Monday, January 31, 2011

കേഴുക പ്രിയനാടേ

അഴിമതിക്കാരുടെയും പിടിച്ചുപറിക്കാരുടെയും കരാളഹസ്‌തങ്ങളില്‍ അമര്‍ന്നിരിക്കുകയാണ് ഇന്ത്യ. അഴിമതിയെ ദേശവല്‍ക്കരിച്ച കോൺ‌ഗ്രസും കൂട്ടാളികളും ജനങ്ങളെ ഒന്നിനുപിന്നാലെ മറ്റൊന്നുകണക്കില്‍ ദ്രോഹനടപടികളിലൂടെ വെല്ലുവിളിക്കുകയാണ്.

2010ല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട അഴിമതികളുടെ വേലിയേറ്റം ഇവരുടെ തനിസ്വരൂപം മനസ്സിലാക്കിത്തരുന്നു. ഏതാണ്ട് 4 ലക്ഷം കോടിരൂപയുടെ കുംഭകോണം നടന്നതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അശോക് ചവാന്‍, ബി എസ് യെദ്യൂരപ്പ, സുരേഷ് കല്‍മാഡി, മുലായംസിങ് യാദവ്, എ രാജ, ആര്‍മി ചീഫ് ദീപക് കപൂര്‍, മേജര്‍ ജനറല്‍ ആര്‍ കെ ഗൂഢ, ഡോ. കേദര്‍ ദേശായി തുടങ്ങി ഒട്ടേറെ പേരുകള്‍ ചര്‍ച്ചചെയ്യപ്പെട്ടു. കോൺ‌ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്‍ ആദര്‍ശ് ഫ്ളാറ്റ് അഴിമതിയില്‍ കുടുങ്ങി അധികാരം നഷ്‌ടപ്പെട്ടയാളാണ്. 1.76 ലക്ഷം കോടിരൂപ ഖജനാവിന് നഷ്‌ടം വരുത്തിയതാണ് 2ജി സ്പെക്‌ട്രം അഴിമതി. ഇന്ത്യയിലെ 60 കോടി ജനങ്ങള്‍ക്ക് ആഴ്‌ചയില്‍ 30 കിലോ വീതം അരി രണ്ടുരൂപയ്‌ക്ക് അഞ്ചുവര്‍ഷം കൊടുക്കാന്‍ ഈ പണം മതിയാകുമായിരുന്നു. കോൺ‌ഗ്രസാകട്ടെ ഈ അഴിമതിയെ തള്ളിപ്പറയുകയും രാജയെ ന്യായീകരിക്കുകയും ചെയ്യുന്നു. 500 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കര്‍ണാടക മുഖ്യമന്ത്രിയും മക്കളും കൈക്കലാക്കിയത്.

കോമൺവെല്‍ത്ത് അഴിമതി ഞെട്ടിക്കുന്ന മറ്റൊരു കൊള്ളയായിരുന്നു. 2003ല്‍ 1620 കോടിരൂപയ്‌ക്ക് നടത്താന്‍ കഴിയുമെന്നു കണക്കാക്കിയ ഈ ഗെയിംസ് നടന്നുകഴിഞ്ഞപ്പോള്‍ 70,000 കോടി ചെലവായതത്രേ! ഇന്ത്യന്‍ മെഡിക്കല്‍ കൌൺസില്‍ പ്രസിഡന്റ് കേതന്‍ദേശായി ചില്ലറക്കാരനല്ല. ഡല്‍ഹി, പഞ്ചാബ്, മുംബൈ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങളിലായി 10 രമ്യഹര്‍മ്യങ്ങളും ഏക്കര്‍കണക്കിന് ഭൂമിയും അദ്ദേഹത്തിനുണ്ട്. അരക്കോടിരൂപ വിലമതിക്കുന്ന സ്വര്‍ണം റെയ്‌ഡില്‍ പിടിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സീറ്റുകളും കോഴ്സും അനുവദിക്കാന്‍, കോടികളാണ് ദേശായി കൈപ്പറ്റിയിരുന്നത്. കേതന്‍ ദേശായിക്ക് ഒറ്റയ്‌ക്ക് ഇത്രയും വലിയ അഴിമതി നടത്താന്‍ ധൈര്യംവരുമോ?

ക്രിക്കറ്റ് ലേലംവിളി 20,000 കോടിക്കുമേല്‍ ഉയര്‍ന്നു. അടിമകളെ ലേലംകൊള്ളുന്നതുപോലെയാണ് ലോകപ്രശസ്‌തരായ കളിക്കാരെ സമ്പന്നര്‍ വിലപേശിപ്പിടിച്ചത്. ലളിത് മോഡി 473 കോടിരൂപയുടെ അവിഹിതസമ്പാദ്യവും ഉണ്ടാക്കി. ശശി തരൂരിന്റെ കേന്ദ്രമന്ത്രിപദവി തെറിച്ചതും ഇതേ തുടര്‍ന്നാണ്. സാമ്പത്തികസ്ഥാപനങ്ങളില്‍ നടക്കുന്ന കൊള്ള മറനീക്കി പുറത്തുവന്നതാണ് എല്‍ഐസി ഭവനനിര്‍മാണ ലോണില്‍ പ്രതിഫലിച്ചത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജിഎഫ്ഐ) കണക്കാക്കിയത് 500 ബില്യൺ ഡോളര്‍ (22.5 ലക്ഷം കോടി രൂപ) ഇന്ത്യക്കുപുറത്ത് ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്. നികുതി കൊടുക്കാതെ, ഇന്ത്യയിലെ പൊതുമുതല്‍ കൊള്ളയടിച്ച് രാഷ്ട്രീയനേതൃത്വവും ബ്യൂറോക്രാറ്റുകളുമാണ് ഈ പണം വിദേശബാങ്കുകളില്‍ വ്യാജപേരില്‍ നിക്ഷേപിച്ചിട്ടുള്ളത്.

ഈ പണം ആരുടേതെന്ന് ഇന്ത്യാഗവൺമെന്റിന് അറിയാം. അവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം കോൺ‌ഗ്രസ് ചെവിക്കൊള്ളുന്നില്ല. ഈ പണം വിദേശബാങ്കുകളില്‍നിന്ന് തിരികെ പിടിച്ച് ഇന്ത്യയില്‍ ചെലവാക്കിയാല്‍ നമ്മുടെ രാജ്യം അമേരിക്കയേക്കാള്‍ വികസനം നേടും. ഈ പണം ഇന്ത്യയിലെ പാവപ്പെട്ട 40 കോടി ജനങ്ങള്‍ക്ക് വിതരണംചെയ്‌താല്‍ ഒരാള്‍ക്ക് 56,250 രൂപ കിട്ടും. ഇവിടെയും കോൺ‌ഗ്രസും അതിന്റെ നേതാക്കളും തന്നെയാണ് പ്രതിക്കൂട്ടില്‍.

സുപ്രീംകോടതിയില്‍ അടുത്തകാലത്ത് സമര്‍പ്പിച്ച ഒരു അന്യായത്തില്‍ വ്യക്തമാക്കിയത് ഇന്ത്യയിലെ 16 മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരില്‍ എട്ടുപേര്‍ അഴിമതിക്കാരായിരുന്നു എന്നാണ്. ഹോങ്കോങ്ങിലെ ഒരു കടലാസ് കമ്പനിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 1976ല്‍ 2.2 കോടിരൂപയുടെ കരാര്‍ ഒപ്പിട്ട സംഭവം ഏറെ വിവാദം സൃഷ്‌ടിച്ചതായിരുന്നു. എ ആര്‍ ആന്തുലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ സ്വകാര്യട്രസ്റ്റിന് 30 കോടിരൂപ കമ്പനികളെക്കൊണ്ട് ഷെയര്‍ എടുപ്പിച്ച അഴിമതി ഏറെ ചര്‍ച്ചചെയ്‌തെങ്കിലും കോൺ‌ഗ്രസ് പതിവുപോലെ ആ അഴിമതിക്കാരനെ സംരക്ഷിച്ചു.

1987ല്‍ ജര്‍മന്‍ മുങ്ങിക്കപ്പല്‍ വാങ്ങിയ വകയില്‍ ഇടനിലക്കാരന്‍ 20 കോടി രൂപ കൈപ്പറ്റിയ സംഭവത്തില്‍ കോൺ‌ഗ്രസ് നേതൃത്വത്തിനും പങ്കുണ്ടായിരുന്നു. കല്‍പ്പനാഥ്റായ് കേന്ദ്ര ഭക്ഷ്യമന്ത്രിയായിരുന്നപ്പോള്‍ കൂടിയ വിലയ്‌ക്ക്പഞ്ചസാര ഇറക്കുമതിചെയ്‌തവകയില്‍ 650 കോടിരൂപ സര്‍ക്കാരിന് നഷ്‌ടമായി.

1992ല്‍ ഇന്ത്യന്‍ ബാങ്ക് 1300 കോടിയുടെ ലോൺ കള്ളപ്പേരില്‍ അനുവദിച്ചസംഭവം കേന്ദ്രസര്‍ക്കാരിലേക്കാണ് വിരല്‍ചൂണ്ടിയത്. നരസിംഹറാവുവിന്റെ മന്ത്രി സഭയെ രക്ഷിക്കാൻ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ എംപിമാരെ വിലയ്‌ക്കെടുക്കാന്‍ 30 ലക്ഷം രൂപവീതം ഓരോരുത്തര്‍ക്കും നല്‍കിയ സംഭവവും കോൺ‌ഗ്രസിന്റെ തനിസ്വരൂപം വ്യക്തമാക്കുന്നതുതന്നെ.

പേപ്പര്‍ പള്‍പ്പ് കരാര്‍ ഉറപ്പിക്കാന്‍ ചന്ദ്രസ്വാമിക്കും നരസിംഹറാവുവിനും 10 ലക്ഷം രൂപ വീതം നല്‍കി എന്ന് ലക്ഷ്മീഭായി പഥക് എന്ന വ്യാപാരി നാര്‍കോ പരിശോധനവേളയില്‍ വെളിപ്പെടുത്തിയത് 1996ല്‍ ആണ്. 16 കോടിരൂപയുടെ അഴിമതിയാണ് 1996ല്‍ സുഖറാം കേന്ദ്രടെലിംകോം മന്ത്രിയായിരുന്നപ്പോള്‍ നടത്തിയത്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തുതന്നെ (1996ല്‍)യാണ് യൂറിയ ഇറക്കുമതിയില്‍ 133 കോടി രൂപ അപഹരിച്ച കേസും ഉയര്‍ന്നുവന്നത്. സഞ്ജയ് അഗര്‍വാളിന് മഹാരാഷ്ട്ര സഹകരണബാങ്കില്‍നിന്ന് 600 കോടിരൂപ അപഹരിക്കാന്‍ അവസരം ഉണ്ടാക്കിയതും കോൺ‌ഗ്രസ് നേതാക്കള്‍ തന്നെ.

2005ല്‍ നട്‌വര്‍സിങ്ങും മകനും ഉള്‍പ്പെട്ട അഴിമതി, അബ്ദുള്‍കരീം തെല്‍ഗി വ്യാജമുദ്രപ്പത്രവും സ്റ്റാമ്പും അച്ചടിച്ച് 43,000 കോടിരൂപയുടെ അവിഹിതകച്ചവടം നടത്തിയ സംഭവം, സത്യം കംപ്യൂട്ടേഴ്സ് അഴിമതി (24,000 കോടിരൂപ), 1987ല്‍ രാജീവ്ഗാന്ധിയുടെ കാലത്തുനടന്ന ബൊഫോഴ്സ് തോക്കിടപാട് ഇതെല്ലാം കോൺ‌ഗ്രസ് നേതൃത്വത്തിന് നേരിട്ടുബന്ധമുള്ളതാണ്.

1996ലെ ഹവാല ഇടപാട് 810 കോടിയുടേതായിരുന്നു. എല്‍ കെ അദ്വാനി, വി സി ശുക്ള, പി ശിവശങ്കര്‍ തുടങ്ങിയവരായിരുന്നു ആരോപണവിധേയര്‍. എല്ലാം തേച്ചുമാച്ചുകളയുകയാണ് കോൺ‌ഗ്രസ് ചെയ്‌തത്. 2006ലെ ഐപിഒ സ്കാമില്‍ 61 കോടിരൂപയുടെ ആക്ഷേപം ഉയര്‍ന്നു. 4,000 കോടിരൂപയുടെ സെക്യൂരിറ്റി അഴിമതി 1992ലേതായിരുന്നു.

യുടിഐ ചെയര്‍മാനും കൂട്ടരും ഉള്‍പ്പെട്ട ഷെയര്‍ കച്ചവടത്തില്‍ 32 കോടിരൂപയാണ് മറിഞ്ഞത്. മ്യൂച്ചല്‍ഫണ്ടില്‍ കേതന്‍ പരേഖും കൂട്ടരും തട്ടിയത് 1300 കോടി രൂപയാണ്. 2001ലാണ് ഇത് പുറംലോകം അറിഞ്ഞത്. 2009ലാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധുകോഡയുടെ 4,000 കോടി രൂപയുടെ കവര്‍ച്ച പുറത്തായത്. ഒരു പൊതുമേഖല സ്ഥാപനത്തിന്റെ അധിപനായിരുന്ന ചെയില്‍രൂപ് ദന്‍സായിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ (1995) 1200 കോടിരൂപയാണ് മോഷ്‌ടിക്കപ്പെട്ടത്.

2010ല്‍ 178 രാജ്യങ്ങളെക്കുറിച്ച് നടന്ന പഠനം കാണിക്കുന്നത് അഴിമതിക്കാര്യത്തില്‍ ഇന്ത്യ 87-ാം സ്ഥാനത്താണെന്നാണ്. ഒരു അന്തര്‍ദേശീയ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചത് ഇന്ത്യയിലെ 50 ശതമാനം ജനങ്ങള്‍ക്കും ന്യായവും അര്‍ഹവുമായ കാര്യങ്ങള്‍ നേടാന്‍ കൈക്കൂലി കൊടുക്കേണ്ടിവരുന്നു എന്ന സത്യവും. സംസ്ഥാന അതിര്‍ത്തിയില്‍ പ്രതിവര്‍ഷം കടന്നുപോകുന്ന ലോറികള്‍ക്ക് പൊലീസ്, എക്സൈസ്, റവന്യൂ-ടാക്സ് ജീവനക്കാര്‍ക്ക് 22,500 കോടിരൂപയുടെ കോഴ കൊടുക്കേണ്ടിവരുന്നു എന്നതാണ് മറ്റൊരു പഠന റിപ്പോര്‍ട്ട്. അഴിമതി സംബന്ധിച്ച വേറൊരു പഠനം വ്യക്തമാക്കുന്നത് പട്ടിണിരേഖയ്‌ക്കു താഴെയുള്ള ജനങ്ങള്‍തന്നെ 2007ല്‍ 900 കോടിരൂപയുടെ കൈക്കൂലി നല്‍കിയെന്നാണ്.

*****

കെ വരദരാജൻ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അഴിമതിക്കാരുടെയും പിടിച്ചുപറിക്കാരുടെയും കരാളഹസ്‌തങ്ങളില്‍ അമര്‍ന്നിരിക്കുകയാണ് ഇന്ത്യ. അഴിമതിയെ ദേശവല്‍ക്കരിച്ച കോൺ‌ഗ്രസും കൂട്ടാളികളും ജനങ്ങളെ ഒന്നിനുപിന്നാലെ മറ്റൊന്നുകണക്കില്‍ ദ്രോഹനടപടികളിലൂടെ വെല്ലുവിളിക്കുകയാണ്.

2010ല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട അഴിമതികളുടെ വേലിയേറ്റം ഇവരുടെ തനിസ്വരൂപം മനസ്സിലാക്കിത്തരുന്നു. ഏതാണ്ട് 4 ലക്ഷം കോടിരൂപയുടെ കുംഭകോണം നടന്നതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അശോക് ചവാന്‍, ബി എസ് യെദ്യൂരപ്പ, സുരേഷ് കല്‍മാഡി, മുലായംസിങ് യാദവ്, എ രാജ, ആര്‍മി ചീഫ് ദീപക് കപൂര്‍, മേജര്‍ ജനറല്‍ ആര്‍ കെ ഗൂഢ, ഡോ. കേദര്‍ ദേശായി തുടങ്ങി ഒട്ടേറെ പേരുകള്‍ ചര്‍ച്ചചെയ്യപ്പെട്ടു. കോൺ‌ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്‍ ആദര്‍ശ് ഫ്ളാറ്റ് അഴിമതിയില്‍ കുടുങ്ങി അധികാരം നഷ്‌ടപ്പെട്ടയാളാണ്. 1.76 ലക്ഷം കോടിരൂപ ഖജനാവിന് നഷ്‌ടം വരുത്തിയതാണ് 2ജി സ്പെക്‌ട്രം അഴിമതി. ഇന്ത്യയിലെ 60 കോടി ജനങ്ങള്‍ക്ക് ആഴ്‌ചയില്‍ 30 കിലോ വീതം അരി രണ്ടുരൂപയ്‌ക്ക് അഞ്ചുവര്‍ഷം കൊടുക്കാന്‍ ഈ പണം മതിയാകുമായിരുന്നു. കോൺ‌ഗ്രസാകട്ടെ ഈ അഴിമതിയെ തള്ളിപ്പറയുകയും രാജയെ ന്യായീകരിക്കുകയും ചെയ്യുന്നു. 500 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കര്‍ണാടക മുഖ്യമന്ത്രിയും മക്കളും കൈക്കലാക്കിയത്.