Thursday, March 5, 2009

'ഹാര്‍ട്ട് അറ്റാക്ക് '

ഒരു മര്യാദയുമില്ലാതെ മരണചിന്തകള്‍ കയറിവന്ന ആ ശരത്കാല രാത്രിയില്‍ ഉതുപ്പാഞ്ചേട്ടന്‍ അന്നമ്മച്ചേടത്തിയെ ഗാഢം പുണര്‍ന്നു.

കാറ്റ് വീശി; കരിയിലകള്‍ പറന്നു.

പൂര്‍വകാല പുണരലുകളുടെ മൂര്‍ച്ചയില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണംപോലെ ആഘോഷിച്ച ഉതുപ്പാഞ്ചേട്ടന്‍ ഒരു വെറ്ററന്‍സ് മീറ്റിന്റെ അന്തരീക്ഷം ഒരുക്കി.

അപ്രതീക്ഷിതമായ ആഘാതത്തില്‍ അന്നമ്മച്ചേടത്തി താല്‍ക്കാലികമായി രോമാഞ്ചിതയായി. അമ്പതാണ്ടുകള്‍ക്കപ്പുറത്തേക്ക് മനസ്സ് ഒരു കള്ളവിസയില്‍ പറന്നു.

കൃത്യം പറഞ്ഞാല്‍ 51 വര്‍ഷം, മൂന്ന് മാസം, ഏഴു ദിവസം. അന്നാണ് അന്നമ്മച്ചേടത്തിയുടെ കഴുത്തില്‍ ഉതുപ്പാഞ്ചേട്ടന്‍ താലിവെച്ചത്.

അന്നമ്മച്ചേടത്തിക്ക് അന്ന് പ്രായം എട്ടും പൊട്ടും തിരിയാത്ത പതിനേഴ്. എട്ടും പൊട്ടും തിരിയാതെ തന്നെ ഏഴു പ്രസവം. ഒരുപ്പൂ കൃഷി. വര്‍ഷത്തിലൊന്ന്. കൃഷിഭവന്‍ ഉതുപ്പാഞ്ചേട്ടനെ പൊന്നാട ചാര്‍ത്തി. സബ്സിഡി നല്‍കി.

അന്നമ്മച്ചേടത്തിക്ക് അന്ന് ഉറക്കമില്ലാത്ത രാത്രികള്‍. മക്കള്‍ അസുഖവുമായി ഏകദിന ക്രിക്കറ്റ് കളിക്കുന്നു.

നമ്പര്‍ വണ്ണിന് കരപ്പന്‍.

നമ്പര്‍ ടൂവിന് തീക്കരപ്പന്‍.

നമ്പര്‍ ത്രീക്ക് എളക്കം.

നമ്പര്‍ ഫോറിന് ഛര്‍ദി.

നമ്പര്‍ ഫൈവിന് ചൊറി.

നമ്പര്‍ സിക്സിന് തവളച്ചൊറി.

നമ്പര്‍ സെവന് വലിവ്.

പക്ഷെ വിക്കറ്റ് പോവാതെ അന്നമ്മച്ചേടത്തി സുന്ദരമായി ബാറ്റ് ചെയ്തു.

ഒറ്റനിമിഷം.

അന്നമ്മച്ചേടത്തി ഓര്‍മകളുടെ കൊതുമ്പുവള്ളത്തില്‍ ഭൂതകാലത്തിന്റെ പമ്പയാറ് നീന്തി.

ഇപ്പോള്‍ മക്കളെല്ലാം ഒരു നിലയിലായി. എല്ലാവരുംവിദേശത്ത്.

ഓര്‍മകളില്‍നിന്ന് അന്നമ്മച്ചേടത്തി ഒരു ക്രാഷ് ലാന്‍ഡിങ് നടത്തി.

ഉതുപ്പാഞ്ചേട്ടന്‍ ആലിംഗനമെന്ന മട്ടില്‍ കൈകള്‍ പിണച്ച്വെച്ചിരിക്കുകയാണ്.

വാര്‍ധക്യത്തിന്റെ അനാഥത്വം പ്രിയഭര്‍ത്താവിനെ വേട്ടയാടുന്നുണ്ടാവും.

'കര്‍ത്താവേ... വേദപൊസ്തകം വായിച്ചാണല്ലൊ ഇതിയാന്‍ കെടന്നത്..എന്നിട്ടെന്നാ പറ്റീ..?'

ആത്മീയ ചിന്തകളില്‍നിന്ന് പതുക്കെപ്പതുക്കെ ഭൌതിക ചിന്തയിലേക്ക് എത്തി.

'ഇതുവരെ എല്ലാ ദെവസോം വേദപൊസ്തകം വായിച്ചാണല്ലൊ കെടന്നത്. എന്നിട്ടാണല്ലൊ ഞാന്‍ ഏഴെണ്ണത്തിനെ പെറ്റത്.'

അന്നമ്മച്ചേടത്തി ഒന്നുകൂടി ചേര്‍ന്ന് കിടന്നു.

ഉതുപ്പാഞ്ചേട്ടന്‍ വിയര്‍ക്കുന്നു.

'..യ്യോ..ഇതിയാനെന്നാ പറ്റീ..'

'..ഓ! ഒന്നൂല്ലടീ..'

'..ന്നാലും...ന്താ..ഒരു വെശര്‍പ്പ്..?'

'..ഒരു കാര്യം ആലോചിച്ച് വെശര്‍ത്ത് പോയതാ..'

'..എന്നാ..ആലോചിക്ക്യാ..'

'..എടിയേ..നിനക്കെത്ര വയസ്സായി...?'

'.. ഇതെന്നാ കൂത്താ..?. ഈ പച്ചപ്പാതിരക്ക് കെടന്ന് വയസ്സന്വേഷിക്കണത്..എനിക്കായേടത്തോളമൊക്കെയായി. ഇതിയാന്‍ കെടന്നൊറങ്ങ്..'

'..എന്റേടി പെണ്ണുമ്പിള്ളേ..നീയൊന്ന് പറയ്..'

'..ഓ..എനിക്കറിയാമ്മേല..'

' കള്ളം പറയരുത്...കര്‍ത്താവ് പൊറുക്കത്തില്ല..'

'പുതുപ്പള്ളിപ്പുണ്യാളനാണേ..എനിക്കറിയാമ്മേലേ..'

'..എന്നാ..നെനക്ക് അറുപത്തിയെട്ട്..'

'..ഓ! അത്രക്കൊന്നുമായില്ല...ഇതിയാന്‍ നൊണ പറയരുത്..അറുപത്തിയാറ്..'

'..കെട്ടാന്‍ നേരത്ത് എന്നോട് പറഞ്ഞ കണക്കനുസരിച്ചാണെങ്കി അറുപത്തിയെട്ട് തെകഞ്ഞു.'

'ഓ!.സമ്മതിച്ചു..'.

'..എനിക്കാ..?'

'ഇതിയാന് ഈ ധനു പതിനഞ്ചു വരുമ്പം എഴുപത്തിരണ്ട് തെകയും'

'..എടിയേ..അപ്പ നമുക്ക് മരിക്കേണ്ട സമയമായി...എനിക്കൊരു ചിന്ത. ആര് ആദ്യം മരിക്കണം?...ഞാനോ..?..നീയോ..?'

'..ഇതിയാനിതെന്നാ പറ്റീ..? നിങ്ങള് കെടന്ന് ഒറങ്ങാന്‍ നോക്ക്. കണ്ണടച്ച് കുരിശു വരച്ച് ആ 'സ്വര്‍ഗസ്ഥനായ പിതാവേ..' ഒന്ന് ചൊല്ല്.

'..ചൊല്ലാടി ചൊല്ലാം..എന്നാലും നീയൊന്ന് പറഞ്ഞേ...ആര് ആദ്യം മരിക്കണം. ഞാനോ..?..നീയോ..?'

'നമുക്ക് മരിക്കണ്ട.'

'അതിന് കര്‍ത്താവ് സമ്മതിക്കത്തില്ല. കര്‍ത്താവിന്റെ കണക്കു പൊസ്തകത്തീ പേരൊണ്ട്..അതനുസരിച്ച് പുള്ളിക്കാരന്‍ വിളിക്കും. അപ്പ നീ പറയ്..ആദ്യം ആര്?..നീയോ? ഞാനോ?.'

'കണക്ക് പൊസ്തകത്തീപ്പേരണ്ടൊല്ലാ..അപ്പ ഒടയതമ്പരാന്‍ അതനുസരിച്ച് വിളിച്ചോളും. നമ്മളെന്നാത്തിനാ അതിപ്പ ആലോചിക്കണെ..?'

'എടിയേ.. കര്‍ത്താവ് തമ്പുരാന്‍ എഴുതിയത് അവടെക്കിടക്കട്ടെ. അതെന്നാ വേണെങ്കിലും വരട്ടെ..എന്നാലും നിന്റെ ഉള്ളിലൊള്ളതൊന്ന് പറഞ്ഞേ..നീയോ..?..ഞാനോ..?'

അന്നാമ്മച്ചേടത്തി ആര്‍ദ്രയായി.

'..ഇതിയാന്‍ മരിച്ചാ പിന്നെ എനിക്കാരാ..?ഞാമ്പിന്നെ ജീവിച്ചിരിക്കത്തില്ല..'

'നീ മരിച്ചാ പിന്നെ ഞാന്‍ ജീവിച്ചിരിക്കോ..മിശിഹാതമ്പുരാനേ..അതൊരിക്കലും ഒണ്ടാവത്തില്ല..'

അന്നമ്മച്ചേടത്തിയുടെ കണ്ണില്‍ ഒരു ചാറ്റല്‍ മഴ. ഒന്നുകൂടി ചേര്‍ന്ന് കിടന്ന് അവര്‍ പറഞ്ഞു.

'..ന്നാ..നമ്മക്ക് ഒന്നിച്ച് മരിക്കാ..'

മേയ്ക്കാമോതിരം ആടുന്ന അന്നമ്മച്ചേടത്തിയുടെ ചെവിയില്‍ സ്നേഹപൂര്‍വം പിടിച്ച് ഉതുപ്പാഞ്ചേട്ടന്‍ പറഞ്ഞു.

'..എന്റേടി പെണ്ണുമ്പുള്ളേ..അത് നടക്കത്തില്ല..പിള്ളാരോടിക്കളിക്കണപോലെ വണ്ടൂത്രി പറഞ്ഞിട്ടാന്നോ കര്‍ത്താവ് കൊണ്ടുപോകുന്നേ..'

'..എന്നാ..ഞാനാദ്യം പോകാം..'

'നടക്കത്തില്ല..ഞാനാദ്യം..'

അന്നമ്മച്ചേടത്തിക്ക് കരച്ചില്‍ വന്നു.

ഉതുപ്പാഞ്ചേട്ടന്‍ തുടര്‍ന്നു.

'എടിയേ..നീ പോയാ..പിന്നെ എനിക്കാരാ കട്ടങ്കാപ്പി അനത്തിത്തരുന്നത്..? ആരാ പൊറത്തിത്തിരി എണ്ണ പൊരട്ടിത്തരുന്നത്...? ആരാ പുളിയിലയിട്ട് എന്റെ പാകത്തിനിത്തിരി വെള്ളഞ്ചൂടാക്കിത്തരുന്നത്..? കൊടമ്പുളീം മൊളകും ചേര്‍ത്ത് മീമ്പറ്റിച്ച് തരുന്നത്..?'

അന്നമ്മച്ചേടത്തി സമ്മതിച്ചില്ല.

'ഇതിയാന്‍ പോയാ ഇത്തിരി വെറ്റിലനാരു കളഞ്ഞുതരാന്‍ പിന്നെ ആരൊണ്ടാവും? മോളിലെ കൊമ്പീക്കെടക്കണ മൂവാണ്ടന്‍ മാങ്ങ പറിച്ചുതരാന്‍ പിന്നെ ആരൊണ്ടാവും? പെരുന്നാളിന് കറിവെക്കാന്‍ കോഴിയെ കൊന്നുതരാന്‍ ആരൊണ്ടാവും? വേണ്ട ഞാന്‍ പോയിട്ട് ഇതിയാന്‍ പിന്നാലെ വന്നാ മതി.'

ഉതുപ്പാഞ്ചേട്ടന്‍ വഴങ്ങിയില്ല.

സ്നേഹവും വാല്‍സല്യവും നിറഞ്ഞ ആ തര്‍ക്കം ദൃഢമായ ദാമ്പത്യവല്ലരിയില്‍ ചുറ്റിപ്പടരവെ ഇരുകക്ഷികളും ഉറങ്ങിപ്പോയി.

ഒരു ഞെരുക്കം കേട്ട് ഉതുപ്പാഞ്ചേട്ടന്‍ ഞെട്ടിയുണര്‍ന്നു.

അന്നാമ്മച്ചേടത്തിയാണ്.

'എടിയേ..'

ഉതുപ്പാഞ്ചേട്ടന്റെ ശബ്ദം പതറി.

'എടിയേ..എന്നാ പറ്റി..?'

അന്നാമ്മച്ചേടത്തി വേദനകൊണ്ട് ഉരുളുകയാണ്.

'എന്റെ നെഞ്ചിപ്പം പൊട്ടിപ്പോവേ..'

ഉതുപ്പാഞ്ചേട്ടന്‍ ഇത്തിരി ജീരകം വറത്തുപൊടിച്ച് വെള്ളം കൊടുത്തു.

വെള്ളം കുടിച്ച് രണ്ടുമൂന്ന് ഏമ്പക്കം പോയെങ്കിലും വേദനക്ക് കുറവുണ്ടായില്ല.

സംഭവമറിഞ്ഞ് അയല്‍ക്കാര്‍ എത്തി. ഗൌരവമായ ചര്‍ച്ച തുടങ്ങി.ചര്‍ച്ചകള്‍ക്കിടയിലും അന്നാമ്മച്ചേടത്തി വേദനകൊണ്ട് പുളഞ്ഞു.

ഒടുവില്‍ തീരുമാനമായി.

ആശുപത്രിയിലേക്കെടുക്കാം. കാറ് പാഞ്ഞു.

ഉതുപ്പാഞ്ചേട്ടന്റെ മടിയില്‍ അന്നമ്മച്ചേടത്തി കിടന്നു.

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. വിശദമായ പരിശോധനകള്‍ തുടങ്ങി.

പച്ചവെള്ളം കുടിക്കാതെ ഉതുപ്പാഞ്ചേട്ടന്‍ കാത്തിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഭക്ഷ്യപേയ വസ്തുക്കളുമായി ഉതുപ്പാഞ്ചേട്ടനെ സമീപിച്ചു. പക്ഷെ എല്ലാം നിഷ്ക്കരുണം നിരസിക്കപ്പെട്ടു.

അന്നമ്മച്ചേടത്തിയേക്കാള്‍ ഉതുപ്പാഞ്ചേട്ടനെ നോക്കി കാണികള്‍ സഹതപിച്ചു.

'ഇക്കാലത്തും, ഈ പ്രായത്തിലും ഇങ്ങനത്തെ മനുഷ്യരോ..?'ഇതായിരുന്നു സഹതാപകാരണം.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഉതുപ്പാഞ്ചേട്ടനെ ഡോക്ടര്‍ വിശദമായ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു.

ഡോക്ടര്‍ വിവരിച്ചു.

'നിങ്ങളുടെ ഭാര്യക്ക് ഹൃദയത്തിന് കാര്യമായ തകരാറുണ്ട്. പ്രായം ഇത്രയും ആയതിനാല്‍ ഓപ്പറേഷന്‍ സാധ്യമല്ല. വീട്ടില്‍ പരിപൂര്‍ണ റെസ്റ്റ് വേണം. ആയാസപ്പെട്ട ഒരു ജോലിയും ചെയ്യരുത്. അടുപ്പിലെ തീ പോലും ഊതരുത്. ധൃതിയില്‍ നടക്കുക പോലുമരുത്. കുനിയരുത്.

ഇതിനേക്കാളൊക്കെ പ്രധാനം മനസ്സിന്റെ നിലയാണ്. മനസ്സിന് ഒരു വിഷമവും തട്ടാന്‍ പാടില്ല. എപ്പോഴും സന്തോഷമായിരിക്കണം. ചെറിയ വേദനപോലും തട്ടരുത്.'

അന്നമ്മച്ചേടത്തിയെ ഡിസ്ചാര്‍ജ് ചെയ്തു. കാറില്‍ അന്നമ്മച്ചേടത്തി ഉതുപ്പാഞ്ചേട്ടന്റെ തോളില്‍ കിടന്നു. ഉതുപ്പാഞ്ചേട്ടന്‍ കവിളില്‍ തലോടി. അന്നമ്മച്ചേടത്തി ആ കൈകള്‍ കവിളിനോട് ചേര്‍ത്ത് പിടിച്ചു.

ഉതുപ്പാഞ്ചേട്ടനെ ആദ്യമായി കാണുന്നപോലെ ആര്‍ത്തിയോടെ നോക്കി. പതുക്കെ ചോദിച്ചു.

'ഡോക്ടറെന്നാ പറഞ്ഞെ..?'

'ഓ! എന്നാ പറയാനാ.. നിനക്കൊരു കൊഴപ്പോമില്ല. പിന്നെ നടക്കേം കുനിയേം ഒന്നും ചെയ്യരുതെന്ന് പറഞ്ഞു. മനസ്സ് എപ്പോഴും സന്തോഷമായിരിക്കണം. വേദന തട്ടുന്നതൊന്നും നീ അറിയരുത്.'

'അറിഞ്ഞാല്‍..?'

'അറിഞ്ഞാ..നിന്റെ ചങ്കിന് ബലക്കൊറവാ. അത് നിന്നുപോവും.'

പിന്നെ അന്നമ്മച്ചേടത്തി ഒന്നും ചോദിച്ചില്ല. ഉറങ്ങി.

വീട്ടിലെത്തിയപ്പോള്‍ അനങ്ങുന്നില്ല. എല്ലാവരും കൂടിയാണ് അന്നമ്മച്ചേടത്തിയെ ഇറക്കിയത്.

'..ഓ! പ്രത്യേകിച്ച് ഒന്നൂല്ലന്നേ.. അനങ്ങുന്നില്ല. അത്രേയുള്ളു..'

*****

എം എം പൌലോസ്

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു മര്യാദയുമില്ലാതെ മരണചിന്തകള്‍ കയറിവന്ന ആ ശരത്കാല രാത്രിയില്‍ ഉതുപ്പാഞ്ചേട്ടന്‍ അന്നമ്മച്ചേടത്തിയെ ഗാഢം പുണര്‍ന്നു.

കാറ്റ് വീശി; കരിയിലകള്‍ പറന്നു.

പൂര്‍വകാല പുണരലുകളുടെ മൂര്‍ച്ചയില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണംപോലെ ആഘോഷിച്ച ഉതുപ്പാഞ്ചേട്ടന്‍ ഒരു വെറ്ററന്‍സ് മീറ്റിന്റെ അന്തരീക്ഷം ഒരുക്കി.

അപ്രതീക്ഷിതമായ ആഘാതത്തില്‍ അന്നമ്മച്ചേടത്തി താല്‍ക്കാലികമായി രോമാഞ്ചിതയായി. അമ്പതാണ്ടുകള്‍ക്കപ്പുറത്തേക്ക് മനസ്സ് ഒരു കള്ളവിസയില്‍ പറന്നു.

കൃത്യം പറഞ്ഞാല്‍ 51 വര്‍ഷം, മൂന്ന് മാസം, ഏഴു ദിവസം. അന്നാണ് അന്നമ്മച്ചേടത്തിയുടെ കഴുത്തില്‍ ഉതുപ്പാഞ്ചേട്ടന്‍ താലിവെച്ചത്....

എം എം പൌലോസിന്റെ നർമ്മഭാവന

വികടശിരോമണി said...

ഹഹഹ...
ചില വാചകങ്ങൾ ഓർത്തുചിരിയ്ക്കാൻ ഇട നൽകുന്നു.നന്ദി.

Baiju Elikkattoor said...

സ്നേഹാര്‍ദ്രമായ ഇഴകള്‍ നര്‍മ്മത്തില്‍ ചാലിച്ച് നെയ്യ്തിരിക്കുന്നൂ. അഭിനന്ദനങ്ങള്‍..!

വാഴക്കോടന്‍ ‍// vazhakodan said...

നര്‍മ്മത്തെക്കാള്‍ രണ്ടു സായാഹ്ന ജീവിതങ്ങളുടെ രസകരമായ ഒരു അവതരണം പോലെ തോന്നി. സസ്നേഹം.....വാഴക്കോടന്‍.

smitha adharsh said...

അത് കലക്കി...സൂപ്പര്‍..സൂപ്പര്‍...സൂപ്പര്‍..
നര്‍മ്മം നന്നായി..