Monday, March 21, 2011

എന്തതിശയമേ, യുഎസിന്‍ സ്നേഹം

പാര്‍ലമെന്റിന്റെ ചരിത്രത്തിന് നാണക്കേടിന്റെ തൊങ്ങല്‍ ചാര്‍ത്തിക്കൊണ്ടാണ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ നാവായ പ്രണബ് കുമാര്‍ മുഖര്‍ജി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനു വേണ്ടിവാദിക്കാന്‍ എഴുന്നേറ്റത്. ആണവപ്രശ്നത്തില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ കൊള്ള-കൊടുക്കലുകളുടെ മുഖംമൂടി അഴിഞ്ഞു വീണതിന്റെ വെപ്രാളം പ്രണബിന്റെ മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു. അമേരിക്കന്‍ തമ്പ്രാക്കളുടെ മുന്നില്‍ കോണ്‍ഗ്രസിന്റെ കാര്യസ്ഥപ്രമാണിമാര്‍ യജമാനസേവയുടെ വെള്ളം ചേര്‍ക്കാത്ത കൂറ് പ്രകടിപ്പിച്ചതിന്റെ വസ്തുതകളാണ് ലോക്സഭയില്‍ ഗുരുദാസ് ദാസ് ഗുപ്തയും രാജ്യസഭയില്‍ സീതാറാം യെച്ചൂരിയും വിളിച്ചുപറഞ്ഞത്. ആ സത്യപ്രസ്താവനകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസിലെ രണ്ടാംസ്ഥാനക്കാര്‍ നിരത്തിയ എതിര്‍വാദം എന്തായിരുന്നെന്ന് കേട്ടില്ലേ? ആ സംഭവങ്ങളെല്ലാം ഉണ്ടായത് 14-ാം ലോക്സഭയുടെ കാലത്തായിരുന്നുവത്രെ! ഇപ്പോഴത്തെ മന്‍മോഹന്‍സിങ് സര്‍ക്കാരിന് പതിനഞ്ചാം ലോക്സഭയോടു മാത്രമേ ഉത്തരം പറയേണ്ട ബാധ്യതയുള്ളൂവത്രേ! ജനാധികാരത്തിന്റെ പരമോന്നത സഭയില്‍, രാഷ്ട്രത്തിന്റെ മാനാഭിമാനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നം ഉന്നയിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് എത്ര ദുര്‍ബലമായ എതിര്‍വാദമാണ്! സ്വാതന്ത്ര്യത്തിനു വേണ്ടി പടനയിച്ച കോണ്‍ഗ്രസ് എത്തിച്ചേര്‍ന്ന അപമാനകരമായ അമേരിക്കന്‍ അടിമത്തത്തിന്റെ വിശ്വരൂപമാണ് പ്രണബ് മുഖര്‍ജി വെളിപ്പെടുത്തുന്നത്. മഹാത്മാഗാന്ധിയുടെ സ്മരണ ഈ പുത്തന്‍കൂറ്റു കോണ്‍ഗ്രസുകാരോട് പൊറുക്കട്ടെ!

ഇന്ത്യയിലെ അമേരിക്കന്‍ എംബസിയിലെ ചാര്‍ജ്-ഡി-അഫയേഴ്സ് ആയിരുന്ന സ്റീവന്‍ വൈറ്റ് 2008 ജൂലൈ 17ന് യു എസ് സ്റേറ്റ് ഡിപ്പാര്‍ട്മെന്റിന് അയച്ച രഹസ്യ കേബിള്‍ സന്ദേശത്തിലാണ് (നമ്പര്‍ 162458) കോണ്‍ഗ്രസിന്റെ തനിനിറം വിവരിക്കുന്നത്. ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന 'വിക്കിലീക്സി'ലൂടെ കോണ്‍ഗ്രസിന്റെ അമേരിക്കന്‍ വിധേയത്വത്തിന്റെ അരമന രഹസ്യങ്ങളെല്ലാം അങ്ങാടിപ്പാട്ടാവുകയാണ്. സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത കുടുംബസുഹൃത്താണെന്ന് വൈറ്റ് വിശേഷിപ്പിക്കുന്ന സതീശ് ശര്‍മ എന്ന എംപിയുടെ വാക്കുകള്‍ ആ വിധേയത്വത്തെ സാക്ഷ്യപ്പെടുത്തുന്നു. ആണവപ്രശ്നത്തെച്ചൊല്ലിയുള്ള വിശ്വാസപ്രമേയം പാസാക്കിയെടുക്കാന്‍ താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പെടുന്ന പാടിനെപ്പറ്റി സതീശ് ശര്‍മ അമേരിക്കന്‍ എംബസിയിലെ ചുമതലക്കാരോട് വിവരിച്ചത്, പ്രസ്തുത രേഖ വിശദമാക്കുന്നു. ആണവകരാറിനും വിശ്വാസവോട്ടിനും പിന്തുണ തേടി കോണ്‍ഗ്രസ് ബിജെപിയോടും അകാലിദളിനോടും ബന്ധം സ്ഥാപിച്ചുവെന്ന കാര്യം അതില്‍ പറയുന്നുണ്ട്. ആരിലും നടുക്കം ഉളവാക്കുന്ന മറ്റൊരു വെളിപ്പെടുത്തലും 2008 ജൂലൈ 17ന്റെ കേബിള്‍ സന്ദേശത്തിലുണ്ടായിരുന്നു. അത് സതീശ് ശര്‍മയുടെ കൂട്ടാളി നചികേത കപൂറുമായി ബന്ധപ്പെട്ടതാണ്. രാഷ്ട്രീയ ലോക്ദളിലെ (ആര്‍എല്‍ഡി) നാല് എംപിമാര്‍ക്കും 10 കോടി രൂപവീതം കോണ്‍ഗ്രസ് കൈക്കൂലി നല്‍കിയത്രേ! എം പിമാരെ വിലയ്ക്കുവാങ്ങാനായി കരുതിവച്ച നോട്ടുകെട്ടുകള്‍ അടങ്ങുന്ന രണ്ടു പെട്ടികള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ നചികേത കപൂര്‍ തുറന്നുകാട്ടുകയുണ്ടായി. ഇതിനെ വിശേഷിപ്പിക്കേണ്ടത് എങ്ങനെയാണ്. ഭയഭക്തിയെന്നോ? വിധേയത്വമെന്നോ? അടിമത്തമെന്നോ? അഥവാ ഇതെല്ലാം കൂടിച്ചേര്‍ന്ന ഒരു വാക്കുണ്ടെങ്കില്‍ ആ വാക്കുകൊണ്ടോ?

പണം കോണ്‍ഗ്രസിന് പ്രശ്നമല്ലെന്നും ആണവകരാറിനെ രക്ഷിച്ചെടുക്കുക മാത്രമാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അമേരിക്കന്‍ എംബസിയിലെ ഗുമസ്ത പ്രമാണിമാരോട് സൂചിപ്പിച്ചതായും വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തുന്നു. അധികാരദല്ലാളന്മാരായ സന്യാസി പ്രമുഖരുടെ സഹായത്തോടെ അകാലിദളിന്റെ എട്ട് എംപിമാരുടെ വോട്ടുകള്‍ കോണ്‍ഗ്രസിനുവേണ്ടിയും അതിലൂടെ അമേരിക്കയ്ക്കു വേണ്ടിയും കീശയിലാക്കാന്‍ നടത്തിയ ശ്രമങ്ങളും വിക്കിലീക്സ് മുഖേന നാട്ടില്‍ പാട്ടാവുകയാണ്. അമേരിക്കയുമായുള്ള ആണവ സഹകരണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ബോധ്യമാണു പോലും! നാണവും മാനവും ഉള്ള എല്ലാ ഇന്ത്യാക്കാരും തലതാഴ്ത്തേണ്ടി വരുന്ന എത്രയെത്ര രഹസ്യ രേഖകളാണ് അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍നിന്ന് യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്മെന്റിലേക്ക് പ്രവഹിച്ചത്! 'സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്ക്' ആയ ഇന്ത്യയിലെ മന്ത്രിമാരെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് ഇപ്പോള്‍ അമേരിക്കയാണ്. എണ്ണയ്ക്കു വേണ്ടിയുള്ള അമേരിക്കന്‍ പരക്കംപാച്ചിലില്‍ തടസ്സമാണെന്ന് കണ്ടാല്‍ മണിശങ്കര്‍ അയ്യരെ യാങ്കി ദൈവങ്ങള്‍ ചവറ്റുകൊട്ടയില്‍ എറിയും. പറയുന്നിടത്ത് ഒപ്പിടുന്ന മുരളി ദേവ്റയെ അവര്‍ പെട്രോളിയം മന്ത്രിയാക്കും!

ഇന്ത്യയുടെ സ്വാതന്ത്ര്യപ്രേമത്തിന്റെ നെഞ്ചില്‍നിന്ന് ഒരു പൌണ്ട് മാംസം അറുത്തെടുക്കാനാണ് അമേരിക്കയുടെ പുറപ്പാട്. യുഎസ് നയതന്ത്രഭാഷാ നിഘണ്ടുവില്‍ അതിനെ 'സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്' എന്നാണ് വിളിക്കുന്നത്. അപകടകാരിയായ ആ പാര്‍ട്ണര്‍ഷിപ്പിന്റെ സന്തതിയാണ് ആണവകരാര്‍. ആ കരാറിനെ നോക്കി, 'എന്തതിശയമേ, യുഎസിന്‍ സ്നേഹം' എന്ന് എല്ലാവരും ഏറ്റുപാടണമെന്നാണ് കോണ്‍ഗ്രസ് ശഠിച്ചത്. ആ ശാഠ്യത്തിന് ഇടതുപക്ഷം വഴങ്ങാതിരുന്നതുകൊണ്ടാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസപ്രമേയവുമായി 2008 ജൂലൈ 22ന് ലോക്സഭയ്ക്ക് മുന്നിലെത്തിയത്. സത്യത്തില്‍ അത് ആണവകരാറിനുള്ള കോണ്‍ഗ്രസിന്റെ സ്തുതിഗീതപ്രമേയമായിരുന്നു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് മുമ്പിലുള്ള മന്‍മോഹന്‍ സര്‍ക്കാരിന്റെ കീഴടങ്ങല്‍ പ്രഖ്യാപനമായിരുന്നു. യു പിഎയുടെ അംഗബലംകൊണ്ട് വിശ്വാസപ്രമേയം പാസാക്കാനാകില്ലെന്നിരിക്കെ നെറികേടിന്റെ അങ്ങേയറ്റംവരെ പോകാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായതിനെക്കുറിച്ച് അന്നുതന്നെ രാജ്യത്ത് വിമര്‍ശമുയര്‍ന്നതാണ്. ചന്തയില്‍ കാളകള്‍ക്ക് വിലപറയുംപോലെ അന്ന് കോണ്‍ഗ്രസ് വിവിധ പാര്‍ടികളിലെ എംപിമാര്‍ക്ക് വില പറഞ്ഞു. കോണ്‍ഗ്രസിലെ കച്ചവടപ്രമുഖര്‍ നല്‍കിയ നോട്ടുകെട്ടുകളുമായി ഒരു ബിജെപി അംഗം പാര്‍ലമെന്റിലെത്തി. ഈ ഇടപാടുകളെക്കുറിച്ചൊന്നും തനിക്കറിയാനേ പാടില്ലെന്നാണ് 'പച്ചവെള്ളം ചവച്ചുകുടിക്കുന്ന' പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ആണയിടുന്നത്. ആരുടെ കണ്ണില്‍ പൊടിയിടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഈ വാചകമടി നടത്തുന്നത്? ഇന്ത്യയിലെ ജനങ്ങള്‍ അത്രയ്ക്ക് വിഡ്ഢികളാണെന്ന് ഏത് അമേരിക്കന്‍ പണ്ഡിതനാണ് അവര്‍ക്ക് പറഞ്ഞുകൊടുത്തത്? ആണവകരാറിലൂടെ അമേരിക്കയിലെ ന്യൂക്ളിയര്‍ റിയാക്ടര്‍ നിര്‍മാണലോബി കൈക്കലാക്കാന്‍ പോകുന്ന അതിരില്ലാത്ത സമ്പത്തിന്റെ ചെറിയ ഭാഗം വിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പ് വേളയില്‍ ഇന്ത്യയിലേക്കൊഴുകിയില്ല എന്ന് ആര്‍ക്ക് പറയാന്‍ കഴിയും? 'വിത്ത് ലവ് ഫ്രം അമേരിക്ക' എന്ന പരോക്ഷ പ്രഖ്യാപനവുമായി ഒഴുകിവന്ന പണത്തിന്റെ ഇടനിലക്കാരായി നിന്ന കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് നാളെ രാജ്യത്തിന് വായിക്കേണ്ടി വരുമോ? ആ അങ്കലാപ്പുകൊണ്ടാണോ പതിനാലാം ലോക്സഭയിലെ കാര്യം പതിനഞ്ചാം ലോക്സഭയില്‍ മിണ്ടിക്കൂടാ എന്ന് പ്രണബ് കുമാര്‍ മുഖര്‍ജി ഇത്ര വാശിയോടെ വാദിക്കുന്നത്?

സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ചേരിചേരായ്മയുടെയും സ്വാശ്രയത്വത്തിന്റെയും മഹത്വത്തെപ്പറ്റിയും അവയുടെ അടിസ്ഥാനത്തിലുള്ള ആണവനയത്തെപ്പറ്റിയും നെഹ്റുവും ഇന്ദിരാഗാന്ധിയും പാര്‍ലമെന്റില്‍ എത്രയോ തവണ പ്രസംഗിച്ചിരിക്കുന്നു! അതൊന്നും ഇനി ഓര്‍ക്കാനേ പാടില്ലെന്ന് പ്രണബ് മുഖര്‍ജി വിലക്കു കല്‍പ്പിക്കുമോ? അതതു സഭകളുടെ കാലാവധിയോടെ അത്തരം ആശയങ്ങളും മരിച്ചുപോയി എന്ന് അദ്ദേഹം കോണ്‍ഗ്രസുകാരെ പഠിപ്പിക്കുമോ? പുതിയ കോണ്‍ഗ്രസ് അതിന്റെ തലച്ചോര്‍ അമേരിക്കന്‍ സൈനിക-വ്യാവസായിക-ആണവലോബികള്‍ക്കു മുന്നില്‍ അത്രത്തോളം പണയപ്പെടുത്തിക്കഴിഞ്ഞുവോ? എങ്കില്‍ മഹാത്മാഗാന്ധിയില്‍നിന്ന് സോണിയ ഗാന്ധിയിലേക്കുള്ള ദൂരം അറ്റ്ലാന്റിക് സമുദ്രത്തേക്കാള്‍ വലുതാണെന്ന് ഇന്ത്യന്‍ ജനതയ്ക്ക് വിധിയെഴുതേണ്ടി വരും.

*
ബിനോയ് വിശ്വം കടപ്പാട്: ദേശാഭിമാനി ദിനപത്രം 21 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...