Friday, April 15, 2011

പണം കൊടുത്ത് പേപ്പട്ടിയെ വാങ്ങുന്നവര്‍

ജപ്പാനെ തലമുറകളോളം ആണവ ദുരന്തത്തിലാഴ്ത്താന്‍ കെല്‍പ്പുള്ളതാണ് ഫുക്കുഷിമ ആണവ റിയാക്ടറിലെ ആണവ ഇന്ധനച്ചോര്‍ച്ചയും വികിരണവും. വായുവിലും മണ്ണിലും വെള്ളത്തിലും വികിരണത്തിന്റെ തോത് അപകടകരമാംവിധം വര്‍ധിച്ചിരിക്കയാണ്. എന്നിട്ടും ഫുക്കുഷിമ മാതൃകയിലുള്ള റിയാക്ടര്‍ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ജയ്താപുരില്‍ സ്ഥാപിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.

വൈദ്യുതി ഉല്‍പ്പാദനത്തിന് ആണവശക്തി ഉപയോഗിക്കാനുള്ള പദ്ധതി പുനഃപരിശോധിക്കണമെന്ന് ലോകമെങ്ങും മുറവിളി ഉയരുന്ന കാലമാണിത്. ഇടതുപക്ഷം പ്രത്യേകിച്ച് സിപിഐ എം ഇന്ത്യന്‍ ആണവമേഖലയെക്കുറിച്ച് ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവിലുള്ള 20 ആണവ നിലയങ്ങളുടെയും സുരക്ഷ കര്‍ശനമായ സുരക്ഷാ ഓഡിറ്റിങ്ങിന് വിധേയമാക്കുക, അവയുടെ ആവശ്യകത പുനഃപരിശോധിക്കുക, റിയാക്ടര്‍ വാങ്ങാനുള്ള ഇന്ത്യാ-അമേരിക്ക കരാറുകള്‍ റദ്ദാക്കുക, പുതിയ നിലയങ്ങളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. എന്നാല്‍, അവ ചെവിക്കൊള്ളാന്‍ വിവേകം കാണിക്കാതെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ജെയ്താപുര്‍ ആണവപദ്ധതിയുമായി മുന്നോട്ടുപോവുകയാണ്.

ഒരു ലക്ഷം കോടി രൂപ ചെലവിട്ട് രത്നഗിരിയിലെ അഞ്ച് കടലോരഗ്രാമങ്ങള്‍ക്കു നടുവില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ആണവ നിലയത്തില്‍നിന്ന് 10,000 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലോകത്ത് വൈദ്യുതോല്‍പ്പാദനമേഖലയില്‍ ഏറ്റവും ചെലവേറിയതും ഏറ്റവും അപകടസാധ്യതയുള്ളതുമാണ് ആണവ വൈദ്യുതപദ്ധതി. 1979ലെ ത്രീ മൈല്‍ ഐലന്‍ഡിലെ ആണവ അപകടത്തെത്തുടര്‍ന്ന്, അപകട ഭീഷണി കണക്കിലെടുത്ത് അമേരിക്കയില്‍ ഒരൊറ്റ ആണവനിലയവും പുതുതായി നിര്‍മിച്ചിട്ടില്ല. ആണവാപകടം കയറ്റി അയക്കുന്ന അമേരിക്കപോലും സ്വന്തം രാജ്യത്ത് ആ പദ്ധതി ഉപേക്ഷിച്ചതില്‍നിന്ന് പാഠം പഠിക്കാതെയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആണവറിയാക്ടര്‍ എന്ന ഫ്രാങ്കെൻസ്റ്റൈനെ വിലയ്ക്കുവാങ്ങുന്നത്.

ഏറ്റവും ചെലവുകുറഞ്ഞതും അപകടസാധ്യതയില്ലാത്തതുമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് ഒരിക്കല്‍ നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ കേന്ദ്ര പാരിസ്ഥിതികവകുപ്പും മന്ത്രി ജയറാം രമേഷും മിന്നല്‍വേഗത്തിലാണ് ജെയ്താപുര്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത്. സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി ആരംഭിച്ചുകഴിഞ്ഞു. ദുരന്തം വിതച്ച ജപ്പാനിലെ ഫുക്കുഷിമ റിയാക്ടറിന്റെ മാതൃകയിലുള്ള ലൈറ്റ്വാട്ടര്‍ റിയാക്ടര്‍തന്നെയാണ് ജെയ്താപുരിലും സ്ഥാപിക്കുന്നത്. ഫുക്കുഷിമയിലേത് അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് കമ്പനിയുണ്ടാക്കിയതാണ്. ജെയ്താപുരില്‍ നിര്‍മിക്കുന്നത് ഫ്രഞ്ച് കമ്പനിയായ അരേവയും. 1650 മെഗാവാട്ടുവീതം ഉല്‍പ്പാദിപ്പിക്കാന്‍ കെല്‍പ്പുള്ള ആറ് യൂണിറ്റടങ്ങിയതാണത്രേ ഈ നിലയം.

സാധാരണ ലൈറ്റ് വാട്ടര്‍ റിയാക്ടറുകളില്‍ 3.5 ശതമാനം സമ്പുഷ്ടമാക്കപ്പെട്ട യുറേനിയമാണ് ഉപയോഗിക്കുന്നതെങ്കില്‍, ജെയ്താപുരില്‍ അഞ്ച് ശതമാനം സമ്പുഷ്ടമാക്കപ്പെട്ട യുറേനിയമാണ് ഉപയോഗിക്കുക. അതിന് സാധാരണ ലൈറ്റ് വാട്ടര്‍ റിയാക്ടറുകളേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന ജ്വലനനിരക്കുമുണ്ട്. എന്നാല്‍, അതിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് സമുന്നത ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായ ഡോ. ഗോപാലകൃഷ്ണന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന ജ്വലനനിരക്കുള്ള ആണവ ഇന്ധനത്തിന്റെ ഉപയോഗിച്ചുകഴിഞ്ഞ അവശിഷ്ടങ്ങളുടെ റേഡിയോളജിക്കല്‍-ഫിസിക്കല്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആയിരിക്കാമെന്നതിനെക്കുറിച്ച് അരേവ കമ്പനിക്കും നാഷണല്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കും വേണ്ടത്ര വിവരമൊന്നുമില്ലെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.

ആണവ ഇന്ധനത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സൂക്ഷിപ്പും തണുപ്പിക്കലും കൊണ്ടുപോകലും പുനഃസംസ്കരണവും സംബന്ധിച്ച സുരക്ഷാ പ്രശ്നങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. (ഉപയോഗിച്ച് ബാക്കിയായ ഇന്ധനറോഡുകള്‍ മാരകങ്ങളാണ്. അവയും നൂറ്റാണ്ടുകളോളം ആണവ വികിരണം പുറത്തുവിട്ടുകൊണ്ടിരിക്കും. തീരെ ജനവാസമില്ലാത്ത വിദൂര പ്രദേശത്ത്, ഭൂകമ്പവും മറ്റും ഉണ്ടാകുകയില്ല എന്ന് ഉറപ്പുള്ള സ്ഥലത്ത്, അഗാധമായ കുഴി കുഴിച്ച് ഭദ്രമായ കോണ്‍ക്രീറ്റ് പേടകങ്ങള്‍ക്കുള്ളിലാണത്രേ അത് സൂക്ഷിക്കേണ്ടത്. വെറുതെ വലിച്ചെറിയാനോ കടലില്‍ താഴ്ത്താനോ പാടില്ല. അത് ഭീകരമായ അണുപ്രസരണ വ്യാപനത്തിന് ഇടയാക്കും.) ഇതിനുപുറമെ തങ്ങളുടെ സാങ്കേതികവിദ്യ പൂര്‍ണമായും സുരക്ഷിതമാണ് എന്ന് അരേവ കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവൊന്നുമില്ല. കാരണം ഇങ്ങനെയുള്ള മറ്റൊരു ആണവനിലയം അവര്‍ ലോകത്ത് മറ്റൊരിടത്തും ഇതിനുമുമ്പ് കമീഷന്‍ ചെയ്തിട്ടില്ല. മറ്റൊരിടത്തും സ്ഥാപിച്ച്, പ്രവര്‍ത്തിപ്പിച്ച്, പരിശോധിച്ച് ഫലം അറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ ഇനം റിയാക്ടര്‍ സുരക്ഷിതമാണെന്ന് അതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നതിന് എന്താണര്‍ഥം? സ്ഥാപിച്ചുകഴിഞ്ഞാല്‍ അവര്‍ പറയുന്നതിനനുസരിച്ച് നാം അത് പ്രവര്‍ത്തിപ്പിച്ചുകൊള്ളണം. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കും നാഷണല്‍ പവര്‍ കോര്‍പറേഷനും വെറും "ഓപ്പറേറ്ററു""ടെ പദവിയേയുള്ളൂ. എന്നാല്‍, എന്തെങ്കിലും അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഓപ്പറേറ്ററായ ഇന്ത്യക്കാണുതാനും.

ഏറ്റവും സങ്കീര്‍ണവും ദുരൂഹവും അപകടസാധ്യതയുള്ളതുമായ സാങ്കേതികവിദ്യയാണ് ആണവ റിയാക്ടറിന്റേത്. അവയില്‍ത്തന്നെ പുതിയതും കൂടുതല്‍ സങ്കീര്‍ണവുമായ സാങ്കേതികവിദ്യകളിലേക്ക്, ഒരു മുന്നൊരുക്കവുമില്ലാതെയാണ് ഇന്ത്യ പ്രവേശിക്കുന്നത്. റിയാക്ടറിന്റെ നിര്‍മാതാക്കളാകട്ടെ, ഇന്ത്യന്‍ ശാസ്ത്രജ്ഞരെ, വെറും "ഓപ്പറേറ്റര്‍""മാരായിട്ടേ കാണുന്നുമുള്ളൂ. ഓണ്‍ചെയ്യാന്‍ പറഞ്ഞാല്‍ ഓണ്‍ചെയ്യാനും ഓഫ് ചെയ്യാന്‍ പറഞ്ഞാല്‍ ഓഫ് ചെയ്യാനും നില്‍ക്കുന്ന വേലക്കാര്‍. റിയാക്ടറിന്റെ സങ്കീര്‍ണ സാങ്കേതികവിദ്യകളൊന്നും കമ്പനി, അവരെ പഠിപ്പിക്കില്ല. എല്ലാം അത്യന്തം നിഗൂഢം. ഫ്രഞ്ച് കമ്പനിയായ അരേവയുടേതായാലും അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കലിന്റേതായാലും വെസ്റ്റിങ് ഹൗസിന്റേതായാലും സ്ഥിതി ഇതുതന്നെ. എന്നിട്ടും ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ലാത്ത "സുരക്ഷിതത്വ""വും സങ്കീര്‍ണതയും നിഗൂഢതയും അടങ്ങുന്ന ഈ റിയാക്ടറുകള്‍ക്കുവേണ്ടി മന്‍മോഹന്‍സിങ് പരക്കംപായുന്നു. ഭോപാലിലെ ദുരന്തത്തില്‍നിന്നും ഫുക്കുഷിമയിലെ ദുരന്തത്തില്‍നിന്നും പാഠംപഠിക്കാത്ത മന്‍മോഹന്‍സിങ്ങും സോണിയഗാന്ധിയും കോണ്‍ഗ്രസ് പാര്‍ടിയും ഇന്ത്യയെ സര്‍വനാശത്തിലേക്ക് നയിക്കുന്നതിനെക്കുറിച്ച് ശക്തമായ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.

അതെന്തായാലും ജെയ്താപുര്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ആണവോര്‍ജ റഗുലേറ്ററി ബോര്‍ഡിന്റെ പരിശോധനപോലും നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജയറാം രമേഷ്തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കലും നിര്‍ബന്ധമായ കുടിയിറക്കലും ആരംഭിച്ചിരിക്കുന്നു. ഭൂരിഭാഗം ഗ്രാമീണരില്‍നിന്നും നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുത്തുകഴിഞ്ഞെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും മൊത്തമുള്ള 2000 ഉടമകളില്‍ 112 പേര്‍ മാത്രമേ നഷ്ടപരിഹാരം വാങ്ങി ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടുള്ളൂ. അവരുടെ കൈവശമുണ്ടായിരുന്നത് മൊത്തം ഭൂമിയുടെ രണ്ടുശതമാനംമാത്രം. അവരാകട്ടെ, ഈ ഗ്രാമങ്ങളില്‍നിന്ന് മറ്റിടങ്ങളിലേക്ക് ഏറെ മുമ്പേ താമസം മാറിയവര്‍. ഭൂമി നഷ്ടപ്പെടുന്നതില്‍ അവര്‍ക്ക് നഷ്ടമൊന്നുമില്ല. ബാക്കിയുള്ള മഹാഭൂരിപക്ഷംപേരും സമരരംഗത്താണ്. കൃഷിപ്പണി ചെയ്തും മാമ്പഴം വിളയിച്ചും മീന്‍പിടിച്ചും ഉപജീവനം നടത്തുന്ന ഗ്രാമീണരുടെ അന്നംമുട്ടിക്കുന്ന പദ്ധതിയാണ് ഇതെന്നവര്‍ പറയുന്നു.

പദ്ധതി പൂര്‍ത്തിയായാല്‍ റിയാക്ടറുകള്‍ തണുപ്പിക്കുന്നതിന് ദിനംപ്രതി ആറു ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരും. അതത്രയും പമ്പ് ചെയ്ത് എടുക്കുന്നത്, അവരുടെ ഉപജീവന ജലാശയമായ അഴിമുഖത്തുനിന്നാണ്. റിയാക്ടറില്‍നിന്ന് തിരിച്ചുവരുന്ന വെള്ളമാകട്ടെ, ചൂടുപിടിച്ചതും ആണവ വികിരണം ബാധിച്ചതുമായിരിക്കും. അവരുടെ മത്സ്യബന്ധനവും കൃഷിയും ജലസേചനവും കുടിവെള്ളവും എല്ലാം അതോടെ താറുമാറാകും. പ്രക്ഷോഭകരെ അനുനയിപ്പിക്കാന്‍ 2011 ഫെബ്രുവരി 26ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ജെയ്താപുരിലെത്തി. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഗ്രാമീണരെ പൊലീസ് നിര്‍ബന്ധപൂര്‍വം ആട്ടിത്തെളിച്ചുകൊണ്ടുപോയി. ഏകദേശം 5000 പേരെ പൊലീസ് മുഖ്യമന്ത്രിയുടെ മുന്നില്‍ നിര്‍ത്തി. എന്നാല്‍, അവരെല്ലാം പ്രതിഷേധസൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് വന്നത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.

ജെയ്താപുര്‍ പ്രദേശത്തിന്റെ അവസ്ഥ ദയനീയമാണ്. കോളേജോ ആശുപത്രിയോ വ്യവസായ സ്ഥാപനമോ റെയില്‍വേ ലൈനോ, നല്ല റോഡോ ഇല്ല. മുഖ്യമന്ത്രി വന്നുപോയതിനുശേഷം പ്രക്ഷാഭകര്‍ക്കുനേരെയുള്ള പൊലീസ് അക്രമം കൂടുതല്‍ രൂക്ഷമായി. അഞ്ചാളില്‍ കൂടുതല്‍പേര്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല, പ്രതിഷേധ പ്രകടനങ്ങള്‍ പാടില്ല, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശനമില്ല എന്നൊക്കെയാണ് കാര്‍ക്കശ്യം. സിപിഐ എമ്മിന്റെ രണ്ട് എംപിമാര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍പ്പോലും കര്‍ശനനിയന്ത്രണമാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. എംപിമാരെ പൊലീസ് പിന്തുടര്‍ന്നു. ജനങ്ങളില്‍നിന്ന് വിവരം ശേഖരിക്കുന്നത് തടയാന്‍ ശ്രമിച്ചു. വിരമിച്ച സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്കും പ്രവേശനം നിഷേധിച്ചു.

മുഖ്യമന്ത്രി മടങ്ങിയശേഷം പ്രതിഷേധപ്രകടനക്കാരില്‍ പ്രധാനികളെ കള്ളക്കേസുകളില്‍ കുടുക്കി. 307-ാം വകുപ്പ് ചാര്‍ത്തി വധശ്രമക്കേസില്‍ കുടുക്കപ്പെട്ടവര്‍ നിരവധി. എന്നാല്‍, ആരെ വധിക്കാന്‍ ശ്രമിച്ചെന്ന ചോദ്യത്തിന് ഉത്തരമില്ല. പൊലീസ് പീഡനത്തില്‍ രണ്ടുപേര്‍ ഇതിനകം രക്തസാക്ഷികളായി. നിരവധിപേര്‍ ഇപ്പോഴും ജയിലിലാണ്. മിത്ഗാവ്, മദ്ബന്‍ തുടങ്ങിയ അഞ്ചു ഗ്രാമങ്ങളിലെയും പഞ്ചായത്ത് പ്രസിഡന്റുമാരും പഞ്ചായത്ത് അംഗങ്ങളും പ്രതിഷേധസൂചകമായി സ്ഥാനം രാജിവച്ചു. 2010 ഡിസംബറില്‍ ഒരു ദിവസം ഈ മേഖലയിലെ 70 പ്രൈമറി സ്കൂളും സെക്കന്‍ഡറി സ്കൂളുകളും പ്രതിഷേധസൂചകമായി അടച്ചിട്ടു. 2011ലെ റിപ്പബ്ലിക് ദിനാഘോഷവും ബഹിഷ്കരിച്ചു.

ഗ്രാമീണര്‍ ഉന്നയിക്കുന്ന മൂന്ന് പ്രധാന ആവശ്യം ഇവയാണ്. ജെയ്താപുര്‍ ആണവപദ്ധതി ഉപേക്ഷിക്കുക, ബലംപ്രയോഗിച്ച് ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കുക; പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, നിരോധന ഉത്തരവ് പിന്‍വലിച്ച് സമാധാനാന്തരീക്ഷം നിലനിര്‍ത്തുക.

ആണവനിലയം വന്നാല്‍ ഭൂമി നഷ്ടപ്പെടുകയും മറ്റുവിധത്തില്‍ വിഷമം അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന ഗ്രാമീണരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ, പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, ആണവനിലയത്തിനാവശ്യമായ സ്ഥലമേറ്റെടുത്തു എന്നാണത്രേ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ അറിയിച്ചത്. ഫ്രാന്‍സിലും ഫിന്‍ലന്‍ഡിലും ഇത്തരം ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അരേവാ കമ്പനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുഴപ്പത്തിലകപ്പെട്ടു കിടക്കുമ്പോള്‍ മന്‍മോഹന്‍സിങ്, രത്നഗിരിയില്‍ കാട്ടുന്ന ധൃതി ആര്‍ക്കുവേണ്ടിയാണ്? ലോകത്താകെയുള്ള 443 ആണവനിലയവും ജപ്പാനിലുള്ള 54 ആണവനിലയവും ഇന്ത്യയിലെ 20 ആണവനിലയവും സുരക്ഷാ ഓഡിറ്റിങ്ങിനും പുനഃപരിശോധനയ്ക്കും വിധേയമാക്കണമെന്നും ആണവപദ്ധതികള്‍തന്നെ ഉപേക്ഷിക്കണമെന്നുമുള്ള മുറവിളി ലോകത്താകെ ഉയര്‍ന്നുവരുമ്പോള്‍, മന്‍മോഹന്‍സിങ് ഇത്ര വലിയ ദുരന്തത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത് എന്തിനാണ്?


*****


പി വി അഖിലേഷ്, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആണവനിലയം വന്നാല്‍ ഭൂമി നഷ്ടപ്പെടുകയും മറ്റുവിധത്തില്‍ വിഷമം അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന ഗ്രാമീണരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ, പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, ആണവനിലയത്തിനാവശ്യമായ സ്ഥലമേറ്റെടുത്തു എന്നാണത്രേ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ അറിയിച്ചത്. ഫ്രാന്‍സിലും ഫിന്‍ലന്‍ഡിലും ഇത്തരം ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അരേവാ കമ്പനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുഴപ്പത്തിലകപ്പെട്ടു കിടക്കുമ്പോള്‍ മന്‍മോഹന്‍സിങ്, രത്നഗിരിയില്‍ കാട്ടുന്ന ധൃതി ആര്‍ക്കുവേണ്ടിയാണ്? ലോകത്താകെയുള്ള 443 ആണവനിലയവും ജപ്പാനിലുള്ള 54 ആണവനിലയവും ഇന്ത്യയിലെ 20 ആണവനിലയവും സുരക്ഷാ ഓഡിറ്റിങ്ങിനും പുനഃപരിശോധനയ്ക്കും വിധേയമാക്കണമെന്നും ആണവപദ്ധതികള്‍തന്നെ ഉപേക്ഷിക്കണമെന്നുമുള്ള മുറവിളി ലോകത്താകെ ഉയര്‍ന്നുവരുമ്പോള്‍, മന്‍മോഹന്‍സിങ് ഇത്ര വലിയ ദുരന്തത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത് എന്തിനാണ്?