Sunday, March 15, 2009

മായാത്ത ചുവരെഴുത്തുകള്‍

കാലം 1962. ഞാനന്ന് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ അധ്യാപകനാണ്. ഒരുദിവസം ക്ലാസെടുത്തുകൊണ്ടിരിക്കെ സി കെ ഗോവിന്ദന്‍നായരും മറ്റുചിലരുംകൂടി ക്ലാസ്മുറിക്കു വെളിയില്‍ വന്നു. സി കെ ഗോവിന്ദന്‍നായര്‍ അന്ന് കെപിസിസി പ്രസിഡന്റാണ്. സി കെ ജിയെപ്പോലൊരാള്‍ എന്നെ വന്നു കാണേണ്ടതില്ല. അദ്ദേഹം വിളിച്ചാല്‍ ഞാനദ്ദേഹത്തെപ്പോയി കാണും. എന്നാല്‍ അദ്ദേഹം നേരിട്ട് വരികയാണ്. അതാണ് അക്കാലത്തെ നേതാക്കളുടെ വിനയം. തായാട്ട് ശങ്കരനും അന്ന് കോളേജിലുണ്ട്. തായാട്ടും ഞങ്ങള്‍ക്കൊപ്പംകൂടി. അഞ്ചുമിനിറ്റ് സംസാരിച്ചു. പ്രിന്‍സിപ്പലിനെപ്പോയി കണ്ടു. സമ്മതം വാങ്ങി. അങ്ങനെ തലശ്ശേരി ലോക്‍സഭാമണ്ഡലത്തില്‍ ഞാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. വളരെ ജൂനിയറായ എന്നെ സ്ഥാനാര്‍ഥിയാക്കിയതില്‍ അന്ന് ഓരള്‍പോലും എതിര്‍ശബ്ദം ഉണ്ടാക്കിയില്ല എന്നോര്‍ക്കുമ്പോഴും എനിക്കത്ഭുതമാണ്. കാരണം സ്ഥാനാര്‍ഥിയാവാന്‍ എന്നേക്കാള്‍ യോഗ്യതയുള്ള ഒരുപാടുപേര്‍ അന്ന് കോണ്‍ഗ്രസിലുണ്ട്. ഒന്നിനൊന്ന് മെച്ചമുള്ളവര്‍. പരമയോഗ്യര്‍. ജനസമ്മതിയുള്ളവര്‍. ത്യാഗികള്‍. ഒരുപാടു ജയില്‍വാസവും കഷ്ടപ്പാടും അനുഭവിച്ചിട്ടുള്ളവര്‍.അതില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്നതുതന്നെ സത്യത്തില്‍ വലിയ തെരഞ്ഞെടുപ്പാണ്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസെന്ന ദേശീയപ്രസ്ഥാനത്തിന്റെ അസ്തമയശോഭയുടേതാണ് അക്കാലം. അണഞ്ഞ് ഇരുളുംമുമ്പുള്ള അന്തിവെളിച്ചം. കോണ്‍ഗ്രസ് ജീര്‍ണതയിലേക്ക് കൂപ്പുകുത്തിയിട്ടില്ല. അവസരവാദികളും സ്ഥാനമോഹികളും കോണ്‍ഗ്രസ് നേതൃനിരയിലെത്തിപ്പെട്ടിട്ടില്ല. നെഹ്റുവിനെപ്പോലെ ആസാദിനെപ്പോലെ രാജേന്ദ്രബാബുവിനെപ്പോലെയുള്ള അരഡസന്‍ നേതാക്കളെങ്കിലും ഏഷ്യയിലെ ഏതു രാജ്യത്തെയും പ്രധാനമന്ത്രിമാരാവാന്‍ കഴിവും യോഗ്യതയുമുള്ളവര്‍ അക്കാലത്തുണ്ട്.

കോണ്‍ഗ്രസ് സംഘടനയുമായി അവരുടെ ചില ക്യാമ്പുകളില്‍പ്പോയി ക്ലാസെടുക്കാറുണ്ട് എന്നൊരു ബന്ധംമാത്രമേയുള്ളൂ എനിക്കന്ന്. പിന്നെ പ്രസംഗിക്കാനും പോകാറുണ്ട്. മറുപക്ഷത്ത് കമ്യൂണിസ്റ്റ് സ്വതന്ത്രനായിഎസ് കെ പൊറ്റെക്കാട് വന്നതുകൊണ്ടാവാം അവരെന്നെ നിശ്ചയിച്ചത്. എസ് കെ അന്നേ ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ്. പരസ്പരം ബഹുമാനവും ആദരവും സൂക്ഷിച്ചുകൊണ്ടേ ഞങ്ങളന്ന് പ്രസംഗിച്ചിട്ടുള്ളൂ. വ്യക്തിപരമായ സ്നേഹസൌഹൃദത്തെ അതൊരിക്കലും ബാധിച്ചില്ല. എന്നോട് അടുപ്പമുള്ളതുകൊണ്ട് ഇടതുപക്ഷക്കാരനായിരുന്നെങ്കിലും മുണ്ടശ്ശേരി അന്ന് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാന്‍ വന്നില്ല. പിന്നീട് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു: മുണ്ടശ്ശേരിക്ക് അഴീക്കോട് കാണാനുള്ള അവസരമല്ലേ പോയത്? തെരഞ്ഞെടുപ്പ് ജയത്തിനുശേഷം എസ് കെ പൊറ്റെക്കാട് പറഞ്ഞത് എസ് കെയുടെ ജയവും എന്റെ തോല്‍വിയും ഫലത്തില്‍ ഒന്നല്ലേയെന്നായിരുന്നു.

ഒരുദിവസം പത്തിരുപത്തിനാല് യോഗങ്ങളെങ്കിലും കാണും. ക്ളേശകരമായ പണിയാണ്. നല്ല ക്ഷീണമായിരിക്കും. ഒരുദിവസം സി കെ ജി കുറേ ബിസ്കറ്റ് വാങ്ങിക്കൊണ്ടുവന്നു. എനര്‍ജി ബിസ്കറ്റാണ്. 'ത്രെപ്റ്റിന്‍' എന്നോമറ്റോ പേരുള്ള ഒരുതരം ബിസ്ക്കറ്റ് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാരിച്ച ഉത്തരവാദിത്തത്തോടൊപ്പം അദ്ദേഹം എന്റെ ചെറിയ ആരോഗ്യകാര്യത്തിലും ശ്രദ്ധിച്ചിരുന്നുവെന്നര്‍ഥം.

എല്ലായിടത്തും സാധാരണക്കാരായ ആളുകളായിരിക്കും സദസ്സിലുണ്ടാവുക. പ്രസംഗത്തില്‍ ഞാനെന്റേതായ ചില പൊടിക്കൈകളൊക്കെ പ്രയോഗിക്കും. പുരാണത്തിലെയും ഇതിഹാസത്തിലെയും ചില കഥകളൊക്കെ സന്ദര്‍ഭത്തിനനുസരിച്ച് പറയും. അതുപോലെ വള്ളത്തോളിന്റെയും ആശാന്റെയും ചില വരികള്‍ ഉദ്ധരിക്കും. പ്രസംഗത്തിലേക്ക് കേള്‍വിക്കാരെ അടുപ്പിക്കാന്‍ ഇതൊക്കെ സഹായിച്ചു.

മാതമംഗലം കുഞ്ഞുകൃഷ്ണനും കെ എം സൂപ്പിയുമായിരുന്നു എനിക്കൊപ്പം നാടുനീളെ നടന്ന് പ്രസംഗിക്കാനന്ന് കൂട്ട്. അതില്‍ മാതമംഗലത്തിന്റെ പ്രസംഗം നല്ലപോലെ ആളെ കൂട്ടും. നാട്ടുമ്പുറത്തെ മുസ്ലീംഭാഷയില്‍ തമാശ പറഞ്ഞാണ് സൂപ്പി സദസ്സ് കൈയിലെടുക്കാറ്.

വോട്ടെണ്ണലിന്റെയന്ന് പ്രവര്‍ത്തകരുടെ വിഷമവും വേദനയും കണ്ടാണ് എനിക്ക് ദുഃഖമുണ്ടായത്. അത്രയ്ക്ക് ആത്മാര്‍ഥതയാണവര്‍ക്ക്. എല്ലാവരും എന്റെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നുവേണം കരുതാന്‍. അന്നത്തെ പത്രങ്ങളും ഏറെക്കുറെ കോണ്‍ഗ്രസ് അനുഭാവമുള്ളവയായിരുന്നതുകൊണ്ട് ഞാന്‍തന്നെ ജയിക്കുമെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പുവിജയവും മാധ്യമങ്ങളുടെ പ്രചാരണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് എനിക്ക് അനുഭവംകൊണ്ട് ബോധ്യപ്പെട്ടതാണ്. പുറത്തെ പ്രചാരണംഎന്തുതന്നെയായാലും ജനഹിതം അതൊന്നുമാവാറില്ല. ഓരോ നിയോജകമണ്ഡലത്തിലെയും ഫലം അറിയുമ്പോള്‍ ഞാന്‍ പിന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. സാമാന്യം നല്ല വോട്ടിനാണ് തോറ്റത്. പാമ്പന്‍ മാധവനും അന്നത്തെ ഡിസിസി പ്രസിഡന്റ് ഗോപാലനുമാണ് എന്റെ കൂടെയുള്ളത്. അവര്‍ പറഞ്ഞു: അഴീക്കോട് ഇനിയിവിടെ നില്‍ക്കേണ്ട. ഞങ്ങള്‍ വീട്ടില്‍ കൊണ്ടാക്കിത്തരാം. ഗോപാലന്‍ ഒരു ആക്സിഡന്റില്‍പ്പെട്ടാണ് പിന്നീട് മരിച്ചത്.

ജനങ്ങളുമായി അടുത്തിടപഴകാന്‍ എന്നെ ശീലിപ്പിച്ചത് ആ തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പിലെ തോല്‍വിയും ജയവും ഒന്നുമല്ല കാര്യം. അതിലും വലിയ അനുഭവങ്ങള്‍, മനുഷ്യരുടെ ജീവിതം കാട്ടിത്തരുന്ന അറിവുകള്‍ നമുക്കുണ്ടാവും. വയനാട്ടിലൊക്കെ ജീവിതത്തിലെ നരകംകണ്ട പ്രതീതിയാണെനിക്ക്. ദാരിദ്ര്യവും കഷ്ടപ്പാടും രോഗവും ദുരിതവും നമ്മള്‍ പുസ്തകത്തില്‍ വായിക്കുന്നതല്ല.

വയനാട്ടില്‍ ചില സ്ഥലങ്ങളില്‍ കൂടെയുണ്ടായിരുന്ന ജിനചന്ദ്രന്‍ പറയും: അഴീക്കോട് എല്ലാവരോടും നമസ്കാരം പറഞ്ഞ് ചിരിച്ചാല്‍മാത്രം പോരാ. വീടുകളില്‍ കയറുമ്പോള്‍ കൊച്ചുകുട്ടികളെ കണ്ടാല്‍ അവരെ എടുക്കാന്‍കൂടി പരിശീലിക്കണം. കുട്ടികളെ എടുക്കാന്‍ എനിക്കറിയില്ല. അതുമാത്രം പറ്റില്ലെന്നു പറഞ്ഞു. കള്ളുഷാപ്പുകളില്‍വരെ കയറി വോട്ട് ചോദിച്ചിട്ടുണ്ട്. അതൊക്കെ ചെയ്യുമ്പോള്‍ വലിയ പ്രയാസം തോന്നിയിരുന്നു.

ഏതു മീറ്റിങ്ങിനു വിളിച്ചാലുംപോയി പ്രസംഗിക്കാനുള്ള ശീലം ഉണ്ടാവുന്നത് അങ്ങനെയാണ്. സാഹിത്യസംബന്ധിയായ യോഗങ്ങള്‍ക്കേ പോകൂ എന്ന നിര്‍ബന്ധമൊന്നും എനിക്കില്ല. കേരളത്തിന്റെ ഒട്ടെല്ലാ മുക്കിലും മൂലയിലും ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. നാട്ടുമ്പുറത്തെ ചായക്കടകളിലും വഴിവക്കിലും സാധാരണക്കാരായ ആളുകള്‍ എന്നെ തിരിച്ചറിയുന്നു. അവരൊന്നും എന്റെ പുസ്തകം വായിച്ചവരല്ല. എന്റെ ക്ലാസിലിരുന്നവരുമല്ല. അത്തരക്കാരുടെ,അക്ഷരംപോലുമറിയാവത്തവരുടെ ആദരവും സ്നേഹവും തിരിച്ചുകിട്ടുന്നു. യാത്രകളിലൊക്കെ ഇത്തരത്തിലുള്ള ഒട്ടേറെ അനുഭവങ്ങള്‍ എപ്പോഴും ഉണ്ടാവാറുണ്ട്. വേണമെങ്കില്‍ അതേക്കുറിച്ചുതന്നെ ഒരു പുസ്തകം എഴുതാം. പണ്ഡിതനും എഴുത്തുകാരനും കോളേജ് പ്രൊഫസറുമായി ചാരുകസേരയില്‍ ചടഞ്ഞിരുന്നാല്‍ സ്വപ്നം കാണാന്‍ കിട്ടാത്തതാണ് ജനങ്ങളുടെ ഈ ആദരവാത്സല്യം. ഒരുപുരസ്കാരത്തിനുമുണ്ടാവില്ല ഇത്രയേറെ നിറമാധുര്യം.

അന്ന് കെപിസിസിയുടെ പതിനായിരം രൂപയാണ് സി കെ ജി എന്റെ കൈയില്‍ തെരഞ്ഞെടുപ്പുചെലവുകള്‍ക്കായി തന്നത്. സംഘടനാടിസ്ഥാനത്തില്‍ വേറെ കൊടുത്തിട്ടുണ്ടോ എന്നൊന്നും അറിയില്ല. പതിനായിരംകൊണ്ടൊക്കെ എന്താവാനാ. എന്റെ കൈയിലുണ്ടായിരുന്ന പണംകൂടി പോയത് മെച്ചം. ചില സ്ഥലങ്ങളിലൊക്കെ പ്രവര്‍ത്തകരുടെ സ്ഥിതികാണുമ്പോള്‍ അത്രയ്ക്ക് കഷ്ടംതോന്നും. കൈയിലുള്ളത് എന്താന്നുവച്ചാല്‍ കൊടുത്തുപോകും. ഇല്ലായ്മകള്‍ക്കിടയിലും പ്രവര്‍ത്തകരുടെ ആവേശം കണ്ടാല്‍ നമുക്ക് അത്ഭുതമാണ് തോന്നുക. ഉത്സവംപോലെയാണ് അവരൊക്കെ പ്രവര്‍ത്തനങ്ങളില്‍ മുഴുകാറ്. ഇന്നത്തെപ്പോലെ പണമൊഴുകാത്തതുകൊണ്ട് തട്ടിപ്പും വെട്ടിപ്പുമില്ല. രാത്രി ഉറക്കമൊഴിച്ച് കുമ്മായം നീറ്റി ചുണ്ണാമ്പുണ്ടാക്കി ചകിരി ചതച്ച് ബ്രഷുണ്ടാക്കി ചുവരെഴുതിയിരുന്ന കാലം. ഇന്നത്തെപ്പോലെ കവലതോറും ബഹുവര്‍ണചിത്രങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകളല്ല. നെടുനീളന്‍ കട്ടൌട്ടുകളുമല്ല. അതില്‍ ചില ചുവരെഴുത്തുകളൊക്കെ കാലം കുറേ കടന്നുപോയിട്ടും മായാതെ കിടന്നിരുന്നു. തലശ്ശേരി ഭാഗത്തുകൂടി ബസില്‍ സഞ്ചരിക്കാറുള്ളപ്പോള്‍ ധര്‍മടം എന്ന സ്ഥലത്ത് ഒരു മാടക്കടയുടെ ചുവരില്‍ എന്റെ പേരിലുള്ള ചുവരെഴുത്ത് പതിനെട്ടുവര്‍ഷത്തോളം മായാതെ കിടന്നിരുന്നു. അക്ഷരങ്ങള്‍ പലതും പൂപ്പല്‍പറ്റി അടര്‍ന്നുപോയിരുന്നെങ്കിലും ഞാനത് വായിച്ചിരുന്നു. പഴയൊരു കോണ്‍ഗ്രസുകാരനായിരുന്നുവെന്ന ഓര്‍മ എനിക്കുള്ളില്‍ അറിയാതെ കടന്നു വരാറുള്ള സന്ദര്‍ഭങ്ങളായിരുന്നു അതൊക്കെ. അപ്പോള്‍ത്തന്നെ ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ അവസ്ഥയും മനസ്സില്‍ കടന്നുവരും. എന്തൊരു അന്തരമാണ് കോണ്‍ഗ്രസിന് അടിമുടി സംഭവിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ജീര്‍ണത തുടങ്ങിയത് ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ക്കാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ }ഔദ്യോഗിക സ്ഥാനാര്‍ഥി സഞ്ജീവറെഡ്ഡിക്കെതിരെ വി വി ഗിരിയെ സ്വന്തം സ്ഥാനാര്‍ഥിയായി നിര്‍ത്തി കുതികാല്‍വെട്ടു തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ അന്തസ്സും മഹത്വവും തകര്‍ന്നു. കാമരാജിനെപ്പോലുള്ള ഉന്നതരായ നേതാക്കളൊക്കെ കോണ്‍ഗ്രസ് വിട്ടു പുറത്തുവന്നു.അടിയന്തരാവസ്ഥയോടെ ഈ തകര്‍ച്ച പൂര്‍ണമായി. ഒരുമാതിരി ഭേദപ്പെട്ടവര്‍ക്കൊന്നും കോണ്‍ഗ്രസിനകത്ത് നില്‍ക്കാന്‍ പറ്റില്ലെന്ന അവസ്ഥയായി. കോണ്‍ഗ്രസുമായുള്ള എന്റെ അകല്‍ച്ചയും ബന്ധവിഛേദനവും പൂര്‍ണമായി.

എന്നാലും ചെന്നിത്തലയുടെ പുസ്തകം പ്രകാശനം ചെയ്യാന്‍ എന്നെയാണ് വിളിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പുസ്തകത്തിന് അവതാരികയെഴുതിച്ചത് എന്നെക്കൊണ്ടാണ്. അവര്‍ക്കിതിനൊക്കെ വേറെ ആരെ കിട്ടാനാ. എന്നിട്ട് അഴീക്കോട് കൂലിയെഴുത്തുകാരനാണെന്നു പറയും. ഇന്ന് കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് ടിക്കറ്റെന്നാണ് പറയാറ്. ആ പദപ്രയോഗത്തില്‍ തന്നെയുണ്ട് കച്ചവടത്തിന്റെ കരാളരൂപം. പണവും ഉന്നത സ്വാധീനവുമാണ് 'ടിക്കറ്റ്' തരപ്പെടുത്താനുള്ള മാര്‍ഗം. ജനതാല്‍പ്പര്യത്തിനൊന്നും ഒരുവിലയുമില്ല.

രാഷ്ട്രീയത്തിലെ ആദര്‍ശനിരാസം പുനരുദ്ധരിച്ചില്ലെങ്കില്‍ രാഷ്ട്രീയ വിശ്വാസംതന്നെ നഷ്ടപ്പെടും. ഇത് നമ്മുടെ രാഷ്ട്രീയകക്ഷികളെല്ലാം ഓര്‍മിച്ചാല്‍നന്ന്. തെരഞ്ഞെടുപ്പുകള്‍ ഒരാളുടെ ജയത്തിനും തോല്‍വിക്കുമുപരി ഇത്തരം മൂല്യങ്ങളെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളാകണം. താല്‍ക്കാലിക വിജയങ്ങളേക്കാള്‍ ഉപരി അടിസ്ഥാനപരമായ നിലപാടുകളും വിശ്വാസദാര്‍ഢ്യവുമായിരിക്കണം വിലയിരുത്തപ്പെടേണ്ടത്. പലപ്പോഴും പ്രസക്തമായ വിഷയങ്ങള്‍ പ്രചാരണബഹളത്തില്‍ മുങ്ങിപ്പോവുകയാണ് പതിവ്. ഉപരിപ്ലവചര്‍ച്ചകളും എതിര്‍സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിലകുറഞ്ഞ ആരോപണങ്ങളുമായി പ്രചാരണം ശോഷിച്ചുപോവുന്ന കാഴ്ചയാണ് കാണാറ്. ഇതില്‍നിന്നൊരു മോചനം സംഭവിക്കട്ടെയെന്നുമാത്രമാണ് എന്റെ സ്വപ്നം.

*
സുകുമാര്‍ അഴീക്കോട്
തയ്യാറാക്കിയത് എന്‍.രാജന്‍. കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

5 comments:

വര്‍ക്കേഴ്സ് ഫോറം said...

കാലം 1962. ഞാനന്ന് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ അധ്യാപകനാണ്. ഒരുദിവസം ക്ലാസെടുത്തുകൊണ്ടിരിക്കെ സി കെ ഗോവിന്ദന്‍നായരും മറ്റുചിലരുംകൂടി ക്ലാസ്മുറിക്കു വെളിയില്‍ വന്നു. സി കെ ഗോവിന്ദന്‍നായര്‍ അന്ന് കെപിസിസി പ്രസിഡന്റാണ്. സി കെ ജിയെപ്പോലൊരാള്‍ എന്നെ വന്നു കാണേണ്ടതില്ല. അദ്ദേഹം വിളിച്ചാല്‍ ഞാനദ്ദേഹത്തെപ്പോയി കാണും. എന്നാല്‍ അദ്ദേഹം നേരിട്ട് വരികയാണ്. അതാണ് അക്കാലത്തെ നേതാക്കളുടെ വിനയം. തായാട്ട് ശങ്കരനും അന്ന് കോളേജിലുണ്ട്. തായാട്ടും ഞങ്ങള്‍ക്കൊപ്പംകൂടി. അഞ്ചുമിനിറ്റ് സംസാരിച്ചു. പ്രിന്‍സിപ്പലിനെപ്പോയി കണ്ടു. സമ്മതം വാങ്ങി. അങ്ങനെ തലശ്ശേരി ലോക്‍സഭാമണ്ഡലത്തില്‍ ഞാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. വളരെ ജൂനിയറായ എന്നെ സ്ഥാനാര്‍ഥിയാക്കിയതില്‍ അന്ന് ഓരള്‍പോലും എതിര്‍ശബ്ദം ഉണ്ടാക്കിയില്ല എന്നോര്‍ക്കുമ്പോഴും എനിക്കത്ഭുതമാണ്. കാരണം സ്ഥാനാര്‍ഥിയാവാന്‍ എന്നേക്കാള്‍ യോഗ്യതയുള്ള ഒരുപാടുപേര്‍ അന്ന് കോണ്‍ഗ്രസിലുണ്ട്. ഒന്നിനൊന്ന് മെച്ചമുള്ളവര്‍. പരമയോഗ്യര്‍. ജനസമ്മതിയുള്ളവര്‍. ത്യാഗികള്‍. ഒരുപാടു ജയില്‍വാസവും കഷ്ടപ്പാടും അനുഭവിച്ചിട്ടുള്ളവര്‍.അതില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്നതുതന്നെ സത്യത്തില്‍ വലിയ തെരഞ്ഞെടുപ്പാണ്.

സുകുമാര്‍ അഴീക്കോട് എഴുതുന്നു..

മൂര്‍ത്തി said...

“മരിയ്ക്കുന്നതുവരെ കോണ്‍ഗ്രസ്സുകാരനായിരിക്കണമെന്നായിരുന്നു ആഗ്രഹം. മരിച്ചു. ഞാനല്ല. കോണ്‍ഗ്രസ്.“

സുകുമാര്‍ അഴിക്കോടിന്റെ ഒരു പഴയ പ്രസംഗത്തില്‍ നിന്ന്.

Anonymous said...

‘യാഗം കലക്കാന്‍ വന്ന അസുരന്‍‌മാരാണിവര്‍ ‘മന്ത്രിക്ക് കരിങ്കൊടി കാണിച്ച ഡി വൈ എഫ് ഐ ക്കാരെ ചൂണ്ടി അഴീക്കോട് പണ്ടിങ്ങനേം പറഞ്ഞിട്ടുണ്ട് മൂര്‍ത്തിയേ.. വേദിക്കനുസരിച്ച് പ്രസംഗവും അതിനൊത്ത് കാശും .. കേരളത്തില്‍ നാക്കു വാടകക്ക് കൊടുത്ത് ജീവിക്കുന്ന അല്‍ഭുത ജീവി. അതാണ് സുകുമാരന്‍ അഴീക്കോട്.

മരത്തലയന്‍ said...

കോൺഗ്രസ്സ് സ്ഥാനർത്ഥിയായി താൻ മത്സരിച്ചിട്ടുണ്ട്, ആ കോൺഗ്രസ്സ് മാറിപ്പോയി എന്നു പറയുന്ന പോസ്റ്റിൽ തന്നെ വേണോ ഇരേ ഈ നനഞ്ഞ ഓലപ്പടക്കം?

താങ്കൾ പറഞ്ഞ പോലെ മാത്രമല്ല, അതിനേക്കാൾ കടുപ്പത്തിലും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പറയുമോ , പറയുന്നുണ്ടോ? അതല്ലേ പ്രധാനം

താങ്കൾക്ക് ചുണയുണ്ടെങ്കിൽ കാശു കൊടുത്ത് അങ്ങനെ പറയിക്കാമോ?

Anonymous said...

എന്തിനാണ് മരത്തലയാ ഞാന്‍ കാശുകൊടുത്ത് പറയിക്കുന്നത്. അങ്ങേരുടെ ചടങ്ങുകളുടെയും അവിടെ നടത്തിയ പ്രസംഗങ്ങളുടെയും വാര്‍ത്തകള്‍ മനസ്സിരുത്തി വായിച്ചാല്‍ പോരെ. ആരാണോ സംഘാടകര്‍ അവരെ സുഖിപ്പിക്കുന്ന രീതിയിലേ പ്രസംഗമുണ്ടാകൂ. പിന്നെ ഇപ്പോള്‍ സി പി എമ്മിനും മറ്റും എതിരായി ഒന്നും പറയില്ല. കാരണം അവരാണ് ഇപ്പോള്‍ പ്രധാനമായും വേദി നല്‍കുന്നത്. അവര്‍ക്കുവേണ്ടി മഹാശ്വേതാ ദേവിയെ പോലും ഇങ്ങേരു ചീത്ത വിളിച്ചില്ലേ.ഇന്നു വരെ ഒരു തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യാതെ ജനാധിപത്യത്തെ പറ്റി പ്രസംഗിച്ചു നടക്കും. ഒരു തര്‍ത്തില്‍ കൂലിത്തല്ലുകാരന്‍ തന്നെ.