ഇന്ത്യ ഒരു ജനാധിപത്യരാഷ്ട്രമാണ്- ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത് "ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ളിക്ക്'' എന്നാണ്. ഈ ജനാധിപത്യത്തെ സംരക്ഷിച്ചു നിലനിര്‍ത്തുന്നത് ഇന്ത്യന്‍ പൌരരുടെ തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ്. ഇന്ത്യയിലുള്ള ഓരോ വ്യക്തിക്കും, അവര്‍ സ്ത്രീയോ പുരുഷനോ, സമ്പന്നനോ ദരിദ്രനോ, ഭരണാധികാരിയോ ഭരണീയനോ, പണ്ഡിതനോ പാമരനോ, ചെറുപ്പക്കാരനോ വൃദ്ധനോ, ആരോഗ്യവാനോ രോഗിയോ ആരായാലും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. 121 കോടിയോളം ജനങ്ങളുള്ള ഇന്ത്യയുടെ ജനാധിപത്യത്തെ ലോകമെമ്പാടും വലിയ ആദരവോടെയാണ് നോക്കിക്കാണുന്നത്.
രാഷ്ട്രീയചരിത്രത്തില്‍, ജന്മിത്വ-രാജത്വ-ഏകാധിപത്യ സംവിധാനങ്ങളെ അതിജീവിച്ചുകൊണ്ട്, ജനത്തിന്റെ അധികാരത്തില്‍ കേന്ദ്രീകരിച്ചു രൂപപ്പെട്ട ഒരു ഭരണസമ്പ്രദായമാണ് ജനാധിപത്യം. അവിടെ തെരഞ്ഞെടുപ്പിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. ജനാധിപത്യത്തിന്റെ ആണിക്കല്ലുതന്നെ വോട്ടവകാശമാണ്. അതുകൊണ്ടുതന്നെയാണ് ഭരണഘടനാനുസൃതമായ തെരഞ്ഞെടുപ്പിനു ഏറ്റവും മുന്തിയ പ്രാധാന്യവും അതിനായി കോടിക്കണക്കിന് രൂപയും ലക്ഷക്കണക്കിനു ഉദ്യോഗസ്ഥരുടെ സേവനവും ഉപയോഗപ്പെടുത്തുന്നത്. ഓരോ വ്യക്തിയുടെയും സ്വതന്ത്രമായ വോട്ടവകാശത്തെ മാനിച്ചുകൊണ്ടാണ്, കള്ളവോട്ടിനെ ക്രിമിനല്‍ക്കുറ്റമായി കണ്ട് തടയിടാന്‍ എല്ലാ ശ്രമങ്ങളും നടപടികളും കൈക്കൊള്ളുന്നത്.
മാത്രമല്ല, നാധിപത്യാവകാശമായ സമ്മതിദാനം വിനിയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് പരസ്യവും പ്രക്ഷേപണവും മറ്റും ചെയ്യുന്നത്. ഉത്തരവാദിത്തമുള്ള ഏതൊരു വ്യക്തിയും സഗൌരവം കാണുന്ന ഒന്നാണ് സമ്മതിദാനാവകാശം. അതിന്റെയെല്ലാം ഫലമായി തെരഞ്ഞെടുപ്പു പ്രഖ്യാപനം കഴിഞ്ഞാല്‍, ജനം ഉത്സാഹത്തിമിര്‍പ്പിലാണ്. കാരണം, അവരെ ആര് ഭരിക്കണം എന്നു തീരുമാനിക്കാനുള്ള ജീവത്തായ പ്രക്രിയയില്‍ അവര്‍ വോട്ടുചെയ്യുന്നതിലൂടെ ഭാഗഭാക്കാവുകയാണ്. അങ്ങനെ തെരഞ്ഞെടുപ്പു പ്രക്രിയ ഉത്തരവാദിത്തമുള്ള ജനാഘോഷമായി മാറ്റപ്പെടുന്നത് നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. അന്ധരും അംഗവൈകല്യമുള്ളവരും വൃദ്ധരും അംഗഹീനരുംവരെ പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ സജീവമായി ഇടപെടുന്ന ഒരു സംവിധാനമാണ് തെരഞ്ഞെടുപ്പു പ്രക്രിയ. ഈ പ്രക്രിയയാണ് ഇന്ത്യന്‍ ഭരണഘടനയെ അര്‍ഥവത്തായ രീതിയില്‍ പ്രാവര്‍ത്തികമാക്കി നിലനിര്‍ത്തുന്നത്.
2011 ഏപ്രില്‍-മെയ് മാസങ്ങളിലായി ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുകയാണ്. അങ്ങനെ ഇന്ത്യയുടെ ഭരണത്തെ കാതലായി ബാധിക്കുന്ന തെരഞ്ഞെടുപ്പില്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍സിങ്ങിനു അസമിലെ ദിസ്പുര്‍ നിയമസഭാമണ്ഡലത്തില്‍, ദിസ്പുര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പോളിങ് സ്റേഷനിലെ 721-ാം നമ്പരായാണ് വോട്ടുള്ളത്. 11-ാം തീയതി തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. അദ്ദേഹവും ഭാര്യ ഗുര്‍ഷരന്‍ കൌറും വോട്ടു രേഖപ്പെടുത്തിയില്ല. ഓര്‍ക്കണം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം വോട്ടുചെയ്തില്ല. ഈ മാന്യദേഹമാണു ഇന്ത്യന്‍ മഹാസാമ്രാജ്യത്തിന്റെ പ്രധാനമന്ത്രി. ഇന്ത്യന്‍ ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയെയും ധിക്കരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് എങ്ങനെ രാജ്യഭരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ പറ്റും?
ജനാധിപത്യത്തിന്റെ പരമപ്രധാന പ്രക്രിയയ്ക്കുവേണ്ടി സമയം ക്രമപ്പെടുത്താന്‍ കഴിയാത്ത അദ്ദേഹം രാജിവച്ച് ഒഴിയാനുള്ള ഔചിത്യം കാണിക്കേണ്ടതാണ്. അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയപാര്‍ടി അദ്ദേഹത്തെ സമുന്നത സ്ഥാനമാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുകയാണു വേണ്ടത്. അതുമല്ലെങ്കില്‍ സുപ്രീംകോടതി അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി പുറത്താക്കുകയാണ് വേണ്ടത്. ചെറുതും വലുതുമായ ഏതു കാര്യത്തിനും, പ്രമുഖസ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ രാജിവയ്ക്കണമെന്ന് സമയത്തും അസമയത്തും മുറവിളി കൂട്ടുന്ന ഭരണപക്ഷ-പ്രതിപക്ഷപാര്‍ടികള്‍ ഇത്ര ഗുരുതരമായ ഭരണഘടനാലംഘനം നടത്തിയ, ജനാധിപത്യത്തിന്റെ അടിത്തറയ്ക്കു കളങ്കംവരുത്തിയ ഡോ. മന്‍മോഹന്‍സിങ് രാജിവയ്ക്കണമെന്നാവശ്യപ്പെടുന്നില്ല എന്നത് ആശ്ചര്യകരം!! ഇവരൊക്കെ വോട്ടവകാശത്തെ അത്ര നിസാരമായിട്ടാണോ കാണുന്നത്?
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മറ്റൊരു മൌലികാവകാശം വ്യക്തിസ്വാതന്ത്ര്യമാണ്. അപ്പോള്‍ വോട്ടു ചെയ്യാനോ ചെയ്യാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ട് എന്നു നമുക്കു വാദിക്കാം. ശരിയാണ്. പക്ഷേ, ഐഎംഎഫ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള മുന്‍പരിചയം മാത്രമുള്ള ഒരു വ്യക്തിയാണെങ്കിലും അധികാരത്തില്‍ കയറിപ്പറ്റിക്കഴിഞ്ഞാല്‍ അതിപ്രധാനമായ ജനാധിപത്യപ്രക്രിയയില്‍ നിന്നു കുടുംബസമേതം ഒഴിഞ്ഞുനില്‍ക്കുന്നതു രാജ്യദ്രോഹം തന്നെയാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ ഉത്തരവാദപ്പെട്ട ജോലികള്‍ കാണും. പക്ഷേ, ഇവിടെ മുന്‍ഗണന ഒരു പ്രശ്നമായി മാറുന്നു. ജനാധിപത്യത്തില്‍ വോട്ടിന്റെ പ്രാധാന്യത്തിനു അതിര്‍വരമ്പുകളില്ല. അവിടെയാണു നീതിക്കും യുക്തിക്കും നിരക്കാത്ത ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഒഴിഞ്ഞുമാറല്‍. ഇത് അക്ഷന്തവ്യമായ കുറ്റമാണ്.
ഡോ. മന്‍മോഹന്‍സിങ്ങിനു ഇക്കാര്യം അറിഞ്ഞുകൂടാഞ്ഞിട്ടല്ല. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദിസ്പുരില്‍ അദ്ദേഹം വോട്ടു ചെയ്തിരുന്നു. ഇനി അദ്ദേഹം പ്രധാനമന്ത്രി ആയതുകൊണ്ട്, നിയമസഭയിലേക്കുള്ള സ്ഥാനാര്‍ഥിക്കു വോട്ടുചെയ്യുന്നത് തന്റെ അധികാരത്തിനു കുറവു വരുമെന്ന ചിന്തയാണെങ്കില്‍, അക്കാര്യം കൊണ്ടുതന്നെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരാന്‍ ഒരു കാരണവശാലും യോഗ്യനല്ലെന്നു വ്യക്തം. ഒരു സ്വതന്ത്രപൌരനു കക്ഷിരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനങ്ങളോടുള്ള പ്രതിഷേധമായി വോട്ടിങ് ബഹിഷ്കരിക്കാം. പക്ഷേ, രാജ്യത്തുടനീളം കോടികള്‍ ചെലവഴിച്ചു ഒരു രാഷ്ട്രീയപാര്‍ടിയുടെ വക്താവായി തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്തു ജനങ്ങളോടു വോട്ട് അഭ്യര്‍ഥിച്ചിട്ട്, തന്റെ ഊഴം വന്നപ്പോള്‍ വോട്ടു ചെയ്യാതിരിക്കുക ധാര്‍മികമല്ല, ഭൂഷണമല്ല, ജനാധിപത്യവിരുദ്ധമാണ്, ഭരണഘടനാവഹേളനമാണ്.
എല്ലാ മാധ്യമങ്ങളും ഇന്റര്‍നെറ്റ്, എസ്എംഎസ്, ഫെയ്സ്ബുക്ക്, ഓര്‍ക്കുട്ട്, ട്വിറ്റര്‍, യു ട്യൂബ് തുടങ്ങിയ എല്ലാവിധ വിവരസാങ്കേതിക മാധ്യമങ്ങളും ഈ വിഷയം ജനമധ്യത്തില്‍ കൊണ്ടുവന്നു പൊതുചര്‍ച്ചയ്ക്കു വിധേയമാക്കണമെന്നത് ചരിത്രദൌത്യമായി ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ പൌരനും കാണണമെന്നു കൂടി അറിയിക്കട്ടെ.
*****
അലോഷ്യസ് ഡി ഫെര്‍ണാന്റസ്, കടപ്പാട്: ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യ ഒരു ജനാധിപത്യരാഷ്ട്രമാണ്- ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത് "ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ളിക്ക്'' എന്നാണ്. ഈ ജനാധിപത്യത്തെ സംരക്ഷിച്ചു നിലനിര്‍ത്തുന്നത് ഇന്ത്യന്‍ പൌരരുടെ തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ്. ഇന്ത്യയിലുള്ള ഓരോ വ്യക്തിക്കും, അവര്‍ സ്ത്രീയോ പുരുഷനോ, സമ്പന്നനോ ദരിദ്രനോ, ഭരണാധികാരിയോ ഭരണീയനോ, പണ്ഡിതനോ പാമരനോ, ചെറുപ്പക്കാരനോ വൃദ്ധനോ, ആരോഗ്യവാനോ രോഗിയോ ആരായാലും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. 121 കോടിയോളം ജനങ്ങളുള്ള ഇന്ത്യയുടെ ജനാധിപത്യത്തെ ലോകമെമ്പാടും വലിയ ആദരവോടെയാണ് നോക്കിക്കാണുന്നത്.
Post a Comment