Tuesday, March 31, 2009

നിര്‍വികാരത ഭഞ്ജിച്ച നെടുവീര്‍പ്പ്

കടമ്മനിട്ട രാമകൃഷ്ണന്റെ കവിതാലാപനത്തിന്റെ ശക്തിയും തീവ്രതയും ആദ്യമായി ഞാനനുഭവിച്ചറിഞ്ഞത് അടിയന്തരാവസ്ഥയിലെ ആ ഇരുണ്ട നാളുകളിലൊന്നിലാണ്. കാലം 1976. ഞാനന്ന് കോഴിക്കോട് സര്‍വകലാശാലാ ക്യാമ്പസില്‍ ഒന്നാംവര്‍ഷ എംഎ വിദ്യാര്‍ഥി. അടിയന്തരാവസ്ഥയുടെ നിര്‍വികാരതയെയും നിശ്ശബ്ദതയെയും ഭേദിക്കാന്‍ ക്യാമ്പസില്‍ സര്‍ഗാത്മകമായി എന്തെങ്കിലു ചെയ്യണമെന്ന് മെന്‍സ് ഹോസ്റ്റലിന്റെ (ന്യൂബ്ളോക്ക്) ടെറസില്‍ ഒരു രാത്രി യോഗത്തില്‍ ഞങ്ങള്‍ ചില അന്തേവാസികള്‍ തീരുമാനിച്ചു. ഇംഗ്ളീഷ് വിഭാഗം ഗവേഷണവിദ്യാര്‍ഥികളായിരുന്ന ടി കെ രാമചന്ദ്രന്‍, പി പി രവീന്ദ്രന്‍, രാമചന്ദ്രന്‍ മൊകേരി, ഹിന്ദി ഗവേഷണവിദ്യാര്‍ഥി പി കെ വേണു, മലയാളവിഭാഗം എം എന്‍ കാരശ്ശേരി, അറബി വിഭാഗം മുഹമ്മദ്, പിന്നെ ഞാനും- ഇത്രയും പേര്‍ ചേര്‍ന്ന് 'നാട്ടുകൂട്ടം' എന്ന പേരില്‍ ഒരു അനൌപചാരിക സാംസ്കാരിക-സാഹിത്യസംഘടന രൂപീകരിച്ചു.

ഒരു 'കവിയരങ്ങ്' നടത്തി അന്നത്തെ ക്യാമ്പസ് സാംസ്‌ക്കാരിക നിശ്ചലതയില്‍ ചെറുതെങ്കിലും ഒരു ചലനം സൃഷ്‌ടിക്കുക എന്നതായിരുന്നു 'നാട്ടുകൂട്ട'ത്തിന്റെ എളിയ ലക്ഷ്യം. കടമ്മനിട്ട രാമകൃഷ്ണന്‍, ആറ്റൂര്‍ രവിവര്‍മ, കെ ജി ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, കക്കാട്, കുഞ്ഞുണ്ണിമാഷ് - എന്നീ കവികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് പോസ്റ്റല്‍ ഓഡിറ്റ് ഓഫീസിലായിരുന്നു അന്ന് കടമ്മനിട്ട. ഞാനും രാമചന്ദ്രന്‍ മൊകേരിയും കൂടിയാണ് കടമ്മനിട്ടയെ ക്ഷണിക്കാന്‍ പോയത്.

തൃശൂരിലെ പി കെ എ റഹീമിന്റെ ബെസ്റ്റ് പ്രിന്റേഴ്‌സില്‍വച്ച് നേരത്തെ കടമ്മനിട്ടയെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട് - 1974ല്‍. തൃശൂരില്‍ നടന്ന 'കേരളകവിത'യുടെ പ്രകാശനച്ചടങ്ങില്‍ കടമ്മനിട്ട പങ്കെടുക്കാന്‍ വന്നപ്പോള്‍. അതിന്റെ ബലത്തില്‍ കോഴിക്കോട് പോസ്റ്റല്‍ ഓഡിറ്റ് ഓഫീസിലേക്ക് ഞാന്‍ കടന്നുചെന്നു. ചിരപരിചിതനെപ്പോലെ കടമ്മനിട്ട എന്നെ സ്വീകരിച്ചിരുത്തി. കുശലങ്ങള്‍ ചോദിച്ചു. 'കവിയരങ്ങി'ന് യൂണിവേഴ്‌സിറ്റിയില്‍ വരാമെന്നു സമ്മതിച്ചു.

1976 ഫെബ്രുവരിയിലെ ഒരു ഞായറാഴ്‌ച. അന്നായിരുന്നു യൂണിവേഴ്‌സിറ്റി ലൈബ്രറി ഹാളില്‍വച്ച് 'നാട്ടുകൂട്ട'ത്തിന്റെ ആഭിമുഖ്യത്തില്‍ കവിയരങ്ങ് നടന്നത്. വിദ്യാര്‍ഥികളും അധ്യാപകരും യൂണിവേഴ്‌സിറ്റി ജീവനക്കാരും തേഞ്ഞിപ്പലത്തെ സഹൃദയരായ നാട്ടുകാരും തിങ്ങിനിറഞ്ഞ വലിയ സദസ്സ്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ അത്തരമൊരു കവിസമ്മേളനം ആദ്യമായാണ് നടക്കുന്നത്. ആറ്റൂരും കെ ജി എസും കടമ്മനിട്ടയും സച്ചിദാനന്ദനും കോഴിക്കോട് സര്‍വകലാശാല ക്യാമ്പസില്‍ ആദ്യമായി കവിത വായിക്കുന്നതും അന്നാണ്. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന കവിതാവായനയും കാവ്യചര്‍ച്ചയും. ഇന്നത്തെപ്പോലെ കവികള്‍ക്കു ടിഎ / ഡിഎ ഒന്നുമില്ല. എല്ലാവരും സ്വന്തംചെലവില്‍ വന്നു. ആറ്റൂരും കെ ജി എസും തൃശൂരില്‍നിന്ന് പ്രൈവറ്റ് ബസില്‍ വന്നിറങ്ങി. കടമ്മനിട്ട കോഴിക്കോട്ടുനിന്ന്. കക്കാടും കുഞ്ഞുണ്ണിമാഷും അതേപോലെതന്നെ. മലപ്പുറത്തുനിന്ന് ബി രാജീവന്‍ സാവിത്രി രാജീവനുമൊന്നിച്ച് വന്നതായി ഓര്‍ക്കുന്നു. എം ഗംഗാധരന്‍ പരപ്പനങ്ങാടിയില്‍നിന്നും.

ആറ്റൂരാണ് 'കവിയരങ്ങി'ല്‍ ആദ്യം കവിത വായിച്ചത്. 'സംക്രമണ'വും 'പിറവി'യും ആണെന്നാണോര്‍മ. കെ ജി എസ് ഗൌളിവാലും നിശ്ശബ്‌ദതയും വായിച്ചു. കക്കാട് 'വഴിവെട്ടുന്നവരോട്' വായിച്ചു. തുടര്‍ന്നാണ് കടമ്മനിട്ട 'ശാന്ത' ചൊല്ലിയത്.

ശാന്തേ,
കുളി കഴിഞ്ഞീറന്‍ പകര്‍ന്ന്
വാര്‍കൂന്തല്‍ കോതി വകഞ്ഞു പുറകോട്ടു വാരിയിട്ട്
ആ വളക്കൈയുകള്‍ മെല്ലെയിളക്കി...

എന്നു തുടങ്ങി.

'വിസ്മയംപോലെ ലഭിക്കും നിമിഷത്തി-
നര്‍ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം'

എന്നവസാനിക്കുന്ന ആദ്യത്തെ പദ്യഖണ്ഡംതന്നെ സദസ്സിനെ അക്ഷരാര്‍ഥത്തില്‍ പിടിച്ചിരുത്തി. 'കാകളി' വൃത്തച്ഛായയില്‍ എഴുതപ്പെട്ട ആദ്യവരികളുടെ മാസ്‌മരികമായ ഈണത്തില്‍ സദസ്സ് മതിമറന്നിരിക്കുമ്പോഴാണ് തുടര്‍ന്നുള്ള പരുക്കന്‍ 'ഗദ്യവരി'കള്‍ കടമ്മനിട്ട ചൊല്ലിയത്.

'നീറിപ്പുകയുന്ന പച്ചവിറകുകള്‍ കത്തിക്കാൻ അടുപ്പിന്നരുകില്‍ മുട്ടുകുത്തിക്കിടന്നൂതിയൂതി' കണ്‍പോളകള്‍ വീര്‍ത്ത ശാന്തയുടെ യഥാര്‍ഥചിത്രം. സങ്കല്‍പ്പം ആവിഷ്‌ക്കരിക്കാന്‍ പദ്യവും യാഥാര്‍ഥ്യം ആവിഷ്‌ക്കരിക്കാന്‍ ഗദ്യവും എത്ര സമര്‍ഥമായാണ് കടമ്മനിട്ട 'ശാന്ത'യില്‍ പരീക്ഷിച്ചിരിക്കുന്നത് എന്ന് അന്നേ കാവ്യാസ്വാദകര്‍ തിരിച്ചറിഞ്ഞു. ഗദ്യ-പദ്യ മിശ്രണത്തിന്റേതായ സ്വാഭാവികതയാര്‍ന്ന ഒരു 'പരീക്ഷണം' മലയാളകവിതയില്‍ അത് ആദ്യമായിരുന്നു.

'ഒരു കറുത്ത തുണിപോലെ നിര്‍വികാരത ഈ ഗ്രാമത്തെ പൊതിഞ്ഞിരിക്കുന്നു' എന്ന വരികളില്‍ അന്നത്തെ ഇന്ത്യന്‍ അവസ്ഥയെ കേള്‍വിക്കാര്‍ തൊട്ടറിഞ്ഞു. 'ഒരു നെടുവീര്‍പ്പെങ്കിലുമയച്ച് ഈ നിര്‍വികാരത ഭഞ്ജിക്കാന്‍' ചെറുപ്പക്കാര്‍ക്ക് ആ കവിത കരുത്തുപകര്‍ന്നു. മൌനത്തിന്റെ കരിന്തോടുപൊട്ടിച്ചു പുറത്തിറങ്ങാനും നിര്‍വികാരതയെ നിഷേധിക്കാനും ചിലര്‍ക്കെങ്കിലും 'ശാന്ത' പിന്നീട് പ്രചോദനമായിട്ടുണ്ടാകാം. അടിയന്തരാവസ്ഥാനന്തരം പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റേതുമായ പുതിയൊരു കാവ്യശാസ്‌ത്രം മലയാളത്തില്‍ രൂപപ്പെടാന്‍ തുടങ്ങി. അതിന് ഊര്‍ജം പകര്‍ന്ന കവിതകളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും കടമ്മനിട്ടയുടെ 'ശാന്ത'യ്ക്ക് വലിയൊരു പങ്കുണ്ടെന്ന് ഞാന്‍ കരുതുന്നു.

1975ല്‍ എഴുതി പൂര്‍ത്തിയാക്കിയ 'ശാന്ത' തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും സ്വകാര്യസദസ്സുകളിലും ലോഡ്‌ജുകളിലും ഗൃഹാങ്കണങ്ങളിലും കടമ്മനിട്ട പാടിപ്പൊലിപ്പിച്ചിട്ടുണ്ടാവാം, ഇതിനുമുമ്പ്. എന്നാല്‍, അടിയന്തരാവസ്ഥ വന്നതോടെ കേരളത്തില്‍ പൊതുവേദികളും പൊതുസദസ്സുകളും ചുരുങ്ങിവരികയായിരുന്നു. അത്തരമൊരു സാംസ്‌ക്കാരിക-രാഷ്‌ട്രീയ സന്ദര്‍ഭത്തിലാണ് ഞങ്ങള്‍ കോഴിക്കോട് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച 'നാട്ടുകൂട്ടം' കവിയരങ്ങില്‍ 'ശാന്ത' ആലപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കാലത്ത് വലിയൊരു സദസ്സിനു മുന്നില്‍ 'ശാന്ത' ആദ്യമായി അവതരിപ്പിക്കപ്പെട്ടത് അന്നാണെന്നു തോന്നുന്നു. അതിനുശേഷമാണ് 1976 അവസാനം കവിത 'കലാകൌമുദി' വാരികയില്‍ അച്ചടിച്ചുവരുന്നത്. തുടര്‍ന്ന് 'ശാന്ത' മലയാളകവിതാസാഹിത്യചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. 'അറ്റുപോയ തലയ്ക്കു നേരെയിഴയുന്ന ജഡംപോലെ അസ്തമിക്കുന്ന സന്ധ്യ' എന്ന ഒറ്റവരി കാവ്യബിംബംമാത്രം മതി ഈ കവിതയെ അനശ്വരമാക്കാന്‍.

അടിയന്തരാവസ്ഥയില്‍ മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും നല്ല കവിത, ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍, 'ശാന്ത'തന്നെ തീര്‍ച്ചയായും. ആ ഇരുണ്ട നാളുകളോട് പ്രതിഷേധിക്കാന്‍ വൈലോപ്പിള്ളിയും കക്കാടും സച്ചിദാനന്ദനും അയ്യപ്പപ്പണിക്കരും പുനലൂര്‍ ബാലനും കവിതകളെഴുതിയിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷേ, ആ 'കാലത്ത് ' മാത്രം പ്രസക്തമായ കവിതകളാണവ. എന്നാല്‍, കടമ്മനിട്ടയുടെ 'ശാന്ത' അതിന്റെ അനുഭവാത്മകമായ യാഥാര്‍ഥ്യംകൊണ്ട് ഇന്നും പ്രസക്തമാണ്. ശക്തമാണ്. മറ്റുള്ളവര്‍ ആശയങ്ങള്‍കൊണ്ടാണ് ആ കാലത്തെ ആവിഷ്‌ക്കരിച്ചതെങ്കില്‍ കടമ്മനിട്ട അനുഭവങ്ങള്‍കൊണ്ടാണ് കാലത്തെ കവിതയില്‍ നേരിട്ടത്. നഗരത്തില്‍നിന്നു നാട്ടിലേക്കുവരുന്ന കവിയും കടമ്മനിട്ട എന്ന ഗ്രാമവും അവിടത്തെ വീടും ഭാര്യ ശാന്തയും കുട്ടികളും അടങ്ങുന്ന അനുഭവയാഥാര്‍ഥ്യമാണ് ആ കവിതയെ രൂപപ്പെടുത്തിയത്. ആഗോളീകരണത്തിന്റെ കാണാത്ത ചങ്ങലക്കണ്ണികള്‍ മലയാളിജീവിതത്തെ ഞെരിച്ചമര്‍ത്തുമ്പോള്‍ 'ശാന്ത'യിലെ വരികള്‍ ഓര്‍ത്തുപോകുന്നു - 'ഒരു നെടുവീര്‍പ്പെങ്കിലുമയച്ച് ഈ കാല്‍ച്ചങ്ങല നമുക്ക് പൊട്ടിക്കാം.'***
ഹിരണ്യൻ, കടപ്പാട് : ദേശാഭിമാനി


6 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ന് കടമ്മനിട്ടയുടെ ഒന്നാം ചരമ വാർഷികമാണ്

ജനശക്തി said...

സമയോചിതമായ പോസ്റ്റ്.

simy nazareth said...

നന്ദി മാഷേ, നല്ല ലേഖനം.. കവിത കേള്‍ക്കട്ടെ.

*free* views said...

on an unrelated topic, I think you should make the comments non-anonymous. With the recent cases against bloggers, it is always better to play safe.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കടമ്മനിട്ടയെ അനുസ്മരിക്കുക വഴി വലിയൊരു കാര്യമാണ് വര്‍ക്കേഴ്സ് ഫോറം ചെയ്തിരിക്കുന്നത്.

കടമ്മനിട്ടക്കവിതയുടെ ശക്തിയും സൌന്ദര്യവുമെല്ലാം ശാന്തയിലുണ്ട്. കവിതയില്‍ നിന്നകന്നു പോയ്ക്കൊണ്ടിരുന്ന ജനതയെ തിരിച്ചു കൊണ്ടുവരാന്‍ കടമ്മനിട്ടയ്ക്കു കഴിഞ്ഞു എന്നതു തന്നെ അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

ശാന്ത, കുറത്തി, കാട്ടാളന്‍, ദേവീസ്തവം, കോഴി, കിരാതവൃത്തം,ചാക്കാല ... അങ്ങിനെ എത്രയെത്ര കവിതകള്‍.

ഈറ്റപ്പുലി നോറ്റുകിടക്കും
ഈറന്‍ കണ്ണു തുറന്നും
കരിമൂര്‍ഖന്‍ വാലില്‍ കിളരും
പുരികം പാതി വളച്ചും
നീറായ വനത്തിന്‍ നടുവില്‍
നില്പൂ കാട്ടാളന്‍...
നെഞത്തൊരു പന്തം കുത്തി
നില്പൂ കാട്ടാളന്‍...

ഒരേ കാര്യം തന്നെ പല സ്വരങ്ങളില്‍ ഏറ്റു പറഞ്ഞ് ബോറടിപ്പിക്കുന്ന ബൂലോകത്ത് മലയാളത്തിന്റെ ഈ കവിയെപ്പറ്റി വേറെ അനുസ്മരണങ്ങളൊന്നും കണ്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.

[ nardnahc hsemus ] said...

ഡസ്കില്‍ താളം പിടിച്ച് മകനോട് എന്ന കവിത കടമ്മനിട്ട സാറ് ചൊല്ലുന്നത് കൈയ്യെത്തും ദൂരത്തിരുന്ന് കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അതുവരെ ഉണ്ടായിരുന്ന ബഹുമാനം ആ ദിവസത്തൊടെ പതിന്മടങ്ങായി!