Monday, April 4, 2011

ജപ്പാന്‍ ആണവ ദുരന്തം: ഇന്തോ - അമേരിക്കന്‍ ആണവക്കരാര്‍ പുനഃപരിശോധിക്കണം

ജപ്പാനിലുണ്ടായ ആണവ ദുരന്തമാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചചെയ്യുന്നത്. ഇതിനുമുമ്പ് ഉണ്ടായ ഏറ്റവും വലിയ ആണവ ദുരന്തം സോവിയറ്റ് യൂണിയനിലെ ചെര്‍ണോബില്‍ എന്ന സ്ഥലത്തുണ്ടായ അപകടമായിരുന്നു. ഓപ്പറേറ്റര്‍മാരുടെ അശ്രദ്ധയും മറ്റുചില പിഴവുകളുമാണ് ചെര്‍ണോബില്‍ ആണവ നിലയത്തിലെ സ്ഫോടനത്തിന് കാരണമായതെന്ന് അന്ന് വിശദീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ജപ്പാനിലുണ്ടായിരിക്കുന്നത് അത്തരത്തിലുള്ള ഒന്നല്ല. ഇതൊരു പ്രകൃതി ദുരന്തത്തിന്റെ ഫലമാണ്. സാങ്കേതികമായി എല്ലാം ഭദ്രമായിരുന്നാലും ആണവ നിലയങ്ങള്‍ ഒട്ടും സുരക്ഷിതമല്ല എന്നാണ് ഇത് കാണിക്കുന്നത്.

മാര്‍ച്ച് 11ന് ആയിരുന്നു ജപ്പാനില്‍ ഭൂകമ്പങ്ങളുടെ പരമ്പര തുടങ്ങിയത്. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി രൂപപ്പെടുകയും രാജ്യത്തിന്റെ 2100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശമാകെ നശിക്കുകയും ചെയ്തു. പതിനായിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിലേറെ ആളുകളെ കാണാതായി. മിയാഗി പ്രവിശ്യയിലെ ഒനുഹാമ ആണവ നിലയത്തിന് തീപിടിച്ചു. അതടക്കം അഞ്ച് ആണവ നിലയങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടാണ് ജപ്പാന്‍ സുരക്ഷാ നടപടികള്‍ തുടങ്ങിയത്. ആദ്യത്തെ ദുരന്തംകൊണ്ട് ഭൂകമ്പം അവസാനിച്ചില്ല. രാജ്യത്തിന്റെ പല ഭാഗത്തും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു. മാര്‍ച്ച് പന്ത്രണ്ടാം തീയതി ശനിയാഴ്ച ഫുക്കുഷിമയിലെ ദായ്ച്ചി ആണവ നിലയത്തില്‍ സ്ഫോടനമുണ്ടായി. നാല്-അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. ദായ്ച്ചിയിലെ അഞ്ച് ആണവ റിയാക്ടറുകളില്‍ പൊട്ടിത്തെറിയുണ്ടായി. റിയാക്ടറുകളിലെ ശീതീകരണികള്‍ തകരാറിലായത് കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായി. ഇവ കടല്‍വെള്ളം ഉപയോഗിച്ച് തണുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാഴായതിനെത്തുടര്‍ന്ന് രാജ്യമെങ്ങും കടുത്ത ഉത്കണ്ഠ പടര്‍ന്നു.

ദായ്ച്ചിയുടെ അമ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ അണുപ്രസരണം വ്യാപിക്കുമെന്നായിരുന്നു പ്രാഥമിക നിരീക്ഷണം. മുപ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ ജനലുകളും വാതിലുകളും അടച്ച് വീട്ടിനുള്ളില്‍തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പക്ഷേ അപകടത്തിന്റെ പരിധി അവിടെ അവസാനിച്ചില്ല. ഫുക്കുഷിമയില്‍നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള ടോക്യോവില്‍ അണുപ്രസരണത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെട്ടു. ജപ്പാനില്‍ ഉണ്ടായിരുന്ന വിദേശീയര്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. സ്വദേശികളും ആയിരക്കണക്കിന് പേര്‍ പലായനം ചെയ്തു. ദുരന്തത്തെത്തുടര്‍ന്നുള്ള ഏതാനും ദിവസം കാറ്റ് പസഫിക്ക് സമുദ്രത്തിന്റെ ഭാഗത്തേയ്ക്കായിരുന്നു. അതുകൊണ്ട് പ്രത്യക്ഷത്തില്‍ അപകടം കണ്ടുതുടങ്ങിയില്ല. എന്നാല്‍ കടല്‍ ജലത്തില്‍ തീര്‍ച്ചയായും ആണവ വികിരണം അനുഭവപ്പെട്ടിട്ടുണ്ട്. അതിന്റെ ആഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. പച്ചക്കറികളിലും അണുപ്രസരണം കണ്ടുതുടങ്ങി. ആണവ ദുരന്തത്തിന്റെ പല പ്രത്യാഘാതങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അനുഭവപ്പെടുന്നവയാണ്. അതായത് രാജ്യം ദുരന്തത്തിന് കാതോര്‍ത്തിരിക്കുന്നു എന്നര്‍ത്ഥം.

ചെര്‍ണോബില്‍ ദുരന്തകാലത്ത് അതിന്റെ ആഘാതം കുറച്ചത് സോവിയറ്റ് യൂണിയന്റെ സാങ്കേതിക മികവും സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നതിലെ സോവിയറ്റു ഭരണകൂടത്തിന്റെ കാര്യക്ഷമതയും ചേര്‍ന്നാണ്. ഒരുപക്ഷേ അതിനേക്കാള്‍ സാങ്കേതിക മികവ് ഇപ്പോള്‍ ജപ്പാന്റെ പക്കല്‍ ഉണ്ടായിരിക്കാം. പക്ഷേ ഭൂകമ്പം സൃഷ്ടിച്ച മറ്റ് ദുരിതങ്ങള്‍ക്കിടയില്‍ ഇവയെല്ലാം അപ്രസക്തമാകുന്നു. ദായ്ച്ചി ആണവ നിലയത്തില്‍ മൊത്തം ആറ് റിയാക്ടറുകളാണ് ഉള്ളത്. മാര്‍ച്ച് ഇരുപത് ആയപ്പോള്‍ ഇതില്‍ മൂന്നെണ്ണത്തിലും സ്ഫോടനം ഉണ്ടായിക്കഴിഞ്ഞിരുന്നു. നാലാമത്തേതിലേക്ക് തീ പടര്‍ന്നിരുന്നു. അവസാനത്തെ രണ്ടെണ്ണത്തിലെ താപനില അപകടകരമായ തോതിലേക്ക് ഉയര്‍ന്നിരുന്നു. അനുവദനീയമായതിന്റെ ആയിരം ഇരട്ടി അണുപ്രസരണമാണ് ചുറ്റുപാടുമുണ്ടായത്.

നിലയത്തിലെ യുറേനിയം ദണ്ഡുകള്‍ ഉരുകിയാല്‍ അത് ഭീകരമായ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതുപോലെതന്നെ സീഷിയംപോലെയുള്ള മൂലകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതിനും ഈ സ്ഫോടനങ്ങള്‍ കാരണമാകുമെന്ന് കരുതുന്നു. മാരകമായതോതില്‍ രോഗബാധയ്ക്ക് ഇത് വഴിവെച്ചേക്കാം.

ഈ പശ്ചാത്തലത്തിലാണ് ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ പുന:പരിശോധിക്കണം എന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ താരാപ്പൂര്‍ ആണവനിലയത്തിന് ദായ്ച്ചിയേക്കാള്‍ പ്രായമുണ്ട്. പ്രായം കൂടുന്തോറും ആണവ നിലയങ്ങളുടെ അപകട സാദ്ധ്യതകള്‍ കൂടുമെന്നത് ഒരു സത്യമാണ്. താരാപ്പൂര്‍ മാത്രമല്ല രാജസ്ഥാനിലേയും ആണവ നിലയങ്ങള്‍ പഴക്കംചെന്നവയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഇത്തരം വൃദ്ധ ആണവനിലയങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ന് ലോകത്ത്, വിശേഷിച്ചും അമേരിക്കയില്‍, എത്രയോമുമ്പ് അടച്ചുപൂട്ടേണ്ടിയിരുന്ന പല നിലയങ്ങള്‍ക്കും അവയുടെ ഉടമസ്ഥരായ സ്വകാര്യ കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ ജെയ്താപ്പൂരില്‍ പുതിയൊരു ആണവനിലയത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്. ഇതാകട്ടെ ഇതേവരെ യാതൊരു പ്രവര്‍ത്തനാനുഭവവും കിട്ടിയിട്ടില്ലാത്ത നാലാം തലമുറയില്‍പെട്ട റിയാക്ടറുകളാണ്. ഫ്രാന്‍സ്-അമേരിക്കന്‍ കൂട്ടു സ്ഥാപനമായ ആരേവയാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതിന്റെ സുരക്ഷയെക്കുറിച്ച് അതിന്റെ ഡിസൈനിംഗ് ഘട്ടത്തില്‍തന്നെ സംശയങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. 1600 മെഗാവാട്ട് ശേഷിയുള്ള ഒരു നിലയത്തിന് 33000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഇത്തരത്തിലൊരു നിലയത്തിന് 8000 മുതല്‍ 9000 വരെ കോടി രൂപ മതിയാകുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ പുന:പരിശോധിക്കണം എന്ന ആവശ്യം സംഗതമാകുന്നത്. അര നൂറ്റാണ്ടിലധികം പഴക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും സുരക്ഷാ ഭീഷണിയുടെ സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്നതുമായ റിയാക്ടറുകളാണ് കരാറിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരാന്‍പോകുന്നതെന്ന് കരാര്‍ ഒപ്പിടുന്ന വേളയില്‍തന്നെ ഇന്ത്യയില്‍ ആരോപണം ഉയര്‍ന്നിരുന്നു.

1978നുശേഷം അമേരിക്കയില്‍ ഒരൊറ്റ പുതിയ ആണവ നിലയത്തിനുപോലും ഓര്‍ഡര്‍ നല്‍കുകയുണ്ടായില്ല എന്നതാണ് ചൂണ്ടിക്കാണിക്കപ്പെട്ട ഒരു വസ്തുത. ഭീമമായ ചെലവ്, കാര്യക്ഷമമായ സുരക്ഷാ സംവിധാനത്തിന്റെ ആവശ്യകത, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയായിരുന്നു ഈ സ്ഥിതിവിശേഷത്തിന് കാരണം. ജനറല്‍ ഇലക്ട്രിക്കല്‍സ്, വെസ്റ്റിംഗ് ഹൌസ് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളാണ് ഇതുമൂലം തിരിച്ചടി നേരിട്ടത്. ആണവ നിലയങ്ങള്‍ അവയുടെ പ്രവര്‍ത്തന കാലാവധി കഴിയുമ്പോള്‍ അടച്ചുപൂട്ടണമെങ്കില്‍ അവ നിര്‍മ്മിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവ് വരും. ഇതെല്ലാം കണക്കിലെടുത്താണ് പല ലോകരാജ്യങ്ങളും ആണവ ഊര്‍ജ്ജത്തില്‍നിന്ന് പിന്മാറിയത്. ആ സമയത്താണ് ഇപ്പറഞ്ഞ ആണവ നിലയങ്ങള്‍ വിലയ്ക്കുവാങ്ങാന്‍ ഇന്ത്യ അമേരിക്കയുമായി കരാറുണ്ടാക്കിയത്.

ആണവ കരാറിനെതിരെ രാജ്യത്തുണ്ടായ ചെറുത്തുനില്‍പുകളെ ദുര്‍ബലപ്പെടുത്താനും കരാര്‍ ഒപ്പിടാന്‍ തയ്യാറായ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ അധികാരത്തില്‍ നിലനിറുത്താനും സാമ്രാജ്യത്വം നേരിട്ട് ഇടപെട്ടു എന്ന് വാര്‍ത്തകള്‍ വരുന്ന കാലത്താണ് ജപ്പാനിലെ ആണവ ദുരന്തം എന്നത് തികച്ചും യാദൃച്ഛികമാവാം. പക്ഷേ ഈ യാദൃച്ഛികതയില്‍നിന്ന് ഇന്ത്യന്‍ ജനതയ്ക്ക് വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്.

ഇന്ത്യന്‍ ആണവ നിലയങ്ങള്‍ സുരക്ഷിതങ്ങളാണ് എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ സാമാന്യബോധമുള്ള ആര്‍ക്കും ഇത് വിശ്വസിക്കാനാവുന്നില്ല. ഇന്ത്യയില്‍ ഭൂമികുലുക്കം ഉണ്ടാവില്ല എന്ന് തീര്‍ച്ചപ്പെടുത്താനാവില്ലല്ലോ? ഭൂമികുലുക്കം ഉണ്ടായാലും അത് റിയാക്ടറിനെ ബാധിക്കില്ല, ബാധിച്ചാലും അത് നിയന്ത്രിക്കാനാകും, അപകടം ഉണ്ടാവില്ല, ഉണ്ടായാലും അത് ജനങ്ങളെ ബാധിക്കില്ല.... ഇങ്ങനെ പോകുന്നു വാദങ്ങള്‍.

ഊര്‍ജ്ജ സുരക്ഷയുടെ കാഴ്ചപാടില്‍നിന്ന് നോക്കിയാലും ജനജീവിത സുരക്ഷയുടെ കാഴ്ചപ്പാടില്‍നിന്ന് നോക്കിയാലും ആണവ കരാര്‍ പ്രകാരമുള്ള പുതിയ നിലയങ്ങള്‍ വരുന്നത് വിവേകരഹിതമായ നടപടികളുടെ ഫലമായിരിക്കും. ഇക്കാര്യത്തില്‍ നമുക്ക് ധൈര്യമായി ചൈനയെ മാതൃകയാക്കാം. പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈന തീരുമാനിച്ചതായാണ് മാര്‍ച്ച് 17ന്റെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചതിനുശേഷം മാത്രം ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എന്തായാലും ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കുന്നതുതന്നെയാകും ഉചിതം.


*****


ജോജി കൂട്ടുമ്മേല്‍, കടപ്പാട് :ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഊര്‍ജ്ജ സുരക്ഷയുടെ കാഴ്ചപാടില്‍നിന്ന് നോക്കിയാലും ജനജീവിത സുരക്ഷയുടെ കാഴ്ചപ്പാടില്‍നിന്ന് നോക്കിയാലും ആണവ കരാര്‍ പ്രകാരമുള്ള പുതിയ നിലയങ്ങള്‍ വരുന്നത് വിവേകരഹിതമായ നടപടികളുടെ ഫലമായിരിക്കും. ഇക്കാര്യത്തില്‍ നമുക്ക് ധൈര്യമായി ചൈനയെ മാതൃകയാക്കാം. പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈന തീരുമാനിച്ചതായാണ് മാര്‍ച്ച് 17ന്റെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചതിനുശേഷം മാത്രം ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എന്തായാലും ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കുന്നതുതന്നെയാകും ഉചിതം