഫലമായി "കേരള സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍'' പുനരുജ്ജീവിപ്പിക്കപ്പെട്ടു.
ഇനി ഈ നിയമത്തിന്റെ പ്രസക്തിയെപ്പറ്റി. 2000ത്തില്‍ നിലവില്‍ വന്ന കേരള കായിക നിയമം നാം ഇന്ന് പൂര്‍ണ്ണ തോതില്‍ നടപ്പിലാക്കിയിരിക്കുന്നു. ഇന്നത്തെ കായികരംഗത്തിന്റെ അവസ്ഥ കൂടി പരിശോധിച്ചാല്‍ ഈ നിയമത്തിന്റെ പ്രാധാന്യവും ഇതിന്റെ പിന്നിലെ ദീര്‍ഘവീക്ഷണവും ബോധ്യമാവും. ഇന്ന് നാം വീണ്ടും മാതൃകയാവുകയാണ്- കേന്ദ്രത്തിനും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും. കേന്ദ്ര സര്‍ക്കാര്‍ കായികനിയമത്തെക്കുറിച്ച് ആലോചിക്കുന്നതുതന്നെ 2007ലാണ്. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കായിക മന്ത്രിമാരുടെ തലയുരുളുകയും ചെയ്തു. ചില ചട്ടങ്ങളെ സംബന്ധിച്ച് കായിക മേലാളന്‍മാര്‍ വാളുകള്‍ ഉറയിലിടാതെ കാത്തിരിക്കുകയാണിപ്പോഴും. കേരള മാതൃകയില്‍ "Indian Sports Counci'' രൂപീകരിക്കണമെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ നടത്തിയ പ്രഖ്യാപനം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.
ഇതൊക്കെ തന്നെ കേരള കായികരംഗത്ത് എല്‍ഡിഎഫ് ഗവണ്‍മെന്റുകള്‍ നടത്തിയിട്ടുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമല്ലാതെ മറ്റെന്താണ്.
വ്യായാമവും ആരോഗ്യവും
2006ല്‍ പുതിയ ഗവണ്‍മെന്റിന്റെ അധികാരത്തിലെത്തിയശേഷം നടന്ന ചര്‍ച്ചകളിലും മറ്റും മനുഷ്യശരീരത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ ശൈലീജന്യരോഗങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുകയുണ്ടായി. ഇത് വരുംതലമുറയെ ഭീതിതമാംവണ്ണം ബാധിക്കുമെന്നും മുന്നറിയിപ്പുണ്ടായി. പ്രമേഹവും, ഹൃദ്രോഗങ്ങളും മറ്റുമായി നമ്മുടെ രാജ്യവും സംസ്ഥാനവും കഷ്ടപ്പെടേണ്ടിവരുമെന്ന് ഡബ്ള്യുഎച്ച്ഒ തന്നെ രേഖകളിലൂടെ പുറംലോകത്തെ അറിയിച്ചു. സ്വാഭാവികമായും ഇന്ത്യയിലെ തന്നെ ഏറ്റവും പരിഷ്കൃതരും വിദ്യാസമ്പന്നരുമായ സമൂഹമെന്ന നിലയില്‍ നമ്മുടെ ഭാവി പുരുഷാരത്തിന്റെ ആരോഗ്യ ഗതിവിഗതികളെക്കുറിച്ച് നാം ബോധവാന്‍മാരാവുകയും ഒപ്പം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടതായുണ്ട്. ഇതിനായി നമ്മുടെ സ്കൂള്‍ കുട്ടികളിലെ ശാരീരികക്ഷമതയുടെ അളവ് പരിശോധിക്കുന്നതിന് ഗവണ്‍മെന്റ് തീരുമാനമെടുക്കുകയുണ്ടായി. ഈ തീരുമാനപ്രകാരം നമ്മുടെ കുട്ടികളുടെ കായികക്ഷമതാ നിലവാരമെന്തെന്നറിയാനും പ്രതിവിധികള്‍ കണ്ടെത്താനും "സമ്പൂര്‍ണ്ണ കായികക്ഷമത പദ്ധതി'' ആവിഷ്കരിക്കുകയും 2008-09 വര്‍ഷം മുതല്‍ ഈ പരിശോധന 2 ഘട്ടങ്ങളിലായി നടന്നുവരികയും ചെയ്യുന്നു. ഈ പരിശോധനയുടെ ഫലങ്ങള്‍ ഞെട്ടലുളവാക്കുന്നവയാണ്. അടിസ്ഥാനപരമായ ശാരീരികക്ഷമതയുള്ള 14% കുട്ടികള്‍ മാത്രമേ കേരളത്തില്‍ ഉള്ളൂ എന്നതാണ് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയുന്നത്.
ഈ ഗൌരവതരമായ അവസ്ഥയെ നേരിടുന്നതിനായി നമ്മുടെ കുട്ടികള്‍ക്ക് ആരോഗ്യം നിലനിര്‍ത്തുന്നതിനായി എന്തൊക്കെ ചെയ്യണമെന്നതും വ്യായാമംകൊണ്ട് രോഗങ്ങളെ എങ്ങനെ അകറ്റിനിര്‍ത്താം എന്നതുമടക്കം പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു എന്ന വിദഗ്ദ്ധ അഭിപ്രായം ഉയര്‍ന്നുവന്നു. ഇവയെല്ലാം കൂടി കണക്കിലെടുത്ത് ഗവണ്‍മെന്റ് ധീരമായ തീരുമാനം കൈക്കൊണ്ടു. "ആരോഗ്യ കായിക വിദ്യാഭ്യാസം'' സംസ്ഥാന സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനായാണ് തീരുമാനം എടുത്തത്. ഇതോടുകൂടി ആരോഗ്യത്തെ, കളികളിലൂടെ എങ്ങനെ നിലനിര്‍ത്താമെന്ന് നമ്മുടെ കുട്ടികള്‍ പഠിക്കാന്‍ പോകുകയാണ്. കളികളിലൂടെ ആരോഗ്യവും ജീവനും എങ്ങനെ സംരക്ഷിക്കാമെന്ന് ധാരണയുള്ള പുതുസമൂഹം വാര്‍ത്തെടുക്കപ്പെടും.
വിഷന്‍ ഇന്ത്യ ഫുട്ബോള്‍ സ്കീം
കേരള ഫുട്ബോളിന്റെ പ്രതാപകാലം ഇന്ന് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ മാത്രം. സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ക്ക് നേരിട്ട് യോഗ്യത പോലും നേടാനാവാതെ വന്നിട്ട് വര്‍ഷങ്ങള്‍ ആകുന്നു. ക്വാര്‍ട്ടര്‍ ഫൈനലിന് അപ്പുറം കടന്നിട്ട് 4 വര്‍ഷം തികയുന്നു. ഇതാണ് കേരളത്തിലെ ഫുട്ബോളിന്റെ ഇന്നത്തെ ക്ഷീണിത അവസ്ഥ. മല്‍സരങ്ങളില്ലായ്മയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതം നിറഞ്ഞ് നില്‍ക്കുന്ന ഭാരവാഹികളും എല്ലാം ഒത്തുചേര്‍ന്ന് ഫുട്ബോളിന്റെ ജീവന്റെ തുടിപ്പ്പോലും അവശേഷിക്കാത്ത ദുരവസ്ഥയായി നാട്ടില്‍. ഇതില്‍നിന്ന് കേരളത്തിലെ ചെറിയ കുരുന്നുകളെ പ്രതിഭകളാക്കി വാര്‍ത്തെടുക്കാനാവശ്യമായ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ ആവിഷ്കരിച്ച പദ്ധതിയാണ് വിഷന്‍ ഇന്ത്യ ഫുട്ബോള്‍ സ്കീം. പിന്നീട് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അതിന്റെ വ്യവസ്ഥകളില്‍നിന്ന് പിന്മാറിയെങ്കിലും സംസ്ഥാന സ്പോര്‍ട്സ് ഫുട്ബോളിന്റെ പങ്കും ജനതതിയുടെ ആവേശവും കണക്കിലെടുത്ത് സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ ഈ പദ്ധതിയുമായി മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. പ്രാരംഭമെന്ന നിലയില്‍ 7 ജില്ലകളില്‍ ആരംഭിച്ച സ്കീം ഇപ്പോള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
നീന്തല്‍ പരിശീലനം ജീവന്‍രക്ഷാ ഉപാധി
നമ്മുടെ സമൂഹത്തില്‍ മുങ്ങിമരണങ്ങള്‍ നിത്യസംഭവങ്ങളാണ്. ഒരു പരിധിവരെ ഇത്തരം മരണങ്ങള്‍ നീന്തല്‍ അറിയുന്നതുകൊണ്ട് ഒഴിവാക്കാനാവുന്നതാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലും, യുവജനക്ഷേമ ബോര്‍ഡും, തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് വിഭാവനം ചെയ്യുകയുണ്ടായത്. ഇത് ഒരു വേനല്‍ക്കാലം താണ്ടി മുന്നേറുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഈ പദ്ധതിയുടെ ഭാഗമാക്കേണ്ടിയിരിക്കുന്നു.
ഡേ ബോര്‍ഡിങ് - ട്രെയിനിങ് സെന്ററുകള്‍
സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണിത്. നമ്മുടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ 35 ഡേ ബോര്‍ഡിങ് സ്കീമുകളും, 7 ട്രെയിനിങ് സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നു. ഡേ ബോര്‍ഡിങ് സ്കീമില്‍ ഒരു കുട്ടിക്ക് പതിനഞ്ച് രൂപ ക്രമത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസത്തെ പരിശീലനവും ഒപ്പം തന്നെ പരിശീലനത്തിനാവശ്യമായ ഉപകരണങ്ങളും സ്പോര്‍ട്സ് കൌണ്‍സില്‍ നല്‍കുന്നതാണ്. അതത് കായിക ഇനങ്ങളിലെ മുന്‍കാല പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ക്ളബുകള്‍ക്കുമാണ് ഈ സ്കീം അനുവദിച്ച് വരുന്നത്. ട്രെയിനിങ് സെന്റര്‍ എന്ന സ്കീമില്‍ ഒരു സ്ഥാപനത്തിന് ഒരു വര്‍ഷം ഒരു ലക്ഷം രൂപയും ഉപകരണങ്ങളും നല്‍കുകയാണ് ചെയ്യുന്നത്.
പ്രത്യേക പദ്ധതികള്‍
സംസ്ഥാനത്തുനിന്ന് കായികരംഗത്തിന്റെ നെറുകയിലേക്ക് നടന്നുകയറുവാന്‍ പ്രാപ്തിയുള്ള ഒട്ടനവധി താരങ്ങളുടെ നിര്‍മ്മിതി ലക്ഷ്യമിട്ട് സംസ്ഥാന ഗവണ്‍മെന്റ് സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിന്റെ പങ്കാളിത്തത്തോടെ ആധുനിക പരിശീലന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. 2016 ഒളിമ്പിക്സിലും അതിനുശേഷം വരാന്‍ പോകുന്ന അന്തര്‍ദേശീയ മല്‍സരങ്ങളിലും കേരളത്തിന്റെ പുകള്‍പെറ്റ പാരമ്പര്യത്തെ കാക്കാനായി താരനിര സജ്ജമാക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം. ഇതിനായി അത്ലറ്റിക്സില്‍ ഗോ-ഫോര്‍ ഗോള്‍ഡ് എന്ന പദ്ധതിയും നീന്തലില്‍ ടങഅഞഠ എന്ന നീന്തല്‍ താരങ്ങളെ ദത്തെടുത്ത് പരിശീലന പഠന ചിലവുകള്‍ നല്‍കി മികച്ച താരങ്ങളാക്കുന്ന പദ്ധതിയും ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക തുടക്കം ഉടന്‍ നടക്കുകയും ചെയ്യും.
അടിസ്ഥാന സൌകര്യ വികസനം
കേരളത്തില്‍ നാളിതുവരെ നടന്നിട്ടില്ലാത്തത്ര അടിസ്ഥാന സൌകര്യ വികസനം കായികരംഗത്ത് നടന്നിട്ടുള്ള 5 വര്‍ഷമാണ് കടന്നുപോയത്. എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങള്‍ക്കും കളിസ്ഥലങ്ങള്‍ക്കുമായി ഇത്രയേറെ പണം ചിലവഴിച്ച ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. മൂന്നാര്‍ ഹൈ ആള്‍ട്ടിട്ട്യൂഡ് ട്രെയിനിങ് സെന്റര്‍, മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്ക്, തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക്. ആറ്റിങ്ങല്‍ ശ്രീപാദം സ്പോര്‍ട്സ് സമുച്ചയം, പിരപ്പന്‍കോട് അന്താരാഷ്ട്ര സ്വിമ്മിങ് പൂള്‍ ഇങ്ങനെ ഒട്ടനവധി ബൃഹത് സംരംഭങ്ങള്‍ ജനതയ്ക്ക് സമര്‍പ്പിക്കുവാന്‍ ഈ ഗവണ്‍മെന്റിന് കഴിഞ്ഞു. കേരള സ്പോര്‍ട്സിന്റെ വികസനത്തിനായി ചെറിയ ഗ്രൌണ്ടുകള്‍ക്കും മറ്റുമായി 21 കോടി രൂപ ഗവണ്‍മെന്റ് ചിലവഴിച്ചിരിക്കുന്നു എന്ന വസ്തുത സ്മരിക്കപ്പെടേണ്ടതു തന്നെയാണ്.
ദേശീയ ഗെയിംസ് - 2012
35-ാമത് നാഷണല്‍ ഗെയിംസിന് കേരളമാണ് അരങ്ങൊരുക്കുന്നത്. 12.12.2012നാണ് കേരളത്തില്‍ ദേശീയ ഗെയിംസ് ആരംഭിക്കുന്നത്. ഇതിനായി 800 കോടി രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 450 കോടി രൂപയോളം ചെലവഴിക്കപ്പെടുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലങ്ങളുടെ നിര്‍മ്മാണത്തിനാണ്. ബാക്കിതുക നടത്തിപ്പ് ചിലവും. കേരള ദേശീയ ഗെയിംസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത ഇത് 7 ജില്ലകളിലെ കേന്ദ്രങ്ങളിലായാണ് നടത്തുന്നത് എന്നതാണ്. മറ്റ് ജില്ലകളിലും ദേശീയ ഗെയിംസിനോട് അനുബന്ധമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ പരിസമാപ്തിയോടുകൂടി നമ്മുടെ നാട്ടിലെ അടിസ്ഥാന സൌകര്യമില്ലായ്മയ്ക്ക് പൂര്‍ണ്ണമായും പരിഹാരം കാണാനാവുംവിധമാണ് പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തനം നടത്തിവരുന്നത്.
ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് പൂര്‍ണ്ണമായും ഒരു ഭരണകൂട വ്യവസ്ഥിതിയുടെ ഉത്തരവാദിത്വമായി നമ്മുടെ നാട്ടില്‍ വ്യവസ്ഥാപിക്കപ്പെട്ടിരിക്കുന്നു. ജനതയുടെ ജീവന്‍ അക്രമികളില്‍നിന്നും ക്രമസമാധാന പ്രശ്നങ്ങളില്‍നിന്നും മാത്രമല്ല രോഗങ്ങളില്‍നിന്നും രോഗഭീഷണികളില്‍നിന്നുപോലും സംരക്ഷിച്ച് നിര്‍ത്തുവാനുള്ള ദീര്‍ഘവീക്ഷണവും ശ്രദ്ധയും ഇച്ഛാശക്തിയും കാട്ടിയ ഇടതുപക്ഷ ജനപക്ഷ ഗവണ്‍മെന്റിനെ കാക്കേണ്ടത്, കാത്തു സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണ്. ഈ വികസന നേര്‍ക്കാഴ്ചകളൊക്കെ പഴങ്കഥകളാകാതിരിക്കാന്‍ കായികരംഗവും ആരോഗ്യവുമായി ഇഴചേര്‍ത്ത് ജനതയുടെ ജീവന്റെ മൂല്യം തിരിച്ചറിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വോട്ടുകള്‍ ചെയ്യാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
*****
ബിപിന്‍ ജി, കടപ്പാട് :ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് പൂര്‍ണ്ണമായും ഒരു ഭരണകൂട വ്യവസ്ഥിതിയുടെ ഉത്തരവാദിത്വമായി നമ്മുടെ നാട്ടില്‍ വ്യവസ്ഥാപിക്കപ്പെട്ടിരിക്കുന്നു. ജനതയുടെ ജീവന്‍ അക്രമികളില്‍നിന്നും ക്രമസമാധാന പ്രശ്നങ്ങളില്‍നിന്നും മാത്രമല്ല രോഗങ്ങളില്‍നിന്നും രോഗഭീഷണികളില്‍നിന്നുപോലും സംരക്ഷിച്ച് നിര്‍ത്തുവാനുള്ള ദീര്‍ഘവീക്ഷണവും ശ്രദ്ധയും ഇച്ഛാശക്തിയും കാട്ടിയ ഇടതുപക്ഷ ജനപക്ഷ ഗവണ്‍മെന്റിനെ കാക്കേണ്ടത്, കാത്തു സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണ്. ഈ വികസന നേര്‍ക്കാഴ്ചകളൊക്കെ പഴങ്കഥകളാകാതിരിക്കാന്‍ കായികരംഗവും ആരോഗ്യവുമായി ഇഴചേര്‍ത്ത് ജനതയുടെ ജീവന്റെ മൂല്യം തിരിച്ചറിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വോട്ടുകള്‍ ചെയ്യാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
Post a Comment