വോട്ട് ചോദിക്കാന്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാചകവാതകവില വര്‍ധിപ്പിക്കില്ലെന്ന് ഒരുറപ്പുതരുമോ? വോട്ടുചോദിക്കാന്‍ എത്തുന്ന എ കെ ആന്റണിയോടും വയലാര്‍ രവിയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും കെ വി തോമസിനോടും വേണുഗോപാലിനോടുമൊക്കെ വോട്ടര്‍മാര്‍ക്ക് നേരിട്ട് ചോദിക്കാവുന്ന ചോദ്യമാണിത്. ചോദിക്കേണ്ട ചോദ്യവുമാണ്. കാരണം, പാചകവാതകവില ഇരട്ടിയാക്കാന്‍ തീരുമാനിച്ചിട്ടാണ് അവര്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തുന്നത്. അല്ലെങ്കില്‍ അല്ലെന്ന് അവര്‍ പറയട്ടെ.
തെരഞ്ഞെടുപ്പൊന്നു കഴിഞ്ഞാല്‍ മതി; പാചകവാതക വില ഇരട്ടിയാകും. ധനമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി ഇക്കാര്യം തീരുമാനിച്ചുകഴിഞ്ഞു. വോട്ട് പെട്ടിയില്‍ വീണോട്ടെ; അതു കഴിഞ്ഞാവാം പ്രഖ്യാപനമെന്നു കരുതി കാത്തിരിക്കുന്നുവെന്നേയുള്ളൂ. ഇപ്പോള്‍ 345 രൂപയ്ക്ക് കിട്ടുന്ന വാതകം 650 രൂപയ്ക്കേ കിട്ടൂ എന്നര്‍ഥം. മെയ് മുതല്‍ ഇതാകും അവസ്ഥ.
പാചകവാതകത്തിന് വിലകൂട്ടാന്‍ പോകുന്നത് അന്താരാഷ്ട്ര കമ്പോളത്തില്‍ വിലവര്‍ധിച്ചതുകൊണ്ടല്ല; മറിച്ച് ഇന്ത്യയില്‍ നിലവിലുള്ള സബ്സിഡി എടുത്തുകളയുന്നതുകൊണ്ടാണ്. സബ്സിഡി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കാശില്ലത്രേ.
എന്തുകൊണ്ടാണ് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈയില്‍ കാശില്ലാതെപോകുന്നത്? റെവന്യൂ കുറഞ്ഞതുകൊണ്ടല്ല; അതു കൂടിയിട്ടേയുള്ളൂ. എന്നിട്ടും കൈയില്‍ കാശില്ല. കാശുണ്ടാകില്ല. കാരണം, കാശാകെ കുത്തകകള്‍ കൊണ്ടുപോകുകയാണ്. കഴിഞ്ഞ ഒറ്റ ബജറ്റിലൂടെ 4,60,972 കോടി രൂപയുടെ ഇളവാണ് കുത്തകകള്‍ക്ക് സമ്മാനിച്ചത്. എക്സൈസ് തീരുവയിനത്തില്‍ 1,98,291 കോടി, കസ്റംസ് തീരുവയിനത്തില്‍ 1,74,418 കോടി. എല്ലാം ചേര്‍ന്നാല്‍ 4,60,972 കോടി. 2005 മുതല്‍ 2011 വരെ ആകെ കൊടുത്ത ഇളവ് 21,25,023 കോടി.
ഇങ്ങനെ ലക്ഷക്കണക്കിനു കോടിയുടെ ഇളവുകളും ആനുകൂല്യങ്ങളും കുത്തകകള്‍ക്ക് കൊടുത്താല്‍ ഖജനാവില്‍ പണമുണ്ടാകുന്നതെങ്ങനെ? തൊണ്ണൂറു ലക്ഷം കോടി രൂപയുടെ കള്ളപ്പണമുണ്ട് വിദേശബാങ്കുകളില്‍. അതു പിടിച്ചെടുക്കില്ല, വന്‍കിട കോര്‍പറേറ്റുകളില്‍നിന്നായി 2009-10ല്‍ 5,02,299 കോടി രൂപയാണ് പിരിഞ്ഞുകിട്ടേണ്ടത്. അതും പിരിച്ചെടുക്കില്ല. പകരം എഴുതിത്തള്ളും. കോര്‍പറേറ്റ് സര്‍ചാര്‍ജ് കൂട്ടേണ്ടതിനു പകരം ഏഴര ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കും. ഇങ്ങനെയായാല്‍ ഖജനാവില്‍ എങ്ങനെ പണമുണ്ടാകും?
പിന്നെ പണമുണ്ടാക്കാനുള്ള മാര്‍ഗം പാവപ്പെട്ടവരെയും സാധാരണക്കാരെയും പിഴിയുകതന്നെ. അതിന് ഭക്ഷ്യസബ്സിഡി കുറയ്ക്കും; വളം സബ്സിഡി കുറയ്ക്കും; പാചകവാതക സബ്സിഡി എടുത്തുകളയും. ഇതാണ് സര്‍ക്കാരിന്റെ വഴി; വിലക്കയറ്റം വരുന്ന വഴിയും. കള്ളപ്പണം പിടിച്ചെടുത്താല്‍, കോര്‍പറേറ്റുകളില്‍നിന്നുള്ള തുക പിരിച്ചെടുത്താല്‍, അവര്‍ക്ക് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കാതിരുന്നാല്‍ ജനങ്ങളെ സഹായിക്കാം. പക്ഷേ, കോര്‍പറേറ്റുകളുടെ പ്രതിനിധികളാണ് ഭരണാധികാരത്തിലുള്ളത്. അതുകൊണ്ട് ആ പ്രതീക്ഷ വേണ്ട.
പെട്രോള്‍ വിലനിര്‍ണയാധികാരം ജൂൺവരെ സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. അത് അപ്പാടെ എണ്ണക്കമ്പനികള്‍ക്ക് കൈമാറി. അതുകൊണ്ടുതന്നെ ഓരോ മാസവുമെന്നോണം പെട്രോള്‍വില ഉയരുന്നു. ജൂണിനുശേഷം 22 ശതമാനം വര്‍ധിച്ചു. ലിറ്ററിന് 11 രൂപയുടെ വര്‍ധന. ഇതര ഇന്ധനങ്ങളുടെയും വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണ്; ആ അധികാരം എണ്ണക്കമ്പനികളില്‍ നിക്ഷിപ്തമാക്കാന്‍പോകുന്നു. അതോടെ മണ്ണെണ്ണവിലയ്ക്കും തീപിടിക്കും. റിലയന്‍സും എസ്സാറും പോലുള്ള കമ്പനികള്‍ എണ്ണവില നിശ്ചയിക്കുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി അരങ്ങൊഴിഞ്ഞുകൊടുക്കുന്നു. ഇതുകൊണ്ടാണ് അയല്‍രാജ്യങ്ങളിലുള്ളതിനേക്കാള്‍ വില ഇന്ത്യക്കാര്‍ക്ക് കൊടുക്കേണ്ടിവരുന്നത്. തികഞ്ഞ ലേസേഫെയര്‍!
ശതകോടീശ്വരന്മാര്‍ക്ക് ഇളവായിനല്‍കുന്ന തുകയുടെ ഒരംശംമതി കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കാന്‍. പാചകവാതകവില നിലവിലുള്ളതിനെ അപേക്ഷിച്ച് കാര്യമായി കുറയ്ക്കാന്‍. പക്ഷേ, സര്‍ക്കാരിന് അതിലൊന്നും താല്‍പ്പര്യമില്ല. ഉണ്ടാവുകയുമില്ല. ഭരണം ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ അന്വേഷണങ്ങളിലൂടെ കൈവരുന്നത്. അതിസമ്പന്നന്മാര്‍ക്കുവേണ്ടിയുള്ളതാണ് ഭരണം. അതുകൊണ്ടാണ് സബ്സിഡി എടുത്തുകളയുന്നത്. റോഡ്ടാക്സ് അടക്കമുള്ളവയില്‍നിന്ന് കിട്ടുന്നതിന്റെ ചെറു പങ്കുപോലും സംസ്ഥാനത്തിന് നല്‍കാന്‍ തയ്യാറാകാത്തത്.
കേന്ദ്രത്തില്‍ ആരും ചോദിക്കാനില്ലെന്ന അവസ്ഥയാണ്. ഒന്നാം യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ച കാലത്ത് പെട്രോള്‍വില മന്‍മോഹന്‍സിങ് വര്‍ധിപ്പിച്ചു. ഇടതുപക്ഷം ശക്തമായി ഇടപെട്ടു. ഇതേത്തുടര്‍ന്ന് വില കുറയ്ക്കാന്‍ യുപിഎ മന്ത്രിസഭ തയ്യാറായി. ഇന്ന് ആ അവസ്ഥയില്ല. അതു മുതലാക്കി യുപിഎ സര്‍ക്കാരാകട്ടെ ജനദ്രോഹനടപടികളുമായി കത്തിക്കയറുന്നു. അതിന്റെ ഭാഗമാകാന്‍ കേരളത്തില്‍നിന്ന് കുറെ മന്ത്രിമാരും!
എണ്ണവില നിയന്ത്രണാധികാരം എന്തിന് കുത്തക എണ്ണക്കമ്പനികള്‍ക്കുമുന്നില്‍ അടിയറവച്ചു? എന്തിന് മാസംതോറും പെട്രോള്‍വില കയറ്റുന്ന നിലയുണ്ടാക്കി? എന്തിന് പാചകവാതക സബ്സിഡി എടുത്തു കളയുന്നു? എന്തിന് അനേക ലക്ഷംകോടികള്‍ കോര്‍പറേറ്റുകള്‍ക്കായി എഴുതിത്തള്ളുന്നു? ഈ ചോദ്യങ്ങള്‍ക്ക് മറുപടി തന്നിട്ടുമതി വോട്ട് ചോദിക്കുന്നത് എന്നു പറയാനുള്ള ആര്‍ജവമാണ് കേരളീയര്‍ക്കുണ്ടാകേണ്ടത്. അത് ചോദിക്കാനുള്ള സന്ദര്‍ഭമാണിത്.
*****
പ്രഭാവർമ്മ, കടപ്പാട് :ദേശാഭിമാനി
Subscribe to:
Post Comments (Atom)
2 comments:
aashamsakal..........
Tamilnadu il karunanidhi cheythapole, petrol inte tax kurakkumennu ningal urappu tharumo?????
Post a Comment