Wednesday, April 13, 2011

കേരളം മുന്നോട്ടുതന്നെ

വികസനകാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ പിന്നോട്ടടിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും മന്‍മോഹന്‍സിങ്ങിന്റെയും ആക്ഷേപം. എ കെ ആന്റണിയാകട്ടെ കേരളത്തിന്റെ വികസനവേഗത്തെ കാളവണ്ടിയോട് ഉപമിക്കാനും തയ്യാറായി. എപ്രകാരമാണ് ഇവര്‍ വികസനത്തെ അളക്കുന്നത് എന്ന് അറിയില്ല. ബോധ്യപ്പെടാവുന്ന തെളിവുകളൊന്നും മൂന്നുപേരും നിരത്തുന്നില്ല. അതുകൊണ്ട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഒരു പരിശോധന ആവശ്യമാണ്.
വികസനത്തിന്റെ മാനദണ്ഡമായി സ്വീകരിക്കപ്പെട്ടിട്ടുള്ളത് ദേശീയ വരുമാനവളര്‍ച്ചയും സംസ്ഥാന ആഭ്യന്തരവരുമാനവളര്‍ച്ചയുമാണ്. ജനസാമാന്യത്തിന്റെ ജീവിതനിലവാരത്തിലുണ്ടാകുന്ന ഗുണപരമായ മാറ്റത്തെയാണ് വികസനം പ്രതിനിധാനംചെയ്യുന്നത്. അതായത്, ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതസൌകര്യം, തൊഴിലും മാന്യമായ വേതനവും- ഇവയെല്ലാം ലഭ്യമാക്കുകയാണ് വികസനത്തിന്റെ അടിസ്ഥാനലക്ഷ്യം. ഇന്ത്യയുടെയും കേരളത്തിന്റെയും വളര്‍ച്ചനിരക്കുകള്‍ താരതമ്യപ്പെടുത്താന്‍ തയ്യാറായിരുന്നെങ്കില്‍ സോണിയ ഗാന്ധിക്കും പ്രധാനമന്ത്രിക്കും അവാസ്തവപ്രസ്താവന ഒഴിവാക്കാന്‍ കഴിയുമായിരുന്നു. 2009-10ല്‍ ദേശീയ വരുമാനവര്‍ധന 7.4 ശതമാനമായിരുന്നു. സംസ്ഥാന ആഭ്യന്തരവരുമാനത്തിലുണ്ടായത് 9.73 ശതമാനം വളര്‍ച്ച. മുന്‍വര്‍ഷത്തെ (2008-09) സ്ഥിതിയും അങ്ങനെതന്നെ. ദേശീയ വരുമാനവളര്‍ച്ച 6.8 ശതമാനം. സംസ്ഥാന ആഭ്യന്തരവരുമാനവളര്‍ച്ചയാകട്ടെ 7.22 ശതമാനവും. ദേശീയ വരുമാനവളര്‍ച്ചനിരക്കിനേക്കാള്‍ ഉയര്‍ന്നതോതിലാണ് സംസ്ഥാനവരുമാനത്തിന്റെ വളര്‍ച്ച. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് വളര്‍ച്ച പിന്നോട്ടടിച്ചു എന്ന് ആക്ഷേപിക്കുന്നത്? പിന്നോട്ടടിച്ചത് ഇന്ത്യയുടെ ദേശീയവരുമാന വളര്‍ച്ചനിരക്കാണെന്നു പട്ടിക വ്യക്തമാക്കുന്നു.

മറ്റൊരു വ്യക്തമായ സൂചനയും മേല്‍ പട്ടിക നല്‍കുന്നുണ്ട്. അതായത്, കേരളം സാമ്പത്തികവളര്‍ച്ചയുടെ പാതയില്‍ പ്രവേശിച്ചിരിക്കുന്നു. 2008-09ലെ 7.22 ശതമാനം വളര്‍ച്ചയില്‍നിന്ന് 2009-10ലെ 9.73 ശതമാനത്തിലേക്ക് സംസ്ഥാനം മുന്നേറിയിരിക്കുന്നു. (കണക്കുകള്‍ക്ക് അവലംബം: ഇക്കണോമിക് സര്‍വേ 2010-11- ഇന്ത്യാ ഗവണ്‍മെന്റ്, ഇക്കണോമിക് റിവ്യു 2010- കേരള ഗവണ്‍മെന്റ്). രസകരമായ മറ്റൊരു വസ്തുതകൂടി പരാമര്‍ശമര്‍ഹിക്കുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തെ വളര്‍ച്ചനിരക്ക് സംബന്ധിച്ചാണത്. 2001-02ല്‍ കേരളം കൈവരിച്ചത് 5.17 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ്. 2002-03ല്‍ 7.30 ശതമാനവും വളര്‍ച്ച കൈവരിച്ചു. കാളവണ്ടിപ്രയോഗം സാധൂകരിക്കപ്പെടുന്നത് ഇവിടെയാണ്. യുഡിഎഫിന്റെ ഭരണത്തിലെ ശരാശരി വളര്‍ച്ചനിരക്ക് 7.57 ശതമാനമായിരുന്നു. അതേസമയം, എല്‍ഡിഎഫിന്റെ നാലുവര്‍ഷത്തെ ഭരണത്തിലെ വാര്‍ഷിക വളര്‍ച്ചനിരക്ക് 9.55 ശതമാനമാണ്. (കേരള ഇക്കണോമിക് റിവ്യു 2009, 2010 കാണുക).

കേരളം കൈവരിച്ച ഉയര്‍ന്ന വളര്‍ച്ചനിരക്ക് നിലനിര്‍ത്തപ്പെടുമോ, ഇനിയും ഉയര്‍ന്ന നിരക്ക് കൈവരിക്കുമോ, എന്നെല്ലാമുള്ള ചോദ്യങ്ങള്‍ പ്രസക്തങ്ങളാണ്. അതിന് കഴിയും എന്നുതന്നെ കരുതാം. അതിന് രണ്ടു കാരണമുണ്ട്. ഒന്ന്, സംസ്ഥാനത്തിന്റെ നികുതി- നികുതിയിതര വരുമാനത്തിലുണ്ടായിരിക്കൊണ്ടിരിക്കുന്ന വര്‍ധനയും സാമ്പത്തിക കെട്ടുറപ്പുമാണ്. 2005-06ലെ റവന്യൂവരുമാനം 10,716.41 കോടി രൂപയായിരുന്നു. 2010-11ലെ പുതുക്കിയ കണക്കനുസരിച്ച് സമാഹരിച്ച റവന്യൂവരുമാനം 24,158.08 കോടി രൂപയാണ്. 2011-12ലെ ബജറ്റ് വിഭാവനംചെയ്യുന്നത് 29,172.42 കോടി രൂപയുടെ റവന്യൂവരുമാനമാണ്. രണ്ട്, റവന്യൂ-ധനകമ്മിയിലുണ്ടാകുന്ന കുറവ് ഉയര്‍ന്നതോതിലുള്ള മൂലധനനിക്ഷേപം നടത്താന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നു. റവന്യൂചെലവ് നിലവിലുള്ളവ നിലനിര്‍ത്താനാണ്. മൂലധനനിക്ഷേപമാണ് ഭാവിവളര്‍ച്ചയുടെ താക്കോല്‍. 2005-06ലെ മൊത്തം മൂലധനനിക്ഷേപം 816.95 കോടി രൂപയുടേതായിരുന്നു. 2010-11ലെ മൂലധനനിക്ഷേപം 3193.69 കോടി രൂപയുടേതാണ്. വര്‍ധന 291 ശതമാനം.

വിവിധ രംഗങ്ങളില്‍ 2005-06ല്‍ ചെലവഴിച്ച ആകെ തുകയും 2011-12 ബജറ്റ് വിഭാവനംചെയ്യുന്ന തുകയും തമ്മിലെ താരതമ്യം പ്രധാനമാണ്. 2005-06നെ അപേക്ഷിച്ച് 2011-12ല്‍ വിദ്യാഭ്യാസരംഗത്തെ മൊത്തം മുതല്‍മുടക്ക് വര്‍ധന 204 ശതമാനവും ആരോഗ്യരംഗത്ത് 177 ശതമാനവുമാണ്. കൃഷി, മൃഗസംരക്ഷണം, സഹകരണം എന്നീ രംഗങ്ങളിലെ മുതല്‍മുടക്ക് വര്‍ധന 210 ശതമാനവും റോഡുകളും പാലങ്ങളും നിര്‍മാണത്തിന് 108 ശതമാനം വര്‍ധനയുമാണ് പ്രതീഷിക്കുന്നത്.
കേന്ദ്രം കേരളത്തിന് വാരിക്കോരി സഹായം നല്‍കുകയാണെന്ന വാദത്തില്‍ കഴമ്പില്ല. രണ്ട് ഉദാഹരണം ചൂണ്ടിക്കാണിക്കാം. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ നിക്ഷേപം നിരന്തരമായി ചുരുങ്ങുകയാണ്. പട്ടികയിലെ കണക്ക് സ്വയം സംസാരിക്കുന്നവയാണ്. കേന്ദ്ര പൊതുമേഖലാ നിക്ഷേപം വര്‍ധിക്കുകയല്ല. ക്രമാനുഗതമായി ഇടിയുകയാണ്. ഇതാണ് കേന്ദ്രസഹായത്തിന്റെ ഒരു ഉദാഹരണം. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിനുള്ള നികുതിവിഹിതവും നിരന്തരമായി കുറയുകയാണ്. സംസ്ഥാനത്തിന്റെ വികസനാവശ്യം വര്‍ധിക്കുകയും കേന്ദ്രത്തിന്റെ നികുതിവരുമാനം പെരുകുകയും ചെയ്യുമ്പോഴാണ് ഈ സ്ഥിതി എന്നോര്‍ക്കണം. സംസ്ഥാനങ്ങള്‍ക്ക് നീക്കിവച്ച നികുതിവിഹിതത്തില്‍ 10-ാം ധനകമീഷന്‍ അവാര്‍ഡുപ്രകാരം കേരളത്തിന് ലഭിച്ചത് 3.88 ശതമാനമായിരുന്നു. ഏറ്റവും ഒടുവിലത്തെ 13-ാം ധനകമീഷന്‍ അവാര്‍ഡുപ്രകാരം കിട്ടുന്നത് 2.34 ശതമാനംമാത്രം.
സംസ്ഥാനങ്ങള്‍ക്കകത്തുനിന്നു പിരിക്കുന്ന ആദായനികുതിയും എക്സൈസ് തീരുവയുമാണ് കേന്ദ്രത്തിന്റെ നികുതിസ്രോതസ്സുകള്‍. നികുതിവരുമാനത്തിന്റെ അവകാശികള്‍ ശരിക്കും സംസ്ഥാനങ്ങള്‍തന്നെയാണ്. 50 ശതമാനം നികുതിവരുമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. 13-ാം ധനകമീഷന്‍ നല്‍കുന്നത് 32 ശതമാനം. ശേഷിക്കുന്നത് കേന്ദ്രം കൈയടക്കുന്നു; വിവേചനാധികാരമുപയോഗിച്ച് കേന്ദ്രത്തോടൊട്ടിനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പങ്കിട്ടുനല്‍കുന്നു. ഫെഡറല്‍ സംവിധാനത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ല ഈ സമീപനം. പക്ഷേ, അങ്ങനെ ഒട്ടിനിന്നാലേ എന്തെങ്കിലും തരൂ എന്നാണ് യജമാനഭാവത്തില്‍ മന്‍മോഹന്‍ സിങ് പറയുന്നത്.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 13 ഏപ്രില്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വികസനകാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ പിന്നോട്ടടിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും മന്‍മോഹന്‍സിങ്ങിന്റെയും ആക്ഷേപം. എ കെ ആന്റണിയാകട്ടെ കേരളത്തിന്റെ വികസനവേഗത്തെ കാളവണ്ടിയോട് ഉപമിക്കാനും തയ്യാറായി. എപ്രകാരമാണ് ഇവര്‍ വികസനത്തെ അളക്കുന്നത് എന്ന് അറിയില്ല. ബോധ്യപ്പെടാവുന്ന തെളിവുകളൊന്നും മൂന്നുപേരും നിരത്തുന്നില്ല. അതുകൊണ്ട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഒരു പരിശോധന ആവശ്യമാണ്.