Sunday, April 3, 2011

അമേരിക്ക ഇന്ത്യക്ക് വിമാനം വില്‍ക്കുന്നത് കൂടിയ വിലയ്ക്ക്

അമേരിക്ക ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നല്‍കുമ്പോള്‍ കൂടുതല്‍ വില ഈടാക്കുന്നു. മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ 30 ശതമാനംവരെ കൂടിയ വിലയ്ക്കാണ് അമേരിക്ക ഇന്ത്യക്ക് വിമാനം വില്‍ക്കുന്നത്.ബോയിങ് കമ്പനിയുടെ സി-17 വിമാനം ഒന്നിന് ഓസ്ട്രേലിയയില്‍നിന്ന് ഈടാക്കുന്നത് 30 കോടി ഡോളറാണ്- ഏകദേശം 14,00 കോടി രൂപ. എന്നാല്‍, ഇതെ വിമാനം 41 കോടി ഡോളറിന് നല്‍കാനാണ് ഇന്ത്യയുമായി ധാരണയായത്.

സൈനികാവശ്യങ്ങള്‍ക്കുള്ള ചരക്കുവിമാനമാണ് സി-17. ടാങ്ക് ഉള്‍പ്പെടെ ഭാരം കൂടിയ യുദ്ധസാമഗ്രികള്‍ കടത്തുന്നതിനാണ് ഈ വിമാനം ഉപയോഗിക്കുന്നത്. വില വ്യത്യാസം എന്തുകൊണ്ടെന്ന ചോദ്യത്തിന് അമേരിക്കയില്‍നിന്ന് ഇനിയും മറുപടി ലഭിച്ചിട്ടില്ല. വിമാനക്കരാറിന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാസമിതിയുടെ അംഗീകാരം നല്‍കാനിരിക്കേയാണ് വില വ്യത്യാസം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. 410 കോടി ഡോളറിന് (ഏകദേശം 19,000 കോടി രൂപ) ബോയിങ് കമ്പനിയില്‍നിന്ന് പത്ത് സി-17 വിമാനം വാങ്ങാനാണ് കരാറിലെത്തിയത്. അമേരിക്കയുമായുള്ള ഏറ്റവും വലിയ ആയുധ ഇടപാടാണിത്.

റഷ്യയുടെ ഐഎല്‍-76 വിമാനങ്ങള്‍ക്ക് പകരമായാണ് സി-17 വിമാനങ്ങള്‍ വാങ്ങാന്‍ വ്യോമസേന തീരുമാനിച്ചത്. സ്വകാര്യക്കമ്പനിയില്‍നിന്നുള്ള വിമാനമായിട്ടും സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ നിര്‍ബന്ധമാക്കുന്ന വിദേശ സൈനിക വില്‍പ്പനപാതയിലൂടെയാണ് വിമാനം വാങ്ങാന്‍ നിശ്ചയിച്ചത്. വിമാനം വാങ്ങുന്നതിന് എ കെ ആന്റണിയുടെ പ്രതിരോധമന്ത്രാലയം പണം അനുവദിച്ചിട്ടുണ്ട്. അമേരിക്കന്‍ സര്‍ക്കാര്‍ വില്‍പ്പന വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും പൂര്‍ത്തിയാക്കിയത്. മാസങ്ങള്‍ക്കുമുമ്പ് പ്രതിരോധമന്ത്രി എ കെ ആന്റണി അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് ചര്‍ച്ചകള്‍ തുടങ്ങിയത്.

*****

ദേശാഭിമാനി 03042011

1 comment:

വര്‍ക്കേഴ്സ് ഫോറം said...