കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി എ കെ ആന്റണി തെരഞ്ഞെടുപ്പു യോഗങ്ങളില്‍ കേരളമെമ്പാടും പറഞ്ഞുനടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കാത്തത് മന്‍മോഹന്‍സിങ്ങിന്റെയും സോണിയഗാന്ധിയുടെയും ഔദാര്യമാണുപോലും! മഹാരാഷ്ട്രയിലെ വിദര്‍ഭയിലും കോണ്‍ഗ്രസുതന്നെ ഭരിക്കുന്ന ആന്ധ്രപ്രദേശിലുമടക്കം ആയിരക്കണക്കിനു കൃഷിക്കാര്‍ ഇപ്പോഴും ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്നത് മന്‍മോഹന്‍സിങ്ങിനും സോണിയഗാന്ധിക്കും ആ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള പകയും വിദ്വേഷവുംകൊണ്ടായിരിക്കും എന്നാണല്ലോ ആന്റണിയുശട പ്രസ്താവനയില്‍നിന്ന് അനുമാനിക്കേണ്ടിവരിക.
2001-04ല്‍ ആന്റണി അധികാരത്തിലിരുന്നപ്പോഴാണല്ലോ കടക്കെണിയും വിലത്തകര്‍ച്ചയുംകൊണ്ടുള്ള കര്‍ഷക ആത്മഹത്യ കേരളത്തില്‍ ആരംഭിച്ചത്. അന്ന് ഈ കാര്യം കേരള നിയമസഭയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രി ആന്റണിയും കൃഷിമന്ത്രി കെ ആര്‍ ഗൌരിയമ്മയും കേരളത്തില്‍ കര്‍ഷക ആത്മഹത്യ എന്നൊരു സംഭവമേ ഇല്ലെന്നാണ് പറഞ്ഞത്. പാര്‍ലമെന്റില്‍ കേരളത്തില്‍നിന്നുള്ള എംപിമാര്‍ കര്‍ഷക ആത്മഹത്യാപ്രശ്നം ഉന്നയിക്കുകയും കേന്ദ്രസഹായം തേടുകയും ചെയ്തപ്പോള്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. തങ്ങളുടെ പരാജയം മറച്ചുവയ്ക്കാനും സ്വയം ന്യായീകരിക്കാനും ശ്രമിക്കുകവഴി കേന്ദ്രസര്‍ക്കാരില്‍നിന്ന് ന്യായമായി കര്‍ഷകര്‍ക്കു ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍പോലും ഇല്ലാതാക്കുകയാണ് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെയ്തത്. കര്‍ഷകര്‍ ആത്മഹത്യചെയ്തുകൊണ്ടിരിക്കെ അങ്ങനെയൊരു സംഭവമേയില്ലെന്നു പറഞ്ഞ ആന്റണിയാണ് ഇപ്പോള്‍ ആത്മഹത്യ നിലച്ചത് സോണിയയുടെ ഔദാര്യംകൊണ്ടാണെന്ന് പൊങ്ങച്ചം പറയുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യം ചെയ്തത് കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കുകയാണ്. ഈ പ്രശ്നം കേന്ദ്രത്തിനു മുന്നില്‍ ശക്തമായി അവതരിപ്പിച്ചത് ഈ സര്‍ക്കാരാണ്. അന്ന് ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടുമാത്രം അധികാരത്തില്‍ തുടരുന്ന ഒരു സര്‍ക്കാരായിരുന്നു കേന്ദ്രത്തില്‍. കര്‍ഷക ആത്മഹത്യാപ്രശ്നം പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നും കാര്‍ഷികമേഖലയിലെ തൊഴിലില്ലായ്മയും പട്ടിണിയും അവസാനിപ്പിക്കുന്നതിന് തൊഴിലുറപ്പു പദ്ധതി നടപ്പാക്കണമെന്നും പൊതുമിനിമം പരിപാടിയില്‍ ഉപാധി നിര്‍ബന്ധമായി ചേര്‍പ്പിച്ചത് ഇടതുപക്ഷമാണ്. കേരളത്തിലെ മൂന്നു ജില്ലയിലടക്കം രാജ്യത്തെ 16 ജില്ലയില്‍ വിദര്‍ഭ മോഡല്‍ പാക്കേജ് പ്രഖ്യാപിച്ചത് കേരളസര്‍ക്കാരിന്റെയും തുടര്‍ന്ന് ഇടതുപക്ഷത്തിന്റെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ്. തൊഴിലുറപ്പു പദ്ധതിയാകട്ടെ, സംസ്ഥാനത്ത് രണ്ടു ജില്ലയില്‍ മാത്രമാണ് ആദ്യം അനുവദിച്ചത്. പിന്നെയും സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തയ്യാറായത്. ഈ രണ്ടു പദ്ധതിയും നടപ്പാക്കിയ കേരളത്തിനു പുറത്തുള്ള മറ്റു പ്രദേശങ്ങളിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാന്‍ ആന്റണി തയ്യാറാകണം. വിദര്‍ഭയില്‍മാത്രം ആയിരക്കണക്കിനു കൃഷിക്കാരാണ് ഓരോ വര്‍ഷവും ഇപ്പോഴും ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്നത്.
കേന്ദ്രത്തില്‍നിന്നുള്ള പദ്ധതികള്‍ക്കുവേണ്ടി കാത്തുനില്‍ക്കുകയായിരുന്നില്ല കേരളം. സ്വന്തം നിലയ്ക്ക്, ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും അവരുടെ കുടുംബത്തിന് അരലക്ഷം രൂപവീതം സാമ്പത്തികസഹായം നല്‍കുകയും കാര്‍ഷിക കടങ്ങള്‍ക്ക് പൂര്‍ണമായും മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും അതിന്റെ കാലാവധി തീരുംമുമ്പ് കാര്‍ഷിക കടാശ്വാസനിയമം നടപ്പാക്കുകയും കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നടപ്പാക്കുകയുംചെയ്തുകൊണ്ട് കാര്‍ഷികമേഖലയെ കടക്കെണിയില്‍നിന്ന് പൂര്‍ണമായി മോചിപ്പിക്കാന്‍ കഴിഞ്ഞു. അതോടൊപ്പം സമഗ്രമായ ഉല്‍പ്പാദന വര്‍ധനാ പദ്ധതി നടപ്പാക്കി കാര്‍ഷികരംഗത്ത് ഒരു പുതിയ വസന്തം സൃഷ്ടിക്കുകയും ചെയ്തു. യുഡിഎഫ് ഭരിക്കുന്ന ഘട്ടത്തില്‍ നെല്ലിന്റെ സംഭരണവില ഏഴു രൂപയായിരുന്നത് 50 പൈസയെങ്കിലും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്റെ നേതൃത്വത്തില്‍ നിയമസഭയില്‍ നിരാഹാര സത്യഗ്രഹം നടത്തിയകാര്യം ആന്റണി ഓര്‍ക്കുന്നുണ്ടാകണം. ഇന്ന് നെല്ലിന്റെ സംഭരണവില 14 രൂപയാണെന്ന് ആന്റണി മനസ്സിലാക്കണം.
ആന്റണി ഭരിച്ചുകൊണ്ടിരുന്ന കാലത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ രോഗഗ്രസ്തമെന്ന പേരില്‍ എങ്ങനെ അടച്ചുപൂട്ടാം എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിയാബ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും ഇതേ നടപടി തുടര്‍ന്നുപോന്നു. എന്നാല്‍, ഈ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലം പിന്നിടുമ്പോള്‍ തങ്ങള്‍ അടച്ചുപൂട്ടാനും വിറ്റുതുലയ്ക്കാനും വച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തിലാണെന്നു മാത്രമല്ല പത്തു പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു. ഉത്തരം മുട്ടിക്കുന്ന ഈ യാഥാര്‍ഥ്യം കണ്ട് പകച്ച അദ്ദേഹം ഇതും കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമാണെന്ന് ലജ്ജയില്ലാതെ പറയുകയുകയാണ്.
വാസ്തവത്തില്‍ കേരളത്തിന്റെ പല വന്‍കിട പദ്ധതികളെയും അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. തങ്ങളുടെ കാലത്ത് പ്രത്യേക സാമ്പത്തികമേഖല എന്ന് തത്വത്തില്‍ അംഗീകരിച്ചിരുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രത്യേക സാമ്പത്തികമേഖലാ പദവി ലഭിക്കാതെയാക്കാന്‍ ന്യായീകണങ്ങള്‍ കണ്ടുപടിക്കുകയായിരുന്നു കേന്ദ്രം.
ഇതുപോലെതന്നെയാണ് വിഴിഞ്ഞംപദ്ധതിയുടെ കാര്യവും. സൂം എന്ന കമ്പനി ചൈനയില്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പ്രതിരോധമന്ത്രി കണ്ട ആദ്യ തൊടുന്യായം. പദ്ധതി വൈകിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ആന്റണിക്ക് ഒഴിഞ്ഞുമാറാനാകില്ല. എങ്കിലും അത് സഹിച്ച് വീണ്ടും ആദ്യംമുതല്‍ നടപടികളാരംഭിച്ച് പദ്ധതി യാഥാര്‍ഥ്യമാകുന്ന ഘട്ടമായപ്പോള്‍ തൂത്തുക്കുടി, കൊളച്ചല്‍ തുറമുഖങ്ങളുമായുള്ള സാമീപ്യം എന്ന കാരണം പറഞ്ഞ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. പദ്ധതിക്കാവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുക്കുകയും റെയില്‍റോഡ് കണക്ടിവിറ്റി ഉള്‍പ്പെടെ അടിസ്ഥാനസൌകര്യ വികസനത്തിനായി 450 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിക്കുകയും പ്രവൃത്തി തുടങ്ങുകയും ചെയ്തിരിക്കുന്നു. പദ്ധതിക്ക് പണം കണ്ടെത്തുന്നതിന് എസ്ബിടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ പദ്ധതിക്ക് തുരങ്കംവയ്ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് ആന്റണി പറയുന്നത്.
ആന്റണിയുടെ സ്ഥിരം മണ്ഡലത്തിലാണല്ലോ ചേര്‍ത്തല ഓട്ടോകാസ്റ്. ഓട്ടോകാസ്റുമായി ചേര്‍ന്ന് വാഗണ്‍ നിര്‍മാണശാല ആരംഭിക്കാന്‍ ഇടതുപക്ഷ പിന്തുണയോടെ കേന്ദ്രം ഭരിച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ റെയില്‍മന്ത്രി ലാലു പ്രസാദ് യാദവ് കേരളവുമായി ധാരണപത്രം ഒപ്പുവച്ചതായിരുന്നു. അന്ന് റെയില്‍ബജറ്റില്‍ അതിന് പണവും നീക്കിവച്ചു. എന്നാല്‍, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാര്‍ ആ പദ്ധതിയും അട്ടിമറിച്ചു. ആന്റണിക്ക് എന്താണ് ഇതേക്കുറിച്ച് പറയാനുള്ളതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.
പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 5000 കോടി രൂപ ചെലവില്‍ ബൃഹത്തായ ഒരു ഫാക്ടറിയാണ് വിഭാവനംചെയ്തത്. അതിനാവശ്യമായ മുഴുവന്‍ സ്ഥലവും സൌജന്യമായി സംസ്ഥാനസര്‍ക്കാര്‍ ലഭ്യമാക്കി. എന്നാല്‍,ഇത്തവണത്തെ റെയില്‍ബജറ്റിലും ആ പദ്ധതി തുടങ്ങുന്നതിനെക്കുറിച്ച് മൌനംപാലിച്ചിരിക്കുകയാണ്.
കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷമായി നിരന്തരശ്രമം നടത്തിവരികയാണ് സംസ്ഥാനസര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമം ആരംഭിച്ചുകഴിഞ്ഞു. ആ പദ്ധതി കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭമായി നടപ്പാക്കുന്നതിന് ആസൂത്രണകമീഷനും കേന്ദ്ര ധനമന്ത്രാലയവും ഇപ്പോഴും തടസ്സം നില്‍ക്കുകയാണ്. ഹൈക്കമാന്‍ഡിന്റെ പ്രധാന വക്താവും കേന്ദ്രമന്ത്രിയുമാണല്ലോ ആന്റണി. ഇക്കാര്യത്തിലും ആന്റണിയുടെ വിശദീകരണം കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ എട്ട് ഐഐടി ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ഉദ്ഘാടനംചെയ്തുകൊണ്ട് കേരളത്തിലും ഐഐടി അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിന് ആവശ്യമായ ഐഐടി ആരുടെയും ഔദാര്യമായി കിട്ടേണ്ടതല്ല. കേരളത്തിന്റെ അവകാശമാണ്. അതും അട്ടിമറിക്കപ്പെട്ട സാഹചര്യം ആന്റണി വിശദീകരിക്കണം.
*****
വി എസ് അച്ചുതാനന്ദൻ
Subscribe to:
Post Comments (Atom)
1 comment:
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി എ കെ ആന്റണി തെരഞ്ഞെടുപ്പു യോഗങ്ങളില്‍ കേരളമെമ്പാടും പറഞ്ഞുനടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കാത്തത് മന്‍മോഹന്‍സിങ്ങിന്റെയും സോണിയഗാന്ധിയുടെയും ഔദാര്യമാണുപോലും! മഹാരാഷ്ട്രയിലെ വിദര്‍ഭയിലും കോണ്‍ഗ്രസുതന്നെ ഭരിക്കുന്ന ആന്ധ്രപ്രദേശിലുമടക്കം ആയിരക്കണക്കിനു കൃഷിക്കാര്‍ ഇപ്പോഴും ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്നത് മന്‍മോഹന്‍സിങ്ങിനും സോണിയഗാന്ധിക്കും ആ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള പകയും വിദ്വേഷവുംകൊണ്ടായിരിക്കും എന്നാണല്ലോ ആന്റണിയുശട പ്രസ്താവനയില്‍നിന്ന് അനുമാനിക്കേണ്ടിവരിക.
Post a Comment