Wednesday, January 26, 2011

ഗുജറാത്തില്‍ വംശഹത്യയുടെ മരം പെയ്യുന്നു

വഡോദര റെയില്‍വേസ്‌റ്റേഷനിലെ ബുക്ക് സ്‌റ്റാളുകളില്‍ നിരത്തിവച്ചിരിക്കുന്ന പുസ്‌തകങ്ങളില്‍ ഒന്ന് ശ്രദ്ധേയമാണ്. ഏറ്റവും മുന്നില്‍ തള്ളിനില്‍ക്കുന്ന ഒന്ന് 'മെയിന്‍കാംഫ്', ഒരു ഫാഷിസ്‌റ്റ് വംശവാദിയുടെ ആത്മകഥ. സാധാരണക്കാരന്റെ വേവലാതികള്‍ സഞ്ചരിക്കുന്ന റെയില്‍വേസ്‌റ്റേനില്‍ ഇത് ഇത്ര മുന്‍നിരയിലെത്തിയത് ബോധപൂര്‍വമാണോ യാദൃച്ഛികമാണോ എന്ന് നമുക്ക് സംശയിക്കാം. എന്തു തന്നെയായാലും ഹിറ്റ്ലറുടെ പുസ്‌തകം വഡോദരയിലെ പുസ്‌തക കടകളില്‍ മുന്‍നിരയിലെത്താന്‍ ചരിത്രപരമായ നിയോഗമുണ്ടായിട്ടുണ്ട്. 2002-ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷം 'മെയിന്‍കാംഫ' വില്‍പന ഏറെ വര്‍ധിച്ചിട്ടുണ്ടെന്ന് കടക്കാരന്‍ തന്നെ സമ്മതിക്കുന്നു. പുസ്‌തക പ്രസാധകന്റെ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഇത് എന്ന് പറയുന്നതിനേക്കാള്‍ 'മെയിന്‍കാംഫി'ന്റെ രണ്ടാം ജന്‍മം എന്ന് പറയുന്നതാവും നന്ന്.

1925ലും 1926ലുമായി രണ്ട് വാള്യങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ 'മെയിന്‍കാംഫ്' 240000 പ്രതികളാണ് വിറ്റഴിഞ്ഞത്. അക്കാലത്ത് സൌജന്യമായി നല്‍കിയിരുന്ന യഥാര്‍ഥ ബൈബിളിനെ പിന്നിലാക്കിയാണ് സ്വന്തം ബൈബിള്‍ എന്ന് ഹിറ്റ്ലര്‍ വിശേഷിപ്പിച്ച മെയിന്‍കാംഫ് വിറ്റഴിഞ്ഞത്. മാത്രമോ? ലോകമഹായുദ്ധാനന്തരം 'പുതിയ ലോകക്രമ'ത്തിന് ആഹ്വനംചെയ്‌ത 'തന്റെ സമരം'(മെയിന്‍കാംഫ്)ഒരുകോടിയാണ് വിറ്റുതീര്‍ന്നത്. അച്ചടിയന്ത്രം മെയിന്‍കാംഫിനു മുന്നില്‍ പരാജയം സമ്മതിച്ചപ്പോള്‍ അച്ചടി നിര്‍ത്തുകയായിരുന്നു. ഒരു ആത്മകഥയുടെ ഒരു പ്രതി ഒരാളെ കൊന്നുവെന്ന് പറയുന്നുവെങ്കില്‍ അത് മെയിന്‍കാംഫ് ആയിരുന്നു. ഒരു മെയിന്‍കാംഫ് വിറ്റഴിയുമ്പോള്‍ ഒരു ജൂതനോ കമ്മ്യൂണിസ്‌റ്റുകാരനോ കൊല്ലപ്പെടുമെന്നാണ് അന്ന് യൂറോപ്പില്‍ പ്രചരിച്ചത്. 1945-ല്‍ ഹിറ്റ്ലര്‍ ആത്മഹത്യചെയ്യുന്നതുവരെ മെയിന്‍കാംഫിന്റെ 'ആത്കഥയും' അതായിരുന്നു. ഇന്ന് ഗുജറാത്തിന്റെ ചരിത്ര നിയോഗവും അതാകാം.

ഗുജറാത്ത് വംശഹത്യനടന്ന് പത്ത് വര്‍ഷത്തോട് അടുക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും നിക്ഷേപമൂല്യള്ള സംസ്ഥാനം, മുസ്ലിംങ്ങള്‍ നരേന്ദ്രമോഡിയോടൊപ്പം, വാള്‍മുനയില്‍ അറ്റുവീണവര്‍ വാളെടുത്തവന്റെ കാല്‍ചുവട്ടില്‍, മോഡി മുസ്ലിംങ്ങള്‍ക്ക് സീറ്റു നല്‍കുന്നു. ഗാന്ധിയുടെ നാട്ടില്‍ സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തുന്നു. ഗ്രാമപഞ്ചായത്തിലേക്ക് മുസ്ലിംങ്ങളെ മത്സരിപ്പിച്ച് അവർക്ക് വേണ്ടി മോഡിതന്നെ രംഗത്തിറങ്ങുന്നു. അവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. രാജ്യം ഗുജറാത്തിനെ മാതൃകയാക്കുന്നു.ചുരുക്കത്തില്‍ 'ഗുജറാത്ത് തിളങ്ങുന്നു'. ഇതിനെല്ലാം അടിവരയിട്ടുകൊണ്ട് മോഡി വീണ്ടും അധികാരത്തില്‍ വരുന്നു. കേന്ദ്രം ഭരിക്കുന്ന മതനിരപേക്ഷ പാര്‍ട്ടിക്ക് മൌനം തുടരാന്‍ വിധിയാവുന്നു.

യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? ചോദ്യം ഞങ്ങളെ ഗുജറാത്ത് പര്യടനത്തിന് സഹായിച്ച ഗാന്ധിനഗറിലെ തോമസിനോടായിരുന്നു. തോമസ് യുഎന്‍ഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടറായിരുന്നു. അദ്ദേഹം വി ആര്‍ എസ്എടുത്ത് പിരിഞ്ഞു. ഗുജറാത്ത് കലാപകാലത്ത് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു തോമസ്. ഉറച്ച മതവിശ്വാസി. കൃസ്‌ത്യന്‍ വിഭാഗത്തില്‍ പെന്തകോസ്‌ത എന്ന് പറയും. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടയാളായതുകൊണ്ട് നേരിയ നൊമ്പരങ്ങള്‍ ഇപ്പോഴും ഉണ്ടാകും എന്ന് തോന്നി. എന്നാല്‍ ഞെട്ടിപ്പിക്കുന്ന മറുപടിയാണ് തോമസില്‍ നിന്നുണ്ടായത്. 'അതൊക്കെ ആള്‍ക്കാര്‍ മറന്നില്ലെ? കുറച്ച് മുസ്ലിംങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ ഏറെ പേരും ഇപ്പോള്‍ മോഡിയെ പിന്തുണക്കുന്നവരാണ്. അവരെ സ്ഥാനാര്‍ഥികളാക്കുന്നു. വിജയിപ്പിക്കുന്നു. ഇപ്പോള്‍ ഗുജറാത്തിന്റെ വികസനമാണ് ലോകത്ത് ചര്‍ച്ചചെയ്യപ്പെടുന്നത്'. ഗാന്ധിനഗറില്‍ മോഡിയുടെ വീടിനു മുന്നിലൂടെ കടന്നുപോകുന്ന ആറുവരി എക്സ്പ്രസ് ഹൈവേ ചൂണ്ടികാണിച്ചുകൊണ്ട് തോമസ് പറഞ്ഞു നിര്‍ത്തി. ഞങ്ങള്‍ക്ക് സഹായിയായി തീര്‍ന്നിരിക്കുന്ന അദ്ദേഹത്തോട് തര്‍ക്കിച്ചിട്ടുകാര്യമില്ലല്ലോ? ഞങ്ങള്‍ യാത്ര തുടര്‍ന്നു.

മുസ്ലിംങ്ങള്‍ ആര്‍എസ്എസിനൊപ്പം?

കത്‌ലാല്‍ നിയമസഭാ മണ്ഡലത്തില്‍ 65ശതമാനം മുസ്ലിംങ്ങളാണ്. കഴിഞ്ഞ 58വര്‍ഷമായി കോണ്‍ഗ്രസിന്റെ അനിഷേധ്യമായ ശക്തി കേന്ദ്രമാണ് കത്‌ലാല്‍. എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലം വോട്ടിന്റെ അടിസ്ഥാനത്തില്‍ ബി ജെ പിയോടൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. കോര്‍പറേഷനുകളില്‍ മോഡി നിര്‍ത്തിയ ബി ജെ പിയുടെ മുസ്ലിം സ്ഥാനാര്‍ഥികളില്‍ നൂറ് പേര്‍ വിജയിച്ചു. മോഡി വിജയിപ്പിച്ചെടുത്തു.

കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലുമെന്നപോലെ ഗുജറാത്ത് പിസി സി പ്രസിഡന്റ് തൽ‌സ്ഥാനം രാജിവെച്ചു. ഗുജറാത്തിനു പുറത്തെ മതനിരപേക്ഷ രാഷ്‌ട്രീയ വിശാരദന്‍മാര്‍ മൌനം പാലിച്ചു. കോളങ്ങള്‍ നിലച്ചു. കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അവര്‍ മറ്റുവിഷയങ്ങളില്‍ എഴുത്തു തുടര്‍ന്നു. മോഡി മാജിക് താത്വികാടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ടു.ഗുജറാത്തിനു പുറത്തുള്ള മുസ്ലിംങ്ങള്‍ക്കും മോഡി ഒരു പാഠമായി.

എങ്ങനെ?

ഏതു മാന്ത്രികനും തന്റെ മായാജാലം കണ്ട് അന്തം വിട്ടുനില്ക്കുന്ന പ്രേക്ഷകരെ സത്യബോധത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരു കാര്യം തുറന്നുപറയും. 'മാജികില്‍ നിങ്ങള്‍ കാണുന്നത് സത്യമല്ല, കാരണം ഇതൊരു കണ്‍കെട്ട് വിദ്യയാണ്.' എന്ന് പറഞ്ഞ് മറ്റൊരു ജാലവിദ്യകാണിക്കും. അത് സമര്‍ഥിക്കാന്‍ മറ്റൊരു ജാലവിദ്യകാണിച്ച് അയാള്‍ വീണ്ടും സദസ്യരുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളിച്ച് തിരശീലക്ക് പിന്നിലേക്ക് പോകും . അവസാനം കാണിക്കുന്ന ഈ മാജികാണ് മജിഷ്യന്റെ കച്ചവടതന്ത്രം. ഇതില്‍ അന്ധാളിച്ച് പുറത്തേക്ക് തള്ളിയ ഈ കണ്ണുകളുമായി ഇന്ന് ഇന്ത്യന്‍ മുസ്ലിംങ്ങളും മതനിരപേക്ഷ ചിന്തകരും വേദിയില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ ഗ്രീന്‍ മുറിയില്‍ നിന്നും ഉയരുന്ന മോഡിയുടെ അട്ടഹാസം അവര്‍ മാത്രം കേള്‍ക്കുന്നില്ല. അത്രക്കും അവരുടെ കണ്ണും കാതും അടച്ചുകഴിഞ്ഞു. ജനാധിപത്യത്തില്‍ ഫാഷിസത്തിന് ഒരു മുറിയുണ്ട് എന്ന തത്വം ഏറ്റവും അന്വര്‍ഥമാകുന്നത് ഗുജറാത്തിലെ തെരഞ്ഞെടുപ്പുകളിലാണ്.

ഗുജറാത്തില്‍ മോഡിയുടെ തണലില്ലാതെ ഒരു മുസ്ലിം ജയിക്കുമ്പോഴാണ് യഥാര്‍ഥ ജനാധിപത്യം വിജയിക്കുന്നത് എന്ന് അറിയണമെങ്കില്‍ ഗുജറാത്തിലേക്ക് വരണം. വംശഹത്യ ഒരു സംഭവമല്ല. ഒരു നൈരന്തര്യമാണ്. ഇരകളായ മുസ്ലിംങ്ങള്‍ക്ക് അതൊരു ശീലമായിതുടങ്ങിയതാണ് വംശഹത്യയുടെ രണ്ടാം ഖണ്ഡം.

കാഡി നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ വാര്‍ഡുകളായ രണ്ടും മൂന്നും ജയിച്ചത് ബിജെപിയാണ്. അത് വോട്ടെണ്ണി കഴിഞ്ഞപ്പോഴുണ്ടായ വിജയമല്ല. അതിനു മുമ്പ്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്നാണ് ഇതിനെ പറയാറ്. വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ വരിച്ച വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സ്ഥാനാര്‍ഥികള്‍ക്ക് നില്‍ക്കാന്‍ ഭയമായിരുന്നുവെന്നാണ് ബറുവ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍(സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണ്‍) പറഞ്ഞത്. ഒരു കൈയില്‍ മുസ്ലിം സ്ഥാനാര്‍ഥി, മറ്റൊരു കൈയില്‍ കുത്തുബ്‌ദീനുനേരെ ഉയര്‍ത്തിയ വാള്‍. ജീവിക്കണമെങ്കില്‍ ആരെയാണ് മുസ്ലിം വരിക്കേണ്ടത്. ആര്‍ക്കെതിരെയാണ് മത്സരിക്കേണ്ടത്. ഗുജറാത്ത് മുസ്ലിം ചോദിക്കുന്ന ചോദ്യമിതാണ്. വാള്‍ത്തലപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും വാള്‍ത്തലപ്പില്‍ വിജയിപ്പിച്ചെടുക്കുകയും ചെയ്യുന്ന തന്ത്രം ഫാഷിസ്‌റ്റ് തന്ത്രമാണല്ലോ? ജനാധിപത്യത്തില്‍ ഫാഷിസം എങ്ങനെ വിദഗ്ദമായി മുറിയൊരുക്കുന്നുവെന്ന് ഈ ഉദാഹരണം മതി. നയിക്കാനൊരു നേതാവിനെ അന്വേഷിക്കുന്ന ഒരു ജനതയെ നിര്‍മ്മിക്കുകയാണ് ഫാഷിസ്‌റ്റുകള്‍ ചെയ്യുന്നത് എന്ന് 'ആള്‍കൂട്ടത്തിന്റെ മനശാസ്‌ത്ര'മെഴുതിയ വില്‍ഹം റീഹ് പറഞ്ഞിട്ടുണ്ട്. അതിനവര്‍ ചെയ്യുന്നത് മറ്റൊരു നേതാവ് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയെന്നതാണ്. ഗുജറാത്തിലെ മുസ്ലിംങ്ങള്‍ക്കു മുന്നില്‍ രണ്ടുവഴികള്‍ ഒന്ന് മോഡിയെ രക്ഷകനായികാണുക. രണ്ട് വംശഹത്യയെ അഭിമുഖീകരിക്കുക.

2002-ല്‍ കലാപം പടര്‍ന്നപോള്‍ ഭാവ് നഗര്‍ കത്താന്‍ അല്‍പം വൈകി.അന്ന് ഗുജറാത്ത് സമാചാര്‍ എഴുതിയത് ഭാവ് നഗറിലെ ആണുങ്ങള്‍ കൈയില്‍ വളയിടുകയാണ് വേണ്ടത് എന്നാണ്. വാര്‍ത്തകള്‍ വാള്‍ത്തലപ്പുകളായപ്പോള്‍ ഭാവ് നഗറില്‍ മുസ്ലിംങ്ങളില്‍ ആണുങ്ങളില്ലാതായി. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ വിജയിച്ച ജഹാന്‍ ബിബിയും ഷരിഫാബിബിയും ജീവിക്കുക എന്ന ഒറ്റലക്ഷ്യം വച്ച് മത്സരിക്കുകയായിരുന്നു. ബിജെപിയുടെ മുസ്ലിം സ്ഥാനാര്‍ഥികളെല്ലാം ഇങ്ങനെ വരിയുടക്കപ്പെട്ട ആണുങ്ങളോ വരിയുടക്കേണ്ടതില്ലാത്ത പെണ്ണുങ്ങളോ ആയിരുന്നു.

ഒറ്റപ്പെട്ട നിശ്വാസങ്ങള്‍ ഇല്ലാതിരുന്നില്ല. കൊലക്കത്തി ആര്‍ത്തിപെയ്‌ത അഹമ്മാദാബാദില്‍ നേരിയ ശ്വാസപ്രവര്‍ത്തനങ്ങള്‍ കേള്‍ക്കാം. അവിടെ ബിജെപി നിര്‍ത്തിയ മുസ്ലിം പ്രതിമകള്‍ എല്ലാം ഉടഞ്ഞു. ഈ തോല്‍വിയുടെ ആഘാതം അവര്‍ ഏറ്റുവാങ്ങാനിരിക്കുന്നതേയുള്ളൂ.

വികസനത്തിന്റെ ഇര

മുസ്ലിംങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ് ഗുജറാത്തില്‍. വഡോദര ഇപ്പോഴും വിഭജിക്കപ്പെട്ട നഗരമായി തുടരുന്നു. വ്യാപാരം, വിദ്യാഭ്യാസം, പെരുമാറ്റം എല്ലാം ഹിന്ദു മുസ്ലിം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുകയാണ്. വിഭജിക്കപ്പെട്ട ഇത്തരം കേന്ദ്രങ്ങളിലെ മുസ്ലിംങ്ങള്‍ പേടികൊണ്ട് വോട്ട് ചെയ്യാന്‍ പോകാറില്ല. അവര്‍ സ്ഥാനാര്‍ഥിയും ആകാറില്ല.

പുറം ലോകത്ത് മോഡി തിളങ്ങുമ്പോഴാണ് ഈയിടെ ഇരുനൂറു വര്‍ഷം പഴക്കമുള്ള മുസ്ലിം ആരാധനാലയം തകര്‍ത്തത്. ഇതിനെ തുടര്‍ന്നുണ്ടായ ചേരിതിരിഞ്ഞ സംഘട്ടനത്തില്‍ ആറ് മുസ്ലിംങ്ങള്‍ കൊല്ലപ്പെട്ടു. പള്ളിപൊളിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുതന്നെയാണ് ആഹ്വാനം ഉണ്ടായത്. തകര്‍ക്കാന്‍ വന്നവരെ എതിര്‍ത്ത സബീറ ബീവി പോലിസിനോട് പൊട്ടിത്തെറിച്ചു. ഞങ്ങള്‍ക്ക് ജീവിക്കേണ്ടേ എന്ന് അവര്‍ പോലിസിനോട് ചോദിച്ചു. വേണ്ട എന്ന് പരിഹാസത്തില്‍ മറുപടിയും അവരോട് പോലിസ് പറഞ്ഞു. അഥവാ ജീവിക്കണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂ എന്നാണത്രെ പറഞ്ഞത്. ഇത് അവര്‍ തന്നെ പറഞ്ഞതാണ്. ഒരു പള്ളിക്ക് വേണ്ടി എന്തിനാണ് മുസ്ലിംങ്ങള്‍ ഇത്ര വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നത്, ഗുജറാത്തില്‍ വികസനത്തിന്റെ കാലമാണ്. അതിനെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാം. ഈ ഭാഷയ്‌ക്ക് ശമനമില്ല ഗുജറാത്തില്‍. ഇത് മരം പെയ്യും പോലെ നടക്കുന്നു.

ഈ നഗരത്തില്‍ ഇപ്പോള്‍ രണ്ട് രാജ്യങ്ങളുണ്ടെന്നാണ് ഭരണകക്ഷി പറയുന്നത്. ഒന്ന് ഇന്ത്യ, മറ്റൊന്ന് പാകിസ്ഥാന്‍. വികസനം 'പാകിസ്ഥാനികളെ' വെട്ടി നിരത്തിയാണ് മുന്നേറുന്നത്. അതായത് ഗുജറാത്ത് വികസനത്തില്‍ പാകിസ്ഥാനെതിരെയുള്ള യുദ്ധപ്രഖ്യാപനമുണ്ട്. വികസനത്തിന്റെ ഈ ഫാഷിസ്‌റ്റ് രാഷ്‌ട്രീയ അസ്ഥിവാരത്തിലാണ് മോഡിയുടെ കണ്ണുതള്ളിക്കുന്ന മാജിക് എന്ന് എത്രത്തോളം എഴുതപ്പെട്ടു?

തൊഴിലുറപ്പ് പദ്ധതി

അഹമ്മദാബാദില്‍ നിന്നും വഡോദരയില്‍ നിന്നും ഗോധ്രയില്‍ നിന്നും പുലര്‍ച്ചെ പുറപ്പെടുന്ന തീവണ്ടികളിലെ യാത്രക്കാരെ ശ്രദ്ധിക്കുക. തൊഴില്‍തേടി ഗുജറാത്തിനു പുറത്തേക്ക് പോകുന്നവരാണ് അവര്‍. ഗുജറാത്തിലെ തന്നെ വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്നവരാണ് ഏറെയും. തൊഴില്‍ ഉറപ്പു നല്‍കുന്ന ദേശീയ തൊഴില്‍ ദാന പദ്ധതി പരോക്ഷമായി നിര്‍വഹിക്കുന്ന മറ്റൊരു നന്‍മകൂടിയുണ്ട്. അത് സ്വന്തം നാട്ടില്‍ തന്നെ തൊഴില്‍ നല്‍കുന്നുവെന്നതാണ്. ഭൌതിക നേട്ടം പരിഗണിക്കാതെ തൊഴില്‍ നല്‍കുകയെന്ന ഒറ്റ ദൌത്യമാണ് തൊഴില്‍ദാന പദ്ധതിക്കുള്ളത്. സാമ്പത്തിക വിദഗ്ദന്‍ കെയിന്‍സിന്റെ സിദ്ധാന്തത്തിന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള പിന്‍ബലം അതിനുണ്ട്. അങ്ങനെയിരിക്കെ തീവണ്ടിക്ക് കൂലികൊടുത്ത് ഗുജറാത്തിലെ ദരിദ്രര്‍ വണ്ടികയറുന്നതെന്തിനാണെന്ന് മോഡി പറയുന്നില്ല.

ഗുജറാത്തിലെ കോട്ട്യാല ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഗുണഭോക്താക്കളായത് ഡോക്‌ടര്‍മാരും, സര്‍ക്കാര്‍ ജീവനക്കാരുമാണ്. കോടികളുടെ തിരിമറി പദ്ധതി നിര്‍വണ ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ട് തന്നെ നടന്നുവെന്ന മുഖ്യധാര ഇംഗ്ളീഷ് മാധ്യമങ്ങളുടെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. കേന്ദ്ര ഗ്രാമവികസന മന്ത്രി സി പി ജോഷിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാവങ്ങള്‍ തൊഴില്‍ തേടി വണ്ടി കയറുന്നത് എന്‍ആര്‍ഇജിപി ഫണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യാജന്‍മാരും വിഴുങ്ങുന്നതുകൊണ്ടാണ്. എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കുന്ന മോഡി നടപ്പാത പണിയുന്നില്ലെന്ന് മാത്രമല്ല. അതിന്റെ ഫണ്ട് വിഴുങ്ങുക കൂടി ചെയ്യുന്നുവെന്നാണ് മനസിലാക്കുന്നത്. ഇപ്പോഴും തൊഴിലുറപ്പ് പദ്ധതി കൂലി 125രൂപയാണ് ഔദ്യോഗിക ഗുജറാത്തില്‍.75ഉം നൂറും രൂപയാണ് ഒരു ദിവസത്തെ വേതനം. അതുകൊണ്ടു തന്നെയാണ് പദ്ധതി ഫണ്ട് തിരിമറി നടത്താന്‍ ഉദ്യോഗസ്ഥ വൃന്ദം താല്‍പര്യപ്പെടുന്നത്. തൊഴിലുറപ്പ് കൂലികൊണ്ട് ജീവിക്കാന്‍ കഴിയില്ലെന്നാണ് തീവണ്ടിയില്‍ വച്ച് കണ്ട തൊഴിലാളി രാജം കോഡ പറഞ്ഞത്. ഈ പദ്ധതിയെ കുറിച്ച് അറിയാത്തവര്‍ ഏറെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

സബര്‍മതി

അഹമ്മദാബാദില്‍ നിന്നും അക്ഷര്‍ധാമിലേക്ക് ഗുജറാത്ത് സ്‌റ്റേറ്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്രചെയ്യണം. രണ്ട് തവണ കണ്ടം ചെയ്‌ത് കഴിയാന്‍ മാത്രം പ്രായമായ പഴകിയ ബസുകള്‍ ഗതാഗത മേഖലയുടെ മാറിയ മുഖം വിളിച്ചുപറയും. പൊട്ടിയതും തുരുമ്പിച്ചതുമായ ബസുകളില്‍ തിക്കിത്തിരക്കിയാണ് സാധാരണക്കാരന്റെ യാത്ര. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പിച്ചക്കാരനേക്കാള്‍ കഷ്‌ടമാണ്. യാത്ര ഇരന്നുവാങ്ങുകയാണവര്‍. 'ഒന്ന് ഈ ഓട്ടോയില്‍ കയറുമോ ഭക്ഷണം കഴിച്ചിട്ടില്ല' എന്നാണ് അഹമ്മദാബാദ് ബസ് സ്‌റ്റാന്റില്‍ നിന്നും ഒരു ഓട്ടോ ഡ്രൈവര്‍ ചോദിച്ചത്. ഞങ്ങളുടെ യാത്ര അക്ഷര്‍ധാം ക്ഷേത്രത്തിനു മുന്നില്‍ അവസാനിപ്പിച്ചു.

2002-ല്‍ തീവ്രവാദി ആക്രമണത്തിന് വിധേയമായ ക്ഷേത്രമാണ് അക്ഷര്‍ധാം. ആക്രമണത്തിനുശേഷം കനത്ത സുരക്ഷയിലാണ് അക്ഷര്‍ധാം. പത്രപ്രവര്‍ത്തകര്‍ക്ക് പോലും കാമറ, മൊബൈല്‍, ബെല്‍റ്റ് എന്നിവയോടെ അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ച വാതിലിലൂടെയാണ് പ്രവേശനം. മതസൌഹാര്‍ദവും മനുഷ്യസ്നേഹവും പ്രോത്സാഹിപ്പിച്ച മഹാരാജാ സ്വാമിനാരായണന്റെ പേരിലെ ക്ഷേത്രമാണിത്. ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുക്കുന്നതിന് പകരം അവരോട് കപ്പം സ്വീകരിച്ച രാജാവാണത്രെ സ്വാമി നാരായണ്‍. ഇത്തരം കൃത്യങ്ങളുടെ ശില്‍പങ്ങള്‍ അവിടെ കാണാം. സാധുജനങ്ങള്‍ അന്യമതസ്ഥര്‍ എന്നിവര്‍ക്ക് തുല്യപരിഗണനയാണ് രാജാവ് നല്‍കിയത് എന്നും അദ്ദേഹത്തിന്റെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എല്ലാ മതവിഭാഗങ്ങളും എത്തിയിരുന്നുവെന്നും അവിടെ എഴുതിവച്ചിരിക്കുന്നു. ആര്‍ക്കും നിയന്ത്രണമില്ല.

ഗുജറാത്തിന്റെ മതനിരപേക്ഷതക്ക് വലിയ സംഭാവന നല്‍കിയ അക്ഷര്‍ധാം 2002ലെ സംഭവത്തിന് ശേഷം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ഞങ്ങള്‍ നേരില്‍ കണ്ട കാഴ്ച്ച തന്നെയാണ് പ്രധാനം. ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ അവിടെ പ്രവേശനത്തിന് ഒരു മുസ്ലിം കുടുംബവും ഉണ്ടായിരുന്നു. അകത്തേക്ക് പ്രവേശിക്കാനുള്ള അവരുടെ ശ്രമത്തെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. അവരോട് പര്‍ദയഴിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ ഒന്നും ആലോചിക്കാതെ പര്‍ദയും ശിരോവസ്‌ത്രവും നീക്കി അകത്തേക്ക് പ്രവേശിച്ചു. 2002നു ശേഷമാണത്രെ പര്‍ദക്ക് നിരോധം ഉണ്ടായത്. ക്ഷേത്രവും ചരിത്രവും ശില്‍പങ്ങളും കണ്ട് പുറത്തിറങ്ങിയ ശേഷമാണ് അറിഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വസതി ഇതിന്റെ മതില്‍കെട്ടിനു പുറത്തുള്ള മറ്റൊരു വളപ്പിലാണ് എന്ന്. മോഡിയുടെ വീടിനടുത്ത് വച്ചാണ് ഞങ്ങള്‍ സബര്‍മതിയിലേക്ക് യാത്ര തുടര്‍ന്നത്. ഏറെ നേരം കാത്തിരുന്നിട്ടും സബര്‍മതിയിലേക്ക് പോകാന്‍ വാഹനം ലഭ്യമായിരുന്നില്ല.

ഈ യാത്രയായിരുന്നു ഏറെ അത്ഭുതകരമായി അനുഭവപ്പെട്ടത്. പുറപ്പെടുമ്പോള്‍ ഓട്ടോക്കാരനോട് സബര്‍മതി ആശ്രമത്തിലേക്കാണ് എന്നുപറഞ്ഞു. കയറി തുടങ്ങിയതുമുതല്‍ അയാള്‍ സംസാരിക്കുകയാണ്. ഗുജറാത്തി ഭാഷയില്‍ ഏന്തൊക്കെയോ പറയുന്നു. പിന്നീട് സ്‌റ്റിയറിംഗില്‍ നിന്നും ഒരു കൈ വിട്ടു. ആ കൈ കൊണ്ട് ആംഗ്യം കാണിച്ചായി പിന്നത്തെ സംസാരം. ഞങ്ങള്‍ക്ക് ഗുജറാത്തി അറിയില്ല എന്നുപോലും അയാള്‍ ശ്രദ്ധിക്കുന്നില്ല. പിന്നിട് അയാള്‍ പിറകിലേക്ക് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു. വണ്ടി ഓടികൊണ്ടിരിക്കുകയാണ്. പാന്‍മസാലയും മദ്യവും ചേര്‍ന്ന ദുര്‍ഗന്ധവും തുപ്പലും ഓട്ടോറിക്ഷയെയും മത്തുപിടിപ്പിച്ചു.

അയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന മനസിലായി. അയാള്‍ കാലെടുത്ത് ഇരിക്കുന്ന സീറ്റില്‍ വച്ചു. ഒരു കൈയും ഒരു കാലുമാണ് വണ്ടിയെ നിയന്ത്രിക്കുന്നത്. ഞങ്ങളോട് തിരിഞ്ഞുനിന്നും ഗുജറാത്തിയില്‍ പ്രസംഗിച്ചുമാണ് വണ്ടിയോടിക്കുന്നത്. ആറ് വരിപാതയാണ് റോഡ്. ഓട്ടോ തലങ്ങും വിലങ്ങും ആടികൊണ്ടിരിക്കുകയാണ്. ഒടുവില്‍ ഒരു വിധത്തില്‍ വണ്ടി നിര്‍ത്തിച്ചു. രണ്ടാമത്തെ റിക്ഷക്കാരനെ വിളിച്ചു. അപ്പോഴാണ് അറിയുന്നത് മദ്യപന് ഓട്ടോ ഓടിക്കാനുള്ള ഒരു രേഖയും ഇല്ല എന്ന്. പിന്നിട് ചെറുപ്പക്കാരനായ മറ്റേ ഡ്രൈവറുടെ റിക്ഷയില്‍ സബര്‍മതിയിലേക്ക്. എന്നാല്‍ റിക്ഷാക്കാര്‍ ഞങ്ങളെ ബോധപൂര്‍വം മറ്റൊരു ആള്‍ദൈവത്തിന്റെ ആശ്രമത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. 'ഇപ്പോള്‍ ഇതിനാണ് പ്രശസ്‌തി. ബാപ്പു ആശ്രമം എന്നാല്‍ ഇതാണ്. ആശ്രമത്തിലെ സ്വാമി പറഞ്ഞു.

ഞങ്ങള്‍ സബര്‍മതിയിക്ക് മറ്റൊരു വാഹനത്തില്‍ യാത്രയായി. മോഡിയുടെ വീട്ടിനടുത്താണ് വ്യാജമദ്യകേന്ദ്രം എന്ന് വ്യക്തം. അവിടെ നിന്നും കുടിച്ച ചാരായത്തിന്റെ പരിണാമമാണ് റിക്ഷാഡ്രൈവറില്‍ കണ്ടത്. സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയ ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ വീടിനരികെ ഇതാണ് അവസ്ഥ.

സബര്‍മതിയില്‍ ഞങ്ങള്‍ ഗാന്ധിഭവനത്തിനു മുന്നില്‍ വിഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ മൂക്കറ്റം കുടിച്ച് കാലുറക്കാതെ നില്‍ക്കുകയാണ് ഒരാള്‍. അയാളോട് ഇത് എവിടെ നിന്ന് ഒപ്പിച്ചു എന്ന് ചോദിച്ചു. 'ദേശിയാ- സാറിന് വേണോ?' എന്ന് അയാള്‍ തിരിച്ചു ചോദിച്ചു.

'ഹേ റാം' എന്ന് നെഞ്ചില്‍ കൈവച്ച് ഞങ്ങള്‍ സബര്‍മതിയില്‍ നിന്നും മടങ്ങി. എല്ലാം കഴിഞ്ഞപ്പോണ് തോമസിനോട് ചോദിച്ചത്. മോഡിയെ കുറിച്ച് ഇപ്പോള്‍ നാട്ടുകാര്‍ക്ക് എന്താണ് അഭിപ്രായമെന്ന്. 'നല്ല അഭിപ്രായം-മുസ്ലിങ്ങള്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. 2002-ലെ കലാപമൊക്കെ ആള്‍ക്കാര്‍ മറന്നു കഴിഞ്ഞു. ഗുജറത്ത് എന്തു നല്ല മാതൃക- വരിയുടക്കപ്പെട്ടവന്റെ അടിമത്തത്തിന്.


*****


രവീന്ദ്രന്‍ രാവണേശ്വരം കടപ്പാട്: ദേശാഭിമാനി വാരിക 30 ജനുവരി 2011

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഗുജറാത്ത് വംശഹത്യനടന്ന് പത്ത് വര്‍ഷത്തോട് അടുക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും നിക്ഷേപമൂല്യള്ള സംസ്ഥാനം, മുസ്ലിംങ്ങള്‍ നരേന്ദ്രമോഡിയോടൊപ്പം, വാള്‍മുനയില്‍ അറ്റുവീണവര്‍ വാളെടുത്തവന്റെ കാല്‍ചുവട്ടില്‍, മോഡി മുസ്ലിംങ്ങള്‍ക്ക് സീറ്റു നല്‍കുന്നു. ഗാന്ധിയുടെ നാട്ടില്‍ സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തുന്നു. ഗ്രാമപഞ്ചായത്തിലേക്ക് മുസ്ലിംങ്ങളെ മത്സരിപ്പിച്ച് അവര്‍ക്ക് വേണ്ടി മോഡിതന്നെ രംഗത്തിറങ്ങുന്നു. അവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. രാജ്യം ഗുജറാത്തിനെ മാതൃകയാക്കുന്നു.ചുരുക്കത്തില്‍ 'ഗുജറാത്ത് തിളങ്ങുന്നു'. ഇതിനെല്ലാം അടിവരയിട്ടുകൊണ്ട് മോഡി വീണ്ടും അധികാരത്തില്‍ വരുന്നു. കേന്ദ്രം ഭരിക്കുന്ന മതനിരപേക്ഷ പാര്‍ട്ടിക്ക് മൌനം തുടരാന്‍ വിധിയാവുന്നു.

ktahmed mattanur said...

എന്നിട്ടും മുസ്ലിം ഭീഗരന്‍ തന്നെ,അതെ വരിയുടക്കപ്പെട്ട ഭീഗരന്‍,ഗോദ്രതീവണ്‍ടി തീകൊടുത്തത് മറ്റൊരസിമാനന്തയിലൂടെ എന്നെങ്കിലും നാം അറിയുമായിരിക്കും,അന്നും മെയിന്‍ കാഫ് വായിച്ച് ന്യുനപക്ഷത്തെ ഉന്മൂലനം ചെയ്യേണ്ടത് എങ്ങിനെയെന്നത് മോഡിയുടെ വരും തലമുറ പരീക്ഷിച്ചുകൊണ്ടിരിക്കും,വളരെ നല്ല വിവരണം.

dr b jayaraj said...

In psychology, Stockholm syndrome is a term used to describe a paradoxical psychological phenomenon wherein hostages express adulation and have positive feelings towards their captors that appear irrational in light of the danger or risk endured by the victims, essentially mistaking a lack of abuse from their captors as an act of kindness.[1][2] The FBI’s Hostage Barricade Database System shows that roughly 27% of victims show evidence of Stockholm syndrome.[3] The syndrome is named after the Norrmalmstorg robbery of Kreditbanken at Norrmalmstorg in Stockholm, in which the bank robbers held bank employees hostage from August 23 to August 28, 1973. In this case, the victims became emotionally attached to their captors, and even defended them after they were freed from their six-day ordeal. The term "Stockholm Syndrome" was coined by the criminologist and psychiatrist Nils Bejerot, who assisted the police during the robbery, and referred to the syndrome in a news broadcast.[4] It was originally defined by psychiatrist Frank Ochberg to aid the management of hostage situations.[5]