Sunday, April 17, 2011

ഊഴിയം വേല

ഏഴജാതികളെ ചൂഷണംചെയ്യാനും കൊള്ളയടിക്കാനും മര്‍ദിക്കാനും എന്തൊക്കെ ന്യായങ്ങള്‍, അന്ന്.

നിയമങ്ങള്‍! സംവിധാനങ്ങള്‍ !

ഇന്നവ പലതും അവിശ്വസനീയമായിത്തോന്നും. പലതും ശ്വാസംമുട്ടിക്കുന്നവയാണ്. കാലത്തിന്റെ മുദ്രപതിഞ്ഞ വികാര പ്രപഞ്ചമാണവ. അവയുടെ യഥാര്‍ഥ രൂപം ചരിത്രപുസ്തകങ്ങളില്‍ കാണില്ല.

ഊഴിയംവേലയെപ്പറ്റിയുള്ള വിവരം ഹൃദയമുള്ളവരില്‍ ഒരു നീറ്റലോ ശ്വാസംമുട്ടലോ ഉണ്ടാക്കും. അത്രക്ക് ഭയങ്കരമായിരുന്നു അത്. “അതിന്റെ ഭയങ്കരത 1038ലെ രാജ്യഭരണ റിപ്പോര്‍ട്ടില്‍ സര്‍ ടി മാധവറാവുതന്നെ പറഞ്ഞിട്ടുണ്ട്. ഊഴിയമെന്നാല്‍ പ്രതിഫലമില്ലാതെ ഈഴവര്‍ മുതലായ ജാതിക്കാരെക്കൊണ്ടു ചെയ്യിച്ചുവന്ന ജോലികളായിരുന്നു. 990ലെ വിളംബരം ഇതിനു ശമനം വരുത്തിയില്ല. 1038ല്‍ 10,000 രൂപ ഊഴിയം നിറുത്തുന്നതിന് ചെലവില്‍ കൊള്ളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു." (സി കേശവന്‍, ജീവിതസമരം)

ഇതിന്റെ വ്യാപ്തി വളരെ വലുതായിരുന്നു.നിര്‍ബന്ധം വലുതായിരുന്നു. ഒഴിഞ്ഞുമാറിയാല്‍ ശിക്ഷ വലുതായിരുന്നു. ചുരുക്കത്തില്‍ ഒരുഗ്രമൂര്‍ത്തിയായി ഏഴജാതികളുടെ മുമ്പിലും പിറകിലും അതുനിന്നു.

"ഊഴിയംവേലയും വിരുത്തിയേര്‍പാടും ഒരുതരം അടിമവൃത്തി തന്നെയായിരുന്നു. ഇവിടെയുള്ള കോവിലകങ്ങളുടെയും ക്ഷേത്രങ്ങളുടെയും സര്‍ക്കാര്‍ വക സത്രങ്ങളുടെയും കെട്ടിടങ്ങളുടെയും കല്ലും മരവും പണിയും വിരുത്തിയും ഊഴിയവും പ്രകാരം നടന്നതാണെന്നറിയണം. സര്‍ക്കാരിനുമുണ്ടായിരുന്നു നല്ലൊരു അടിമ ശേഖരം. അതിന് പുറമെയാണ് ഈ വക ഏര്‍പ്പാടുകള്‍. ക്രിസ്തുമത വിശ്വാസികളായ ഇംഗ്ലീഷുകാരുടെ മേല്‍കോയ്മക്ക്ശേഷം ക്രിസ്തുമതത്തിലേക്ക് മതംമാറ്റപ്പെട്ട അധഃകൃതര്‍ക്കാണ് തെല്ലൊരാശ്വാസം ലഭിച്ചത്. അതിനുമുണ്ടായിരുന്നു നിബന്ധനകള്‍-പൊതുസ്ഥാപനങ്ങളില്‍ ഞായറാഴ്ച ദിവസങ്ങളില്‍ പണിയെടുക്കേണ്ടെന്നേയുള്ളൂ. മറ്റൊന്ന് ഹിന്ദുമത സംബന്ധമായ പുറംജോലികള്‍ക്ക് ക്രിസ്ത്യാനികളെക്കൊണ്ട് ഊഴിയംവേല നടത്തേണ്ടെന്നും! ഇവിടെ ദേശക്ഷേത്രങ്ങളും ക്ഷേത്രസദസ്സുകളും നിത്യവും ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തായി നടക്കുകയും അതിനാവശ്യമായ നെല്ലും അരിയും പച്ചക്കറി സാമാനങ്ങളും വിറകും "ഫ്രീ"യായി കൊടുക്കേണ്ടിവരികയും ചെയ്യുന്ന ഒരവസ്ഥയെക്കുറിച്ച് ഒന്നാലോചിക്കൂ-ഈ അടിമയും അടിമപ്പണിയും അടിമക്കച്ചവടവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തണലില്‍ തഴച്ചുവളര്‍ന്ന മിഷണറിമാരുടെ മനുഷ്യകാരുണ്യപരമായ പ്രവര്‍ത്തനങ്ങളുടെ അനുബന്ധമായാണ് ഒരു ചിന്താവിഷമായി ഭരണകര്‍ത്താക്കളുടെ ഓര്‍മയില്‍ എത്തിയതുപോലും! എത്രതവണ നിയന്ത്രണങ്ങളും നിരോധന ഉത്തരവുകളും ഉണ്ടായിട്ടും ഫലമുണ്ടായില്ല. ഞായറാഴ്ച ജോലിക്ക് വരേണ്ട, സര്‍ക്കാര്‍വക അടിമകളുടെ സന്താനങ്ങള്‍ക്ക് സ്വാതന്ത്ര്യം-പിന്നെ നിലം പുരയിടം ഉടമകളുടെ അപ്രീതി എന്തൊക്കെ വിടവുകളും കാരണങ്ങളും നിയമങ്ങളെത്തന്നെ നിയന്ത്രിക്കാനും സംഹരിക്കാനുമുണ്ടായി. അടിമവ്യാപാരത്തിന് കമ്പനി സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയപ്പോഴും സവര്‍ണ പ്രഭുക്കള്‍ക്ക് അടിമകളെ വാങ്ങാനും നിര്‍ത്താനുമുള്ള സൗകര്യം ഒരു പാരമ്പര്യാവകാശമെന്ന നിലയില്‍ അനുവദിച്ചിരുന്നു."(പി ഭാസ്കരനുണ്ണി: പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം)

ഈ പണി എവിടെയെല്ലാം നടത്തി; എന്തെല്ലാം ചെയ്തു തുടങ്ങിയ കാര്യങ്ങളൊന്നും കാര്യമായി അറിയാന്‍ വഴിയില്ല. അഥവാ അതിനുള്ള ശ്രമങ്ങള്‍ നടന്നതായിട്ടറിയില്ല. ഒരു തോടുവെട്ടിെന്‍റ കഥ പറയുന്നുണ്ട്, സി കേശവന്‍, ജീവിതസമരത്തില്‍. "കൊല്ലം-പരവൂര്‍ തോട് ആയിരാമാണ്ടോ മറ്റോ പാര്‍വതീഭായിയുടെ കാലത്താണ് ആദ്യം വെട്ടിയത്. അത് ഇരവിപുരത്തുനിന്ന് പുത്തന്‍വീടന്റെ തോപ്പും മറ്റും കടന്നു മങ്ങാട്ടുകൂടി കായലില്‍ വീണിരുന്നു. അത് പഴയാറാണ്. പിന്നെയാണ് ഈ പുതിയ തോട് വെട്ടിയത്. പഴയാറു നികന്നുപോയി. പഴയാറുവെട്ടിയ കഥ കുഞ്ഞുനാളില്‍ ഞാന്‍ കേട്ടിട്ടുണ്ട്. വളരെ രസമാണ്. ഇന്നൊക്കെ സര്‍ക്കാര്‍ തോടോ റോഡോ വെട്ടുംപോലുള്ള വെട്ടല്ല അന്ന്. സര്‍ക്കാര്‍ റിക്കാര്‍ഡ് നോക്കിത്തന്നെ ഞാന്‍ പറകയാണ്".

നാട്ടില്‍ ഏഴജാതികളായിട്ടുള്ള ഈഴവര്‍, ചാന്നാര്‍, വണ്ണാന്‍, കാവത, മുക്കുവന്‍, പറയര്‍, പുലയര്‍ ഈ ആളുകള്‍ വെട്ടിയതാണ്. അഥവാ അവരെക്കൊണ്ട് പേടിപ്പിച്ച് വെട്ടിച്ചതാണ്.

അധികാരികൾ

സ്ഥാനങ്ങള്‍വഴി ഏഴജാതികളെക്കൊണ്ട് കൂലിയില്ലാതെ പണിചെയ്യിക്കാന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ച ഒരു വിദ്യയാണ് ചിലര്‍ക്ക് "സ്ഥാനങ്ങൾ" കൊടുത്തിരുന്നത്. അതിന് രണ്ടുണ്ടായിരുന്നു പ്രയോജനം, സര്‍ക്കാരിന്. സര്‍ക്കാരിന്റെ പണികള്‍ നടത്തിക്കാന്‍ റോഡ് വെട്ട്, തോട് വെട്ട്, പുകയിലച്ചിപ്പം ചുമക്കല്‍, ഖജനാവിലേക്കുള്ള പണം ചുമക്കല്‍ തുടങ്ങി ഒട്ടേറെയുണ്ടത്-ആളായി. സര്‍ക്കാരിന് ചില്ലിക്കാശ് ചെലവില്ല. വരവുണ്ടുതാനും. ഈ സ്ഥാനികള്‍"ആണ്ടുകാഴ്ച"" വെക്കണം സര്‍ക്കാരിന്. അങ്ങനെ ചെലവില്ലാതെ വരവ് ഉണ്ടാക്കുന്ന എളുപ്പ വിദ്യ. ഇതാ ഒരു തിട്ടൂരം. കൊ. വര്‍ഷം 994ലേതാണിത്.

"... കൊച്ചിയില്‍ അഴിക്കും തെക്കോട്ട് കപ്പിയാകുളത്തിനും വടക്കോട്ട് കായലിനും പടിഞ്ഞാട്ടു കടല്‍ക്ക് കിഴക്കോട്ട് ഇതിന്നകത്ത് മുമ്പെനാലെ കുടി പതിവായിട്ട് പാര്‍ത്തുവരുന്ന ഈഴവരെക്കൊണ്ടും പുറംദിക്കില്‍നിന്നും വന്നുപാര്‍ക്കുന്ന ഈഴവരെക്കൊണ്ടും വേലന്മാരെക്കൊണ്ടും ഊഴിയംവേല അടിയന്തിരങ്ങള്‍ നടത്തേണ്ടതിന് മേല്‍ പുനമ്പനായിട്ട് നിന്നെ കല്‍പ്പിച്ചിരിക്കകൊണ്ടു വളയും കടുക്കനും പൊന്നുകെട്ടിയ വടിയും കൊണ്ടു നടക്കാനാണ് തിട്ടൂരം."

ഇതിനുമുണ്ട് ആണ്ടുകാഴ്ച.

"ആണ്ടുകാഴ്ച കല്‍പ്പിച്ച പുത്തന്‍ 12ഉം ആണ്ടുതോറും കൊച്ചി പ്രവൃത്തിയില്‍ അടച്ചുമുടങ്ങാതെ രസീതുവാങ്ങിച്ച് സൂക്ഷിച്ചുകൊള്ളണമെന്നാണ് കല്‍പ്പന."

അതിക്രമങ്ങള്‍

ഇതിന്റെ പേരില്‍ നടന്നിട്ടുള്ള അതിക്രമങ്ങള്‍ക്ക് കണക്കും കൈയുമില്ല. അവയ്ക്കും രേഖയില്ല. അതെത്രമാത്രം കണ്ണില്‍ ചോരയില്ലാതെയായിരുന്നുവെന്ന് കാണിക്കാന്‍ സി കേശവന്‍ രേഖപ്പെടുത്തിയ രണ്ട് സംഭവങ്ങള്‍ താഴെചേര്‍ക്കുന്നു.

"കൊച്ചുപിലാംമൂടു പാലം കെട്ടുകയാണ്.പാറ പൊട്ടിച്ചത് ആനകളാണ് വലിച്ചിട്ടുകൊടുക്കുന്നത്. പക്ഷേ ആനകള്‍ക്ക് തീറ്റ മുറക്ക് എത്തിക്കണം. അതിന് നിശ്ചയിച്ചത് ഭാഗ്യംകെട്ട മയ്യനാട്ടുകാരന്‍ ഒരീഴവനെയായിരുന്നു. അയാള്‍ക്ക് കഴിഞ്ഞില്ല ഓലയും മടലും കൈതയും കണിശത്തിനെത്തിക്കാന്‍. അയാളെ കുനിച്ചു കല്ല് മുതുകത്ത് കയറ്റി നിര്‍ത്തിപോല്‍ വളരെനേരം.

ഈ അധികാരി അങ്ങുന്നന്മാരുടെ അന്നത്തെ അധികാരവലിപ്പത്തിന് ഒരു സംഭവം കൂടി പറയാം.

ഞങ്ങളുടെ കുടുംബത്തിലെ ഒരു ശാഖയാണ് പൊട്ടിയഴീകം. അത് വടക്കുംഭാഗത്താണ്. അവിടെനിന്നും സാവധാനത്തില്‍ തെക്കോട്ട് സംക്രമിച്ച് മയ്യനാട്ടു ആധിപത്യം ഉറപ്പിക്കുകയാണ് മൂന്നു ചാന്നാന്‍മാര്‍ ചെയ്തത്. ആ കുടുംബത്തിലുണ്ടായി ആയിരാമാണ്ടടുപ്പിച്ചു യമസേവകന്മാരെപ്പോലെ ഒരു ആറു സഹോദരന്മാര്‍. ഇന്നും പാട്ടുണ്ട് അവരെപ്പറ്റി.

പട്ടന്‍, കുത്തത, കുന്തക്കാലന്‍, കറുകിറുകേന്‍ എലവാലന്‍ പക്കി ....

ഈ കുത്തത മൂപ്പില കുത്തതപ്പണം ശരിയായി പിരിയാതിരുന്നതിന് ഒരു സന്ദര്‍ഭത്തില്‍ അങ്ങു വടക്കുനിന്ന് പാവപ്പെട്ട "ചോത്തികളുടെ" നാഴൂരിമിന്നു അടിച്ചുപറിച്ചുകൊണ്ടുവന്ന വീരാഗ്രണിയാണ്..."

ഊഴിയംവേലയും മതംമാറ്റവും

പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ മതപ്രചാരണ ശ്രമങ്ങളുടെ ഫലത്തെപ്പറ്റി കേണല്‍ മണ്‍റോയുടെ ചോദ്യത്തിന് റിംഗിള്‍ടാബ് നല്‍കിയ മറുപടിയില്‍ മതംമാറ്റത്തിന്റെ സ്ഥിതി സൂചിപ്പിക്കുന്നുണ്ട്. 1813ല്‍ ആണ് റിംഗിള്‍ടാബ് കത്തെഴുതിയത്:

"ഈ നാട്ടിലെ സ്ഥിതിഗതികള്‍ എല്ലാം കുഴപ്പത്തിലായിരുന്നതിനാല്‍, നാട്ടുകാരില്‍ മിക്കവരും മിഷണറിമാരുടെ സഹായത്താല്‍ വലുതായ ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. മേലാല്‍ തലവരി, ഊഴിയം മുതലായവ കൊടുക്കേണ്ടിവരികയില്ലെന്നുള്ള വിചാരത്തോടുകൂടി ഈ സഭയില്‍ ചേരാന്‍ 5000 പേരോളം ഒരുങ്ങുന്നുണ്ട്" (പി ഭാസ്കരനുണ്ണി പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം)

അടിമയില്‍നിന്ന് കൂലിക്കാരനിലേക്ക്

നിയമങ്ങള്‍ ഉണ്ടായാലും ഫലം കിട്ടില്ല എന്ന അനുഭവത്തിന് മാറ്റംവന്നത് തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പിന്റെ പിറവിയോടെയാണ്-1860 ഓടുകൂടി. ഊഴിയം വേലകൊണ്ട് പണിനടക്കില്ലെന്ന അവസ്ഥ വന്നപ്പോള്‍ ചീഫ് എന്‍ജിനിയര്‍ ബാര്‍ട്ടന്‍ അവരെ നാലണ ദിവസക്കൂലിക്ക് പണിക്ക്ചേര്‍ത്തു.1865-66 കാലത്ത് ഈഴവരും അടിമജാതിയില്‍പെട്ടവരുമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 10000 പേരുണ്ടായിരുന്നു. 1875ലെ സെന്‍സസ്പ്രകാരം മൊത്തം ജനസംഖ്യയുടെ 18 ശതമാനം "തൊഴിലാളി"കളാണ്.

കൂലിയില്‍ വര്‍ധനവാണ് പൊതുമരാമത്ത് വകുപ്പിന്റെ പിറവിയോടെ ഉണ്ടായത്. മുമ്പു ഗ്രാമപ്രദേശങ്ങളില്‍ കിട്ടിയിരുന്നത് ഒന്നരയണയും ഒരുനേരത്തെ ആഹാരവുമായിരുന്നു. 1875ല്‍ നാലരയണയും ഒരു നേരത്തെ ആഹാരവും കൊടുക്കാതെ ഒരാളെ പണിക്ക് കിട്ടുകയില്ല എന്ന സ്ഥിതിയായി. അതോടൊപ്പം വേലസമയവും കുറഞ്ഞു. പൊതുമരാമത്ത് വകുപ്പ് നിലവില്‍ വന്നതോടെ "ഊഴിയം" വേരോടെതന്നെ അന്തര്‍ധാനം ചെയ്തു എന്നതാണ് എടുത്തുപറയാനുള്ളത്.*****


ആണ്ടലാട്ട്, കടപ്പാട് :ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഊഴിയംവേലയെപ്പറ്റിയുള്ള വിവരം ഹൃദയമുള്ളവരില്‍ ഒരു നീറ്റലോ ശ്വാസംമുട്ടലോ ഉണ്ടാക്കും. അത്രക്ക് ഭയങ്കരമായിരുന്നു അത്. “അതിന്റെ ഭയങ്കരത 1038ലെ രാജ്യഭരണ റിപ്പോര്‍ട്ടില്‍ സര്‍ ടി മാധവറാവുതന്നെ പറഞ്ഞിട്ടുണ്ട്. ഊഴിയമെന്നാല്‍ പ്രതിഫലമില്ലാതെ ഈഴവര്‍ മുതലായ ജാതിക്കാരെക്കൊണ്ടു ചെയ്യിച്ചുവന്ന ജോലികളായിരുന്നു. 990ലെ വിളംബരം ഇതിനു ശമനം വരുത്തിയില്ല. 1038ല്‍ 10,000 രൂപ ഊഴിയം നിറുത്തുന്നതിന് ചെലവില്‍ കൊള്ളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഗൗരിനാഥന്‍ said...

മുൻപും വായിച്ചിട്ടുണ്ട്..
എങ്കിലും ഇത്ര വിശദമായിരുന്നില്ല..
നന്ദി

Jesbis Corner said...

നന്ദി