കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാതലത്തിലും അന്താരാഷ്ട്രതലത്തിലും ഉയര്‍ന്നുവന്നിട്ടുള്ള എന്‍ഡോസള്‍ഫാന്‍ വിവാദത്തിന്റെ ഫലമായി ഇന്ത്യാ ഗവണ്‍മെന്റിന് അത് നിരോധിക്കാതെ അധികകാലം പിടിച്ചുനില്ക്കാനാകില്ല. വിടാതെ പിടിച്ചുനില്‍ക്കുന്ന അകാര്‍ബണിക മാലിന്യകാരകങ്ങളെ (persistent organic pollutants POP) സംബന്ധിച്ചുള്ള അന്താരാഷ്ട്ര അവലോകന സമിതിയുടെ 2010 ഒക്ടോബറില്‍ ജനീവയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത 29 രാഷ്ട്രങ്ങളുടെ പ്രതിനിധികളില്‍ 24 പേരും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചപ്പോള്‍ ഇന്ത്യയുടെ പ്രതിനിധി മാത്രമാണ് അതിനെ എതിര്‍ത്തത്. അവലോകന സമിതിയുടെ ശുപാര്‍ശ 2011 മേയില്‍ ചേരുന്ന 166 അംഗരാജ്യങ്ങളടങ്ങിയ സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ ചര്‍ച്ചക്ക് വരും. അവലോകന സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്രതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം വേണമെന്ന് സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ തീരുമാനം അംഗീകരിച്ച് നിരോധനം ഏര്‍പ്പെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ബന്ധിതമായിത്തീരും.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാലും രാസകീടനാശിനികളെയും രാസവളങ്ങളെയും മാത്രമല്ല മൂലധന താല്പര്യങ്ങള്‍ക്കനുസരിച്ച് വികസിപ്പിച്ച ആധുനിക കൃഷിശാസ്ത്രത്തെയും പറ്റിയുള്ള പുനരവലോകനം ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരണം. അടിസ്ഥാനപരമായി കൃഷി പ്രകൃതിവിരുദ്ധമാണ്. ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുസൃതമായി എല്ലാതരം സസ്യങ്ങളും കീടങ്ങളടക്കമുള്ള മറ്റു ജീവജാതികളും പരസ്പരം സഹകരിച്ച് ഒരുമിച്ച് വളരുക എന്നതാണ് പ്രകൃതിതത്വം. മനുഷ്യന്റെ ബുദ്ധിയുടെ വികാസത്തോടെ സസ്യങ്ങളുടെ വിവിധ സ്വഭാവങ്ങള്‍ തിരിച്ചറിയാനും തങ്ങള്‍ക്കിഷ്ടപ്പെട്ടവയെ തെരഞ്ഞുപിടിച്ച് 'വിള'യായി പ്രത്യേകം വളര്‍ത്തുവാനും, ഇഷ്ടമല്ലാത്തവയെയും വിളകള്‍ക്ക് വിഘാതമായവയെയും 'കള'കളും 'കീട'ങ്ങളും ആക്കി നശിപ്പിക്കാനും തുടങ്ങിയതോടെയാണ് കൃഷി വ്യാപകമാകുന്നത്. ഇതിന്റെ ഫലമായാണ് വിശ്രമവേളകളുണ്ടാകുന്നതും ജനസംഖ്യ വര്‍ധിക്കുന്നതും വൈജ്ഞാനികവും സാംസ്കാരികവുമായ വന്‍ കുതിപ്പ് തുടങ്ങുന്നതും. എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തുടങ്ങി 1930 കളിലെ മാന്ദ്യത്തിനും രണ്ടാം ലോക മഹായുദ്ധത്തിനുംശേഷം പൂര്‍വാധികം ശക്തിയാര്‍ജിച്ച മുതലാളിത്ത വ്യവസ്ഥയില്‍ കൃഷി മൂലധന പ്രചോദിതമായ 'കൃഷി വ്യവസായ'മായി. സ്വാഭാവികമായും ലാഭം മാത്രമായി പ്രധാന ലക്ഷ്യം. അധികോത്പാദന ശേഷിയുള്ളവയും ജനിതകമാറ്റം വരുത്തിയവയുമായ വിത്തുകളും രാസകീടനാശിനികളും, രാസവളങ്ങളും എല്ലാം കൃഷിവ്യവസായത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കാനും അവയെല്ലാം കുത്തകവ്യവസായികളുടെ നിയന്ത്രണത്തിലാക്കാനും മൂലധന താല്പര്യങ്ങള്‍ക്കു കഴിഞ്ഞു. ഊര്‍ജിത ഏകവിളകൃഷിക്ക് പ്രാധാന്യമേകുന്നത് കീടങ്ങള്‍ക്കു വളരാനുള്ള സാഹചര്യമൊരുക്കി. ഇത്തരം കൃഷിക്ക് കീടനിയന്ത്രണം അനിവാര്യമായി. 1950 കളിലെ രൂക്ഷമായ ഭക്ഷ്യക്കമ്മിയില്‍നിന്ന് ഇന്ത്യയെ രക്ഷിച്ച ഹരിതവിപ്ളവമാണല്ലൊ ഇവിടെ രാസകീടനാശിനി പ്രയോഗത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ ഉത്തേജകമായത്. മൂലധന താല്പര്യങ്ങളുടെയും, രാസകീടനാശിനി കൂടാതെ കൃഷിതന്നെ സുസാധ്യമല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന നിരവധി ശാസ്ത്രജ്ഞന്മാരുടെയും പ്രേരണയില്‍ മൂന്നാംലോക രാജ്യങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ കര്‍ഷകര്‍ ഉപയോഗ ക്രമങ്ങളും, അപകടങ്ങളും അറിയാതെ രാസകീടനി പ്രയോഗം തുടര്‍ന്നുകൊണ്ടേയിരിക്കും. അനാവശ്യവും അനവസരത്തിലുള്ളതും, അമിതമായതുമായ കീടനാശിനി പ്രയോഗം പ്രോത്സാഹിപ്പിച്ച് വന്‍ ലാഭമുണ്ടാക്കുവാന്‍വേണ്ടി ഉത്പാദനം വര്‍ധിപ്പിച്ച് വിതരണം ചെയ്യുക എന്ന നിലയിലേക്ക് കീടനാശിനി വ്യവസായം എത്തിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം നിലനില്ക്കുന്ന കേരളത്തില്‍പോലും ഇന്നാട്ടിലെ പ്രധാന കൃഷികളായ നെല്ലിനും തെങ്ങിനും എന്‍ഡോസള്‍ഫാന്‍ പ്രയോഗം നല്ല കാര്‍ഷിക പ്രവര്‍ത്തനത്തിന്റെ (good agricultural practice) ഭാഗമായി കൃഷിവകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിര്‍ദ്ദേശിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. അതിനാല്‍ അമിതമായ രാസകീടനാശിനികളും രാസവളങ്ങളും മറ്റും അനിവാര്യമാക്കുന്ന ആധുനിക കൃഷിവ്യവസായത്തെക്കുറിച്ചുള്ള സമഗ്രമായ പുനരവലോകനം ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. മുമ്പു സൂചിപ്പിച്ചതുപോലെ ഇപ്പോഴത്തെ സംവാദം അതിലേക്ക് നയിക്കണം.
എന്‍ഡോസള്‍ഫാന്‍
ഓര്‍ഗാനോക്ളോറൈഡ് വിഭാഗത്തില്‍പ്പെട്ട മാരകമായ ഒരു കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ഈ വിഭാഗത്തില്‍പ്പെട്ട ആള്‍ഡ്രിന്‍, ഡയല്‍ഡ്രിന്‍, ക്ളോര്‍ഡെയ്ന്‍, ഹെപ്റ്റാക്ളോര്‍, എന്‍ഡ്രീന്‍ എന്നിവ 2001ല്‍തന്നെ സ്റ്റോക്ഹോം കണ്‍വന്‍ഷന്റെ തീരുമാനപ്രകാരം അന്താരാഷ്ട്രതലത്തില്‍ നിരോധിച്ചു. ഇവയെല്ലാം വിഘടിക്കാതെ വളരെക്കാലം അന്തരീക്ഷത്തിലും വെള്ളത്തിലും മണ്ണിലും ജൈവവസ്തുക്കളിലും പിടിച്ചുനില്ക്കുന്ന 'പോപ്സ്' ലിസ്റ്റില്‍പ്പെട്ടവയാണ്. എന്നാല്‍ എന്‍ഡോസള്‍ഫാന്റെ തന്മാത്രഘടനയില്‍ ഉള്ള ഹെക്സാക്ളോറോ ശൃംഖലയിലെ സള്‍ഫ്യൂറസ് കണ്ണിമൂലം ഇതില്‍ അപചയസാധ്യത ഉണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് 2001ല്‍ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടാതെപോയത്. വിവിധ രാജ്യങ്ങളില്‍ പിന്നീടു നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ജീവികളിലും പരിസരത്തിലും വരുത്തുന്ന ദോഷങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വെള്ളത്തില്‍ ഇതിന്റെ അര്‍ധായുസ്സ് മൂന്നു മുതല്‍ ഏഴുദിവസം വരെയാണ്; മണ്ണില്‍ അഞ്ചു മുതല്‍ 80 ദിവസം വരെയാണ്. പി എച്ച് മൂല്യം കുറഞ്ഞാല്‍ അര്‍ധായുസ്സ് കൂടും. മണ്ണില്‍ ഇത് എന്‍ഡോസള്‍ഫാന്‍ ഡയോളും എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റും ആയി പരിണമിക്കുന്നതിനാല്‍ അര്‍ധായുസ്സ് 800 ദിവസം വരെ ആകാം. ജൈവസാന്ദ്രീകരണംവഴി ഇത് ജീവികളില്‍ ദീര്‍ഘകാലം അടിഞ്ഞുകൂടി ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.
ലോകത്തില്‍ ഏറ്റവും അധികം എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡ്, സ്വകാര്യ മേഖലയിലുള്ള എക്സല്‍ ഇന്‍ഡസ്ട്രീസ്, കോറമാന്റല്‍ ഗ്രൂപ്പ് എന്നിവയാണ് ഇന്ത്യയില്‍ ഇതിന്റെ ഉത്പാദനം നടത്തുന്നത്. ഉത്പാദിപ്പിക്കുന്നതില്‍ നല്ലൊരുപങ്ക് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നു.
എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടാകുന്ന പ്രധാന ദോഷഫലങ്ങള്‍
വെള്ളം, വായു, മണ്ണ് എന്നീ മൂന്നു മാധ്യമങ്ങളില്‍ക്കൂടെയും ഈ കീടനാശിനി ജൈവവ്യൂഹത്തില്‍ പരക്കുന്നു. ഇത് വെള്ളത്തില്‍ ലിറ്ററിന് 0. 3 ഗ്രാമിനു താഴെ മാത്രമെ അലിയുകയുള്ളൂ. അതിനാല്‍ എമള്‍ഷന്‍ രൂപത്തിലാണ് ഇത് തളിക്കുന്നത്. വളരെ സൂക്ഷ്മകണികകളായാണ് ഇത് അന്തരീക്ഷത്തില്‍ പരക്കുന്നത്. മൂടല്‍മഞ്ഞുപോലെ അന്തരീക്ഷത്തില്‍ തങ്ങിനിന്ന് ഇത് പതുക്കെ ചെടികളിലും വെള്ളത്തിലും മണ്ണിലും എത്തുന്നു. ഇതിനിടെ കാറ്റുമൂലം ഇത് ഉദ്ദിഷ്ടസ്ഥലത്തിനു (target area) പുറത്തേക്ക് വളരെ അകലങ്ങളിലേക്ക് പകരും. കൃഷിയോ കീടനാശിനി പ്രയോഗമോ ഇല്ലാത്ത ഉത്തരധ്രുവ പ്രദേശങ്ങളില്‍ ഇതിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യനടക്കമുള്ള ജന്തുക്കളില്‍ ഇത് തൊലി, ശ്വസനം, ദഹനം എന്നീ മാര്‍ഗങ്ങളിലൂടെ ആഗിരണം ചെയ്യപ്പെടുന്നു.
അന്തഃസ്രാവി ഗ്രന്ഥികളെ ബാധിക്കുന്നതുമൂലം എന്‍ഡോസള്‍ഫാന്‍ സ്ത്രീകളുടെ ആര്‍ത്തവചക്രം, സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ ഉണ്ടാക്കുന്നു. കരള്‍, തൈറോയ്ഡ് എന്നിവയെ സംബന്ധിച്ച രോഗങ്ങളും വ്യാപകമായി കാണുന്നു. കേന്ദ്രനാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കുകവഴി സിരാക്ഷോഭം (convulsion), വിറയല്‍ (tremor), മോട്ടോര്‍ രോഗങ്ങള്‍, ബുദ്ധിമാന്ദ്യം, ഓര്‍മക്കുറവ്, പഠനവൈകല്യങ്ങള്‍, അപസ്മാരം എന്നിവ സംഭവിക്കുന്നു. കൂടാതെ ഛര്‍ദി, വയറിളക്കം, രക്തക്കുറവ്, ശ്വാസതടസ്സം, ചര്‍മരോഗങ്ങള്‍ എന്നിവയും വ്യാപകമായി കണ്ടുവരുന്നു. മ്യൂട്ടേഷനും ജനിതകവൈകല്യങ്ങളുംമൂലം ദോഷഫലങ്ങള്‍ തലമുറകളിലേക്ക് എത്തുന്നു.
തേനീച്ചകള്‍, തവളകള്‍, മത്സ്യങ്ങള്‍, ശലഭങ്ങള്‍ എന്നിവയെയും എന്‍ഡോസര്‍ഫാന്‍ ദോഷകരമായി ബാധിക്കുന്നു. തേനീച്ചകള്‍ ഇല്ലാതാകുന്നതുമൂലം കാസര്‍കോട്ടെ തോട്ടങ്ങളില്‍ ലാഭകരമായി നടത്തിയിരുന്ന തേനീച്ചവളര്‍ത്തല്‍ നശിച്ചുപോയതായി കാണുന്നു.
വെള്ളം, മണ്ണ് എന്നിവയില്‍ എന്‍ഡോസള്‍ഫാന്റെ അവശിഷ്ടങ്ങള്‍ തങ്ങിനില്ക്കുന്നതുമൂലം പരിസ്ഥിതിയെ ഈ കീടനാശിനി വിപരീതമായി ബാധിക്കുന്നു.
എന്‍ഡോസള്‍ഫാന്റെ ചരിത്രം
1950കളില്‍ യുഎസ്എയിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടങ്ങിയത്. പരുത്തി, പച്ചക്കറി എന്നിവയിലാണ് തുടക്കത്തില്‍ ഇതുപയോഗിച്ചത്. വിലക്കുറവ്, വേഗത്തിലുള്ള ഫലസിദ്ധി എന്നിവമൂലം ഇത് മറ്റു രാജ്യങ്ങളിലും പ്രചരിച്ചു (പ്രചരിപ്പിച്ചു?). ഇന്ത്യയില്‍ 1965ല്‍ മഹാരാഷ്ട്രയിലെ പരുത്തിത്തോട്ടങ്ങളിലാണ് ഇത് ആദ്യം ഉപയോഗിച്ചത്. മേല്‍പ്പറഞ്ഞ പ്രദേശങ്ങളെല്ലാം നിരപ്പായതും, പ്രായേണ വരള്‍ച്ചയുള്ളതും, ജനവാസം കുറഞ്ഞതും ആയിരുന്നു. കുന്നുകള്‍ നിറഞ്ഞതും ആര്‍ദ്രമായതും, ജനവാസം കൂടിയതുമായ കാസര്‍കോട് ജില്ലയിലെ പദ്രെ എന്ന ഗ്രാമത്തിലെ കശുമാവിന്‍തോട്ടങ്ങളില്‍ 1976ല്‍ പരീക്ഷണം എന്ന നിലക്ക് എന്‍ഡോസള്‍ഫാന്‍ ഹെലിക്കോപ്ടര്‍ വഴി തളിച്ചുതുടങ്ങി. 1980 മുതല്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. 1982ഓടുകൂടി കേരള പ്ളാന്റേഷന്‍ കോര്‍പറേഷന്റെ കാസര്‍കോട് ജില്ലയിലുള്ള 4696 ഹെക്ടര്‍ വിസ്തീര്‍ണം വരുന്ന ആറ് ഡിവിഷനുകളിലും എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിലവില്‍ വന്നു. കശുമാവ് പുഷ്പിക്കുന്ന സമയത്ത് കാണുന്ന തേയിലക്കൊതുകിനെ നശിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. 1979 മുതല്‍തന്നെ പശുക്കുട്ടികളില്‍ ജനിക്കുമ്പോള്‍തന്നെ അംഗവൈകല്യം കണ്ടുവന്നതായി പദ്രെ, പെരിയ എന്നീ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അറിയിച്ചതനുസരിച്ച്, അതിനെപ്പറ്റി നേരിട്ട് അന്വേഷിച്ച ശ്രീപദ്രെ എന്ന പത്രപ്രവര്‍ത്തകന്‍ 'സുധ' (1979 സെപ്തംബര്‍ 19), 'ഉദയവാണി' (1981 നവംബര്‍ 24) എന്നീ കന്നട പത്രങ്ങളിലും പിന്നീട് 'എവിഡെന്‍സ്' എന്ന ഇംഗ്ളീഷ് പത്രത്തിലും (1981 ഡിസംബര്‍ 25-31), കേരളകൌമുദിയിലും ഈ അസാധാരണ പ്രതിഭാസത്തെപ്പറ്റി റിപ്പോര്‍ട് ചെയ്തു. ഇതിനെ തുടര്‍ന്ന് എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ എന്ന ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും അപസ്മാരം, മാനസിക രോഗങ്ങള്‍, ബുദ്ധിമാന്ദ്യം, പഠനവൈകല്യം, ശ്രദ്ധക്കുറവ്, ചര്‍മരോഗങ്ങള്‍, ആസ്ത്മ, ക്രമരഹിതമായ ആര്‍ത്തവം, ഗര്‍ഭമലസല്‍ എന്നീ രോഗങ്ങള്‍ അസാധാരണമാംവിധം കാണുന്നതായി വാണീനഗറിലെ ഡോ. വൈ മോഹന്‍കുമാര്‍ റിപ്പോര്‍ടുചെയ്തു. ഈ വിഷയത്തില്‍ ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ശ്രദ്ധ പതിയണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം 1997 ഫെബ്രുവരിയിലെ കേരള മെഡിക്കല്‍ ജേര്‍ണലില്‍ ഒരു കത്ത് പ്രസിദ്ധപ്പെടുത്തി. പെര്‍ലെ ഗ്രാമത്തിലെ ഡോ. ശ്രീപതി കാഞ്ചന്‍പാടിയും മേല്‍പ്പറഞ്ഞ രോഗങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് കാണുന്നതായി റിപ്പോര്‍ട്ചെയ്തു. 1997ല്‍ പെരിയ കൃഷിഭവനിലെ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ലീലാകുമാരി അമ്മ തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും ശബ്ദവൈകല്യം, ഹോര്‍മോണ്‍ സംബന്ധമായ രോഗങ്ങള്‍, മാന്ദ്യം എന്നിവ അനുഭവപ്പെടുന്നു എന്നും, ഇത് പെര്‍ലെയില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ മൂലമാകാമെന്നും, അതിന് പരിഹാരമുണ്ടാക്കണമെന്നും കാണിച്ച് പി സി കെക്കും ജില്ലാ കലക്ടര്‍ക്കും അപേക്ഷ നല്‍കി. തുടര്‍ന്ന് കാസര്‍കോട്ടും ഹോസ്ദുര്‍ഗിലും കോടതികളില്‍ കേസ് കൊടുക്കുകയും 1998ല്‍ കാസര്‍കോട് താലൂക്കില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് താല്‍ക്കാലികമായി നിരോധിക്കുന്ന വിധി സമ്പാദിക്കുകയുംചെയ്തു. പി സി കെ ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചു. 1999ല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ വീണ്ടും തുടര്‍ന്നപ്പോള്‍ ജനങ്ങള്‍ അതിനെതിരായി ശക്തമായ പ്രതിരോധം ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്ത്, പരിസ്ഥിതി സംഘടനയായ 'തണല്‍', കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ നേതൃത്വത്തില്‍ പഠനങ്ങള്‍ നടന്നു. 2001 ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ ഈ വിഷയത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ അഞ്ച് അംഗങ്ങളുള്ള ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. 2001ല്‍ തന്നെ കാസര്‍കോട് ജില്ലയിലെ പി സി കെയുടെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ മുകളില്‍നിന്നു തളിക്കുന്നത് കേരള ഗവണ്‍മെന്റ് നിരോധിച്ചു. 2002 ആഗസ്ത് 12ന് കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണയും ജ. ജി ശിവരാജനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേരളത്തില്‍ മുഴുവനായി എന്‍ഡോസള്‍ഫാന്‍ ഉപയോഗം തടഞ്ഞു. 2010 നവംബറില്‍ ചുവപ്പ്, മഞ്ഞ എന്നീ കളര്‍കോഡുകളിലുള്ള മാരക കീടനാശിനികളുടെ ഉപയോഗം കേരളത്തില്‍ നിരോധിച്ചുകൊണ്ട് കേരള ഗവണ്‍മെന്റ് ഉത്തരവിറക്കി.
അന്വേഷണങ്ങള്‍, പഠനങ്ങള്‍
ഒരു പ്രദേശത്ത് കാണുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണോ എന്നറിയാന്‍ പ്രധാനമായി നാലു മാര്‍ഗങ്ങള്‍ അവലംബിക്കാം.
1. എപിഡമയോളജിക്കല്‍ സര്‍വേ
ഒരു പ്രത്യേക ജനവിഭാഗത്തിന്നിടയില്‍ പൊതുവായി ഏകകാലത്തില്‍ വ്യാപകമായി കാണപ്പെടുന്ന രോഗങ്ങളെപ്പറ്റി പഠിക്കുവാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പഠനരീതിയാണ് ഇത്. പഠനവിധേയമാക്കുന്ന ജനവാസസ്ഥലത്തെ ജനങ്ങളില്‍ പൊതുവായി കാണുന്ന രോഗങ്ങളുടെ ലക്ഷണങ്ങള്‍, രോഗം ബാധിച്ചവരുടെ എണ്ണം, അവരുടെ ലിംഗം, വരുമാനം, പൊതു ആരോഗ്യസ്ഥിതി എന്നിവ ഭൂമിശാസ്ത്രപരമായും സാമൂഹ്യപരമായും സമാനസ്വഭാവമുള്ള മറ്റൊരു പ്രദേശത്തെ സ്ഥിതിയുമായി താരതമ്യം ചെയ്ത് വിലയിരുത്തുന്ന സമ്പ്രദായമാണ് ഇത്. ഇതില്‍ രണ്ടു പ്രദേശങ്ങളിലും എടുക്കുന്ന 'സാംപിളു'കളുടെ എണ്ണം എത്രയും കൂടുന്നുവോ, ഫലത്തിന്റെ വിശ്വാസ്യത അത്രയ്ക്ക് കൂടും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓക്യുപ്പേഷണല്‍ ഹെല്‍ത്ത് (NIOH), കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ഇത്തരം പഠനം ചുരുങ്ങിയതോതില്‍ കാസര്‍കോട്ട് നടത്തിയിട്ടുണ്ട്. അവിടെ പഠനം നടത്തിയ മറ്റു പല കമീഷനുകളും സംഘങ്ങളും യഥാര്‍ഥ രോഗകാരണമറിയാന്‍ വിശദമായ എപിഡമയോളജിക്കല്‍ സര്‍വെ നടത്തണമെന്ന് ശുപാര്‍ശ ചെയ്തു എങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ അതു നടത്തിയിട്ടില്ല.
II. അവശിഷ്ട സര്‍വെ
വെള്ളം, മണ്ണ്, ചെടികള്‍, മനുഷ്യരടക്കമുള്ള ജന്തുക്കള്‍ എന്നിവയില്‍ എന്‍ഡോസള്‍ഫാന്റേയോ അതിന്റെ പരിണിത സംയുക്തങ്ങളായ ഡയോള്‍, സള്‍ഫേറ്റ് എന്നിവയുടെയോ അവശിഷ്ടം എത്രമാത്രം, എത്രകാലം നിലനില്‍ക്കുന്നു എന്ന് പഠിച്ച് അതിന്റെ അടിസ്ഥാനത്തില്‍ രോഗകാരണമാകത്തക്ക അളവില്‍ അവശിഷ്ടമുണ്ടോ എന്നു വിലയിരുത്തുകയാണ് ഇതില്‍ ചെയ്യുന്നത്. കാലം കഴിയുന്തോറും അവശിഷ്ടങ്ങള്‍ കുറയുന്നതിനാല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ നിര്‍ത്തി വളരെക്കാലം കഴിഞ്ഞ് ഇതു നടത്തിയിട്ട് പ്രയോജനമില്ല. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് സ്റ്റഡീസ് (CES), ഫ്രെഡ്രിക് ഇന്‍സ്റ്റിറ്റ്യൂട്ട് , കാര്‍ഷിക സര്‍വകലാശാല എന്നിവ ഇത്തരം പഠനങ്ങള്‍ നടത്തി പരസ്പരവിരുദ്ധമായ റിപ്പോര്‍ടുകള്‍ നല്‍കി. ദേഹത്തില്‍നിന്ന് രക്തമെടുക്കുവാനോ, ബയോപ്സി ചെയ്യുവാനോ ഭൂരിഭാഗം ആളുകള്‍ വിസമ്മതിക്കും എന്ന പരിമിതി മനുഷ്യരിലെ അവശിഷ്ടപഠനം അപ്രായോഗികമാക്കുന്നു.
III. ഓട്ടോപ്സി
മൃതശരീരങ്ങളുടെ ഭാഗങ്ങള്‍ കീറി പരിശോധിച്ച് രോഗകാരണം തീര്‍ച്ചയാക്കുന്ന ഈ രീതിക്കും പരിമിതികളുണ്ട്. മൃതശരീരം കീറിമുറിക്കാന്‍ ബന്ധുക്കളുടെ സമ്മതം നേടുക എന്നത് എളുപ്പമല്ല.
IV. 'നേതി, നേതി'
പ്രദേശത്തു കാണുന്ന രോഗങ്ങള്‍ക്ക് സാധാരണയായി ഏതെല്ലാം കാരണങ്ങളാണ് ഉള്ളതെന്ന് പഠിച്ച്, ആ കാരണങ്ങളില്‍ ഓരോന്നായി ആ പ്രദേശത്തുണ്ടോ എന്ന് പരിശോധിച്ച്, ഇല്ലാത്തവയെ 'ഇതല്ല, ഇതല്ല' ('നേതി, നേതി') എന്ന് മാറ്റിനിര്‍ത്തി അവസാനം ഏതാണ് കാരണം എന്ന നിഗമനത്തിലെത്തുന്ന തര്‍ക്കശാസ്ത്ര രീതിയാണ് ഇത്. അച്യുതന്‍ കമ്മിറ്റി സ്വീകരിച്ച രീതി ഇതാണ്.
പ്രധാന പഠനങ്ങളുടെ ലഘുവിവരണങ്ങള്‍
1980 മുതല്‍ കാസര്‍കോട്ടെ പ്രശ്നബാധിത പ്രദേശത്തു നടത്തിയ പഠനങ്ങള്‍
I. ശ്രീപദ്രെയുടെ പഠനങ്ങള്‍ (1978-81)
അംഗവൈകല്യമുള്ള പശുക്കുട്ടികള്‍ പിറക്കുന്നതിനെ അടിസ്ഥാനമാക്കി പത്രപ്രവര്‍ത്തകനായ ശ്രീപദ്രെ നടത്തിയ ഇടപെടലുകളാണിവ. മനുഷ്യരിലെ രോഗങ്ങളെപ്പറ്റി ആദ്യമായി വിവരങ്ങള്‍ ലഭിച്ചതും ഈ പഠനത്തില്‍ക്കൂടെയാണ്. പ്രശ്നപ്രദേശത്തെ അനാരോഗ്യസ്ഥിതിയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ കഴിഞ്ഞത് ഈ പഠനങ്ങളില്‍ക്കൂടെയാണ്.
II. ബാനര്‍ജി കമ്മിറ്റി (1991)
കേന്ദ്ര കീടനാശിനി ബ്യൂറോവിന്റെ ആഭിമുഖ്യത്തില്‍ വന്ന ഈ കമ്മിറ്റി ജലസ്രോതസ്സുകള്‍ക്കു മുകളിലോ അടുത്തുള്ള പ്രദേശങ്ങളിലൊ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് വിലക്കി. ബ്യൂറോ പിന്നീട് നിയമിച്ച ആര്‍ ബി സിങ് കമ്മിറ്റി ഈ നിര്‍ദേശം ശരിവെച്ചു.
III.ഡോ. മോഹന്‍കുമാറിന്റെ പഠനം (1996-97)
വാണീനഗറിലെ ഡോ. വൈ. മോഹന്‍കുമാര്‍ എന്‍കമജെ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും പ്രത്യേകതരം രോഗങ്ങള്‍ വ്യാപകമായി ഉണ്ടാകുന്നതിനെപ്പറ്റി അന്വേഷണം നടത്തി. ആദ്യമാദ്യം കര്‍ണാടക സ്റ്റേറ്റില്‍ ഘനലോഹ മാലിന്യംമൂലം കണ്ടുവന്നിരുന്ന 'ഹണ്‍ഡിഗൊഡു' രോഗമാണെന്ന് സംശയിച്ചെങ്കിലും, ഇവിടെ ഘനലോഹ മാലിന്യസാധ്യത ഇല്ലാത്തതുകൊണ്ട്, 1980 മുതല്‍ തോട്ടങ്ങളില്‍ തളിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിമൂലമുള്ള രോഗങ്ങളാകാം എന്ന് സംശയിച്ചു. ഈ സംശയം 1997 ഫെബ്രുവരിയിലെ കേരള മെഡിക്കല്‍ ജേര്‍ണല്‍വഴി വൈദ്യലോകത്തിനെ അറിയിക്കുകയും, ഇതില്‍ ഇടപെടാന്‍ ഡോക്ടര്‍മാരോടപേക്ഷിക്കുകയും ചെയ്തു. ഡോ. മോഹന്‍കുമാറിന്റെ സംശയം പെര്‍ലെ ഗ്രാമത്തില്‍ പ്രാക്റ്റീസ് ചെയ്തിരുന്ന ഡോ. ശ്രീപതി കഞ്ചന്‍പാടിയും ഉന്നയിച്ചു.
IV.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (1997-2000)
മുന്‍കൂട്ടി തയ്യാറാക്കിയ ഒരു ചോദ്യാവലിയുടെ സഹായത്തോടെ കശുമാവിന്‍ തോട്ടങ്ങളുടെ ചുറ്റും 500 മീറ്ററിനുള്ളിലുള്ള 747 വീടുകളിലെ 4012 പേരെ ഉള്‍പ്പെടുത്തി നടത്തിയ ലഘു എപിഡമയോളജിക്കല്‍ പഠനമാണ് ഇത്. ഇതിന്റെ ഫലം 'ശാസ്ത്രഗതി' മാസികയുടെ 2001 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. പദ്രെഗ്രാമത്തില്‍ പല രോഗങ്ങളും കേരള ശരാശരിയേക്കാള്‍ കൂടുതലാണ് എന്ന് ഈ പഠനത്തില്‍ കണ്ടു. ഉദാഹരണത്തിന് എന്‍മകജെ പഞ്ചായത്തില്‍ കേരള ശരാശരിയെ അപേക്ഷിച്ച് അംഗങ്ങളുടെ ചലനക്ഷമതയിലെ കുറവ് 1.84 ഇരട്ടിയും, കാഴ്ചക്കുറവ് 2.23 ഇരട്ടിയും, ബുദ്ധിമാന്ദ്യം 2.43 ഇരട്ടിയും, രോഗാതുരത 1.69 ഇരട്ടിയുമാണ് എന്ന് സര്‍വെയില്‍ കണ്ടു. കന്നുകുട്ടികളിലെ അംഗവൈകല്യം 2.34 ഇരട്ടിയാണെന്നും കണ്ടു. ഇതേ പഞ്ചായത്തില്‍ കുട്ടികളില്ലാത്ത ദമ്പതികളുടെ എണ്ണം കേരള ശരാശരിയേക്കാള്‍ രണ്ടിരട്ടിയാണെന്നാണ് കണ്ടത്.
V. നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ കാഷ്യു-(1997) (NRCC)
കാസര്‍കോട് തളിക്കുന്ന കീടനാശിനിയുടെ അളവ് കൂടുതലാണെന്നുകണ്ട് അത് 1%ല്‍ കൂടരുതെന്ന് നിര്‍ദേശിച്ചു. കീടനാശിനി പ്രയോഗിക്കുമ്പോള്‍ ജലസ്രോതസ്സുകള്‍ ശരിയായി മൂടുന്നില്ലെന്നും, മറ്റ് മുന്‍കരുതലുകള്‍ ആത്മാര്‍ഥതയോടെ എടുക്കുന്നില്ലെന്നും 2001ല്‍ നടത്തിയ നിരീക്ഷണത്തില്‍ പറയുന്നു. കൂടാതെ കാസര്‍കോട് തോട്ടങ്ങള്‍ ആകാശത്തുനിന്ന് കീടനാശിനി തളിക്കുന്നതിന് യോഗ്യമല്ല എന്നും അഭിപ്രായപ്പെട്ടു. (letter no. F. PA (Aerial SprayPck)/2001 dated 8th March 2001 from Director NRCC).
VI. സി എസ് ഇ (2001)
സി എസ് ഇ രക്തത്തിലും, വെള്ളത്തിലും, ഇലകളിലും, മണ്ണിലും അവശിഷ്ട സര്‍വെ നടത്തി. ഫലം 'ഡൌണ്‍ ടു എര്‍ത്ത്' എന്ന ജേര്‍ണലില്‍ 2001ല്‍ പ്രസിദ്ധപ്പെടുത്തി. കാണ്‍പൂര്‍ ഐഐടിയിലാണ് അവശിഷ്ടങ്ങളുടെ പരിശോധന നടത്തിയത്. ആറുപേരുടെ രക്ത സാംപിളുകളില്‍ 108 പി പി യമ്മിനും 196 പി പി യമ്മിനും ഇടയില്‍ എന്‍ഡോസള്‍ഫാന്‍ അവശിഷ്ടം കണ്ടതായി റിപ്പോര്‍ടില്‍ പറയുന്നു. ഇത് അവിശ്വസനീയമാംവിധം അധികമാണെന്നും, ആ അളവില്‍ അവശിഷ്ടം രക്തത്തിലുള്ളവര്‍ ജീവിച്ചിരിക്കാന്‍ ഇടയില്ലെന്നും അച്യുതന്‍കമ്മിറ്റി അടക്കമുള്ള അന്വേഷണസംഘങ്ങള്‍ അഭിപ്രായപ്പെട്ടു. എങ്കിലും സി എസ് ഇയുടെ റിപ്പോര്‍ട് എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ദുരന്തത്തെപ്പറ്റി ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കി.
VII. കേരള കാര്‍ഷിക സര്‍വകലാശാല (2001)
2001 ഫെബ്രുവരിയിലും ജൂലൈയിലും കേരള കാര്‍ഷിക സര്‍വകലാശാലയുടെ രണ്ടു സംഘങ്ങള്‍ മണ്ണ്, വെള്ളം, വിളകള്‍ എന്നിവയുടെ സാംപിളുകള്‍ ശേഖരിച്ച് അവശിഷ്ടപഠനത്തിന് വിധേയമാക്കി. വായുമാര്‍ഗം കീടനാശിനി തളിക്കുന്നത് നിര്‍ത്തിവെക്കണമെന്നും എപിഡമയോളജിക്കല്‍ സര്‍വെ നടത്തണമെന്നുമായിരുന്നു ശുപാര്‍ശകള്‍.
VIII. കേരള ഗവണ്‍മെന്റ് കമ്മിറ്റി
കേരള ഗവണ്‍മെന്റ് 2001ല്‍ ഡോ. എ അച്യുതന്‍ (ഈ ലേഖകന്‍) ചെയര്‍മാനായി വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ ഒരു സംഘത്തെ പ്രശ്നം പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ചു. കാസര്‍കോട്ടെ തോട്ടങ്ങള്‍ വായുമാര്‍ഗം കീടനാശിനികള്‍ തളിക്കുന്നതിന് അനുയോജ്യമല്ല എന്നും കീടനാശിനി തളിക്കുന്നതിനെ സംബന്ധിച്ചുള്ള മര്യാദകളും (protocols) മുന്‍കരുതലുകളും പാലിച്ചില്ല എന്നും കമ്മിറ്റി കണ്ടു. തുടര്‍ച്ചയായി ഇവിടെ 20 കൊല്ലക്കാലം ഒരേ കീടനാശിനിതന്നെ തളിച്ചതിലെ ശരികേടും ചൂണ്ടിക്കാട്ടി. രോഗാതുരതയെപ്പറ്റി ഡോ. മോഹന്‍കുമാറും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പുറത്തുവിട്ട വിവരങ്ങള്‍ ശരിയാണെന്നും റിപ്പോര്‍ടില്‍ ചൂണ്ടിക്കാണിച്ചു. ഇവിടെ കാണുന്ന വര്‍ധിച്ച രോഗാതുരതക്ക് എന്‍ഡോസള്‍ഫാനാണ് കാരണമെന്നു തീര്‍ത്തുപറയുവാന്‍ വിശദമായ എപിഡമയോളജിക്കല്‍ സര്‍വെ ആവശ്യമാണെന്നും, എന്നാല്‍ രോഗാതുരതക്കു കാരണമായി മറ്റൊന്നും കാണാത്തതിനാലും എന്‍ഡോസള്‍ഫാന്‍മൂലം ഇതുണ്ടാകുമെന്നതിനാലും ഇതു മൂലമാണ് രോഗാതുരത വര്‍ധിച്ചതോതില്‍ ഉണ്ടാകുന്നത് എന്നു പറയാമെന്നും റിപ്പോര്‍ടില്‍ പരാമര്‍ശിച്ചു. അതുകൊണ്ട് അഞ്ചു വര്‍ഷത്തേക്ക് വായുമാര്‍ഗം കീടനാശിനി തളിക്കുന്നത് നിരോധിക്കണമെന്നും പദ്രെഗ്രാമത്തില്‍ ഒരു കീടനാശിനിയും ഉപയോഗിക്കരുതെന്നും കമ്മിറ്റി ശുപാര്‍ശചെയ്തു. പി സി കെ തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി വിശദമായ ആരോഗ്യസര്‍വെ നടത്തി ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
IX. ബംഗളൂരു കാര്‍ഷിക സര്‍വകലാശാല (2000)
സര്‍വകലാശാലയിലെ ശാസ്ത്രസംഘം പി സി കെ തോട്ടങ്ങള്‍ക്ക് തൊട്ടടുത്തുള്ള കര്‍ണാടക സ്റ്റേറ്റിലെ തോട്ടങ്ങളില്‍ പഠനം നടത്തി. വായുമാര്‍ഗമുള്ള കീടനാശിനി പ്രയോഗം നിര്‍ത്തിവെക്കാന്‍ ശുപാര്‍ശചെയ്തു.
X.തണല്‍ (2001)
'തണല്‍' എന്ന സന്നദ്ധ സംഘടന എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കാസര്‍കോട്ട് കാണുന്ന ആരോഗ്യപ്രശ്നങ്ങളും താരതമ്യംചെയ്ത് ഇവിടുത്തെ പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാകണമെന്ന നിഗമനത്തിലെത്തി.
XI. എന്‍ ഐ ഒ എച്ച് (2001)
കേന്ദ്ര മനുഷ്യാവകാശ സമിതിയുടെ നിര്‍ദേശമനുസരിച്ച് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ റിസര്‍ച്ച് (NIOH) ഡയരക്ടര്‍ ഡോ. സയ്ഫിന്റെ നേതൃത്വത്തില്‍ ഒരു ശാസ്ത്രസംഘം 262 കുട്ടികളില്‍നിന്ന് രക്തവും, കിണറുകളിലെയും കുളങ്ങളിലെയും വെള്ളവും ശേഖരിച്ച് പരിശോധിച്ചു. പ്രദേശത്തെ രോഗങ്ങളെക്കുറിച്ച് (പ്രത്യേകിച്ചും വിദ്യാര്‍ഥികളുടെ പഠനവൈകല്യങ്ങളും സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തിലെ വ്യതിയാനങ്ങളും) പഠിച്ചു. രക്തത്തില്‍ 78.74 പി പി ബി വരെ എന്‍ഡോസള്‍ഫാന്റെ അവശിഷ്ടം കണ്ടു. കീടനാശിനി തളിച്ച് പത്തുമാസത്തിനു ശേഷവും ഇത്രയും അളവില്‍ കീടനാശിനി കാണുന്നത് ഗൌരവമായി കാണണമെന്ന് സംഘം അഭിപ്രായപ്പെട്ടു. മരുന്നുതളിക്കാത്ത മറ്റു ഗ്രാമങ്ങളെ അപേക്ഷിച്ച് ഈ പ്രദേശത്ത് ജനിതകവൈകല്യങ്ങള്‍ അഞ്ച് ഇരട്ടിവരെ കാണുന്നതായി പഠനറിപ്പോര്‍ടില്‍ പറയുന്നു. കൌമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ ആര്‍ത്തവാരംഭം ചെറുപ്രായത്തില്‍തന്നെ കാണുന്നതായും സംഘം കണ്ടു. രാസകീടനാശിനികള്‍ തളിക്കുന്നത് ഒഴിവാക്കാനും എപ്പിഡമയോളജിക്കല്‍ സര്‍വെ നടത്തുവാനും സംഘം ശുപാര്‍ശചെയ്തു.
XII.ഫിപ്പാറ്റ് റിപ്പോര്‍ട് (2001)
പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് കാഞ്ചീപുരത്തെ ഫ്രഡറിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ടോക്സിക്കോളജി (FIPPAT) എന്ന സ്ഥാപനം 2001 ജൂണില്‍ ഏഴ് ലക്ഷം രൂപ പ്രതിഫലം വാങ്ങി പ്രശ്നപ്രദേശങ്ങളില്‍ അവശിഷ്ടപഠനം നടത്തി അവിടെ എന്‍ഡോസള്‍ഫാന്റെ അളവ് നാമമാത്രമാണെന്ന് റിപ്പോര്‍ട്ടു നല്‍കി. മണ്ണില്‍ 0.001 -0.0012 പി പി എം, ഇലകളില്‍ 0.04 -2.863 പി പി എം എന്നീ നേരിയ അളവില്‍ മാത്രമാണ് അവശിഷ്ടമുള്ളതെന്നാണ് അവര്‍ കണ്ടത്. എന്നാല്‍ റിപ്പോര്‍ടിന്റെ പ്രസക്തഭാഗങ്ങള്‍ ആദ്യമായി പുറത്തുവിട്ടത് കീടനാശിനി നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റാണ്. അതുമല്ല അച്യുതന്‍ കമ്മിറ്റിക്ക് ഫിപ്പാറ്റ് റിപ്പോര്‍ടിന്റെ കോപ്പി നല്‍കിയത്, ഗവേഷണത്തിന് ഫീസുകൊടുത്ത് ഫിപ്പാറ്റിനെ കമീഷന്‍ ചെയ്ത പി സി കെ അല്ല, നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതിനിധിയാണ്. കൂടാതെ, അച്യുതന്‍കമ്മിറ്റി മുമ്പാകെ തെളിവു നല്‍കാന്‍ ഫിപ്പാറ്റ് പ്രതിനിധി ഡോ. രമേഷ് ഹാജരായത് നിര്‍മാതാക്കളുടെ പ്രതിനിധികളുടെ കൂടെയാണ്. "നിങ്ങള്‍ എന്തുകൊണ്ട് ഇവരുടെ കൂടെ വന്നു'' എന്ന ചോദ്യത്തിന് "ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്തത്, അതുകൊണ്ട് ഒന്നിച്ചു ഹാജരായി'' എന്നായിരുന്നു ഡോ. രമേഷ് പറഞ്ഞത്. ഇതെല്ലാം ഫിപ്പാറ്റും നിര്‍മാതാക്കളുടെ അസോസിയേഷനും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
XIII. കേരള ഐഎംഎ (2002)
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകത്തിലെ നാലംഗസംഘം സ്ഥലം സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ടില്‍ അച്യുതന്‍ കമ്മിറ്റിയുടെയും എന്‍ ഐ ഒ എച്ചിന്റെയും കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുകയും നിഗമനങ്ങളെ ശരിവെക്കുകയുംചെയ്തു. 1997ല്‍ ഡോ. മോഹന്‍കുമാര്‍ മെഡിക്കല്‍ ജേര്‍ണല്‍വഴി പ്രശ്നം ചൂണ്ടിക്കാണിച്ച് ഇടപെടണമെന്നഭ്യര്‍ഥിച്ചിട്ടും പ്രശ്നത്തെ അര്‍ഹിക്കുന്ന ഗൌരവത്തോടെ കണ്ട് വിശദമായ എപ്പിഡമയോളജിക്കല്‍ പഠനം നടത്തിയില്ലെന്നു മാത്രമല്ല, ചുരുങ്ങിയത് രോഗവിവരങ്ങള്‍ പഠിച്ച് കേരള ശരാശരിയുമായി താരതമ്യംചെയ്ത് വിശകലനങ്ങളിലെത്തുകയെങ്കിലും ചെയ്യാത്തത് ദൌര്‍ഭാഗ്യകരമായിപ്പോയി.
XIV. ഫിലിപ്പൈന്‍സ് സര്‍വകലാശാല (2002)
'തണലി'ന്റെ അഭ്യര്‍ഥന മാനിച്ച് 2002 ജനുവരിയില്‍ ഫിലിപ്പൈന്‍സ് സര്‍വകലാശാലയിലെ പ്രൊഫ. റോമിയോ എഫ് ക്വിജാനോയുടെ നേതൃത്വത്തില്‍ ഒരുസംഘം ശാസ്ത്രജ്ഞര്‍ കാസര്‍കോട്ടെ രോഗബാധിതഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് പഠനങ്ങള്‍ നടത്തി. കശുമാവിന്‍തോട്ടങ്ങളുടെ പരിസരങ്ങളിലുള്ള ഗ്രാമങ്ങളില്‍ ചില രോഗങ്ങള്‍ അസാധാരണമായ അളവില്‍ കാണപ്പെടുന്നു എന്നും ഇത് എന്‍ഡോസള്‍ഫാന്‍ മൂലമാണെന്നും സംഘം കണ്ടെത്തി. പ്രദേശത്ത് വിശദമായ ആരോഗ്യ സര്‍വെ നടത്തണമെന്നും ഗ്രാമീണര്‍ക്ക് ചികിത്സാ സൌകര്യങ്ങളും മറ്റു ദുരിതനിവാരണ പ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തണമെന്നും സംഘം നിര്‍ദേശിച്ചു. തുടര്‍ന്നും ഉണ്ടായേക്കാവുന്ന ആരോഗ്യപരവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കാന്‍ പത്തുവര്‍ഷക്കാലമെങ്കിലും ചിട്ടയായ ആരോഗ്യ-പാരിസ്ഥിതിക മോണിട്ടറിങ് നടത്തണമെന്നും സംഘം അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പോപ്സ് ഇനത്തില്‍പ്പെടുത്തി ലോകവ്യാപകമായി നിരോധിക്കാന്‍ സത്വരനടപടികള്‍ എടുക്കണമെന്നും സംഘം നിര്‍ദേശിച്ചു.
XV. ഡോ. പി കെ ശിവരാമന്‍ കമ്മിറ്റി (2003)
2003ല്‍ കേരള ഹെല്‍ത്ത് സര്‍വീസസ് വകുപ്പ്, ഡോ. പി കെ ശിവരാമന്റെ നേതൃത്വത്തില്‍ ഒരുസംഘം ഡോക്ടര്‍മാരെ പ്രദേശത്ത് വിപുലമായ ഹെല്‍ത്ത് സര്‍വെ നടത്തുവാന്‍ നിയോഗിച്ചു. ഈ സംഘം രോഗാതുരതയെപ്പറ്റി പഠിച്ച് റിപ്പോര്‍ടു നല്‍കി.
XVI. കേന്ദ്ര കൃഷിവകുപ്പിന്റെ സംഘങ്ങള്‍
2001ലും 2002ലും ഡോ. ദ്യുബെയുടെയും ഡോ. മായിയുടെയും നേതൃത്വത്തില്‍ രണ്ടു സംഘങ്ങള്‍, പ്ളാന്റേഷന്‍ പ്രദേശം സന്ദര്‍ശിക്കുകയോ, ബന്ധപ്പെട്ട പ്രധാനപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയോ ചെയ്യാതെ, പ്ളാന്റേഷന്‍ പ്രദേശത്തും സമീപ പ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്ന രോഗങ്ങളും എന്‍ഡോസള്‍ഫാനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് പറയാന്‍ കഴിയുകയില്ല എന്നു കാണിച്ച് കേന്ദ്ര ഗവണ്‍മെന്റിലേക്ക് റിപ്പോര്‍ടുകള്‍ അയച്ചു. ഫിപ്പാറ്റിന്റെ നിഗമനങ്ങളെയാണ് പ്രധാനമായും ഇവര്‍ ആശ്രയിച്ചത്.
XVII. ദ്യുബെ കമ്മിറ്റി (2004)
ഇന്ത്യാ ഗവണ്‍മെന്റിന്റെ കൃഷിവകുപ്പ് ഒ പി ദ്യുബെ ചെയര്‍മാനായി ഒരു വിദഗ്ധസംഘത്തെ അതുവരെ വന്ന എല്ലാ റിപ്പോര്‍ടുകളും വിശകലനംചെയ്ത് നിര്‍ദേശങ്ങള്‍ നല്‍കാന്‍ നിയോഗിച്ചു. ഈ സംഘം പദ്രെഗ്രാമത്തിലും മറ്റിടങ്ങളിലും കാണുന്ന രോഗങ്ങളും എന്‍ഡോസള്‍ഫാന്‍ തളിയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന നിഗമനത്തിലെത്തി എന്ന് ചെയര്‍മാന്‍ ദ്യുബെ യോഗമിനുട്ട്സില്‍ എഴുതി. എങ്കിലും പി സി കെയുടെ തോട്ടങ്ങള്‍ അടക്കം എല്ലായിടത്തും കീടനാശിനികള്‍ വായുമാര്‍ഗം തളിക്കുന്നത് നിരോധിക്കണമെന്നും മിനുട്സില്‍ എഴുതി. മിനുട്സ് പുറത്തുവന്നപ്പോള്‍ തങ്ങളുടെ വ്യത്യസ്താഭിപ്രായങ്ങള്‍ മിനുട്സില്‍ ഉള്‍പ്പെടുത്തിയില്ല എന്നും തങ്ങള്‍ മിനുട്സില്‍ ഒപ്പിട്ടില്ലെന്നും കമ്മിറ്റി അംഗങ്ങളായിരുന്ന ഡോ. ബ്രജേന്ദ്രസിങ്, ഡോ. എ ദിവാന്‍, ഡോ. വൈ കെ ഗുപ്ത, കമ്മിറ്റി സെക്രട്ടറി ആയിരുന്ന ഡോ. സന്ധ്യകുല്‍ക്കര്‍ണി എന്നിവര്‍ വിയോജനക്കുറിപ്പയച്ചു. എന്നാല്‍ ഈ കുറിപ്പുകള്‍ മിനുട്സിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയില്ല; അനുബന്ധമായി മാത്രം ചേര്‍ത്തു. ഈ റിപ്പോര്‍ടാണ് കേന്ദ്ര കൃഷിവകുപ്പ് ആധികാരിക റിപ്പോര്‍ടായി ആശ്രയിക്കുന്നത് എന്നറിയുന്നു.
XVIII. കേരള ഗവണ്‍മെന്റ് പഠനം (2010)
2010ല്‍ എന്‍ഡോസള്‍ഫാന്‍ വിവാദം ശക്തിപ്രാപിച്ചപ്പോള്‍ കേരള ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരം കാസര്‍കോട് ജില്ലാ ഭരണകൂടവും സ്റ്റേറ്റ് ആരോഗ്യ വകുപ്പും സംയുക്തമായി ഡോ. ഡിക്രൂസിന്റെ നേതൃത്വത്തില്‍ ആരോഗ്യസര്‍വെ നടത്തി. ഈ സര്‍വേയില്‍ 2200ഓളം പേര്‍ ഗുരുതരമായ രോഗം ബാധിച്ചവരാണെന്നും, ഇതില്‍ പത്തുവയസ്സിനു താഴെയുള്ള കുട്ടികളും പെടുമെന്നും കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിയതിനുശേഷമുണ്ടായ കുട്ടികള്‍ക്കും രോഗമുണ്ടെന്നത് ദൂഷ്യഫലങ്ങള്‍ തലമുറകളിലേക്ക് പരക്കാന്‍ സാധ്യതയുണ്ടെന്ന് കാണിക്കുന്നു.
എന്തുകൊണ്ട് കാസര്‍കോട്ട് പ്രശ്നങ്ങള്‍ രൂക്ഷമായി?
മഹാരാഷ്ട്രയില്‍ പരുത്തിക്കൃഷിക്കും, തമിഴ്നാട്ടില്‍ പച്ചക്കറിക്കൃഷിക്കും ആന്ധ്രപ്രദേശില്‍ പുകയിലക്കൃഷിക്കും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നു. കേരളത്തില്‍ തമിഴ്നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പച്ചക്കറിക്കും ഇതുപയോഗിക്കുന്നതായി റിപ്പോര്‍ടുകളുണ്ട്. കേരളത്തില്‍ നെല്ലിനും തെങ്ങിനുമടക്കം പല കൃഷികള്‍ക്കും ഇതുപയോഗിക്കുന്നു എന്നതിന് കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ 'അഭികാമ്യമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളി'ല്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെട്ടത് സാക്ഷ്യപത്രമായി എടുക്കാം. കര്‍ണാടകത്തിലെ ചില ഗ്രാമങ്ങളില്‍നിന്നും, പുതുശ്ശേരി സ്റ്റേറ്റില്‍നിന്നും മറ്റും എന്‍ഡോസള്‍ഫാന്‍മൂലം രോഗങ്ങള്‍ കാണുന്നതായി ചില റിപ്പോര്‍ടുകള്‍ കാണുന്നു. എന്നാല്‍ പതിനൊന്ന് പഞ്ചായത്തുകളടങ്ങുന്ന വലിയൊരു പ്രദേശത്ത് കഴിഞ്ഞ 25ലധികം കൊല്ലങ്ങളായി ഗുരുതരമായ രോഗങ്ങള്‍ ഒട്ടനവധി പേര്‍ക്കുണ്ടാകുന്നു എന്ന് റിപ്പോര്‍ട് ചെയ്യപ്പെടുന്നതും, അന്വേഷണത്തില്‍ ബോധ്യപ്പെടുന്നതും കാസര്‍കോട്ടു മാത്രമാണ്. ഇതിനെന്താണ് കാരണം? ഒരു കാരണം കാസര്‍കോട്ടുണ്ടായതുപോലെ രോഗങ്ങളെപ്പറ്റി അറിഞ്ഞ് അന്വേഷണങ്ങള്‍ സ്വന്തംനിലക്കു നടത്തി പൊതുജനങ്ങളെയും അധികാരികളെയും അറിയിക്കുവാന്‍ മറ്റു സ്ഥലങ്ങളില്‍ ശ്രീപദ്രെയെയും, മോഹന്‍കുമാറിനെയുംപോലെ പ്രതിബദ്ധതയുള്ളവര്‍ ഉണ്ടായില്ല എന്നതാകാം. എന്നാല്‍ പ്രധാന കാരണം കാസര്‍കോട് ജില്ലയിലെ പ്രശ്നബാധിത തോട്ടപ്രദേശങ്ങള്‍ കീടനാശിനികള്‍ വായുമാര്‍ഗം തളിക്കാന്‍ അനുയോജ്യമല്ല എന്നതും, അവിടെ കീടനാശിനി തളിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ വേണ്ടവിധം ഗൌരവമായി എടുത്തില്ല എന്നതുമാണ്. ഇക്കാര്യത്തില്‍ താഴെ കാണിക്കുന്നവിധം പി സി കെ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.
I) ഭൂമിയുടെ കിടപ്പ്
ചെറിയ കുന്നുകള്‍ നിറഞ്ഞ കാസര്‍കോടിന്റെ ഇടനാട്ടിലാണ് പി സി കെ തോട്ടങ്ങള്‍. മൂന്നു മീറ്ററിലധികം ഉയരത്തില്‍നിന്ന് കീടനാശിനി തളിക്കരുതെന്നാണ് നിയമം. കൂടുതല്‍ ഉയരത്തില്‍നിന്ന് തളിച്ചാല്‍ കീടനാശിനി അധികം സമയം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും, ഉദ്ദിഷ്ടസ്ഥലത്തിനു പുറത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. കേന്ദ്ര ഇന്‍സെക്റ്റിസൈഡ് ബോര്‍ഡും, ദേശീയ കശുവണ്ടി ഗവേഷണ കേന്ദ്രവും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. അച്യുതന്‍ കമ്മിറ്റിക്ക് തെളിവു നല്‍കുന്നതിന്റെ ഭാഗമായി നിര്‍മാതാക്കളുടെ അസോസിയേഷനും ഇതു വ്യക്തമാക്കിയിട്ടുണ്ട്.2 11 മീറ്റര്‍ ഉയരം വരെ ഹെലികോപ്ടര്‍ പറന്നിരുന്നതായി കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ശ്രീകുമാര്‍, അച്യുതന്‍ കമ്മിറ്റി മുമ്പാകെ തെളിവു നല്‍കിയിട്ടുണ്ട്. പല പഞ്ചായത്തു പ്രതിനിധികളും ഇത് ശരിവെക്കുന്നു. മൂന്നു മീറ്ററിലും ഉയരത്തില്‍ പറക്കുന്നുണ്ടോ എന്ന് മോണിട്ടര്‍ ചെയ്യുന്നത് അപ്രായോഗികമാണെന്ന് പി സി കെ പ്രതിനിധിയും പ്രസ്തുത കമ്മിറ്റിയോട് സമ്മതിച്ചിട്ടുണ്ട്.
II) കാസര്‍കോട്ടെ തോട്ടങ്ങള്‍ ചെറിയ പോക്കറ്റുകളായി സ്ഥിതി ചെയ്യുന്നതിനാല്‍ ഹെലിക്കോപ്ടറുകള്‍ വളഞ്ഞുപറക്കുമ്പോള്‍ പരിധിവിടാനിടയുണ്ട്.
III) നിരവധി നീര്‍ച്ചാലുകളും കുളങ്ങളും കിണറുകളും ഉള്ള പ്രശ്നപ്രദേശത്ത് എത്ര ശ്രമിച്ചാലും അവയെല്ലാം മൂടുക എന്നത് പ്രയാസമാണ്. 4000 ല്‍ അധികം കിണറുകളും 1600 ല്‍ അധികം വീടുകളും തോട്ടങ്ങളിലും തൊട്ടടുത്ത പ്രദേശങ്ങളിലുമായി ഉണ്ട് എന്ന് പി സി കെയുടെ കണക്കുകള്‍ തന്നെ വെളിവാക്കുന്നു. കിണറുകള്‍ മൂടാന്‍ തെങ്ങോലയും പ്ളാസ്റ്റിക്ഷീറ്റുമാണ് പൊതുജനങ്ങള്‍ക്ക് കൊടുക്കുന്നത്. ശരിയായി മൂടി എന്നുറപ്പുവരുത്തേണ്ടത് പി സി കെയുടെ ചുമതലയാണെന്ന് കീടനാശിനി തളിക്കാന്‍ അനുവാദം നല്‍കുന്ന ജില്ലാ കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, അത്തരം ഉറപ്പുവരുത്താന്‍ പി സി കെ ശ്രദ്ധിച്ചിട്ടില്ല. തങ്ങള്‍ക്ക് ഇതിനുവേണ്ട സാങ്കേതികസ്റ്റാഫ് ഇല്ല എന്ന ന്യായമാണ് പി സി കെ അച്യുതന്‍ കമ്മിറ്റി മുമ്പാകെ വെച്ചത്. കുളങ്ങളും നീര്‍ച്ചാലുകളും മൂടുക എന്നത് അപ്രായോഗികമാണെന്നും പി സി കെ സമ്മതിച്ചിട്ടുണ്ട്. കുറ്റകരമായ കൃത്യവിലോപമാണ് ഇതെല്ലാം.
IV) തുടര്‍ച്ചയായ ഉപയോഗം
ഒരു കീടനാശിനിയും തുടര്‍ച്ചയായി ഉപയോഗിക്കരുത്. ഇടയ്ക്ക് കീടനാശിനിക്ക് അവധി (Pesticide holiday) കൊടുക്കുകയോ മറ്റൊരു കീടനാശിനി ഉപയോഗിക്കുകയോ വേണം. ദേശീയ കശുവണ്ടി ഗവേഷണ കേന്ദ്രം ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഒരേ കീടനാശിനി തുടര്‍ച്ചയായി 20 വര്‍ഷത്തിലധികംകാലം ഉപയോഗിച്ചു എന്ന ചോദ്യത്തിന് മറ്റു കീടനാശിനികള്‍ കൂടുതല്‍ വിലപിടിച്ചവയായതിനാല്‍ അവ ഉപയോഗിക്കുന്നത് പി സി കെക്ക് നഷ്ടമുണ്ടാക്കുമെന്നും, കീടനാശിനിക്ക് അവധി കൊടുത്താല്‍ ഉത്പാദനം കുറയുമെന്നും ആയിരുന്നു മറുപടി. എന്നാല്‍ ഉത്പാദനത്തെപ്പറ്റി ശരിയായ കണക്കുകളൊന്നും കൈയിലില്ല എന്നും പറഞ്ഞു.
V) കീടനാശിനി തളിക്കുമ്പോള്‍ പല മുന്‍കരുതലുകളും എടുക്കണം
.കിണര്‍, കുളം മുതലായവ മൂടണം.
.ജനങ്ങള്‍ക്ക് ഫലപ്രദമായ മുന്നറിയിപ്പ് കൊടുക്കണം.
.അടുത്ത പ്രദേശത്തെ ജനങ്ങളെ മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കണം.
.കാറ്റുള്ളപ്പോള്‍ അടിക്കരുത്.
കീടനാശിനിപ്രയോഗം അതിരാവിലെയും വൈകുന്നേരവുമേ പാടുള്ളൂ.
.കീടനാശിനി കലക്കുന്നവര്‍ മുഖംമൂടിയും കൈയുറകളും ധരിക്കണം.
ഇവ കര്‍ശനമായി പാലിക്കാന്‍ പി സി കെ ശ്രദ്ധിച്ചിട്ടില്ലെന്ന് പഞ്ചായത്തധികാരികളും നാട്ടുകാരും തെളിവു നല്‍കിയിട്ടുണ്ട്. കീടനാശിനി തളിക്കല്‍ ഹെലികോപ്ടര്‍ ഏജന്‍സികളെ ഏല്പിച്ച് ചുമതലയില്‍ നിന്നൊഴിയുകയാണ് പി സി കെ ചെയ്തത്.
കീടനാശിനി നിര്‍മാതാക്കള്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്നൊഴിയുവാന്‍ സാധിക്കുകയില്ല. കാസര്‍കോട്ടെ തോട്ടംപ്രദേശം എന്‍ഡോസള്‍ഫാന്‍ ആകാശത്തുനിന്ന് തളിക്കുവാന്‍ അനുയോജ്യമല്ല എന്ന് അവര്‍ അച്യുതന്‍ കമ്മിറ്റിമുമ്പാകെ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും അവിടെ നിരോധനം ഏര്‍പ്പെടുത്തുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത് കച്ചവടതാല്പര്യം ഒന്നുകൊണ്ടുമാത്രമല്ലേ?
പി സി കെയുടെ അലംഭാവവും, ഭൂമിയുടെ നിമ്നോന്നതാവസ്ഥയും, ആര്‍ദ്രതയുമാണ് കാസര്‍കോട് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്.
ഇപ്പോഴത്തെ സ്ഥിതി
ലോകമെമ്പാടും നടത്തിയ നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്സ് പുനരവലോകന കമ്മിറ്റി എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിവെക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2011 മേയില്‍ കൂടുന്ന സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ ഈ ശുപാര്‍ശയെപ്പറ്റി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. എന്‍ഡോസള്‍ഫാന്‍ അന്താരാഷ്ട്രതലത്തില്‍ നിരോധിക്കുവാനുള്ള തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയടക്കം 166 രാഷ്ട്രങ്ങള്‍ സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ അംഗമാണ്. അമേരിക്ക, കനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ആസ്ത്രേലിയ, ഫിലിപ്പൈന്‍സ്, ആഫ്രിക്കയിലെ പല രാഷ്ട്രങ്ങള്‍ തുടങ്ങി 66 രാജ്യങ്ങള്‍ ഇതിനകം ഇതു നിരോധിച്ചുകഴിഞ്ഞു. ഇതിന്റെ പേറ്റന്റിന്റെ ഉടമകളായ ബെയേഴ്സ് എന്ന കമ്പനി അമേരിക്കയില്‍ ഇതിന്റെ ഉത്പാദനം നിര്‍ത്തി. കേരളത്തില്‍ എന്‍ഡോസള്‍ഫാനെതിരായ നിരോധനം നിലനില്‍ക്കുന്നു.
ഇന്ത്യയിലാണ് എന്‍ഡോസള്‍ഫാന്റെ ഉത്പാദനത്തിന്റെ മുഖ്യപങ്കും നടക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് (ലി) എന്ന പൊതുസ്ഥാപനം, ഗുജറാത്തിലെ എക്സല്‍ ഇന്‍ഡസ്ട്രീസ്, തമിഴ്നാട്ടിലെ കോറമാണ്ടള്‍ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ ഫാക്ടറികളിലാണ് ഇപ്പോള്‍ ഉത്പാദനം നടക്കുന്നത്. ഉത്പാദനത്തിന്റെ വലിയൊരു ഭാഗം കയറ്റിഅയക്കുന്നു.
നിഗമനങ്ങള്‍
മേല്‍ വിവരിച്ച ചര്‍ച്ചയില്‍നിന്നും ഉരുത്തിരിയുന്ന നിഗമനങ്ങള്‍ താഴെ പറയുന്നവയാണ്.
I) എന്‍ഡോസള്‍ഫാന്‍ പോപ്സ് ഗണത്തില്‍പ്പെടുത്തപ്പെടേണ്ടതും, അതിന്റെ ഉത്പാദനവും ഉപയോഗവും മനുഷ്യര്‍ക്കും, മറ്റു നിരവധി ജന്തുക്കള്‍ക്കും വിനാശകരവും, വെള്ളം, മണ്ണ് എന്നിവയെ ദുഷിപ്പിക്കുന്നതും ആണ്.
II) മേല്‍പ്പറഞ്ഞ തീരുമാനം എടുക്കുവാന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമില്ല.
III) കാസര്‍കോട്ടടക്കം എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സൌകര്യങ്ങളും മറ്റു ആവശ്യമായ സഹായങ്ങളും ലഭ്യമാക്കണം.
IV) ഉപയോഗത്തിലിരിക്കുന്ന മറ്റു കീടനാശിനികളെക്കുറിച്ച് വിശദമായ പുനരവലോകനം നടത്തണം.
V) രാസ കീടനാശിനികളുടെ ഉത്പാദനത്തിലും വിതരണത്തിലും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം.
ഇനിയെന്ത്
ഇപ്പോള്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിവാദം ഒരു നിമിത്തമായി എടുത്ത് രാസകീടനാശിനികളെയും രാസവളങ്ങളെയും മാത്രമല്ല മൂലധനതാല്പര്യങ്ങള്‍ക്കനുസരിച്ച് വികസിക്കുന്ന ആധുനിക കൃഷിവ്യവസാത്തെയുംപ്പറ്റി വിശദവും, ആഴത്തിലുള്ളതും ആയ പഠനങ്ങള്‍ക്ക് ആരംഭം കുറിക്കണം. ഭക്ഷ്യോത്പാദനത്തില്‍ ക്രമാനുഗതമായ വര്‍ധന നിലനിര്‍ത്തുന്നതോടൊപ്പംതന്നെ എല്ലാ ജീവജാലങ്ങളുടെയും വെള്ളം, മണ്ണ്, വായു തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളുടെ സുസ്ഥിരമായ നിലനില്പ് ലക്ഷ്യംവെച്ചായിരിക്കണം പഠനങ്ങള്‍. ഈ പഠനഫലങ്ങളുടെ അടിസ്ഥാനത്തില്‍ അത്യന്തം അപകടകാരികളായ രാസ കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉത്പാദനവും ഉപയോഗവും കര്‍ശനമായി നിയന്ത്രിക്കാനും, ആവശ്യമെങ്കില്‍ തടയാനും കഴിയണം. അതോടുകൂടി കാര്‍ഷികോത്പാദനം നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ജൈവകീടനാശിനികളും ജൈവവളങ്ങളും വളര്‍ത്തി എടുക്കുവാനും ശ്രദ്ധിക്കണം. മറഞ്ഞുപോയ പല പരമ്പരാഗത കൃഷിരീതികളും പഠിച്ച് വിലയിരുത്തി സ്വീകാര്യമായവ നടപ്പിലാക്കണം. രാസകീടനാശിനികളെയും രാസവളങ്ങളെയും, പ്രത്യേകിച്ച് അവയുടെ ഉപയോഗക്രമങ്ങളെയും അപകടസാധ്യതകളെയും എടുക്കേണ്ട മുന്‍കരുതലുകളെയുംപറ്റി, വിതരണക്കാരെയും ഉപയോക്താക്കളെയും ബോധവാന്മാരാക്കണം.
ഉടന്‍തന്നെ താഴെ സൂചിപ്പിക്കുന്ന നിയന്ത്രണങ്ങള്‍ നിയമംമൂലം നിര്‍ബന്ധിതമാക്കുവാന്‍ പാര്‍ലമെന്റില്‍ അടുത്തുതന്നെ അവതരിപ്പിക്കപ്പെടുന്ന 'കീടനാശിനി പരിപാലന ബില്ലി'ല്‍ വ്യവസ്ഥ ചെയ്യാന്‍ നടപടികള്‍ എടുക്കണം.
I) രാസകീടനാശിനികളും രാസവളങ്ങളും ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ മലിനീകരണം ഉണ്ടാക്കുന്നില്ല എന്ന് വ്യവസ്ഥ ചെയ്യുക (ഭോപാല്‍ ദുരന്തം ഓര്‍ക്കുക).
II) മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കൊടുക്കുന്ന മരുന്നുകള്‍ (നേരിട്ട് കൌണ്ടര്‍ വില്പന നടത്തുവാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളവ ഒഴികെ) ഒരു അംഗീകൃത ഡോക്ടറുടെ കുറിപ്പ് പ്രകാരമേ വില്‍ക്കുവാന്‍ പാടുള്ളൂ എന്ന് നിയന്ത്രണമുണ്ട്. കൂടാതെ, അവ വില്‍ക്കുന്നതിന് മരുന്നുകടകളില്‍ ഫാര്‍മസിസ്റ്റ് ഉണ്ടായിരിക്കണമെന്നും നിയമമുണ്ട്. ഒരാള്‍ക്ക് മരുന്നു തെറ്റിനല്‍കിയാല്‍ അയാള്‍ക്കു മാത്രമേ അപകടമുള്ളൂ. എന്നാല്‍ രാസകീടനാശിനികളും രാസവളങ്ങളും തെറ്റായ വിധത്തില്‍ ഉപയോഗിച്ചാല്‍ പരിസ്ഥിതിയെയും സമൂഹത്തെയും ആകെ ബാധിക്കും. ചില അവസ്ഥകളില്‍ അപകടം തലമുറകളെ ബാധിക്കും. അതിനാല്‍ ഇവയുടെ വില്‍പന നിയന്ത്രിക്കേണ്ടത്, മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഉള്ള മരുന്നുവില്പനയേക്കാളും ഒട്ടും പ്രാധാന്യം കുറഞ്ഞതല്ല. അതുകൊണ്ട് രാസകീടനാശിനികളും രാസവളങ്ങളും കൃഷിശാസ്ത്രത്തിലോ, രസതന്ത്രത്തിലോ, കീടശാസ്ത്രത്തിലോ ബിരുദമുള്ള ഒരു വിദഗ്ധന്റെ കുറിപ്പ് പ്രകാരമേ വില്‍ക്കാന്‍ പാടുള്ളൂ എന്നും, അവ വില്‍ക്കുന്ന കടകളില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ളോമയെങ്കിലും നേടിയിട്ടുള്ള ഒരു വില്പനക്കാരന്‍ ഉണ്ടായിരിക്കണം എന്നും നിബന്ധന ഏര്‍പ്പെടുത്തണം.
III). രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും പാക്കറ്റുകളുടെ കൂടെ അവയില്‍ അടങ്ങിയിട്ടുള്ള ഘടകവസ്തുക്കളുടെ വിവരണവും, അളവും, ഉപയോഗക്രമവും, ദോഷഫലങ്ങളും , അപകടങ്ങളുണ്ടായാല്‍ എടുക്കേണ്ട ആദ്യ സഹായവിധികളും വിവരിക്കുന്ന ലഘുലേഖകള്‍ ഉണ്ടായിരിക്കണം.
IV). ഉത്പാദകര്‍ രാസവസ്തുക്കളെക്കുറിച്ച് വിതരണക്കാരെയും, സംഭരണക്കാരെയും ബോധവാന്മാരാക്കുന്നതിന് ക്ളാസുകള്‍ സംഘടിപ്പിക്കണം.
V). ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍, എതിര്‍ജീവികള്‍ എന്നിവയെപ്പറ്റി പഠിച്ച് അനുയോജ്യമായവ പ്രോത്സാഹിപ്പിക്കണം.
VI). പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ച് ഉപനിയമങ്ങളുണ്ടാക്കാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ക്ക് അധികാരം നല്‍കണം.
ഉപസംഹാരം
കാലാവസ്ഥാ വ്യതിയാനം, കൃഷിഭൂമിയുടെ ശോഷണം, ജനസംഖ്യാ വര്‍ധന എന്നിവമൂലം ലോകം ഒരു വലിയ ഭക്ഷ്യപ്രതിസന്ധി നേരിടാന്‍ പോകുകയാണെന്ന് ലോക ഭക്ഷ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇത് തരണം ചെയ്യാന്‍ കൃഷിസമ്പ്രദായത്തില്‍ മാറ്റം വരുത്തണം. ഇപ്പോള്‍ തുടര്‍ന്നുവരുന്ന ഊര്‍ജിത കൃഷിവ്യവസായനയം കൂടുതല്‍ രാസവളങ്ങളും കൂടുതല്‍ കീടനാശിനികളും, വെള്ളവും, ഊര്‍ജവും ഉപയോഗിക്കുവാനാണ് ഉപദേശിക്കുന്നത്. ഇത് ആത്മഹത്യാപരമാണ്. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും ഉപയോഗം ക്രമേണ കുറച്ച് കൂടുതല്‍ സുസ്ഥിരമായ ജൈവമാര്‍ഗങ്ങള്‍ സ്വീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തണം. എന്‍ഡോസള്‍ഫാനെപ്പറ്റി ഇപ്പോള്‍ നടക്കുന്ന വിവാദം എന്‍ഡോസള്‍ഫാന്‍ നിരോധനത്തോടുകൂടി, അവസാനിപ്പിക്കരുത്. മേല്‍പ്പറഞ്ഞ തരത്തില്‍ കൃഷിപരിപാലനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തി വികസിപ്പിക്കുവാന്‍ ഈ വിവാദം കാരണമാകണം.
*
ഡോ. എ അച്യുതന്‍ കടപ്പാട്: ദേശാഭിമാനി വാരിക 09 ജനുവരി 2011
Wednesday, January 5, 2011
Subscribe to:
Post Comments (Atom)
1 comment:
കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാതലത്തിലും അന്താരാഷ്ട്രതലത്തിലും ഉയര്‍ന്നുവന്നിട്ടുള്ള എന്‍ഡോസള്‍ഫാന്‍ വിവാദത്തിന്റെ ഫലമായി ഇന്ത്യാ ഗവണ്‍മെന്റിന് അത് നിരോധിക്കാതെ അധികകാലം പിടിച്ചുനില്ക്കാനാകില്ല. വിടാതെ പിടിച്ചുനില്‍ക്കുന്ന അകാര്‍ബണിക മാലിന്യകാരകങ്ങളെ (persistent organic pollutants POP) സംബന്ധിച്ചുള്ള അന്താരാഷ്ട്ര അവലോകന സമിതിയുടെ 2010 ഒക്ടോബറില്‍ ജനീവയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത 29 രാഷ്ട്രങ്ങളുടെ പ്രതിനിധികളില്‍ 24 പേരും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചപ്പോള്‍ ഇന്ത്യയുടെ പ്രതിനിധി മാത്രമാണ് അതിനെ എതിര്‍ത്തത്. അവലോകന സമിതിയുടെ ശുപാര്‍ശ 2011 മേയില്‍ ചേരുന്ന 166 അംഗരാജ്യങ്ങളടങ്ങിയ സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ ചര്‍ച്ചക്ക് വരും. അവലോകന സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്രതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം വേണമെന്ന് സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ തീരുമാനം അംഗീകരിച്ച് നിരോധനം ഏര്‍പ്പെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ബന്ധിതമായിത്തീരും.
Post a Comment