Wednesday, March 23, 2011

അമേരിക്കന്‍ ആക്രമണം എണ്ണയില്‍ കണ്ണുനട്ട്

മുഅമ്മര്‍ ഗദ്ദാഫിയില്‍നിന്ന് ലിബിയന്‍ജനതയെ രക്ഷിക്കാനെന്ന പേരില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം ലിബിയക്കുമേല്‍ മിസൈലാക്രമണം ആരംഭിച്ചിരിക്കുന്നു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ ബലത്തിലാണ് ലിബിയന്‍ ജനതയെ ഗദ്ദാഫിയില്‍നിന്ന് രക്ഷിക്കാനെന്നപേരില്‍ ആക്രമണം നടത്തുന്നത്. എന്നാല്‍, രക്ഷാസമിതി ഈ പ്രമേയം അംഗീകരിക്കുമ്പോള്‍ വടക്കേ ആഫ്രിക്കയിലെ യെമനിലെ പ്രക്ഷോഭകാരികള്‍ക്കുനേരെ അവിടത്തെ ഭരണാധികാരി അലി അബ്ദുള്ള സലേഹ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടത് 45 പേരാണ്. ഇറാനെ ലക്ഷ്യമാക്കി അമേരിക്കയുടെ അഞ്ചാം സൈനിക വ്യൂഹം നിലയുറപ്പിച്ച ബഹ്റൈനിലാകട്ടെ രക്ഷാസമിതി പ്രമേയാവതരണത്തിന് 24 മണിക്കൂര്‍ മുമ്പ് പ്രക്ഷോഭകര്‍ക്കു നേരെ കടുത്ത ആക്രമണമാണ് നടന്നത്. പ്രക്ഷോഭകര്‍ ഒത്തുകൂടുന്ന പേള്‍ ചത്വരത്തിനു നേരെ കനത്ത ആക്രമണമാണ് ഹമദ് ബിന്‍ ഇസ അലി ഖലീഫയുടെ സൈന്യവും ഗള്‍ഫ് സഹകരണ കൌൺസില്‍ സേന അഥവാ സൌദി അറേബ്യന്‍ സേനയും ചേര്‍ന്ന് നടത്തിയത്.

ഇതേ ദിവസംതന്നെ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം പാകിസ്ഥാനിലെ ആദിവാസി മേഖലകളില്‍ നടത്തിയ ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ഈ രാജ്യങ്ങളിലെ പൌരന്മാരെ രക്ഷിക്കാന്‍ എന്തേ അമേരിക്കയ്ക്കും മറ്റും സൈനികമായി ഇടപെടണമെന്ന് തോന്നിയില്ല. ലിബിയയിലെ പൌരന്മാരെമാത്രം 'രക്ഷിക്കുന്നതില്‍' എന്താണ് അമേരിക്കയ്ക്കും ഫ്രാന്‍സിനും മറ്റും തിടുക്കം? 2008ല്‍ ഗാസയിലെ സിവിലിയന്മാര്‍ക്കെതിരെ ഇസ്രയേലി സേന നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടപ്പോഴും എന്തേ അമേരിക്ക അവിടേക്ക് നാറ്റോ സേനയെ നയിക്കാതിരുന്നത്? അപ്പോള്‍ അമേരിക്കയുടെ ആക്രമണത്തിന്റെ ലക്ഷ്യം ജനാധിപത്യ സംരക്ഷണമോ ജനങ്ങളെ രക്ഷിക്കലോ അല്ല. യഥാര്‍ഥ ലക്ഷ്യം ലിബിയയിലെ എണ്ണയും അറബ് ലോകത്ത് പടരുന്ന ജനാധിപത്യ പ്രക്ഷോഭത്തിന് തടയിടലുമാണ്.

ലിബിയയിലൊഴിച്ച് പ്രക്ഷോഭം പടരുന്ന എല്ലാ രാജ്യങ്ങളും അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ശക്തമായ പിന്തുണയുള്ളവയാണ്. അവിടങ്ങളില്‍ പ്രക്ഷോഭം വിജയിക്കുകയും യഥാര്‍ഥ ജനാധിപത്യ ശക്തികളുടെ കൈവശം നിയന്ത്രണം എത്തുകയുംചെയ്യുന്നത് ഗള്‍ഫില്‍ സൌദിയുടെയും അമേരിക്കയുടെയും സ്വാധീനം ഇല്ലാതാക്കും. അത് തടയുകയാണ് അമേരിക്കയുടെയും സൌദിയുടെയും ലക്ഷ്യം.

അമേരിക്കയുടെ ഗള്‍ഫ് നയതന്ത്രത്തിന്റെ ആണിക്കല്ല് ഗള്‍ഫിലെ ഏറ്റവും ശക്തമായ മുസ്ളിം മതമൌലികവാദ സര്‍ക്കാര്‍ നിലകൊള്ളുന്ന സൌദി അറേബ്യയിലാണ്. അമേരിക്ക ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോഴും ഭീകരവാദികള്‍ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്ന ബാങ്കായി പ്രവര്‍ത്തിച്ചത് സൌദിയാണ്. എന്നിട്ടും സൌദിയിലെ രാജഭരണത്തെ അമേരിക്ക നിര്‍ബാധം പിന്തുണച്ചു. അയല്‍രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തി സൌദിയിലേക്കുള്ള പ്രക്ഷോഭത്തിന് തടയിടാനാണ് അമേരിക്ക ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ലിബിയയില്‍മാത്രം പ്രക്ഷോഭകര്‍ക്കൊപ്പം നിലകൊണ്ട് അതിന്റെ മറവില്‍ മറ്റിടങ്ങളിലെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനെ പിന്തുണയ്ക്കുന്നത്. ജനാധിപത്യ സംരക്ഷണമല്ല മറിച്ച് സ്വന്തം താല്‍പ്പര്യങ്ങളാണ് പ്രമുഖമെന്നര്‍ഥം. അത് ഇറാഖിലെ പോലെതന്നെ എണ്ണ താല്‍പ്പര്യമാണ്. 'ട്രൂമാന്‍ സിദ്ധാന്തത്തിന്റെ' ബാക്കിപത്രംകൂടിയാണിത്.

1953ല്‍ ഇറാനെതിരെ ആക്രമണം നടത്തിയ വേളയില്‍ അമേരിക്കന്‍ നയതന്ത്രജ്ഞനായ ജോര്‍ജ് ഫ്രോസ്‌റ്റ് കെന്നാന്‍ പറഞ്ഞത് എണ്ണപ്പാടങ്ങള്‍ കൈവശമായാല്‍ ഇറാന്റെ ബാക്കിഭാഗത്ത് ആരുഭരിച്ചാലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നാണ്. 'പോളിസി ഓഫ് കണ്ടെയ്ന്‍മെന്റിന്റെ' ഉപജ്ഞാതാവ് കൂടിയാണ് കെന്നാന്‍. സ്വതന്ത്ര ജനതയ്ക്ക് അവരുടെ ഭാഗധേയം നിര്‍ണയിക്കാന്‍ അവസരമൊരുക്കുക എന്ന സിദ്ധാന്തത്തിന്റെ മറവില്‍ ലോകമെങ്ങുമുള്ള സോഷ്യലിസ്‌റ്റ് - ജനാധിപത്യവിരുദ്ധ പോരാട്ടങ്ങളെ തകര്‍ക്കുക എന്നതാണ് ട്രൂമാന്‍ സിദ്ധാന്തത്തിന്റെ അന്തഃസത്ത. അതിപ്പോഴും തുടരുകയാണെന്നര്‍ഥം. ലിബിയയില്‍ അമേരിക്ക നടപ്പാക്കുന്നത് ഏറെക്കുറെ ഈ സിദ്ധാന്തംതന്നെയാണ്.

ലിബിയയുടെ തെക്കുഭാഗത്തുള്ള വിമതരെയാണ് അമേരിക്കയും ഫ്രാന്‍സും മറ്റ് സഖ്യരാജ്യങ്ങളും ഇപ്പോള്‍ പിന്തുണയ്ക്കുന്നത്. 1969 ലാണ് ഗദ്ദാഫി ലിബിയയുടെ അധികാരം പിടിച്ചെടുക്കുന്നത്. ഇദ്രിസ് രാജാവിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തതുമുതല്‍ തെക്കന്‍ ലിബിയയിലെ ഭൂരിപക്ഷ ഗോത്രമായ സെനൌസി ക്വാദഫ ഗദ്ദാഫിക്കെതിരായിരുന്നു. അതുകൊണ്ടുതന്നെ എണ്ണ സമ്പന്നമായ തെക്കന്‍ ലിബിയയില്‍ ഗദ്ദാഫിക്ക് സമ്പൂര്‍ണ അധികാരം സ്ഥാപിക്കാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. തെക്കന്‍ ലിബിയയിലെ ഏറ്റവും വലിയ നഗരമായ ബെന്‍ഗാസിയില്‍നിന്ന് ഉയരുന്ന ചുകപ്പും കറുപ്പും പച്ചയും ചേര്‍ന്ന വിമതരുടെ കൊടി ഇദ്രിസിന്റെ കൊടിയാണെന്ന് പ്രസിദ്ധ പത്രപ്രവര്‍ത്തകനായ റോബര്‍ട്ട് ഫിസ്ക് പറയുന്നതും ഇതുകൊണ്ടാണ്. ഗദ്ദാഫിയെ പുറത്താക്കുക. അതിന് കഴിയില്ലെങ്കില്‍ എണ്ണസമ്പന്നമായ തെക്കന്‍ ലിബിയയെ പ്രത്യേക ഭരണപ്രദേശമാക്കുക. അതാണ് അമേരിക്കയുടെ ലക്ഷ്യം. ഈ വിമതരെ ആയുധമണിയിച്ച് തെക്കന്‍ ലിബിയയെ ഗദ്ദാഫിയുടെ ലിബിയയില്‍നിന്ന് അടര്‍ത്തിയെടുക്കുകയെന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ തന്ത്രം. ഇറാഖില്‍ പയറ്റിയ അതേ അടവ്. കുര്‍ദിസ്ഥാന്‍പോലെ ലിബിയയില്‍ ഒരു സെനൌസിസ്ഥാന്‍ രൂപീകരിക്കുക.

രണ്ട് ദശാബ്ദമായി അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വഴങ്ങി നില്‍ക്കുന്ന ഗദ്ദാഫി വീണ്ടും സാമ്രാജ്യത്വത്തിനെതിരെ വാചികമായെങ്കിലും തിരിഞ്ഞിരിക്കുകയാണ്. അമേരിക്കന്‍ വിരുദ്ധ മുഖമണിഞ്ഞാണ് ഗദ്ദാഫി ഭരണത്തിന്റെ ആദ്യത്തെ ഇരുപത് വര്‍ഷത്തോളം നിലകൊണ്ടത്. അധികാരമേറിയ ഉടനെ ഗദ്ദാഫി എണ്ണക്കിണറുകള്‍ ദേശസാല്‍ക്കരിച്ചു. ഒപെക് എന്ന സംഘടന രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ച ഗദ്ദാഫി അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി. 1986ല്‍ അമേരിക്കന്‍ സൈന്യം ഗദ്ദാഫിയുടെ വീടിനുനേരെ ആക്രമണം നടത്തുകയും അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകള്‍ കൊല്ലപ്പെടുകയുംചെയ്ത സാഹചര്യത്തിലാണ് ഗദ്ദാഫിക്ക് കടുത്ത അമേരിക്കന്‍ വിരുദ്ധമുഖം ലഭിച്ചത്. എന്നാല്‍ 1990 കളോടുകൂടി അമേരിക്കതന്നെ മുന്നോട്ടുവച്ച നവലിബറല്‍ നയങ്ങളുടെ ആരാധകനും പ്രയോക്താവുമായി ഗദ്ദാഫി മാറി. വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണത്തിനും തുടക്കമിട്ടു. ഇതിന്റെ തുടര്‍ച്ചയെന്നോണം രാഷ്ട്രീയമായി അമേരിക്കയുടെ കൂടെ നില്‍ക്കാനും ഗദ്ദാഫി തയ്യാറായി. അമേരിക്കക്കെതിരെ ഭീകരാക്രമണം നടന്ന വേളയില്‍ അവര്‍ ആരംഭിച്ച ഭീകരക്കെതിരെയുള്ള യുദ്ധത്തില്‍ ഗദ്ദാഫിയും പങ്കാളിയായി. എന്നിട്ടും അമേരിക്കന്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഗദ്ദാഫിക്ക് കഴിഞ്ഞില്ല. കാരണം അമേരിക്കയ്ക്ക് പ്രധാനം അവരുടെ താല്‍പ്പര്യമാണ്. ആ താല്‍പ്പര്യം എണ്ണയാണ്. അതാണ് ഗദ്ദാഫിക്കെതിരെ തുടരുന്ന ബോംബാക്രമണത്തില്‍ തെളിയുന്നത്.

*****

വി ബി പരമേശ്വരന്‍, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...