Friday, March 27, 2009

നമ്മുടെ സ്ഥാപനം ; നമ്മുടെ തൊഴില്‍ ; നമ്മുടെ ജീവിതം ; നമ്മുടെ വോട്ട്

വീണ്ടുമൊരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു. 2004-ലെ തെരഞ്ഞെടുപ്പില്‍ ബാങ്ക് ജീവനക്കാര്‍ ഒരു നിലപാടെടുത്തിരുന്നു. 1991-ലാരംഭിച്ച ബാങ്കിംഗ് - ധനമേഖലാ പരിഷ്കാരങ്ങളിലെ ആപത്ത് നാം ചൂണ്ടിക്കാട്ടി. പൊതുമേഖലയെ സംരക്ഷിക്കാന്‍ ഇടതുപക്ഷനിര ബലപ്പെടുത്തണമെന്ന് നാം ആഹ്വാനം ചെയ്തു. നമ്മുടെ നിലപാട് തീര്‍ത്തും ശരിയെന്ന് കാലം തെളിയിച്ചു.

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇടതുപക്ഷ പിന്തുണയോടെ യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തി. പക്ഷെ പരിഷ്കാര അജണ്ടയും ദിശയും മാറിയില്ല. പൊതുമിനിമം പരിപാടി മറന്നു. എന്‍.ഡി.എ.സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ തന്നെ യു.പി.എ.യും തുടര്‍ന്നു. തീര്‍ച്ചയായും നമ്മുടെ പ്രക്ഷോഭങ്ങള്‍ക്ക് അവധിയുണ്ടായില്ല. ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായി. വിദേശപ്രത്യക്ഷനിക്ഷേപം വര്‍ദ്ധിപ്പിക്കാനും, നിയമനം ഒഴിവാക്കി ഔട്ട്സോഴ്സിംഗ് നടപ്പാക്കാനും സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചു. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണാധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താനും പെന്‍ഷന്‍ ഫണ്ടും പ്രൊവിഡണ്ട് ഫണ്ടും ഓഹരി കമ്പോളത്തിലേക്ക് തുറന്നുവിടാനും വാശിപിടിച്ചു. പണിമുടക്കും പ്രചാരണവുമായി നാം തെരുവിലും നമുക്കു പിന്തുണയുമായി 61 എം.പി.മാര്‍ ലോൿസഭയിലും പോരാടിക്കൊണ്ടിരുന്നു. ഇടതുപക്ഷത്തെ മെരുക്കാന്‍ യു.പി.എ. ഏകോപനസമിതി തലങ്ങും വിലങ്ങും യോഗം ചേര്‍ന്നു. ബാങ്കിംഗ് നിയമഭേദഗതി ഇപ്പോഴും പാര്‍ലമെന്റ് മുമ്പാകെയുണ്ട്. വിദേശപ്രത്യക്ഷനിക്ഷേപപരിധി ഉയര്‍ത്താന്‍ ഇടതുപക്ഷം സമ്മതിച്ചില്ല. ഇന്‍ഷുറന്‍സ് ബില്‍ പാസ്സാക്കാന്‍ പ്രതിപക്ഷത്തുള്ള എന്‍.ഡി.എ. കക്ഷികള്‍ സഹായിച്ചു.

ബാങ്ക് യൂണിയനുകളെയും ഇടതുപക്ഷത്തെയും വളഞ്ഞുപിടിച്ചാക്രമിക്കാന്‍ നിരവധി ശക്തികള്‍ സംഘം ചേര്‍ന്നു. കാലത്തിനൊപ്പം മാറാന്‍ കൂട്ടാക്കാത്തവർ, മാറ്റത്തിന്റെ മാറ്റൊലി കേള്‍ക്കാത്തവർ, പഴകിദ്രവിച്ച സമത്വവാദ ദര്‍ശനങ്ങളുടെ തടവുകാര്‍ എന്നൊക്കെ നമ്മെ ആക്ഷേപിച്ചു. പലപ്പോഴും ബാങ്കുമേധാവികള്‍ പോലുമതേറ്റുപാടി. നമ്മുടെ സമരങ്ങള്‍ തോല്‍ക്കുമെന്നും തോറ്റുകഴിഞ്ഞുവെന്നും ജീവനക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു നോക്കി.അടിപതറാതെ നാം നിലപാടുകളില്‍ ഉറച്ചുനിന്നു പൊരുതി. നാല്പതോളം പണിമുടക്കുകൾ, എണ്ണമറ്റ ധര്‍ണ്ണകൾ, റാലികൾ, പൊതുയോഗങ്ങൾ, പദയാത്രകൾ, ലഘുലേഖകൾ, പത്രകുറിപ്പുകൾ, ശാഖാസന്ദര്‍ശനങ്ങൾ, കുടുംബയോഗങ്ങള്‍ - വിശ്രമരഹിതമായി നാം പോരാടി. നമ്മുടെ വേദികളില്‍ അഭിവാദ്യവുമായി പല നേതാക്കളും എത്തി. ചിലരുടെ പിന്തുണ പ്രസംഗങ്ങളിലൊതുങ്ങി. നിയമഭേദഗതി പാര്‍ലമെന്റിലെത്തിയപ്പോള്‍ അവരുടെ എം.പി.മാര്‍ സര്‍ക്കാരിനെ പിന്താങ്ങി. എതിര്‍ക്കാന്‍ 61 കരങ്ങള്‍ മാത്രം !

2008 ജൂലായ് മാസം ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞു : "ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനായി. ഇതുവരെ ഇടതുപക്ഷത്തിന്റെ കൈകള്‍ എന്റെ കഴുത്തിലായിരുന്നു. ഇനിയെനിക്ക് ചില നിയമഭേദഗതികള്‍ പാസ്സാക്കാം. അവശേഷിക്കുന്ന പരിഷ്കാര അജണ്ട പൂര്‍ത്തിയാക്കാം''. അദ്ദേഹത്തിന്റെ സ്വപ്‌നടീമംഗങ്ങളായ ശ്രീ പി. ചിദംബരവും മൊണ്ടെക് സിംഗ് അഹ്‌ലുവാലിയയും ആര്‍ത്തുല്ലസിച്ചു.

ഏതാനും എന്‍.ഡി.എ. എം.പി.മാരെ കടമെടുത്ത് ആണവകരാര്‍ പാസ്സാക്കിയെടുത്തു. എന്നാല്‍ അധികം താമസിയാതെ മുതലാളിത്ത കോട്ടകളില്‍ വിള്ളല്‍ വീണു. സ്വതന്ത്രകമ്പോളങ്ങളുടെ പറുദീസയില്‍ സ്വകാര്യചുതാട്ട ബാങ്കുകള്‍ ഒന്നൊന്നായി നിലംപൊത്തി. പടുകൂറ്റന്‍ നിഴല്‍ബാങ്കുകളായ സിറ്റിബാങ്കും ബാങ്ക് ഓഫ് അമേരിക്കയും നക്ഷത്രമെണ്ണുകയാണ് ഇപ്പോൾ. വസന്തകാലത്ത് ലാഭം ഊറ്റിക്കുടിച്ചവരെ ഇപ്പോള്‍ നികുതിപ്പണമിറക്കി സര്‍ക്കാര്‍ താങ്ങിനിര്‍ത്തിയിരിക്കുന്നു. തൊഴിലും വരുമാനവുമില്ലാതെ വീടുപേക്ഷിച്ച അമേരിക്കക്കാര്‍ വിവാഹമോതിരവും സ്വര്‍ണ്ണപ്പല്ലും വില്‍ക്കുന്നു. സ്ത്രീകള്‍ കടലോരത്തു കാറുകളില്‍ അന്തിയുറങ്ങുന്നു. നാല്പത് ഡോളറിനുവേണ്ടി രക്തവും ബീജവും വില്‍ക്കാന്‍ തയ്യാറാവുന്നു. പരമപരിശുദ്ധ കമ്പോളം അവരെ രക്ഷിച്ചില്ല.

നാളിതുവരെ കൊള്ളലാഭം സ്വന്തമാക്കിയ കമ്പനികള്‍ ഇവിടെയും രക്ഷപ്പെട്ടു. ഇരകള്‍ സാധാരണക്കാരും തൊഴിലാളികളും. അവര്‍ക്ക് പണിപോയി. സമ്പാദ്യവും ജീവിതവും പോയി. ആസ്തികള്‍ ഒഴുകിയൊലിച്ചുപോയി. പെന്‍ഷന്‍ ഫണ്ടും പ്രൊവിഡന്റ് പണ്ടും ചുതാട്ടകമ്പോളങ്ങള്‍ വിഴുങ്ങി. പാപ്പരായ വൃദ്ധജനങ്ങള്‍ പീടികത്തൊഴിലാളികളായി മാറി.

നമ്മുടെ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. വളയമില്ലാതെ ചാടിയ ന്യൂജനറേഷന്‍ ബാങ്കുകള്‍ അലമുറയിട്ട് കരയുകയാണ്. ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിക്കണം. ഓഹരി വില കീഴ്പോട്ടിറങ്ങി. ഗവണ്‍മെന്റും മാധ്യമങ്ങളും മാതൃകാബാങ്കായി പ്രദര്‍ശിപ്പിച്ച ഐ.സി.ഐ.സി.ഐ. ബാങ്കിനാണ് കനത്ത പ്രഹരമേറ്റിട്ടുള്ളത്. സൂപ്പര്‍ചെയര്‍മാന്‍ കെ.വി. കാമത്ത് പടിയിറങ്ങുകയാണ്.

രാഷ്ട്രീയപ്രവര്‍ത്തകരെ അഴിമതിക്കാരെന്ന് വിളിച്ച കോര്‍പ്പറേറ്റ് മേധാവികള്‍ ഇന്ന് പ്രതികൂട്ടിലാണ്. സത്യം കമ്പ്യൂട്ടര്‍ ഉടമ രാമലിംഗം രാജു മോഷ്ടിച്ചത് 7136 കോടിരൂപമാത്രം. ജയിലിലിരുന്ന് സത്യാന്വേഷണ പരീക്ഷയെഴുതുന്ന അദ്ദേഹം ഹൈദരാബാദ് പരിസരത്ത് വാങ്ങിക്കൂട്ടിയത് 1817.87 ഏക്കര്‍ ഭൂമിയാണ്. രണ്ട് വര്‍ഷം കൊണ്ട് സ്വന്തംപേരില്‍ അദ്ദേഹം 325 കമ്പനികള്‍ രജിസ്‌റ്റര്‍ചെയ്തു. പ്രഗത്ഭരായ ഡയറക്ടര്‍മാരും ഓഡിറ്റര്‍മാരും റേറ്റിംഗ് ഏജന്‍സികളും മൂകസാക്ഷികളായിരുന്നു.

നാടു നന്നാക്കാനിറങ്ങിയ കോര്‍പ്പറേറ്റുകള്‍ ലാഭം കുറയുമെന്ന് തോന്നിയനിമിഷം ജോലിക്കാരെ പറഞ്ഞുവിട്ടുതുടങ്ങി. ശമ്പളം വെട്ടിക്കുറച്ചു. പ്രവര്‍ത്തിസമയം കൂട്ടി. ലാഭം കൂട്ടാന്‍ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കണം. തൊഴിലാളി മുണ്ടുമുറുക്കിയുടുക്കണമത്രെ. ജെറ്റ് എയര്‍വെയ്സും ഡണ്‍ലപ്പും അശോക് ലെയ്ലാന്‍ഡും ഇന്‍ഫോസിസും ടാറ്റായും പറയുന്നതതാണ്.

എന്നിട്ടും സര്‍ക്കാര്‍ സഹായധനം ഒഴുക്കുന്നത് അവരുടെ കീശയിലേക്കാണ്. എല്ലാ നികുതിയിളവുകളും സൌജന്യങ്ങളും കയറ്റുമതിക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമാണ്. അവരാണ് ഭരണപങ്കാളികൾ. അവരുടെ വളര്‍ച്ചയാണത്രെ നാടിന്റെ വളര്‍ച്ച. ജനങ്ങളെ സഹായിക്കാന്‍ ബജറ്റിലും ഖജനാവിലും പണമില്ല. കൃഷിക്കാരെ സഹായിക്കാനും പണമില്ല. പണമുണ്ടാക്കാന്‍ പൊതുമേഖലാ കമ്പനികളെ വില്‍ക്കാതെ തരമില്ല. സര്‍ക്കാര്‍ വാദിക്കുന്നതിങ്ങനെയൊക്കെയാണ്.

കൊട്ടിഘോഷിച്ച വളര്‍ച്ചയും വികസനവും കുമിളകളായിരുന്നു. ബാങ്കുകളിലെ നിക്ഷേപമെടുത്ത് കൂറ്റന്‍ നക്ഷത്രകൊട്ടാരങ്ങള്‍ പണിതു. വിമാനയാത്രകള്‍ നടത്തി. ആഡംബരകാറുകള്‍ വാങ്ങി. മറുവശത്ത് റേഷന്‍വിഹിതം വെട്ടിക്കുറച്ചു. അരിക്കും ഗോതമ്പിനും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പലതവണ വിലകൂട്ടി. വിമാനഇന്ധനവില 6 പ്രാവശ്യം കുറച്ചു. ജനങ്ങള്‍ വലയുകയാണ്.

ആപല്‍ഘട്ടങ്ങളില്‍ കൂടെനിന്നത് ആരെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. റേഷനരിക്കും പൊതുവിതരണത്തിനും വേണ്ടി ശബ്ദിച്ചതാരാണ്? പൊതുമേഖലയ്ക്കുവേണ്ടി വാദിച്ചതാരാണ്? ജനങ്ങളുടെ സമ്പാദ്യം കാത്തുപരിപാലിച്ചതാർ? സമ്പദ്ഘടനയെ പ്രതിരോധിച്ചതാർ? ഭരണമില്ലാതെ തന്നെ, ഭരണകൂടത്തെ നേര്‍വഴിക്ക് നയിച്ചതാർ?

ഉത്തരം ഒന്നേയുള്ളു. ട്രേഡ്‌യൂണിയനുകളും ഇടതുപക്ഷവും. അവരുടെ പിന്തുണ തെരുവീഥികളില്‍ നിന്ന് പാര്‍ലമെന്റ് വരെ നീണ്ടുകിടന്നു. ജീവന്മരണപോരാട്ടങ്ങളില്‍ കൈയ്മെയ് മറന്ന് സഹായിച്ചവരെ ബാങ്കുജീവനക്കാര്‍ തിരിച്ചറിയും. ഇടതുപക്ഷനിരയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നമ്മുടെ സമ്മതിദാനാവകാശം വിവേകപൂര്‍വ്വം ഉപയോഗിക്കുക.

***

കെ വി ജോർജ്
( ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ശ്രീ കെ വി ജോർജ് അഭ്യർത്ഥിക്കുന്നു.

Anonymous said...

has this sucker ever been to the USA. Commies please commit suicide.

Anonymous said...

കേള്‍ക്കാന്‍ ചന്തമുള്ള തലക്കെട്ട്‌. അതുകൊണ്ടാണല്ലോ പണിമുടക്കും , കൈക്കൂലിയുമായി പോതുമേഘല സ്ഥാപനങളെ നശിപ്പിച്ചു നാറന്നകല്ല്‌ ആക്കിയത്