Sunday, April 3, 2011

എഴുപതു കഴിഞ്ഞിട്ടും പാവാട കെഎസ്‌യു

പാവാട കെഎസ്‌യു എന്ന പ്രയോഗം ആന്റണിയുടെ കെഎസ്‌യു കാലത്തിനു ശേഷം നിലവില്‍ വന്നതാണെന്നു വിശ്വസിക്കാനാണ് തീപ്പൊരി എസ്എഫ്ഐക്കാര്‍ക്കുപോലും ഇഷ്ടം. ഒരണ സമരവും കെഎസ്ആര്‍ടിസി ബസിന് കല്ലെറിയലും സിഐഎ പണം പറ്റലുമൊക്കെയായിരുന്നു വയലാര്‍ രവിയുടെയും ആന്റണിയുടെയും കാലത്ത് കെഎസ്‌യു ചെയ്തത്.

ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതോടെ കെഎസ്‌യുവിന് കൈവന്ന പ്രാധാന്യം വോട്ടാക്കി മാറ്റാന്‍ ക്യാമ്പസുകളില്‍ ശ്രമിച്ചപ്പോഴായിരിക്കണം കെഎസ്‌യു പാവാട കെഎസ്‌യു ആയി മാറിയത്. പെണ്‍കുട്ടികളുടെ ചുറ്റും പൈങ്കിളിത്തരവുമായി നടന്ന കെഎസ്‌യു നേതാക്കള്‍ക്ക് ഏതോ രസികന്‍ ചാര്‍ത്തിക്കൊടുത്ത പേര് സ്ഥാപക നേതാക്കളുടെ പുരികം നരച്ചിട്ടും മാറിയിട്ടില്ല.

ആരെങ്കിലും കണ്ണുരുട്ടിയാലും എസ്എഫ്ഐക്കാര്‍ തല്ലിയെന്നു കരഞ്ഞുപറഞ്ഞ് സഹതാപം നേടുക, സൈക്കിളില്‍ നിന്നു വീണ് കൈയിലെ തൊലി പോയാലും വലിയ ബാന്റേജിടുക, പറ്റുമെങ്കില്‍ ഒരു സ്ളിങ്ങിടുക, തലയില്‍ ചിരങ്ങുവന്നാല്‍ വലിയ കെട്ടുമായി വന്ന് എസ്എഫ്ഐക്കാര്‍ മര്‍ദിച്ചതാണെന്നു പറയുക, പരീക്ഷയ്ക്ക് കോപ്പിയടിച്ചതിനു പിടിച്ചാല്‍ ടീച്ചറുടെ മേല്‍ മഷിയൊഴിക്കുക, മാഷാണെങ്കില്‍ തന്തയ്ക്ക് വിളിക്കുക, പ്രിയദര്‍ശിനിയുടെ ജീവിതകഥ എന്ന പേരൊട്ടിച്ച നീലച്ചിത്രം കാണുക തുടങ്ങിയ തുടങ്ങിയ നിര്‍ദോഷപ്രവൃത്തികളായിരുന്നു ആദ്യഘട്ടത്തില്‍.

കാലക്രമത്തില്‍ ക്യാമ്പസുകളില്‍ നിന്ന് കെഎസ്‌യു ഇല്ലാതായി. ഹര്‍ ഖടി ബദല്‍ രഹി ഹെ രൂപ് സിന്ദഗി എന്ന സിനിമാ പാട്ടിലേതുപോലെ പാവാടയും ക്യാമ്പസില്‍ നിന്ന് കൊഴിഞ്ഞുപോയി. പകരം ചുരീദാറും ജീന്‍സും സെറാറയും മറ്റും മറ്റും പെട്ടെന്നെത്തി.

പാവാട കെഎസ്‌യുവിനെക്കുറിച്ച് പഴയകാല വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്കുള്ള ഗൃഹാതുര സ്മരണകള്‍ പുതുക്കിക്കൊണ്ടാണ് സംഘടനയുടെ സ്ഥാപകനേതാവ് പ്രചാരണം തുടങ്ങിയത്. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയാണ്, സോണിയഗാന്ധിയുടെ വലംകൈയാണ്, യുപിഎ സര്‍ക്കാരിലെ രണ്ടാമനോ മൂന്നാമനോ ആണ് എന്നതുകൊണ്ടൊക്കെ കെഎസ്‌യു നിലവാരത്തില്‍ നിന്ന് അല്‍പ്പം ഉയര്‍ച്ച കിട്ടിയിട്ടുണ്ടാകുമെന്ന് ഗൂഢമായി വിശ്വസിച്ചവരെയൊക്കെ തൃണമൂലമാക്കിക്കൊണ്ടാണ് ആന്റപ്പന്റെ പ്രകടനം മുന്നേറുന്നത്.

എല്‍ഡിഎഫിനെതിരെ എന്തു കള്ളവും പറയാനുള്ള സ്വാതന്ത്ര്യമുണ്ട് പ്രതിരോധമന്ത്രിക്ക്. അതില്‍ വിശ്വസിക്കേണ്ടവര്‍ക്ക് വിശ്വസിക്കാം. വി എസിന് രണ്ടു മുഖമുണ്ടെന്നു പറഞ്ഞു തുടങ്ങിയതാണ്. എന്റെ മുഖം കണ്ടയാള്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലാണെന്നു മറുപടി കിട്ടിയപ്പോള്‍ അതു നിര്‍ത്തി.

കാസര്‍കോട്ട് ചെന്നു പറഞ്ഞത് കേട്ടപ്പോള്‍ യുഡിഎഫ് ഭരണകാലത്ത് ആത്മഹത്യ ചെയ്ത കര്‍ഷകര്‍ കല്ലറ പൊളിച്ചു വന്ന് കൈയടിച്ചെന്ന് മുത്തശ്ശിപ്പത്രങ്ങള്‍ എഴുതാതിരുന്നത് മലയാളത്തിന്റെ സുകൃതം. കേരളത്തില്‍ കര്‍ഷകരുടെ ആത്മഹത്യ തടഞ്ഞത് സോണിയഗാന്ധിയും മന്‍മോഹന്‍സിങ്ങും ചേര്‍ന്നാണെന്ന് ആന്റണി പറഞ്ഞതു കേട്ടപ്പോള്‍ ആയിരക്കണക്കിനു കര്‍ഷകര്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്ത വിദര്‍ഭ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പോലും ചിരിച്ചുപോയിട്ടുണ്ടാകും.

പയ്യന്നൂരിലെ എടാട്ട് പ്രസംഗിക്കാനിരുന്ന വേദി പൊളിഞ്ഞപ്പോഴാണ് ആന്റണിയിലെ യഥാര്‍ഥ കെഎസ്‌യു പുറത്തുവന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുതര്‍ക്കത്തില്‍ പന്തല്‍ ചിലര്‍ കീറിയാലും കുറ്റം സിപിഐ എമ്മിന്റെ തലയില്‍. അഴിമതിയെക്കുറിച്ച് വാചാലനാകുമ്പോള്‍ 2ജി സ്പെക്ട്രവും എസ് ബാന്റും ആദര്‍ശ് ഫ്ളാറ്റുമൊക്കെ ആദര്‍ശത്തിന്റെ എഴുപതു പിന്നിട്ട വാമനാവതാരം മറന്നുപോകുകയാണ്.

*****

കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...