Sunday, January 23, 2011

കേരളത്തെക്കുറിച്ച് ചിന്തിക്കുന്ന ഇടതുപക്ഷം

ലോകത്തു തന്നെ ഏറെ സവിശേഷമായ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാംസ്കാരിക സാഹചര്യം നിലനില്‍ക്കുന്ന നാടാണ് കേരളം എന്നതില്‍ തര്‍ക്കമില്ല. തെരഞ്ഞെടുപ്പ് വഴി രാഷ്ട്രീയമായി പലപ്പോഴും ഇടതുപക്ഷത്തിന് ലഭിക്കുന്ന മേല്‍ക്കൈ കേരളത്തിന്റെ സവിശേഷതകളില്‍ പ്രധാനമാണ്. ഇതുവഴി ജനാധിപത്യപരമായ വികസനപാത ആവിഷ്കരിക്കാനും സാധിക്കുന്നു. എന്നാല്‍ സാമ്പത്തിക-സാമൂഹിക ഘടകങ്ങള്‍ ഇതോടൊപ്പം പരസ്പരപൂരകമായി പ്രവര്‍ത്തിക്കാത്തതിനാല്‍ അഞ്ച് വര്‍ഷം എന്ന കാലാവധി പിന്നിടുമ്പോള്‍ സംഗതി കുഴഞ്ഞുമറിയുന്നു. വികസനവും വളര്‍ച്ചയും സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങളും വലതുപക്ഷവും അരാഷ്ട്രീയപക്ഷവും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളില്‍ പലരും ഭ്രമിക്കുന്നു. ഇതുമൂലമുണ്ടാകുന്ന രാഷ്ട്രീയമാറ്റങ്ങള്‍ നീതിപൂര്‍വവും സ്ഥായിയുമായ ദ്രുതഗതിയിലുള്ള വികസനം എന്ന കേരളത്തിന്റെ സ്വപ്നത്തെ തകര്‍ക്കുന്നതാണ് നമ്മുടെ അനുഭവം.

വലതുപക്ഷത്തിനും അരാഷ്ട്രീയവാദികള്‍ക്കും വികസനമെന്നാല്‍ കൊട്ടിഘോഷിക്കലുകളും കോലാഹലങ്ങളും പൊള്ളയായ വിവാദങ്ങളുമാണ്. വലതുപക്ഷം വികസനത്തിന്റെ പേരിലുള്ള മായാജാലങ്ങളില്‍ അഭിരമിക്കുമ്പോള്‍ അരാഷ്ട്രീയവാദികള്‍ ദിശാബോധമില്ലാത്ത വാദങ്ങള്‍ ഉന്നയിക്കുന്നു. വികസനപ്രക്രിയ സുസ്ഥിരമാക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിയുന്നില്ല. വികസനത്തെ നീതിബോധത്തോടെ മുന്നോട്ടുകൊണ്ടുപോകാനും പ്രതീക്ഷാ നിര്‍ഭരമായും ജാഗ്രതയോടെയും ഭാവി ആവശ്യങ്ങള്‍ മുന്നില്‍കണ്ടുള്ള ആസൂത്രണം നടത്താനും ഇടതുപക്ഷത്തിനേ കഴിയൂ. ഇത് കേവലം രാഷ്ട്രീയ അവകാശവാദമല്ല. ഐക്യകേരളം എന്ന ആശയം കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുവച്ചതുമുതലുള്ള മലയാളികളുടെ അനുഭവം മാത്രം പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകുന്ന വസ്തുത. പ്രതിപക്ഷത്തായാലും ഭരണത്തിലിരിക്കുമ്പോഴും കേരളത്തെക്കുറിച്ച് യാഥാര്‍ഥ്യബോധമുള്ള വികസനകാഴ്ചപ്പാടാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് തിരുവനന്തപുരത്ത് സമാപിച്ച മൂന്നാം അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിലും പ്രകടമായി. ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കെ എകെജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച ഒന്നും രണ്ടും കോണ്‍ഗ്രസുകളും ഇപ്പോള്‍ നാലരവര്‍ഷമായി തുടരുന്ന ഭരണത്തിന്റെ അനുഭവത്തില്‍ നടന്ന മൂന്നാം കോണ്‍ഗ്രസും ഒരേ നിശ്ചയത്തിന്റെ സൃഷ്ടികളാണ്. നാടിന്റെ സമഗ്രവളര്‍ച്ച സാധ്യമാക്കണമെന്ന ദൃഢനിശ്ചയത്തിന്റെ സംഭാവന.

കഴിഞ്ഞ നൂറ്റാണ്ടില്‍ നവോത്ഥാന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ഭൂപരിഷ്കരണ നടപടികളും വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യവല്‍ക്കരണവും പ്രവാസികളുടെ സംഭാവനയും നാണ്യവിളകൃഷിയും കേരളത്തിന് ഉണര്‍വ് പകര്‍ന്നു. എന്നാല്‍ 1980കളുടെ ഉത്തരാര്‍ധം വരെ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു. ദേശീയശരാശരിയെക്കാള്‍ താഴ്ന്ന നിരക്കില്‍. സാമൂഹികനീതിയും സാമ്പത്തികവളര്‍ച്ചയും ഒരേസമയം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന വാദം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തി. സംസ്ഥാനം നേരിടുന്ന സാമ്പത്തികമുരടിപ്പ് ഇവരുടെ വാദത്തിന് ശക്തി പകര്‍ന്ന പശ്ചാത്തലത്തിലാണ് 1994ല്‍ ഒന്നാം പഠനകോണ്‍ഗ്രസ് വിളിച്ചത്. സാമൂഹികക്ഷേമനേട്ടങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ സാമ്പത്തികവളര്‍ച്ച കൈവരിക്കാനുള്ള വികസനഅജണ്ടയ്ക്ക് പഠന കോണ്‍ഗ്രസ് രൂപംനല്‍കി. 2005ലെ രണ്ടാം കോണ്‍ഗ്രസിന്റെ കാലമായപ്പോഴേക്കും അഖിലേന്ത്യാ ശരാശരിയെക്കാള്‍ വേഗത്തില്‍ കേരളത്തിന്റെ സമ്പദ്ഘടന വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നവഉദാരവല്‍ക്കരണനയങ്ങള്‍ കേരളത്തനിമയുള്ള വികസനത്തെ ദുര്‍ബലപ്പെടുത്തി. ഈ സാഹചര്യത്തില്‍ കേരളത്തിനുള്ള മൂര്‍ത്തമായ ജനകീയ വികസന അജണ്ട ആവിഷ്കരിക്കാനുള്ള ശ്രമമാണ് രണ്ടാം കോണ്‍ഗ്രസില്‍ നടന്നത്. ഇവിടെ ഉയര്‍ന്ന ചര്‍ച്ചകളാണ് വി എസ് സര്‍ക്കാരിന്റെ വികസനകാഴ്ചപ്പാടിന് രൂപവും ഭാവവും പകര്‍ന്നത്. ഈ കാഴ്ചപ്പാട് വലിയ പരിധിയോളം നടപ്പാക്കാനായി. എന്നാല്‍ കേരളത്തില്‍ വളര്‍ന്നുവരുന്ന ഭീമമായ അസമത്വം നമ്മുടെ നേട്ടങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. സാമ്പത്തികവളര്‍ച്ചയുടെ മുഖ്യസ്രോതസ് സേവനമേഖലകളായി തുടരുന്നു. വളര്‍ച്ചയുടെ തോതനുസരിച്ച് തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. കാര്‍ഷിക-കാര്‍ഷികേതര മേഖലകള്‍ തമ്മില്‍, നഗരവും ഗ്രാമങ്ങളും തമ്മില്‍, എന്തിന് ജില്ലകള്‍ തമ്മില്‍പോലും വന്‍തോതില്‍ അന്തരം വളരുന്നു. ഉപഭോഗനിലവാരം പരിശോധിച്ചാല്‍ ഇത് പെട്ടെന്ന് ബോധ്യമാകും. 1983നും 2004-2005നും മധ്യേ ഉപഭോഗനിലവാരത്തിലെ അസമത്വസൂചികയില്‍ വന്ന മാറ്റം പരിശോധിക്കേണ്ടതാണ്. എല്ലാവരും സമന്മാരാണെങ്കില്‍ സൂചിക പൂജ്യമായിരിക്കും. 2004-05ല്‍ സൂചിക 0.39 ശതമാനമായി. സംസ്ഥാനത്ത് ഉയര്‍ന്ന വരുമാനം ലഭിക്കുന്ന 20 ശതമാനം കുടുംബങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുന്നു. താഴ്ന്ന തട്ടിലുള്ള 30 ശതമാനം കുടുംബങ്ങളുടെ വരുമാനം യഥാര്‍ഥത്തില്‍ ഇടിഞ്ഞു. കൂലിപ്പണിക്കാരുടെയും മറ്റും വേതനം വര്‍ധിക്കുന്നതായി പറയുന്നുണ്ടെങ്കിലും ഫലത്തില്‍ അവര്‍ക്ക് സാമ്പത്തികവളര്‍ച്ചയുടെ നേട്ടം ലഭ്യമാകുന്നില്ല.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ന്നതിന്റെ പ്രതിഫലനമല്ല. വിദ്യാഭ്യാസം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമേ ബഹുഭൂരിപക്ഷത്തിനും തൊഴില്‍ ലഭിക്കുന്നുള്ളു. തൊഴിലിനായുള്ള കാത്തിരിപ്പിനിടെ പുതിയ യോഗ്യതകള്‍ നേടാനുള്ള വ്യഗ്രതയിലാണ് യുവജനങ്ങള്‍. യോഗ്യതയ്ക്ക് അനുസരിച്ച് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷയില്ലെങ്കിലും തൊഴില്‍ കിട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് കരുതിയാണ് ഇവര്‍ പലതരം കോഴ്സുകള്‍ക്ക് ചേരുന്നത്. ഇത് വിദ്യാഭ്യാസമേഖലയുടെയും അഭ്യസ്തവിദ്യരുടെയും ഗുണമേന്മ ഉയര്‍ത്തുന്നില്ല. മറിച്ച്, വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിപരമല്ലാത്ത തള്ളിക്കയറ്റം സൃഷ്ടിക്കുകയും ചെയ്യുന്നു.

പൊതുവെ സാമൂഹികനീതി മെച്ചപ്പെട്ട നിലയില്‍ കൈവരിച്ച കേരളത്തില്‍ സ്ത്രീകളുടെ നില ശോചനീയമാണ്. പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്കിന്റെ നാലിരട്ടിയാണ് സ്ത്രീകളുടേത്. തൊഴിലന്വേഷണത്തിനുപോലും ഗണ്യമായ വിഭാഗം സ്ത്രീകള്‍ക്ക് കഴിയുന്നില്ല. തൊഴിലില്ലായ്മ സാമൂഹിക-സാംസ്കാരിക പ്രശ്നംകൂടിയായി മാറുന്നു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവനോപാധി ഇന്നും കാര്‍ഷിക-പരമ്പരാഗതവ്യവസായ മേഖലകളാണ്. ഈ മേഖലകളെ സംരക്ഷിക്കാതെ കേരളത്തിന് സ്ഥായിയായ വളര്‍ച്ച സാധ്യമല്ല. കാര്‍ഷിക-പരമ്പരാഗതവ്യവസായ തൊഴിലാളികളുടെ വേതനം ആകര്‍ഷകമായ തോതില്‍ വര്‍ധിക്കുന്നില്ലെന്ന് മാത്രമല്ല, ആഗോളവല്‍ക്കരണം ഈ മേഖലകളെ തകര്‍ക്കുകയും ചെയ്യുന്നു. തകര്‍ച്ചയില്‍നിന്ന് പരമ്പരാഗത മേഖലകളെ കരകയറ്റാനും ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഉയര്‍ത്താനുമുള്ള മാര്‍ഗങ്ങള്‍ പഠനകോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും നീണ്ടനിര കേരളത്തിലുണ്ട്. എന്നാല്‍ ഇവയില്‍നിന്ന് ലഭിക്കുന്ന സേവനത്തില്‍ പൊതുവെ തൃപ്തിയില്ല. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിരക്ഷയുടെയും മേന്മ ഉയര്‍ത്തേണ്ടത് അടിയന്തരാവശ്യമാണെന്ന് പഠനകോണ്‍ഗ്രസ് വിലയിരുത്തി.

ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, അന്യസംസ്ഥാനതൊഴിലാളികള്‍ എന്നിവരുടെ പാര്‍ശ്വവല്‍ക്കരണത്തിന് തടയിടാന്‍ കഴിയണം. ജാതിഅനാചാരങ്ങള്‍ അവസാനിപ്പിച്ച കേരളത്തിന് ദരിദ്രരുടെ ജീവിതനിലവാരം ഉയര്‍ത്താനും ബാധ്യതയുണ്ട്. സ്ത്രീപുരുഷ സമത്വവും ഇതോടൊപ്പം ഉറപ്പാക്കണം. ലിംഗനീതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കേരളത്തില്‍ ഉടന്‍ നടപ്പാക്കേണ്ട സാമൂഹിക പരിവര്‍ത്തനത്തിന്റെ ഏറ്റവും മുഖ്യമേഖല ലിംഗനീതിയുടേതാണ്. തദ്ദേശസ്ഥാപനങ്ങളിലെ പകുതിയോളം സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണംചെയ്ത് കേരളം ഇക്കാര്യത്തില്‍ വന്‍കുതിപ്പ് നടത്തിയിരിക്കുകയാണ്. പരിശീലനവും പ്രവൃത്തിപരിചയവും വഴി അറിവിന്റെ കാര്യസ്ഥതയിലേക്കും സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിലേക്കും വഴി തുറക്കാനുള്ള ശ്രമമാണിത്. ഇതിനേയും അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലര്‍ത്തണം.

കാര്‍ഷികഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിന്റെ അഭാവം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സംസ്കരണകേന്ദ്രങ്ങള്‍ കേരളത്തില്‍ കാര്യമായി വന്നിട്ടില്ല. ഇതിന്റെ ഫലമായി ഉല്‍പന്നവിലയിടിച്ച് ഇതേ വിളകള്‍ കൂലിക്കുറവുള്ള സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി മൂല്യവര്‍ധിത ഉല്‍പന്നമാക്കുന്നു. ഇന്ന് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന എല്ലാ വിളകളും ഏതെങ്കിലും തരത്തില്‍ മൂല്യവര്‍ധനയ്ക്ക് വിധേയമാകുന്നു. എന്നാല്‍ ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്കും സംസ്ഥാനത്തിനും വേണ്ടവിധത്തില്‍ ലഭിക്കുന്നില്ല. സംസ്ഥാനം കൈവരിച്ച ശാസ്ത്രീയനേട്ടങ്ങള്‍ പോലും പ്രയോഗിക്കാന്‍ കഴിയുന്നില്ല. അരി, നാളികേരം, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ഏത്തപ്പഴം എന്നിവയെല്ലാം ഇവിടെത്തന്നെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റാം. കശുവണ്ടി ഉല്‍പാദനത്തില്‍ കേരളം പുറകോട്ട്പോയത് ഇതേ മണ്ണില്‍ കൃഷി ചെയ്യാന്‍ കഴിയുന്ന റബറിന്റെ വരവോടെയാണ്. ഇത് പരിഹരിക്കാന്‍ കഴിയണമെങ്കില്‍ കശുമാവ് കൃഷി വഴി ലഭിക്കുന്ന വരുമാനം വര്‍ധിപ്പിക്കാനാകണം. കശുവണ്ടിക്കൊപ്പം കശുമാങ്ങയും വ്യാവസായികാടിസ്ഥാനത്തില്‍ സംസ്കരിക്കണം.

ഭൂമി മൂലധനമായി മാറിയതോടെ ഇത് കൈയിലുള്ളവര്‍ ക്രയവിക്രയത്തിനുള്ള ചരക്ക് എന്ന നിലയില്‍ മാത്രം സ്ഥലത്തെ കാണുന്നു. കൂറ്റന്‍ വീടും ചുറ്റും കൃഷി ചെയ്യാതെ കിടക്കുന്ന വിശാലമായ പറമ്പും കേരളത്തില്‍ സര്‍വസാധാരണമായ കാഴ്ചയാണ്. ഇത്തരം കുടുംബങ്ങളെ സമീപിച്ച് അനായാസ വിളകള്‍ നട്ടുപിടിപ്പിക്കുന്നതിനും രണ്ടുദിവസമെങ്കിലും പോയി പണിയെടുക്കുന്നതിനുമുള്ള സംവിധാനം കുടുംബശ്രീ പ്രസ്ഥാനം ആവിഷ്കരിക്കണം. വിളവിന്റെ ഭൂരിഭാഗവും വീട്ടുടമയ്ക്ക് ലഭിക്കണം. നാടന്‍ കോഴി വളര്‍ത്തലും സങ്കരയിനം കോഴി വളര്‍ത്തലും വന്‍സാധ്യതയുള്ള രംഗങ്ങളാണ്.

സംസ്ഥാനത്ത് എട്ടുലക്ഷത്തോളം പേര്‍ ഉപജീവനത്തിനായി കടലിനെ ആശ്രയിക്കുന്നു. ഈ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വിദ്യാഭ്യാസ-സേവന രംഗങ്ങളിലും അടിസ്ഥാനസൌകര്യങ്ങളുടെ കാര്യത്തിലും വളര്‍ച്ച സൃഷ്ടിച്ചു. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിശീര്‍ഷവരുമാനം പൊതുസമൂഹത്തിന്റെ വരുമാനത്തിന്റെ പകുതിപോലും വരുന്നില്ല. മത്സ്യമേഖലയില്‍ സഹകരണപ്രസ്ഥാനം ശക്തമാക്കിയും ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിച്ചും ഈ പോരായ്മ പരിഹരിക്കാന്‍ കഴിയും. വിപണനമേഖല നവീകരിക്കുകയും അനുബന്ധതൊഴില്‍മേഖലകള്‍ കാലോചിതമായി സൃഷ്ടിക്കുകയും ചെയ്യണം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്ന് ആവശ്യമായ തുക മത്സ്യമേഖലയ്ക്കായി നീക്കിവെക്കുകയും വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്യണം. അലങ്കാര മത്സ്യകൃഷിയുടെ ആഗോളസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം.

തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഗൌരവത്തോടെ കാണണം. ജനപങ്കാളിത്തം കുറയുന്നു, ഗ്രാമസഭകള്‍ നിര്‍ജീവമാകുന്നു, സുതാര്യത കുറയുന്നു, അഴിമതി വര്‍ധിക്കുന്നു, ഉല്‍പാദനപ്രക്രിയയില്‍ കാര്യമായി ഇടപെടാന്‍ കഴിയുന്നില്ല, സേവനമേഖലയില്‍ അര്‍ഥപൂര്‍ണമായ രീതിയില്‍ ചുമതല നിറവേറ്റുന്നില്ല, റഗുലേറ്ററി ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നില്ല എന്നീ വിമര്‍ശനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുനേരെ ഉയരുന്നു. സര്‍ക്കാര്‍ വകുപ്പ് എന്ന നിലയിലുള്ള പരമ്പരാഗതമായ പരിമിതിയും സാങ്കേതികവൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലുള്ള വീഴ്ചകളും ഇടത്തരം വിഭാഗക്കാര്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നതും പോരായ്മകളാണ്. നിലവിലുള്ള വാര്‍ഡ് സങ്കല്‍പവും സമഗ്രവികസന കാഴ്ചപ്പാടിന് തടസ്സമാണ്. വര്‍ധിച്ച അധികാരവും ചുമതലകളും നിറവേറ്റുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ ജനകീയാടിത്തറ വിപുലമാക്കണം. പൌരസമിതികളെയും യുവജനസംഘടനകളെയും സാംസ്കാരിക സംഘടനകളെയും പ്രാദേശികഭരണത്തില്‍ കണ്ണിചേര്‍ക്കണം. സാമൂഹിക ആസ്തികളുടെ സംരക്ഷണത്തിനും മേല്‍നോട്ടത്തിനും വിപുലമായ സാമൂഹിക ഉത്തരവാദിത്തം വളര്‍ന്നുവരണം. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഗ്രാമസഭകളുടെ നിലവിലുള്ള പ്രവര്‍ത്തനരീതിക്ക് മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായം ഉയര്‍ന്നു.

കേരളം നേരിടുന്ന മറ്റൊരു മുഖ്യപ്രശ്നം മാലിന്യങ്ങളുടെ ശേഖരണവും നിര്‍മാര്‍ജനവുമാണ്. സ്വന്തം ശരീരം മിനുക്കുന്ന മലയാളി പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ അധികമൊന്നും ചെയ്യുന്നില്ല. എന്നാല്‍ സമൂഹത്തെ അലട്ടുന്ന മാരകവിപത്തിന്റെ കാര്യം പറയുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തി അധികകാലം മുന്നോട്ടു പോകാന്‍ കഴിയില്ല. സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെ കടമയായി കണ്ടു തന്നെ ഈ പ്രശ്നം പരിഹരിക്കണം. പല പരിഷ്കൃത രാജ്യങ്ങളിലും ഒരുകാലത്ത് ഇതേ അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ബോധവല്‍ക്കരണത്തിന്റെ ഫലമായി മാലിന്യത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞു. നമ്മുടെ നാട്ടില്‍ മാലിന്യഉറവിടസ്ഥലങ്ങളിലെ വേര്‍തിരിക്കലിന്റെയും ശേഖരണത്തിന്റെയും കാര്യത്തില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടന്നിട്ടില്ല. ബോധവല്‍ക്കരണത്തിന്റെ തുടര്‍ച്ചയായി കര്‍ശനമായ നിയമവ്യവസ്ഥകളും ആവശ്യമാണ്.

വിനോദസഞ്ചാര-വിവരസാങ്കേതികവിദ്യാ മേഖലകളുടെ സാധ്യത പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നു. വൈജ്ഞാനിക സമൂഹമായി കേരളം മാറേണ്ടത് നമ്മുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അത്യന്താപേക്ഷിതമാണ്. ജനകീയവും ശാസ്ത്രീയവുമായ ആരോഗ്യനയത്തിന്റെ ആവശ്യകത കോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. ആരോഗ്യമേഖലയില്‍ കേരളം നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കണം.

പരിസ്ഥിതി സൌഹൃദസമീപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണ്. അഭ്യസ്തവിദ്യരായ യുവതലമുറയുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള തൊഴിലുകള്‍ സൃഷ്ടിക്കുന്നതും വരുമാനം ഉറപ്പാക്കുന്നതും അനുബന്ധവ്യവസായങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഉള്ളതും പരിസ്ഥിതിക്ക് യോജിച്ചതുമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. രണ്ടാം പഠനകോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എടുത്ത സമീപനം ഇന്നും പ്രസക്തമാണ്.

അന്യരാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ അതിനുള്ള ശ്രമം തുടങ്ങുമ്പോള്‍ തന്നെ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു. റിക്രൂട്ടിങ് ഏജന്‍സികളില്‍നിന്ന് രക്ഷപ്പെട്ട് വിദേശത്ത് എത്തിയാലും ബഹുഭൂരിപക്ഷവും ദുരിതപൂര്‍ണമായ സാഹചര്യങ്ങളിലാണ്. പ്രവാസികള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരവധിയാണ്. വിദേശമണ്ണില്‍ തൊഴില്‍ അന്വേഷിച്ച് പോകുന്നവര്‍ക്ക് ഇവിടെത്തന്നെ മതിയായ കൌണ്‍സലിങ് നല്‍കണം. വീഴ്ച വരുത്തുന്ന ഏജന്‍സികളെ കരിമ്പട്ടികയില്‍പെടുത്തണം. എംബസികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. രാജ്യാന്തരനിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. വിദേശരാജ്യങ്ങളില്‍ കുടിയേറുന്നവരുടെ അവസ്ഥ കാലാകാലങ്ങളില്‍ പഠനവിധേയമാക്കണം.

ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്ക് നിര്‍ണായകമാണ്. സര്‍ക്കാര്‍സംവിധാനത്തിന്റെ വിഭവശേഷിയും കര്‍മശേഷിയും ഉയരണം. ചുവപ്പ്നാട സംസ്കാരത്തില്‍നിന്ന് സര്‍ക്കാര്‍ജീവനക്കാര്‍ പുറത്തുവരണം. സര്‍ക്കാര്‍ ഓഫീസുകള്‍ ഫയല്‍കെട്ടിക്കിടക്കുന്ന താവളങ്ങളായി മാറരുത്. കേരളം കൈവരിച്ച സാമൂഹികപുരോഗതിക്ക് അനുസൃതമായ തോതില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടില്ലെന്ന് പഠനകോണ്‍ഗ്രസിന്റെ സമാപനസമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. പുത്തന്‍വികസന സംസ്കാരത്തെക്കുറിച്ച് ഇഎംഎസ് പലപ്രാവശ്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയവ്യത്യാസങ്ങള്‍ നിലനില്‍ക്കും. ആഗോളവല്‍ക്കരണത്തോടുള്ള എതിര്‍പ്പ് തുടരും. അതേസമയം, സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗിക പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്ന് കോണ്‍ഗ്രസിന്റെ അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ ഡോ. ടി എം തോമസ് ഐസക് പറയുന്നു. ഇത്തരമൊരു സംസ്കാരത്തിന് ജനാധിപത്യപരവും മതനിരപേക്ഷപരവുമായ സമീപനം ഉയര്‍ന്നുനില്‍ക്കണം. സാംസ്കാരിക പ്രശ്നങ്ങള്‍, പ്രത്യേകിച്ച് മാധ്യമമേഖലയെക്കുറിച്ച് പഠനകോണ്‍ഗ്രസ് കാര്യമായ ചര്‍ച്ച നടത്തി. അഭിപ്രായസമന്വയം രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. മാധ്യമരംഗത്തെ അനാരോഗ്യകരമായ മത്സരവും നിക്ഷിപ്ത താല്‍പര്യങ്ങളും ഇതിന് തടസ്സം നില്‍ക്കരുത്.

മുമ്പ് സൂചിപ്പിച്ചതുപോലെ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന വികസനകാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സന്തുലിതമായ വളര്‍ച്ചയാണ് കേരളത്തിന് വേണ്ടത്. ഇക്കാര്യത്തില്‍ ശ്രദ്ധേയമായ പുരോഗതി എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ചു. ഇത് തുടര്‍ന്നുകൊണ്ടുപോകാനുള്ള ചര്‍ച്ചകളാണ് മൂന്നാം പഠനകോണ്‍ഗ്രസ് നടത്തിയത്. ഇതില്‍നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ വേണ്ടിവരും. വികസനത്തിന്റെ ഈ കണ്ണി മുറിയാതിരിക്കാന്‍ തികഞ്ഞ ജാഗ്രതയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സമകാലം ആവശ്യപ്പെടുന്നത്. ഇടതുപക്ഷവും വലതുപക്ഷവും ഭരണത്തില്‍ മാറിമാറിവരുന്ന അവസ്ഥ കേരളത്തിന്റെ വികസനത്തെ ബാധിക്കുന്നു. ഉത്തരവാദിത്തപൂര്‍ണമായ വീക്ഷണത്തോടെ ഇടതുപക്ഷസര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ തുടര്‍ന്നുവരുന്ന വലതുപക്ഷഭരണം അട്ടിമറിക്കുന്നു. ഭൂപരിഷ്കരണം, വിഭ്യാഭ്യാസപരിഷ്കരണം, സാക്ഷരതപ്രസ്ഥാനം, ജനകീയാസൂത്രണം , പൊതുവിതരണ സമ്പ്രദായം, പരമ്പരാഗത വ്യവസായമേഖലകളുടെ നവീകരണം എന്നിവയ്ക്ക് വലതുപക്ഷഭരണത്തില്‍ സംഭവിക്കുന്ന ദുര്‍ഗതി ഉദാഹരണം മാത്രം. ഇനിയും ഇത് ആവര്‍ത്തിക്കുന്നത് ഒരുപക്ഷേ, കേരളത്തിന് താങ്ങാന്‍ കഴിയില്ല. ഉപരിപ്ളവമായ കാഴ്ചപ്പാടുകളുടെയും അഭിപ്രായരൂപീകരണത്തിന്റെയും ബലത്തില്‍ ഇടതുപക്ഷഭരണത്തുടര്‍ച്ച ഒഴിവാക്കുന്ന പ്രതിഭാസത്തിന് അന്ത്യംകുറിക്കണം. ഇതാണ് മൂന്നാം പഠനകോണ്‍ഗ്രസ് കേരളത്തിന് നല്‍കുന്ന സന്ദേശം.

*
സാജന്‍ എവുജിന്‍ കടപ്പാട്: ദേശാഭിമാനി വാരിക 23 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകത്തു തന്നെ ഏറെ സവിശേഷമായ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാംസ്കാരിക സാഹചര്യം നിലനില്‍ക്കുന്ന നാടാണ് കേരളം എന്നതില്‍ തര്‍ക്കമില്ല. തെരഞ്ഞെടുപ്പ് വഴി രാഷ്ട്രീയമായി പലപ്പോഴും ഇടതുപക്ഷത്തിന് ലഭിക്കുന്ന മേല്‍ക്കൈ കേരളത്തിന്റെ സവിശേഷതകളില്‍ പ്രധാനമാണ്. ഇതുവഴി ജനാധിപത്യപരമായ വികസനപാത ആവിഷ്കരിക്കാനും സാധിക്കുന്നു. എന്നാല്‍ സാമ്പത്തിക-സാമൂഹിക ഘടകങ്ങള്‍ ഇതോടൊപ്പം പരസ്പരപൂരകമായി പ്രവര്‍ത്തിക്കാത്തതിനാല്‍ അഞ്ച് വര്‍ഷം എന്ന കാലാവധി പിന്നിടുമ്പോള്‍ സംഗതി കുഴഞ്ഞുമറിയുന്നു. വികസനവും വളര്‍ച്ചയും സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങളും വലതുപക്ഷവും അരാഷ്ട്രീയപക്ഷവും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളില്‍ പലരും ഭ്രമിക്കുന്നു. ഇതുമൂലമുണ്ടാകുന്ന രാഷ്ട്രീയമാറ്റങ്ങള്‍ നീതിപൂര്‍വവും സ്ഥായിയുമായ ദ്രുതഗതിയിലുള്ള വികസനം എന്ന കേരളത്തിന്റെ സ്വപ്നത്തെ തകര്‍ക്കുന്നതാണ് നമ്മുടെ അനുഭവം.