Friday, January 24, 2014

സാമ്പത്തികരംഗം സമ്പൂര്‍ണ തകര്‍ച്ചയില്‍

അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് മുതലക്കൂപ്പുകുത്തുകയാണ് കേരളം എന്നതിന്റെ ധവളപത്രമാണ് ധനമന്ത്രി കെ എം മാണി ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകനരേഖ. ഒപ്പം ജനജീവിതം ദുസ്സഹമാകുന്നതിന്റെ സാക്ഷ്യപത്രംകൂടിയാകുന്നുണ്ട് ബജറ്റിനുമുന്നോടിയായി വന്ന പോയവര്‍ഷത്തെ ഈ സാമ്പത്തികരംഗാവലോകനരേഖ. 2011-12, 2012-13 വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ടിരുന്ന ധനവിനിയോഗ ഏകീകരണലക്ഷ്യങ്ങള്‍ സാധ്യമാക്കാന്‍ സാധിക്കില്ല എന്ന് ഏറ്റുപറയുന്ന രേഖ, റവന്യൂകമ്മി 2008-09ല്‍ 3711.67 കോടിയായിരുന്നത് 2012-13ല്‍ 9351 കോടിയായി ഉയര്‍ന്നു എന്ന് വ്യക്തമാക്കുമ്പോള്‍ കേരളം എത്തിയിരിക്കുന്ന സാമ്പത്തികതലം ഏത് എന്നത് നമുക്ക് ഊഹിക്കാം.

ധനകമ്മി ഇതേ ഘട്ടത്തില്‍ 6346 കോടിയില്‍നിന്ന് 15,002 കോടിയിലേക്കുയര്‍ന്നു. കേരള ധന ഉത്തരവാദിത്ത ഭേദഗതിചട്ടം (2011) പ്രകാരം കടബാധ്യതാ ലക്ഷ്യങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ പരിമിതപ്പെടുത്താനോ കമ്മി ലക്ഷ്യം നേടാനോ കഴിഞ്ഞില്ല എന്നത് സര്‍വേയില്‍നിന്നു വ്യക്തമാകുന്നുണ്ട്. തനത് നികുതി- നികുതിയിതര വരുമാനം, കേന്ദ്രവിഹിതം, ഗ്രാന്റ് ഇന്‍ എയ്ഡ് എന്നിവ ഉള്‍പ്പെട്ടതാണ് റവന്യൂവരുമാനം. 2011-12ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 12.06 ശതമാനമായിരുന്ന ഈ വരുമാനം 2013-14ല്‍ 12.15 ശതമാനംമാത്രം. അതിരൂക്ഷമായ ഈ വര്‍ധന പണപ്പെരുപ്പത്തിന്റെ ഭീതിദമായ പശ്ചാത്തലത്തില്‍ യഥാര്‍ഥത്തില്‍ സൂചിപ്പിക്കുന്നത് അധോഗതിയെത്തന്നെയാണ്. ഈ വീഴ്ചയ്ക്ക് വഴിവച്ച പ്രധാനഘടകം കേന്ദ്രവിഹിത കൈമാറ്റത്തിലുണ്ടായ കുത്തനെയുള്ള കുറവാണ്. കേന്ദ്രത്തെ വാഴ്ത്തിപ്പാടികൊണ്ടിരുന്ന് സംസ്ഥാനഭരണം അര്‍ഹതപ്പെട്ടത് നഷ്ടപ്പെടുത്തി എന്നര്‍ഥം. എട്ടു മന്ത്രിമാര്‍ കേന്ദ്രത്തില്‍ കേരളത്തിന്റേതായുണ്ട് എന്നും കേരളവും കേന്ദ്രവും ഒരേ പാര്‍ടി ഭരിക്കുന്നതുകൊണ്ട് വലിയ ഗുണമുണ്ട് എന്നും ഒക്കെ വീമ്പടിച്ചിരുന്നത് വെറും ഭോഷ്കായിരുന്നു എന്നര്‍ഥം. നികുതിവരുമാന കാര്യത്തില്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ല എന്ന് ഏറ്റുപറഞ്ഞ് പിന്‍വാങ്ങിനില്‍ക്കാനേ ഈ ഘട്ടത്തില്‍ ധനമന്ത്രിക്ക് കഴിയുന്നുള്ളൂ. വല്ലാത്ത നിസ്സഹായതയാണ് അദ്ദേഹത്തിന്റേത്. കേരളത്തെ പാപ്പരീകരിക്കുന്നത് കേന്ദ്രമാണ് എന്ന് കേരളത്തോട് തുറന്നുപറയാന്‍ അദ്ദേഹം മടിക്കേണ്ടതില്ല. അദ്ദേഹം പറയുന്നില്ലെങ്കിലും സാമ്പത്തിക അവലോകനരേഖ ഇക്കാര്യം ഉറക്കെത്തന്നെ ജനങ്ങളോട് വിളിച്ചുപറയുന്നുണ്ട്. റവന്യൂ വരുമാനത്തിന്റെ ചടുലമായ വളര്‍ച്ച മൊത്തമുള്ള ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ചയുടെ സൂചകമാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ തകര്‍ച്ചയെ എങ്ങനെ വേണം കാണാന്‍ എന്നത് മന്ത്രി വിശദീകരിക്കണം. റവന്യൂവരുമാനത്തിലെ കേന്ദ്രവിഹിതം 2007-08ല്‍ 29.55 ശതമാനമായിരുന്നതാണ് 22.34 ശതമാനത്തിലേക്ക് ഇടിഞ്ഞത്്. കേന്ദ്ര നികുതി വിഹിതത്തിന്റെ വളര്‍ച്ചാനിരക്ക് 16.50 ശതമാനത്തില്‍നിന്ന് 14.19 ശതമാനമായി താണു. ഗ്രാന്റ് ഇന്‍ എയ്ഡും ഈ ഘട്ടത്തില്‍ ഇടിഞ്ഞു. 2011-12ല്‍ 68.86 ശതമാനമായിരുന്നത് 2012-13ല്‍ 18.54 ശതമാനമായി. സംസ്ഥാനത്തിന്റെ കടഭാരം ഉല്‍ക്കണ്ഠപ്പെടുത്തുന്ന തോതിലായിരിക്കുന്നു. 2008-09ല്‍ 63,270 കോടിയായിരുന്ന കടഭാരം ഇപ്പോള്‍ 1,03,560.84 കോടി ആയി. 2010-11ല്‍ 78,673 കോടിയായിരുന്നത് 2011-12ല്‍ 89,418 കോടിയായി. നിയന്ത്രണരഹിതമായി കടഭാരം കുത്തനെ വര്‍ധിക്കുകയാണെന്നര്‍ഥം. വായ്പകളുടെ 80 ശതമാനത്തിലേറെ കടങ്ങളുടെയും പലിശകളുടെയും തിരിച്ചടവിലേക്കാണ് പോകുന്നത് എന്നാണ് സര്‍വേയില്‍ കാണുന്നത്. കടമെടുത്ത് കടത്തിന്റെ പലിശയടയ്ക്കുന്ന പരിപാടി. ഇത് കേരളത്തെ എവിടെ കൊണ്ടെത്തിക്കും? റവന്യൂകമ്മിയിലെ വര്‍ധന മൂലധനച്ചെലവിനുള്ള സാധ്യത ഇല്ലാതാക്കുന്നതായി സര്‍വേയില്‍ കാണുന്നു. മൂലധനച്ചെലവ് വര്‍ധിക്കുന്നില്ലെങ്കില്‍ വികസനമുരടിപ്പ് ഉണ്ടാകുന്നു എന്നാണര്‍ഥം. വികസനത്തെക്കുറിച്ച് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്ന വാചകമടിയുടെ പൊള്ളത്തരമാണ് സത്യത്തില്‍ ഇവിടെ വ്യക്തമാക്കപ്പെടുന്നത്. ധനകമീഷന്‍ അവാര്‍ഡില്‍ കേരളത്തിന് വന്‍ കുറവാണുണ്ടാകുന്നത് എന്നത് കേരളത്തിന്റെ സവിശേഷപ്രശ്നങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തി അര്‍ഹതപ്പെട്ടത് വാങ്ങിയെടുക്കുന്നതില്‍ യുഡിഎഫ് ഭരണത്തിനുവന്ന വീഴ്ചയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഈ വീഴ്ചയ്ക്ക് ഉത്തരം പറയാനുള്ള ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ട്. പതിനാലാം ധനകമീഷന്റെ അവാര്‍ഡിലും കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല എന്ന നിലയാണുള്ളത്. അടുത്തിടെ കേരളം സന്ദര്‍ശിച്ച ധനകമീഷന്‍ ഇക്കാര്യം വരികള്‍ക്കിടയിലൂടെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ അന്ധകാരാവൃതമാണ് കേരളത്തിന്റെ സാമ്പത്തികഭാവി എന്ന് വേദനയോടെ സ്ഥിരീകരിക്കാം. കമീഷന്‍ കേരളത്തില്‍ വന്നപ്പോള്‍ കേരളഭരണക്കാരുടെ മുന്‍ഗണന സരിത- ബിജു- സലിംരാജ് കേസുകള്‍ ഒതുക്കിത്തീര്‍ക്കലിലായിരുന്നു. മര്യാദയ്ക്ക് ഒരുനിവേദനം തയ്യാറാക്കിക്കൊടുക്കാന്‍പോലും കേരളത്തിലെ മന്ത്രിസഭയ്ക്ക് സമയമുണ്ടായില്ല. അതിന്റെ തിക്തഫലം ഇനി അനുഭവിക്കാനിരിക്കുന്നു. മൊത്തം ദേശീയവരുമാനത്തിലെ കൃഷിവിഹിതം 1980-81ല്‍ 36.99 ശതമാനമായിരുന്നത് ഇപ്പോള്‍ 8.95 ശതമാനമായിരിക്കുന്നു എന്നതില്‍നിന്ന് കൃഷിരംഗത്തെ തകര്‍ച്ചയുടെ ചിത്രം വ്യക്തമാകുന്നുണ്ട്.

വ്യവസായരംഗത്തെ ഉല്‍പ്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് 2011-12 ഘട്ടത്തില്‍ 15.4 ശതമാനമായിരുന്നത് 2012-13ല്‍ 12.4 ശതമാനമായി ഇടിഞ്ഞു എന്നതില്‍നിന്ന് യുഡിഎഫ് കൊണ്ടുവന്ന "വ്യവസായവികസന"ത്തിന്റെ യഥാര്‍ഥ ചിത്രവും വ്യക്തമാകുന്നു. ജനജീവിതത്തിന്റെ നിലയോ? ഉപഭോക്തൃ വിലസൂചിക 2008ല്‍ 151 പോയിന്റ് ആയിരുന്നത് ഇപ്പോള്‍ 238 പോയിന്റില്‍ എത്തിനില്‍ക്കുന്നു. 2011ല്‍ 196 ആയിരുന്നത് 2012ല്‍ 211 ആയി ഉയര്‍ന്നു. കുത്തനെയുള്ള വിലക്കയറ്റം. ഇങ്ങനെ ഓരോന്നുമെടുത്തുനോക്കിയാല്‍ പ്രത്യാശയുടെ ഒരു കിരണംപോലും കാണാനില്ല എന്നുവരുന്നു. തകര്‍ച്ചയുടെ ഈ ചിത്രം രചിക്കലായിരുന്നു രണ്ടുവര്‍ഷമായി ഇവിടെ യുഡിഎഫ് ഭരണം ചെയ്തുകൊണ്ടിരുന്നത്. മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം!

*
Deshabhimani Editorial

No comments: