Tuesday, March 22, 2011

കേരളത്തിന്റെ സുവര്‍ണകാലം

വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരമില്ല എന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കുപോലും സമ്മതിക്കേണ്ടിവന്നു. സര്‍ക്കാരിന്റെ ഭരണനേട്ടം അനുഭവിച്ചറിയാത്ത ഒറ്റ മലയാളിപോലും ഇല്ല എന്ന വസ്തുതയ്ക്കാണ് ഇത് അടിവരയിടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും അഴിമതിക്കും എതിരെ നടന്ന നിരന്തരപോരാട്ടങ്ങളെത്തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം കേരളത്തിന്റെ സുവര്‍ണകാലമാണെന്ന് സമ്മതിക്കാത്തവരില്ല. അതിനു തെളിവായിരുന്നു കേരളത്തിനു ലഭിച്ച രാജ്യത്തെ ഏറ്റവും നല്ല ഭരണമുള്ള സംസ്ഥാനത്തിനുള്ള ബെസ്റ് ബിഗ് സ്റേറ്റ് അവാര്‍ഡ് ഇന്‍ ഗവേണന്‍സ് പുരസ്കാരം.

ജനകീയ വികസനം എന്ന പന്ഥാവിലൂടെ ഉജ്വലമായ മുന്നേറ്റമാണ് ഈ കാലയളവില്‍ നടന്നത്. ജനപക്ഷ കാഴ്ചപ്പാട് പുലര്‍ത്തിയും സംസ്ഥാനതാല്‍പ്പര്യം പൂര്‍ണമായും സംരക്ഷിച്ചുമാണ് പദ്ധതികള്‍ നടപ്പാക്കിയത്. വികസനശ്രമങ്ങള്‍ ഏറ്റവും സജീവമായി നടത്തുമ്പോഴും നാടിന്റെ വിഭവങ്ങള്‍ പോറലില്ലാതെ സംരക്ഷിച്ചു. സാമൂഹിക സുരക്ഷ, വികസനം, സമാധാനം എന്നീ അടിസ്ഥാന ലക്ഷ്യങ്ങളോടെയായിരുന്നു ചുവടുവയ്പുകള്‍. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുകയും ദാരിദ്യ്രനിര്‍മാര്‍ജനത്തില്‍ ഏറെ മുന്നോട്ടു പോവുകയുംചെയ്തു. കര്‍ഷകരുടെ നിലവിളിയും കണ്ണീര്‍മഴയും ശമിച്ചത് കര്‍ഷകര്‍ക്ക് മാത്രമല്ല, ഭക്ഷ്യസുരക്ഷ ആഗ്രഹിക്കുന്ന ഏവരിലും ആശ്വാസം പകര്‍ന്നു. ദീര്‍ഘവീക്ഷണത്തോടെ സംസ്ഥാന താല്‍പ്പര്യം പൂര്‍ണമായും സംരക്ഷിച്ച്, പദ്ധതികള്‍ ആസൂത്രണംചെയ്ത് നടപ്പാക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു സ്മാര്‍ട്ട്സിറ്റി പദ്ധതി. കുടുംബശ്രീ ലോകമാതൃകയായതിനുപിന്നിലും ഇച്ഛാശക്തിയുള്ള സര്‍ക്കാരിന്റെ പിന്‍ബലമുണ്ടായിരുന്നു.

ഭരണ നടപടികളുടെ ഗുണഫലം താഴെത്തട്ടിലെത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ഗ്രാമീണമേഖലയിലും ആരോഗ്യ കുടുംബക്ഷേമ രംഗങ്ങളിലും ജനഹിതം ഉറപ്പാക്കി. വ്യവസായം, ഐടി, ടൂറിസം മേഖലകളില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്താനും സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയും വൈദ്യുതീകരണവും നടപ്പാക്കാനും കഴിഞ്ഞു. ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കി. മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ നടപടിയെടുത്തു. ക്ഷേമപെന്‍ഷനുകള്‍ മൂന്ന് മടങ്ങോളം വര്‍ധിപ്പിച്ച് മുടങ്ങാതെ ലഭ്യമാക്കി. ക്രമസമാധാന രംഗത്ത് രാജ്യത്ത് ഒന്നാംസ്ഥാനം വരിച്ചു. ദശലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമനിധി ഏര്‍പ്പെടുത്തി. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, ദേശീയ ജലപാത, കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യവികസനം തുടങ്ങിയ ബൃഹദ്പദ്ധതികള്‍ക്കും ഈ കാലയളവില്‍ തുടക്കം കുറിച്ചു.

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതില്‍ കേന്ദ്രത്തില്‍ ശക്തമായ ഇടപെടലും സമ്മര്‍ദവും നടത്താനും അനുകൂല നടപടികളുണ്ടാക്കാനും കഴിഞ്ഞത് ഈ സര്‍ക്കാരിന്റെ കാലയളവിലാണ്. കേന്ദ്ര സര്‍വകലാശാല, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് ടെക്നോളജി എന്നിവ നേടിയെടുക്കാന്‍ കഴിഞ്ഞു. അതിനെല്ലാം ആവശ്യമായ സ്ഥലവും അടിസ്ഥാന സൌകര്യവും യഥാസമയം ലഭ്യമാക്കി. ഭരണം കാര്യക്ഷമവും സുതാര്യവും അഴിമതിമുക്തവും ജനോപകാരപ്രദവുമാക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. ഭരണവേഗം വര്‍ധിപ്പിക്കുന്നതിന് ഇ-ഗവേണന്‍സ് കാര്യക്ഷമമായി നടപ്പിലാക്കി.

മാഫിയകള്‍ കൈയടക്കിയ പൊതുസ്വത്തിന്റെ വീണ്ടെടുക്കലിന് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം സാക്ഷ്യം വഹിച്ചു. സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ ശ്രമിച്ചവര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും മാഫിയകള്‍ക്കും അഴിമതിവാഴ്ചയ്ക്കും എതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പോരാട്ടങ്ങളെ ധീരമായാണ് മുഖ്യമന്ത്രി മുന്നില്‍ നിന്നു നയിച്ചത്

മാതൃക ഈ വികസനം

മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളുമാണ് അഞ്ചുവര്‍ഷത്തിനിടെ കേരളത്തിലുണ്ടായത്. നാടിന്റെ സമഗ്ര പുരോഗതിക്കും ജനക്ഷേമത്തിനുമായി നടപ്പാക്കിയ പദ്ധതികള്‍ എണ്ണമറ്റതാണ്.

യുഡിഎഫ് കാലത്ത് കുത്തഴിഞ്ഞ, തൊഴിലന്വേഷകരുടെ ആശ്രയകേന്ദ്രമായ പിഎസ്സിയെ കാര്യക്ഷമമാക്കി. മുന്‍ സര്‍ക്കാര്‍ നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറയ്്ക്കുകയും നിയമനനിരോധനം ഏര്‍പ്പെടുത്തുകയുമാണ് ചെയ്തത്. എല്‍ഡിഎഫ് നിയമന നിരോധനം നീക്കി 1.75 ലക്ഷത്തിലധികം പേര്‍ക്ക് ജോലി നല്‍കി. 33,000 തസ്തിക പുതുതായി സൃഷ്ടിച്ചു. നിയമനം സുതാര്യവും വേഗത്തിലുമാക്കി. ദേവസ്വംബോര്‍ഡ്, ക്ഷേമനിധികള്‍ എന്നിവയിലേതുള്‍പ്പെടെയുള്ള നിയമനം പിഎസ്സിക്ക് വിട്ടു. സര്‍വകലാശാലാ നിയമനങ്ങളും പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചു. അപേക്ഷാ സമര്‍പ്പണംമുതല്‍ നിയമന ഉപദേശംവരെയുള്ള പ്രക്രിയക്ക് ആക്കം കൂട്ടാന്‍ കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കി. നിയമനതട്ടിപ്പ് തടയാന്‍ കര്‍ക്കശ നടപടി സ്വീകരിച്ചു.

ഉത്തര കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നാഴികക്കല്ലാകുന്ന കണ്ണൂര്‍ വിമാനത്താവളം നിര്‍മാണത്തിന് തുടക്കം കുറിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിരവധി വികസനപ്രവര്‍ത്തനം നടത്തി. സര്‍ക്കാരിന്റെ സമ്മര്‍ദത്തിന്റെ ഫലമായി മലേഷ്യ, സൌദി അറേബ്യ സര്‍വീസുകള്‍ തുടങ്ങാന്‍ ബന്ധപ്പെട്ട കമ്പനികള്‍ സന്നദ്ധമായി. തിരുവനന്തപുരം വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ടെര്‍മിനല്‍ സ്ഥാപിച്ചു. 100 കോടി ചെലവില്‍ അടിസ്ഥാന സൌകര്യം വികസിപ്പിച്ചു. ടൂറിസംസാധ്യത കണക്കിലെടുത്ത് ഇടുക്കിയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കാന്‍ തീരുമാനിച്ചു.

വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി നിരവധി പദ്ധതി നടപ്പാക്കി. മരണപ്പെടുകയോ കാണാതാകുകയോ അംഗവൈകല്യം സംഭവിക്കുകയോചെയ്ത ജവാന്മാരുടെ ആശ്രിതന് സംസ്ഥാന സര്‍വീസില്‍ നിയമനം നല്‍കി. കേരള ഹോംഗാര്‍ഡില്‍ 3000ല്‍ പരം പേര്‍ക്ക് താല്‍ക്കാലിക ജോലി നല്‍കി. തീരദേശസേനയില്‍ 540 വിമുക്ത ഭടന്മാരെ നിയമിച്ചു. നിര്‍ധനരായ വിമുക്തഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ 500 രൂപമുതല്‍ 2500 രൂപവരെ സ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടില്‍നിന്ന് ധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. 113.28 കോടിയലധികം രൂപ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ചു. സര്‍വകാല റെക്കോര്‍ഡാണിത്. സംസ്ഥാനത്ത് ഭരണഭാഷ മലയാളമാക്കുന്നതിനായി പദ്ധതികള്‍ നടപ്പാക്കി.

സംസ്ഥാനസര്‍ക്കാരിന്റെ നയപരിപാടികളും ക്ഷേമ വികസനപ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുന്നതിന് ഉതകുംവിധം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കി. പൊതുജനങ്ങളുടെ പരാതിപരിഹാരത്തിനായി രൂപീകരിച്ച സുതാര്യകേരളം എന്ന മാധ്യമസംരംഭം നാടിന്റെ വികസനത്തിനും സദ്ഭരണത്തിനും അത്യാധുനിക പൊതുജനമാധ്യമങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള ലോകമാതൃകയായി.

5 വര്‍ഷത്തില്‍ അഞ്ചിരട്ടി

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിവരസാങ്കേതികരംഗത്ത് കേരളത്തിന്റെ വളര്‍ച്ച അഞ്ചിരട്ടിയായി. ഇതില്‍ ഏറ്റവും പ്രധാനം സ്മാര്‍ട്ട് സിറ്റി കരാര്‍ യാഥാര്‍ഥ്യമായതാണ്. യുഡിഎഫിന്റെ കാലത്തുണ്ടാക്കാന്‍ ശ്രമിച്ച കരാറില്‍നിന്ന് വ്യത്യസ്തമായി പൂര്‍ണമായും സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുന്ന രീതിയിലാണ് ദുബായിയിലെ ടീകോം കമ്പനിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കാരാറൊപ്പിട്ടത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന സ്മാര്‍ട്ട് സിറ്റി നിലവില്‍ വരുന്നതോടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക് തുടങ്ങിയ ഐടി സ്ഥാപനങ്ങളെ നവീകരിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്തതോടെ ലോകത്തിലെ വിവരസാങ്കേതിക വിദ്യാ മാപ്പില്‍ അവഗണിക്കപ്പെടാനാകാത്ത പേരായി കേരളം മാറി.

തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തിനായി 29 കോടി രൂപ മുടക്കി 70 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഇവിടത്തെ സബ്സ്റേഷനായി 70 കോടി രൂപ ചെലവഴിച്ചു. സ്ഥല നവീകരണത്തിനും വികസനത്തിനുമായി 6.2 കോടി രൂപ വകയിരുത്തി. സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഏഴു കോടി രൂപയും വൈദ്യുതീകരണത്തിന് 1.2 കോടിയും വകയിരുത്തി. തിരുവനന്തപുരം ടെക്നോസിറ്റിക്കായി 428 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. 282 കോടി രൂപയാണ് ഇതിന്റെ മുതല്‍മുടക്ക്. അമ്പലപ്പുഴ, ചേര്‍ത്തല, കുണ്ടറ ഐടി പാര്‍ക്കുകളുടെ നിര്‍മാണം തുടങ്ങി. ചീമേനിയിലും എരമത്തും ഐടി പാര്‍ക്ക്, കൊരട്ടിയില്‍ ഇന്‍ഫോപാര്‍ക്ക് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു.

ഐടി വികസനം വന്‍ പദ്ധതികളില്‍മാത്രം ഒതുക്കിയില്ല. പഞ്ചായത്തുകളില്‍ ചെറുകിട ഐടി പാര്‍ക്കുകള്‍ സര്‍ക്കാരിന്റെ സവിശേഷ പദ്ധതിയാണ്. കൊല്ലത്തെ കടയ്ക്കലിലും പെരിനാട് പഞ്ചായത്തിലും ടെക്നോലോഡ്ജുകള്‍ സ്ഥാപിച്ചു. എറണാകുളം ജില്ലയിലെ തിരുമാറാടി, കൊല്ലം ജില്ലയിലെ അഞ്ചല്‍, വെളിയം, പൂതക്കുളം, തൃശൂര്‍ ജില്ലയിലെ കൊടകര ബ്ളോക്ക് പഞ്ചായത്ത്, ഇടുക്കിയിലെ കരിംകുന്നം എന്നിവിടങ്ങളില്‍ ടെക്നോലോഡ്ജുകളുടെ പണി അന്തിമഘട്ടത്തിലാണ്.

വിവരസാങ്കേതികവിദ്യയില്‍ എംഎസ്സി, എംഫില്‍ കോഴ്സുകള്‍ ആരംഭിച്ചു. പുതിയ ഐടി ഇന്‍സ്റിറ്റ്യൂട്ട് ക്യാമ്പസിന്റെ നിര്‍മാണം തുടങ്ങി. എല്ലാ വിദ്യാര്‍ഥികളും കംപ്യൂട്ടര്‍ സാക്ഷരത നേടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാ സ്കൂളും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സ്ഥാപനങ്ങളും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് കാര്യങ്ങള്‍ സാധിക്കുന്ന നിലയായി.

കൈത്താങ്ങായി നോര്‍ക്ക

പ്രവാസികള്‍ക്കും വിദേശത്തുപോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും കൈത്താങ്ങാണ് കേരള സര്‍ക്കാരിന്റെ നോര്‍ക്ക. റിക്രൂട്ട്മെന്റ് ഏജന്റുമാരാല്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ വിദേശ ഉദ്യോഗാര്‍ഥികള്‍ക്കായി സൂക്ഷ്മതയോടുള്ള പ്രവര്‍ത്തനമാണ് നോര്‍ക്ക നടത്തുന്നത്. നോര്‍ക്കയും ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക- റൂട്ട്സും ചേര്‍ന്ന് പ്രവാസിമലയാളികളുടെ ക്ഷേമപദ്ധതി നടപ്പാക്കുന്നതിനും പുനരധിവാസത്തിനുമായി ഒട്ടേറെ കര്‍മപരിപാടിയാണ് നടപ്പാക്കിയത്. ഉദ്യോഗാര്‍ഥികളുടെ പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ തിരുവനന്തപുരത്തെയും എറണാകുളത്തെയും കോഴിക്കോട്ടെയും സര്‍ട്ടിഫിക്കറ്റ് അറ്റസ്റേഷന്‍ കേന്ദ്രങ്ങള്‍ വിപുലീകരിച്ചു. വാര്‍ഷികവരുമാനം 25,000 രൂപയ്ക്കു താഴെയുള്ള, തിരികെയെത്തുന്ന പ്രവാസികളുടെ സഹായത്തിനായി സാന്ത്വനം പദ്ധതി നടപ്പാക്കി. 2126 അപേക്ഷകരില്‍ അര്‍ഹമായവര്‍ക്ക് 63,95,000 രൂപ വിതരണംചെയ്തു. 25 ലക്ഷത്തോളം പ്രവാസികള്‍ക്കായി തിരിച്ചറിയല്‍കാര്‍ഡ് സംവിധാനം തുടങ്ങി. വിദേശത്ത് മരണമടയുന്നവരുടെ ഭൌതികശരീരം നാട്ടിലെത്തിക്കുന്നതിനും നടപടിയായി. തിരികെ എത്തിയ നിര്‍ധനരായ പ്രവാസികളെയും ആശ്രിതരെയും സഹായിക്കുന്നതിന് നോര്‍ക്ക-റൂട്ട്സ് ചെയര്‍മാന്‍ ഫണ്ട് രൂപീകരിച്ച് ധനസഹായം നല്‍കുന്നുണ്ട്. നോര്‍ക്ക-റൂട്ട്സിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍വഴി നല്‍കി വരുന്ന എച്ച്ആര്‍ഡി/എംഇഎ/എംബസി അറ്റസ്റേഷനുകള്‍ക്കു പുറമെ 101 രാജ്യത്തിലേക്കുള്ള അപ്പോസ്റൈല്‍ അറ്റസ്റേഷന്‍ സേവനവും അന്യസംസ്ഥാന സര്‍ട്ടിഫിക്കറ്റുകള്‍ക്കായി എംബസി അറ്റസ്റേഷന്‍ സേവനവും നോര്‍ക്ക-റൂട്ട്സിന്റെ ഓഫീസുകളില്‍ തുടങ്ങി.

പുരസ്കാരങ്ങളുടെ പെരുമഴക്കാലം

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വികസനവീഥിയിലൂടെ ഉജ്വലമായ മുന്നേറ്റമാണ് നടത്തിയത്. ഇതിന് തെളിവാണ് കേരളം നേടിയ വിവിധ ദേശീയ- അന്തര്‍ദേശീയ പുരസ്കാരങ്ങള്‍. കേന്ദ്രസര്‍ക്കാരും ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും നല്‍കിയ പുരസ്കാരങ്ങള്‍ ജനകീയസര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലുകളാണ്. പ്രധാന പുരസ്കാരങ്ങള്‍ ഇവ.

* രാജ്യത്തെ മികച്ച സംസ്ഥാനത്തിനുള്ള ബെസ്റ് ബിഗ് സ്റേറ്റ് അവാര്‍ഡ് * മികച്ച സംസ്ഥാനത്തിനുള്ള ഡയമണ്ട് സ്റേറ്റ് അവാര്‍ഡ് * അടിസ്ഥാനസൌകര്യവികസനം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം, വികസനം എന്നീ മേഖലകളിലെ പ്രവര്‍ത്തനം പരിഗണിച്ച് മികച്ച സംസ്ഥാനത്തിനുള്ള സിഎന്‍എന്‍- ഐബിഎന്‍ പുരസ്കാരം * സംസ്ഥാനങ്ങളിലെ മികച്ച ക്രമസമാധാനപാലനത്തിന് ഇന്ത്യാടുഡേ പുരസ്കാരം തുടര്‍ച്ചയായി മൂന്നുവര്‍ഷം * പാലക്കാട് ടൌണിലെ സൌത്ത് പൊലീസ് സ്റേഷന് യുഎന്‍ പുരസ്കാരം * സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഫലപ്രദമായി നടപ്പാക്കിയതിന് തൊഴില്‍വകുപ്പിന് പുരസ്കാരം * ശുചിത്വപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയതിന് രാഷ്ട്രപതി നല്‍കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം ഏറ്റവും കൂടുതല്‍ കേരളത്തിന് * ആരോഗ്യ വിദ്യാഭ്യാസരംഗത്തെ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ഐബിഎന്‍ 7 ഡയമണ്ട് സ്റ്റേറ്റ് അവാര്‍ഡ് * ഏഷ്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള സ്മാര്‍ട്ട് ട്രാവല്‍ ഏഷ്യ അവാര്‍ഡ്, മികച്ച ടൂറിസം സ്റ്റേറ്റിനുള്ള സിഎന്‍ബിസി അവാര്‍ഡ്, പസഫിക് ട്രാവല്‍ അസോസിയേഷന്‍ അവാര്‍ഡ് * ഏഷ്യയിലെ മികച്ച ഒഴിവുകാല വിനോദസഞ്ചാരകേന്ദ്രമായി സ്മാര്‍ട് ട്രാവല്‍ ഏഷ്യ തെരഞ്ഞെടുത്തത് കേരളത്തെ * ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടാഫി) യുടെ മികച്ച ആഭ്യന്തര ടൂറിസം ബോര്‍ഡിനുള്ള പുരസ്കാരത്തിനും മികച്ച സംസ്ഥാന വിപണന പ്രചാരണത്തിനുള്ള ടൂഡെയ്സ് ട്രാവലര്‍ പ്ളാറ്റിനം അവാര്‍ഡും * പഞ്ചായത്ത് രാജ് പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ശാക്തീകരണത്തിനും പദ്ധതികള്‍ക്കായി ഏറ്റവും പ്രയോജനകരമായി ഫണ്ട് വിനിയോഗിച്ചതിനും അവാഡ് * ഇ- ഗ്രാന്റ്സ് പദ്ധതിയ്ക്ക് 2011ലെ ഇ-ഗവേണന്‍സ് ദേശീയ പുരസ്കാരം * 2008, 2010 വര്‍ഷങ്ങളില്‍ ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് * ഊര്‍ജമേഖലയിലെ മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നായി കേരളം * രാജ്യത്തെ രണ്ടാമത്തെ മികച്ച ഊര്‍ജ ഉപയുക്തതയുള്ള ബോര്‍ഡിനുള്ള പുരസ്കാരം കെഎസ്ഇബിയക്ക് * ശുദ്ധജല വിതരണ രംഗത്ത് മികച്ചപ്രകടനം കാഴ്ച വച്ചതിന് ഇന്ത്യ ടുഡേ ഏര്‍പ്പെടുത്തിയ ഭാരത് നിര്‍മാണ്‍ അവാര്‍ഡ്-2009 * അധികാരവികേന്ദ്രീകരണത്തിന് മേല്‍നോട്ടം വഹിക്കാനുള്ള സുലേഖ പദ്ധതിക്കും ഹയര്‍സെക്കന്‍ഡറി അലോട്ട്മെന്റിനുള്ള ഏകജാലകം, സേവന തുടങ്ങിയ പദ്ധതികള്‍ക്കും ദേശീയാംഗീകാരം * കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാപ്രിയദര്‍ശിനി വൃക്ഷമിത്രപുരസ്കാരംതുടര്‍ച്ചയായി രണ്ടുവര്‍ഷവും കേരളത്തിന്.

*
കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരമില്ല എന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കുപോലും സമ്മതിക്കേണ്ടിവന്നു. സര്‍ക്കാരിന്റെ ഭരണനേട്ടം അനുഭവിച്ചറിയാത്ത ഒറ്റ മലയാളിപോലും ഇല്ല എന്ന വസ്തുതയ്ക്കാണ് ഇത് അടിവരയിടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും അഴിമതിക്കും എതിരെ നടന്ന നിരന്തരപോരാട്ടങ്ങളെത്തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം കേരളത്തിന്റെ സുവര്‍ണകാലമാണെന്ന് സമ്മതിക്കാത്തവരില്ല. അതിനു തെളിവായിരുന്നു കേരളത്തിനു ലഭിച്ച രാജ്യത്തെ ഏറ്റവും നല്ല ഭരണമുള്ള സംസ്ഥാനത്തിനുള്ള ബെസ്റ് ബിഗ് സ്റേറ്റ് അവാര്‍ഡ് ഇന്‍ ഗവേണന്‍സ് പുരസ്കാരം.

ഇ.എ.സജിം തട്ടത്തുമല said...

Good!

http://voteforbsathyan.blogspot.com