Monday, April 11, 2011

ഭരണത്തുടര്‍ച്ച കേരളത്തിന് അനിവാര്യം

എന്തുകൊണ്ട് എല്‍ഡിഎഫ് തുടര്‍ന്നും അധികാരത്തില്‍ വരണം എന്നാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം ഞങ്ങള്‍ വിശദീകരിച്ചത്. അതിനു പ്രതികരണമായി 'കേരളത്തെ ബംഗാള്‍ ആക്കരുത്' എന്ന് എ കെ ആന്റണിയും കേന്ദ്രത്തിലും കേരളത്തിലും ഒരേകക്ഷി ഭരിക്കുന്നത് മഹത്തരമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിക്കുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയും കേരളത്തില്‍ യുഡിഎഫ് ഭരണവും ഉണ്ടായ കാലത്ത് സംസ്ഥാനത്തിനുവേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തവരല്ല ഇവര്‍. ഇന്ന്, യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ-ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദല്‍തീര്‍ത്താണ് കേരളത്തിന് മുന്നേറാനായത്. യുഡിഎഫിന്റെ ഭരണം അസഹ്യമായപ്പോഴാണ്, കേന്ദ്രത്തില്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കേത്തന്നെ ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തോടെ അഞ്ചുകൊല്ലം മുമ്പ് എല്‍ഡിഎഫിനെ ഭരണം ഏല്‍പ്പിച്ചത്. ആ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും കൂടിയ അളവില്‍ പാലിച്ചുകൊണ്ടാണ് ഇപ്പോള്‍ എല്‍ഡിഎഫ് ജനവിധി തേടുന്നത്. 'നിങ്ങള്‍ ഇന്നയിന്ന കാര്യങ്ങള്‍ വാഗ്ദാനംചെയ്തു; അതില്‍ ഇന്നയിന്ന കാര്യങ്ങള്‍ നടത്തിയില്ല' എന്നു വസ്തുനിഷ്ഠമായി പറയൂ എന്നാണ് തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ എല്‍ഡിഎഫ് ഉയര്‍ത്തിയ വെല്ലുവിളി. അതിനു മറുപടി പറയാതെയാണ്, സാങ്കല്‍പ്പികമായ മുദ്രാവാക്യങ്ങളും അടിസ്ഥാനരഹിതമായ അധിക്ഷേപങ്ങളും മുഴക്കി പ്രചാരണരംഗത്ത് പിടിച്ചുനില്‍ക്കാന്‍ സമുന്നത കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്.

എന്തുകൊണ്ട് എല്‍ഡിഎഫ് വീണ്ടും വരണം എന്ന ചോദ്യത്തിന്, കേരളത്തിന്റെ രക്ഷയ്ക്ക് എന്നുതന്നെയാണുത്തരം. ഇനിയൊരു തിരിച്ചുപോക്കിന് ഈ നാടിന് ശേഷിയില്ല. അഞ്ചുകൊല്ലം മുമ്പ് കടന്നുപോയ കൊള്ളയുടെയും അരാജകത്വത്തിന്റെയും മാഫിയാ രാജിന്റെയും പെൺവാണിഭങ്ങളുടെയും കാലം ആവര്‍ത്തിക്കപ്പെട്ടാല്‍ പിന്നെ കേരള മാതൃകയില്ല; കേരളീയന്റെ അഭിമാനമില്ല. ജീവനക്കാരോട് മുണ്ടുമുറുക്കിക്കെട്ടണമെന്നും അവശ വിഭാഗങ്ങളോടു നിങ്ങള്‍ക്ക് പെന്‍ഷന്‍ തരാന്‍ കാശില്ല എന്നും ഭൂമി ചോദിച്ച ആദിവാസികളോടു നിങ്ങള്‍ക്കുള്ളത് വെടിയുണ്ടയാണെന്നും ആത്മഹത്യാമുനമ്പില്‍നില്‍ക്കുന്ന കര്‍ഷകരെ സഹായിക്കല്‍ സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നും പറഞ്ഞ പാരമ്പര്യമാണ് യുഡിഎഫിന്റേത്. പൊതുമേഖല അവര്‍ക്ക് വിറ്റ് കാശുമാറാനുള്ളതായിരുന്നു. സര്‍ക്കാരിന്റെയും പൊതുമേഖലയുടെയും അധീനതയിലുള്ള ഭൂസ്വത്ത് റിയല്‍ എസ്റേറ്റ് മാഫിയക്ക് തീറെഴുതിക്കൊടുക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. വോട്ടിനുവേണ്ടി വര്‍ഗീയ വികാരമിളക്കിവിടാറുള്ളവര്‍ക്ക് വൈദികരെയും കന്യാസ്ത്രീകളെയും തല്ലിയോടിക്കാനും ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുന്നു എന്നാക്ഷേപിക്കാനും മടിയുണ്ടായില്ല. യുഡിഎഫ് ഭരണകാലം വഴിവിട്ട ചെയ്തികളുടെ കാലമായിരുന്നുവെന്ന് പറഞ്ഞത് അന്ന് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണ്. അങ്ങനെ വഴിവിട്ട് പോകുന്ന ഒരു ഭരണം; അതിനെ അഭിനന്ദിക്കുന്ന നേതൃത്വം-അങ്ങനെയൊന്നിനുവേണ്ടി ഇനിയും കേരളീയര്‍ വോട്ടു ചെയ്യണമോ?

സാമൂഹ്യനീതിയിലധിഷ്ഠിതമായ സമഗ്രവികസനം എന്നത് വെറും മുദ്രാവാക്യമല്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചു. ഇന്നുള്ളതിനേക്കാള്‍ മുന്നോട്ടു പോകാനാകുമായിരുന്നു- കേന്ദ്രം സഹായിച്ചിരുന്നുവെങ്കില്‍. കേന്ദ്ര അവഗണന എത്രമാത്രം രൂക്ഷമാണെന്ന് ഇതേ പംക്തിയില്‍ നേരത്തെ ചര്‍ച്ചചെയ്തതാണ്. അരിതരാതെ, വായ്പ നല്‍കാതെ, അര്‍ഹമായ നികുതി വിഹിതം നല്‍കാതെ, അന്യസംസ്ഥാനങ്ങള്‍ താരതമ്യേന പിന്നോക്കമാണെന്നുചൂണ്ടിക്കാട്ടി കേന്ദ്ര പദ്ധതികള്‍ വെട്ടിക്കുറച്ച് സംസ്ഥാനത്തെ ശ്വാസംമുട്ടിച്ച യുപിഎ സര്‍ക്കാരാണ് ഇന്ന് കേരളത്തിനുള്ള വികസന പ്രശ്നങ്ങള്‍ക്ക് വലിയ കാരണം.

അടിസ്ഥാന ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിലേക്ക് നിര്‍ണായകചുവടുവയ്ക്കാനായി എന്നതാണ് പൊതുവായ വികസനമുന്നേറ്റത്തോടൊപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാന സംഭാവന. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യപുരോഗതിയിലും സര്‍വകാലത്തെയും റെക്കോഡ് തകര്‍ക്കുന്ന മുന്നേറ്റമാണുണ്ടാക്കിയത്. എല്ലാ ആദിവാസികള്‍ക്കും പൂര്‍ണമായും സൌജന്യ ചികിത്സ ലഭിക്കുന്ന ആരോഗ്യ ചികിത്സാപദ്ധതിയും ആദിവാസി വനാവകാശനിയമവും ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. വനിതാനയത്തിനുരൂപം നല്‍കിയതും ജന്‍ഡര്‍ ഓഡിറ്റിങ്ങിനു തുടക്കം കുറിച്ചതും വനിതാ വികസനവകുപ്പ് രൂപീകരണ പ്രഖ്യാപനവും സ്ത്രീകള്‍ക്ക് തുല്യ നീതി ഉറപ്പാക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ്. സ്ത്രീകള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ക്ക് 770 കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ നീക്കിവച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനം കേരളമാണ്. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ പ്രായപരിധി 40 വയസ്സാക്കി മാറ്റുകയും തുക 400 രൂപയായി ഉയര്‍ത്തുകയും ചെയ്തു. ഇങ്ങനെയുള്ള പദ്ധതികളുടെ ഫലം നേരിട്ടനുഭവിക്കുന്ന സ്ത്രീ സമൂഹം, യുഡിഎഫിന്റെ തികഞ്ഞ സ്ത്രീവിരുദ്ധ മുഖവും കാണുന്നുണ്ട്. അവര്‍ എങ്ങനെ ആ മുന്നണിയെ അനുകൂലിക്കും?

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കുചിതമായ വികാരങ്ങള്‍ ഉണര്‍ത്തിയുള്ള വോട്ടുലാഭമാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെങ്കില്‍, അത്തരം അതിരുകള്‍ ഭേദിച്ചുള്ള ജനവികാരം എല്‍ഡിഎഫിനനുകൂലമായി വളര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫ് ഭരണം തുടര്‍ന്നേ മതിയാകൂ എന്ന് കരുതുന്ന ജനവിഭാഗങ്ങളെ മറ്റേതെങ്കിലും വികാരമുണര്‍ത്തി ഭിന്നിക്കാനാകില്ലതന്നെ. അതാണ് പ്രചാരണരംഗത്ത് തെളിഞ്ഞുകാണുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എഐസിസി ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധി എന്നിവരാണ് കോണ്‍ഗ്രസിന്റെ ഏറ്റവും ഉയര്‍ന്ന നേതാക്കള്‍. ഈ മൂവരെയും കൊണ്ടുവന്ന് പ്രചാരണത്തിലെ കുറവുകള്‍ തീര്‍ക്കാമെന്നാണ് യുഡിഎഫ് കരുതിയത്. വിപുലമായ തയ്യാറെടുപ്പുണ്ടായിട്ടും യുഡിഎഫ് അണികള്‍ നേതാക്കളെ സ്വീകരിക്കാന്‍ എത്തിയില്ല. എല്ലായിടത്തും ഒഴിഞ്ഞ കസേരകളോടാണ് ഈ നേതാക്കള്‍ക്ക് പ്രസംഗിക്കേണ്ടിവന്നത് എന്നാണ് വാര്‍ത്ത. ഇതൊരു സൂചനയാണ്. യുഡിഎഫ് അണികളും വോട്ടര്‍മാരും ആ മുന്നണി ഉയര്‍ത്തുന്ന രാഷ്ട്രീയത്തില്‍ തൃപ്തരല്ല എന്നതിന്റെ സൂചന.

മറുവശത്ത് എല്‍ഡിഎഫ് പ്രചാരണയോഗങ്ങളാകട്ടെ വന്‍ജനക്കൂട്ടങ്ങളായി മാറുന്നു. സോണിയ ഗാന്ധിയുടെ യോഗങ്ങളിലെ ശുഷ്ക പങ്കാളിത്തം വിമര്‍ശത്തിനിരയായിട്ടുപോലും പിന്നീട് വന്ന നേതാക്കളെ സ്വീകരിക്കാന്‍ അതിനേക്കാള്‍ കുറഞ്ഞ ജനങ്ങളെ ഉണ്ടായുള്ളൂ എന്നത് യുഡിഎഫിനെ സ്വന്തം അണികള്‍ക്കുപോലും മടുത്തിരിക്കുന്നു എന്നാണ് തെളിയിക്കുന്നത്. ആ മുന്നണിയുടെ പൂര്‍വകാലവുമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന വികാരമാണിത്. എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച യുഡിഎഫുകാര്‍ പോലും ആഗ്രഹിക്കുന്നു എന്നാണിതിനര്‍ഥം. കേരളത്തിന്റെ മുന്നോട്ടുപോക്കിന് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരണം എന്ന് എല്ലാവിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തിന്റെ പ്രതിഫലനമായിരിക്കും ഏപ്രില്‍ പതിമൂന്നിന്റെ സമ്മതിദാനാവകാശ വിനിയോഗം.


*****


പിണാറായി വിജയൻ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമൂഹ്യനീതിയിലധിഷ്ഠിതമായ സമഗ്രവികസനം എന്നത് വെറും മുദ്രാവാക്യമല്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചു. ഇന്നുള്ളതിനേക്കാള്‍ മുന്നോട്ടു പോകാനാകുമായിരുന്നു- കേന്ദ്രം സഹായിച്ചിരുന്നുവെങ്കില്‍. കേന്ദ്ര അവഗണന എത്രമാത്രം രൂക്ഷമാണെന്ന് ഇതേ പംക്തിയില്‍ നേരത്തെ ചര്‍ച്ചചെയ്തതാണ്. അരിതരാതെ, വായ്പ നല്‍കാതെ, അര്‍ഹമായ നികുതി വിഹിതം നല്‍കാതെ, അന്യസംസ്ഥാനങ്ങള്‍ താരതമ്യേന പിന്നോക്കമാണെന്നുചൂണ്ടിക്കാട്ടി കേന്ദ്ര പദ്ധതികള്‍ വെട്ടിക്കുറച്ച് സംസ്ഥാനത്തെ ശ്വാസംമുട്ടിച്ച യുപിഎ സര്‍ക്കാരാണ് ഇന്ന് കേരളത്തിനുള്ള വികസന പ്രശ്നങ്ങള്‍ക്ക് വലിയ കാരണം.