Thursday, January 13, 2011

കേരളത്തിലെ ക്രമസമാധാനവും മുതലാളിത്ത മാധ്യമങ്ങളുടെ വര്‍ഗതാല്പര്യവും

ജനാധിപത്യപരമായി അധികാരത്തിലേറിയ ഗവണ്‍മെന്റ്, ഭരണഘടനാപരമായി കൈക്കൊള്ളുന്ന നിയമനടപടികളിലും ക്രമസമാധാന പരിപാലനശ്രമങ്ങളിലും നിക്ഷിപ്ത താല്പര്യത്തോടെ ഇടപെടാനും നിഷേധാത്മകമായി അവയെ സ്വാധീനിക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നത് വിമോചനസമരകാലം മുതല്‍ നമ്മൂടെ അനുഭവമാണ്. സത്യസന്ധമല്ലാത്ത വാര്‍ത്തകള്‍, ആത്മനിഷ്ഠ വ്യാഖ്യാനങ്ങള്‍, വസ്തുനിഷ്ഠമല്ലാത്ത നിഗമനങ്ങള്‍ എന്നിവയിലൂടെ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതും ഗവണ്‍മെന്റിനെ അവമതിക്കുന്നതും വാസ്തവത്തില്‍ മാധ്യമസ്വാതന്ത്യ്രത്തിന്റെ പരിധിയില്‍ പെടുന്ന കാര്യങ്ങളല്ല. സത്യം അറിയാനുള്ള ജനങ്ങളുടെ താല്പര്യവും അവകാശവും സംരക്ഷിക്കുന്നതിന് മുതലാളിത്ത മാധ്യമവര്‍ഗതാല്പര്യങ്ങള്‍ തടസ്സമാകുന്നത് എങ്ങനെ ഒഴിവാക്കാനാകും? 'ജേര്‍ണലിസ്റിനാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമ'മെന്ന (journalist driven media) ആശയത്തിന്റെ വക്താക്കളിലൂടെ മുതലാളിത്തം അരങ്ങടക്കാന്‍ ശ്രമിക്കുമ്പോള്‍, സത്യസംരക്ഷണാര്‍ത്ഥം ഒരു ലക്ഷ്മണരേഖ അനിവാര്യമാകുന്നില്ലേ?

സമീപകാലത്തുണ്ടായ ഒന്നിലധികം സംഭവങ്ങളോട് മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇലക്ട്രോണിക് സാങ്കേതിക വിപ്ളവം മാധ്യമരംഗത്ത് ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണുണ്ടാക്കിയിട്ടുള്ളത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സംവിധാനം വാര്‍ത്താപ്രാധാന്യമുള്ള വിഷയങ്ങളുടെ തത്സമയസംപ്രേക്ഷണം സാധ്യമാക്കുന്നു. ചൂടപ്പം പോലെ വാര്‍ത്തകള്‍ സ്വീകരിക്കുന്ന സമയത്തുതന്നെ, ചാനല്‍ പ്രേക്ഷകന്‍ റിപ്പോര്‍ട്ടിംഗിന്റെ ഇരയുമായിത്തീരുന്നു. റിപ്പോര്‍ട്ടറുടെ ആത്മനിഷ്ഠവും വികാരപരവുമായ വ്യാഖ്യാനം, നിഗമനം എന്നിവ സംഭവങ്ങളെ വികലമായ ആഖ്യാനങ്ങളാക്കി പ്രേക്ഷകശ്രദ്ധയിലെത്തിക്കുന്നു. പലപ്പോഴും, അവ യാഥാര്‍ത്ഥ്യത്തെ വികലമാക്കുകയും വക്രീകരിക്കുകയും ചെയ്യുന്നു. യുക്തിസഹമായി ചിന്തിക്കാനോ നിഗമനങ്ങളിലെത്താനോ അവസരം നല്‍കാതെ, ചടുലമായ ആഖ്യാനത്തിലൂടെ, ടി. വി. റിപ്പോര്‍ട്ടര്‍മാര്‍ പ്രേക്ഷകരെ ചാനല്‍ മുതലാളിയുടെ പ്രത്യയശാസ്ത്രത്തിന്റെ ഇരളാക്കി അതിവേഗം മാറ്റുന്നു.

ഇറാക്കിനുമേല്‍ അമേരിക്ക നടത്തിയ കടന്നാക്രമണം സി.എന്‍.എന്നും(CNN) മറ്റും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നാമിതു കണ്ടതാണ്. യുദ്ധം തുടങ്ങുന്നതിന് വളരെ മുമ്പു തന്നെ നിരന്തരമായ നുണപ്രചരണത്തിലൂടെ യൂറോ-അമേരിക്കന്‍ മാധ്യമക്കുത്തകകള്‍ സദ്ദാം ഹൂസൈനെ നിഷ്ക്കണ്ടകനും വധ്യനുമായ രാഷ്ട്രീയഖലനായകനായി സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഇറാക്കില്‍ അണുബോംബുണ്ടായിരുന്നില്ലെന്ന സത്യത്തെ അപ്പാടെ തമസ്ക്കരിക്കാനും ആക്രമണത്തിന്റെ അനിവാര്യത സ്ഥാപിച്ചെടുക്കാനും അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന് കുത്തകമാധ്യമങ്ങളിലൂടെ സാധിച്ചു. ചീറിപ്പാഞ്ഞുവന്ന്, പൊട്ടിത്തെറിച്ച്, കത്തിപ്പടരുന്ന ക്രൂയിസ് മിസൈലുകളുടെ വിസ്ഫോടനം ദൃശ്യചാരുതയും ഉദ്വേഗവും കൂടിക്കലര്‍ന്ന അനുഭവമാക്കി മാറ്റാന്‍ ചാനലുകള്‍ ശ്രദ്ധിച്ചു. ആയിരക്കണക്കിന് ശിശുക്കളും സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെ ഒരു രാഷ്ട്രമപ്പാടെ കത്തിക്കരിയുന്നതിന്റെ ദൈന്യം, ചാനല്‍ ക്യാമറകള്‍ കാണുകയോ കാണിക്കുകയോ ചെയ്തില്ല. സമീപകാലത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ മുതലാളിത്ത പൈശാചികതയെ, മാധ്യമങ്ങള്‍ നാടകവത്ക്കരിക്കുകയും ആസ്വാദ്യമായ ദൃശ്യവിരുന്നായി വിപണനം നടത്തുകയും ചെയ്തു. ഫലത്തില്‍, ഇറാക്കു യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യം - അതിന്റെ രാഷ്ട്രീയം - മാധ്യമങ്ങള്‍ തമസ്ക്കരിച്ചു. ജനങ്ങളെ കാഴ്ചകള്‍ കാണിച്ച് അന്ധരാക്കുകയും ശബ്ദങ്ങള്‍ കേള്‍പ്പിച്ച് ബധിരരാക്കുകയുമാണ് കുത്തകമാധ്യമങ്ങള്‍ ചെയ്തതും ചെയ്യുന്നതും. അന്ധരും ബധിരരുമാകുന്നവര്‍, നിശ്ശബ്ദരും നിഷ്ക്രിയരുമായിത്തീരുന്നത് സ്വാഭാവികം.

മാധ്യമ മാടമ്പികളുടെ താന്‍പോരിമ, പലപ്പോഴും, സാമൂഹ്യമായും രാഷ്ട്രീയമായും അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചേക്കാം. തീവ്രവാദികള്‍ ബോംബേ നഗരം ആക്രമിച്ചപ്പോള്‍, തത്സമയം റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ നിരുത്തരവാദിത്വം ഏറെ വിമര്‍ശിക്കപ്പെട്ടു. രാജ്യം മുഴുവന്‍ ചാനലുകള്‍ പരിഭ്രാന്തി പരത്തി. ഉദ്വേഗം നിറഞ്ഞ നാടകമായി ഭീകരാക്രമണത്തെ അവര്‍ ചിത്രീകരിച്ചു. രാഷ്ട്രത്തിന്റെ സുരക്ഷ അവര്‍ പരിഗണിച്ചില്ല. ഭീകരരുടെ വിദേശത്തുള്ള യജമാനന്മാര്‍ക്ക് ആക്രമണരംഗങ്ങള്‍ ഉടനടി കാണാനും ഇന്ത്യന്‍ അധികാരികളുടെ പ്രതികരണങ്ങളും പ്രതിരോധ നീക്കങ്ങളും മനസ്സിലാക്കാനും അവര്‍ അവസരമൊരുക്കി. കൂടാതെ, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ സംഭവത്തെ സംബന്ധിച്ച് ആത്മനിഷ്ഠ നിഗമനങ്ങളിലെത്തുകയും വ്യാഖ്യാനങ്ങളും വിധിപ്രസ്താവങ്ങളും നടത്തുകയും ചെയ്തു. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം രാഷ്ട്രീയവും രാഷ്ട്രീയക്കാരുമാണെന്നും ഇനിയെല്ലാം ജനങ്ങള്‍ നോക്കിക്കൊള്ളുമെന്നും ചില ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തട്ടിവിട്ടു. "വേണ്ടത്രയായി''യെന്നും, (Enough is enough) "ഇനിയും ജനങ്ങളിതനുവദിക്കില്ലെ''ന്നും മറ്റും, ചില മാധ്യമസുന്ദരികള്‍ ആംഗലവാണയില്‍ കൂകിവിളിച്ചു. വലതുപക്ഷ ഫാഷിസ്റു മനസ്സില്‍ വളര്‍ന്നുവരുന്ന അരാഷ്ട്രീയതയെ സാമൂഹ്യമായി വ്യാപിപ്പിക്കാനുള്ള അവസരം ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ബോംബേ ഭീകരാക്രമണത്തില്‍ കണ്ടെത്തി.

സമാനരീതിയില്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച സംഭവമാണ് കേരളത്തില്‍ നടന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അറസ്റ്. ബാംഗ്ളൂര്‍ ബോംബുസ്ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനമാക്കി കര്‍ണാകത്തില്‍ രജിസ്റര്‍ ചെയ്ത കേസിനെ തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച വാറന്റ് പ്രകാരമായിരുന്നല്ലോ അറസ്റ്. നിയമനടപടിക്ക് അത്യധികമായ വാര്‍ത്താപ്രാധാന്യം ലഭിച്ചു. മാധ്യമങ്ങള്‍ ഇതിനെ നാടകവത്്ക്കരിച്ചു. ഒരു ലൈവ് നാടകം. മഅ്ദനിയുടെ ഭൂതകാലവും മതവിശ്വാസവും രാഷ്ട്രീയ നിലപാടുമെല്ലാം കൂടി സംഭവം ഏറെ ശ്രദ്ധേയമാക്കി. വിവേചനരഹിതമായ മാധ്യമഫോക്കസിംഗ് മൂലം പോലീസ് നടപടി സങ്കീര്‍ണവും പ്രയാസകരവുമായി. അന്‍വാര്‍ശ്ശേരിയിലെ ഓര്‍ഫനേജ് വളപ്പിലും പരിസരത്തും മഅ്ദനിയുടെ അനുയായികള്‍ ധാരാളമായി കൂട്ടം ചേര്‍ന്നു. തീവ്രവികാരപ്രകടനം അവിടെയുണ്ടായി. കര്‍ണാടക പോലീസ് കേരളത്തില്‍ എത്തിയ നാള്‍ മുതല്‍, ടി.വി ചാനലുകള്‍ അവിടെ തമ്പടിച്ചു. തത്സമയ സംപ്രേഷണത്തിലൂടെ അവ ജനങ്ങളുടെ ആകാംക്ഷയും ഔത്സുക്യവും വര്‍ദ്ധിപ്പിച്ചു; എരിതീയില്‍ എണ്ണയൊഴിക്കുംവിധം വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; ഒരു വലിയ സംഘര്‍ഷം ആസന്നമാണെന്ന പ്രതീതി പരത്തി. പോലീസും മഅദ്നിയുടെ അനുയായികളുമായി സംഘട്ടനമുണ്ടാകുമെന്ന് അവര്‍ ആശിക്കുകയും ആശങ്കിക്കുകയും ചെയ്തു. മഅ്ദനിയെ സഹായിക്കുന്ന നിലപാടാണ് കേരളാപോലീസ് സ്വീകരിക്കുന്നതെന്ന ദുഃസൂചനകള്‍ നിറഞ്ഞതായിരുന്നു മിക്ക മാധ്യമ റിപ്പോര്‍ട്ടുകളും. ബി.ജെ.പി നേതൃത്വം നല്‍കുന്ന കര്‍ണാടക ഗവണ്‍മെന്റും മാര്‍ക്സിസ്റുപാര്‍ട്ടി നേതൃത്വം നല്‍കുന്ന കേരളാഗവണ്‍മെന്റും തമ്മിലുള്ള രാഷ്ട്രീയ ഉരസലിലേക്ക് കാര്യങ്ങള്‍ വഷളാകുന്നുവെന്ന് അവര്‍ പ്രചരിപ്പിച്ചു.

എന്നാല്‍, എല്ലാ മാധ്യമസന്ദേഹങ്ങളേയും ദുര്‍മോഹങ്ങളേയും തകര്‍ക്കും വിധമാണ് അന്‍വാര്‍ശ്ശേരിയിലെ പോലീസ് നടപടി സമാപിച്ചത്. കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനുള്ള എല്ലാ സഹായവും കേരളാപോലീസ് കര്‍ണാടക പോലീസിന് നല്‍കി. സമാധാനകാംക്ഷികളായ സജ്ജനങ്ങള്‍ക്കെല്ലാം ആശ്വാസം പകരുന്നവിധം ക്രമസമാധാനം പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് കര്‍ണാടക പോലീസ് മഅ്ദനിയെ അറസ്റു ചെയ്തു. കേരളാപോലീസിന്റെ സമര്‍ത്ഥമായ നേതൃത്വവും ഗവണ്‍മെന്റിന്റെ രാഷ്ട്രീയനയവുമാണ് ഇതിന് സഹായകമായത്. പ്രശംസനീയമായ രീതിയില്‍ പോലീസ് നടപടി സമാപിച്ചതില്‍ ദുഃഖിക്കുന്ന ചിലര്‍ കേരളത്തിലുണ്ട്. നിക്ഷിപ്ത താല്പര്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന വലതുപക്ഷ മാധ്യമങ്ങളും അവയുടെ രാഷ്ട്രീയ യജമാനന്മാരുമാണവര്‍.

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്കുണ്ടായ നിരാശയും ജാള്യതയും വളരെ വലുതായിരുന്നു. ഗവണ്‍മെന്റിനെതിരെയുളള അവരുടെ കുറ്റപ്പെടുത്തല്‍ ഇത് വ്യക്തമാക്കുന്നു. മാധ്യമങ്ങള്‍ പ്രതീക്ഷിച്ചതൊന്നും അന്‍വാര്‍ശ്ശേരിയില്‍ സംഭവിച്ചില്ല. അനാഥാലായത്തിലേക്ക് പോലീസ് ഇരച്ചു കയറിയില്ല. ലാത്തിച്ചാര്‍ജ്ജും വെടിവെയ്പും നടന്നില്ല. വരും ദിവസങ്ങളിലേക്കുളള രാഷ്ട്രീയമസാല അന്‍വാര്‍ശ്ശേരിയില്‍ പാകപ്പെടുത്താമെന്ന അവരുടെ പൂതിയും നടന്നില്ല. അതുകൊണ്ട്, അരിശം തീരാതെ, പോലീസ് നടപടി വൈകിപ്പോയെന്ന് ധാര്‍മ്മികരോഷേണ അവര്‍ മുഖപ്രസംഗമെഴുതുകയും തമാശിക്കുകയും ചെയ്തു. എന്തിനാണ് കേരളാപോലീസ് നാടകം കളിച്ചതെന്ന അവരുടെ ചോദ്യമാണ് ഏറെ വിശേഷം! ഒരു ഘട്ടത്തില്‍, ചാനല്‍ സംവാദത്തിലെ രണ്ടു പ്രമുഖതാരങ്ങള്‍ അന്‍വാര്‍ശ്ശേരിയില്‍ നടക്കുന്നത് 'അസംബന്ധനാടക'മാണെന്നു പോലും നിരീക്ഷിച്ചു. 'നാടകവാദ'ക്കാരെല്ലാം അന്‍വാര്‍ശ്ശേരിയില്‍ ഒരു വലിയ ക്ളൈമാക്സ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ, സംഭവിച്ചതോ? വളരെ വളരെ വിരസമായ ആന്റിക്ളൈമാക്സ്. ഹോളിവുഡ് സിനിമയിലേതു പോലെ വെടിയും പുകയും തീയും രക്തവും മരണവും കാണാന്‍ നോമ്പുനോറ്റിരുന്ന മാധ്യമോപജീവികള്‍ ഇതെങ്ങനെ സഹിക്കും? എങ്ങനെ ക്ഷമിക്കും? ഭാവനാസമ്പന്നരാണെങ്കിലും മാധ്യമവേലകളിക്കാര്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിലെ ആന്റിക്ളൈമാക്സുകളെ വിരസതയില്‍ നിന്നും രക്ഷിക്കാനാവുകയില്ലല്ലോ!

ക്രമസമാധാന പ്രശ്നമുണ്ടാകാതെ, മഅദ്നിയെ അറസ്റു ചെയ്യുന്നതിന് സൌകര്യമൊരുക്കിയ കേരളാ പോലീസിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണ്. വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ, കോടതിക്കും പോലീസിനും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാനാകൂ. കോടതിയുടെ ഉത്തരവു പ്രകാരമുളള നടപടികള്‍ സ്വീകരിക്കുകയായിരുന്നു കര്‍ണാടകത്തിലേയും കേരളത്തിലേയും പോലീസിന്റെ ഉത്തരവാദിത്വം. ആ ചുമതല വെടിപ്പായും വൃത്തിയായും അവര്‍ നിറവേറ്റി. എന്നിട്ടും, അന്‍വാര്‍ശ്ശേരിയില്‍ നടന്നത് നാടകമോ അസംബന്ധ നാടകമോ ആയിരുന്നെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു മാധ്യമ റിപ്പോര്‍ട്ടര്‍മാരും ചാനല്‍സംവാദകരും നിര്‍ലജ്ജം ശ്രമിച്ചത്. തീര്‍ച്ചയായും, അവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്.

അന്‍വാര്‍ശ്ശേരിയില്‍ നടന്നത് 'അസംബന്ധ നാടക'മാണെന്ന് കണ്ടെത്തിയ ചാനല്‍ ചര്‍ച്ചാവിദഗ്ധര്‍ 'അസംബന്ധ'മെന്തെന്നും 'അസംബന്ധ നാടക'മെന്തെന്നും അറിയാത്തവരല്ല. കാര്യകാരണബന്ധമില്ലാത്തവയെയാണ് അസംബന്ധമെന്ന് വിശേഷിപ്പിക്കുക. മനുഷ്യജീവിതം അബ്സേര്‍ഡ് (അസംബന്ധം) ആണെന്ന് ചിലപ്പോള്‍ തോന്നാം. അസംബന്ധനാടകത്തില്‍ സുഘടിതമായ കഥാശില്പമോ കഥാപാത്രങ്ങളോ ഉണ്ടാകാറില്ല. പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന ഭ്രമാത്മകത നിറഞ്ഞവയായിരിക്കും അവ. അന്‍വാര്‍ശ്ശേരിയിലെ പോലീസ് നടപടിയില്‍ എന്തായിരുന്നു മാധ്യമങ്ങള്‍ കണ്ട ഭ്രമാത്മകമായ അസംബന്ധത്വം? ചിരപരിചിതമായ രീതിയില്‍ നിന്നും വ്യത്യസ്തമായി പോലീസ് കടന്നാക്രമണം നടത്താത്തത് മാധ്യമതാരങ്ങള്‍ക്ക് അസ്വാഭാവികവും അയുക്തികവുമായി തോന്നിയെങ്കില്‍ അത് ആരുടെ കുറ്റം? അനാവശ്യമായും അനവസരത്തിലും ബലപ്രയോഗം നടത്താത്തത് യുക്തിസഹമായ പോലീസ് നടപടിയുടെ ഭാഗമാണെന്ന് മനസ്സിലാക്കാനുളള വിവേചനശേഷി അവര്‍ക്കില്ലാതെ പോയത് തീര്‍ച്ചയായും ഗവണ്‍മെന്റിന്റെ കുറ്റമല്ല. മാധ്യമ പ്രവര്‍ത്തകരുടെ മുന്‍കാല അനുഭവത്തിനും ധാരണകള്‍ക്കുമനുസരിച്ച് കേരളാപോലീസ് കാര്യങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് ശഠിക്കുന്നത് തികഞ്ഞ അസംബന്ധവും ശുദ്ധവിവരക്കേടുമാണ്. മഅദ്നിയുടെ അറസ്റില്‍ അസംബന്ധ നാടകത്തിന്റെ ഭ്രമാത്മകതയുണ്ടെന്ന് കുറ്റപ്പെടുത്തിയവര്‍ സ്വന്തം ഭാവനാശൂന്യതയും രാഷ്ട്രീയ പക്ഷപാതിത്വവും സ്വയം വിളിച്ചു പറയുകയാണ് ചെയ്തത്. ഓരോ സംഭവത്തിന്റേയും പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കാതെ, ഏറ്റവും പുതിയ ഓളത്തിന്റെ പരപ്പിലൂടെ തെന്നിത്തെന്നിപ്പായുന്ന മാധ്യമ കുമാരന്മാരും കുമാരികളും അന്‍വാര്‍ശ്ശേരിയില്‍ 'നാടകം' കണ്ടത് മനസ്സിലാക്കാം. എന്നാല്‍, ഇരുത്തംവന്ന രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമചിന്തകരും അന്‍വാര്‍ശ്ശേരിയിലെ പോലീസ് നടപടിയെ അസംബന്ധനാടകമെന്ന് വിശേഷിപ്പിച്ചതെന്തുകൊണ്ട്? പഴയ പോലീസ് മുറയില്‍ നിന്നും വ്യത്യസ്തമായ ഒന്ന് സാധ്യമാണെന്ന് ചിന്തിക്കാനുളള സര്‍ഗശേഷി നമ്മുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും നഷ്ട്ടപ്പെട്ടുവോ?.

പോലീസ് ആക്ഷനെന്നാല്‍, ലാത്തിയും തോക്കും ടിയര്‍ഗാസും ജലപീരങ്കിയും വെടിവെയ്പുമെല്ലാം കൂടിച്ചേര്‍ന്ന ബലപ്രയോഗമെന്നാണ് മുന്‍കാല അനുഭവങ്ങള്‍. അത്തരം അനുഭവങ്ങളാണ് വ്യദ്ധമാധ്യമശിങ്കങ്ങളുടെ യുക്തിബോധത്തെ സ്വാധീനിച്ചത്. അതുകൊണ്ട്, മുന്‍ യു. ഡി. എഫ്. ഗവണ്‍മെന്റ് മുത്തങ്ങയിലും ശിവഗിരിയിലും പിന്തുടര്‍ന്നതില്‍ നിന്നും വ്യത്യസ്തമായ എല്‍.ഡി.എഫിന്റെ പോലീസ് നടപടി 'അസംബന്ധനാടക'മായി അവര്‍ക്കു തോന്ന്ി. യു. ഡി. എഫ്. അല്ല എല്‍. ഡി. എഫ്. എന്ന് അവര്‍ മനസ്സിലാക്കിയില്ല. ഗതാനുഗതികത്വത്തിന്റെ ദു:ശീലങ്ങളില്‍ നിന്നും സ്വന്തം യുക്തിബോധത്തെ രക്ഷപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍, അന്‍വാര്‍ശ്ശേരിയിലെ പോലീസ് നടപടിയുടെ പിന്നിലെ ജനാധിപത്യരാഷ്ട്രീയത്തിന്റെ യുക്തിയും ശക്തിയും മേന്മയും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നു.

നമ്മുടെ പത്രങ്ങളിലെ കോളമെഴുത്തുകാര്‍ക്കും കാര്‍ടൂണിസ്റുകള്‍ക്കും ചാനലുകളിലെ ബുദ്ധിജീവികള്‍ക്കും തമാശത്തൊഴിലാളികള്‍ക്കും മനസ്സിലാകാതെ പോയ ഒരു കാര്യമുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ പോലീസ് നയത്തിന്റെ യുക്തിയാണത്. അത് എത്രമാത്രം യുക്തിഭദ്രമാണോ, അത്രമാത്രം കഴിഞ്ഞകാല യു. ഡി. എഫിന്റെ പോലീസ് നയത്തില്‍ നിന്നും വിഭിന്നവുമാണ്. അനാവശ്യവും അനവസരത്തിലുളളതുമായ ബലപ്രയോഗം ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പോലീസ് നയത്തിന്റെ ഭാഗമല്ല. ഇത് മനസ്സിലാക്കാത്തതു കൊണ്ടാണ് അന്‍വാര്‍ശ്ശേരിയിലെ പോലീസ് നടപടി 'അസംബന്ധ നാടക'മാണെന്ന് ബൂര്‍ഷ്വാ മാധ്യമചിന്തകര്‍ക്ക് തോന്നിയത്.

വാസ്തവത്തില്‍, അന്‍വാര്‍ശ്ശേരിയില്‍ കേരളാ ഗവണ്‍മെന്റ് കൈക്കൊണ്ട നിലപാടില്‍ ഒരു പുതുമയുമില്ലെന്നതാണ് സത്യം. 1957 ലെ ഇ.എം.എസ്. ഗവണ്‍മെന്റിന്റെ കാലം മുതല്‍ ആവിഷ്കരിച്ച ജനപക്ഷ പോലീസ് നയത്തിന്റെ യുക്തിസഹമായ തുടര്‍ച്ചയും വളര്‍ച്ചയുമായിരുന്നു അതും. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം സ്വീകരിച്ച മറ്റു ചില നടപടികളും വലതുപക്ഷ മാധ്യമപ്രവര്‍ത്തകരുടെ മാനദണ്ഡമനുസരിച്ച് അയുക്തികവും അസംബന്ധവുമായിരുന്നു. ചെങ്ങറയില്‍ ഹാരിസണ്‍ റബ്ബര്‍ പ്ളാന്റേഷന്‍ കൈയേറിയ ആദിവാസികളുള്‍പ്പെടെയുളള ഭൂരഹിതരെ ഒഴിപ്പിക്കുന്നതിലും ബലപ്രയോഗത്തിന്റെ ഭാഷയല്ല, ഇടതുപക്ഷ ഗവണ്‍മെന്റ് സ്വീകരിച്ചത്. വലതുപക്ഷ പിന്തിരിപ്പന്മാരുടേയും അരാജക ബുദ്ധിജീവികളുടേയും മാവോയിസ്റുകളുടെയും സോളിഡാരിറ്റിക്കാരുടേയും മറ്റെല്ലാ ഉദാരശിരോമണികളുടേയും സഹായത്തോടെ നടന്ന സമരം വളരെ നാള്‍ നീണ്ടുനിന്നെങ്കിലും അതിനെ മര്‍ദ്ദിച്ചൊതുക്കാന്‍ പോലീസിന് ഗവണ്‍മെന്റ ് അനുമതി നല്‍കിയില്ല. ഈ സമീപനത്തിന്റെ ആവര്‍ത്തനമാണ് വയനാട് ഭൂസമരത്തിലും ഉണ്ടായത്. ഇതിന്റെ യുക്തിസഹമായ തുടര്‍ച്ചയാണ് അന്‍വാര്‍ശ്ശേരിയിലെ പോലീസ് നടപടിയിലും ജനപക്ഷത്തുനിന്നു ചിന്തിക്കുന്ന ഏതൊരാള്‍ക്കും കാണാന്‍ സാധിക്കുക. ഇതിനു വിപരീതമായെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതാകുമായിരുന്നു അസംബന്ധം. അത്തരമൊരു 'അസംബന്ധ നാടക'ത്തിന്റെ ഹിഡന്‍ സ്ക്രിപ്റ്റുമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കു മാത്രമേ, കേരളത്തിലെ പോലീസ് നയത്തില്‍ തെറ്റും കുററവും കണ്ടെത്താന്‍ കഴിയുകയുളളു. അതുകൊണ്ട ്, ഇടതുപക്ഷ പോലീസ്നയത്തിന്റെ പരിണതിയായ പുതിയ നിയമത്തെപ്പറ്റി, കരുണാകരന്റേയും ആന്റണിയുടേയും പോലീസ് നയത്തിന്റെ യുക്തിചിന്തയില്‍ അനുശീലനം ചെയ്യപ്പെട്ട മാധ്യമ മനസ്സുകളില്‍ നിന്നും പ്രശംസാവാക്കുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ല!

*
ഡോ. കെ പി കൃഷ്ണന്‍കുട്ടി കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജനാധിപത്യപരമായി അധികാരത്തിലേറിയ ഗവണ്‍മെന്റ്, ഭരണഘടനാപരമായി കൈക്കൊള്ളുന്ന നിയമനടപടികളിലും ക്രമസമാധാന പരിപാലനശ്രമങ്ങളിലും നിക്ഷിപ്ത താല്പര്യത്തോടെ ഇടപെടാനും നിഷേധാത്മകമായി അവയെ സ്വാധീനിക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നത് വിമോചനസമരകാലം മുതല്‍ നമ്മൂടെ അനുഭവമാണ്. സത്യസന്ധമല്ലാത്ത വാര്‍ത്തകള്‍, ആത്മനിഷ്ഠ വ്യാഖ്യാനങ്ങള്‍, വസ്തുനിഷ്ഠമല്ലാത്ത നിഗമനങ്ങള്‍ എന്നിവയിലൂടെ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതും ഗവണ്‍മെന്റിനെ അവമതിക്കുന്നതും വാസ്തവത്തില്‍ മാധ്യമസ്വാതന്ത്യ്രത്തിന്റെ പരിധിയില്‍ പെടുന്ന കാര്യങ്ങളല്ല. സത്യം അറിയാനുള്ള ജനങ്ങളുടെ താല്പര്യവും അവകാശവും സംരക്ഷിക്കുന്നതിന് മുതലാളിത്ത മാധ്യമവര്‍ഗതാല്പര്യങ്ങള്‍ തടസ്സമാകുന്നത് എങ്ങനെ ഒഴിവാക്കാനാകും? 'ജേര്‍ണലിസ്റിനാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമ'മെന്ന (journalist driven media) ആശയത്തിന്റെ വക്താക്കളിലൂടെ മുതലാളിത്തം അരങ്ങടക്കാന്‍ ശ്രമിക്കുമ്പോള്‍, സത്യസംരക്ഷണാര്‍ത്ഥം ഒരു ലക്ഷ്മണരേഖ അനിവാര്യമാകുന്നില്ലേ?