എസ്.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന സി.ഭാസ്‌കരന്‍ (65) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ അഞ്ചുദിവസം മുമ്പാണ് അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി 8.45 നായിരുന്നു മരണം.
കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് കിഴക്കേത്തെരുവ് ചേമ്പന്‍ വീട്ടില്‍ നെയ്ത്തുതൊഴിലാളികളായ പരേതനായ ശങ്കരന്റെയും അലോക്കല്‍ കുഞ്ഞിയുടെയും മൂത്ത മകനായി 1945 ഡിസംബര്‍ 15നാണ് ഭാസ്‌കരന്‍ ജനിച്ചത്. വേങ്ങാട് എല്‍. പി. സ്‌കൂള്‍, വട്ടിപ്രം യു.പി. സ്‌കൂള്‍, പാതിരിയാട് ഹൈസ്‌കൂള്‍, കണ്ണൂര്‍ എസ്. എന്‍. കോളേജ്, എറണാകുളം ലോ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ബാല്യകാലം മുതല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഭാസ്‌കരന്‍ 1966ല്‍ പാര്‍ട്ടി അംഗമായി. കെ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐയുടെ രൂപവത്കരണത്തിലും വളര്‍ച്ചയിലും കാര്യമായ പങ്ക് വഹിച്ചു. കേരള വിദ്യാര്‍ഥിഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ 1970 ഡിസംബറില്‍ എസ്.എഫ്.ഐ. രൂപം കൊണ്ടപ്പോള്‍ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1974 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. നിരവധി വിദ്യാര്‍ഥിസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായിട്ടുണ്ട്. എസ്.എഫ്.ഐ. മുഖമാസികയായ 'സ്റ്റുഡന്റി'ന്റെ ആദ്യ എഡിറ്ററായിരുന്നു. 15 വര്‍ഷം 'ചിന്ത' വാരികയുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, ചിന്ത പബ്ലിഷേഴ്‌സിന്റെ എഡിറ്റര്‍ തുടങ്ങിയ ചുമതലകളും വഹിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ചരിത്രവും രേഖപ്പെടുത്തുന്ന നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
സൌമ്യനായ പോരാളി
സൌമ്യനും ശാന്തനുമായിരുന്നു എന്നും സി ഭാസ്കരൻ. മായാത്ത മന്ദഹാസത്താൽ ഏത് സംഘർഷത്തെയും അലിയിച്ചുകളയാൻ അദ്ദേഹത്തിനായി. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായ എസ്എഫ്ഐയുടെ സ്ഥാപക പ്രസിഡന്റ് എന്ന നിലയിൽ സംഘടനയ്‌ക്ക് ദിശാബോധം നൽകിയവരിൽ പ്രധാനി. കെഎസ്എഫും പിന്നീട് എസ്എഫ്ഐയും നയിച്ച സമരമുഖങ്ങളിലെ നിറസാന്നിധ്യം. സമരാനുഭവങ്ങളുടെ തീച്ചൂളകളിൽ ഉരുകിത്തെളിഞ്ഞതാണ് ഭാസ്കരന്റെ വ്യക്തിത്വം.
1960കളുടെ അവസാനം. ബേക്കൽ ഹൈസ്കൂളിൽ വിദ്യാർഥിയായിരുന്ന കെഎസ്എഫ് ജില്ലാകമ്മിറ്റി അംഗം ഹുസൈനെ സ്കൂളിൽനിന്ന് പുറത്താക്കുന്നു. തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരമുഖത്ത്. അന്ന് കെഎസ്എഫ് നേതാക്കളായ പിണറായി വിജയൻ, സി ഭാസ്കരൻ, രാമൻ രാമന്തളി, സി പി അബൂബക്കർ എന്നിവർ സ്കൂളിലെത്തുന്നു. ആയുധങ്ങളുമായി സജ്ജരായിനിന്ന ആർഎസ്എസ് സംഘം നേതാക്കളെ വളഞ്ഞു. എന്നാൽ ആർഎസ്എസ് ഗുണ്ടാസംഘത്തിന്റ ഭീഷണിയെ കൂസാതെ ധീരമായി നിലകൊണ്ട വിദ്യാർഥി നേതാക്കളുടെ മുന്നിൽ മുട്ടുമടക്കുകയല്ലാതെ ഗുണ്ടാ സംഘത്തിന് വേറെമാർഗമില്ലായിരുന്നു. അപ്പോഴേക്കും സംഭവമറിഞ്ഞ് ഉദുമയിൽ നിന്ന് പാർടി പ്രവർത്തകരും എത്തി.അതോടെ ആർഎസ്എസ് സംഘം പിൻവാങ്ങി.
1969ൽ കൊല്ലം ഫാത്തിമ കോളേജിൽ നടന്ന സമരത്തിൽ ക്രൂരമായ പോലീസ് മർദനത്തിനിരയായ അദ്ദേഹം ഏറെക്കാലം ആശുപത്രിയിലായി. പിന്നീട് തന്റെ പ്രവർത്തന മേഖല 'ചിന്ത'യിലായപ്പോഴും ഉൾക്കാഴ്ചയോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിനായി. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശഭാഷകളിൽനിന്ന് നിരവധി പുസ്തകങ്ങൾ മലയാളത്തിൽ തർജമ ചെയ്ത് പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തു.
സ്വയം ജോലി ചെയ്യാനും മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിക്കാനും അദ്ദേഹത്തിനായി. ഏതു
ജോലിയായാലും കൃത്യമായി സമയനിഷ്ഠയോടെ പൂർത്തിയാക്കണം എന്ന കാര്യത്തിൽ അദ്ദേഹത്തിനു നിർബന്ന്ധമുണ്ടായിരുന്നുവെന്ന് ചിന്തയ്ക്കുവേണ്ടി നിരവധി പുസ്തകങ്ങൾ വിവർത്തനം ചെയ്ത സി പി അബൂബക്കർ ഓർമിക്കുന്നു.
കാലത്തിനും സാങ്കേതികവിദ്യക്കും വന്ന മാറ്റത്തിനനുസരിച്ച് ചിന്ത പബ്ലിക്കേഷൻസിനെ പുതുക്കാൻ അദ്ദേഹത്തിനു സാധിച്ചു. ചികിൽസയിലായിരിക്കുമ്പോഴും ചിന്തയ്ക്കുവേണ്ടി പുസ്തകങ്ങൾ തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം.
ത്രിപുരയ്ക്കുമേൽ ചുവപ്പുതാരം, യുവാക്കളും വിപ്ലവവും, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ: പ്രസക്തി, പ്രാധാന്യം, വിദ്യാഭ്യാസരംഗത്തെ വരേണ്യപക്ഷപാതം, സ്ത്രീവിമോചനം, കേരളത്തിലെ വിദ്യാർഥി പ്രസ്ഥാനം, ക്യൂബൻ വിപ്ലവത്തിന്റ കഥ ക്യൂബയുടെയും, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ആദ്യ പഥികർ, ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനം: ആദ്യ പഥികർ, കേരളത്തിലെ അധ്യാപക പ്രസ്ഥാനചരിത്രം എന്നിവയുൾപ്പടെ നിരവധി പുസ്തകങ്ങളുടെയും രണ്ടു ഡസനിലേറെ ലഘുലേഖകളുടെയും കർത്താവാണ്. ഒരു ഡസനിലധികം കൃതികളുടെ വിവർത്തകൻ. എ കെ ജിയുടെ സഞ്ചാരപഥങ്ങൾ, ഇ എം എസിന്റ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരം: വിവിധ ധാരകൾ എന്നിവ എഡിറ്റ് ചെയ്തു.
2003ലെ ഏറ്റവും നല്ല വിജ്ഞാന ഗ്രസ്ഥത്തിനുള്ള അബുദാബി ശക്തി അവാർഡ് ലഭിച്ചു.
കമ്യൂണിസ്റ്റ് ചരിത്രകാരന്‍
സി ഭാസ്കരന്റെ "ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ആദ്യ പഥികര്‍"" എന്ന ഗ്രന്ഥത്തിന് കെ ഇ എന്‍ കുഞ്ഞഹമ്മദ് എഴുതിയ അവതാരികയുടെ പേര് "ചരിത്രമായി മാറുന്ന ജീവചരിത്രം"" എന്നാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിസ്തുല സംഭാവനകള്‍ നല്‍കി ചരിത്രത്തിന്റെ ഭാഗമായ വിപ്ലവകാരികളുടെ ജീവചരിത്രം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രംതന്നെയാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ചരിത്രം അറിയണമെങ്കില്‍ ആദ്യപഥികരുടെ ജീവിതംകൂടി മനസിലാക്കണം. മാര്‍ക്സിസം-ലെനിനിസം പ്രചരിപ്പിച്ച വിപ്ലവകാരികളുടെ നിസ്വാര്‍ഥവും ത്യാഗപൂര്‍ണവും ലളിതവുമായ ജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഭാസ്കരന്‍ തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. മുമ്പേ നടന്ന വിപ്ലവകാരികള്‍ക്ക് ലിഖിത ചരിത്രത്തിന്റെ മഷിക്കൂട്ടൊരുക്കുകയായിരുന്നു ആദ്യപഥികരെക്കുറിച്ചുള്ള ഗ്രന്ഥ പരമ്പരയിലൂടെ സി ഭാസ്കരന്‍.
മൂന്ന് വാള്യങ്ങളിലായി ഇന്ത്യയിലെ ഒന്നും രണ്ടും തലമുറയിലെ മിക്കവാറും എല്ലാ നേതാക്കളെയും കുറിച്ചുള്ള സമഗ്രചിത്രം ലഭ്യമാക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആദ്യവാള്യം 2002ലും "മുമ്പേ നടന്നവര്‍"" എന്ന രണ്ടാംവാള്യം 2009ലും പുറത്തിറങ്ങി. ആദ്യ രണ്ട് വാള്യങ്ങള്‍ പുറത്തുവന്നപ്പോള്‍ കേരളത്തിലെ ഏഴ് നേതാക്കളെക്കുറിച്ച് മാത്രമേ എഴുതിയിരുന്നുള്ളു. കേരളത്തിലെ നേതാക്കന്‍മാരെക്കുറിച്ച് മാത്രമായി മറ്റൊരു പുസ്തകം പ്രസിദ്ധീകരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന നല്‍കിയ ആദ്യകാല നേതാക്കളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തണമെന്ന ദീര്‍ഘകാല മോഹമാണ് ഇത്തരമൊരു പുസ്തകരചനയിലേക്ക് നയിച്ചതെന്ന് ആദ്യവാള്യത്തിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതി. ഇരുപത് പേരെക്കുറിച്ചെഴുതാനാണ് ആദ്യം ഉദ്ദേശിച്ചത്. എഴുതിത്തുടങ്ങിയപ്പോള്‍ എണ്ണം വര്‍ധിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 72 നേതാക്കളെ ആദ്യ സഞ്ചികയില്‍ പരിചയപ്പെടുത്തി. അതില്‍ കേരളത്തില്‍നിന്ന് പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി എന്നിവരും ഉള്‍പ്പെടും. പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, അസം, ദില്ലി, മണിപ്പൂര്‍, ത്രിപുര, ഒറീസ, ബിഹാര്‍, പോണ്ടിച്ചേരി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കളുടെ ജീവിതത്തിലൂടെയും സമരവഴികളിലൂടെയും ഭാസ്കരന്‍ കടന്നുപോകുന്നുണ്ട്.
"മുമ്പേ നടന്നവര്‍"" എന്ന രണ്ടാം സഞ്ചികയില്‍ 69 നേതാക്കളെയാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ കെ സി ജോര്‍ജ്, കെ ദാമോദരന്‍, രാമദാസ്, എന്‍ സി ശേഖര്‍ എന്നീ മലയാളികളും ഉള്‍പ്പെടും. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അസ്തിവാരമിട്ടവരില്‍ പ്രമുഖനായ ബെന്‍ ബ്രാഡ്ലി എന്നറിയപ്പെടുന്ന ബഞ്ചമിന്‍ ഫ്രാന്‍സിസ് ബ്രാഡ്ലി എന്ന ഇംഗ്ലീഷുകാരനെയും മുമ്പേ നടന്നവരില്‍ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്.
ട്രേഡ് യൂണിയന്‍ രംഗത്തെ ആദ്യ പഥികര്‍ എന്ന ഗ്രന്ഥവും ശ്രദ്ധേയമാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരെക്കുറിച്ചെഴുതാനുള്ള വിവര ശേഖരണമാണ് ട്രേഡ് യൂണിയന്‍ രംഗത്തെ ആദ്യപഥികരെക്കുറിച്ചെഴുതാന്‍ പ്രേരണയായത്. ട്രേഡ് യൂണിയന്‍ രംഗത്ത് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ 210 നേതാക്കളുടെ സംക്ഷിപ്ത ജീവിത വിവരങ്ങളാണ് ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയത്.
സി ഭാസ്‌കരന്‍: സ്‌നേഹനിധിയായ കമ്മ്യൂണിസ്റ്റ്
സമാനതകളില്ലാത്ത സ്‌നേഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും അടയാളമായിരുന്നു സി ഭാസ്‌കരന്‍. സ്‌നേഹത്തോടെയും ആദരവോടെയും അദ്ദേഹത്തെ അറിയുന്നവരൊക്കെ, സി ബി എന്ന് വിളിച്ചു. വിദ്യാര്‍ഥിജീവിതകാലത്ത് തന്നെ തൊഴിലാളിവര്‍ഗത്തോടും നീതിനിഷേധിക്കപ്പെട്ടവരോടും അശരണരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സി ഭാസ്‌കരന്‍, പൊരുതുന്ന വിദ്യാര്‍ഥി പ്രസ്ഥാനമായ എ ഐ എസ് എഫില്‍ അംഗമായി. ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി എ ഐ എസ് എഫ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത സി ഭാസ്‌കരനായിരുന്നു മുതിര്‍ന്നവരുടെ സ്‌നേഹവാത്സല്യങ്ങളോടെ സമ്മേളനത്തിന്റെ തുടക്കംകുറിച്ചു കൊണ്ടുള്ള പതാക ഉയര്‍ത്താന്‍ നിയോഗിക്കപ്പെട്ടത്. അത് അദ്ദേഹം അഭിമാനത്തോടെ സ്മരിക്കാറുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നിപ്പിനെത്തുടര്‍ന്ന് എ ഐ എസ് എഫിലും ഭിന്നിപ്പുണ്ടായപ്പോള്‍, സി ഭാസ്‌കരന്‍ മറുപക്ഷത്തേയ്ക്ക് പോയി. കെ എസ് എഫ് രൂപീകരിക്കപ്പെട്ടപ്പോഴും അതിന്റെ മുന്നണിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. 1970-ല്‍ എസ് എഫ് ഐ രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ ആദ്യ അഖിലേന്ത്യാ അധ്യക്ഷനായത് സി ഭാസ്‌കരനായിരുന്നു. അചഞ്ചലമായ സംഘടനാബോധത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥിപ്രസ്ഥാനവും പാര്‍ട്ടിയും ഭിന്നിച്ചതില്‍, അദ്ദേഹത്തിനുള്ള നൊമ്പരവും ഖേദവും സ്വകാര്യ സംഭാഷണങ്ങളില്‍ പലയാവര്‍ത്തി പങ്കുവച്ചിരുന്നു. വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാട്, എക്കാലവും അദ്ദേഹം പുലര്‍ത്തിപ്പോന്നു. കാലോചിതവും സമഗ്രവുമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിച്ചകാലത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് ഉണ്ടാകേണ്ട അനിവാര്യമായ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഏവരാലും ശ്രദ്ധിക്കപ്പെട്ടു.
വായനയുടെയും ചിന്തയുടെയും എഴുത്തിന്റെയും ലോകത്തായിരുന്നു എന്നും സി ഭാസ്‌കരന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ചരിത്രവഴികളിലൂടെ സഞ്ചരിച്ച് വിശിഷ്ടമായ അനുഭവങ്ങള്‍, അറിവുകള്‍ നിരവധി ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം മലയാളിക്ക് പകര്‍ന്ന് നല്‍കി. അറിയപ്പെടാതെ പോയതും മനപ്പൂര്‍വം തമസ്‌കരിക്കപ്പെട്ടതുമായ ചരിത്രസത്യങ്ങളിലേയ്ക്ക് വെളിച്ചം വീശാന്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും ആദ്യകാല നേതാക്കളുടെ ത്യാഗ സുരഭില ജീവിതം ലഘു ചിത്രങ്ങളായെങ്കിലും പകര്‍ത്തി വയ്ക്കാനായതില്‍ അദ്ദേഹം അഭിമാനിച്ചിരുന്നു.
ഏറെ എഴുതിയ സി ഭാസ്‌കരന്‍ ഇനിയും ഏറെ എഴുതാന്‍ ബാക്കിവച്ചാണ് വിടപറഞ്ഞത്. തന്റെ വിദ്യാര്‍ഥി ജീവിതകാലത്തെ അനുഭവങ്ങളെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാക്കന്‍മാരും സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദത്തെയും കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ വേര്‍പാട്.
ഗൗരവമേറിയ ചര്‍ച്ചകളും സൗഹൃദങ്ങളും ഇഷ്ടപ്പെട്ടിരുന്ന സി ബി തന്റെ വാദങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കുന്നവരോടും സഹിഷ്ണുതയും സൗമനസ്യവും പ്രകടിപ്പിച്ചിരുന്നു. തന്റെ അഭിപ്രായം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അതംഗീകരിക്കുവാന്‍ സി ബിക്ക് മടിയുണ്ടായില്ല. സ്‌നേഹനിധിയായ കമ്മ്യൂണിസ്റ്റായിരുന്നു സി ഭാസ്‌കരന്‍. താരജാടകളില്ലാതെ ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്ന് ആരവങ്ങളില്ലാതെ പ്രതിഭാശാലിയായി ജീവിച്ച മനുഷ്യന്‍. ലാളിത്യമേറിയ ജീവിതത്തിന്റെ ഉടമയായിരുന്ന സി ഭാസ്‌കരന്‍ വിട പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ ആ പ്രതിഭാശാലിയുടെ സ്മരണകള്‍ അനശ്വരമായി നിലകൊള്ളും.
വി പി ഉണ്ണികൃഷ്ണന്‍, കടപ്പാട് : ജനയുഗം
സഖാവ് സി ഭാസ്കരന് വർക്കേഴ്‌സ് ഫോറത്തിന്റെ അഭിവാദ്യങ്ങൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment