Tuesday, April 5, 2011

നട്ടംതിരിഞ്ഞ് യുഡിഎഫ് വിവാദങ്ങളില്‍ അഭയം തേടുന്നു

സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയതിന് താന്‍ ദൃക്സാക്ഷിയാണെന്ന് പ്രസംഗിച്ച കോൺ‌ഗ്രസ് നേതാവ് കെ സുധാകരനെതിരെ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നു. സീനിയര്‍ കോൺ‌ഗ്രസ് നേതാവ് രാമചന്ദ്രന്‍ മാസ്റര്‍ വെളിപ്പെടുത്തിയ ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്നു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കണമെന്ന് കോൺ‌ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള അന്വേഷണം നടക്കുന്നു. ആര്‍ ബാലകൃഷ്ണപിള്ള ജയിലിലാണ്. പി കെ കുഞ്ഞാലിക്കുട്ടി സ്വന്തം പക്ഷത്തു നിന്നുതന്നെയുള്ള വെളിപ്പെടുത്തലുകളുടെ പ്രളയത്തില്‍ അന്വേഷണം നേരിടുന്നു. സ്ത്രീപീഡനംമുതല്‍ ജുഡീഷ്യറിയെ അവിഹിതമായി സ്വാധീനിക്കലും അധികാര ദുര്‍വിനിയോഗവുമടക്കമുള്ള കുറ്റങ്ങള്‍. മറ്റൊരു ലീഗ് നേതാവ് എം കെ മുനീറാകട്ടെ, പൊതുമരാമത്ത് മന്ത്രിയായപ്പോള്‍ നടന്ന ക്രമക്കേടുകള്‍ക്ക് നിയമനടപടി നേരിടുമ്പോള്‍ത്തന്നെ, ഇന്ത്യാവിഷന്‍ ചാനലില്‍ അനധികൃത ഓഹരിയുണ്ട് എന്ന വാര്‍ത്തയും പുറത്തുവന്നതോടെ പരിക്ഷീണനായി നിലകൊള്ളുന്നു. യുഡിഎഫില്‍ ഇനി കളങ്കിതരല്ലാത്ത ആരുമില്ല എന്ന അവസ്ഥ. ഒരു തെരഞ്ഞെടുപ്പിനുമുന്നില്‍ ആ മുന്നണി ഇത്രയേറെ പരിതാപകരമായ സ്ഥിതി അഭിമുഖീകരിക്കുന്ന സന്ദര്‍ഭം മുമ്പുണ്ടായിട്ടില്ല.

കേരളത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെയാകെ കളഞ്ഞുകുളിക്കുന്ന നടപടികളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ജാതി-വര്‍ഗീയ ശക്തികളുടെ കൂടാരമായി ആ മുന്നണി മാറിയിരിക്കുന്നു. അഴിമതിയുടെയും കൊള്ളയുടെയും വക്താക്കളായ ഇവര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ വികസന നേട്ടങ്ങള്‍ തകിടം മറിയുമെന്ന് മാത്രമല്ല, പൊതുമുതല്‍ മുഴുവന്‍ കൊള്ളയടിക്കപ്പെടുകയും ചെയ്യും എന്ന ചിന്ത മഹാഭൂരിപക്ഷം ജനങ്ങളിലും പ്രകടമാണ്. സ്ഥാപിതതാല്‍പ്പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും യുഡിഎഫ് സഞ്ചരിക്കുമെന്നതിന്റെ നഗ്നമായ തെളിവാണ് ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളാകെ. പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ ജുഡീഷ്യറിയെപ്പോലും കൈപ്പിടിയില്‍ ഒതുക്കിക്കൊണ്ട് മുന്നോട്ടുപോവുകയാണ് അവരെന്ന് ആ പക്ഷത്തുനിന്നുതന്നെയുള്ള വെളിപ്പെടുത്തലുകളിലൂടെയാണ് തെളിഞ്ഞത്. മാഫിയാ സംഘക്കാരുടെയും അധോലോക നായകരുടെയും പെൺവാണിഭ സംഘക്കാരുടെയും അഴിമതിക്കാരുടെയും ഭരണം തിരിച്ചുവരേണ്ടതുണ്ടോ എന്ന ചോദ്യമാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുയരുന്നത്.

കേരളം നേടിയെടുത്ത വികസനം സംരക്ഷിക്കുന്നതിനും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളിലേക്ക് കേരളത്തെ നയിക്കുന്നതിനും എല്‍ ഡിഎഫ് വീണ്ടും അധികാരത്തില്‍ വരണം എന്ന് വിശദീകരിച്ച്, വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങള്‍ക്കുമുമ്പാകെ അവതരിപ്പിച്ചുള്ള പ്രചാരണമാണ് എല്‍ഡിഎഫിന്റേത്. സര്‍ക്കാരിനെതിരെ ജനവികാരമില്ല എന്നതും റെക്കോഡ് സൃഷ്ടിച്ച നേട്ടങ്ങളാണ് അഞ്ചുവര്‍ഷം കൊണ്ടുണ്ടാക്കാനായത് എന്നതും എല്‍ഡിഎഫ് മുന്നേറ്റത്തെ അപ്രതിരോധ്യമാക്കുന്നു. ഇത്തരമൊരു രാഷ്ട്രീയ അവസ്ഥയിലാണ്, ജനാധിപത്യത്തിനു നിരക്കാത്ത മാര്‍ഗങ്ങളിലേക്ക് യുഡിഎഫ് തിരിയുന്നത്. നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയില്‍ വന്‍ ബോംബുശേഖരം ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് കരുതിവച്ചത്, തെരഞ്ഞെടുപ്പ് രംഗത്ത് ചോരയൊഴുക്കാനായിരുന്നു. അഞ്ച് മുസ്ളിം ലീഗുകാരുടെ ജീവനാണ് നരിക്കാട്ടേരിയില്‍ സ്വന്തം ബോംബ് പൊട്ടിയപ്പോള്‍ ചിന്നിച്ചിതറിയത്. ആ കേസില്‍ മുസ്ളിം ലീഗിന്റെ പ്രാദേശിക നേതാവ് അറസ്റിലായതായാണ് ഒടുവിലത്തെ വാര്‍ത്ത. അക്രമം ഉണ്ടാക്കി തെരഞ്ഞെടുപ്പ് കലക്കാനുള്ള അത്തരം ശ്രമങ്ങളും പരാജയപ്പെട്ടു എന്നായപ്പോള്‍, അപവാദ പ്രചാരണത്തിന്റെ പതിവുരീതികള്‍ യുഡിഎഫ് വീണ്ടും പുറത്തെടുക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസമായി ഉയര്‍ന്നുവരുന്ന ചില അപവാദങ്ങള്‍ അത്തരമൊരു രീതിയുടെ ലക്ഷണമാണ്.

ജമാഅത്തെ ഇസ്ളാമിയും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി എന്ന വ്യാജവാര്‍ത്തയാണ് അതിലൊന്ന്. മുസ്ളിം ലീഗിന്റെയും കോൺ‌ഗ്രസിന്റെയും സമുന്നതനേതാക്കള്‍തന്നെ ജമാഅത്തെ ഇസ്ളാമിയുടെ പിന്നാലെ കൂടി പിന്തുണയ്ക്കായി നിരന്തരശ്രമം നടത്തിയിരുന്നു എന്നത് രഹസ്യമല്ല. കോൺ‌ഗ്രസാണ് തങ്ങളെത്തേടി വന്നതെന്ന് ജമാഅത്തെ അമീര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആ സംഘടനക്കാര്‍ യുഡിഎഫ് കൂടാരത്തില്‍ കയറാതിരുന്നതിന്റെ പകയാണ്, അവരുടെ ഇടയില്‍നിന്ന് ഒരാളെ അടര്‍ത്തിയെടുത്ത് പത്രസമ്മേളനം നടത്തിച്ച് വിവാദ പ്രസ്താവനയിറക്കിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചതെന്നതും ഒളിച്ചുവയ്ക്കാനാവാത്ത വസ്തുത തന്നെ. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് സിപിഐ എമ്മും ജമാഅത്തെ ഇസ്ളാമിയും രഹസ്യ ചര്‍ച്ച നടത്തി; സഖ്യം സ്ഥാപിച്ചു എന്നാണ്. കെപിസിസി പ്രസിഡന്റുമുതല്‍ മുസ്ളിം ലീഗ് സെക്രട്ടറിവരെ ഇത് പറയുന്നു. എന്തേ ഇവര്‍ക്കിത്ര വെപ്രാളം? ജമാ അത്തെ ഇസ്ളാമി നേതാക്കള്‍ എല്‍ഡിഎഫിലെ ആരെയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അതിലെന്ത് അസ്വാഭാവികത? അവര്‍ സ്വയം തീരുമാനിച്ച് ഞങ്ങളുടെ പിന്തുണ ഇന്ന കക്ഷിക്ക് എന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ അതിലെന്ത് പുതുമ? തെരഞ്ഞെടുപ്പില്‍ ആരുടെയെങ്കിലും വോട്ടുകള്‍ വേണ്ട എന്ന് പറയുന്ന പതിവുണ്ടോ? എല്ലാകാലത്തും ജമാഅത്തെ ഇസ്ളാമിപോലുള്ള സംഘടനകള്‍ തെരഞ്ഞെടുപ്പ് സമീപനം പരസ്യമായിത്തന്നെ സ്വീകരിക്കാറുണ്ടെന്നിരിക്കെ ഇത്തരം വിവാദം കത്തിച്ചുവിടുന്നതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ മനസിലാക്കില്ല എന്നാണോ യുഡിഎഫ് കരുതുന്നത്?

പി ശശിയുടെ പേരുപറഞ്ഞ് ഉയര്‍ത്തുന്ന വിവാദമാണ് മറ്റൊന്ന്. പി ശശി സ്ഥാനാര്‍ഥിയല്ല. തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുമില്ല. അദ്ദേഹത്തെ സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ നിലവിലുണ്ടെന്നും അതില്‍ തീരുമാനമാകാന്‍ ഇരിക്കുന്നതേയുള്ളൂ എന്നും സിപിഐ എം നേതൃത്വം വ്യക്തമാക്കിയതാണ്. എന്നിട്ടുമെന്തേ ശശിയുടെ പേര് നിരന്തരം വലിച്ചിഴയ്ക്കുന്നു? അഴിമതിക്കാരെയും പെൺവാണിഭക്കാരെയും തട്ടിപ്പുകാരെയും സ്ഥാനാര്‍ഥികളായി അണിനിരത്തി ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്ന യുഡിഎഫിന് ഇത്തരം വിവാദങ്ങളില്‍ അഭയംതേടാനുള്ള ആഗ്രഹം സ്വാഭാവികംതന്നെ. പക്ഷേ, വൈകാരികമായും തുടര്‍ച്ചയായും എന്തും അവതരിപ്പിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നുള്ളത് അവരുടെ വ്യാമോഹമായിത്തന്നെ ഒടുങ്ങും. പ്രചാരണരംഗത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് കിട്ടുന്ന അഭൂതപൂര്‍വമായ സ്വീകാര്യത യുഡിഎഫിന്റെ കനത്ത പരാജയത്തെയാണ് വിളംബരംചെയ്യുന്നത്.

****

ദേശാഭിമാനി മുഖപ്രസംഗം 05042011

1 comment:

വര്‍ക്കേഴ്സ് ഫോറം said...