വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം എ കെ ജി പഠന ഗവേഷണകേന്ദ്രത്തില്‍ സ്‌ത്രീകളെപ്പറ്റി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തുന്ന ഒരു പെൺകുട്ടി വന്നു. അവര്‍ക്കാവശ്യമുള്ള ഗ്രന്ഥങ്ങളും മറ്റും കൊടുത്തുകൊണ്ട് മനുസ്‌മൃതിയിലെ സ്‌ത്രീ സമ്പന്നവര്‍ഗത്തിലെ സ്‌ത്രീയാണെന്ന് ഞാന്‍ സംസാരിച്ചു. ഹേയ്, അത് ശരിയല്ല; ഒരു പുസ്‌തകത്തിലും അങ്ങനൊന്നും കണ്ടിട്ടില്ല എന്നായി ആ കുട്ടി. പുസ്‌തകത്തില്‍ കാണാത്തത് ജീവിതത്തില്‍ കാണും. ആധാരമാക്കേണ്ടത് ജീവിതംതന്നെ എന്നായി ഞാന്‍. അതൊന്നും ആ കുട്ടിക്ക് മനസ്സിലായില്ല; മനസ്സിലാക്കണമെന്ന താല്‍പ്പര്യവും കാട്ടിയില്ല. ഇത് ആ കുട്ടിയുടെ മാത്രം സ്വഭാവമല്ല. വര്‍ഗവിഭജനത്തിന്റെ ഫലം അധികംപേരും സൂക്ഷ്മമായി മനസ്സിലാക്കിയിട്ടില്ല. സമുദായത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന സാമാന്യജനതയെ മനുഷ്യരായിപ്പോലും ഗണിക്കാത്ത അവസ്ഥയാണതുണ്ടാക്കിയത്. അവരെ ചരിത്രത്തില്‍ എവിടെയും കാണില്ല. സ്‌ത്രീയെന്ന് പറയുന്നത് ചരിത്രമുള്ള സമൂഹത്തിലെ സ്‌ത്രീയെയാണ്. ചരിത്രമില്ലാത്തവള്‍ക്ക് അതിലേക്ക് കടക്കാനാവില്ല.
ഒക്ടോബര്‍ വിപ്ളവമാണ് ചരിത്രം സൃഷ്ടിക്കുന്ന ശക്തിയാക്കി മാറ്റി, അവരെ ചരിത്രത്തിലേക്ക് കടത്തിക്കൊണ്ടുവന്നത്. കേരളീയ ജീവിതം 'ആചാരമുറ'കളില്‍ കെട്ടിപ്പടുത്തതായിരുന്നു. അതില്‍ സ്‌ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് നിഷ്കര്‍ഷിച്ച് വ്യവസ്ഥ ചെയ്തിരുന്നു.
ബ്രാഹ്മണസ്‌ത്രീകള്‍ സ്വന്തം ഭര്‍ത്താക്കന്മാരെയല്ലാതെ പരപുരുഷന്മാരെ കാണരുത്, ദാസിമാരുടെ അകമ്പടിയില്ലാതെ ബ്രാഹ്മണ സ്‌ത്രീകള്‍ പുറത്തിറങ്ങി നടക്കരുത്, വെളുത്ത വസ്‌ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ, വിധവകള്‍ സന്യാസധര്‍മം സ്വീകരിക്കണം, അന്തര്‍ജനങ്ങള്‍ക്ക് പുനര്‍വിവാഹം പാടില്ല, ഗര്‍ഭിണികള്‍ ഏഴാംമാസമാകുമ്പോള്‍ മുതല്‍ വയറ്റില്‍ വാലായ്മ തുടങ്ങുമെന്നുള്ളതിനാല്‍ ക്ഷേത്രത്തില്‍ നാലമ്പലക്കെട്ടിനകത്ത് പ്രവേശിച്ചുകൂടാ, കടിഞ്ഞൂല്‍ ഗര്‍ഭകാലത്ത് എപ്പോഴെങ്കിലും ഒരു മണ്ഡലക്കാലം ഏഴാംമാസംവരെ സ്‌ത്രീകള്‍ അവരവരുടെ കരയിലുള്ള ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കണം.
തീണ്ടലും തൊടീലും ആചരിക്കാത്തവന്‍ പതിതനാകും. അവര്‍ണനാണെങ്കില്‍ വധിക്കപ്പെടുകപോലുമുണ്ടാവും. കാലം അതായിരുന്നു. 'കൊച്ചിരാജ്യചരിത്ര'ത്തില്‍ കെ പി പത്മനാഭമേനോന്‍ ഇങ്ങനെ വിവരിക്കുന്നു. 'ഈഴവര്‍ മുതല്‍ പറയന്‍ നായാടികള്‍വരെ കീഴ്‌ജാതിക്കാരെന്ന് പറഞ്ഞുവരുന്നവര്‍ (തീണ്ടലുള്ള ജാതിക്കാരുടെ സംഖ്യ 365753-അതായത് ആകെയുള്ള ഹിന്ദുക്കളില്‍ പകുതിയിലധികം -സെന്‍സസ് റിപ്പോര്‍ട്ട് ഓഫ് 1911) അവരുടെ നിത്യത കഴിച്ചുകൂട്ടുന്നതില്‍... ഇന്നും അശേഷം വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വഴിമാറിയില്ലെന്നുവച്ച് നായന്മാര്‍, പുലയര്‍ മുതലായ കീഴ്‌ജാതിക്കാരെ ശിക്ഷാനിയമത്തെ ഭയന്ന് കൊല്ലുന്നില്ലെന്ന് മാത്രമേയുള്ളൂ. അവര്‍ക്ക് ഒരു വിധത്തിലുള്ള സ്വാതന്ത്ര്യവുമില്ല. രാജവഴികളില്‍ക്കൂടി സ്വാതന്ത്ര്യത്തോടെ നടന്നുകൂടാ. മേല്‍ജാതിക്കാര്‍ക്ക് വഴിമാറിക്കൊടുക്കുന്നതില്‍നിന്നുണ്ടാവുന്ന അസൌകര്യം ഹേതുവായി ആവശ്യംപോലെ എവിടെയും സഞ്ചരിക്കുവാന്‍ തരമില്ല.....അവരുടെ വാസസ്ഥലങ്ങള്‍ പാടങ്ങളിലും കാടുകളിലും ചളിപ്രദേശങ്ങളിലും മറ്റുമായിരിക്കുവാനേ നിവൃത്തിയുള്ളൂ..... അവര്‍ക്ക് ക്ഷേത്രങ്ങളുടെ സമീപത്തുവരുവാനോ സ്വാമി ദര്‍ശനം ചെയ്യുവാനോ പാടില്ല...'.
ഈ ചരിത്ര യാഥാര്‍ഥ്യവും ആചാരനിഷ്ഠകളും ഒത്തുനോക്കുമ്പോള്‍ എന്താണ് മനസ്സിലാവുക?
ആ നിയമങ്ങളൊക്കെ സമ്പന്നവിഭാഗത്തിലെ സ്‌ത്രീകള്‍ക്ക് മാത്രം ബാധകമായവയായിരുന്നു. തമ്പുരാട്ടിയുടെ തുണ പോകുന്ന ദാസിയുടെ കാര്യം തന്നെ സ്‌ത്രീകള്‍ രണ്ടുതട്ടിലായിരുന്നുവെന്ന് വ്യക്തമാക്കുന്നു. അതിനടിസ്ഥാനമാവട്ടെ സമ്പത്തും.
*****
ആണ്ടലാട്ട്, കടപ്പാട് : ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
Friday, January 21, 2011
ആചാരങ്ങളിലെ സ്ത്രീ
Subscribe to:
Post Comments (Atom)
1 comment:
ബ്രാഹ്മണസ്‌ത്രീകള്‍ സ്വന്തം ഭര്‍ത്താക്കന്മാരെയല്ലാതെ പരപുരുഷന്മാരെ കാണരുത്, ദാസിമാരുടെ അകമ്പടിയില്ലാതെ ബ്രാഹ്മണ സ്‌ത്രീകള്‍ പുറത്തിറങ്ങി നടക്കരുത്, വെളുത്ത വസ്‌ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ, വിധവകള്‍ സന്യാസധര്‍മം സ്വീകരിക്കണം, അന്തര്‍ജനങ്ങള്‍ക്ക് പുനര്‍വിവാഹം പാടില്ല, ഗര്‍ഭിണികള്‍ ഏഴാംമാസമാകുമ്പോള്‍ മുതല്‍ വയറ്റില്‍ വാലായ്മ തുടങ്ങുമെന്നുള്ളതിനാല്‍ ക്ഷേത്രത്തില്‍ നാലമ്പലക്കെട്ടിനകത്ത് പ്രവേശിച്ചുകൂടാ, കടിഞ്ഞൂല്‍ ഗര്‍ഭകാലത്ത് എപ്പോഴെങ്കിലും ഒരു മണ്ഡലക്കാലം ഏഴാംമാസംവരെ സ്‌ത്രീകള്‍ അവരവരുടെ കരയിലുള്ള ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കണം.
ഇതായിരുന്നു ഒരു കാലത്തെ ആചാരം
Post a Comment