Monday, January 6, 2014

അടുക്കളപ്പുകയില്‍ എരിയുന്ന ഇന്ത്യന്‍സ്ത്രീ

അടുക്കളപ്പുകയില്‍നിന്നുണ്ടാകുന്ന രോഗങ്ങള്‍മൂലം ഇന്ത്യയില്‍ ഒരുവര്‍ഷം 5,00,000 പേര്‍ മരിക്കുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റെ മുഖ്യകാരണം ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അടുക്കളപ്പുക ആയിരം സിഗററ്റില്‍നിന്നുള്ള പുകയ്ക്ക് തുല്യമാണത്രേ! ലോകമെമ്പാടും 20 ലക്ഷം പേരാണ് അപകടകരമായ പാചക ഇന്ധനംമൂലം മരണമടയുന്നത്. അഞ്ചുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മൂന്നാമത്തെ ഘടകമാണ് അടുക്കളപ്പുക! ക്ഷയം, ശ്വാസകോശ അര്‍ബുദം, മറ്റ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് വിറക്, ചാണകവറളി തുടങ്ങിയ വസ്തുക്കള്‍ കത്തിക്കുന്നത് കാരണമാകുന്നു. സ്ത്രീകളിലെ തിമിരത്തിന്റെയും ഒരു കാരണം വിഷലിപ്തമായ പുകതന്നെയാണ്. ഏറ്റവും കൂടുതല്‍ തിമിരരോഗികളായ സ്ത്രീകളുള്ള രാജ്യമാണ് ഇന്ത്യ.

ഇന്നും ഇന്ത്യയിലെ 70 ശതമാനം വീടുകളിലും പാചകത്തിന് ഉപയോഗിക്കുന്നത് വിറകും ചാണകവറളിയും മറ്റ് വസ്തുക്കളുമാണ്. കടുത്ത വായുമലിനീകരണത്തിനും ആഗോളതാപനത്തിനും ലക്ഷക്കണക്കിന് വീടുകളില്‍നിന്ന് ഉയരുന്ന പുക ഇടവരുത്തുന്നു. വിറകിനായി മരങ്ങളും കാടുകളും നശിപ്പിക്കുന്നു. ഒരുദിവസം എത്രയോ ലക്ഷം മരങ്ങള്‍ ആയിരിക്കാം അടുക്കളകളില്‍ എരിഞ്ഞുതീരുന്നത്!

കൂടാതെ വിറകുപയോഗിച്ചുള്ള പാചകം സ്ത്രീകളുടെ ജീവിതത്തെ പലതരത്തില്‍ വിനാശകരമായി ബാധിക്കുന്നു. സംഘര്‍ഷ, യുദ്ധമേഖലകളില്‍ വിറകുശേഖരിക്കാന്‍ പോകുന്ന സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അതീവ ഉല്‍ക്കണ്ഠയോടെയാണ് കാണുന്നത്. ഒരുനേരത്തെ അത്താഴത്തിന് ഒരു പെണ്‍കുട്ടി നല്‍കുന്നത് ചിലപ്പോഴെങ്കിലും അവളുടെ മാനമാണെന്ന സ്ഥിതി!

സാധാരണനിലയിലും സ്ത്രീകള്‍ വിറകുശേഖരണത്തിനു പോകുന്നത് പലതരത്തിലുള്ള അപകടങ്ങളിലൂടെയാണ്. കാട്ടുമൃഗങ്ങളുമായും സാമൂഹ്യവിരുദ്ധരുമായും കൊള്ളക്കാരുമായും സ്ത്രീകള്‍ മുഖാമുഖം കാണേണ്ടിവരുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്നുണ്ട്. രൂക്ഷമായ കാലാവസ്ഥകളില്‍ വിറകുശേഖരണം സ്ത്രീകളെ ഭയപ്പെടുത്തുന്നു. വിറകുശേഖരിക്കുക, വിറകുപയോഗിച്ച് അടുപ്പുകത്തിക്കുക, വിറകടുപ്പില്‍നിന്നുണ്ടാകുന്ന കരി പാത്രങ്ങളില്‍നിന്ന് കഴുകിക്കളയുക എന്നത് സ്ത്രീയുടെ ഒരുദിവസത്തെ സമയത്തിന്റെ പ്രധാന ഭാഗം കവര്‍ന്നെടുക്കുന്നു. വിറക് എന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം വിരസവും കഠിനവും അനാരോഗ്യകരവുമായ അധ്വാനമാണെന്നര്‍ഥം. വിറകു ചുമന്നു നടന്ന് കഴുത്തിനും നട്ടെല്ലിനും പരിക്കും ക്ഷീണവും സംഭവിച്ച് അകാലരോഗികളാകുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. ചാണകവറളിയുടെ പുകയാകട്ടെ കൂടുതല്‍ ഹാനികരമാണ്. ഇന്ത്യയില്‍ പത്ത് ശതമാനം പേര്‍ ചാണകവറളി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.

ശുചിയായ പാചക അടുപ്പുകള്‍ എന്നത് പരിസ്ഥിതിവാദികളും സ്ത്രീവിമോചകരും ഒരുപോലെ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ്. ദാരിദ്ര്യം കുറയ്ക്കുന്നതിനും ദാരിദ്ര്യത്തിന്റെ സ്ത്രൈണവല്‍ക്കരണത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സുരക്ഷിതമായ പാചക ഇന്ധനം ആവശ്യമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഊര്‍ജനയത്തില്‍ സ്ത്രീയുടെ ഊര്‍ജാവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന വീക്ഷണം ഇതിന്റെ ഭാഗമായി ഉണ്ടായതാണ്. ഊര്‍ജ ദാരിദ്ര്യം സൃഷ്ടിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഐക്യരാഷ്ട്രസഭപോലും ഗൗരവമായി കണക്കിലെടുക്കുന്നു. "ശുദ്ധമായ പാചക അടുപ്പുകള്‍ക്കു വേണ്ടിയുള്ള ആഗോളസഖ്യം" എന്ന പ്രസ്ഥാനം 2020 ആകുമ്പോഴേക്കും 100 ലക്ഷം വീടുകളില്‍ സുരക്ഷിതവും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ അടുപ്പുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു. സാമൂഹ്യപുരോഗതിക്കുതന്നെ സുരക്ഷിതമായ അടുപ്പുകള്‍ അനിവാര്യമായതിനാല്‍ പല രാജ്യങ്ങളും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഈ മേഖലയില്‍ ഇടപെടല്‍ നടത്തുന്നു. കേരളത്തിലെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുകയില്ലാത്ത അടുപ്പുകളുടെ പ്രസക്തിയും ഇവിടെയാണ്.

എന്നാല്‍, ഇന്ത്യാ സര്‍ക്കാര്‍ പാചകവാതകത്തിന്റെ വില ക്രമാതീതമായി വര്‍ധിപ്പിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സുരക്ഷിതമായ പാചക ഇന്ധനം നല്‍കുക എന്ന ഉത്തരവാദിത്തത്തില്‍നിന്ന് പിന്നോട്ടുപോകുകയാണ്. ആധാര്‍ എന്ന അശാസ്ത്രീയ നടപടിയിലൂടെ സബ്സിഡികള്‍ നല്‍കാതിരിക്കാനുള്ള തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ മെനഞ്ഞിരിക്കുന്നത്. "ഇന്ത്യയിലെ നഗരവാസികള്‍മാത്രം ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ സബ്സിഡികൊണ്ട് ഒരു ഫലവും ഇല്ലെന്നും ഈ മേഖലയെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ച് എല്‍പിജിയുടെ വിതരണം കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും" ലോകബാങ്ക് 2006ല്‍ ഒരു പഠന റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടിരുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കു ചേര്‍ന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗംതന്നെയാണ് ആധാറും പാചകവാതകത്തിന്റെ വിലവര്‍ധനയും.

പാചകവാതകത്തിന് ഇന്ത്യയില്‍ ക്ഷാമം ഇല്ലാതിരുന്നിട്ടും സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ അടുക്കളയില്‍ കയറി അതിക്രമം കാട്ടുമ്പോള്‍ തകരുന്നത് സ്ത്രീകളുടെ സുരക്ഷിതജീവിതമാണ്. ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും കുറഞ്ഞവിലയ്ക്ക് സുരക്ഷിതമായ പാചക ഇന്ധനം നല്‍കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ആവശ്യത്തിന് പാചകവാതകം (എല്‍പിജി) ലഭ്യമാക്കുന്നതിന് സഹായകമായ വിധത്തില്‍ ഊര്‍ജനയം രൂപീകരിക്കുകയാണ് വേണ്ടത്. 2000ലെ കണക്കുപ്രകാരം ഇന്ത്യയിലെ ഗ്രാമങ്ങളിലെ ഇന്ധന ഉപയോഗത്തിന്റെ തോത് താഴെ പറയുംപ്രകാരമാണ്. വിറക്- 75.4 ശതമാനം, എല്‍പിജി- 5.4 ശതമാനം, ചാണകവറളി- 10.6 ശതമാനം, മണ്ണെണ്ണ - 2.7 ശതമാനം, വൈദ്യുതി- .1 ശതമാനം.

അടുക്കളയില്‍ സ്വന്തം ശരീരമാണ് എരിഞ്ഞുതീരുന്നത് എന്നറിയാതെ ഭാരതസ്ത്രീകള്‍ തങ്ങളുടെ "സ്ത്രീധര്‍മം" അനുഷ്ഠിച്ചുകൊണ്ടേയിരിക്കുന്നു. സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായി എന്ന മട്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടത്തുന്ന പ്രഖ്യാപനങ്ങളുടെ പൊള്ളത്തരമാണ് പാചക ഇന്ധന നിയന്ത്രണത്തിലൂടെ വ്യക്തമാകുന്നത്.

*
ആര്‍ പാര്‍വതീദേവി

2 comments:

Akakukka said...

ഈ കുക്കിംഗ് ഗ്യാസൊക്കെ എപ്പഴാ ഒണ്ടായേ.. നല്ല വെറക് വെച്ച് കത്തിച്ചുണ്ടാക്ക്യ ഫുഡ്‌ കഴിക്ക്യാന്‍ ഒരു പ്രത്യേക ടെയ്സ്റ്റാ...
ഗ്യാസിനോക്കെ ദൌര്‍ലഭ്യം തന്നെ..
but alas...!!
ഇതിനിപ്പോ ഇങ്ങിനെയൊക്കെ ഒരു
കണ്ടുപിടുത്തം വേണമായിരുന്നോ?..
'അടുക്കളപ്പുരയില്‍ എരിയുന്ന ഇന്ത്യന്‍ സ്ത്രീ'...!!
കൊള്ളാം............

VANIYATHAN said...

ഇനിയിപ്പോൾ സ്ത്രീകളെ മാറ്റി പുരുഷന്മാരെ അടുക്കളയിൽ കയിറ്റിയാൽത്തന്നെ അവർക്കും ഈ പുകതന്നെയല്ലേ ശ്വസ്സിക്കണ്ടിവരിക. അതുമല്ലെങ്കിൽ ഒരുവീട്ടുജോലിക്കാരിയെ നിറുത്തുകയാണെങ്കിൽ അതും ഒരുസ്ത്രീയാണെന്നകാര്യം വിസ്മരിയ്ക്കയാണോ. ഇനിയുള്ള കാലം പല കോലങ്ങളും നമുക്ക്കാണേണ്ടിവരും, അതിലൊന്നാണു് ശുദ്ധവായൂ പാർലർ.