Tuesday, April 5, 2011

ചതിക്കുഴികള്‍ നിറഞ്ഞ യുഡിഎഫ് പ്രകടനപത്രിക

ഇരുമുന്നണികളുടെയും തെരഞ്ഞെടുപ്പു പ്രകടനപത്രികകള്‍ ജനസമക്ഷമുണ്ട്. പത്രികകള്‍ തമ്മില്‍ താരതമ്യപ്പെടുത്താനും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വാഗ്ദാനങ്ങളെ വിലയിരുത്താനും ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു.

ഏറ്റവും പ്രധാനപ്പെട്ടത് വികസനം സംബന്ധിച്ച കാഴ്ചപ്പാടിലെ വ്യത്യാസംതന്നെ. നിക്ഷേപവര്‍ധനയും വരുമാനവളര്‍ച്ചയുമാണ് യുഡിഎഫിന് വികസനം. ആരുടെ വരുമാനവളര്‍ച്ച എന്നതിന് പറയാതെ പറയുന്ന ഉത്തരമുണ്ട്. നിക്ഷേപകരുടെ; നിക്ഷേപിക്കാന്‍ കഴിവുള്ളവരുടെ. തൊഴിലും വരുമാനവുമില്ലാത്ത പാവങ്ങള്‍ക്ക് വരുമാനവളര്‍ച്ചയുടെ പങ്ക് സ്വായത്തമാക്കാന്‍ കഴിയുന്നതെങ്ങനെ എന്നതിന് ഉത്തരമില്ല. സാമ്പത്തിക വളര്‍ച്ചയുണ്ടാകുമ്പോള്‍ ദാരിദ്യം സ്വയമേവ ഇല്ലാതാകുമെന്നത്രേ വിചിത്രമായ വാദം. ഈ വാദത്തില്‍ കഴമ്പില്ല. "സാമ്പത്തികവളര്‍ച്ചയിലൂടെയുള്ള ദാരിദ്ര്യ നിര്‍മാര്‍ജനവും മാലിന്യമുക്തമായ സുന്ദരകേരളവുമാണ് യുഡിഎഫ് വിഭാവനം ചെയ്യുന്നത്'' എന്ന് വിശദീകരിക്കുമ്പോള്‍ മേല്‍ക്കൊടുത്ത സമീപനം കൂടുതല്‍ വ്യക്തമായി.

വികസനത്തിന്റെ ഫലം സാധാരണക്കാര്‍ക്ക് ലഭ്യമാകണമെങ്കില്‍ അവരെ ലക്ഷ്യമാക്കിയുള്ള ക്ഷേമപദ്ധതികള്‍ ഉണ്ടാകണം. അവ ഫലപ്രദമായി നടപ്പാക്കണം. എല്‍ഡിഎഫിന്റെ പ്രകടനപത്രിക നിക്ഷേപവര്‍ധനയിലും വരുമാനവളര്‍ച്ചയിലും ഊന്നുമ്പോള്‍ത്തന്നെ സമ്പത്തിന്റെ നീതിനിഷ്ഠിതമായ വിതരണവും ജനക്ഷേമവും ലക്ഷ്യമാക്കുന്നു. "ക്ഷേമവും നീതിയും ഉറപ്പുവരുത്തി അതിവേഗത്തില്‍ വളരുന്ന ഒരു പുതിയ മാതൃക കേരളത്തില്‍ സൃഷ്ടിക്കുന്ന''തിനാണ് ശ്രമം. ഇവിടെ രണ്ടുകാര്യത്തിലാണ് ഊന്നല്‍. ഒന്ന്, വിഖ്യാതമായ 'കേരളവികസന മാതൃക' ശക്തിപ്പെടുത്തണമെങ്കില്‍ ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ച സംസ്ഥാനം കൈവരിക്കണം. രണ്ട്, സാമൂഹ്യനീതിയും ജനക്ഷേമവുമായിരിക്കണം സാമ്പത്തികവളര്‍ച്ചയുടെ ഉരകല്ല്. എന്നാല്‍, 64 പേജുള്ള യുഡിഎഫ് പ്രകടനപത്രികയിലുടനീളം പരതിയാലും സാമൂഹ്യനീതിയെന്ന പദം കണ്ടെത്താനാകില്ല.

സാമൂഹ്യക്ഷേമപദ്ധതികളില്‍ പ്രധാനമാണല്ലോ ക്ഷേമപെന്‍ഷനുകള്‍. സംസ്ഥാനത്ത് 59 ലക്ഷം ജനങ്ങള്‍ ക്ഷേമപെന്‍ഷന്റെ ഗുണഭോക്താക്കളാണ്. 400 രൂപയിലെത്തിയ പെന്‍ഷന്‍ അഞ്ചുവര്‍ഷംകൊണ്ട് 1000 രൂപയിലെത്തിക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടന പത്രിക വാഗ്ദാനംചെയ്യുന്നത്. പെന്‍ഷന്‍ 200 രൂപയാക്കി ഉയര്‍ത്തുമെന്ന വാഗ്ദാനം പൂര്‍ണമായും പാലിക്കുകയും അത് പിന്നീട് 400 രൂപയാക്കിയതുമാണ് അനുഭവം. സാമൂഹ്യക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച് എന്താണ് യുഡിഎഫ് നിലപാട്? "സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ച് മുടക്കമില്ലാതെ എല്ലാ മാസവും ബാങ്കുകള്‍വഴി വിതരണം ചെയ്യുമെന്ന'' ഒഴുക്കന്‍ വാഗ്ദാനമാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. തുക എത്രയെന്ന് മിണ്ടാട്ടമില്ല. മുടക്കമില്ലാതെ വിതരണം നടത്തുമെന്ന കാര്യം അനുഭവസ്ഥര്‍ വിശ്വസിക്കുകയുമില്ല. കാരണം 27 മാസത്തെ കുടിശ്ശിക അവശേഷിപ്പിച്ചുകൊണ്ടാണല്ലോ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭരണമൊഴിഞ്ഞത്. സാമൂഹ്യക്ഷേമ പെന്‍ഷനോട് കോൺഗ്രസിന് പണ്ടേ അലര്‍ജിയാണ്. ക്ഷേമപെന്‍ഷനുകള്‍ ഉല്‍പ്പാദനക്ഷമമല്ലെന്നും പണമായി നല്‍കുന്ന അത്തരം സബ്സിഡികള്‍ ഒഴിവാക്കണമെന്നുമാണ് അവരുടെ അടിസ്ഥാന സമീപനം.

ജനിക്കുന്ന ഓരോ കുഞ്ഞിന്റെ പേരിലും 1000 രൂപ നിക്ഷേപിക്കുമെന്ന എല്‍ഡിഎഫിന്റെ വാഗ്ദാനം സുപ്രധാനമായ സാമൂഹ്യസുരക്ഷാ നടപടിയാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും സമാനമായ പദ്ധതിയില്ല. ഈ നൂതനപദ്ധതിയ്ക്ക് യുഡിഎഫ് പ്രകടനപത്രികയില്‍ രൂപപരിണാമം വന്നത് ഇങ്ങനെയാണ്: "പട്ടികജാതി/വര്‍ഗ കുടുംബങ്ങളിലും ബിപിഎല്‍ കുടുംബങ്ങളിലും ജനിക്കുന്ന ഓരോ പെൺകുട്ടിയുടെയും പേരില്‍ നിശ്ചിത തുക സര്‍ക്കാര്‍ നിക്ഷേപിക്കും.'' ആൺകുട്ടികളും എപിഎല്‍ കുടുംബങ്ങളും പദ്ധതിക്ക് വെളിയില്‍. തുകയും വ്യക്തമാക്കിയിട്ടില്ല.

എല്‍ഡിഎഫ് നിര്‍ദേശങ്ങളുടെ ദുര്‍ബലമായ അനുകരണംവേറെയുമുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രിക. അതുതന്നെ ആവര്‍ത്തിക്കുന്നത് മോശമെന്നു കരുതിയാകാം 3000 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുമെന്ന് യുഡിഎഫ് പറയുന്നു. മുന്‍ യുഡിഎഫ് കാലത്ത് അഞ്ചുവര്‍ഷംകൊണ്ട് അധികമായി ഉല്‍പ്പാദിപ്പിച്ചത് 14.09 മെഗാവാട്ടാണെന്ന് ഓര്‍മിക്കണം. പവര്‍കട്ടിന്റെയും ലോഡ്ഷെഡ്ഡിങ്ങിന്റെയും പൂരക്കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ 3000 മെഗാവാട്ടിന്റെ വാഗ്ദാനം ആരും വിശ്വസിക്കില്ല. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉല്‍പ്പാദിപ്പിച്ചത് 204 മെഗാവാട്ടും മുന്‍ എല്‍ഡിഎഫ് ഭരണത്തില്‍ ഉല്‍പ്പാദിപ്പിച്ചത് 1093.12 മെഗാവാട്ടുമാണെന്നും അറിയുമ്പോള്‍ 2000 മെഗാവാട്ട് തീര്‍ച്ചയായും ഉല്‍പ്പാദിപ്പിക്കാനാകും.

കാര്‍ഷികേതര മേഖലയില്‍ 25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന എല്‍ഡിഎഫ് വാഗ്ദാനം പെരുപ്പിച്ച് 36.6 ലക്ഷമാക്കി മാറ്റുന്നു യുഡിഎഫ് പ്രകടനപത്രിക. എന്താണ് അനുഭവം? മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം 1996-2001 ആണ്. യുഡിഎഫിന്റെ അവസാന വര്‍ഷമായ 1995ല്‍ സംസ്ഥാനത്തെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ചേര്‍ന്ന് ആകെ പണിയെടുത്തിരുന്നത് 11,62,542 പേര്‍. എല്‍ഡിഎഫിന്റെ അവസാനവര്‍ഷം (2001) അത് 12,14,105 ആയി ഉയര്‍ന്നു. 51,563 പേരുടെ വര്‍ധന. തുടര്‍ന്നുവന്ന യുഡിഎഫ് ഭരണത്തിന്റെ അവസാനമായപ്പോഴേക്കും (2006) അത് 11,11,137 ആയി ചുരുങ്ങി. 1,02,968 തൊഴിലവസരങ്ങളുടെ കുറവ്. പിന്നീട് വന്ന എല്‍ഡിഎഫ് ഭരണത്തില്‍ 2009 ആയപ്പോഴേക്കും തൊഴിലവസരങ്ങള്‍ 11,31,956 ആയി വീണ്ടും ഉയര്‍ന്നു. വര്‍ധന 20,819. എല്‍ഡിഎഫ് ഭരണത്തില്‍ തൊഴിലവസരങ്ങള്‍ കൂടുകയും യുഡിഎഫ് ഭരണത്തില്‍ കുറയുകയും ചെയ്യുന്നത് മനസ്സിലാക്കിയവര്‍ അവരുടെ പ്രകടനപത്രികയിലെ കാപട്യം മനസ്സിലാക്കാതിരിക്കില്ല. പ്രത്യേകിച്ചും 13,600 തസ്തിക നിര്‍ത്തലാക്കിയ വസ്തുത ഓര്‍മിക്കുമ്പോള്‍. 31,000 തസ്തിക സൃഷ്ടിക്കുകയും ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കുകയും ചെയ്ത എല്‍ഡിഎഫിന്റെ വാഗ്ദാനമാകും ജനങ്ങള്‍ മുഖവിലയ്ക്കെടുക്കുക.

അസംഘടിതമേഖലയിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് ഒരു മാസത്തെ വേതനത്തോടുകൂടിയ പ്രസവാവധി ആനുകൂല്യം കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപിച്ചത്. പ്രസവാവധി മൂന്നു മാസമാക്കുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നു. യുഡിഎഫ് വാഗ്ദാനം വിചിത്രമാണ്. "അസംഘടിത മേഖലയിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് പ്രസവാവധിയും ആനുകൂല്യവും നല്‍കും'' എന്നാണ് യുഡിഎഫ് വാഗ്ദാനം. എത്ര മാസത്തെ എന്നില്ല. ആനുകൂല്യം എത്രയെന്നുമില്ല. ആത്മാര്‍ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒഴുക്കന്‍ പ്രസ്താവന മാത്രം.

പൊതുവിതരണ സമ്പ്രദായത്തിന്റെ ഭാവി സംബന്ധിച്ച് യുഡിഎഫ് നിലപാട് ആശങ്ക ഉളവാക്കുന്നതാണ്. "പൊതുവിതരണ സമ്പ്രദായംവഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്നും ബിപിഎല്‍ കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് അര്‍ഹതയുള്ളവര്‍ക്കെല്ലാം ആനുകൂല്യം ലഭ്യമാക്കുമെന്നും'' പ്രകടനപത്രിക പറയുന്നു. പൊതുവിതരണ സമ്പ്രദായം ധാന്യങ്ങളില്‍ ഒതുങ്ങുന്നു, എപിഎല്‍ കുടുംബങ്ങളെ പരിധിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ നിയന്ത്രണമില്ലാത്ത സ്വതന്ത്രവിപണിയാണ് കോൺഗ്രസ് ലക്ഷ്യം. സകലര്‍ക്കും റേഷന്‍ ലഭിക്കുന്ന സംവിധാനമാണ് 1966 മുതല്‍ കേരളത്തില്‍ നിലവിലിരുന്നത്. 1997ലാണ് ബിപിഎല്‍-എപിഎല്‍ വിഭജനം വന്നത്.

എപിഎല്ലുകാരെ റേഷന്‍ വിതരണത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. റേഷന്‍ പരിമിതപ്പെടുത്തുന്ന നിലപാട് ഉറപ്പിക്കുകയാണ് യുഡിഎഫ് പ്രകടനപത്രിക. വ്യത്യസ്തമായ സമീപനമാണ് എല്‍ഡിഎഫിന്റേത്. ബിപിഎല്‍-എപിഎല്‍ വിഭജനംതന്നെ ഒഴിവാക്കുകയാണ് 70 ലക്ഷം കുടുംബത്തിന് രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന തീരുമാനത്തിലൂടെ. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ വാഗ്ദാനത്തില്‍ വന്‍ ചതി ഒളിഞ്ഞിരിപ്പുണ്ട്. കോഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നത് 11.5 ലക്ഷം ബിപിഎല്‍ കുടുംബങ്ങളെയാണ്. കൂടുതല്‍ കുടുംബങ്ങളെ കൂട്ടിച്ചേര്‍ത്ത് 40 ലക്ഷമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫിന് നേതൃത്വം നല്‍കുന്ന കേരളത്തിലെ കോഗ്രസ് 11.5 ലക്ഷം കുടുംബങ്ങളെ മാത്രമേ ബിപിഎല്‍ ആയി അംഗീകരിക്കൂ. അഥവാ അത്രയും കുടുംബങ്ങള്‍ക്ക് മാത്രമേ യുഡിഎഫ് വാഗ്ദാനപ്രകാരം ഒരു രൂപയ്ക്ക് അരി ലഭിക്കൂ.

അപകടസൂചന നല്‍കുന്നതാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ സംബന്ധിച്ച യുഡിഎഫ് നിലപാട്. "പൊതുമേഖലാ യൂണിറ്റുകളുടെ ഉടമസ്ഥാവകാശം പൊതുജനങ്ങളില്‍ അധിഷ്ഠിതമാക്കുന്ന ചട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നാ''ല്‍ എന്താണ് അര്‍ഥം? ഓഹരി വിറ്റഴിക്കുന്നതിനെ ന്യായീകരിക്കുന്ന കേന്ദ്രബജറ്റിലെ പദപ്രയോഗവും ഇതുതന്നെ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് കേന്ദ്രബജറ്റ് തുറന്നുപറയുന്നില്ല. മറിച്ച് പൊതുജനങ്ങളെ പങ്കാളികളാക്കണമെന്ന് പ്രസ്താവിക്കുന്നു. പക്ഷേ ആരാണ് ഓഹരി ഇടപാട് നടത്തുന്ന 'പൊതുജനം'? വിദേശ നിക്ഷേപകരും രാജ്യത്തെ വന്‍കിട ഓഹരി ഇടപാട് നടത്തുന്ന വ്യവസായികളും ധനസ്ഥാപനങ്ങളും. 96 കോടി രൂപയുടെ നഷ്ടം നികത്തി 300 കോടി ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുമെന്നാണ് യുഡിഎഫ് നിലപാടിന്റെ പൊരുള്‍.

സ്വാശ്രയ വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള നിലപാടും ശ്രദ്ധേയമാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഏറ്റവുമധികമുള്ള മേഖലയാണ് വിദ്യാഭ്യാസരംഗം. പ്രവേശനഫീസ്, സംവരണം, സിലബസ് പരിഷ്കരണം തുടങ്ങിയവയില്‍ വരുത്തുന്ന ചെറിയ മാറ്റംപോലും ഇവരെ പ്രകോപിപ്പിക്കുന്നു. "സ്വാശ്രയവിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം, ദുര്‍ബലവിഭാഗങ്ങളുടെ മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം, ഫീസ്, സംവരണം തുടങ്ങിയവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തും'' എന്ന യുഡിഎഫ് വാഗ്ദാനത്തിന് ഒറ്റ അര്‍ഥമേയുള്ളൂ. വിദ്യാഭ്യാസമേഖലയെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് തീറെഴുതുന്ന പതിവ് യുഡിഎഫ് തുടരും എന്ന്.

സാമൂഹ്യ സുരക്ഷാനടപടികള്‍കൊണ്ടുമാത്രം ജനതയുടെ ഭാവിശ്രേയസ്സ് വളര്‍ത്താനാകില്ല. ഭൌതികോല്‍പ്പാദനം വര്‍ധിക്കണം. അതിന് നിക്ഷേപം ഉയരണം. വരുമാനവും തൊഴിലും വളരണം. നിക്ഷേപവും ഉല്‍പ്പാദനവും വളരുന്നതിനനുസരിച്ച് ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയരണം. അല്ലെങ്കില്‍ വികസനം സ്തംഭിക്കും. നിക്ഷേപ വര്‍ധനയില്‍മാത്രം ഊന്നുന്നതാണ് യുഡിഎഫ് നയത്തിന്റെ ദൌര്‍ബല്യം.

അഞ്ചുവര്‍ഷംകൊണ്ട് അടിസ്ഥാന സൌകര്യമേഖലകളില്‍ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന യുഡിഎഫ് പ്രസ്താവന ആരും വിശ്വസിക്കില്ല. ചെലവുകള്‍ വെട്ടിച്ചുരുക്കി ക്രമാനുഗതമായി സര്‍ക്കാര്‍ ഉല്‍പ്പാദന-വിതരണ രംഗങ്ങളില്‍നിന്ന് പിന്മാറ്റം നടത്തുകയാണ് ശരിയായ മാര്‍ഗമെന്ന് കോൺഗ്രസ് സമീപനംതന്നെ ഒന്നാമത്തെ കാരണം. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ നടത്തിയ ആഗോള നിക്ഷേപക സമ്മേളനം (ജിം) പോലുള്ളവയുടെ ദയനീയ പരാജയമാണ് മറ്റൊരു കാരണം. 2003 ജനുവരിയിൽ നടന്ന ജിമ്മിൽ ലഭിച്ചത് 26000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. ധാരണാപത്രം ഒപ്പിട്ടത് 11,159 കോടി രൂപയ്‌ക്ക്. 2005 ജൂലൈ 8 വരെ നടന്ന യഥാർത്ഥ നിക്ഷേപം 247 കോടി രൂപയുടേത്. മൂന്നാമത്തെ കാരണം യു ഡി എഫ് കാലത്തെ ദുർബലമായ ധനസ്ഥിതി തന്നെ. റിസർവ് ബാങ്കിൽ നിന്ന് ഓവർഡ്രാഫ്റ്റ് സ്വീകരിച്ചാണ് ദൈനം ദിന ഭരണം നീക്കിയത്. ഈ പശ്ചാത്തലം ഓർമ്മയുള്ളവർ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം വീൺ‌വാക്കായി മാത്രമേ പരിഗണിക്കൂ.

40,000 കോടി രൂപയുടെ സമഗ്ര റോഡ് വികസന പദ്ധതി വാഗ്ദാനം ചെയ്യുന്ന എൽ ഡി എഫ് അതിനൊപ്പം വിഭവ സമാഹരണ സ്രോതസ്സുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. യു ഡി എഫ് പ്രകടന പത്രികയിൽ ഇല്ലാതെ പോകുന്നതും അതു തന്നെ. എൽ ഡി എഫ് ഭരണത്തിൽ ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നില്ല എന്നതും നികുതി- നികുതിയിതര വരുമാന സമാഹരണം ഇരട്ടി യിലേറെയായി വളർന്നു എന്നതും ശ്രദ്ധേയമായ കാര്യങ്ങളാണ്. റോഡ് ഫണ്ട് ബോർഡിനെയും റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷനേയും സ്വയം പ്രവർത്തനക്ഷമ സ്ഥാപനങ്ങളാക്കി മാറ്റി അവ മുഖേന വിഭവ സമാഹരണം നടത്തുകയാണ് നിർദ്ദേശിക്കപ്പെടുന്ന ഒരു മാർഗം. പലിശ രഹിത സ്ഥാപനമായ അൽ‌ബറാക് ഫിനാഷ്യൽ സർവീസസിന്റെ തുടക്കമാണ് മറ്റൊന്ന്. നിക്ഷേപ സംഖ്യ ഉദ്ധരിക്കുമ്പോൾ അതിനുള്ള മാർഗം കൂടി നിർവചിക്കണം.


*****

പ്രൊഫ. കെ എന്‍ ഗംഗാധരന്‍, കടപ്പാട് :ദേശാഭിമാനി 05042011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇരുമുന്നണികളുടെയും തെരഞ്ഞെടുപ്പു പ്രകടനപത്രികകള്‍ ജനസമക്ഷമുണ്ട്. പത്രികകള്‍ തമ്മില്‍ താരതമ്യപ്പെടുത്താനും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വാഗ്ദാനങ്ങളെ വിലയിരുത്താനും ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു.

ഏറ്റവും പ്രധാനപ്പെട്ടത് വികസനം സംബന്ധിച്ച കാഴ്ചപ്പാടിലെ വ്യത്യാസംതന്നെ. നിക്ഷേപവര്‍ധനയും വരുമാനവളര്‍ച്ചയുമാണ് യുഡിഎഫിന് വികസനം. ആരുടെ വരുമാനവളര്‍ച്ച എന്നതിന് പറയാതെ പറയുന്ന ഉത്തരമുണ്ട്. നിക്ഷേപകരുടെ; നിക്ഷേപിക്കാന്‍ കഴിവുള്ളവരുടെ. തൊഴിലും വരുമാനവുമില്ലാത്ത പാവങ്ങള്‍ക്ക് വരുമാനവളര്‍ച്ചയുടെ പങ്ക് സ്വായത്തമാക്കാന്‍ കഴിയുന്നതെങ്ങനെ എന്നതിന് ഉത്തരമില്ല. സാമ്പത്തിക വളര്‍ച്ചയുണ്ടാകുമ്പോള്‍ ദാരിദ്യം സ്വയമേവ ഇല്ലാതാകുമെന്നത്രേ വിചിത്രമായ വാദം. ഈ വാദത്തില്‍ കഴമ്പില്ല. "സാമ്പത്തികവളര്‍ച്ചയിലൂടെയുള്ള ദാരിദ്ര്യ നിര്‍മാര്‍ജനവും മാലിന്യമുക്തമായ സുന്ദരകേരളവുമാണ് യുഡിഎഫ് വിഭാവനം ചെയ്യുന്നത്'' എന്ന് വിശദീകരിക്കുമ്പോള്‍ മേല്‍ക്കൊടുത്ത സമീപനം കൂടുതല്‍ വ്യക്തമായി.