Saturday, March 19, 2011

ശുഭയാത്രക്ക് സുഗമപാത

ഒരു റോഡ് തകരാറിലായാല്‍ ഉടന്‍ സര്‍ക്കാരിന്റെ അനാസ്ഥയെ കുറ്റപ്പെടുത്തുന്നവരാണ് നമ്മുടെ നാട്ടുകാര്‍. അഞ്ചുവര്‍ഷത്തിനിടെ അത്തരം കുറ്റപ്പെടുത്തലുകള്‍ താരതമ്യേന കുറവായിരുന്നു എന്നത് ഈ രംഗത്തെ നേട്ടത്തിന്റെ തെളിവാണ്. നാടിന്റെ വികസനത്തിന് നിലവാരമുള്ള റോഡുകള്‍ അത്യാവശ്യമാണ്. അത് പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയത്. സമ്പദ് വ്യവസ്ഥയുടെ കുതിച്ചുചാട്ടത്തിനുതന്നെ ഇത് വഴിയൊരുക്കി.

റോഡ് വികസനചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുന്നതായിരുന്നു ഫെബ്രുവരി 10ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങളും പദ്ധതികളും. 40,000 കോടി രൂപയുടെ റോഡ് വികസനം നടത്താനാണ് ബജറ്റ് നിര്‍ദേശം. 5252 കോടിയുടെ റോഡ് നിര്‍മാണവും ഇതില്‍ ഉള്‍പ്പെടും. റോഡ് നിര്‍മാണത്തിന് മെയിന്റനന്‍സ് ഉള്‍പ്പെടെ എല്ലാ ഏജന്‍സികളുംകൂടി 2011-12ല്‍ 4000 കോടി രൂപയാണ് ചെലവഴിക്കുക.

തുടര്‍ച്ചയായ മഴ റോഡുകളെ നാമാവശേഷമാക്കുകയും അറ്റകുറ്റപ്പണി മന്ദീഭവിപ്പിക്കുകയും ചെയ്‌തിരുന്നു. 133.42 കോടി രൂപയുടെ നഷ്‌ടമാണ് മഴകാരണം റോഡ് പൊട്ടിപ്പൊളിഞ്ഞതിലൂടെയുണ്ടായത്. മഴ മാറിയതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള നടപടികളെടുത്തു. വകുപ്പ് മന്ത്രി അധ്യക്ഷനും വകുപ്പ് സെക്രട്ടറി കണ്‍വീനറുമായുള്ള ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഇതിനായി രൂപീകരിച്ചു. പദ്ധതി ഇനത്തില്‍ 121 കോടി രൂപയും പദ്ധതിയിതര ഇനത്തില്‍ 240 കോടിയുമാണ് അനുവദിച്ചത്. ഒഡിആര്‍ ഉള്‍പ്പെടെയുള്ള റോഡുകള്‍ക്കായി 718 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ഓരോ ജില്ലാപഞ്ചായത്തിനും ആറു കോടിമുതല്‍ 12 കോടിവരെ റോഡ് പണികള്‍ക്ക് അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും കേരളത്തിലെ റോഡുകളുടെ വികസനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദേശീയ പാതകള്‍ പൂര്‍ണമായും ഏറ്റെടുത്ത് നടത്താന്‍ 156 കോടി രൂപയോളം കേന്ദ്രസര്‍ക്കാര്‍ നല്‍കണം. എന്നാല്‍, അഞ്ചു വര്‍ഷമായി നാമമാത്രമായ തുകയാണ് ലഭിച്ചത്. സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്.

സംസ്ഥാന ചരിത്രത്തിലാദ്യമായി റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 3000 കോടി രൂപ വകയിരുത്തി 1280 പ്രവൃത്തി നടത്തി. 140 നിയോജക മണ്ഡലത്തിലും ചുരുങ്ങിയത് 15 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനമാണ് നടത്തിയത്. ഇതുകൂടാതെ 'വിഷന്‍ 2010' എന്ന പേരില്‍ രണ്ടു കോടി രൂപയുടെ പ്രത്യേക പദ്ധതിയും നടപ്പാക്കി.

മലബാര്‍ പാക്കേജില്‍ നിരവധി വികസന പ്രവര്‍ത്തനമാണ് അഞ്ചുവര്‍ഷക്കാലത്തിനിടെ നടത്തിയത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആറുവരി പാതയായ എക്‌സ്പ്രസ് വേയുടെ ഭാഗമായി കന്യാകുമാരി-തൃശൂര്‍ പാത യാഥാര്‍ഥ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടി. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ തുടങ്ങി കോഴിക്കോട്ടെ എലത്തൂരില്‍ അവസാനിക്കുന്ന 67 കിലോമീറ്റര്‍ നീളമുള്ള വെസ്‌റ്റ് കോസ്‌റ്റ് ഓഷ്യന്‍ ഹൈവേ ഉദ്ദേശ്യം 1960 കോടി രൂപ ചെലവില്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നടപ്പാക്കും. റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ കേടുപാട് സംബന്ധിച്ച് പരാതി നല്‍കാനും അത് ഉടനടി പരിഹരിക്കാനുമായി ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബഹുനില കാര്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കാനും നടപടിയെടുത്തു. പൊതുമരാമത്തുവകുപ്പ് പുതുതായി ഏറ്റെടുത്ത റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള റോഡുകള്‍ക്ക് ദീര്‍ഘകാല സംരക്ഷണം ഉറപ്പാക്കുന്ന ഹെവി മെയിന്റനന്‍സ് പദ്ധതി കൂടുതല്‍ ജില്ലകളില്‍ നടപ്പാക്കി.

ഗ്രാമീണ റോഡ് വികസനത്തിനും അറ്റകുറ്റപ്പണിക്കുമായി നിരവധി പദ്ധതിയാണ് നടപ്പാക്കിയത്. റോഡ് മെയിന്റനന്‍സിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള തുക 2010-11ല്‍ 203 കോടി രൂപയായിരുന്നത് 2011-12ല്‍ 528 കോടിയാക്കി ഉയര്‍ത്തി.

ടെന്‍ഡര്‍ സംവിധാനം കുറ്റമറ്റതാക്കാനും അഴിമതി ഇല്ലാതാക്കാനും ഇ-ടെന്‍ഡര്‍, പിഡബ്ള്യുഡി മാന്വല്‍ പരിഷ്‌കരണം, സ്‌റ്റാന്‍ഡേര്‍ഡ് ഡാറ്റാബുക്ക് പരിഷ്‌കരണം, റേറ്റ് ഷെഡ്യൂള്‍ പരിഷ്‌കരണം, ഫയല്‍ ട്രാക്കിങ് തുടങ്ങി നിരവധി പരിഷ്‌കരണ, നവീകരണ പദ്ധതിയാണ് പൊതുമരാമത്തുവകുപ്പില്‍ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായത്.

കുണ്ടും കുഴിയുമൊഴിഞ്ഞ് റോഡുകള്‍

'മൂന്നു മാസംമുമ്പ് റോഡൊക്കെ ക്ളിയറായി. കുണ്ടുംകുഴിയും എവിടെയുമില്ല. റോഡ് മോശമായതിന്റെ പേരില്‍ ഒരു നിമിഷംപോലും ബസ് വൈകുന്നില്ല. എന്നാല്‍, ചില സ്ഥലത്ത് വീതി ക്കുറവുണ്ട്. ഗതാഗക്കുരുക്കും. ഈ ബജറ്റില്‍ പുതിയ റോഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അതുകൂടി വന്നാല്‍ ഗാതാഗതക്കുരുക്കും കുറയും'- കണ്ണൂരിലെ മെട്രോലക്‌സ് ബസ് ഡ്രൈവര്‍ കെ കെ അനില്‍കുമാറിന്റെ വാക്കുകള്‍. മുമ്പൊക്കെ കാലവര്‍ഷം കഴിഞ്ഞാല്‍ മുറവിളി കൂട്ടണം. എന്നാല്‍ മാത്രമേ റോഡുകള്‍ നന്നാക്കാറുള്ളൂ. ഇക്കുറി മഴ മാറുമ്പോഴേക്ക് റോഡ് നന്നാക്കിയെന്നും അനില്‍കുമാര്‍ പറയുന്നു.

പൊതുമരാമത്തുവകുപ്പിനെ കാലത്തിനനുസരിച്ച് മാറ്റാനുള്ള ശ്രമമുണ്ടായത് ഇപ്പോള്‍ മാത്രമാണെന്ന് പ്രശസ്‌ത റോഡ് കണ്‍സ്‌ട്രക്ഷന്‍ കമ്പനിയായ കെ കെ ബില്‍ഡേഴ്‌സിന്റെ മാനേജിങ് പാര്‍ട്ണര്‍ കെ കെ രാധാകൃഷ്ണന്‍ പറയുന്നു. എല്‍ഡിഎഫ് അധികാരത്തില്‍വരുമ്പോള്‍ 5000 കോടി രൂപയോളമായിരുന്നു കരാറുകാര്‍ക്ക് കുടിശ്ശിക. ഈ തുക മുഴുവന്‍ നല്‍കിയെന്നുമാത്രമല്ല, റോഡുപണി നടത്തിയാല്‍ അപ്പോള്‍ത്തന്നെ പണമെന്നനിലയിലാണ് കാര്യങ്ങള്‍. പണമില്ലാത്തതിന്റെ പേരില്‍ ഒരുപണിയും ഇക്കാലയളവില്‍ മുടങ്ങിയില്ല. ഒരുകരാറുകാരനും റോഡുപണി ഉപേക്ഷിച്ചുപോയിട്ടുമില്ല.

കേരളത്തിലെ മിക്കവാറും റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. ശാസ്‌ത്രീയമായ റോഡ് എന്ന ആശയം പ്രാവര്‍ത്തികമാക്കാനും ശ്രമമുണ്ടായി. മുമ്പ് ദേശീയപാത ഒഴിവാക്കിയാല്‍ മറ്റു റോഡുകളുടെ കാര്യം ദയനീയമായിരുന്നു. ഇന്ന് ഹൈവേയേക്കാള്‍ മികച്ച റോഡുകളുണ്ട്. കണ്ണൂര്‍-ഇരിട്ടി സംസ്ഥാന പാത ഇതിന്റെ തെളിവാണ്. എവിടെയും കുണ്ടും കുഴിയുമില്ല. വീതികുറഞ്ഞ ഭാഗങ്ങള്‍ മുഴുവന്‍ വീതി കൂട്ടി- രാധാകൃഷ്ണന്‍ പറഞ്ഞു.

കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്ന ഗ്രീന്‍ലാന്‍ഡ് ബസിന്റെ ഡ്രൈവര്‍ സി വി ജയരാജിന്റെ ഓര്‍മയില്‍ ഇത്രയും നന്നായി റോഡ് അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ച കാലയളവ് മുമ്പ് ഉണ്ടായിട്ടില്ല.

സര്‍ക്കാര്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ച റോഡുകളുടെ വികസനംകൂടിയാകുമ്പോള്‍ കേരളത്തിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനാകുമെന്ന് പേരാവൂരില്‍ സര്‍വീസ് നടത്തുന്ന സ്‌റ്റാര്‍ ഗാര്‍ഡന്‍സ് ബസ് ഡ്രൈവര്‍ യു കെ മുജീബ് പറഞ്ഞു.

(ജയകൃഷ്ണന്‍ നരിക്കുട്ടി)

കുരുക്കൊഴിവാക്കാന്‍ പാലങ്ങള്‍

സാങ്കേതിക മികവും അധ്വാനവും കൂടുതല്‍ വേണ്ട മേഖലയാണ് പാലം നിര്‍മാണം. മുമ്പ് റോഡ്‌സ് ഡിവിഷനു കീഴില്‍ത്തന്നെയായിരുന്നു പാലങ്ങളും നിര്‍മിച്ചിരുന്നത്. റോഡ് പണികളുടെ ആധിക്യംകാരണം പലപ്പോഴും പാലം പണിക്ക് മതിയായ ശ്രദ്ധ ലഭിക്കുന്നില്ലെന്ന പരാതിയും അന്ന് വ്യാപകമായിരുന്നു. ഇത് പരിഹരിക്കുന്നതിനായി പാലംപണിക്കുമാത്രമായി പ്രത്യേക ഡിവിഷന്‍ രൂപീകരിച്ചു. പ്രവൃത്തി കാര്യക്ഷമമായി നടപ്പാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. പുതുതായി തസ്‌തികകള്‍ സൃഷ്‌ടിക്കാതെ പുനഃക്രമീകരണത്തിലൂടെയാണ് പ്രത്യേക വിഭാഗം രൂപീകരിച്ചത്. നബാര്‍ഡില്‍നിന്ന് 147 കോടി രൂപ അഞ്ചു പാലത്തിനായും 11 റോഡിനായും പുതിയ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പൊതുമരാമത്തിന് നാലു റോഡിനും ഒമ്പതു പാലത്തിനും 44 കോടി രൂപ വകയിരുത്തി. സംസ്ഥാന ഹൈവേയുടെ പുനരുദ്ധാരണത്തിന് 55 കോടിയും പ്രധാന ജില്ലാ റോഡുകള്‍ക്ക് പൊതുമരാമത്തിന് 66 കോടിയും വകയിരുത്തി.

റോഡ് ഫണ്ട് ബോര്‍ഡിന്റെയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷന്റെയും സമഗ്ര പരിപാടിയോട് സംയോജിപ്പിച്ചാണ് ഇത് നടപ്പാക്കുക.ദേശീയപാത-17ല്‍ സുഗമമായ ഗതാഗതത്തിന് ഏറ്റവും വലിയ തടസ്സം റെയില്‍വേ ക്രോസിങ്ങുകളായിരുന്നു. കോഴിക്കോട്-കണ്ണൂര്‍ പാതയില്‍ മണിക്കൂറുകളോളമായിരുന്നു ഗതാഗത കുരുക്ക്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി. 2010 ഫെബ്രുവരി ഒന്നിന് നന്തി മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയിലെ അവസാനത്തെ കുരുക്കുമഴിഞ്ഞു. ഇതുകൂടാതെ മറ്റ് നിരവധി മേല്‍പ്പാലങ്ങളുടെ പണിയും പൂര്‍ത്തിയാക്കി. ചിലത് നിര്‍മാണഘട്ടത്തിലാണ്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കി. അസിസ്‌റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ അവരുടെ നിയന്ത്രണത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്‌റ്റാറ്റസ് റിപ്പോര്‍ട്ട് തദ്ദേശഭരണത്തലവന്റെ അംഗീകാരത്തോടെയും എംഎല്‍എമാരുടെ വിലയിരുത്തലോടെയും വകുപ്പുമന്ത്രിക്ക് സമര്‍പ്പിക്കുന്ന പദ്ധതിയാണ് സോഷ്യല്‍ ഓഡിറ്റിങ്.

വികസന വിഹായസ്സിലേക്ക് സാഗര കവാടങ്ങള്‍
കേരളത്തിന്റെ വികസനപാതയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നിട്ടത്. കേരളത്തിന്റെ മുഖഛായ മാറ്റിയേക്കാവുന്ന വിഴിഞ്ഞം തുറമുഖമടക്കമുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ അര്‍പ്പണമനോഭാവത്തിന്റെ ഉത്തമമാതൃകകളാണ്. വിഴിഞ്ഞം അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ് തുറമുഖ നിര്‍മാണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് വിജയകരമായാണ് എത്തിച്ചേര്‍ന്നത്.

ആദ്യഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കലും ഗതാഗതസൌകര്യമൊരുക്കലും മറ്റ് അടിസ്ഥാനസൌകര്യങ്ങളും പൂര്‍ത്തിയാക്കി. തുറമുഖത്തേക്കുള്ള റോഡിന് സ്ഥലം ഏറ്റെടുക്കല്‍ 90 ശതമാനവും പൂര്‍ത്തിയായി. ബൈപാസില്‍നിന്ന് തുറമുഖത്തേക്ക് 600 മീറ്റര്‍ നീളത്തില്‍ പുതിയ റോഡ് നിര്‍മാണം തുടങ്ങി. റെയില്‍പാത നിര്‍മാണത്തിനും ധാരണപത്രമായി. തുറമുഖ നിര്‍മാണം സര്‍ക്കാര്‍ നേരിട്ട് നടത്താനാണ് തീരുമാനം. ഇതേത്തുടര്‍ന്ന് നടത്തിയ രാജ്യാന്തര നിക്ഷേപ സംഗമത്തില്‍ ശ്രദ്ധേയരായ 200ല്‍ ഏറെ നിക്ഷേപകരാണ് പങ്കെടുത്തത്. 25,000 കോടിയുടെ നിക്ഷേപമാണ് കണ്ടെത്തുന്നത്.

സംസ്ഥാനത്താകെയുള്ള 17 തുറമുഖത്തില്‍ അഴീക്കല്‍, ബേപ്പൂര്‍, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നിവ വികസിപ്പിക്കാന്‍ നടപടിയായി. കൊല്ലം തുറമുഖം കസ്‌റ്റംസ് പോര്‍ട്ടായി പ്രഖ്യാപിച്ചു. വിഴിഞ്ഞം ഹാര്‍ബറിനോടുചേര്‍ന്ന് പുതിയ വാര്‍ഫ്, ബേപ്പൂര്‍ തുറമുഖത്ത് കൂടുതല്‍ സൌകര്യങ്ങള്‍, അഴീക്കല്‍ തുറമുഖം പ്രവര്‍ത്തനസജ്ജം, മാരിടൈം ബോര്‍ഡ് രൂപീകരിക്കാന്‍ നടപടി, കൊല്ലത്തും മഞ്ചേശ്വരത്തും മാരിടൈം ഇൻ‌സ്‌റ്റിറ്റ്യൂട്ടുകള്‍ എന്നിവയും പ്രധാന നേട്ടങ്ങളാണ്. 763 കോടി രൂപ ചെലവില്‍ സ്വിസ് ചലഞ്ച്”രീതിയിലാണ് തുറമുഖ വികസനം നടപ്പാക്കുന്നത്.

അഴീക്കലില്‍ ബര്‍ത്ത് നിര്‍മാണം ഈ കാലയളവില്‍ പൂര്‍ത്തിയായി. ലക്ഷദ്വീപ് ഭരണകൂടത്തിനായി ബേപ്പൂര്‍ തുറമുഖത്ത് പ്രത്യേക ബെര്‍ത്ത് നിര്‍മിക്കുന്നതിന് ധാരണപത്രം ഒപ്പുവച്ചു. ആലപ്പുഴ തുറമുഖത്തെ മറീനാ കം കാര്‍ഗോ ഹാര്‍ബറായി വികസിപ്പിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു. 160 കോടിയുടെ കൊല്ലം തുറമുഖ വികസനപദ്ധതിയുംഉടന്‍ തുടങ്ങും. കേരളത്തിലെ ആദ്യത്തെ മാരിടൈം ഇൻ‌സ്‌റ്റിറ്റ്യൂട്ട് കൊല്ലം നീണ്ടകരയിലും രണ്ടാമത്തേത് കാസര്‍കോട്ടെ മീഞ്ചയിലും സ്ഥാപിക്കാന്‍ നടപടിയായി. ആദ്യഘട്ടത്തില്‍ അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതിനും രണ്ടാംഘട്ടത്തില്‍ കാസര്‍കോട്, പൊന്നാനി, കൊടുങ്ങല്ലൂര്‍, ആലപ്പുഴ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതിനുമുതകുന്ന രീതിയില്‍ തീരദേശ കപ്പല്‍ ഗതാഗതശൃംഖല തുടങ്ങുകയാണ്.

തുറമുഖവകുപ്പിലെ ടെന്‍ഡറിങ് പ്രക്രിയ വെബ്‌സൈറ്റ് മുഖേന നടപ്പാക്കിയത് സുതാര്യത ഉറപ്പുവരുത്തുന്നതും ടെന്‍ഡറുകള്‍ എളുപ്പത്തില്‍ മൂല്യനിര്‍ണയം നടത്തുന്നതിനും കരാറുകാര്‍ സംഘം ചേരുന്നത് തടയാനും സഹായകമായി.

ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡുകളോടെയുള്ള പത്ത് ടൈഡല്‍ മെറ്റയോറോളജിക്കല്‍ സ്‌റ്റേഷന്‍, ഉള്‍നാടന്‍ ജല വാഹനങ്ങളുടെ ഇൻ‌സ്‌പെക്ഷന്‍ സര്‍വേ, തുറമുഖങ്ങളിലേക്കായി ആധുനിക ട്രക്ക് മൌണ്ടഡ് ക്രെയിനുകള്‍, ജീവനക്കാരുടെ ശേഷി വികസിപ്പിക്കുന്നതിന് കരിയര്‍ പ്ളാന്‍, എന്‍വയോണ്‍മെന്റല്‍ ആസ്‌പെക്‌ട് രജിസ്‌റ്റര്‍ നടപ്പാക്കല്‍ തുടങ്ങിയവയാണ് ഈ കാലയളവില്‍ പൂര്‍ത്തിയാക്കിയ മറ്റു പ്രവര്‍ത്തനങ്ങള്‍. മന്ത്രി എം വിജയകുമാറിന്റേയും പിന്നീട് ചുമതലയിലെത്തിയ വി സുരേന്ദ്രന്‍ പിള്ളയുടേയും നിശ്ചയദാര്‍ഡ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് തുറമുഖ വികസന രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് വഴിതെളിച്ചത്.

അഭിമാനമായി വല്ലാര്‍പാടം

രാജ്യത്തെ ആദ്യ രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ് ടെര്‍മിനലായ വല്ലാര്‍പാടം യാഥാര്‍ഥ്യമായതിനുപിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ഇടപെടലുണ്ട്. എതിര്‍പ്പും സമരങ്ങളും പരിഹരിച്ച് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കാട്ടിയ ഇച്ഛാശക്തിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയതില്‍ പ്രധാനം. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കി. രാജ്യത്തിനാകെ മാതൃകയായ പുനരധിവാസപദ്ധതിയും നടപ്പാക്കി.

ഏറെനാള്‍ ഫയലില്‍ ഉറങ്ങിയ പദ്ധതിക്ക് 2000ത്തോടെയാണ് ജീവന്‍വച്ചത്. 2005ല്‍ പ്രധാനമന്ത്രി പദ്ധതിക്ക് ശിലയിട്ടെങ്കിലും പരിസ്ഥിതിയനുമതി ലഭിച്ചിരുന്നില്ല. വല്ലാര്‍പാടത്തേക്കുള്ള റെയിലും റോഡും നിര്‍മിക്കാനുള്ള സ്ഥലം ഏറ്റെടുക്കാതെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം പാഴാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് സ്ഥലം ഏറ്റെടുത്തത്. ഭൂമിക്ക് വന്‍ വിലയുള്ള എറണാകുളം നഗരത്തോട് ചേര്‍ന്ന ഹെക്‌ടര്‍ കണക്കിനു ഭൂമിയാണ് ഏറ്റെടുത്തത്. മുളവുകാട്ടുനിന്ന് കളമശേരിവരെ റോഡിനും ഇടപ്പള്ളിവരെ റെയില്‍വേയ്‌ക്കും സ്ഥലമെടുത്തുനല്‍കേണ്ടിവന്നു. ഭൂമിയേറ്റെടുക്കല്‍ സമാധാനപരമായും തൃപ്‌തികരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു.

വല്ലാര്‍പാടത്തിന്റെ സാധ്യത കണക്കിലെടുത്ത് നിരവധി പദ്ധതികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ രൂപംനല്‍കി. പൊതുമേഖലയിലും സംയുക്തസംരംഭമായും കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍ നിര്‍മാണത്തിലാണ്. ഇടപ്പള്ളി ട്രക്ക് ടെര്‍മിനല്‍ സ്ഥാപിക്കാനും നടപടിയായി. വല്ലാര്‍പാടം ഉണ്ടാക്കുന്ന ഗതാഗതത്തിരക്ക് പരിഹരിക്കാന്‍ റോഡ്, മേല്‍പ്പാലം പദ്ധതികള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ തുടക്കമിട്ടു.

ഗോശ്രീ ദ്വീപ് സമൂഹങ്ങളിലൊന്നായ വല്ലാര്‍പാടത്ത് കൊച്ചി തുറമുഖ ട്രസ്റ്റിന്റെയും ദുബായ് പോര്‍ട്ട് വേള്‍ഡിന്റെയും പങ്കാളിത്തത്തില്‍ പൊതു-സ്വകാര്യപങ്കാളിത്ത സംരംഭമായാണ് ടെര്‍മിനല്‍ യാഥാര്‍ഥ്യമായത്.

വിജയപീഠമേറി കേരളം

കായികരംഗത്ത് ഇന്ത്യയിലെ ഏറ്റവും പുരോഗതി പ്രാപിച്ച സംസ്ഥാനമാണ് കേരളം. അത്‌ലറ്റിക്‌സിലും ഗെയിംസ് ഇനങ്ങളിലും കേരളത്തിന്റെ കുട്ടികള്‍ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ വര്‍ഷങ്ങളാണ് കടന്നുപോയത്. കേരളത്തിലെ കുട്ടികള്‍ക്ക് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സഹായകമായത് ഇടതുപക്ഷസര്‍ക്കാരിന്റെ സമഗ്ര കായികനയം മൂലമാണ്. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് വിപ്ളവകരമായ തീരുമാനമാണ്. കായിക വികസനനിധി, കായികക്ഷമതാ മിഷന്‍ തുടങ്ങിയ പദ്ധതികള്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. സമഗ്ര കായികവികസനം ലക്ഷ്യമിട്ട് രൂപീകരിച്ച സംസ്ഥാന സ്‌പോര്‍ട്സ് കമീഷന്റെ 69 ശുപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചു.

സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് വയനാട്ടില്‍ ആര്‍ച്ചറി അക്കാദമി, കൊല്ലം ജില്ലയില്‍ വനിതകള്‍ക്കുള്ള അത്‌ലറ്റിക് അക്കാദമി, കൊല്ലത്തെ ലാല്‍ബഹദൂര്‍ സ്റേഡിയത്തിന്റെ പുനരുദ്ധാരണം, മൂന്നാര്‍ എച്ച്എടിസിക്കുള്ള സഹായം തുടങ്ങി കായികരംഗത്തെ കുതിപ്പിനായി നിരവധി പദ്ധതികളാണ് അഞ്ചുവര്‍ഷത്തിനിടെ നടപ്പാക്കിയത്. എറണാകുളം മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്ക്, മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിങ് സെന്ററിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം, മുടങ്ങിക്കിടന്ന ആറ്റിങ്ങല്‍ ശ്രീപാദം സ്‌റ്റേഡിയത്തിന്റെ നിര്‍മാണം, തിരുവനന്തപുരത്ത് മാണിക്കല്‍ പഞ്ചായത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള സ്വിമ്മിങ്പൂള്‍, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി വരുന്ന ആലപ്പുഴ സ്വിമ്മിങ്പൂള്‍ എന്നിവയും കായികവികസനത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിബദ്ധതയ്‌ക്ക് തെളിവാകുന്നു.

ഫുട്ബോളിന്റെ നിലവാരം ഉയര്‍ത്തുന്നതിനായി ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ നല്‍കുന്ന പരിശീലനം 'വിഷന്‍ ഇന്ത്യ കേരള' എന്ന പദ്ധതിക്ക് കീഴില്‍ നടപ്പാക്കി വരികയാണ്.

35-ാമത് ദേശീയഗെയിംസ് കേരളത്തില്‍ നടത്താന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനിച്ചത് സംസ്ഥാനത്തിന് കിട്ടിയ അംഗീകാരമാണ്. ഗെയിംസിനായി വിപുലമായ സംവിധാനമാണ് ഒരുക്കുന്നത്. കായികവികസനം ലക്ഷ്യമിട്ടുള്ള സ്‌പോര്‍ട്സ് ലോട്ടറി, ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ട് ഗോ ഫോര്‍ ഗോള്‍ഡ് പദ്ധതി, നീന്തല്‍ പരിശീലനത്തിനുള്ള ടേക്ക് എ സ്‌പ്‌ളാഷ്, സ്‌പോര്‍ട്സ് മെഡിസിന്‍ ഇൻ‌സ്‌റ്റിറ്റ്യൂട്ട്, വള്ളംകളിയെ സ്‌പോര്‍ട്സ് ഇനമായി അംഗീകരിക്കാനുള്ള നടപടി തുടങ്ങിയവയും ഈ രംഗത്തെ സുപ്രധാന ചുവടുവെപ്പുകളാണ്.

പ്രതിവര്‍ഷം കായികരംഗത്ത് മികവ് പ്രകടിപ്പിക്കുന്ന 50 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ 2009ല്‍ തീരുമാനിച്ചു. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി. അവശരായ സര്‍ക്കസ് കലാകാരന്മാര്‍ക്ക് ധനസഹായം നല്‍കി.

കായിക മേഖലയ്‌ക്ക് പ്രോത്സാഹനം : പി ടി ഉഷ

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ഭരണനേട്ടം കായിക വിദ്യാഭ്യാസരംഗത്തേയ്‌ക്ക് പുതു തലമുറയെ ആകര്‍ഷിക്കാന്‍ ആവിഷ്‌കരിച്ച കായികക്ഷമതാപദ്ധതിയാണ്. നല്ലശ്രമത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയാണിത്. പ്രായോഗികനടത്തിപ്പില്‍ ചില പോരായ്‌മകളുണ്ടായെങ്കിലും ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന്റെ സാന്നിധ്യമാണ് ഇത്തരമൊരു പദ്ധതിക്കുപിന്നില്‍ കായികപ്രേമികള്‍ ദര്‍ശിച്ചത്.

അടിസ്ഥാന കായികസൌകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ നടത്തിയ ഇടപെടലും അഭിനന്ദനാര്‍ഹമാണ്. ദേശീയ ഗെയിംസിന്റെ ചെലവിലാണെങ്കിലും കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ അടിസ്ഥാന സൌകര്യവികസനത്തില്‍ വലിയ കുതിച്ചുചാട്ടത്തിന് സര്‍ക്കാരിന് സാധിച്ചുവെന്നത് സന്തോഷപ്രദമാണ്.

രാജ്യത്തിനായി സമ്മാനപ്പതക്കം വാരിക്കൂട്ടുന്ന കായികപ്രതിഭകള്‍ ക്ക് നല്‍കുന്ന പ്രൈസ്‌മണി വര്‍ധിപ്പിച്ചതാണ് മറ്റൊരു ആഹ്ളാദകരമായ തീരുമാനം. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി പ്രൈസ്‌മണി നല്‍കിവന്നത് കേരളമായിരുന്നു. എന്നാല്‍, തുക തുച്ഛമായിരുന്നു. രാജ്യത്തിന് നേട്ടമുണ്ടാക്കുന്ന താരങ്ങളെ പിറന്നനാട് മറക്കില്ലെന്ന സന്ദേശമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്മാനത്തുക വര്‍ധിപ്പിച്ചതിലൂടെ നല്‍കുന്നത്.

സ്‌കൂള്‍ കായികരംഗത്ത് വിപ്ളവാത്മക മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനുമായി. വളരെയേറെ ശ്രദ്ധിക്കേണ്ടതാണ് സ്‌കൂള്‍ കായികമേഖല. മൂന്നുദിവസം തട്ടിക്കൂട്ടി നടത്തിവന്ന മേളകള്‍വിപുലീകരിച്ചു. സമ്മാനത്തുകയും കൂട്ടി. സ്‌പോര്‍ട്സ് സ്‌കൂളുകളും മറ്റുള്ളവയുമായുള്ള അനാരോഗ്യകരമായ മത്സരം ഇല്ലാതാക്കാനും നടപടി സ്വീകരിച്ചു. എന്നെയും മേഴ്‌സിക്കുട്ടനെയും പോലെ നാടിന്റെ കായിക മുന്നേറ്റത്തിന് പദ്ധതികളുമായി മുന്നോട്ടുവരുന്നവരോട് അനുകൂലമായ മനോഭാവം പ്രകടിപ്പിച്ചതും സ്വാഗതാര്‍ഹമാണ്. ഉഷാസ്‌കൂളിന് കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതിലും സര്‍ക്കാര്‍ സഹായകമായ സമീപനമാണ് കൈക്കൊണ്ടത്.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു റോഡ് തകരാറിലായാല്‍ ഉടന്‍ സര്‍ക്കാരിന്റെ അനാസ്ഥയെ കുറ്റപ്പെടുത്തുന്നവരാണ് നമ്മുടെ നാട്ടുകാര്‍. അഞ്ചുവര്‍ഷത്തിനിടെ അത്തരം കുറ്റപ്പെടുത്തലുകള്‍ താരതമ്യേന കുറവായിരുന്നു എന്നത് ഈ രംഗത്തെ നേട്ടത്തിന്റെ തെളിവാണ്. നാടിന്റെ വികസനത്തിന് നിലവാരമുള്ള റോഡുകള്‍ അത്യാവശ്യമാണ്. അത് പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയത്. സമ്പദ് വ്യവസ്ഥയുടെ കുതിച്ചുചാട്ടത്തിനുതന്നെ ഇത് വഴിയൊരുക്കി.

റോഡ് വികസനചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുന്നതായിരുന്നു ഫെബ്രുവരി 10ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങളും പദ്ധതികളും. 40,000 കോടി രൂപയുടെ റോഡ് വികസനം നടത്താനാണ് ബജറ്റ് നിര്‍ദേശം. 5252 കോടിയുടെ റോഡ് നിര്‍മാണവും ഇതില്‍ ഉള്‍പ്പെടും. റോഡ് നിര്‍മാണത്തിന് മെയിന്റനന്‍സ് ഉള്‍പ്പെടെ എല്ലാ ഏജന്‍സികളുംകൂടി 2011-12ല്‍ 4000 കോടി രൂപയാണ് ചെലവഴിക്കുക.