Thursday, March 3, 2011

മുസ്ളിം ഭാര്യയ്ക്ക് ഗ്രാറ്റുവിറ്റി നിഷേധിക്കാമോ?

ഗ്രാറ്റുവിറ്റിക്ക് മതമുണ്ടോ? ഹിന്ദുവായ ജീവനക്കാരന്‍ മരിച്ചാല്‍ ഗ്രാറ്റുവിറ്റിക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്. മരിച്ച ജീവനക്കാരന്‍ മുസ്ളീമാണെങ്കിലോ? മതേതര ഇന്ത്യയില്‍ അപ്രസക്തമെന്നു തോന്നാവുന്ന ചോദ്യം എന്നാല്‍ കേരളത്തിന്റെ സര്‍വീസ് ചട്ടങ്ങളില്‍ (കെഎസ്ആര്‍) ഭര്‍ത്താവിന്റെ ഗ്രാറ്റുവിറ്റി മുസ്ളിംസ്‌ത്രീക്ക് നിഷേധിക്കുന്ന വ്യവസ്ഥ അടുത്തിടെവരെ നിലനിന്നു. 2010 മെയ് 18ലെ വിധിയിലൂടെയാണ് ഈ വ്യവസ്ഥ കേരള ഹൈക്കോടതി റദ്ദാക്കിയത്.

കെഎസ്ഇബി ജീവനക്കാരനായിരിക്കെ മരിച്ച ടി കെ മന്‍സൂറിന്റെ ഗ്രാറ്റുവിറ്റിയാണ് കോടതിയിലെത്തിയത്. മന്‍സൂറിന് ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളുമാണുള്ളത്. മന്‍സൂറിന്റെ ഗ്രാറ്റുവിറ്റിക്ക് അര്‍ഹത കുട്ടികള്‍ക്കുണ്ട്. അവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ആ വിഹിതം അമ്മയ്ക്കാണ് ലഭിക്കേണ്ടത്. പക്ഷേ കെഎസ്ആറിലെ മൂന്നാംഭാഗത്തിലെ 118-ാം ചട്ടത്തില്‍ പറയുന്നതിങ്ങനെ: 'മരിച്ച രക്ഷിതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഗ്രാറ്റുവിറ്റി വിഹിതത്തിന് ജീവിച്ചിരിക്കുന്ന രക്ഷിതാവിനാണ് അര്‍ഹത. എന്നാല്‍ രക്ഷിതാവ് മുസ്ളിംസ്‌ത്രീയാണെങ്കില്‍ ആ തുക ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നയാള്‍ക്കാണ് നല്‍കുക'. അതായത് അമ്മ മുസ്ളിമാണെങ്കില്‍ കുട്ടികള്‍ക്കുള്ള വിഹിതം വാങ്ങാനാവില്ലെന്ന് വ്യക്തം. വിചിത്രമായ ഈ വിവേചനവ്യവസ്ഥയാണ് കോടതിയുടെ മുന്നിലെത്തിയത്.

മുഹമ്മദന്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കെഎസ്ആറിലെ ചട്ടങ്ങള്‍ രൂപപ്പെടുത്തിയപ്പോഴാണ് മുസ്ളിം സ്‌ത്രീയ്ക്ക് അവകാശം നിഷേധിക്കപ്പെട്ടത്. മുഹമ്മദന്‍ നിയമപ്രകാരം കുട്ടികളുടെ അവകാശി അച്ഛനാണ്. അച്ഛന്‍ മരിച്ചാല്‍ അച്ഛന്റെ അച്ഛന്‍. അല്ലെങ്കില്‍ അച്ഛന്റെ മരണപത്രത്തില്‍ നിയോഗിക്കപ്പെടുന്നയാളാണ് കുട്ടിയുടെ രക്ഷിതാവ്. മുഹമ്മദന്‍ നിയമത്തിലെ ഈ വ്യവസ്ഥ സര്‍വീസ് ചട്ടങ്ങളിലേക്ക് യാന്ത്രികമായി കടന്നുവന്നു.

വളരെ വിശദമായ വിധിന്യായത്തിലൂടെയാണ് ജ. തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ കെഎസ്ആറിലെ ആ വ്യവസ്ഥ റദ്ദാക്കിയത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് സംസ്ഥാനത്തിന്റെ മതനിരപേക്ഷ ഖജനാവില്‍ നിന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗ്രാറ്റുവിറ്റിയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇങ്ങനെ ഗ്രാറ്റുവിറ്റി അനുവദിക്കുമ്പോള്‍ മതത്തിന്റെയോ ജാതിയുടേയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ വിവേചനം പാടില്ല. സംസ്ഥാന ജീവനക്കാരെ അത്തരത്തില്‍ കള്ളിതിരിക്കാനുമാവില്ല. ഗ്രാറ്റുവിറ്റിപോലുള്ള ഒരു ആനുകൂല്യം സംബന്ധിച്ച വ്യവസ്ഥയില്‍ മതത്തെപ്പറ്റി പരാമര്‍ശം തന്നെ വന്നുകൂടാത്തതാണ് - കോടതി ചൂണ്ടിക്കാട്ടി.

ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുള്ള ജീവനക്കാരന്‍ മരിച്ചാല്‍ അവകാശികളെ നിര്‍ണയിക്കേണ്ടത് ജാതിയും മതവും നോക്കിയല്ല. അവകാശി പദവി (Heirship) നോക്കിയാണ്. അതിനുള്ള വ്യവസ്ഥകളാണ് പരിഗണിക്കേണ്ടത്. സ്‌ത്രീകളെ ലിംഗപരമായി വേര്‍തിരിച്ചുകാണുന്നത് സ്‌ത്രീ എന്ന നിലയില്‍ അവര്‍ നേരിട്ട എന്തെങ്കിലും സാമ്പത്തിക പരാധീനത പരിഹരിക്കാനോ തുല്യ തൊഴിലവകാശം ലഭ്യമാക്കാനോ ആയിരിക്കണം. അല്ലാതെ സ്‌ത്രീകളെ നിയമപരമായോസാമൂഹ്യമായോ സാമ്പത്തികമായോ താഴ്ന്ന പദവിയില്‍ നിലനിര്‍ത്താന്‍ വേണ്ടിയാകരുതെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം ജ. തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള വിവേചനം ഇന്ത്യന്‍ ഭരണഘടന 14-ാം അനുഛേദത്തിലൂടെ ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധവുമാണ് - കോടതി വ്യക്തമാക്കി.

സര്‍ക്കാരിന് സ്‌ത്രീകള്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍ രൂപപ്പെടുത്താന്‍ അധികാരമുണ്ട്. അതുപക്ഷേ അവര്‍ക്ക് അനുകൂലമായിട്ടാകണം; മറിച്ചാകരുത്. വ്യക്തിനിയമത്തിലെ വ്യവസ്ഥകളനുസരിച്ച് രൂപപ്പെടുത്തി എന്ന ഒരു ന്യായം മാത്രമേ ഗ്രാറ്റുവിറ്റി കാര്യത്തില്‍ മുസ്ളിം സ്‌ത്രീയോട് കാട്ടുന്ന വിവേചനത്തിന് ന്യായീകരണമായി പറയുന്നുള്ളു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വളര്‍ത്താന്‍ മുസ്ളിമായ അമ്മയ്ക്ക് എന്തെങ്കിലും പ്രാപ്തിക്കുറവുണ്ടെന്ന് ചട്ടം പറയുന്നില്ല- കോടതി ചൂണ്ടിക്കാട്ടി. സ്‌ത്രീകള്‍ക്കെതിരായ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള രാജ്യമാണ് ഇന്ത്യയെന്നും കോടതി ഓര്‍മിപ്പിക്കുന്നു.

1979ലെ സ്‌ത്രീവിവേചനവിരുദ്ധ കൺവന്‍ഷന്റെ പ്രഖ്യാപനം അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. എല്ലാ നിയമങ്ങളിലും വ്യവസ്ഥകളിലും ചട്ടങ്ങളിലും കീഴ്വഴക്കങ്ങളിലും നിലനില്‍ക്കുന്ന സ്‌ത്രീവിരുദ്ധത നീക്കാന്‍ സര്‍ക്കാരുകള്‍ക്ക് ചുമതലയുണ്ട്. ഈ സാഹചര്യത്തില്‍, ഗ്രാറ്റുവിറ്റി നല്‍കാനായി മുസ്ളിംവിധവകള്‍ക്ക് ഒരു നിയമവും മറ്റുളള സ്‌ത്രീകള്‍ക്ക് മറ്റൊരു നിയമവും എന്നത് ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശ നിഷേധവുമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളുടെ ലംഘനവുമാണ്. അതുകൊണ്ട് ഈ വ്യവസ്ഥ റദ്ദാക്കുകയാണ്. കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഗ്രാറ്റുവിറ്റി വിഹിതം ഭാര്യ ഹസീനയ്ക്ക് നല്‍കാന്‍ നടപടിയുണ്ടാകണം. കോടതിച്ചെലവും നല്‍കണം - വിധിയില്‍ പറഞ്ഞു.

*****

അഡ്വ. കെ ആര്‍ ദീപ, കടപ്പാട് : ദേശാഭിമാനി സ്‌ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗ്രാറ്റുവിറ്റിക്ക് മതമുണ്ടോ? ഹിന്ദുവായ ജീവനക്കാരന്‍ മരിച്ചാല്‍ ഗ്രാറ്റുവിറ്റിക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്. മരിച്ച ജീവനക്കാരന്‍ മുസ്ളീമാണെങ്കിലോ? മതേതര ഇന്ത്യയില്‍ അപ്രസക്തമെന്നു തോന്നാവുന്ന ചോദ്യം എന്നാല്‍ കേരളത്തിന്റെ സര്‍വീസ് ചട്ടങ്ങളില്‍ (കെഎസ്ആര്‍) ഭര്‍ത്താവിന്റെ ഗ്രാറ്റുവിറ്റി മുസ്ളിംസ്‌ത്രീക്ക് നിഷേധിക്കുന്ന വ്യവസ്ഥ അടുത്തിടെവരെ നിലനിന്നു. 2010 മെയ് 18ലെ വിധിയിലൂടെയാണ് ഈ വ്യവസ്ഥ കേരള ഹൈക്കോടതി റദ്ദാക്കിയത്.