ഇന്ത്യയില്‍ 'അഴിമതി രാജ്' അല്ല എന്നാണ് ഇയ്യിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വാര്‍ത്താസമ്മേളനം വിളിച്ച് ആണയിട്ടത്. അഴിമതിയിലും കള്ളപ്പണനിക്ഷേപത്തിലും ഇന്ത്യയെ ലോകത്തിന്റെ നെറുകെയില്‍ എത്തിച്ചു എന്നതാണ് കോൺഗ്രസ് രാജ്യത്തിന് നല്കിയ 'വിലപ്പെട്ട' സംഭാവന. രാഷ്ട്രപിതാവിന്റെ പിന്മുറക്കാരെന്ന് അവകാശപ്പെടുന്നവര്‍ നടത്തിപ്പുകാരാകുമ്പോള്‍ യഥാര്‍ഥ ഗാന്ധിയന്മാര്ക്ക് നിരാഹാരസമരം നയിക്കേണ്ടിവരുന്നു. അണ്ണ ഹസാരെ നടത്തിയ നിരാഹാരസമരവും അതിന് ലഭിച്ച വമ്പിച്ച പിന്തുണയും യുപിഎ സര്‍ക്കാരിന് ആ സമരത്തിനുമുന്നില്‍ കീഴങ്ങേണ്ടിവന്നതും കൃത്യമായ രാഷ്ട്രീയസൂചനകളാണ്. അഴിമതിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന രാജ്യത്ത്, അതിനെതിരെ വീഴുന്ന ചെറുതീപ്പൊരി സര്വംസംഹരിക്കുന്ന കാട്ടുതീയായി പരിണമിക്കാന്‍ ഏറെയൊന്നും സമയം വേണ്ടതില്ലെന്നാണ് അണ്ണ ഹസാരെയുടെ സമരം തെളിയിച്ചത്. അഴിമതി തടയാനുള്ള ലോക്പാല്‍ ബില്ലിന്റെ കരട് തയ്യാറാക്കാനുള്ള പത്തംഗ സംയുക്തസമിതി രൂപീകരിക്കാനും ഇതിനായി വിജ്ഞാപനമിറക്കാനും സര്‍ക്കാര്‍ തയ്യാറായി. ഹസാരെയും സമിതിയിലുണ്ട്. സംയുക്തസമിതിയുടെ പ്രവര്‍ത്തനം മെയ് 13നകം തുടങ്ങാമെന്നും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പാസാക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. അതോടെയാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഹസാരെ തയ്യാറായത്. എന്നാല്‍, ഇതുകൊണ്ട് അവസാനിക്കുന്നില്ല, കൂടുതല്‍ ശക്തമായ സമരം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഏറെ സമ്മര്‍ദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഹസാരെയ്ക്ക് വഴങ്ങിയത്. നിരാഹാരസമരം തുടരുകയും ജനപിന്തുണ വര്‍ധിക്കുകയും ചെയ്താല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്നും അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ദയനീയപരാജയത്തിന് കാരണമാകുമെന്നും മനസ്സിലാക്കിയതോടെയാണ് പ്രധാനമന്ത്രി ഇടപെട്ട് സമരം അവസാനിപ്പിച്ചത്. ലോക്പാല്‍ നിയമം കൊണ്ടുമാത്രം അഴിമതി അവസാനിക്കുമെന്ന് കരുതുന്നത് മൌഢ്യമാണ്. കോൺഗ്രസും അഴിമതിയുമായി നാഭീനാളബന്ധമുണ്ട്. നവ ലിബറല്‍നയങ്ങളുടെ; സാമ്രാജ്യ ആഗോളവല്‍ക്കരണത്തിന്റെ കൂടപ്പിറപ്പാണ് കൂറ്റന്‍ അഴിമതികള്‍. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് അഴിമതി ഹിമാലയാകാരം പൂണ്ടത്. 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം കുംഭകോണത്തിന്റെ തലപ്പത്തുണ്ടായ മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജ തിഹാര്‍ ജയിലിലാണ്. പിന്നാലെ രണ്ടുലക്ഷം കോടിയുടെ എസ് ബാന്‍ഡ് അഴിമതി പുറത്തുവന്നു. പ്രധാനമന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തിന് കീഴിലുള്ള ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ടാണ് എസ് ബാന്‍ഡ് അഴിമതി നടന്നത്. കാര്‍ഗിലില്‍ മരിച്ച ധീരജവാന്മാര്ക്കായി നിര്‍മിച്ച ഫ്ളാറ്റുകള്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വീതിച്ചുനല്‍കിയത് അഴിമതിമാത്രമല്ല രാജ്യം അന്നുവരെ കേള്‍ക്കാത്ത കൊടുംക്രൂരതകൂടിയായി. കോമൺവെല്‍ത്ത് ഗെയിംസ്, ഐപിഎല്‍ കുംഭകോണങ്ങള്‍ രാജ്യത്ത് കൊടുങ്കാറ്റുയര്‍ത്തി. 90 ലക്ഷം കോടിയുടെ കള്ളപ്പണമാണ് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയക്കാരും വ്യവസായികളും വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. അഴിമതി നടത്തുകയും അങ്ങനെ സമ്പാദിക്കുന്ന പണംകൊണ്ട് അധികാരം നിലനിര്‍ത്തുകയും ചെയ്യുക എന്നതായിരിക്കുന്നു കോൺഗ്രസിന്റെ നയം.
ഇത്തരമൊരു അവസ്ഥയില്‍ ആത്മാഭിമാനമുള്ള ഏതിന്ത്യക്കാരനും ഈ കൊള്ളക്കാര്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനാകില്ല. സംശുദ്ധമായ പൊതുജീവിതത്തിനുടമയും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരകനുമായ അണ്ണ ഹസാരെയുടെ നിരാഹാര സമരം വമ്പിച്ച തോതില്‍ പിന്തുണയ്ക്കപ്പെട്ടതിന്റെ കാരണവും അതുതന്നെ. ഗാന്ധിജിയുടെ പിന്മുറക്കാരെന്ന പേരില്‍ അഴിമതിഭരണം നടത്തുന്നവര്‍ക്കെതിരായ അണപൊട്ടിയ രോഷപ്രകടനമാണത്. അഴിമതിവിരുദ്ധപോരാട്ടം രാജ്യത്താകെ വിപുലമായ തോതില്‍ ഉയരേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നതാണ് ഈ അനുഭവം. ഈ ജനമുന്നേറ്റം കണ്ട് മുതലെടുപ്പിനായി ചില രാഷ്ട്രീയനേതാക്കള്‍ എത്തിയെങ്കിലും അവരെ അകറ്റിനിര്‍ത്തുകയാണുണ്ടായത്. ഒരു ജനാധിപത്യസംവിധാനത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളെയും ഒഴിച്ചുനിര്‍ത്തി പകരം ആത്മീയ വ്യവസായികളെയും ഒറ്റയാള്‍ പ്രസ്ഥാനങ്ങളെയും അരാജകവാദികളെയും മുന്നില്‍ നിര്‍ത്തി അഴിമതിക്കെതിരെ വിജയംവരെ സമരം നയിക്കാനാകില്ല. ഇന്ത്യയില്‍ അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരടിക്കുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളാണ്. വീര്യം കെടുത്താന്‍ സാമ്രാജ്യ ഇടപെടലുകളും നെറികെട്ട ആക്രമണങ്ങളുമുണ്ടായിട്ടും വിട്ടുവീഴ്ചയില്ലാതെ നടത്തുന്ന ആ പോരാട്ടത്തോട് ചേര്ന്നുനില്ക്കേണ്ടതാണ് അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭവും. സന്നദ്ധരായി വരുന്ന ഇച്ഛാശക്തിയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളോട് സഹകരിക്കാനും കൂടുതല്‍ ശക്തവും വിപുലവുമായ രാഷ്ട്രീയപോരാട്ടമായി അതിനെ പരിവര്ത്തിപ്പിക്കാനുമാകണം. അഴിമതി തുടച്ചുനീക്കണമെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അതിനെതിരെ പൊരുതണം. അഴിമതി മുതലാളിത്തവ്യവസ്ഥയുടെ ഉപോല്‍പ്പന്നമാണെന്ന തിരിച്ചറിവുണ്ടാകണം. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും തനിനിറം വെളിച്ചത്തുകൊണ്ടുവരാനും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവര്‍ക്കുള്ള സ്ഥാനം ഇരുമ്പഴികള്‍ക്കുള്ളിലാണെന്ന് ഓര്‍മിപ്പിക്കാനും ജനങ്ങള്‍ക്ക് സാധിക്കണം. അത്തരമൊരു മഹായുദ്ധാരംഭത്തിന് പ്രചോദനമായിത്തീരട്ടെ ഹസാരെയുടെ സമരത്തിന്റെ വിജയം.
*****
ദേശാഭിമാനി മുഖപ്രസംഗം 11042011
Monday, April 11, 2011
Subscribe to:
Post Comments (Atom)
1 comment:
ആത്മാഭിമാനമുള്ള ഏതിന്ത്യക്കാരനും ഈ കൊള്ളക്കാര്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനാകില്ല. സംശുദ്ധമായ പൊതുജീവിതത്തിനുടമയും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരകനുമായ അണ്ണ ഹസാരെയുടെ നിരാഹാര സമരം വമ്പിച്ച തോതില്‍ പിന്തുണയ്ക്കപ്പെട്ടതിന്റെ കാരണവും അതുതന്നെ. ഗാന്ധിജിയുടെ പിന്മുറക്കാരെന്ന പേരില്‍ അഴിമതിഭരണം നടത്തുന്നവര്‍ക്കെതിരായ അണപൊട്ടിയ രോഷപ്രകടനമാണത്. അഴിമതിവിരുദ്ധപോരാട്ടം രാജ്യത്താകെ വിപുലമായ തോതില്‍ ഉയരേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നതാണ് ഈ അനുഭവം. ഈ ജനമുന്നേറ്റം കണ്ട് മുതലെടുപ്പിനായി ചില രാഷ്ട്രീയനേതാക്കള്‍ എത്തിയെങ്കിലും അവരെ അകറ്റിനിര്‍ത്തുകയാണുണ്ടായത്. ഒരു ജനാധിപത്യസംവിധാനത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളെയും ഒഴിച്ചുനിര്‍ത്തി പകരം ആത്മീയ വ്യവസായികളെയും ഒറ്റയാള്‍ പ്രസ്ഥാനങ്ങളെയും അരാജകവാദികളെയും മുന്നില്‍ നിര്‍ത്തി അഴിമതിക്കെതിരെ വിജയംവരെ സമരം നയിക്കാനാകില്ല. ഇന്ത്യയില്‍ അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരടിക്കുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളാണ്. വീര്യം കെടുത്താന്‍ സാമ്രാജ്യ ഇടപെടലുകളും നെറികെട്ട ആക്രമണങ്ങളുമുണ്ടായിട്ടും വിട്ടുവീഴ്ചയില്ലാതെ നടത്തുന്ന ആ പോരാട്ടത്തോട് ചേര്ന്നുനില്ക്കേണ്ടതാണ് അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭവും. സന്നദ്ധരായി വരുന്ന ഇച്ഛാശക്തിയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളോട് സഹകരിക്കാനും കൂടുതല്‍ ശക്തവും വിപുലവുമായ രാഷ്ട്രീയപോരാട്ടമായി അതിനെ പരിവര്ത്തിപ്പിക്കാനുമാകണം. അഴിമതി തുടച്ചുനീക്കണമെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അതിനെതിരെ പൊരുതണം. അഴിമതി മുതലാളിത്തവ്യവസ്ഥയുടെ ഉപോല്‍പ്പന്നമാണെന്ന തിരിച്ചറിവുണ്ടാകണം. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും തനിനിറം വെളിച്ചത്തുകൊണ്ടുവരാനും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവര്‍ക്കുള്ള സ്ഥാനം ഇരുമ്പഴികള്‍ക്കുള്ളിലാണെന്ന് ഓര്‍മിപ്പിക്കാനും ജനങ്ങള്‍ക്ക് സാധിക്കണം. അത്തരമൊരു മഹായുദ്ധാരംഭത്തിന് പ്രചോദനമായിത്തീരട്ടെ ഹസാരെയുടെ സമരത്തിന്റെ വിജയം.
Post a Comment