Thursday, March 24, 2011

ഇ എം എസും പ്രാങ് മുതലാളിത്ത മാധ്യമങ്ങളും

കേരളത്തിലെ പ്രമുഖ മുഖ്യധാരാ മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ വീണ്ടും ഒരു അങ്കത്തിന് ഇറങ്ങിയപ്പോഴാണ് കേരളം ഇ എം എസിന്റെ ഓര്‍മ പങ്കിട്ടത്. മാര്‍ക്സിന്റെ പ്രശസ്തമായ ഒരു പരികല്‍പ്പന കടമെടുത്താല്‍ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്കേറ്റ ദയനീയമായ പരാജയം ദുഃഖപര്യവസായിയായ ഒന്നാം മാധ്യമ മാമാങ്കമായിരുന്നെങ്കില്‍ രണ്ടാംവട്ടം അത് തികഞ്ഞ പ്രഹസനമായി ആവര്‍ത്തിക്കാനാണ് സാധ്യത. അത്രയ്ക്ക് ബുദ്ധിശൂന്യവും അറപ്പിക്കുന്നതുമാണ് ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളും മാതൃഭൂമി, മനോരമാദി പത്രങ്ങളും പുനഃചംക്രമണംചെയ്യുന്ന പഴയ പൊറാട്ട് നാടകം. പാര്‍ടിയും പ്രസ്ഥാനവും ഓരോ പുതിയ വെല്ലുവിളി നേരിടുമ്പോഴും ഇ എം എസ് നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് വിലപിക്കുന്നതിലും വലിയൊരു തെറ്റ് അദ്ദേഹത്തിന്റെ ഓര്‍മയോട് നമുക്ക് ചെയ്യാനില്ല. മറിച്ച് സമാനമായ പ്രതിസന്ധികളെ അദ്ദേഹം എങ്ങനെയാണ് നേരിട്ടതെന്ന അറിവ് ആയുധമാക്കി പുതിയ വെല്ലുവിളികളെ സധൈര്യം മറികടക്കാനാകണം നമ്മുടെ പരിശ്രമം. മുഖ്യധാരാ കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ എന്താണ് ഇ എം എസിന്റെ ഒസ്യത്ത്? ""മലയാള മനോരമ എന്നെക്കുറിച്ച് എന്തെങ്കിലും നല്ലത് പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും തകരാറുണ്ടെന്ന് ഞാന്‍ ഉടന്‍ ചിന്തിക്കും"

ഇ എം എസിന്റെ ഈ തുളഞ്ഞുകയറുന്ന പരിഹാസം ഇന്ന് മലയാളിയുടെ നാട്ടറിവാണ്. അതിലെ ആറ്റിക്കുറുക്കിയ വര്‍ഗരാഷ്ട്രീയം ഇന്ന് മലയാളിയുടെ പടച്ചട്ടയാണ്. ഏകദേശം അരനൂറ്റാണ്ടുമുമ്പാണ് ഇ എം എസ് ഇങ്ങനെ പറഞ്ഞത്. പിന്നീട് 1986ല്‍ ദേശാഭിമാനിയുടെ 40-ാം പിറന്നാള്‍ പതിപ്പില്‍ അദ്ദേഹം മുഖ്യധാരാ മാധ്യമങ്ങളോടുള്ള മാര്‍ക്സിസ്റ്റ് സമീപനം അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കി.

"ഭരണ വര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് മറ്റ് പത്രങ്ങള്‍ നടത്തുന്നത്. വാര്‍ത്തകളിലായാലും ഫീച്ചറുകളിലായാലും മുഖപ്രസംഗങ്ങളിലായാലും ഭരണവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക, തൊഴിലാളി വര്‍ഗത്തിന്റെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് തടയുക, അതിന്റെ ഭാഗമായി തൊഴിലാളിവര്‍ഗ പാര്‍ടിയെ കരിതേച്ചു കാണിക്കുന്നതിനുവേണ്ടി അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കുക, തൊഴിലാളിവര്‍ഗ പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും നേട്ടങ്ങള്‍ കുറിക്കുന്ന വാര്‍ത്തകള്‍ മൂടിവയ്ക്കുക. ഇതെല്ലാമാണ് ആ പത്രങ്ങള്‍ ചെയ്യുന്നത്. ഇത് സമര്‍ഥമായി ചെയ്യാനുള്ള പല സൂത്രപ്പണികളും അവര്‍ നടത്തുന്നുണ്ട്. അവരുടെ പത്രപ്രവര്‍ത്തനകല അതാണ്."

ഇ എം എസ് എന്നും മാധ്യമ സ്വാതന്ത്ര്യത്തെ മാനിച്ചിരുന്നു. ഒരു ലിബറല്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ യഥാര്‍ഥ മുതലാളിത്ത മാധ്യമങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്ന ജനാധിപത്യപങ്കിനെ അദ്ദേഹം കുറച്ചുകണ്ടില്ല. ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ ഉപയോഗിച്ച് നടപ്പാക്കിയ പത്രമാരണ നിയമങ്ങളുടെ ശക്തനായ വിമര്‍ശകനായിരുന്നു അദ്ദേഹം. സുദീര്‍ഘമായ പൊതുജീവിതത്തില്‍ തന്റെ പ്രസ്ഥാനത്തോടും തന്നോടും മുതലാളിത്ത മര്യാദകള്‍ പാലിച്ച മുഖ്യധാരാ മാധ്യമങ്ങളോട് അദ്ദേഹവും എല്ലാ മര്യാദകളും തിരിച്ചും പാലിച്ചു. അതേസമയം, അതിന് കൂട്ടാക്കാത്തവരുടെ ഒളിച്ചുവച്ച വര്‍ഗപക്ഷപാതിത്വം നിര്‍ദയം തുറന്നുകാട്ടാനും അദ്ദേഹം മടിച്ചില്ല. തൊഴിലാളിവര്‍ഗ രാഷ്ട്രീയ പ്രചാരണത്തിന് മുഖ്യധാരാ മാധ്യമങ്ങളുടെ സാധ്യതകളെ ഉപയോഗിക്കുമ്പോഴും അവ വച്ചുനീട്ടുന്ന പ്രലോഭനങ്ങളെക്കുറിച്ച് വളരെ ചെറുപ്പത്തിലേ ഇ എം എസ് ബോധവാനായിരുന്നു. തന്റെ കമ്യൂണിസ്റ്റ് ജീവിതത്തിന്റെ ആദ്യ ദശകങ്ങളില്‍ത്തന്നെ ഇത്തരമൊരു രാഷ്ട്രീയ ജാഗ്രത അദ്ദേഹം നിലനിര്‍ത്തിയിരുന്നു. നീണ്ട ജയില്‍ ജീവിതമോ കൊടിയ പീഡനമോ ഒരുപക്ഷേ മരണമോ മാത്രം വാഗ്ദാനംചെയ്യുന്ന തന്റെ പാര്‍ടിയില്‍ താന്‍ എന്തുകൊണ്ട് സ്വമേധയാ തുടരുന്നു എന്ന ചോദ്യം കേരളത്തത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം എന്ന ഗ്രന്ഥത്തില്‍ ഇ എം എസ് സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തുന്നുണ്ട്.

"പാര്‍ടിയില്‍നിന്ന് പുറത്ത് പോയാല്‍ പാര്‍ടിക്ക് എന്നെ എന്താണ് ചെയ്യാന്‍ കഴിയുക? മറിച്ച് പാര്‍ടിയില്‍നിന്ന് പുറത്തുപോയി പാര്‍ടി രഹസ്യങ്ങള്‍ കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങളിലെഴുതി എനിക്ക് സുഖമായി ജീവിക്കാമല്ലോ? എന്നിട്ടും ഞാന്‍ എന്തിന് പാര്‍ടിയില്‍ ഉറച്ച് നില്‍ക്കുന്നു?"

ഇതിന് അദ്ദേഹം കണ്ടെത്തുന്ന ഉത്തരം ഹൃദയസ്പര്‍ശിയാണ്.

"ഒരു കലാകാരന് കലാസൃഷ്ടി നടത്താതെ ജീവിക്കാന്‍ കഴിയുകയില്ല എന്നതുപോലെ ഒരു വിപ്ലവകാരിക്ക് വിപ്ലവപ്രവര്‍ത്തനം നടത്താതെ ജീവിക്കാനാകില്ല."

ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിക്ക് ലഭിക്കുന്ന പൊതു അംഗീകാരവും ആരാധനയും ആ വ്യക്തി എങ്ങനെ എടുക്കണമെന്ന് ഇ എം എസ് പലവുരു പറഞ്ഞിട്ടുണ്ട്. പരേതനായ എം കെ കേളു മലബാറിലെ ഋഷിതുല്യനായ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്നു. അദ്ദേഹത്തെക്കുറിച്ച് 80കളുടെ അവസാനത്തില്‍ കെ വി കുഞ്ഞിരാമന്‍ രചിച്ച "ഏവര്‍ക്കും പ്രിയപ്പെട്ട കേളുഏട്ടന്‍" എന്ന ജീവചരിത്രക്കുറിപ്പിന് മുഖവുരയെഴുതിയത് ഇ എം എസാണ്. കേളുഏട്ടന്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനായത് അദ്ദേഹത്തിന്റെ പാര്‍ടിഅംഗം എന്ന നിലയിലുള്ള ആത്മാര്‍ഥവും അച്ചടക്കത്തിലൂന്നിയതുമായ പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് ഇ എം എസ് അവതാരികയില്‍ എടുത്തുപറയുന്നു. എം വി രാഘവനെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയ കാലഘട്ടത്തിലാണ് ഇ എം എസ് ഇങ്ങനെയെഴുതിയത്. മനോരമയെ സംബന്ധിച്ച ഇ എം എസിന്റെ ആദ്യം സൂചിപ്പിച്ച പരിഹാസം ഉടലെടുത്ത 1960 കളിലേക്കാള്‍ സംഘര്‍ഷഭരിതമായിരുന്നു കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ എം എസിന് നേരിടേണ്ടിവന്ന കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ സമയം. അതിന്റെ മൂര്‍ധന്യത്തില്‍ ഇ എം എസ് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ ഉടമകളുടെയും പത്രാധിപന്മാരുടെയും ഒരു സമ്മേളനം തിരുവനന്തപുരത്ത ദര്‍ബാര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത് അവരോട് പച്ചയ്ക്ക് പറഞ്ഞത് ഇന്നും പ്രസക്തമാണ്.

"ഇവിടെ ഒരു പത്രപ്രവര്‍ത്തന കോഡുണ്ട്. പക്ഷേ, കേരളത്തിലെ പത്രങ്ങളില്‍ 25 ശതമാനംപോലും ഈ കോഡ് സ്വീകരിച്ച് അതില്‍ ഉറച്ച് നില്‍ക്കുമോയെന്ന് എനിക്ക് സംശയമുണ്ട്. വസ്തുതകള്‍ വളച്ചൊടിക്കുക മാത്രമല്ല വസ്തുതകള്‍ ഉല്‍പ്പാദിപ്പിക്കുകകൂടിയാണ് നമ്മളുടെ പത്രങ്ങള്‍ ചെയ്യുന്നത്."

അവിദഗ്ധ മാധ്യമത്തൊഴിലാളികളുടെ സ്ഥിരം തറവേലകളെ അര്‍ഹിക്കുന്ന പുച്ഛത്തോടെ ഇ എം എസ് എന്നും അവഗണിച്ചു. തന്നെയും തന്റെ പാര്‍ടിയെയും പ്രകോപിപ്പിച്ചും സ്നേഹം നടിച്ചും വെട്ടിലാക്കാന്‍ നോക്കുന്ന വാര്‍ത്താ മാനേജര്‍മാര്‍ക്ക് അദ്ദേഹം തല്‍സമയംതന്നെ ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി കൊടുത്തു. ഒപ്പം, ഗൗരവപൂര്‍വമായ ഏതു ചോദ്യത്തിനും അത് അര്‍ഹിക്കുന്ന ബഹുമാനത്തോടെ വ്യക്തമായ മറുപടിയും കൊടുത്തു. പൊതുപ്രാധാന്യമുള്ള ഏതു വിഷയത്തെക്കുറിച്ചും അല്‍പ്പമെങ്കിലും ഗൃഹപാഠം ചെയ്തുവരുന്ന പത്രപ്രവര്‍ത്തകരോട് തുല്യനിലയില്‍ തര്‍ക്കിക്കാനും അദ്ദേഹം മടിച്ചില്ല. സമയക്കുറവു കൊണ്ടുമാത്രം തര്‍ക്കമവസാനിപ്പിക്കേണ്ടിവരുമ്പോഴും ജനാധിപത്യമര്യാദ അദ്ദേഹം കൈവെടിഞ്ഞില്ല.

"നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് വിശ്വസിക്കാനുള്ള നിങ്ങളുടെ അവകാശംപോലെ എനിക്ക് ശരിയെന്ന് തോന്നുന്നത് വിശ്വസിക്കാനുള്ള എന്റെ അവകാശവും അംഗീകരിച്ച് നമുക്ക് തല്‍ക്കാലം നിര്‍ത്താം"

മിക്ക തര്‍ക്കങ്ങളും തീര്‍ന്നത് ഇങ്ങനെയാണ്.

ഇ എം എസിന്റെ മുഖ്യധാരാ മാധ്യമങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ അടിസ്ഥാനം അടഞ്ഞ സിദ്ധാന്തമോ ഇടുങ്ങിയ പ്രായോഗിക രാഷ്ട്രീയമോ ആയിരുന്നില്ല, മറിച്ച് ഉയര്‍ന്ന തൊഴിലാളിവര്‍ഗ നൈതികത ആയിരുന്നു. ആദ്യ നായനാര്‍ മന്ത്രിസഭയുടെ കാലം. ഇ എം എസ് കോഴിക്കോട്ട് സിപിഐ എം ജില്ലാകമ്മിറ്റി ആസ്ഥാനമായ സി എച്ച് കണാരന്‍ മന്ദിരത്തില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനം. കൂടെ കേളുഏട്ടനും. വിഷയം ശരിയത്ത്. വാര്‍ത്താസമ്മേളനത്തിന് വന്നവരില്‍ അധികം പേര്‍ക്കും ശരിയത്തിലായിരുന്നില്ല താല്‍പ്പര്യം. തൊട്ടടുത്ത് മാവൂരില്‍ ബിര്‍ളയുടെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി ഗേറ്റില്‍ കോണ്‍ട്രാക്ട് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ഗ്രോ വാസു നടത്തുന്ന നിരാഹാര സത്യഗ്രഹത്തിലായിരുന്നു അവരുടെ താല്‍പ്പര്യം. ഒരു നിരാഹാരത്തിലുള്ള മാധ്യമതാല്‍പ്പര്യം ന്യായവും ശരിയുംതന്നെ. എന്നാല്‍, നമ്മുടെ മാധ്യമങ്ങളുടെ താല്‍പ്പര്യം ഗ്രോ വാസുവിന്റെ ജീവനിലോ തൊഴിലാളികളുടെ അവകാശത്തിലോ ആയിരുന്നില്ല. നായനാര്‍ സര്‍ക്കാരും വ്യവസായമന്ത്രി ഗൗരിയമ്മയും എളമരം കരീം നയിച്ചിരുന്ന ഫാക്ടറിയിലെ സിഐടിയു ഘടകവും എല്ലാം ബിര്‍ള മുതലാളിയുടെ പക്ഷത്താണെന്നു വരുത്തിത്തീര്‍ക്കുക എന്നതായിരുന്നു അവരെ യോജിപ്പിച്ച പൊതുലക്ഷ്യം. ഇന്നത്തെ സിപിഐ എം വിരുദ്ധ മാരിവില്‍ മഹാസഖ്യത്തിന്റെ ആദ്യകാല പതിപ്പ് എന്ന് വിളിക്കാവുന്ന മതമൗലികവാദികളുടെയും നവ സാമൂഹ്യപ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റിതര രാഷ്ട്രീയ പാര്‍ടികളുടെയും അരാഷ്ട്രീയവാദികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ചില ശുദ്ധാത്മാക്കളുടെയും അതേ മുന്നണി.

പത്രസമ്മേളനത്തില്‍ വിതരണംചെയ്ത ഇ എം എസിന്റെ കുറിപ്പ് മുഴുവന്‍ വായിക്കാനുള്ള ക്ഷമപോലും കാണിക്കാതെ പത്രലേഖകര്‍ ഗ്രോ വാസുവിന്റെ നിരാഹാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തുരുതുരാ ഉതിര്‍ത്തു. ഇ എം എസിന്റെ ആദ്യത്തെ പ്രതികരണം തനിക്ക് ഇതിനെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല എന്നായിരുന്നു. ഇതില്‍ തൃപ്തരാകാത്ത പത്രലേഖകര്‍ അദ്ദേഹം അഭിപ്രായം പറഞ്ഞേതീരൂ എന്ന മട്ടില്‍ വാശിപിടിച്ചു. അപ്പോള്‍ താന്‍ എന്തുകൊണ്ട് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

"ഗ്രോ വാസുവുമായി എന്തഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഒരു തൊഴിലാളി നേതാവ് മരണവുമായി ഫാക്ടറിപ്പടിക്കല്‍ മല്ലടിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ഞാന്‍ എന്തെങ്കിലും പറയുന്നത് ശരിയല്ല."

ഇത്തരം ഒരു നൈതിക ബാധ്യതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത മുഖ്യധാരാ വാര്‍ത്താ മാനേജര്‍മാരുണ്ടോ വിടുന്നു. വളഞ്ഞും തിരിഞ്ഞും അവരുടെ ചോദ്യങ്ങള്‍ ഗ്രോ വാസുവില്‍മാത്രം ഒതുങ്ങി. ഒടുവില്‍ ക്ഷമ നശിച്ച ഇ എം എസിന്റെ മറുപടി ഇന്നും കാതില്‍ മുഴങ്ങുന്നു.

"നിങ്ങള്‍ക്ക് ഞാന്‍ അഭിപ്രായം പറഞ്ഞേ മതിയാകൂ എന്നാണെങ്കില്‍ എഴുതിയെടുത്തോളൂ. വാസു നിരാഹാരം കിടക്കുന്നത് ബിര്‍ളയെ സഹായിക്കാനാണ്."

ബുദ്ധിയും മാനവും നഷ്ടപ്പെട്ടവര്‍ക്ക് പരിഹാസം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പ്രതീക്ഷിച്ചതുപോലെ പിറ്റേന്ന് കേരളം കണികണ്ടുണര്‍ന്നത് കോഴിക്കോട്ടുനിന്നുള്ള മറ്റൊരു സിപിഐ എം വിരുദ്ധ വാര്‍ത്തയാണ്. "വാസു നിരാഹാരം കിടക്കുന്നത് ബിര്‍ളയെ സഹായിക്കാന്‍: ഇ എം എസ്"

വാര്‍ത്തകളിലൂടെ കണ്ണോടിച്ച് ഇ എം എസ് അന്ന് സ്വയം ചിരിച്ചിരിക്കുമോ അതോ പാര്‍ടി ശത്രുക്കളെയോര്‍ത്ത് പരിതപിച്ചിരിക്കുമോ? അറിയില്ല. തിരിച്ചറിയുന്നത് കാലം കുറെക്കഴിഞ്ഞിട്ടും സിപിഐ എമ്മിന്റെ മാധ്യമശത്രുക്കളില്‍നിന്ന് ഇ എം എസ് പ്രതീക്ഷിച്ച മിനിമം മുതലാളിത്ത യോഗ്യത അവര്‍ നേടിയിട്ടില്ലെന്ന അതിദയനീയ വസ്തുതയാണ്. പത്രസമ്മേളനങ്ങളില്‍ പേനയ്ക്കുപുറമെ ക്യാമറകൂടി കടന്നുവരുന്നത് മുതലാളിത്തത്തിന്റെ വയസ്സറിയിപ്പാകില്ലല്ലോ.

*
എന്‍ മാധവന്‍‌കുട്ടി കടപ്പാട്: ദേശാഭിമാനി ദിനപത്രം 24 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ പ്രമുഖ മുഖ്യധാരാ മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ വീണ്ടും ഒരു അങ്കത്തിന് ഇറങ്ങിയപ്പോഴാണ് കേരളം ഇ എം എസിന്റെ ഓര്‍മ പങ്കിട്ടത്. മാര്‍ക്സിന്റെ പ്രശസ്തമായ ഒരു പരികല്‍പ്പന കടമെടുത്താല്‍ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്കേറ്റ ദയനീയമായ പരാജയം ദുഃഖപര്യവസായിയായ ഒന്നാം മാധ്യമ മാമാങ്കമായിരുന്നെങ്കില്‍ രണ്ടാംവട്ടം അത് തികഞ്ഞ പ്രഹസനമായി ആവര്‍ത്തിക്കാനാണ് സാധ്യത. അത്രയ്ക്ക് ബുദ്ധിശൂന്യവും അറപ്പിക്കുന്നതുമാണ് ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളും മാതൃഭൂമി, മനോരമാദി പത്രങ്ങളും പുനഃചംക്രമണംചെയ്യുന്ന പഴയ പൊറാട്ട് നാടകം. പാര്‍ടിയും പ്രസ്ഥാനവും ഓരോ പുതിയ വെല്ലുവിളി നേരിടുമ്പോഴും ഇ എം എസ് നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് വിലപിക്കുന്നതിലും വലിയൊരു തെറ്റ് അദ്ദേഹത്തിന്റെ ഓര്‍മയോട് നമുക്ക് ചെയ്യാനില്ല. മറിച്ച് സമാനമായ പ്രതിസന്ധികളെ അദ്ദേഹം എങ്ങനെയാണ് നേരിട്ടതെന്ന അറിവ് ആയുധമാക്കി പുതിയ വെല്ലുവിളികളെ സധൈര്യം മറികടക്കാനാകണം നമ്മുടെ പരിശ്രമം. മുഖ്യധാരാ കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ എന്താണ് ഇ എം എസിന്റെ ഒസ്യത്ത്? ""മലയാള മനോരമ എന്നെക്കുറിച്ച് എന്തെങ്കിലും നല്ലത് പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും തകരാറുണ്ടെന്ന് ഞാന്‍ ഉടന്‍ ചിന്തിക്കും"