Sunday, January 19, 2014

മധുരമീ ഗാനം

നല്ല ജീവിതത്തിലേക്ക് ഓരോ മനുഷ്യനെയും തിരിച്ചുകൊണ്ടു വരാനുള്ള സംഗീതമാന്ത്രികതയായിരുന്നു എം ബി ശ്രീനിവാസന്‍. കാല്‍ നൂറ്റാണ്ടുമുമ്പ് അദ്ദേഹം മണ്‍മറഞ്ഞു. പക്ഷേ, സംഗീതത്തിനും സംഗീതജ്ഞനും മരണമില്ല. യേശുദാസിനെ ആദ്യമായി സിനിമയില്‍ പാടിച്ചത് എം ബി എസാണ്. "ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സര്‍വരും.... " എന്ന ശ്രീനാരായണഗുരു ശ്ലോകം "കാല്‍പ്പാടുകള്‍" (1962) എന്ന സിനിമയ്ക്കായി മനസ്സില്‍ തട്ടുംവിധം പാടാന്‍ യേശുദാസിന്റെ സ്വരത്തിന് ശക്തിപകര്‍ന്നത് എം ബി എസിന്റെ ഈണമാണ്.

സമരതീക്ഷ്ണമായ ഒരുകാലഘട്ടമാണ് അത് രൂപപ്പെടുത്തിയത്. സ്വാതന്ത്ര്യപ്പിറവിയുടെ കാലത്ത് "ഹിന്ദു ഇന്ത്യ", "മുസ്ലിം ഇന്ത്യ" എന്ന മുദ്രാവാക്യങ്ങള്‍ നെഞ്ചുപിളര്‍ത്തി ചോരയൊഴുക്കിയപ്പോള്‍, "നമുക്കുപാടാം ഒന്നായി" എന്ന വികാരത്തോടെ കശ്മീര്‍മുതല്‍ കന്യാകുമാരിവരെ ഇന്ത്യ ഒന്നായി നില്‍ക്കണമെന്ന വികാരം ഗാനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ എത്തിച്ച സംഗീതജ്ഞനായിരുന്നു എം ബി എസ്. ആ ഹൃദയവികാരത്തിന്റെ ഈണമാണ് യേശുദാസിന്റെ ശബ്ദത്തിന് എം ബി എസ് പകര്‍ന്നത്. കയ്യൂര്‍ സമരത്തെ ആസ്പദമാക്കി ചിത്രീകരിച്ച "മീനമാസത്തിലെ സൂര്യന്‍" എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കാനെത്തിയ അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് കയ്യൂര്‍ കാണണമെന്നാണ്. കയ്യൂരിലെത്തി, നാട്ടുകാരുമായി സംസാരിച്ചും ആ നാടിന്റെ സാംസ്കാരികപശ്ചാത്തലം മനസ്സിലാക്കിയുമാണ് കയ്യൂര്‍ രക്തസാക്ഷികളുടെ കഥ പറഞ്ഞ സിനിമയ്ക്ക് ഈണമിട്ടത്. സാമ്രാജ്യത്വത്തിനെതിരെ പോരാടി "ഇങ്ക്വിലാബ്" വിളിച്ച് തൂക്കുമരമേറിയ ധീരന്മാരോടുള്ള ഹൃദയവായ്പുകൂടിയായിരുന്നു ആ നാട് കാണണമെന്ന മഹാസംഗീതജ്ഞന്റെ ആഗ്രഹത്തില്‍ പ്രകടമായത്.

സംഘഗാനത്തിലും ചലച്ചിത്രസംഗീതത്തിലും പശ്ചാത്തലസംഗീതത്തിലും മായാത്തമുദ്ര ചാര്‍ത്തിയ ചരിത്രമാണ് ഈ സംഗീതജ്ഞന്റേത്. പാട്ടിന് ഈണമിട്ട് സംഗീതം പകരുന്നതിനുപകരം വരികള്‍ക്ക് കൃത്യമായ സംഗീതം പകര്‍ന്ന് നല്ല ശൈലി രൂപപ്പെടുത്തി. കേരളസര്‍ക്കാരിന്റെ ചലച്ചിത്രപുരസ്കാരം നാലുതവണ തേടിയെത്തി ഈ ആന്ധ്രക്കാരനെ. യേശുദാസിനെ കണ്ടെത്തിയതുപോലെ, പ്യാരി ആന്‍ഡ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി ചെന്നൈയില്‍ കഴിഞ്ഞിരുന്ന പി ജയചന്ദ്രന്‍ ചലച്ചിത്രസംഗീതത്തിലേക്ക് കടന്നുവരുന്നതിന് നിമിത്തമായതും എം ബി എസാണ്. തലമുറകള്‍ ഏറ്റുപാടുന്ന ഗാനങ്ങള്‍ക്ക് ഈണംപകര്‍ന്ന സംഗീതജ്ഞന്റെ പശ്ചാത്തലസംഗീതവും നവീനവും ഭാവതീക്ഷ്ണവുമായിരുന്നു. എം ടിയുടെ "നിര്‍മാല്യ"ത്തില്‍ വെളിച്ചപ്പാടായ പി ജെ ആന്റണി വാളുമായി തുള്ളി അമ്പലത്തില്‍ കയറി വിഗ്രഹത്തിലേക്ക് പ്രതിഷേധത്തോടെ ചോരതുപ്പുന്ന സീനുണ്ട്.

ആ രംഗത്തിന് വികാരതീവ്രത പകര്‍ന്നത് എം ബി എസിന്റെ സംഗീതമാണ്. എം ടിയുടെ ബന്ധനത്തിലെയും മഞ്ഞിലെയും പാട്ടുകള്‍ എം ബി എസിന്റേതായിരുന്നു. പശ്ചാത്തലസംഗീതത്തിലും കാണാം എം ബി എസിന്റെ കറകളഞ്ഞ രാഷ്ട്രീയബോധവും കലാവൈഭവവും. അടൂര്‍ ഗോപാലകൃഷ്ണന്റെ "സ്വയംവരം", "എലിപ്പത്തായം", "മുഖാമുഖം" തുടങ്ങിയ സിനിമകളിലെല്ലാം ഇത് തെളിയുന്നു. "എലിപ്പത്തായ"ത്തില്‍ എലിയെയുംകൊണ്ട് കടവിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ ഒരു വ്യത്യസ്ത സംഗീതം നല്‍കി. രണ്ടു തംബുരുവും ഒരു ഘടവും കൊണ്ടുള്ള ശബ്ദം. ഇതില്‍ വിസ്മയംപൂണ്ട ഒരു വിദേശി, ഏത് ഇലക്ട്രോണിക് ഉപകരണമാണ് ഉപയോഗിച്ചതെന്ന് അടൂരിനോട് ചോദിച്ചത്രേ. "മുഖാമുഖ"ത്തില്‍ സഖാവ് ശ്രീധരന്റെ ചിത്രവും പാര്‍ടി ഓഫീസും ചുവപ്പുകൊടി പിടിച്ച ജാഥയും വരുമ്പോള്‍ പശ്ചാത്തലത്തില്‍ മുദ്രാവാക്യംവിളി മുഴങ്ങുകയും അത് ക്രമേണ സാര്‍വദേശീയഗാനത്തിന്റെ ഈണത്തിന് വഴിമാറുകയും ചെയ്യുന്നു. "ഞാനൊരു കമ്യൂണിസ്റ്റല്ലായിരുന്നെങ്കില്‍, ഇപ്റ്റ ഇല്ലായിരുന്നെങ്കില്‍ എം ബി എസ് എന്നൊരു സംഗീതജ്ഞന്‍ ഉണ്ടാകുമായിരുന്നില്ലെന്ന്" ആ സംഗീതകാരന്‍ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റ്- പുരോഗമനപ്രസ്ഥാനവും മഹാസംഗീതജ്ഞന്റെ വളര്‍ത്തുതൊട്ടിലുകളായി. ആഢ്യബ്രാഹ്മണ കുടുംബത്തില്‍ പിറന്നയാള്‍ വലിയ സംഗീതജ്ഞനായശേഷവും സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കുകയും ചേരികളിലെ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുകയും ചെയ്തു.

പാടുന്ന പന്തം എന്നാണ് പി ഭാസ്കരന്‍ എം ബി എസിനെ വിളിച്ചത്. ആന്ധ്രയിലെ ചിറ്റൂര്‍ഗ്രാമത്തില്‍ 1925ല്‍ പിറന്ന കുഞ്ഞ് വളര്‍ന്നത് അച്ഛന്‍ കോയമ്പത്തൂര്‍ അഗ്രികള്‍ച്ചര്‍ കോളേജിലെ പ്രൊഫസറായിരുന്ന, ബാലകൃഷ്ണന്റെ മടിയിലിരുന്ന് സുബ്രഹ്മണ്യഭാരതിയുടെ പാട്ടുകള്‍ കേട്ടാണ്. സംഗീതവിദൂഷിയായ അമ്മയില്‍നിന്ന് സംഗീതം അഭ്യസിച്ചു. ആന്ധ്രയിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന എം ആര്‍ വെങ്കിട്ടരാമനില്‍നിന്ന് രാഷ്ട്രീയത്തിന്റെ ഹരിശ്രീ പഠിച്ചു. പഠനം മദിരാശിയിലായിരുന്നു. മദിരാശി പി എസ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുമായിചേര്‍ന്ന് പഠിപ്പുമുടക്കി സമരംചെയ്തു. കോളേജ് വിദ്യാര്‍ഥികള്‍കൂടി അണിചേര്‍ന്ന സമരത്തിന്റെ നായകനായി. ആ സമരം ജവാഹര്‍ലാല്‍ നെഹ്റുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു.

തൊട്ടുപിന്നാലെ മദിരാശിയിലെ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നപ്പോള്‍ വിദ്യാര്‍ഥിസംഘടനാനേതാവായി. പിന്നീട് വിദ്യാര്‍ഥി ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹിയായി. കോളേജ് യൂണിയന്‍, ഡ്രാമക്ലബ് എന്നിവയ്ക്ക് നേതൃത്വം നല്‍കി. ഒരുഭാഗത്ത് സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും രംഗത്തിറക്കി മദിരാശിയിലെ തീപ്പൊരിയായി. റോയല്‍ ഇന്ത്യന്‍ നേവിയിലെ ഭടന്മാരുടെ ബോംബെകലാപം അക്കാലത്തായിരുന്നു. അതില്‍പ്പെട്ട ഭടന്മാരെ പീഡിപ്പിക്കുന്നതിന് എതിരായ പ്രക്ഷോഭവും നയിച്ചു. ബംഗാള്‍ ക്ഷാമകാലത്ത് അതിനെ ആസ്പദമാക്കി നിഴല്‍നാടകം അരങ്ങില്‍ കൊണ്ടുവന്ന് ഫണ്ട് സംഭരിച്ചു. വിദ്യാര്‍ഥി സംഘടനാ നേതാവ് എന്ന നിലയില്‍ ബോംബെയില്‍ എത്തിയപ്പോള്‍ ഇപ്റ്റയുടെ സെന്‍ട്രല്‍ സ്ക്വാഡ് ഓഫീസില്‍ പോയി. "സാരേ ജഹാംസേ അച്ചാ"യ്ക്ക് പണ്ഡിറ്റ് രവിശങ്കര്‍ ഈണമിടുന്നത് അവിടെനിന്ന് കേട്ടു. അങ്ങനെ ഇപ്റ്റയുമായി ബന്ധമായി. സജ്ജാദ് സഹീര്‍, അലി സര്‍ദാര്‍ ജിഫ്രി, മുള്‍ക്ക്രാജ് ആനന്ദ്, ഉല്‍പല്‍ ദത്ത്, കൈഫി ആസ്മി, സലില്‍ ചൗധരി, ഒ എന്‍ വി തുടങ്ങിയവരൊക്കെ ഇപ്റ്റയില്‍ സജീവമായിരുന്നു. സലില്‍ ചൗധരി "ബോംബെ ക്വയര്‍" രൂപീകരിച്ച് ഇന്ത്യയില്‍ കോറല്‍ മ്യൂസിക്കിന് പുതുചരിത്രം രചിച്ചപ്പോള്‍, ഇപ്റ്റയില്‍ സജീവമായിരുന്ന എം ബി എസ് മദ്രാസ് യൂത്ത് ക്വയര്‍ രൂപീകരിച്ചു. ജയിലിലടയ്ക്കപ്പെട്ട സ്വാതന്ത്ര്യസമരസേനാനികള്‍ക്കും സമരത്തിനും ആവേശം പകരാന്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു.

മഹാകവികളുടെ അടക്കം കവിതകള്‍ക്ക് സംഘഗാനത്തിന്റെ ശക്തിനല്‍കി മനുഷ്യഹൃദയങ്ങളെ ആവേശഭരിതമാക്കി. ഇങ്ങനെ സംഗീതവും രാഷ്ട്രീയവും ജീവിതത്തിന്റെ ഭാഗമായ യുവാവ് 1952ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ഡല്‍ഹിയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പാര്‍ലമെന്ററി പാര്‍ടി പ്രവര്‍ത്തനത്തെ സഹായിക്കാന്‍ എത്തി. ബഹുഭാഷാജ്ഞാനിയായ യുവ കമ്യൂണിസ്റ്റ് ലോക്സഭയിലെ പ്രതിപക്ഷനേതാവായ എ കെ ജിയുടെ സെക്രട്ടറിയായി. ഇപ്റ്റയില്‍ സജീവാംഗമായിരുന്ന സാഹിദ കിച്ച്ലുവിനെ ആ സമയത്താണ് വിവാഹം കഴിക്കുന്നത്. റൗലത്ത് ആക്ടിന് എതിരെയുള്ള സമരത്തില്‍ ജാലിയന്‍വാലാബാഗില്‍ അറസ്റ്റുവരിച്ച ധീരനായ സ്വാതന്ത്ര്യസമര പോരാളി ഡോ. സൈഫുദീന്‍ കിച്ച്ലുവിന്റെ മകളായിരുന്നു സാഹിദ. എ കെ ജി അന്ന് കോളേജ് വിദ്യാര്‍ഥിയായിരുന്ന സുശീലയുമായി വിവാഹം നിശ്ചയിച്ചശേഷമുള്ള നാളുകളായിരുന്നു അത്. സുശീലയുടെ കത്തുകള്‍ കിട്ടുന്നത് എം ബി എസിന്റെ കൈയില്‍. പക്ഷേ, ആ കത്തുകള്‍മാത്രം സെക്രട്ടറി പൊട്ടിക്കുമായിരുന്നില്ല. കൈയക്ഷരംകൊണ്ട് തിരിച്ചറിഞ്ഞിരുന്ന ആ കത്തുകളില്‍ ചിലപ്പോള്‍ മുല്ലപ്പൂവോ റോസാപ്പൂവോ ഉണ്ടാകുമായിരുന്നു. കേരളത്തില്‍നിന്ന് തപാലില്‍ ഏഴുദിവസം എടുത്ത് കത്ത് ദില്ലിയില്‍ എത്തുമ്പോള്‍ പൂ വാടുകയോ കരിയുകയോ ചെയ്യുമായിരുന്നു.

പക്ഷേ, അതിന്റെ മണം എ കെ ജി ആസ്വദിച്ചിരുന്നതിനെപ്പറ്റി സുശീല ഗോപാലന്റെ സാന്നിധ്യത്തില്‍ എം ബി എസ് സുഹൃത്തുക്കളോട് പറഞ്ഞ് ചിരിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസുകള്‍ക്കും സംസ്ഥാന സമ്മേളനങ്ങള്‍ക്കും എം ബി എസ് നയിച്ച ഗാനവിരുന്നുകള്‍ ആവേശമായിരുന്നു. ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയില്‍ സംഘഗീതാലാപനം അവിഭാജ്യഘടകമായതില്‍ എം ബി എസിന്റെ പങ്ക് വലുതാണ്. നെഹ്റു, ഇന്ദിര ഗാന്ധി എന്നിവരെല്ലാമായി അടുത്ത പരിചയമുണ്ടായിരുന്ന എം ബി എസ് അടിയന്തരാവസ്ഥക്കാലത്ത് മദിരാശി ആകാശവാണിയില്‍ അവതരിപ്പിച്ച കോറല്‍ മ്യൂസിക്കില്‍ ഭരണകൂടഭീകരതയെ എതിര്‍ക്കുന്ന ദേശഭക്തിഗാനങ്ങള്‍ പാടി എല്ലാവരെയും ഞെട്ടിച്ചു. അതുചെയ്ത ആള്‍തന്നെ ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചുവീണപ്പോള്‍ പ്രതിഷേധവും അമര്‍ഷവും ആദരവും പ്രകടിപ്പിച്ചുകൊണ്ട് സ്വന്തമായി രചിച്ച സംഘഗാനം ദൂരദര്‍ശനിലും ആകാശവാണിയിലും അവതരിപ്പിച്ചു.

എം ബി എസിന്റെ സംഗീതം അദ്ദേഹത്തിന്റെ ഹൃദയത്തിലലിഞ്ഞുചേര്‍ന്ന പുരോഗമനരാഷ്ട്രീയത്തിന്റെ പ്രതിഫലനംകൂടിയായിരുന്നു. ഒരുവട്ടംകൂടിയെന്‍ ഓര്‍മകള്‍ മേയുന്ന... എന്ന ഒറ്റഗാനംമതി മലയാളിക്ക് എം ബി എസിനെ മറക്കാതിരിക്കാന്‍. ഒരുവട്ടമല്ല ആയിരംവട്ടം സംഗീതപ്രേമികള്‍ ഓര്‍ക്കുന്ന പേരാണ് എം ബി എസ്.

എം ബി എസിന്റെ പ്രശസ്ത ചലച്ചിത്രഗാനങ്ങള്‍

ഒരുവട്ടം കൂടിയെന്‍... (ചില്ല്- യേശുദാസ്) ചൈത്രം ചായം... (ചില്ല്- യേശുദാസ്) നെറ്റിയില്‍ പൂവുള്ള... (മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍- കെ എസ് ചിത്ര) ചന്ദ്രപ്പളുങ്ക് മണിമാല... (കന്യാകുമാരി- യേശുദാസ്, എസ് ജാനകി) മോക്ഷമു... (സ്വാതിതിരുനാള്‍- ബാലമുരളീകൃഷ്ണ) കോസലേന്ദ്ര... (സ്വാതിതിരുനാള്‍- നെയ്യാറ്റിന്‍കര വാസുദേവന്‍) പന്നഗേന്ദ്രശയന... (സ്വാതിതിരുനാള്‍- ബാലമുരളീകൃഷ്ണ, യേശുദാസ്, നെയ്യാറ്റിന്‍കര വാസുദേവന്‍) ഓമനത്തിങ്കള്‍ കിടാവോ... (സ്വാതിതിരുനാള്‍- എസ് ജാനകി) താമരത്തുമ്പീ വാ... വാ (പുതിയ ആകാശം പുതിയ ഭൂമി- പി ലീല, കെ പി ഉദയഭാനു) കടലിനെന്തു മോഹം... (കടല്‍- യേശുദാസ്) ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍... (കടല്‍- എസ് ജാനകി) രാഗം ശ്രീരാഗം... (ബന്ധനം- പി ജയചന്ദ്രന്‍) എന്റെ കടിഞ്ഞൂല്‍ പ്രണയ... (ഉള്‍ക്കടല്‍- യേശുദാസ്) ശരദിന്ദുമലര്‍ദീപ... (ഉള്‍ക്കടല്‍- പി ജയചന്ദ്രന്‍, സെല്‍മാജോര്‍ജ്) പൊട്ടിക്കാന്‍ ചെന്നപ്പോള്‍... (ഓപ്പോള്‍- യേശുദാസ്) ഏറ്റുമാനൂരമ്പലത്തില്‍... (ഓപ്പോള്‍- എസ് ജാനകി) മനസ്സൊരു മാന്ത്രികക്കുതിര... (മേള- യേശുദാസ്) ഭരതമുനിയൊരു കളംവരച്ചു... (യവനിക- യേശുദാസ്, സെല്‍മാജോര്‍ജ്) ചെമ്പകപുഷ്പ... (യവനിക- യേശുദാസ്) ഓലഞ്ഞാലിക്കിളിയുടെ... (ഓമനത്തിങ്കള്‍- എസ് ജാനകി) സങ്കല്‍പ പുഷ്പവനത്തില്‍... (രുഗ്മ- യേശുദാസ്) ഹേമന്ത നിശീഥിനിയില്‍... (ശിവതാണ്ഡവം- യേശുദാസ്)

*
ആര്‍ എസ് ബാബു

No comments: