Tuesday, January 14, 2014

കോണ്‍ഗ്രസിനെ സിബിഐ രക്ഷിക്കുന്ന വിധം

സിബിഐ തുടരെത്തുടരെ ദുരുപയോഗിക്കപ്പെടുകയാണ്. ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ കല്‍ക്കരി കുംഭകോണക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ വീണ്ടും കളമൊരുങ്ങുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് സിബിഐയുടെ അന്വേഷണമെങ്കിലും കേസില്‍ ഇതുവരെ ഒരു കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, തിങ്കളാഴ്ച സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ ക്രമക്കേട് ആരോപിക്കപ്പെട്ട 60 കല്‍ക്കരിപ്പാടങ്ങളുടെ വിതരണം എല്ലാ മാനദണ്ഡവും പാലിച്ചാണെന്ന ക്ലീന്‍ചിറ്റാണ് സിബിഐ നല്‍കിയത്.

സാമ്പത്തികപരിഷ്കരണ നടപടികളുടെ ഭാഗമായി 1993 മുതലാണ് രാജ്യത്ത് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ഖനനം അനുവദിച്ചുതുടങ്ങിയത്. 1993 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 195 കല്‍ക്കരിപ്പാടം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതില്‍ ക്രമക്കേടുണ്ടോയെന്ന പരിശോധനയാണ് സിബിഐ നടത്തുന്നത്. 60 കല്‍ക്കരിപ്പാടങ്ങളുടെ വിതരണം എല്ലാ മാനദണ്ഡവും പാലിച്ചാണെന്ന് സിബിഐ തന്നെ അവകാശപ്പെടുമ്പോള്‍ സിബിഐ ഇതുവരെ എടുത്ത 16 കേസില്‍ ആറെണ്ണം അപ്രസക്തമാകുകയാണ്. സിബിഐയുടെ കണ്ടെത്തല്‍ സുപ്രീംകോടതി അതേപോലെ അംഗീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

കല്‍ക്കരി വിതരണത്തില്‍ ചില പാളിച്ചകള്‍ സംഭവിച്ചെന്ന് സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി കഴിഞ്ഞദിവസം കോടതിമുമ്പാകെ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ കുറ്റസമ്മതമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. അനുവദനീയമായ സമയപരിധി കഴിഞ്ഞിട്ടും ഉല്‍പ്പാദനം ആരംഭിക്കാത്ത കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കിക്കൂടേ എന്ന ചോദ്യം കോടതി എജിയോട് ഉന്നയിച്ചു. ഈ വിഷയം താന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അടുത്തുതന്നെ തീരുമാനമുണ്ടാകുമെന്നുമാണ് വഹന്‍വതി പ്രതികരിച്ചത്. എന്നാല്‍, ഈ വിഷയം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസമിതി തീരുമാനമെടുക്കാതെ പിരിയുകയാണുണ്ടായത്. കല്‍ക്കരിപ്പാടങ്ങള്‍ കൈവശം വച്ചിട്ടുള്ള സ്വകാര്യ കമ്പനികളുടെ സമര്‍ദം ഇതിനു പിന്നിലുണ്ടെന്ന് വ്യക്തം.

ഇതുവരെ 40 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദുചെയ്തു. 2005നുശേഷം അനുവദിച്ച 15 പാടം ഇതിലുള്‍പ്പെടും. എന്നാല്‍, സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട 41 പാടത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ജിണ്ടാല്‍ സ്റ്റീല്‍ പോലെയുള്ള വമ്പന്‍ കമ്പനികളാണ് ഈ പാടങ്ങളുടെ ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ളത്. എല്ലാ ലൈസന്‍സും ഒറ്റയടിക്ക് റദ്ദാക്കുന്നത് നിക്ഷേപത്തെ ദോഷമായി ബാധിക്കുമെന്നും കോര്‍പറേറ്റുകളെ കൂടുതലായി സര്‍ക്കാരില്‍നിന്ന് അകറ്റുമെന്നുമുള്ള ഭയമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. അതുകൊണ്ടുതന്നെ വിശദമായ പരിശോധനയ്ക്കുശേഷം മതി തീരുമാനമെന്ന നിലപാടിലാണ് സര്‍ക്കാരിപ്പോള്‍. അതല്ലെങ്കില്‍ 2ജി കേസില്‍ ചെയ്തതുപോലെ കോടതി ഇടപെട്ട് ലൈസന്‍സുകള്‍ റദ്ദാക്കട്ടെയെന്ന കാഴ്ചപ്പാടുമുണ്ട്. 2ജി കേസില്‍ ക്രമക്കേടിലൂടെ വിതരണം ചെയ്ത 122 ലൈസന്‍സാണ് സുപ്രീംകോടതി റദ്ദാക്കിയത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരി വകുപ്പ് നിയന്ത്രിച്ച ഘട്ടത്തിലാണ് പാളിച്ച സംഭവിച്ചത്. വിവാദമായ ഇടപാടുകളത്രയും ഇക്കാലയളവിലാണ്. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതു മുതല്‍ പ്രധാനമന്ത്രിയുടെ രാജിയാവശ്യം പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും മന്‍മോഹന്‍സിങ് തെറ്റുചെയ്തിട്ടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്. 2012 മാര്‍ച്ചിലാണ് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും വലിയ ഒച്ചപ്പാടുയര്‍ന്നതോടെ 2013 മെയില്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ കല്‍ക്കരി ഇടപാട് അന്വേഷണം സിബിഐക്ക് വിട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ലോക്സഭാ അംഗം നവീന്‍ ജിണ്ടാല്‍, മുന്‍ കേന്ദ്രസഹമന്ത്രി ദസരി നാരായണറാവു, രാജ്യസഭാ അംഗം വിജയ്ദര്‍ദ തുടങ്ങിയവര്‍ പ്രതിസ്ഥാനത്തുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗലം ബിര്‍ള, മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരഖ് എന്നിവരും പ്രതികളാണ്. സിബിഐ അന്വേഷണത്തില്‍ ഇടപെട്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അശ്വനികുമാറിന് നിയമമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളാന്‍ നിന്ന സിബിഐയെ കോടതി പലപ്പോഴും രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ കൂട്ടിലടച്ച തത്തയാണോയെന്ന കോടതിയുടെ ചോദ്യം രാജ്യമൊട്ടാകെ വലിയ അലയൊലികള്‍ തീര്‍ത്തു. സിബിഐക്ക് കൂടുതല്‍ സ്വയംഭരണം നല്‍കണമെന്ന നിലപാടിലേക്ക് എത്തിയ കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കല്‍ക്കരി ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകള്‍ അപ്രത്യക്ഷമായതും വലിയ വിവാദമായി. പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ ഫയലുകള്‍ മുക്കിയതാണെന്ന ആക്ഷേപമുയര്‍ന്നു. ഈ വിഷയത്തിലും കേസെടുക്കാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചു. പ്രാഥമികാന്വേഷണം രജിസ്റ്റര്‍ ചെയ്തെങ്കിലും സിബിഐ ഇക്കാര്യത്തിലും പിന്നോക്കം പോകുകയാണ്. കാണാതായ ഫയലുകള്‍ മിക്കതും കണ്ടുകിട്ടിയെന്നാണ് ഏജന്‍സി ഇപ്പോള്‍ കോടതിയെ അറിയിച്ചത്. അന്വേഷണം മരവിപ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രി അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കല്‍ക്കരി, 2ജി പോലുള്ള വന്‍അഴിമതികളെല്ലാം ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന ന്യായമാണ് മുന്നോട്ടുവച്ചത്. ജനങ്ങള്‍ വീണ്ടും കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചെന്നും അഴിമതി പ്രസക്തമല്ലെന്ന് ആ ജനവിധി തെളിയിച്ചെന്നുമാണ് പ്രധാനമന്ത്രിയുടെ "യുക്തി". അഴിമതികള്‍ സിഎജി പുറത്തുകൊണ്ടുവന്നത് രണ്ടാം യുപിഎ ഭരണകാലത്താണെന്നത് അദ്ദേഹം മിണ്ടിയില്ല. സിബിഐയെ ഉപയോഗിച്ച് എല്ലാ അഴിമതിക്കേസില്‍നിന്നും ഈവിധം രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അഴിമതിക്കെതിരെ രാജ്യത്ത് അലയടിക്കുന്ന ജനവികാരം അവര്‍ കാണുന്നതേയില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: