Wednesday, January 22, 2014

എന്താണ് പശ്ചിമഘട്ടം?

കഴിഞ്ഞ കുറേക്കാലമായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഒന്നാണ് പശ്ചിമഘട്ടം. കഴിഞ്ഞ വര്‍ഷം ജൂണില്‍ റഷ്യയില്‍ ചേര്‍ന്ന ലോകപൈതൃക സമിതിയും തുടര്‍ന്ന് ജൂലൈ രണ്ടിന് യുനെസ്കോയും പശ്ചിമഘട്ടത്തെ ലോകപൈതൃകങ്ങളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. പശ്ചിമഘട്ടത്തിെന്‍റ പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവും സാമൂഹ്യവുമായ പ്രാധാന്യം വളരെ വലുതാണ്. ഇന്ത്യയുടെ പടിഞ്ഞാറന്‍തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഒരു പര്‍വ്വതനിരയാണതെന്ന് ഏറ്റവും ലളിതമായി പറയാം. വടക്ക് ഗുജറാത്തിെന്‍റയും മഹാരാഷ്ട്രയുടെയും അതിര്‍ത്തിയായ തപ്തി നദിയുടെ തെക്ക് ഭാഗത്തുനിന്ന് തുടങ്ങി തെക്ക് കന്യാകുമാരി വരെ നീളുന്ന പശ്ചിമഘട്ടം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കൂടി കടന്നുപോകുന്നു. ഏകദേശം 1490 കി. മീ. ദൈര്‍ഘ്യം. 210 കി. മീ. ആണ് കൂടിയ വീതി. അത് തമിഴ്നാട്ടിലാണ്. കുറഞ്ഞ വീതി 48 കി. മീ.യും. അത് മഹാരാഷ്ട്രയിലും. സമുദ്രനിരപ്പില്‍ നിന്നുള്ള ശരാശരി ഉയരം 1200 മീറ്റര്‍. ആകെ വിസ്തൃതി 129037 ച. കീ. മി.യാണ്. ചിലയിടങ്ങളില്‍ 2440 മീറ്റര്‍ വരെ ഉയര്‍ന്ന് നില്‍ക്കുന്ന കൊടുമുടികളുണ്ട്. നീണ്ടുകിടക്കുന്ന ഈ പര്‍വ്വതനിര ഏതാണ്ട് ഇടമുറിയാത്തതാണ്. പാലക്കാട് ചുരമാണിതിനൊരപവാദം. മറ്റൊന്ന് ഗോവന്‍ ചുരവും.

ഒരുപാട് പ്രാധാന്യമുണ്ട് ഈ ഭൂഭാഗത്തിന്. അതിപുരാതനമായ ഒരാവാസ വ്യവസ്ഥയാണത്. പതിനഞ്ചുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഗോണ്ട്വാനാലാന്‍റ് ഉപഭൂഖണ്ഡത്തില്‍നിന്ന് പൊട്ടി വന്നതാണതെന്ന് ഭൂവിജ്ഞാനീയം പറയുന്നു. ആഗോളതലത്തില്‍ തന്നെ പ്രാധാന്യമുള്ള ജൈവവൈവിധ്യ ചുടുപൊട്ടുകളില്‍ ഒന്നാണിത്. എന്തുകൊണ്ടാണ് ഈ പദവികളൊക്കെ പശ്ചിമഘട്ടത്തിന് കല്‍പിച്ചു നല്‍കിയിരിക്കുന്നത്? അതിലോലമായ ആവാസ വ്യവസ്ഥയാണിവിടുത്തേത്. സമുദ്രനിരപ്പില്‍നിന്ന് ശരാശരി 1200 മീറ്റര്‍ ഉയരമുള്ള മലനിരകളുള്ള പടിഞ്ഞാറ് ഭാഗം ചെങ്കുത്തായ പാറക്കൂട്ടങ്ങളും മലകളുമാണ്. കിഴക്ക് ഭാഗമാകട്ടെ താരതമ്യേന ചരിവ് കുറഞ്ഞ മലനിരകളും. തെക്ക് മുതല്‍ വടക്ക് വരെ വ്യത്യസ്ത കാലാവസ്ഥ, ഭൂമിശാസ്ത്ര, ജൈവമേഖലകള്‍, കിഴക്കന്‍ ചരിവിലും പടിഞ്ഞാറന്‍ ചരിവിലും അനുഭവപ്പെടുന്ന വ്യത്യസ്ത കാലാവസ്ഥാരീതികള്‍ എന്നിവയെല്ലാം ചേര്‍ന്ന് പശ്ചിമഘട്ടത്തെ സവിശേഷമായ ഒരവസ്ഥയിലേയ്ക്കുയര്‍ത്തുന്നു. പശ്ചിമഘട്ടത്തിെന്‍റ താഴ്ന്ന പ്രദേശങ്ങളില്‍ ആര്‍ദ്രവും ശീതോഷ്ണവുമായ കാലാവസ്ഥയാണ്. ഈ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് മണ്‍സൂണ്‍ കാറ്റുകളാണ്, ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് - സംശയമില്ല. കേരളത്തിലെ കാലവര്‍ഷക്കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് കിഴക്കോട്ട് വീശുന്ന ശക്തിയായ കാറ്റ് മഴമേഘങ്ങളെ പശ്ചിമഘട്ടത്തില്‍ എത്തിക്കുന്നു. അതാണ് ഈ മേഖലയിലെ മഴയ്ക്ക് കാരണം. ഒരു വര്‍ഷം ശരാശരി 3000 മുതല്‍ 4000 വരെ മില്ലീമീറ്റര്‍ വര്‍ഷപാതം. ഈ മഴ ലഭിക്കുന്നത് പശ്ചിമഘട്ടത്തിെന്‍റ പടിഞ്ഞാറ് ഭാഗത്താണ്. കേരളത്തില്‍ കിട്ടും. കിഴക്ക് ഭാഗത്ത് കിട്ടില്ല. കാരണം കാറ്റ് വീശുന്നത് പടിഞ്ഞാറന്‍ സമുദ്രത്തില്‍ നിന്നാണല്ലോ? കിഴക്ക് ഭാഗത്ത് മഴ കിട്ടുന്നില്ല. അതുകൊണ്ട് അത് മഴനിഴല്‍ പ്രദേശമായി.

മഴ ഇത്രയും കിട്ടുമെങ്കിലും ആ വെള്ളം മുഴുവന്‍ ശേഖരിച്ച് വെയ്ക്കാന്‍ പശ്ചിമഘട്ടത്തിനാവില്ല. കാരണം ഈ പര്‍വ്വതനിരയുടെ ഉള്‍ഭാഗത്തുള്ള പാറകള്‍ക്ക് ജലം വലിച്ചെടുക്കാന്‍ കഴിയില്ലെന്നത് തന്നെ. മൂന്ന് കിലോമീറ്ററിലധികം ഘനമുള്ള പ്രാചീന ബസാള്‍ട്ട് പാറകളാണ് ഉള്ളറയില്‍. കട്ടി കുറഞ്ഞ മേല്‍ മണ്ണാണ് ഈ പാറകളെ മൂടിയിരിക്കുന്നത്. അതുകൊണ്ട് അവിടെയും വെള്ളം ശേഖരിക്കപ്പെടുന്നില്ല. വളരെ കുറച്ച് വെള്ളം പാറകളുടെ വിടവുകളിലേക്ക് അരിച്ചിറങ്ങും. വെള്ളം ശേഖരിക്കുന്നത് പര്‍വ്വത മുകളിലെ വനമേഖലയാണ്. തട്ട് തട്ടായുള്ള ഇലച്ചാര്‍ത്തുകള്‍, മേല്‍മണ്ണില്‍ വീണുകിടക്കുന്ന സ്പോഞ്ച് രൂപത്തിലുള്ള ജൈവാവശിഷ്ടങ്ങള്‍ ഇവയൊക്കെ വെള്ളത്തെ പിടിച്ച് നിര്‍ത്തുന്നു. സൂര്യതാപവും കാറ്റും കാര്യമായൊന്നും കാടിനുള്ളിലേക്ക് എത്തുന്നില്ല. അതുകൊണ്ട് സംഭരിച്ച് വയ്ക്കപ്പെടുന്ന വെള്ളം വറ്റിപ്പോകുന്നില്ല. കാലവര്‍ഷം മാത്രമല്ല, തണുപ്പേറിയ ഉയര്‍ന്ന മലയോരങ്ങള്‍ പ്രാദേശികമായി മഴയും മഞ്ഞും പ്രദാനം ചെയ്യുന്നു. ഇങ്ങനെ കിട്ടുന്ന വെള്ളത്തില്‍ അധികഭാഗവും താഴേക്ക് ഒഴുകുന്നു. കേരളത്തിലെ 44 നദികളും ഇങ്ങനെയാണ് ഉത്ഭവിക്കുന്നത്. അതില്‍ മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിന് പുറത്തുള്ള മൂന്ന് മഹാനദികള്‍ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍ നിന്നാണ്. കാവേരിയും കൃഷ്ണയും ഗോദാവരിയും. ഇവയും കിഴക്കോട്ട് ഒഴുകുന്നവ തന്നെ. കേരളത്തിലാകട്ടെ നമ്മുടെ ജലസമ്പത്ത് ഈ നദികളല്ലാതെ മറ്റൊന്നുമല്ല. കേരളത്തിെന്‍റ ഉള്‍നാടന്‍ ജലാശയങ്ങളെയും കായല്‍ നിലങ്ങളെയും തുരുത്തുകളെയും തണ്ണീര്‍ത്തടങ്ങളെയുമൊക്കെ നിലനിര്‍ത്തുന്നതും ഇവ തന്നെ. പെരിയാര്‍, പമ്പ, ചാലിയാര്‍ എന്നിവ പശ്ചിമഘട്ടത്തിെന്‍റ ഉയര്‍ന്ന വിതാനങ്ങളില്‍നിന്ന് ഉത്ഭവിക്കുന്നവയാണ്. ചെറിയ നദികളായ മീനച്ചില്‍, മണിമലയാര്‍ എന്നിവ പടിഞ്ഞാറേ താഴ്വരകളില്‍ നിന്നുല്‍ഭവിക്കുന്ന വിവിധ നീര്‍ച്ചാലുകള്‍ ഒന്നിച്ച് ചേര്‍ന്നുണ്ടാകുന്നതാണ്. ഭാരതപുഴയാകട്ടെ വ്യത്യസ്തമാണ്. അതിന് ധാരാളം പോഷക ഉറവുകളുണ്ട്. അവയില്‍ ചിലതൊക്കെ ആനമല മേഖലയില്‍നിന്ന് ഉത്ഭവിക്കുന്നതാണ്. മറ്റ് ചിലവ പാലക്കാടന്‍ ചുരത്തിെന്‍റ കിഴക്കന്‍ അതിരില്‍നിന്ന് ഉത്ഭവിക്കുന്നു. ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ പശ്ചിമഘട്ടം കേരളത്തിെന്‍റ ജലസ്തംഭമാണ്.

കേരളത്തിന് പുറത്തോ? ഏതാണ്ട് 25 കോടി ജനങ്ങളുടെ ജലാശ്രയം ഈ പര്‍വ്വതനിരയാണ്. പശ്ചിമഘട്ടത്തിലെ വനമേഖലയെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാം. നിത്യഹരിത വനങ്ങള്‍, അര്‍ദ്ധ നിത്യഹരിത വനങ്ങള്‍, ചോല വനങ്ങള്‍, ആര്‍ദ്ര ഇലപൊഴിയും കാടുകള്‍, ജലപാതങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. കാടുകള്‍കൊണ്ട് നിറഞ്ഞ പ്രദേശങ്ങളില്‍ ധാരാളം ആദിവാസികളുണ്ട്. സംരക്ഷിത മേഖലകളും സംരക്ഷിത വനങ്ങളും ധാരാളമുണ്ട്. രണ്ട് ബയോസ്ഫിയര്‍ റിസര്‍വുകള്‍, പതിനൊന്ന് ദേശീയോദ്യാനങ്ങള്‍, വിവിധ വന്യജീവി സങ്കേതങ്ങള്‍ എന്നിവയെല്ലാം ഈ മേഖലയില്‍ സ്ഥിതി ചെയ്യുന്നു. 5000 ഇനം സപുഷ്പികളായ സസ്യങ്ങള്‍ ഇവിടെയുണ്ട്. 139 ഇനം സസ്തനികള്‍, 508 ഇനം പക്ഷികള്‍, 179 ഇനം ജലജീവികള്‍, 102 ഇനം മല്‍സ്യങ്ങള്‍, 334 ഇനം പൂമ്പാറ്റകള്‍, 316 ഇനം കക്കകള്‍, 600ല്‍ ഏറെ കീടജാതികള്‍ എന്നിവ ഈ മേഖലയുടെ ജൈവവൈവിധ്യം വിളിച്ചോതുന്നു. പക്ഷികളില്‍ 16 ജാതികള്‍ തദ്ദേശീയങ്ങളാണ്. എല്ലാ വിഭാഗം സസ്യങ്ങളിലും ജന്തുക്കളിലും തദ്ദേശീയ ജാതികളുണ്ട്. ഇതെല്ലാം ചേര്‍ന്നാണ് പശ്ചിമഘട്ട മേഖലയെ ജൈവവൈവിധ്യ ചുറ്റുപാടുകളില്‍ ഒന്നാക്കി മാറ്റുന്നത്.

ഇപ്പറഞ്ഞവയെല്ലാം കൂടാതെ ഒന്നുകൂടിയുണ്ട്. ഏതാണ്ട് അഞ്ച് കോടി മനുഷ്യര്‍. അതായത് ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണിവിടം. ഇതെല്ലാം ശരിതന്നെ. വലിയ പ്രതാപിയാണ് പശ്ചിമഘട്ടം. പക്ഷേ ആ പ്രതാപം നശിക്കുകയാണ്. രണ്ട് നൂറ്റാണ്ടുകളായി മനുഷ്യന്‍ പശ്ചിമഘട്ടത്തെ ആക്രമിക്കാന്‍ തുടങ്ങിയിട്ട്. കൊളോണിയല്‍ ഭരണകാലത്ത് ആരംഭിച്ച തോട്ടവിളകളും ഖനനവും ആണ് തുടക്കകാരണങ്ങള്‍. കള്ളത്തടിവെട്ട് അതിെന്‍റ പിന്നാലെ വന്നു. കുടിയേറ്റവും കയ്യേറ്റവും സംഭവിച്ചു. ഖനനം ഒരു വലിയ പ്രശ്നമായി. കേരളത്തില്‍ തെക്കുവടക്കുള്ള കരിങ്കല്‍ ക്വാറികള്‍ മുതല്‍ ഗോവയില്‍ ഇരുമ്പയിരിനായി തുറന്ന് കൊടുത്ത റിസര്‍വ് വനങ്ങള്‍വരെ ഈ വകുപ്പില്‍പെടുത്താം. ഇനിയുമുണ്ട് കാരണങ്ങള്‍ പറയാന്‍. കാലിമേച്ചില്‍, അനധികൃത വേട്ടയാടല്‍, മനുഷ്യ - വന്യജീവി സംഘട്ടനം, തടിയേതര വനവിഭവങ്ങളുടെ അമിതചൂഷണം, മലിനീകരണം, കാട്ടുതീ, റോഡുനിര്‍മാണം എന്നിങ്ങനെ പട്ടിക നീളുന്നു. ഏറ്റവും ഒടുവില്‍ വന്നത് വിനോദ സഞ്ചാര വ്യവസായമാകാം. വലിയ ഹോട്ടലുകളും റിസോര്‍ട്ടുകളും ഉല്ലാസ ബംഗ്ലാവുകളും വന്നു. ഇരുപതാം നൂറ്റാണ്ടിെന്‍റ അവസാനദശകമായപ്പോള്‍ സ്വകാര്യ - കോര്‍പ്പറേറ്റ് മേഖലകള്‍ പശ്ചിമഘട്ടത്തിെന്‍റ പ്രകൃതിവിഭവങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് മൂലധനം ഇറക്കിത്തുടങ്ങി. ഇതൊക്കെക്കൊണ്ട് എന്തു സംഭവിച്ചു?

62000 ച. കി. മി. നിത്യഹരിത വനമുണ്ടായിരുന്നത് 5288 ആയിച്ചുരുങ്ങി. 182500 ച. കി. മി. പ്രാഥമിക സസ്യജാലങ്ങള്‍ ഉണ്ടായിരുന്നത് 12450 ച. കി. മി. മാത്രമായി ചുരുങ്ങി. 1920നും 1990നും ഇടയില്‍ മാത്രം പശ്ചിമഘട്ടത്തിലെ ആദ്യ സസ്യാവരണത്തിലെ 40% നഷ്ടപ്പെട്ടു. എവിടെയും പരിസ്ഥിതി നാശത്തിെന്‍റ കാരണം രാഷ്ട്രീയം തന്നെയാണ്. പശ്ചിമഘട്ടത്തിെന്‍റ കാര്യത്തില്‍ ആഗോളരാഷ്ട്രീയം തന്നെയാണീ നശീകരണത്തില്‍ മുന്നില്‍. വിവിധ ലോകയുദ്ധങ്ങളുടെ കാലത്ത് ഭക്ഷ്യക്ഷാമം നേരിടാന്‍ ആളുകളെ നിര്‍ബന്ധിച്ച് കാട്ടിലേയ്ക്കയച്ച് കാട് വെട്ടിത്തെളിയിച്ച് കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നു. അക്കാലത്ത് കേരളം വിശപ്പടക്കിയിരുന്നതെങ്ങനെയായിരുന്നു? 1920-1980 കാലത്ത് നടന്ന കാട് വെട്ടലിെന്‍റ 40%വും കൃഷി വ്യാപനത്തിനായി മാത്രം നടന്നവയായി കരുതപ്പെടുന്നു. വന്‍കിട ഔഷധനിര്‍മാണ കമ്പനികളും ഇക്കാലത്ത് കാട്ടിലേക്ക് കടന്നിട്ടുണ്ട്. ഔഷധനിര്‍മാണത്തിനാവശ്യമായ സസ്യജാലങ്ങളായിരുന്നു അവര്‍ക്ക് വേണ്ടത്. ഇപ്പോഴുള്ള വനപരിപാലനം വിപണി നിയന്ത്രണമാണ്. വനവിഭവങ്ങള്‍ വിശേഷിച്ചും തടി ഉല്‍പാദിപ്പിക്കുകയാണതിെന്‍റ ലക്ഷ്യം. ഇത് കാടിനെ നശിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ? കൊളോണിയല്‍ ഭരണകാലത്ത് തന്നെ വനത്തിനെ ഒരു സാമ്പത്തിക സ്രോതസ്സായാണ് കരുതിപ്പോന്നത്. കാടിെന്‍റ വിലയെന്നാല്‍ കാട്ടിലെ തടിയുടെ വില എന്നാണര്‍ത്ഥമാക്കിയിരുന്നത്. പിന്നീട് അന്തര്‍ദേശീയ കച്ചവട വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വന്നപ്പോള്‍ ഉണ്ടായ താരിഫ് ഉപേക്ഷിക്കല്‍ പരിപാടി രാജ്യങ്ങള്‍ തമ്മിലുള്ള വനവിഭവങ്ങളുടെ കൈമാറ്റം വളരെ എളുപ്പമാക്കിത്തീര്‍ത്തു. അതോടെ തടിവെട്ടിെന്‍റ തീവ്രത കൂടി. വിനോദസഞ്ചാരവും ഒരു വ്യവസായമായി വളര്‍ന്നു. കാട്ടില്‍ കൂടുതല്‍ റോഡുകളും കെട്ടിടങ്ങളും വേണ്ടിവന്നു. ധാരാളം വിനോദസഞ്ചാരികള്‍ വന്നു. കൂടുതല്‍ സഞ്ചാരികള്‍, കൂടുതല്‍ നിര്‍മാണം, കൂടുതല്‍ നശീകരണം. അങ്ങനെയായി വികസനത്തിെന്‍റ പോക്ക്. ഇങ്ങനെയൊക്കെയാണെങ്കിലും പശ്ചിമഘട്ടത്തിെന്‍റ നാശത്തിന് കാരണമായ മൂന്ന് സംഗതികള്‍ എടുത്തുപറയാതെ പറ്റില്ല. അണക്കെട്ടുകള്‍ തന്നെയാണ് ആദ്യം പറയേണ്ടത്. അമ്പതിലധികം വന്‍ അണക്കെട്ടുകളടക്കം 3435 അണക്കെട്ടുകളുണ്ട് സഹ്യപര്‍വ്വതത്തില്‍. വൈദ്യുതിക്കും ജലസേചനത്തിനുമായി നിര്‍മിക്കപ്പെട്ട ജലസംഭരണികളുടെ രജിസ്റ്റര്‍ പ്രകാരം ഗോവയില്‍ 7, ഗുജറാത്തില്‍ 537, മഹാരാഷ്ട്രയില്‍ 1529, കര്‍ണാടകത്തില്‍ 216, തമിഴ്നാട്ടില്‍ 97, കേരളത്തില്‍ 54 എന്നിങ്ങനെയാണ് ജലസംഭരണികളുടെ എണ്ണം. ഇതിന് പുറമെ വേറെയും ധാരാളം എണ്ണം നിര്‍മാണത്തിലുണ്ട്. ഈ ജലസംഭരണികള്‍ക്കായി വനം വെട്ടിവെളുപ്പിച്ചിട്ടുണ്ട്. വനം വെള്ളത്തില്‍ മുക്കിക്കളഞ്ഞിട്ടുണ്ട്. ഇങ്ങനെയുണ്ടായ വനനശീകരണം മണ്ണൊലിപ്പിനിടയാക്കി. കളച്ചെടികള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമായി.വനം കയ്യേറ്റവും കുടിയേറ്റവും വനമേഖലയില്‍ ജനസംഖ്യാവര്‍ധനവ് ഉണ്ടാക്കി. കേരളത്തില്‍ അട്ടപ്പാടിയിലേക്ക് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെട്ടപ്പോള്‍ ആദിവാസികള്‍ ന്യൂനപക്ഷമായി മാറിയ കണക്കുകള്‍ വന്നിട്ടുണ്ടല്ലോ? പുറമേനിന്ന് വന്നവര്‍ ഭൂരിപക്ഷമായി മാറി. ജീരകപ്പാറ, മുണ്ടേരി, മതികെട്ടാന്‍ തുടങ്ങിയ വനനാമങ്ങള്‍ കാട് കവര്‍ന്നെടുക്കാന്‍ തുടങ്ങിയ ശ്രമത്തിെന്‍റ പര്യായങ്ങളായി ഇന്ന് വായിച്ചെടുക്കാം. ഖനനംമൂലം പശ്ചിമഘട്ടത്തിെന്‍റ പാരിസ്ഥിതിക ലോല പ്രദേശങ്ങള്‍ക്കാണ് കോട്ടം തട്ടിയത്. ഗോവയില്‍ മാത്രം ആറ് വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് പരിക്കേറ്റു. നദികള്‍ക്കും കായലുകള്‍ക്കും ദോഷമുണ്ടായിട്ടുണ്ട്. ഗുജറാത്തില്‍ ലൈംസ്റ്റോണ്‍, ലിഗ്നൈറ്റ്, ബോക്സൈറ്റ് എന്നിവയാണ് ഖനനം ചെയ്യപ്പെട്ടത്. നാരായണ സരോവര്‍, ഗീര്‍ എന്നീ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്കും ഗീര്‍ ദേശീയോദ്യാനത്തിനും ലിറ്റില്‍ റാന്‍ ഓഫ് കച്ചിലെ വന്യ കഴുത സങ്കേതത്തിനും കേടുപറ്റി. ബാലാസിനോര്‍, ഛോട്ടാ നാഗ്പൂര്‍ എന്നീ സംരക്ഷിത വനങ്ങള്‍ക്കും ഖനനംമൂലം ഉപദ്രവം ഉണ്ടായി.

കര്‍ണാടകത്തിലെ കുദ്രേമുഖ്, ഗോവ എന്നിവിടങ്ങളില്‍ നടക്കുന്ന ഇരുമ്പ് ഖനനം, കേരളത്തില്‍ വാളയാറില്‍ കാട്ടിലെ ചുണ്ണാമ്പുകല്ല് ഖനനം, നിലമ്പൂരിലെ കരിങ്കല്ല് ഖനനം എന്നിവ ഗുരുതരമായ പരിക്കുകള്‍ ഏല്‍പിച്ചവയാണ്. കേരള ഗവണ്‍മെന്‍റിെന്‍റ 2009ലെ ഖനിനയം നീലേശ്വരം, കാടംകോട്, കയ്യൂര്‍ തുടങ്ങിയ കാസര്‍കോടന്‍ ഗ്രാമങ്ങളില്‍നിന്ന് ലിഗ്നൈറ്റും നിലമ്പൂരില്‍നിന്ന് സ്വര്‍ണ്ണവും കോഴിക്കോട് - മലപ്പുറം ജില്ലകളില്‍നിന്ന് ഇരുമ്പും കുഴിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതെല്ലാമാണെങ്കിലും കര്‍ണാടകത്തിലേയും ഗോവയിലേയും പോലെയുള്ള വന്‍കിട ഖനികള്‍ കേരളത്തിലില്ല എന്ന് സമ്മതിക്കണം. മഹാരാഷ്ട്രയിലെ രത്നഗിരി, കൊയ്ന, ചന്ദോളി എന്നീ സങ്കേതങ്ങളില്‍ ബോക്സൈറ്റ് ഖനനവും തഡോബ - അന്ധേരി കടുവ സങ്കേതത്തില്‍ കല്‍ക്കരി ഖനനവും നടക്കുന്നു. സഞ്ജയ്ഗാന്ധി ദേശീയോദ്യാനത്തിനും ഖനനംമൂലം നാശം വന്നു. തമിഴ്നാട്ടില്‍ കളക്കാട് സങ്കേതത്തില്‍ വജ്രഖനനവും പഴഞ്ഞിമലയില്‍ ബോക്സൈറ്റ് ഖനനവും നടന്നിരുന്നു. രണ്ടും ഇപ്പോള്‍ ഇല്ല.

മൂന്നാമത്തെ കാരണം നേരത്തെ പറഞ്ഞ തോട്ടവല്‍ക്കരണമാണ്. നീലഗിരിയില്‍ മാത്രം 55330 ഹെക്ടര്‍ തോട്ടങ്ങളുണ്ട്. കേരളത്തില്‍ ചായ, കാപ്പി, ഏലം, യൂക്കാലിപ്സ്, റബ്ബര്‍, അക്കേഷ്യ എന്നിവയെല്ലാം ചേര്‍ത്ത് 900 ച. കി. മീ. തോട്ടങ്ങളാണുള്ളത്. കേരളത്തിലെ കാടിെന്‍റ പൊതുസ്ഥിതി ഭയാനകമാണ്. ഭാരതപ്പുഴയുടെ ഉറവകള്‍ രൂപമെടുത്ത മേഖലകളിലെ വനങ്ങളെല്ലാം തന്നെ തുടച്ച് നീക്കപ്പെട്ടിരിക്കുന്നു. മീനച്ചിലാര്‍ ഇപ്പോള്‍ ഉച്ചിയിലും കാടില്ലാത്ത ഒരു തോടാണ്. ചാലിയാറിെന്‍റ തുടക്കം മുണ്ടേരിയില്‍നിന്നാണ്. എല്ലാ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ കഷ്ടിച്ച് 1000 ച. കി. മി. മഴക്കാടുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവയെല്ലാം സൂചിപ്പിക്കുന്നത് എന്താണ്? കേരളത്തിെന്‍റ നിലനില്‍പിന് പശ്ചിമഘട്ടം അനുപേഷണീയമായ ഒന്നാണ്. എന്നാലത് ഗുരുതരമായ പാരിസ്ഥിതികത്തകര്‍ച്ചയെ നേരിടുന്നു. ഈ തകര്‍ച്ച കേരളത്തിെന്‍റ കാലാവസ്ഥയേയും മഴലഭ്യതയേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അത് ജനജീവിതം ദുരിതമയമാക്കിത്തീര്‍ക്കുന്നു. പശ്ചിമഘട്ടം സംരക്ഷിക്കാതെ കേരളത്തിന് നിലനില്‍പ്പില്ല.

*
ജോജി കൂട്ടുമ്മേല്‍ ദേശാഭിമാനി വാരിക

No comments: