Wednesday, April 27, 2011

പത്രാധിപര്‍ക്ക് എന്തും ആകാമെന്നോ?

സമകാലിക മലയാളം വാരികയുടെ ഏപ്രില്‍ 22 ലക്കത്തില്‍ എസ് ജയചന്ദ്രന്‍നായര്‍ പേര് വച്ചെഴുതിയ മുഖപ്രസംഗം ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ കുറിപ്പ്. 'മുഖ്യമന്ത്രി അറിയാന്‍' എന്ന മുഖപ്രസംഗത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായി കുത്തക മാധ്യമങ്ങളും വലതുപക്ഷ ശക്തികളും ആസൂത്രണംചെയ്ത് നടപ്പാക്കിയ ഉപജാപങ്ങളും അപവാദ പ്രചാരണങ്ങളും പുറത്തായതിലുള്ള വെറിയും ബേജാറുമാണ്.

ഉന്നത ബുദ്ധിജീവി ജാടയില്‍ പൊതിഞ്ഞ് ജയചന്ദ്രന്‍നായര്‍ വിളിച്ചുപറയുന്ന അധിക്ഷേപങ്ങളും ആരോപണങ്ങളും അദ്ദേഹത്തെ ബാധിച്ച സ്ഥലജലവിഭ്രാന്തിയുടെ ഫലമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. ഒരു പ്രസിദ്ധീകരണമെന്ന നിലയില്‍ മലയാളം വാരികയുടെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കിയേക്കാവുന്ന അപരാധം കോഴിക്കോട്ട് നടന്നെന്ന പ്രതീതി സൃഷ്ടിക്കാനാണ് ജയചന്ദ്രന്‍ നായര്‍ ശ്രമിക്കുന്നത്. പരമപ്രധാനമായ പത്രസ്വാതന്ത്ര്യത്തെ ധ്വംസിക്കുന്ന നാടകത്തിന് ഈ ലേഖകനും മന്ത്രി എളമരം കരീമുമെല്ലാം ഗൂഢാലോചന നടത്തുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

സ്ഥാനാര്‍ഥിയെ വ്യക്തിഹത്യചെയ്യുന്ന രീതിയില്‍ ചില പ്രസിദ്ധീകരണങ്ങള്‍ യുഡിഎഫുകാര്‍ ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുന്നത് എങ്ങനെയാണ് മാധ്യമസ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നാക്രമണമാകുന്നത്. കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പിലും മഹാരാഷ്ട്രാനിയമസഭാതെരഞ്ഞെടുപ്പിലും പ്രകടമായ പെയ്ഡ് ന്യൂസ് പ്രവണതകള്‍ കേരളത്തിലും തലപൊക്കുന്നുണ്ടെന്ന് പത്രസമ്മേളനം നടത്തി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത് എങ്ങനെയാണ് മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാവുന്നത്. കോര്‍പറേറ്റ് ലോബി ഇലക്ഷന്‍ രംഗത്ത് ഇടപെടുന്നതിനെക്കുറിച്ച് പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഞങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നത് ഒരാഭാസ നാടകമായി’ ജയചന്ദ്രന്‍നായര്‍ക്ക് തോന്നിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അത് അദ്ദേഹം വിശദമാക്കേണ്ട കാര്യവുമാണ്.

ഇടതുപക്ഷം അപചയ വിധേയമാണെന്ന് പ്രചരിപ്പിച്ച് യുഡിഎഫിനുവേണ്ടി സൈദ്ധാന്തിക കസര്‍ത്തുകള്‍ നടത്തുന്ന കൂലിയെഴുത്തുകാരെവച്ച് സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും ദുര്‍ബലപ്പെടുത്താമെന്നാണ് പല കോര്‍പറേറ്റ് മുതലാളിമാരും വ്യാമോഹിക്കുന്നത്. മലയാളം വാരിക അക്കൂട്ടത്തിലുള്ളതാണല്ലോ. ഇലിയാസ് കനേറ്റിയെ ഉദ്ധരിച്ച്, അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ പൈശാചികത്വം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന വിചിത്ര പ്രതിഭാസത്തിന്റെ പ്രതീകമായി ഈ ലേഖകനെ അവതരിപ്പിക്കുന്ന ജയചന്ദ്രന്‍നായര്‍ സ്വന്തം ജാള്യം മറച്ചുവയ്ക്കാന്‍ നടത്തുന്ന ധൈഷണിക നാട്യം ചിരിയുയര്‍ത്തുന്നതാണ്. അധികാര ധാര്‍ഷ്ട്യം എന്നെപ്പോലുള്ളവരുടെ സമനില തെറ്റിച്ചിട്ട് കാലമേറെയായി എന്നൊക്കെ തട്ടിവിടാന്‍ ജയചന്ദ്രന്‍നായരെ പ്രകോപിപ്പിച്ചതെന്താണ്? ഒരു ഉപജാപകന്റെ കൌശലത്തോടെ വാരിക യുഡിഎഫിനു വേണ്ടി നടത്തിയ വൃത്തികെട്ട മാധ്യമതന്ത്രങ്ങള്‍ പുറത്തായതോടെ പത്രസ്വാതന്ത്ര്യത്തിനെക്കുറിച്ചുള്ള വാചകമടികളുമായി സ്വന്തം ജാള്യം മറച്ചുപിടിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. അച്ഛന്‍ പത്തായത്തിലില്ലെന്ന് പറയുന്നവന്റെ കാപട്യമാണ് ഈ മുഖപ്രസംഗം സ്വയം അനാവരണംചെയ്യുന്നത്.

ഏപ്രില്‍ 9ന് കോഴിക്കോട് പ്രസ്ക്ളബ്ബില്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റി നടത്തിയ പത്രസമ്മേളനമായിരിക്കാം ജയചന്ദ്രന്‍നായരെ ചൊടിപ്പിച്ചത്. തലേദിവസം എറണാകുളം പ്രസ്ക്ളബ്ബില്‍ നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ യുഡിഎഫിന്റെ ക്വട്ടേഷന്‍ സംഘങ്ങളായി രംഗത്ത് വന്നിരിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കോഴിക്കോട് ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ ഇലക്ഷന്‍ പ്രചാരണരംഗത്തെ സംഭവവികാസങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് ഞങ്ങള്‍ വിശദീകരിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, എം എ ബേബി, എളമരം കരീം എന്നിവരുടെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന മലയാളം വാരികയുടെ കോപ്പികള്‍ യുഡിഎഫ് വിതരണത്തിനായി സംഘടിപ്പിച്ചതായി തലേദിവസം ദേശാഭിമാനിയില്‍ വാര്‍ത്ത വന്നിരുന്നു. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മലയാളം വാരിക തയ്യാറാക്കിയ ബോംബ്’വിതരണത്തിനെത്തുന്ന വിവരവും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ജില്ലയിലെ പല മണ്ഡലങ്ങളിലും മറ്റ് ചില അശ്ളീല പ്രസിദ്ധീകരണങ്ങള്‍ യുഡിഎഫുകാര്‍ വിതരണത്തിനായി എത്തിച്ചതായും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് വി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി കൊടുക്കുന്നത്. അതിനെത്തുടര്‍ന്നാണ് വാരികക്കെതിരെ കമീഷന്‍ അന്വേഷണ നടപടികള്‍ സ്വീകരിച്ചത്.

സ്ഥലജലഭ്രമം പിടിപെട്ട ജയചന്ദ്രന്‍നായര്‍, സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനാണ് എളമരം കരീമിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റെന്ന് തട്ടിവിട്ടിരിക്കുകയാണ്. സര്‍വ ഉദ്യോഗസ്ഥ സംവിധാനവും ഇലക്ഷന്‍ കമീഷനാല്‍ നിയന്ത്രിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലവിലുള്ളപ്പോള്‍ എങ്ങനെയാണ് ഞാനും കരീമും അധികാര ദുര്‍വിനിയോഗം നടത്തിയതെന്ന് ജയചന്ദ്രന്‍നായര്‍ വിശദമാക്കേണ്ടതാണ്. ഇത്തരം യുക്തിരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അന്ധമായ സിപിഐ എം വിരോധംകൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്?

കോടികള്‍ ഒഴുക്കിയും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളെ രംഗത്തിറക്കിയും ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയെത്തന്നെ അട്ടിമറിക്കാനും കോര്‍പറേറ്റ്വല്‍ക്കരിക്കാനുമുള്ള പരീക്ഷണംകൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതിനായി അശോക് തന്‍വറെപ്പോലുള്ള രാഹുല്‍ ബ്രിഗേഡിന്റെ പ്രതിനിധികള്‍ കോഴിക്കോട്ട് തമ്പടിച്ചിരുന്നു. പൊതുമേഖലാ സംരക്ഷണത്തിന് ദേശീയ മാതൃയായിത്തീര്‍ന്ന കേരളത്തിന്റെ വ്യവസായമന്ത്രി മത്സരിക്കുന്ന മണ്ഡലം ഇവരുടെ ടാര്‍ജറ്റായിരുന്നു. നവലിബറലിസത്തിന് എളമരം കരീം അടിപ്പെട്ടുവെന്നെല്ലാം എഴുതിവിടുന്ന ജയചന്ദ്രന്‍നായര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വിസ്മയകരമായ ഇച്ഛാശക്തിയോടെ കേരളത്തിന്റെ പൊതുമേഖലാ സംരംഭങ്ങളെ പുനരുജ്ജീവിപ്പിച്ച കരീമിനെതിരെ കോര്‍പറേറ്റ് മുതലാളിമാരും ഇടനിലക്കാരും വ്യക്തിഹത്യാപരമായ ക്യാമ്പയിനുകള്‍ രൂപപ്പെടുത്തിയിരുന്നു. കേരളത്തിന്റെ പ്രകൃതിവിഭവങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കണ്ണുംനട്ടിരിക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള മാഫിയാ മൂലധന ശക്തികളും ബേപ്പൂര്‍ മണ്ഡലത്തില്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് എതിരുനിന്ന കരീമിനെതിരെ പണമൊഴുക്കിയിരുന്നു. അപവാദപ്രചാരണങ്ങള്‍ നടത്തിയിരുന്നു. യുഡിഎഫിന്റെയും ചില വിപ്ളവവായാടികളുടെയും അപവാദ പ്രചാരണങ്ങള്‍ തികഞ്ഞ അവജ്ഞയോടെ ബേപ്പൂരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന സത്യം മെയ് 13ന് കോര്‍പറേറ്റ് പത്രാധിപന്‍മാര്‍ക്ക് ബോധ്യമാവും.

പത്രസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുംകുറിച്ച് വാചകമടിക്കുന്ന നായര്‍ അടിയന്തരാവസ്ഥയില്‍ എന്തുചെയ്യുകയായിരുന്നുവെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. ഇന്ദിരാഫാസിസത്തിന്റെ കാലത്ത് ശ്രീ നായര്‍ മറ്റൊരു വാരികയുടെ പത്രാധിപരായിരുന്നല്ലോ. ഞങ്ങളെപ്പോലുള്ളവര്‍ കരുണാകരന്റെ ചാരവലയത്തിലും കക്കയംപോലുള്ള കോസന്‍ട്രേഷന്‍ ക്യാമ്പുകളിലും ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടപ്പോള്‍ മൌനം വിദ്വാന് ഭൂഷണമെന്ന് ചിന്തിച്ച് സുരക്ഷിത താവളങ്ങളങ്ങളിലൊളിച്ചതാണല്ലോ. ഇന്ദിരാസ്തുതികളിലൂടെ പത്രസ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നല്ലോ! കേളുഏട്ടന്‍ ഇരുന്ന കസേരയില്‍ ഇരിക്കാന്‍ ഭാഗ്യം ലഭിച്ച ടി പി രാമകൃഷ്ണനെന്നൊക്കെ ആക്ഷേപിക്കുന്ന നായര്‍ കോണ്‍ഗ്രസിനെപ്പോലെ നേതാക്കളെ മുകളില്‍നിന്ന് കെട്ടിയിറക്കുന്ന രീതി കമ്യൂണിസ്റ് പാര്‍ടികളില്‍ ഇല്ലെന്ന് അറിയാത്ത ആളല്ലല്ലോ.*****


ടി പി രാമകൃഷ്ണന്‍ ദേശാഭിമാനി 270411

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പത്രസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുംകുറിച്ച് വാചകമടിക്കുന്ന നായര്‍ അടിയന്തരാവസ്ഥയില്‍ എന്തുചെയ്യുകയായിരുന്നുവെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. ഇന്ദിരാഫാസിസത്തിന്റെ കാലത്ത് ശ്രീ നായര്‍ മറ്റൊരു വാരികയുടെ പത്രാധിപരായിരുന്നല്ലോ. ഞങ്ങളെപ്പോലുള്ളവര്‍ കരുണാകരന്റെ ചാരവലയത്തിലും കക്കയംപോലുള്ള കോസന്‍ട്രേഷന്‍ ക്യാമ്പുകളിലും ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടപ്പോള്‍ മൌനം വിദ്വാന് ഭൂഷണമെന്ന് ചിന്തിച്ച് സുരക്ഷിത താവളങ്ങളങ്ങളിലൊളിച്ചതാണല്ലോ. ഇന്ദിരാസ്തുതികളിലൂടെ പത്രസ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നല്ലോ! കേളുഏട്ടന്‍ ഇരുന്ന കസേരയില്‍ ഇരിക്കാന്‍ ഭാഗ്യം ലഭിച്ച ടി പി രാമകൃഷ്ണനെന്നൊക്കെ ആക്ഷേപിക്കുന്ന നായര്‍ കോണ്‍ഗ്രസിനെപ്പോലെ നേതാക്കളെ മുകളില്‍നിന്ന് കെട്ടിയിറക്കുന്ന രീതി കമ്യൂണിസ്റ് പാര്‍ടികളില്‍ ഇല്ലെന്ന് അറിയാത്ത ആളല്ലല്ലോ.