Friday, January 3, 2014

കൊള്ളക്കാരുടെ രീതിശാസ്ത്രം

പുതുവര്‍ഷ സമ്മാനം വിലക്കയറ്റംമാത്രമല്ല, അറപ്പിക്കുന്ന നുണയുമാണ്. പാചകവാതകം തീവില കൊടുത്ത് വാങ്ങേണ്ടതില്ല, പകരം താന്‍ പറയുന്ന നുണ വേവിക്കാതെ ഭക്ഷിച്ചോളൂ എന്നാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നത്. ഇടിത്തീപോലെയാണ് പാചകവാതക വിലക്കയറ്റം വന്നത്. ഗാര്‍ഹിക സിലിണ്ടറിന് 230.16 രൂപയും വാണിജ്യാവശ്യ സിലിണ്ടറിന് 385.95 രൂപയും വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി പാചക വാതകവില 2000 രൂപയ്ക്ക് മുകളിലെത്തി. രാജ്യാന്തര വിപണിയിലെ വ്യത്യാസമനുസരിച്ച് ഓരോ മാസവും വില പരിഷ്കരിക്കണമെന്ന കേന്ദ്രനയത്തിന്റെ മറവില്‍ കൊടുംകൊള്ള. സബ്സിഡി കിട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന വ്യവസ്ഥ സൃഷ്ടിച്ച പ്രതിസന്ധി വേറെ. എണ്ണക്കമ്പനികളുടെ മേല്‍ സര്‍ക്കാര്‍ പഴിചാരുന്നു; കമ്പനികള്‍ തിരിച്ചും. ജനരോഷത്തെ തൃണവല്‍ഗണിച്ച് വില മുകളിലേക്കുതന്നെ കുതിക്കുന്നു. ജീവിതം എവ്വിധം മുന്നോട്ടുപോകുമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്ന ജനങ്ങളെയാണ് വിലവര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി തന്നോട് സ്വകാര്യം പറഞ്ഞു എന്ന പരിഹാസംകൊണ്ട് ഉമ്മന്‍ചാണ്ടി നേരിടുന്നത്.

ആധാര്‍ കാര്‍ഡുമായി ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കാത്തവര്‍ക്ക് പാചകവാതക സബ്സിഡി നല്‍കില്ലായെന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അന്ത്യശാസനം അതേപടി നില്‍ക്കുകയാണ്. രണ്ടുമാസത്തെ സാവകാശം നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ അതിന് തയ്യാറായിട്ടില്ല. ബുധനാഴ്ച കേരളത്തിന്റെ അനുഭവമെടുത്താല്‍ മിക്ക സ്ഥലങ്ങളിലും ചാചകവാതക വിതരണം നടന്നിട്ടില്ല. നടന്നിടത്ത് ഉയര്‍ന്ന വില ഈടാക്കിയിട്ടുണ്ട്. എല്‍പിജി സിലിണ്ടര്‍ കിട്ടാന്‍ 1293.50 രൂപയാണ് ഗാര്‍ഹിക ഉപയോക്താവ് കൊടുക്കേണ്ടത്. വാണിജ്യ ഉപയോക്താവാണെങ്കില്‍ 2185 രൂപ കൊടുക്കണം. ഇത്രയും വലിയ തുകകൊടുത്ത് പാചകവാതകം വാങ്ങിയാല്‍ ആരുടെയും വിശപ്പടങ്ങില്ല. പാകംചെയ്യാനുള്ള അരിയും പലവ്യഞ്ജനങ്ങളും വേറെ വാങ്ങണം. സാധാരണ തൊഴിലാളികളും കര്‍ഷകരും ജീവനക്കാരും ഇന്നു വാങ്ങുന്ന വേതനംകൊണ്ട് അത് നടപ്പുള്ള കാര്യമല്ല. ഇടത്തരക്കാരെപ്പോലും പട്ടിണിക്കാരാക്കുന്ന വിലവര്‍ധനയാണ് ഇതെന്നര്‍ഥം.

ക്രൂഡോയില്‍ വില മാറുന്നതനുസരിച്ച് പാചകവാതക വിലയിലും മാറ്റമുണ്ടാകുമെന്ന ന്യായം ഒരു സര്‍ക്കാരിന് ചേര്‍ന്നതല്ല-കച്ചവടക്കമ്പനിയുടേതാണ്. ലാഭമോഹികളായ കഴുത്തറുപ്പന്‍ കച്ചവടക്കാരുടെ മാനസികാവസ്ഥയാണ് ആഗോളവല്‍ക്കരണനയങ്ങളുടെ നടത്തിപ്പുകാരായ യുപിഎ സര്‍ക്കാരിന്റേത് എന്ന് ആവര്‍ത്തിച്ചുതെളിയിക്കപ്പെടുകയാണ്. കേരളത്തിലെ 12 ജില്ലയില്‍ ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ബന്ധിപ്പിക്കുന്ന പ്രക്രിയ പകുതിപോലുമായിട്ടില്ല. രണ്ടുമാസത്തെ സമയം കിട്ടിയാലും അത് പൂര്‍ത്തിയാകില്ല. ഭൂരിപക്ഷം ജനങ്ങള്‍ക്കും പാചക വാതക സബ്സിഡി നിഷേധിക്കപ്പെടുന്ന സ്ഥിതി വരുന്നു. ആധാര്‍ കാര്‍ഡിന്റെ മറവില്‍ പാചകവാതക ഉപയോക്താക്കളെ കൊള്ളയടിക്കാനുള്ള ഈ നീക്കത്തിനൊപ്പമാണ് വിലവര്‍ധനയുടെ തുടര്‍ ആഘാതങ്ങള്‍. പ്രതിവര്‍ഷം എല്‍പിജി സബ്സിഡിയിനത്തില്‍ 20,000 കോടിയിലേറെ ചെലവഴിച്ചിരുന്ന സ്ഥാനത്ത് പദ്ധതി നടപ്പാക്കുകവഴി ചെലവ് 5,000 കോടിയാകുമെന്ന് കണക്കുകൂട്ടിയാണ് ഈ തീരുമാനങ്ങളെന്ന് വാര്‍ത്ത വന്നിട്ടുണ്ട്. പിന്നെ എന്തിനാണ് നാടിന് ഒരു സര്‍ക്കാര്‍?

രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ വിറ്റ് കാശുമാറാനും അഴിമതിയില്‍ മുങ്ങിക്കുളിക്കാനും ഖജനാവിലെ മുതലെടുത്ത് ധൂര്‍ത്തടിക്കാനും ഒരു സര്‍ക്കാര്‍ വേണ്ടതുണ്ടോ? യുപിഎ നേതൃത്വം ജനങ്ങളോട് ഇതിനുത്തരം പറയേണ്ടതുണ്ട്. വിലക്കയറ്റത്തിന്റെ അധികഭാരം തടയാന്‍ സംസ്ഥാനം നികുതിയിളവു നല്‍കുമെന്ന വീമ്പുപറച്ചില്‍ മുഖ്യമന്ത്രിയില്‍നിന്ന് വീണ്ടും കേള്‍ക്കുന്നുണ്ട്. പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചുതുടങ്ങുമ്പോഴും ഇതുതന്നെ പറഞ്ഞിരുന്നു. പ്രഖ്യാപനത്തിന്റെ സമയത്തല്ലാതെ അതുകൊണ്ട് പറയത്തക്ക ആശ്വാസം ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നുമാത്രം. കേന്ദ്രം വില വര്‍ധിപ്പിക്കുക; സംസ്ഥാനം നികുതിയിളവു നല്‍കുക എന്ന ന്യായം ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ക്കുമാത്രം ബോധ്യമാകുന്നതാണ്. വില്ലേജ് ഓഫീസറുടെ ജോലിചെയ്യാന്‍ കോടികള്‍ ചെലവിട്ട് സമ്പര്‍ക്ക മാമാങ്കം സംഘടിപ്പിച്ച്, അതാണ് ഭരണനേട്ടമെന്ന് കൊട്ടിഘോഷിക്കുനവര്‍ക്കുമാത്രം യോജിക്കുന്നതുമാണ്.

സര്‍ക്കാരിന്റെ ഒരു പദ്ധതിക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് ആയിട്ടുമില്ല. എന്നിട്ടും കോടതി ഉത്തരവ് ലംഘിച്ച് എണ്ണക്കമ്പനികള്‍ സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നുവെങ്കില്‍ അതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്‍ബലമുണ്ട്. ഒത്തുകളിയാണ് അരങ്ങേറുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. അതില്‍ ഉമ്മന്‍ചാണ്ടിയും തന്റെ ഭാഗം അഭിനയിക്കുകയാണ്. ഈ നാടകം തുടര്‍ന്നുകൂടാ. ജനങ്ങളുടെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും ഉയര്‍ന്നേ തീരൂ. ജനരോഷം പ്രകടിപ്പിക്കാനുള്ള പ്രക്ഷോഭമാര്‍ഗങ്ങളെ അപഹസിക്കാനും പരാജയമാണെന്ന് ആര്‍ത്തുവിളിക്കാനും തയ്യാറാകുന്ന വലതുപക്ഷ മാധ്യമങ്ങളല്ല, കണ്‍മുന്നില്‍ ഭീകരരൂപം പൂണ്ടുനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ജനവികാരത്തെ നയിക്കേണ്ടത് എന്ന യാഥാര്‍ഥ്യത്തിനുകൂടി അടിവരയിടുന്ന അനുഭവമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: