Saturday, April 2, 2011

ഇടതിന് അധികാരം നല്‍കി കേരളം പുതിയ റെക്കോഡിടും :എ ബി ബര്‍ധന്‍

തിരുവനന്തപുരത്തുനിന്നുള്ള തിരഞ്ഞെടുപ്പ് പര്യടനം മധ്യകേരളം കഴിഞ്ഞ് എറണാകുളത്തെത്തിയപ്പോഴും എ ബി ബര്‍ധന്‍ ഉത്‌സാഹത്തിലാണ്. ദേശീയതലത്തില്‍ നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ചിട്ടുള്ള കേരളം ഇടതുമുന്നണി സര്‍ക്കാരിന് ഒരിക്കല്‍ കൂടി അധികാരം നല്‍കിക്കൊണ്ട് പുതിയൊരു റെക്കോഡ് സൃഷ്ടിക്കുമെന്ന് എ ബി ബര്‍ധന്‍ ജനയുഗത്തിന് അനുവദിച്ച പ്രത്യേക ആഭിമുഖത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് രംഗത്തുനിന്നുള്ള അനുഭവമെന്താണ്?

സംസ്ഥാനത്തെ 14 മണ്ഡലങ്ങളില്‍ പ്രചാരണ യോഗങ്ങളില്‍ സംസാരിച്ചുകഴിഞ്ഞു. ജനങ്ങളുമായി ഇടപഴകിയതിന്റെയടിസ്ഥാനത്തില്‍ എല്‍ ഡി എഫിന് വ്യക്തമായ മേല്‍ക്കൈയുണ്ടെന്ന് പറയാന്‍ കഴിയും. ഇത് ഒരു പ്രവചനം പോലെ പറയുന്നതല്ല. പ്രധാനമായും ഗവണ്‍മെന്റിന്റെ മൂന്ന് കാര്യങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണ്. ആദ്യം എടുത്ത് പറയേണ്ടത് ഭക്ഷ്യസുരക്ഷയാണ്. രണ്ട് രൂപയ്ക്ക് 40 ലക്ഷം ജനങ്ങള്‍ക്ക് അരി നല്‍കാന്‍ കഴിയുന്നുവെന്നത് ചില്ലറക്കാര്യമായി ആരും കണക്കാക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസബ്‌സിഡിയടക്കം എടുത്തുകളയാന്‍ ശ്രമിക്കുകയും സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യക്വാട്ട വെട്ടികുറയ്ക്കുകയും ചെയ്തിട്ടും കേരളത്തിലെ പൊതുവിതരണ സമ്പ്രദായം സ്തുത്യര്‍ഹമായ രീതിയില്‍ മുന്നോട്ട് പോയതിനെ ജനം അംഗീകരിക്കുന്നുണ്ട്.

രണ്ടാമത്തെ കാര്യം പാര്‍പ്പിടരംഗത്ത് നടപ്പിലാക്കിയ ഇ എം എസ് ഭവനപദ്ധതിയും എം എന്‍ ലക്ഷം വീടുകളുടെ പുനര്‍നിര്‍മ്മാണ പദ്ധതിയുമാണ്. ഈ പദ്ധതികള്‍ സംസ്ഥാനത്തെ അവശജനവിഭാഗത്തിനിടയില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസമാണ് വളര്‍ത്തിയിട്ടുള്ളത്.

ഇടതുസര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്ന മൂന്നാമത്തെ നേട്ടം പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള നയസമീപനമാണ്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കുമ്പോള്‍ കേരളത്തില്‍ നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിന്റെ വഴിയിലേക്ക് മടങ്ങിവരുന്നു. ഇതിനുപുറമെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയും ചെയ്തു. ഈ മൂന്നു കാര്യങ്ങളിലുള്ള ഇടതുസര്‍ക്കാരിന്റെ പ്രതിബദ്ധത മാത്രം മതി ജനങ്ങളെ അഞ്ചുവര്‍ഷം കൂടി ഭരിക്കാനുള്ള സമ്മതിദാനം നല്‍കാന്‍ പ്രേരിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കാണുന്ന പ്രതേ്യകതകള്‍ എന്തെല്ലാമാണ്?

പണത്തിന്റെ കുത്തൊഴുക്കാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണുന്ന പ്രത്യേകത. യുഡിഎഫ് പ്രചാരണരംഗത്ത് പണമൊഴുക്കുകയാണ്. കേരളംപോലുള്ള കൊച്ചുസംസ്ഥാനത്ത് ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള പ്രചാരണം ഉള്‍പ്പെടെയുള്ള ആര്‍ഭാടങ്ങള്‍ എങ്ങനെ അംഗീകരിക്കാന്‍ കഴിയും.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ പണം പ്രധാനഘടകമായി മാറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. പെയ്ഡ് സീറ്റെന്ന ആശയം ഭീതിയുണര്‍ത്തുന്നതാണ്. ഉത്തര്‍പ്രദേശിലും മറ്റും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ പണം വാങ്ങുന്ന രീതി മുമ്പ് കണ്ടിട്ടുണ്ട്. കേരളം പോലുള്ള പ്രബുദ്ധമായ സംസ്ഥാനത്ത് ഇത് നടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല.

എപിഎല്‍ വിഭാഗത്തിന് രണ്ട് രൂപയ്ക്ക് അരി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ സുപ്രീംകോടതി തടഞ്ഞിരിക്കുകയാണല്ലോ? യുഡിഎഫ് ആണെങ്കില്‍ അരികൊടുക്കാനുള്ള തീരുമാനം രാഷ്ട്രീയ തട്ടിപ്പാണെന്നും പറയുന്നു?

ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി അട്ടിമറിച്ചവരെ ജനം വെറുതെ വിടുമെന്ന് തോന്നുന്നില്ല. എല്‍ഡിഎഫിന്റെ പദ്ധതിക്കെതിരെ പരാതി നല്‍കിയവര്‍ പ്രകടനപത്രികയില്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നത് ജനം വിശ്വസിക്കുമെന്ന് കരുതുന്നില്ല.

സുപ്രിം കോടതി വിധി അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണെങ്കിലും ഈ നിലപാടിനെ അംഗീകരിക്കാന്‍ കഴിയില്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങളെ തിരഞ്ഞെടുപ്പുമായി കൂട്ടികുഴയ്ക്കുന്നത് ശരിയല്ല. മുമ്പ് ഗോഡൗണുകളില്‍ കെട്ടികിടക്കുന്ന ഗോതമ്പടക്കമുള്ള ധാന്യങ്ങള്‍ എന്തുകൊണ്ട് സൗജന്യമായി വിതരണം ചെയ്യുന്നില്ലെന്ന് ചോദിച്ചതും സുപ്രിംകോടതി തന്നെയാണ്.

പ്രചാരണരംഗത്ത് പൊതുവായി ഉയര്‍ന്നുകേട്ടത് എന്തെല്ലാമാണ്?

ഇടതുമുന്നണി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഒരു വശത്ത് ഉയരുമ്പോള്‍ മുന്‍കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ അഴിമതിയും ലൈംഗിക അപവാദങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നു. ഇടതുമുന്നണി ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടുമ്പോള്‍ മറുഭാഗത്ത് യുഡിഎഫിന് ജനങ്ങളുമായി ബന്ധപ്പെട്ട് പറയാനൊന്നുമില്ലാത്ത അവസ്ഥയാണ്. കരുനാഗപ്പള്ളിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരായി ഉയര്‍ത്തിക്കൊണ്ടുവരുന്നതടക്കമുള്ള ആരോപണങ്ങള്‍ യു ഡി എഫിന്റെ വിഷയദാരിദ്ര്യത്തെയാണ് കാണിക്കുന്നത്. ദി ഹിന്ദുവിന്റെ ലേഖകന്‍ റയില്‍വെ സ്‌റ്റേഷനില്‍ നടന്ന കാര്യങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് പങ്കില്ലെന്ന് എഴുതിയിട്ടും ആരോപണങ്ങള്‍ പിന്നെയും ഉയര്‍ത്തുന്ന നടപടി ജനകീയപ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല.

പശ്ചിമബംഗാളില്‍ നിന്നുള്ള പ്രചാരണ പരിപാടികള്‍ക്ക് ശേഷമാണല്ലോ കേരളത്തിലെത്തുന്നത്. ബംഗാളിലെ സ്ഥിതിവിശേഷമെന്താണ്?

പശ്ചിമ ബംഗാളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യത്തിന് ആദ്യഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം ഇപ്പോഴില്ല. ഒരു വര്‍ഷം മുമ്പ് മാറ്റം ആവശ്യമാണെന്ന തരത്തിലുള്ള തൃണമൂലിന്റെ പ്രചാരണം ഇടത്തരക്കാരെയെങ്കിലും ആകര്‍ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂലിനെ വിജയിപ്പിച്ചവര്‍ ഇപ്പോള്‍ തെറ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൃണമൂല്‍ ഭരിക്കുന്ന പഞ്ചായത്തുകളിലാണ് ഏറ്റവും മോശമായ ഭരണം നടക്കുന്നത്.

പശ്ചിമബംഗാളില്‍ മാറ്റം ആവശ്യമാണെന്ന് പറയുമ്പോള്‍ ജനം ഇപ്പോള്‍ തിരിച്ചുചോദിക്കുന്നുണ്ട് എന്തില്‍ നിന്നുള്ള മാറ്റമാണ് ആവശ്യപ്പെടുന്നതെന്ന്. സമഗ്രഭൂപരിഷ്‌ക്കരണം നടപ്പിലാക്കുകയും പഞ്ചായത്തീരാജ് ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുകയും ചെയ്ത ഭരണകൂടത്തെ മാറ്റണമെന്ന ആവശ്യത്തോട് ബംഗാള്‍ ജനത അനുകൂലമായി പ്രതികരിക്കുമെന്ന് കരുതുന്നില്ല. പശ്ചിമബംഗാളില്‍ എട്ടാം തവണയും ഇടതുസഖ്യം അധികാരത്തില്‍ വന്നാല്‍ ഞാന്‍ അത്ഭുതപ്പെടുകയില്ല.

നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കുക? മൂന്നാം മുന്നണിയെന്ന ആശയത്തിന് വീണ്ടും പ്രസക്തിയുണ്ടാവുമോ?

മൂന്നാം മുന്നണിയെക്കുറിച്ച് ഇപ്പോള്‍ ഒരു പ്രവചനം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്വാധീനവും ഇടപെടലും നടത്താന്‍ കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.

******

തയ്യാറാക്കിയത്: ആര്‍ ഗോപകുമാര്‍. കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...