ടിന്റുമോന്‍ : ഹോ, ഞാനിന്നൊരു മലയാള സിനിമ കാണാന്‍ പോയി. തൊട്ടു മുമ്പു കഴിച്ച ചിക്കന്‍ ബിരിയാണിയില്‍ നിന്ന് കോഴി ജീവന്‍ വെച്ച് കൂവി. അത്ര ബോറ് പടം!
എണ്‍പതുകളില്‍ നിലച്ചു പോയ കച്ചവട സിനിമയുടെയും എഴുപതുകളില്‍ നിലച്ചു പോയ കലാ സിനിമയുടെയും അറുപതുകളില്‍ നിലച്ചു പോയ പ്രദര്‍ശന സംവിധാനങ്ങളുടെയും ഇരുപതാം നൂറ്റാണ്ടില്‍ നിലച്ചു പോയ കാണികളുടെയും ഭാവുകത്വ പ്രതിസന്ധികളാണ് യഥാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ മാറ്റത്തെ അസാധ്യമാക്കുന്നതെന്ന തിരിച്ചറിവ് വീണ്ടും ഉറപ്പിക്കുന്ന ഒരു വര്‍ഷം കൂടിയാണ് കടന്നു പോയത്. വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് തൊഴിലുറപ്പു വരുത്താവുന്ന വിധത്തില്‍ തൊണ്ണൂറോളം സിനിമകള്‍ ഈ പ്രതിസന്ധിക്കിടയിലും പുറത്തു വന്നു എന്നത് ശുഭകരമായ കാര്യമാണോ അതോ അശുഭകരമായ കാര്യമാണോ എന്ന് തീരുമാനിക്കുന്നത്, ചലച്ചിത്ര രചനയെയും ആസ്വാദനത്തെയും സാമൂഹിക പ്രതിനിധാനത്തെയും സംബന്ധിച്ചുള്ള നിലപാടുകളനുസരിച്ച് മാറിയും മറിഞ്ഞുമിരിക്കുമെന്നതാണ് വാസ്തവം.
കേരളത്തിലെ കാണികളുടെ ഭാവുകത്വ പ്രതിസന്ധി കൃത്യമായി വെളിവായത് ഈയിടെ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വിപിന്‍ വിജയ് സംവിധാനം ചെയ്ത ചിത്രസൂത്രം പ്രദര്‍ശിപ്പിച്ചപ്പോഴും നവാഗത സംവിധായകനുള്ള ഹസന്‍കുട്ടി പുരസ്കാരം നല്‍കിയപ്പോഴുമായിരുന്നു. കടുത്ത അസഹിഷ്ണുതയാണ് കാണികള്‍ പ്രദര്‍ശിപ്പിച്ചത്. കഥ പറയാന്‍ ഏറ്റവും പറ്റിയ മാധ്യമം എന്ന് തിരിച്ചറിഞ്ഞതോടെ, കഥ പറയാന്‍ മാത്രമായി സിനിമ അതിന്റെ ഒരു നൂറ്റാണ്ട് പാഴാക്കിക്കളഞ്ഞു എന്ന് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സിനിമ എന്നത് ദൃശ്യ-ശബ്ദ ഭാഷകളുടെ സമന്വയവും പുതിയ ദാര്‍ശനികവ്യവഹാരവുമാണെന്ന തിരിച്ചറിവിലേക്ക് വളരാനുള്ള കുതിപ്പായി ചിത്രസൂത്രത്തെ ഉള്‍ക്കൊള്ളാനുള്ള വിവേകവും പാകതയും മലയാളി കാണിച്ചില്ല എന്നത് ഈ വര്‍ഷത്തെ ഏറ്റവും ഖേദകരമായ ഈടുവെപ്പായി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.
ദേശ-വിദേശ മേളകളില്‍ പ്രവേശനവും പുരസ്കാരങ്ങളും നേടിയെടുത്ത ഏതാനും സിനിമകള്‍ മുന്‍ വര്‍ഷങ്ങളിലെന്നതു പോലെ ഇത്തവണയും മലയാളത്തിലുണ്ടായി. കുട്ടി സ്രാങ്ക് (ഷാജി എന്‍ കരുണ്‍), സൂഫി പറഞ്ഞ കഥ(കെ പി രാമനുണ്ണി/പ്രിയനന്ദനന്‍), യുഗപുരുഷന്‍(ആര്‍ സുകുമാരന്‍) എന്നീ സ്വയം പ്രഖ്യാപിത കലാത്മക സിനിമകളേക്കാള്‍ ശ്രദ്ധേയമായത് ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി(മോഹന്‍ രാഘവ്) എന്ന ചിത്രമായിരുന്നു. നഷ്ടപ്പെട്ടു പോയ അഛനെഴുതിയ കത്തുകള്‍ക്ക്, ചെറുകഥാകൃത്തായ അമ്മു അഛനെഴുതുന്നതെന്ന വ്യാജേന അയക്കുന്ന മറുപടികളിലൂടെ ടി ഡി ദാസന്‍ എന്ന കുട്ടി അനുഭവിക്കുന്ന സുരക്ഷിതത്വ ബോധവും സ്നേഹ സ്വീകാരവും; സത്യസന്ധമായ സര്‍ഗാത്മകാനുഭൂതിയായി അനുവാചകരിലേക്ക് പകരുന്നുണ്ട്. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള പ്രചരണാത്മക സ്വഭാവം മുഴച്ചു നില്‍ക്കാത്ത പശ്ചാത്തലാഖ്യാനങ്ങള്‍ ഈ സിനിമക്ക് മാറ്റു കൂട്ടുന്നുമുണ്ട്. മാനുഷിക മൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ ചിത്രം പ്രേരിപ്പിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. അതോടൊപ്പം; ഗ്രാമം/നഗരം, യാഥാര്‍ത്ഥ്യം/മിത്ത്, യാഥാര്‍ത്ഥ്യം/കഥ, കുട്ടികള്‍/മുതിര്‍ന്നവര്‍ എന്നിങ്ങനെ വിഭിന്നങ്ങളായ വീക്ഷണ കോണുകളിലേക്ക് ആഖ്യാനത്തെ വികേന്ദ്രീകരിക്കുന്നതിലൂടെ സിനിമ നൂതനമായ അനുഭവമായിത്തീരുകയും ചെയ്യുന്നു. ലളിതാഖ്യാനവും മനസ്സില്‍ തട്ടുന്ന ഇതിവൃത്തവുമുണ്ടായിട്ടും പക്ഷെ, ടി ഡി ദാസന്‍ സ്റ്റാന്റേര്‍ഡ് ആറ് ബി വാണിജ്യ റിലീസിംഗിലൂടെ തിയറ്ററുകളിലെത്തിയപ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. നമ്മുടെ പ്രദര്‍ശന സംവിധാനങ്ങളെയും കാഴ്ചാ രീതികളെയും കുറിച്ച് ആഴത്തിലുള്ള പര്യാലോചനകളുടെ പ്രേരണയായി ഇത്തരം ഉപേക്ഷകള്‍ മാറേണ്ടതാണ്.
ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക് ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടി. പുസാന്‍, മോണ്‍ട്രിയേല്‍, മുംബൈ, ഗോവ എന്നീ മേളകളിലും കുട്ടിസ്രാങ്ക് ശ്രദ്ധ പിടിച്ചു പറ്റി. പല തട്ടുകളിലായി ആവിഷ്ക്കരിക്കപ്പെടുന്നതും സങ്കീര്‍ണവുമായ ആഖ്യാനമാണ് കുട്ടിസ്രാങ്കിനുള്ളത്. പെമ്മേണയോടൊത്തുള്ള കുട്ടിസ്രാങ്കിന്റെ ജീവിതാനുഭവങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്ന മധ്യഭാഗമാണ് കൂടുതല്‍ ആകര്‍ഷകം. ലവ് ജിഹാദ് എന്ന കെട്ടിച്ചമക്കപ്പെട്ട സാമൂഹിക ഭീതികഥകള്‍ പൊതുബോധത്തെ ആവേശിച്ചതിനിടയിലാണ് സമാനമായ ഒരു ഇതിവൃത്തവുമായി സൂഫി പറഞ്ഞ കഥ പ്രദര്‍ശനത്തിനെത്തിയത്. ആഖ്യാനത്തിലെ ഒതുക്കമില്ലായ്മയും അവ്യക്തതകളും ചേര്‍ന്ന് ചിത്രം പക്ഷെ അനാകര്‍ഷകമായി തീര്‍ന്നു.
പ്രാകൃതമായ ജീവിതം നയിച്ചിരുന്ന കേരളീയരെ ആധുനികവത്ക്കരിക്കുന്നതിലും ഐക്യപ്പെടുത്തുന്നതിലും ശ്രീനാരായണഗുരു വഹിച്ച പങ്ക് ചരിത്രത്തില്‍ പലരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനിക കേരളസ്രഷ്ടാക്കളില്‍ പ്രഥമസ്ഥാനീയനായ അദ്ദേഹത്തിന്റെ ജീവിതകഥ, ചലച്ചിത്രരൂപത്തിലും പല തവണ ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍ പ്രകടിപ്പിക്കുന്ന സമഗ്രത അത്ഭുതാവഹമാണ്. ജാതിയുടെയും സാമുദായികതയുടെയും ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുന്ന 'നവകേരളം', ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാക്കി മാറ്റാനുള്ള ഗുരുവിന്റെ പരിശ്രമങ്ങള്‍ വിഫലമായോ എന്ന് പുരോഗമനവാദികള്‍ ആശങ്കപ്പെടുന്ന കാലത്താണ് യുഗപുരുഷന്‍ ചലച്ചിത്ര രൂപത്തില്‍ പുറത്തു വന്നതെന്നതാണ് പ്രസക്തമായ സംഗതി. പതിനഞ്ചു വര്‍ഷം കൊണ്ടാണ് ആര്‍ സുകുമാരന്‍ യുഗപുരുഷന്‍ പൂര്‍ത്തീകരിച്ചത്. ഗുരുവിനോടുള്ള അഗാധമായ ഭക്തിയും ആരാധനയുമാണ് അദ്ദേഹത്തെ ഈ ചിത്രത്തിനു വേണ്ടി നീണ്ട കാലം കാത്തിരിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചത് എന്ന് വ്യക്തമാണ്. സ്റ്റോറി ബോര്‍ഡിനു വേണ്ടി ചിത്രകാരന്‍ കൂടിയായ സുകുമാരന്‍ 2000 ത്തിലധികം ചിത്രങ്ങളെങ്കിലും വരച്ചിട്ടുണ്ടെന്നറിയുന്നത് വിസ്മയകരമാണ്.
സവര്‍ണ-ഹിന്ദുത്വ-തീവ്രവാദ-കച്ചവട സിനിമകളില്‍ ഏറെക്കാലം അഭിരമിച്ചതിനു ശേഷം വഴി മാറി നടക്കുന്ന രഞ്ജിത്തിന്റെ പുതിയ സിനിമയായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് തിയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമാണ്. സമകാലിക കേരളത്തിലെ നാട്യങ്ങളും ജാടകളും; അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള നെട്ടോട്ടവും മറ്റും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുവാനുള്ള ശ്രമമാണീ സിനിമയിലുള്ളത്. ടി വി ചന്ദ്രന്റെ പ്രസിദ്ധ സിനിമയായ ഡാനിയുടെയും അന്‍വര്‍ റഷീദിന്റെ രാജമാണിക്യത്തിന്റെയും ഇടയിലുള്ള ഏതോ വഴി കണ്ടു പിടിച്ചാണ് രഞ്ജിത് ഈ വിജയം കൊയ്തെടുത്തത് എന്നും വ്യാഖ്യാനിക്കാവുന്നതാണ്. ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന്റെ തൃശൂര്‍ ഭാഷ, രാജമാണിക്യത്തിന്റെ തിരുവനന്തപുരം ഭാഷയുടെ അനുകരണം പോലെയല്ലെന്നും കൂടിയ ഇനമാണെന്നും സംവിധായകന്‍ അവകാശപ്പെടുന്നുണ്ട്. അതെന്തുമാവട്ടെ. പ്രാദേശിക ഭാഷാ ഭേദങ്ങളെ പരിഹാസ്യമാക്കുകയും; മുമ്പ് കോട്ടയം, ഇപ്പോള്‍ വള്ളുവനാട് എന്ന രീതിയില്‍ ക്രമീകൃത കേന്ദ്ര ഭാഷയെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന മലയാള സിനിമാ സമ്പ്രദായത്തിന്റെ ശിഥിലീകരണ പ്രവണതയില്‍ നിന്ന് പ്രാഞ്ചിയേട്ടനും ഒഴിഞ്ഞുമാറാനാവില്ല എന്നതാണ് വാസ്തവം.
ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ് വ്യത്യസ്തതയും വിജയവും ഒരു പോലെ അവകാശപ്പെട്ട മറ്റൊരു സിനിമ. ആണുങ്ങളെക്കുറിച്ചും ആണ്‍കുട്ടികളെക്കുറിച്ചും പഴഞ്ചൊല്ലുകളിലൂടെയും നാട്ടുവഴക്കങ്ങളിലൂടെയും പൊതുബോധത്തിലൂടെയും രൂപീകരിച്ചെടുത്ത പുരുഷാധിപത്യപരമായ അഭിമാനബോധം ശീര്‍ഷകത്തില്‍ തന്നെ ചേര്‍ത്ത് അഹങ്കരിക്കുന്ന ഈ സിനിമ സാധാരണത്തത്തില്‍ കവിഞ്ഞൊരനുഭവവും സത്യത്തില്‍ സൃഷ്ടിക്കുന്നില്ല. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഏക ഹിറ്റായ ശിക്കാര്‍ (പത്മകുമാര്‍) കാക്കി വേഷധാരികള്‍ക്ക് മഹത്വം കല്‍പിക്കുന്ന പതിവു സിനിമാ രീതികളില്‍ നിന്ന് വഴിമാറി എന്നത് ശ്രദ്ധേയമാണ്. നക്സലിസത്തെ കേവലം ക്രമസമാധാനപ്രശ്നമാക്കി അവതരിപ്പിക്കുകയും അപ്രകാരം തന്നെ ശമിപ്പിക്കുകയും ചെയ്യാമെന്ന ഭരണകൂട വ്യാമോഹങ്ങളെ അതിനാല്‍ ശിക്കാര്‍ പ്രതിരോധിക്കുന്നുണ്ട്. കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി, കമല്‍ സംവിധാനം ചെയ്ത ആഗതന്‍ കാക്കിവേഷധാരികളെ മഹത്വവത്ക്കരിക്കുന്ന സ്ഥിരം പ്രവണതയില്‍ നിന്ന് വഴി മാറി നടക്കുന്ന മറ്റൊരു സിനിമയാണ്. പ്രേംലാല്‍ സംവിധാനം ചെയ്ത ആത്മകഥ, കണ്ടു മടുത്ത പ്രമേയത്തെയാണ് ഉപജീവിക്കുന്നതെങ്കിലും ആത്മാര്‍ത്ഥമായ അവതരണം കൊണ്ടും ശ്രീനിവാസന്റെ മികച്ച അഭിനയം കൊണ്ടും ശ്രദ്ധേയമായ ഒരു സിനിമയായി മാറി. കുടുംബശ്രീ ജീവിതത്തെ ചിത്രീകരിക്കുന്ന പെണ്‍പട്ടണം(രഞ്ജിത്/വി എം വിനു) സാധാരണക്കാരുടെ ജീവിതത്തോട് കാണിക്കുന്ന സഹാനുഭൂതി എടുത്തു പറയേണ്ടതാണ്.
മുസ്ളിങ്ങളെ തീവ്രവാദികളും ഭീകരന്മാരുമാക്കി ഉറപ്പിച്ചെടുക്കാനും അതു വഴി, പൊതുബോധത്തിലെ മൃദു/തീവ്ര ഹിന്ദുത്വത്തെ ഉദ്ദീപിപ്പിച്ച് നാലു കാശു പിഴിയാനും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ഊര്‍ജ്ജം പകരാനും പതിവു പോലെ ഈ വര്‍ഷവും മലയാള സിനിമ അശ്രാന്തം പരിശ്രമിച്ചു. ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. പ്രണയ വിരോധികളായിരുന്ന കുടുംബം/കുടുംബങ്ങള്‍ മക്കളെയും പേരമക്കളെയും സ്വീകരിക്കുന്ന ശുഭകഥാന്ത്യത്തിലേക്ക് വളരലാണ് മലയാള സിനിമയുടെ പതിവ്. എന്നാലതിവിടെ സാധ്യമല്ല, കാരണം കുട്ടിയുടെ പിതാവിന്റെ 'മുസ്ളിം കുടുംബ'മാണ് കുട്ടിയെ സംരക്ഷിക്കാനായി രംഗത്തുവരുന്നത് എന്നതു തന്നെ. മുസ്ളിം കുടുംബം കുട്ടിയെ ഏറ്റെടുക്കുന്നു എന്നതിന്റെ അര്‍ത്ഥം തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള എളുപ്പവഴി എന്നു മാത്രം വായിച്ചെടുക്കാന്‍ തക്കവണ്ണം 'മതനിരപേക്ഷ' ബോധമുള്ളവരാണ് പൊതുമലയാളി എന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു. കേരളീയ മുസ്ളിം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്ര-വര്‍ത്തമാനങ്ങളെക്കുറിച്ച് നിശ്ചയമില്ലാതിരിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന പൊതുബോധ മലയാളിയുടെ പാകപ്പെട്ട പ്രതിനിധിയായിട്ടാണ് സത്യന്‍ അന്തിക്കാട് വര്‍ഷത്തിലൊന്നെന്ന വണ്ണം സിനിമകള്‍ സങ്കല്‍പിച്ചും വിഭാവനം ചെയ്തും നിര്‍വഹിച്ചും മലയാളിയെ രസിപ്പിച്ചുപോരുന്നത്. മുസ്ളിമിനെ കോമാളിയാക്കിക്കൊണ്ടും, എതിര്‍ത്തുകൊണ്ടും പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ നിദര്‍ശനമാണ് ഈ പ്രതിനിധാനങ്ങള്‍ എന്നതുറപ്പ്. കഥകള്‍ വംശഹത്യയിലേക്ക് നീളുന്ന മഹാ വര്‍ത്തമാനമായി കേരളം മാറുകയും ചെയ്തേക്കാം.
മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് അന്‍വര്‍ (അമല്‍നീരദ്) നിര്‍ദ്ദേശിക്കുന്നത്. എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. മേജര്‍ രവിയുടെ കാണ്ഡഹാര്‍ പോലുള്ള രാജ്യസ്നേഹ/പട്ടാള സിനിമകള്‍ കാണുന്ന സാധാരണക്കാര്‍ പോലും സഹികെട്ട് ഇതിലും ഭേദം തീവ്രവാദവും രാജ്യദ്രോഹവുമാണെന്ന് കരുതും എന്നത് മറ്റൊരു തമാശ.
പോക്കിരിരാജ, പ്രമാണി, താന്തോന്നി, ബോഡി ഗാര്‍ഡ്, ദ്രോണ 2010, നായകന്‍, ജനകന്‍, അലക്സാണ്ടര്‍ ദ ഗ്രേറ്റ്, അവന്‍, ചേകവര്‍, കാര്യസ്ഥന്‍, ത്രില്ലര്‍ എന്നിങ്ങനെയുള്ള സിനിമകളെല്ലാം തന്നെ സര്‍വ സംഹാരിയും സര്‍വകലാ വല്ലഭനും ഇടി വീരനും പ്രണയാതുരനുമായ പുരുഷനെ ആഘോഷിച്ച സിനിമകളാണ്. ഫാന്‍സുകാര്‍ കൂവിയാര്‍ത്ത് പ്രോത്സാഹിപ്പിച്ചിട്ടും ഇക്കൂട്ടത്തില്‍ ഒന്നോ രണ്ടോ ഒഴിച്ചുള്ളവയെല്ലാം നിലം പൊത്തി. പാപ്പി അപ്പച്ചാ, ഒരു നാള്‍ വരും, ഹാപ്പി ഹസ്ബന്റ്സ്, സീനിയര്‍ മാന്‍ഡ്രേക്ക്, ചെറിയ കള്ളനും വലിയ പോലീസും, ഇന്‍ ഗോസ്റ് ഹൌസ് ഇന്‍, ഏപ്രില്‍ ഫൂള്‍, മമ്മി ആന്റ് മി, സകുടുംബം ശ്യാമള, തസ്ക്കരലഹള, അഡ്വക്കറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി, ത്രീ ചാര്‍ സൌബീസ്, ഒരിടത്തൊരു പോസ്റ്മാന്‍, സ്വന്തം ഭാര്യ സിന്ദാബാദ്, വീണ്ടും കാസര്‍കോഡ് കാദര്‍ഭായ് എന്നിങ്ങനെ കുറെയധികം സിനിമകള്‍ മലയാളികളെ ചിരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയെങ്കിലും ബഹുഭൂരിപക്ഷവും കാണികളെയും നിര്‍മ്മാതാക്കളെയും വിതരണക്കാരെയും തിയറ്ററുടമകളെയും കണ്ണീര്‍ കുടിപ്പിച്ചു. കടാക്ഷം, സഹസ്രം, സദ്ഗമയ തുടങ്ങിയ കുടുംബ ചിത്രങ്ങള്‍ സീരിയലുകളെക്കാള്‍ പരിതാപകരമായ അനുഭവങ്ങളായിരുന്നു. മലര്‍വാടി ആര്‍ട്സ് ക്ളബ്ബ് (വിനീത് ശ്രീനിവാസന്‍), അപൂര്‍വ്വരാഗം(സിബി മലയില്‍) എന്നീ 'യുവ' ചിത്രങ്ങള്‍ പരിമിതികളുണ്ടായിരിക്കെ തന്നെ നൂതനത്വം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളാണ്. എന്നാല്‍, പ്ളസ് ടു, കോളേജ് ഡെയ്സ്, ബെസ്റ്റ് ഓഫ് ലക്ക്, കോക്ക്ടെയില്‍, ഹോളിഡെയ്സ് എന്നിങ്ങനെ യുവത്വമണിഞ്ഞെത്തിയ മിക്കവാറും സിനിമകളും അസഹനീയമായ അനുഭവങ്ങളായിരുന്നു.
ചുരുക്കത്തില്‍ ആയിരക്കണക്കിന് സാങ്കേതിക-കലാ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പു വരുത്തുക എന്നതിലപ്പുറം; മലയാളി/കേരളം എന്നീ പ്രതിനിധാനങ്ങളെ സാംസ്ക്കാരികമായി പ്രതിനിധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയായി മാറാന്‍ മലയാള സിനിമക്ക് സാധിക്കുന്നില്ല എന്നു മാത്രമല്ല, അത്തരമൊരു അവസ്ഥയിലേക്ക് വളരാന്‍ കഴിയുമെന്നതിന്റെ സൂചനകളൊന്നും തന്നെ കാണാന്‍ കഴിയുന്നുമില്ല.
*
ജി പി രാമചന്ദ്രന്‍
Thursday, January 6, 2011
Subscribe to:
Post Comments (Atom)
1 comment:
എണ്‍പതുകളില്‍ നിലച്ചു പോയ കച്ചവട സിനിമയുടെയും എഴുപതുകളില്‍ നിലച്ചു പോയ കലാ സിനിമയുടെയും അറുപതുകളില്‍ നിലച്ചു പോയ പ്രദര്‍ശന സംവിധാനങ്ങളുടെയും ഇരുപതാം നൂറ്റാണ്ടില്‍ നിലച്ചു പോയ കാണികളുടെയും ഭാവുകത്വ പ്രതിസന്ധികളാണ് യഥാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ മാറ്റത്തെ അസാധ്യമാക്കുന്നതെന്ന തിരിച്ചറിവ് വീണ്ടും ഉറപ്പിക്കുന്ന ഒരു വര്‍ഷം കൂടിയാണ് കടന്നു പോയത്. വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് തൊഴിലുറപ്പു വരുത്താവുന്ന വിധത്തില്‍ തൊണ്ണൂറോളം സിനിമകള്‍ ഈ പ്രതിസന്ധിക്കിടയിലും പുറത്തു വന്നു എന്നത് ശുഭകരമായ കാര്യമാണോ അതോ അശുഭകരമായ കാര്യമാണോ എന്ന് തീരുമാനിക്കുന്നത്, ചലച്ചിത്ര രചനയെയും ആസ്വാദനത്തെയും സാമൂഹിക പ്രതിനിധാനത്തെയും സംബന്ധിച്ചുള്ള നിലപാടുകളനുസരിച്ച് മാറിയും മറിഞ്ഞുമിരിക്കുമെന്നതാണ് വാസ്തവം.
Post a Comment