Friday, April 22, 2011

ജയ്താപൂരും ജനകീയ പ്രതിഷേധവും

ആണവനിലയങ്ങള്‍ കടുത്ത ആശങ്കപരത്തുന്ന കാലമാണിത്. അവ സൃഷ്ടിക്കുന്ന കനത്ത പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ ആണവനിലയങ്ങള്‍ക്കുവേണ്ടി വാദിക്കുകയും നടപ്പില്‍വരുത്തുകയും ചെയ്തിരുന്ന പല രാഷ്ട്രങ്ങളും അതില്‍നിന്ന് പിന്തിരിയുവാന്‍ തുടങ്ങി. അമേരിക്ക പുതിയ ആണവനിലയങ്ങള്‍ ആരംഭിച്ചിട്ട് എത്രയോ കാലമായി. ജപ്പാനില്‍ ഈയിടെയുണ്ടായ ഭൂകമ്പവും സുനാമിയും ആണവനിലയങ്ങളുടെ സുരക്ഷിതത്വത്തെയും ബാധിച്ചു. കടുത്ത അണുവികിരണത്തിന്റെ ഭീഷണിയിലാണ് ജപ്പാന്‍. ആണവനിലയങ്ങള്‍ പലതും അടച്ചുപൂട്ടുവാനും കരുതല്‍ നടപടികള്‍ സ്വീകരിക്കുവാനും പുതിയ പദ്ധതികള്‍ മരവിപ്പിക്കാനും ജപ്പാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

എന്നാല്‍ ഇത്തരം വസ്തുതകള്‍ പരിഗണിക്കുവാനോ പഠനം നടത്തുവാനോ ഇന്ത്യന്‍ ഭരണാധികാരികള്‍ സന്നദ്ധമല്ല. വന്‍കിട ആണവനിലയങ്ങളുടെ നിര്‍മാണത്തിനായാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ആണവനിലയത്തിനെതിരായി തദ്ദേശവാസികളായ ജനങ്ങള്‍ വന്‍ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവന് പ്രത്യാഘാതം സൃഷ്ടിക്കുന്നതായിരിക്കും ആണവനിലയം എന്ന ആശങ്കയാണ് ജനങ്ങളെ പ്രക്ഷോഭത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍ ജനങ്ങളുടെ വികാരത്തെ മാനിക്കുവാന്‍ കേന്ദ്രസര്‍ക്കാരോ മഹാരാഷ്ട്രാ സര്‍ക്കാരോ സന്നദ്ധമല്ല. ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുവാനാണ് അവര്‍ ശ്രമിക്കുന്നത്. പ്രക്ഷോഭകാരികള്‍ക്കുനേരെ ഇക്കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും പൊലീസ് അതിക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഏതു പ്രക്ഷോഭത്തെയും അവഗണിക്കുമെന്നും പദ്ധതിയുമായി മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്നാണ് അധികാരികള്‍ പറയുന്നത്.

9,900 മെഗാവാട്ടിന്റെ ആറു റിയാക്ടറുകള്‍ അടങ്ങുന്ന ആണവനിലയമാണ് ജയ്താപൂരില്‍ സ്ഥാപിക്കുവാന്‍ ലക്ഷ്യമിടുന്നത്. ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ വൈദ്യുതി നിലയങ്ങളിലൊന്നായിരിക്കും ജയ്താപൂരില്‍ സ്ഥാപിക്കപ്പെടുക.

ജപ്പാനില്‍ ഉണ്ടായ അത്യധികം ഗുരുതരമായ ആണവ പ്രത്യാഘാതത്തില്‍ നിന്ന് ഇനിയും അവര്‍ മോചിതരായിട്ടില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടോടുകൂടി പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള മുന്‍കൂര്‍ സജ്ജീകരണങ്ങളോടെ ജപ്പാനില്‍ ആരംഭിച്ച ആണവനിലയങ്ങളാണ് ഇന്ന് അവരെ ആശങ്കയുടെയും ഭയത്തിന്റെയും നടുക്കടലില്‍ എത്തിച്ചിരിക്കുന്നത്. ചെര്‍ണോബിലിലുണ്ടായ ആണവദുരന്തത്തിന് സമാനമോ അതിലും ഭീതിജനകമോ ആയിരിക്കും ജപ്പാനിലെ ആണവ വികിരണമെന്ന് അവര്‍ ഭയപ്പെടുന്നു.

അത്തരമൊരു അനുഭവം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും പുനപ്പരിശോധനകള്‍ക്കും തയ്യാറാകേണ്ടതാണ്. പഠനങ്ങളിലൂടെ വസ്തുതകള്‍ മനസ്സിലാക്കുകയും തീരുമാനം കൈക്കൊള്ളുകയുമാണ് ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങളില്‍ എടുത്തുചാട്ടവും മുന്‍ധാരണയും ഗുണം ചെയ്യുകയില്ല.

അമേരിക്കയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങിയും അവരുടെ പ്രീതിക്കുവേണ്ടിയും ആണവകരാര്‍ നടപ്പില്‍വരുത്തിയ യു പി എ സര്‍ക്കാരിന് അമേരിക്കയില്‍ നിന്ന് ആണവ റിയാക്ടറുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതമാവേണ്ടിവരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ആണവപദ്ധതികളോട് ഇപ്പോള്‍ വിമുഖത പ്രകടിപ്പിക്കുന്ന അമേരിക്കയ്ക്ക് ഇന്ത്യയെപ്പോലെ ദാസ്യഭാവം പ്രകടിപ്പിച്ചുനില്‍ക്കുന്ന രാഷ്ട്രങ്ങളെക്കൊണ്ട് റിയാക്ടര്‍ വാങ്ങിപ്പിച്ച് വ്യാപാരനേട്ടം കൊയ്യുകയാണ് ലക്ഷ്യം. അവരുടെ കെണിയില്‍ അറിഞ്ഞുകൊണ്ടുതന്നെ ചെന്നുചാടിയ കേന്ദ്രസര്‍ക്കാര്‍നയത്തിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യ അനുഭവിക്കുന്നത്.

ജയ്താപൂരിലെ ജനങ്ങളുടെ സ്വാഭാവികമായ പ്രതിഷേധത്തെ പരിഗണനയ്‌ക്കെടുക്കുവാനും ആണവ വൈദ്യുതനിലയങ്ങള്‍ സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക-ജീവല്‍ സംബന്ധമായ പ്രശ്‌നങ്ങളെ സമഗ്രപഠനത്തിന് വിധേയമാക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാവുകയാണ് ഇത്തരുണത്തില്‍ ചെയ്യേണ്ടത്. ശാസ്ത്രീയമായ പഠനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാനാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടത്. കൂറ്റന്‍ ആണവനിലയങ്ങളേക്കാള്‍ പ്രധാനം മനുഷ്യന്റെ ജീവനും സമൂഹത്തിന്റെ സുരക്ഷിതത്വവുമാണ്.

*****

ജനയുഗം മുഖപ്രസംഗം : 2011-04-21

1 comment:

വര്‍ക്കേഴ്സ് ഫോറം said...