Wednesday, January 8, 2014

നവവത്സരാശംസകള്‍

വാരികയുടെ ഈ ലക്കം വായനക്കാരുടെ കൈകളിലെത്തുന്നത് നവവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഒരു സന്ദര്‍ഭത്തിലായിരിക്കും. എല്ലാ വായനക്കാര്‍ക്കും ഐശ്വര്യസമൃദ്ധവും ആഹ്ലാദപൂര്‍ണവുമായ ഒരു നവവത്സരം ആശംസിക്കുന്നു. നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ അത്തരമൊരു ആശംസയുടെ അര്‍ഥശൂന്യതയെക്കുറിച്ച് വ്യക്തമായ ബോധ്യത്തോടെത്തന്നെയാണിപ്രകാരം എഴുതുന്നത്. ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതം ഇത്രയേറെ ദുരിതമയമായിത്തീര്‍ന്ന മറ്റൊരു കാലം മുമ്പുണ്ടായിട്ടില്ല. വിലക്കയറ്റം, സുരക്ഷാരാഹിത്യം, എല്ലാ ജനക്ഷേമ പരിപാടികളില്‍നിന്നും സര്‍ക്കാരിന്റെ പിന്മാറ്റം, സര്‍ക്കാര്‍ പിന്മാറുന്നേടങ്ങളിലെല്ലാം കുതിച്ചെത്തുന്ന വിപണി താല്‍പര്യങ്ങള്‍, അഴിമതി എന്നുവേണ്ട സാധാരണക്കാരന്റെ പ്രശ്നങ്ങളെ ഇത്രയും അലംഭാവത്തോടെ നോക്കിക്കണ്ട മറ്റൊരു സന്ദര്‍ഭം ഇന്ത്യയിലുണ്ടായിട്ടില്ല. എന്നിട്ടും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിപണിയൊരുക്കുന്ന മഹോത്സവങ്ങളില്‍ മനംമറന്ന് കൂത്താടാനുള്ള ക്ഷണങ്ങള്‍ മാധ്യമങ്ങളിലാകെ വന്നുകൊണ്ടിരിക്കുന്നു. മേല്‍ക്കുമേല്‍ വന്നുകയറുന്ന ദുരന്തങ്ങളുടെ മുഖത്ത് ""താംബൂലശോണമാം നിന്ദയെ തുപ്പി"" രസിക്കുന്നവരാണ് മലയാളികള്‍ എന്ന് വൈലോപ്പിള്ളിയുടെ ഒരു നിരീക്ഷണം ഉണ്ട്. അതീവസങ്കീര്‍ണമായ സമകാലിക രാഷ്ട്രീയ സാംസ്കാരിക അവസ്ഥകളെ നേരിടാന്‍ സഹജമായ നിസ്സംഗത പോര എന്ന് ഓര്‍മപ്പെടുത്തുകയാണ് പുതുവത്സരദിനം.

സമയമാപിനിയിലെ കാലം, കലണ്ടറിലെ കാലം, ""ഒരു ചെറുചെപ്പിലടച്ചു കരത്തില്‍ കെട്ടിയ കാലം"" മാത്രമാണ് പുതുവര്‍ഷപ്പിറവിയില്‍ മാറുന്നത്. മഹാകാലപ്രവാഹത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍ ഒന്നു നിന്ന് തിരിഞ്ഞുനോക്കുന്ന ഒരു ബിന്ദു - ""എങ്ങോ മുട്ടിത്തകരാന്‍ ഓടിപ്പോകുന്ന"" തിരക്കില്‍ ആ നിമിഷത്തിന് തീര്‍ച്ചയായും പ്രാധാന്യമുണ്ട്. സ്റ്റോക്കെടുപ്പിനുള്ള ആ നിമിഷം അലങ്കരിച്ച പഞ്ചനക്ഷത്ര ബാറുകളില്‍, പ്രത്യേകം ഒരുക്കുന്ന ഹോട്ടല്‍ സല്‍ക്കാരങ്ങളില്‍, കൂത്താടുന്ന കാര്‍ണിവെല്‍ കൂട്ടായ്മകളില്‍ ഒതുങ്ങിത്തീരേണ്ടതല്ല. വ്യക്തമായ രാഷ്ട്രീയ, പ്രത്യയശാസ്ത്ര ബോധ്യങ്ങളോടെ, സ്വയം വിമര്‍ശത്തോടെ വ്യഷ്ടിസമഷ്ടി സാഹചര്യങ്ങളെ പുനഃപരിശോധിക്കാനുള്ള ഒരു നിമിഷമാണത്. ഇപ്പോള്‍ പുതുവത്സര ആഘോഷങ്ങളെക്കുറിച്ചല്ലാതെ പുതുവത്സര പ്രതിജ്ഞകളെക്കുറിച്ചൊന്നും അധികം കേള്‍ക്കാറില്ല. എസ്എംഎസ്സുകളുടെ കാലത്ത് നവവത്സര ആശംസാകാര്‍ഡുകള്‍ അപ്രത്യക്ഷമായതുപോലെ നവവത്സര പ്രതിജ്ഞകളും അപ്രത്യക്ഷമായതുപോലെ തോന്നുന്നു. ആശംസാകാര്‍ഡുകളുടെ ക്രമേണയുള്ള തിരോധാനം, ക്രമേണയായി തിരോധാനം ചെയ്യുന്ന പോസ്റ്റല്‍ സംവിധാനങ്ങളുമായി കൂടി ബന്ധപ്പെട്ടാണ് കിടക്കുന്നത്. സ്വന്തമായി വരച്ച ചിത്രങ്ങള്‍, സ്വന്തമായെടുത്ത ഫോട്ടോകള്‍, സ്വന്തം കാവ്യാത്മകമായ ഭാഷയിലെഴുതിയ ആശംസകള്‍ - തീര്‍ച്ചയായും ആശംസാ കാര്‍ഡുകളുടെ കാലത്തിന് ഒരു വല്ലാത്ത വശ്യതയുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നിച്ചു ബ്ലോക്കാവുന്ന നെറ്റ്വര്‍ക്ക് സംവിധാനങ്ങളുടെ ഔദാര്യത്തില്‍ എപ്പോഴെങ്കിലുമായി നമ്മുടെ ആന്‍ഡ്രോയ്ഡ് മൊബൈലിന്റെ ബിന്നുകളില്‍ വന്നടിയുന്ന ചത്ത സന്ദേശങ്ങളായി മാറി ആശംസകളൊക്കെയും. ""കളിയും ചിരിയും കരച്ചിലുമായിക്കഴിഞ്ഞ മനുഷ്യന്‍ യന്ത്രമായി മാറി""യെന്നര്‍ഥം. ഈ പൊള്ളയായ (വീഹഹീം ാലി എന്ന് എലിയറ്റ്) മനുഷ്യന്റെ ചന്തയിലെന്തു പ്രതിജ്ഞ! നമ്മുടെ ആം ആദ്മി പാര്‍ടി അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഈ പൊള്ള മനുഷ്യരുടെ മലര്‍പ്പൊടി സ്വപ്നമാണെന്ന് അറിവുള്ള ആളുകളൊക്കെ മുന്‍പേ പറഞ്ഞതാണ്. പക്ഷേ ഒരു ഓളത്തില്‍ ജയിച്ചുമുന്നേറിയപ്പോള്‍ നൂറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ളവര്‍ പോലും പറഞ്ഞു ഇവരില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന്. എന്നാല്‍ ഒന്നാം വയസ്സു പിന്നിടുമ്പോഴേയ്ക്കുതന്നെ പുതിയ കാലത്തിന്റെ എല്ലാ രാഷ്ട്രീയ സാമര്‍ഥ്യങ്ങളും "ആം ആദ്മി" പഠിച്ചുകഴിഞ്ഞു. തലയിലെ തൊപ്പി - കേരളത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കെത്തുന്ന ആം ആദ്മിക്കുപോലും അതുണ്ട്- തന്നെയും ആ രാഷ്ട്രീയ കാപട്യത്തിന്റെ ഒരടയാളമായി മാറി.

ആം ആദ്മിയെക്കുറിച്ച് പറയാന്‍ കാരണമുണ്ട്. പില്‍ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തികളില്‍ ഒരു ""വിഴുങ്ങല്‍ തന്ത്ര""മുണ്ട് -ചെറുത്തുതോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ളതിനെ വിഴുങ്ങുക എന്ന തന്ത്രം. അരാഷ്ട്രീയതയുടെ രാഷ്ട്രീയം ഉല്‍പാദിപ്പിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ കൊലകൊമ്പന്‍ രാഷ്ട്രീയസ്രാവുകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വിഴുങ്ങാന്‍ എളുപ്പമാണെന്നാണ് ഡല്‍ഹി രാഷ്ട്രീയം തെളിയിക്കുന്നത്. പുതുതായി പറഞ്ഞുകേള്‍ക്കുന്ന സാമൂഹ്യവര്‍ഗങ്ങളുടെ (െീരശമഹ രഹമൈ) തൊഴിലാളിവര്‍ഗം തിരോധാനം ചെയ്തെന്നു വരുത്തിത്തീര്‍ത്തപ്പോള്‍ ഉണ്ടാക്കിയെടുത്ത പുതിയ വര്‍ഗം - ആള്‍ക്കൂട്ട പ്രക്ഷോഭങ്ങളുടെയും ഗതി മറ്റൊന്നാകാനിടയില്ല. ഫെയ്സ്ബുക്ക് വിപ്ലവങ്ങളുടെ ആയുസ്സ് അങ്ങനെയാണവസാനിക്കുക.

അപ്പോള്‍ ""ഒരു വോട്ടല്ലേ, അതാര്‍ക്ക് കൊടുക്കണമെന്ന് അന്ന് തീരുമാനിക്കാം"" എന്ന ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ അരാജകമനോഭാവം മതിയോ 2014ന്റെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ എന്നതുതന്നെയാണ് ചോദ്യം. ആം ആദ്മിയുടെ പ്രശ്നം ഇന്നലെ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ ചര്‍ച്ചക്കെടുത്തതല്ല, കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്തതും അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു ദര്‍ശനം രൂപപ്പെടുത്തിയെടുത്തതും ആണ്. അതിന്റെ പേര് മാര്‍ക്സിസം എന്നാണ്, എന്നൊക്കെ മനസ്സിലാക്കാന്‍ ചരിത്രത്തിലേക്ക് തന്നെ തിരിച്ചുപോകണം. പുതുവത്സരപ്പിറവിയില്‍ ""ചരിത്രത്തിലേക്ക് തിരിച്ചുപോകുക"" എന്ന പ്രതിജ്ഞ തന്നെയാകട്ടെ എടുക്കുന്നത്.

*
കെ പി മോഹനന്‍ ദേശാഭിമാനി വാരിക

No comments: