Monday, March 28, 2011

പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം യുഎസ് കമ്പനികള്‍ക്കുവേണ്ടി

പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരണം ആഗോള സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയിലായ അമേരിക്കന്‍ ഇന്‍ഷുറന്‍സ് സ്ഥാപനം എഐജി അടക്കമുള്ള പാശ്ചാത്യ കമ്പനികളെ സഹായിക്കാന്‍. ഈ കമ്പനികള്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തിയ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. പെന്‍ഷന്‍പണം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപിക്കാനാണ് ബില്ലില്‍ ശുപാര്‍ശചെയ്യുന്നത്. ഇന്ത്യ സന്ദര്‍ശിച്ചുവരുന്ന അമേരിക്കന്‍ വ്യവസായി വാറന്‍ബഫറ്റും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ഇന്‍ഷുറന്‍സ് രംഗത്ത് വിദേശനിക്ഷേപം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളസാമ്പത്തികപ്രതിസന്ധി ഉലച്ച എഐജി നിലനില്‍പ്പിനായി അമേരിക്കന്‍ കേന്ദ്രബാങ്കില്‍ നിന്ന് കടമെടുത്തത് 4000 കോടി ഡോളറാണ്. അവര്‍ക്ക് ഇന്ത്യയില്‍ ടാറ്റയുമായി ചേര്‍ന്നുള്ള ഇന്‍ഷുറന്‍സ് സംരംഭമുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടിന്റെ പ്രത്യേകത ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിന്റെയും ഡിഎയുടെയും 10 ശതമാനം സര്‍വീസില്‍ കയറുന്നതുമുതല്‍ പെന്‍ഷന്‍ഫണ്ടിലേക്ക് പോകുമെന്നതാണ്. തുല്യമായ തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നല്‍കും. 2004ന് ശേഷം സര്‍വീസില്‍ കയറിയ ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ പണം ഇപ്പോള്‍ത്തന്നെ പെന്‍ഷന്‍ ഫണ്ടിലേക്ക് പോകുന്നുണ്ട്. വര്‍ഷം 8000 കോടി രൂപയെങ്കിലും പിരിഞ്ഞുകിട്ടും. ഈ തുകയത്രയും സ്വകാര്യ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നല്‍കും. ഇപ്പോള്‍ പണം എസ്ബിഐയിലും എല്‍ഐസിയിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. ബില്‍ പാസാകുന്നതോടെ ഈ തുക സ്വകാര്യ പെന്‍ഷന്‍ഫണ്ടുകളിലേക്ക് പോകും. ജീവനക്കാര്‍ പിരിയുമ്പോള്‍ അവരുടെ നിക്ഷേപത്തിന്റെ 60 ശതമാനം തിരിച്ചുനല്‍കുമെങ്കിലും ബാക്കി തുക ഇന്‍ഷുറന്‍സ് കമ്പനിയിലാണ് നിക്ഷേപിക്കുക. ഈ ഇന്‍ഷുറന്‍സ് കമ്പനികളാണ് പെന്‍ഷന്‍ നല്‍കുക.

എന്നാല്‍, 2008ല്‍ ഉണ്ടായതുപോലെയുള്ള സാമ്പത്തികപ്രതിസന്ധി വന്നാല്‍ ഇത്തരം ഇന്‍ഷുറന്‍സ് കമ്പനികളും മറ്റും പാപ്പരാകാന്‍ ഇടയുണ്ട്. അതോടെ പെന്‍ഷന്‍ വിതരണം അവതാളത്തിലാകും. രണ്ടാമതായി, പെന്‍ഷന്‍കാര്‍ക്ക് വിലക്കയറ്റത്തിനും മറ്റും ആനുപാതികമായി ഡിഎ ലഭിക്കുന്ന നിലവിലെ സമ്പ്രദായം പൂര്‍ണമായും ഇല്ലാതാകും. 2004ന് ശേഷം ചേരുന്ന കേന്ദ്രജീവനക്കാരെ നിര്‍ബന്ധപൂര്‍വം ഈ പുതിയ പെന്‍ഷന്‍പദ്ധതിയില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. എന്നാല്‍, എല്ലാ സംസ്ഥാന സര്‍ക്കാരുകളും പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായിട്ടില്ല. 16 സംസ്ഥാനങ്ങള്‍ മാത്രമാണ് അംഗീകരിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഈ പെന്‍ഷന്‍ പദ്ധതി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും ബംഗാളിലും ഇടതുപക്ഷ സര്‍ക്കാരുകളെ തോല്‍പ്പിച്ചാലേ എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. അമേരിക്കയും കോണ്‍ഗ്രസും ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ എല്ലാ അടവും പയറ്റുന്നതും ഇതുകൊണ്ട് തന്നെ.

ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷം ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈ ബില്‍ തിരക്കിട്ട് ലോക്സഭയില്‍ അവതരിപ്പിച്ചത്. തീവ്ര ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ പ്രണബ് മുഖര്‍ജി കൂടെ നില്‍ക്കുമോ എന്ന് അമേരിക്ക പ്രകടിപ്പിച്ച സംശയം പുറത്തുവന്ന സാഹചര്യത്തില്‍ (വിക്കിലീക്സ് വെളിപ്പെടുത്തല്‍) തന്റെ കൂറ് തെളിയിക്കാനും മുഖര്‍ജി ഈ അവസരം ഉപയോഗിക്കുകയാണ്.

*
വി ബി പരമേശ്വരന്‍ കടപ്പാട്: ദേശാഭിമാനി 28 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...